കവിത
കുത്തിവരകൾ…
ഇന്ദിരാ ബാലൻ
ചില കുത്തിവരകൾ
കണ്ണെടുക്കാതെ
നോക്കിയിരിക്കുമ്പോൾ
കാണാം, കൺകെട്ട് വിദ്യ പോലെ
ഒരു സുന്ദരനോ
സുന്ദരിയോ ആകുന്നത്.
അനായാസമായിട്ട
കോറലുകൾ എത്ര ഭംഗിയുള്ള
മുടിയായി
നീണ്ടു ചുരുണ്ടു പരിണമിയ്ക്കുന്നു
കരിവണ്ടുകളെപ്പോലെ….
മുഖമോ ചന്ദ്രബിംബസമാനമാം
കണ്ണുകൾ മീനിനെ പോലെ
നീല ജലാശയത്തിൽ
തുടിച്ചാർക്കുന്നത് കാണാം.
എള്ളിൻ പൂ പോലുള്ള മൂക്കും,
തെച്ചിപ്പഴം പോലുള്ള ചുണ്ടുകളും,
മുല്ലമൊട്ടു പോലുള്ള പല്ലുകളും,
വെൺശംഖൊത്ത കഴുത്തും.
കാൽപ്പനിക ചാരുതയോടെ
കടഞ്ഞെടുത്ത പ്രയോഗങ്ങൾക്ക്
ശ്രവണ സുഖമേറെ …..
ജീവിത പരിക്കുകളിൽ
ക്ഷണനേരത്തിലത്
വൃദ്ധനോ വൃദ്ധയോ ആവാം.
സൗന്ദര്യ ലക്ഷണങ്ങളെത്ര വേഗം
ജരാനരകളിലേക്കെത്തുന്നു.
അശാന്ത ജീവിതത്തിൻ്റെ
കുത്തിവരകളായി
നെറ്റിയിലെ നീണ്ടു
കിടക്കുന്ന വരകൾ
എഴുന്നു നിൽക്കുന്ന
കവിളെല്ലുകൾ
പരൽമീൻ തിളക്കം
വറ്റിയ കണ്ണുകൾ….
ബാല്യവും ,കൗമാരവും, യൗവ്വനവും,
വാർദ്ധക്യവും കുത്തിവരകളിലൂടെ
കയറിയും, ഇറങ്ങിയും, മറിഞ്ഞും, മുറിഞ്ഞും ….
ജീവിതപർവ്വത്തിൻ്റെ
നിഗൂഢഅറകളിലേയ്ക്ക്
സാകൂതം നോക്കിയാൽ കാണാം
സൗന്ദര്യം സമം വൈരൂപ്യം
പകൽ സമം രാത്രി ….!
പരസ്പര വൈരുധ്യം
പരസ്പര പൂരകമാകുന്നു.
ദ്വൈതമെന്നൊന്നില്ലെന്നറിവു.
ദ്രുതഗതിയിലുള്ള ആ കൈവിരൽ
ചലനത്തിലുണ്ട്
ഒരു ജീവിതത്തിൻ്റെ
ആദിമധ്യാന്തങ്ങൾ!
littnow.com
littnowmagazine@gmail.com
Vallapuzha Chandrasekharan
August 10, 2022 at 4:05 am
കുത്തിവരകളിൽ തെളിയുന്നു ജീവിത രേഖകൾ.
ആശംസകൾ