കവിത
ഒറ്റയായ്പ്പോയ ഒച്ച
കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
സച്ചിമാഷിനെ
എനിക്കറിയില്ലെങ്കിലും
ചില സച്ചി’താ’നന്ദന്മാർ
വരണ്ട നദികളിൽ
കുളം കുത്തുന്നതിന്
ഞാൻ സാക്ഷിയാകുന്നുണ്ട്.
ഓടിയൊളിക്കാനാണ്
ആദ്യം തോന്നിയത്.
ഉള്ളിലൊരു തേളുകുത്തിയതിനാൽ
നോട്ടം പിഴച്ചു പോയി!
പറ്റമായ് വന്ന്
ഒറ്റയായ്പ്പോയ
ഒറ്റുകാരൻ
ചിന്തയ്ക്ക് ചിന്തേരിട്ട്
മിനുക്കാൻ തുടങ്ങുമ്പോൾ
വേനൽ പഴുത്തു പാകമായ
മണ്ടയില്ലാത്തെങ്ങ്
കമ്പേറിട്ട തേങ്ങ
തലയിൽത്തന്നെ വീണതിന്
സാക്ഷ്യമായി
ചിരി ഒരു കലാരൂപമായ്
ചുണ്ടു പിളർത്തി
കരയാനും തുടങ്ങി.
പ്രണയപ്പിറ്റേന്ന്
ചങ്ങമ്പുഴയും
വൈലോപ്പിള്ളിയും
ഇടശ്ശേരിപ്പാലത്തിൽ നിന്ന്
പ്രളയം കാണുമ്പോൾ
ജല കളിമ്പത്തിൻ
മുങ്ങാങ്കുഴിയിൽ
അവർ
കവിതയായൊഴുകിപ്പോയതിന്
ഞാനും സാക്ഷിയാകുന്നു.
അതിനാലാണ്,
അതിനാൽ മാത്രമാണ്
ഈ പുഴയെ
ഞാൻ
ഒറ്റയ്ക്ക്
ഉണക്കാനിട്ടിരിക്കുന്നത്!.
littnow.com
littnowmagazine@gmail.com
Continue Reading
You must be logged in to post a comment Login