സാഹിത്യം
തന്തക്കിണറിലൂടെ
അർജുൻനാഥ് പാപ്പിനിശ്ശേരി
ശുദ്ധതയുള്ള എഴുത്ത്, സത്യസന്ധത, നിർഭയത്വം, പ്രയോഗരീതി, പ്രമേയം ഈ സവിശേഷതകളോട് കൂടിയുള്ള എഴുത്താണ് പുതുതലമുറയുടെ എഴുത്തുകാരൻ. കെ. എസ്. രതീഷിന്റെ തന്തക്കിണർ എന്ന ഈ പുസ്തകത്തിൽ ഉള്ള കഥകളുടെ പ്രത്യേകത.മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലും മാസികകളിലുമായി പുറത്തിറങ്ങിയത് കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
‘സായകം ‘ ഒരു കുടുംബ പശ്ചാത്തലമുള്ള കഥയാണെങ്കിൽ നിർഭാഗ്യക്കുറികൾ കല്യാണ സംബന്ധമായ കഥയാണ്
. ” അപ്പൻ ഒരു ഫ്രീക്കൻ പയ്യന്റെ ബൈക്കിൽ നിന്നിറങ്ങി വരുന്നത് കണ്ട് കല്പനയും അനുരാഗും വരാന്തയിൽ അമ്പരന്നു നിന്നു.സായകം കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ വളയപ്പൻ കഥയിൽ ആദ്യമായി അവതരിക്കുന്നത് മകൻ അനുരാഗിന്റെയും മരുമകൾ കല്പനയിലൂടെയുമാണ്. തന്റെ പ്രീയപെട്ട ഭാര്യ മരിച്ചതിനു ശേഷമുള്ള മാറ്റങ്ങളും കഥാകൃത്ത് വളരെ ലളിതമായി കാണിച്ചിട്ടുണ്ട്.തന്റെ ഭാര്യയോട് പത്തുവർഷമായി മിണ്ടാതിരുന്ന അപ്പന്റെ പെട്ടെന്നുള്ള മാറ്റവും, അത് കാണുന്ന മകൻ അനുരാഗിന്റെ മാറ്റവും ഗംഭീരമായി തന്നെ കഥാകൃത്ത് എഴുതിയിട്ടുണ്ട്.
ഒരു സെക്രട്ടറി, കാമുകി മാർത്ത.ഇവരാണ് “എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ് “.തന്റെ കാമുകിയായ മാർത്തയോട് പാടുന്നീ പാട്ടും അത് കേട്ട് നാണിച്ചു നിൽക്കുന്ന മാർത്തയുമാണ് ഒന്നാം ഖണ്ഡികയിലെങ്കിൽ, തന്റെ ഫോണിൽ കാണുന്ന മയിലമ്മയുടെ മകന്റെ മരണവാർത്തയും മയിലമ്മയുടെ നിസ്സഹായവസ്ഥയുമാണ് രണ്ടാം ഖണ്ഡിക . മയിലമ്മയെയും കാമുകനായ സെക്രട്ടറിയുമായി മാർത്തയുടെ വീട്ടിലേക്ക് ചെല്ലുന്നതും, മരണപ്പുതപ്പിൽ കിടക്കുന്ന തന്റെ മകനെ നോക്കികാണുന്ന അമ്മയുടെ നൊമ്പരനിമിഷങ്ങളുമാണ് ഈ കഥയുടെ ആശയം.കഥയുടെ കൂടെ “എല്ലാരും ചൊല്ലണ് “എന്ന പാട്ടും നായകകഥാപാത്രമെന്ന പോലെ നിൽക്കുന്നുണ്ട്. നാണ -സങ്കട നിമിഷണങ്ങൾ ഈ പാട്ടു സമ്മാനിക്കുമ്പോഴും കഥയുടെ ആത്മാവ് അപ്പോഴും നിറഞ്ഞുനിൽകുന്നുണ്ട്.
തന്തക്കിണറിലെ മൂന്നാമത്തെ കഥയായ ‘കുറുമൂറിലെ മിച്ചഭൂമികൾ ‘ സലാം എന്ന യുവാവിന്റെ സ്വപങ്ങലൂടെയാണ് യാത്ര ചെയ്യുന്നത്.മറ്റൊരു കഥാപാത്രമായ പട്ടരുടെ കൂടെ ബാങ്കിൽ ഇരിക്കുന്ന പല ദിവാസ്വപ്നകളും കാണുന്നത് കാണാം.’പരമാവധി പണമെല്ലാം കുത്തിനിറച്ചു എത്രയും വേഗം വാനിലേക്ക് കയറ്റണം. ക്യാമറയിൽ മുഖം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണംവീട്ടിലെത്തിയാൽ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തു അലമാരയുടെ രഹസ്യ അറയിൽ ഒളിപ്പിക്കണം.ഈ വരികളിൽ നിന്നും കഥാനായകന്റെ ദിവാസ്വപ്നത്തിന്റെ വഴിയും വ്യക്തമാണ്.ഭയത്തെയും, ആഗ്രഹത്തെയും ഒരുപോലെ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിൽ കഥാകൃത്ത് നേരിട്ട് എത്തുന്ന ആദ്യകഥയാണ് ‘തന്തക്കിണർ ‘. പേര് പോലെ തന്നെ ഒരു കിണറിന്റെ ചരിത്രമാണ് കഥ പറയുന്നത്.
പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിപണിയാൻ ഒരുങ്ങുന്ന നായകനെയാണ് കഥയുടെ ആദ്യഭാഗത്ത് കാണുന്നത്. അതിന്റെ കാരണം ഓർക്കുന്നതായും കാണിക്കുന്നു .ഭക്ഷണം കഴിക്കാൻ സമ്മതിക്കാത്ത മകനെ ഊക്കനൊരു തട്ട് തട്ടുന്നതും, കുട്ടിയുടെ നെറ്റി മേശയുടെ കണ്ണാടി വക്കിന് മുട്ടുന്നതും കഥാകൃത്ത് കാണിക്കുന്നുണ്ട്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകുന്നതും,കുട്ടിയുടെ അമ്മ മകനെ നിർബന്ധിപ്പിച്ചു തന്റെ അശ്രദ്ധയാണെന്ന് വരുത്തുന്നതും കാണാം. വൈകിട്ട് വീട്ടിലെത്തുന്ന കഥാനായകൻ ചോരമുങ്ങിയ മുണ്ട് കഴുകാനായി കിണറിനടുത്തേക്ക് പോകുന്നുണ്ട്. ആ കിണറിന്റെ കൈവരിയുടെ തണ്ട് ഒരു ടിപ്പറിന്റെ തട്ട്കൊണ്ട് മുറിഞ്ഞിട്ടുണ്ട്. അച്ഛൻ വെട്ടിയ ആ ‘തന്തകിണറി’ന്റെ പുതുക്കലിനെ കുറിച്ചുള്ള നായകന്റെ ആലോചനയാണ് തുടർന്ന്. ജോലിക്കാരുമായി ചേർന്ന് കിണർ വൃത്തിയാക്കുന്നതും. ഇരുമ്പുവല വെയ്ക്കുന്നതും കാണിച്ചിട്ടുണ്ട്. ഒടുവിൽ കപ്പി കൂടെ വച്ച ശേഷം കപ്പിയിൽ തൂങ്ങിയടുന്ന അച്ഛനും.
ഒരു മൃഗഡോക്ടറുടെ പെണ്ണ്കാണലിന്റെ പ്രത്യേകതയാണ് നിർഭാഗ്യക്കുറി ബ്രോക്കറിനോടപ്പം ചായ മോന്തി ഇരിക്കുന്ന വരനായ മൃഗഡോക്ടർ.
“പേര് “എന്ന് ചോദിക്കുന്നതും, അതിനുത്തരമായി “ഭാഗ്യ”എന്ന് പറയുമ്പോൾ മുറിച്ചുണ്ടിലൂടെ ‘ഫാ’എന്ന് കാറ്റുപോകുന്നതും കഥാകൃത്ത് രസകരമായി എഴുതിയിട്ടുണ്ട്. തനിക്ക് രണ്ട് പേരെ തന്നിട്ട്, ഇവരുടെ തള്ള നേരത്തെ അങ്ങ് പോയെന്നും അച്ഛൻ പറയുന്നുണ്ട്.അനിയത്തി ബാംഗ്ളൂരുവിലാണെന്നും പറയുന്നുണ്ട്.പെണ്ണ് കണ്ട് തീരുന്നവരെ തനിക്ക് വിധിക്കപ്പെട്ട അടുത്ത മുറിയിലെ ‘ബാംഗ്ലൂരു’വിൽ ഇരിക്കുന്ന അനുജത്തിയെ വരൻ തുറന്നിട്ട ജനൽ വഴി കാണുന്നുണ്ട്. തനിക്ക് വരുന്ന ആലോചനകൾ ഏല്ലാം അനുജത്തിയാണ് ‘കൊണ്ട്പോകാറ് ‘. അതുകൊണ്ട് ഈ തടവ്.അച്ഛനാണെങ്കിൽ ചേച്ചിയുടെ കല്യാണം കഴിഞ്ഞു മതി അനിയത്തിയുടെ എന്നാ വാശിയിലും.പതിവിന് വിപരീതമെന്ന പോലെ ഇവിടെ ചെക്കന് പെണ്ണിനേക്കാളും,പെണ്ണിന്റെ അനിയത്തിയേക്കാളും ഇഷ്ട്ടപെട്ടത് പുരയിടമാണ്. ഈ ഒരു കാരണത്താൽ കലാഹിച്ച ‘വധു’ഹോസ്റ്റലിൽ ചെല്ലുന്നു. തുടർന്ന് തന്റെ ‘കുഞ്ഞമ്മിണി’യെന്ന ഫേസ്ബുക്ക് പേജിൽ സ്വന്തം ‘ശരീരം വിട്ടുകൊണ്ട് ‘ സങ്കടവും ദേഷ്യവും തീർക്കുകയാണ്… കുഞ്ഞമ്മിണിയിൽ വരുന്ന ‘കൊന്നാൽ പാപം തിന്നാൽ തീരില്ല “എന്നാ കമന്റോടെ കഥ ‘അവസാനിക്കുന്നു ‘.
പെൺപടം അതാണ് ‘പെൺപടം’.ഒരു സംഘടനരംഗമാണ് ആരാഭം. ചന്ദ്രന്റെ കഴുത്തിന് കുത്തിപിടിച്ചു മൊട്ടരാജു, ചന്ദ്രന്റെ, ബെൽറ്റിനിടിയിൽ ഒളിപ്പിച്ചു വച്ച ടാക്സി കാറിന്റെ താക്കോൽ വലിച്ചെടുക്കുന്നതും വട്ടിജോസ് എന്ന് പറഞ്ഞു എടുക്കുന്ന കാര്യം എഴുത്തുകാരൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്.പെട്ടെന്നൊരു കരച്ചിൽ കേട്ട് ജോസ് കാണുന്നത് ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ, മൊട്ടരാജുവിന്റെ തല, കൂടെ മണ്ണിൽ ‘വിട് വിട് വിട് ‘എന്ന് താളം പിടിക്കുന്ന കൈകളും. അവിടെ നിന്ന് തുടങ്ങുന്ന ഈ സിനിമ… സി.സുമതിയുടെ സംഘടനത്തിൽ, ജയയുടെ നിർമാണത്തിൽ, സ്മിത സംവിധാനം ചെയ്ത സിനിമ.. ഒന്നാന്തരം ‘പെൺപടം’…
“ഇന്നത്തെ പത്രത്തിൽ കായിക -വ്യവസായ വാർത്തകൾക്ക് വേണ്ടി ആകെ ഒറ്റപേജായിരുന്നു. റയോൻസിന് പുതുജീവൻ, ബ്രണ്ടൻ മക്കല്ലം വിരമിച്ചു. ഈ തലകെട്ടുകൾ ഞാൻ ഫോട്ടോയ്ക്ക് ഞങ്ങളുടെ ആ രഹസ്യഗ്രൂപ്പിലിട്ടു.”ഒരു വാക്യത്തിൽ പറഞ്ഞാൽ ആ ഗ്രൂപ്പാണ് “ബ്രണ്ടൻ മക്കൾ “. അതെ അത് തന്നെ.
കാടിന്റെ ഉള്ളിലെ റയോൺസ് ബംഗ്ലാവിലേക്ക് എത്തിയിട്ട് മാനേജരായി തൊള്ളയിരത്തി എഴുപത്തിയെട്ടിൽ എത്തിയ രണ്ട് മക്കളും സായിപ്പിന്റെ അഞ്ച് മക്കളുടെ കഥ. തന്റെ വീടോ നാടോ അംഗീകരിക്കാത്ത ബന്ധം,അവർ മുതിർന്നപ്പോൾ അംഗീകരിക്കുന്നു. അതിനായി ഉണ്ടാക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ബ്രണ്ടൻ മക്കൾസ്. മൂത്തവളുടെ പേര് സൂസൻ. അവളാണ് അഡ്മിൻ. താഴെ സാവി. അവളുടെ താഴെ ബ്രിട്ടോ. അതിനു താഴെയായി ആന്റോയും സാന്റോയും.
അഡ്മിനും മൂത്തതവളുമായ സൂസന്റെ മരണവും അതിനു പിന്നാലെയുള്ള ഒത്തുകൂടലും അതാണ് കഥ. മരണവാർത്തയറിഞ്ഞ മറ്റു സഹോദരി -സഹോദരർ,’ബ്രണ്ടൻ മക്കൾസി’ൽ സ്മൈലിയായി തങ്ങളുടെ സങ്കടാവസ്ഥകളും ഇടുന്നുണ്ട്. ഗ്രൂപ്പിൽ വരുന്ന ‘സ്മൈലികളു’ടെയും സൂസന്റെ ജീവിതവും ഓർമ്മയുമാണ് ബ്രണ്ടൻ മക്കൾസ്.
ഒരു സിനിമാസ്റ്റൈൽ എഴുത്താണ് കെ എസ് രതീഷ് ‘ഭയമ്പുരാണ’ത്തിൽ കാഴ്ചവച്ചത്.കേന്ദ്രകഥാപാത്രമായ അമ്പുവും അട്ടിപേറിയുമാണ് ഈ സിനിമാകഥയിലെ നായകന്മാർ.അട്ടിപേറിന്റെ കൂടെയാണ് അമ്പുവിന്റെ ജീവിതം.അമ്പുവിന്റെ പ്രശ്നം നിറഞ്ഞ ജീവിതത്തിൽ ഇപ്പോൾ ഒരുകൂട്ടം ‘കിളുന്ത് ‘ ചെറുകന്മാരാണ് കൂടുതൽ പ്രശ്നം.കഞ്ചാവ് വലിക്കാനും ക്ലിപ്പുകൾ കണ്ട് കുത്തിവയ്ക്കാണ് അമ്പുവിന്റെ ഒറ്റമുറിയായിരുന്നു.കലിപ്പ് പിള്ളേരുടെ ജോയിന്റ് കുത്തിവയ്ക്കാനും കലിപ്പ് പിള്ളേരുടെ താവളം. ഇപ്പോൾ അവർ അതൊരു വീഡിയോയാക്കി സ്കൂളിൽ പറയും, നെറ്റിലിടും പോലീസിൽ കാണിക്കും എന്നൊക്കെ പറഞ്ഞു ഭീഷണി തുടങ്ങിയിരിക്കുകയാണ്.ഒടുവിൽ അവർ അറ്റകൈയെന്ന പോലെ ഒളിച്ചോടുകയാണ്.അവസാനം ഒരു ഗംഭീര ക്ലൈമാക്സോടെ ഈ സിനിമ അവസാനിക്കുന്നു.
ഏറെക്കുറെ എല്ലാവരുടെ ജീവിതം തന്നെയാണ് പട്ടിപങ്ക്. അവിടെ വഴക്കാലികളായ ഒരു ഭാര്യയും ഭർത്താവും. എഴുത്തുകാരനായ ഭർത്താവും, ഭാര്യയുമല്ലാതെ എണ്ണമില്ലാത്ത പ്രാവുകകളും, ഗപ്പികളും, വർണ്ണമീനുകളും, രണ്ട് ജോഡി കുരുവികളും, രണ്ട് പൂച്ചകളും പിന്നെ ട്രമ്പും. കഥാകൃത്ത് നേരിട്ട് എത്തുന്ന എഴുത്ത് എന്ന പ്രത്യേകത കൂടെ ഉണ്ട് ഈ കഥയ്ക്ക്.
‘ഇന്ന് തൊട്ടു ട്രമ്പിനുള്ള തീറ്റി നീ തന്നെ കൊടുക്കണം. എന്നെയത്തിന് വിളിക്കരുത്”എന്ന് തലയണയോട് പറയുന്ന ഭാര്യ,തന്റെ പുതിയ ഫോൺ നിലത്തിടുന്നുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പ് കാലം,അയാൾ തോൽക്കണം എന്ന് ലോകം മുഴുവനും പ്രാർത്ഥിക്കുന്ന നേരം, വീട്ടിലേക്കുള്ള ഇടവഴിയിൽ മീൻ വണ്ടി തട്ടിയിട്ട് പേരില്ലാത്ത തള്ളപട്ടിയുടെ മക്കളിൽ വെളുത്തതിനെയെടുത്തു ട്രമ്പെന്ന് പേരു ചൊല്ലി വിളിക്കുന്നു. ഒരു പക്ഷെ ഈ കഥയിലെ നായകൻ ട്രമ്പാണ്…. അതെ ട്രമ്പാണ്.. ട്രമ്പുമായുള്ള നടത്തമൊക്കെ ആസ്വദിക്കുന്ന, നായകന്റെ മുന്നിലേക്ക് വീട്ടുകാരിൽ നിന്നായി വരുന്ന ”വിശേഷമൊന്നുമായില്ലേ” എന്ന സഹതാപകളിയാക്കലുകൾ എഴുത്തുകാരൻ ഓർക്കുന്നുണ്ട്. കഥയുടെ അവസാനം വഴക്കാലികളായ എഴുത്തുകാരനും ഭാര്യയും സ്നേഹിക്കുന്നതും അവരുടെ ‘ഇരട്ടക്കുട്ടികൾ ‘ട്രമ്പിനൊപ്പം ചെടിയിൽ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുകയും ചെയ്യുന്നു.
വ്യത്യസ്തമായ ഒരു ‘സുഹൃത്ത്‌ബന്ധക്കഥ’ അതാണ് ‘ഒറ്റാൾത്തെയ്യം’.സത്യത്തിൽ ഈ കഥ തുടങ്ങുന്നത് കഥയുടെ ആദ്യ ഭാഗത്തിന്റെ പകുതിയിൽ നിന്നാണ്. രണ്ട് വർഷം മുൻപുള്ള കഥയാണ് കഥാനായകൻ പറയുന്നത്. അന്നയാൾ ആ നഗരത്തിലെ ഒരു തീയറ്ററിൽ ടിക്കറ്റ് കീറാൻ നിൽക്കുന്ന കാലം.. ജീവിക്കാനായി സകലവേഷങ്ങളും കെട്ടി ഏതാണ്ട് കരപറ്റുമെന്ന് തോന്നിതുടങ്ങിയ സമയം.സർവ്വീസ് കമ്മീഷന്റെ മൂന്നോ നാലോ റാങ്ക്പട്ടികയിൽ സുരക്ഷിതമായ ഇടം.ജോലി ഉറപ്പിച്ച രണ്ടോ മൂന്നോ അഭിമുഖങ്ങൾ. ഉടനെ സർക്കാരിന്റെ ഭാഗമാകും എന്ന പ്രതീക്ഷയും ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും കണ്ട ആ കാലം.അങ്ങനെയുള്ള ദിവസങ്ങളിലാണ് ജോമിയെ അയാൾ കണ്ട് തുടങ്ങുന്നത്. പാതിരാപ്പടത്തിന് മാത്രം വരുന്ന ഒരു ‘പാതിരാപ്പടഭ്രാന്തൻ’. എല്ലാ ദിവസവുമുള്ള ആ ഷോയ്ക്ക് ശേഷമുള്ള അയാളുടെ ഉറക്കത്തിൽ നിന്നുണർത്താനുള്ള സെക്യൂരിറ്റിയുമായുള്ള ശ്രമത്തിൽ ചിലപ്പോൾ കഥാനായകനും ഉണ്ടാകാറുണ്ട്. എല്ലാ ദിവസവും ഒരേ സീറ്റിൽ മദ്യത്തിന്റെ മുഷിഞ്ഞു നാറുന്ന മണത്തിന്റെ കൂടെ അയാളുടെ വക ഒരു ക്ഷാമാപണവും.
തീയറ്ററിന്റെ സമരത്തിന്റെ ആ ദിവസം കഥാനായകൻ മനസ്സിലാക്കുന്നു, ആ ‘പാതിരാപ്പടഭ്രാന്തൻ’തന്റെ അയൽക്കാരനാണെന്ന്. അവിടെ നിന്നും തുടങ്ങുന്ന ഒരു ‘സുഹൃത്ത്‌ബന്ധത്തിന്റെ കഥ’യാണ് ഒറ്റാൾത്തെയ്യം’.
ആഴത്തിലുള്ള എഴുത്ത് ആവശ്യമായ ഈ കഥകളുടെ ഒരു ചെറുകണ്ണികകൾ മാത്രമെടുത്തു ചുരുങ്ങിയ വാക്കുകൾ കൊണ്ട് എഴുതിയ എഴുത്താണ് ‘തന്തക്കിണറി’നായുള്ള ഈ പുസ്തകനിരൂപണം.നർമ്മരസം ബന്ധപ്പെട്ട കഥകളാലും,നായകകേന്ദ്ര-നായികകേന്ദ്രവുമുള്ള കഥകളാലും ,കുടുംബപശ്ചാത്തലമുള്ളതുമായ കഥകളാലും ഈ പുസ്തകം നല്ലൊരു വായനാനുഭവം സമ്മാനിച്ചു കൊണ്ട് നിർത്തുന്നു…
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login