സാഹിത്യം
വായനയുടെ സിംഫണി, എഴുത്തിന്റെയും
ഷർമിള സി. നായർ
“ഭാഷയുടെ വാതിലടയ്ക്കൂ,പ്രണയത്തിന്റെ ജനാല തുറക്കൂ..” എന്ന് പറഞ്ഞത് ജലാലുദീൻ റൂമിയാണ്..
‘ലളിതവും സൂക്ഷ്മവും സൗന്ദര്യാത്മകവുമായ’ ഭാഷയുടെ വാതിൽ മെല്ലെ തുറന്ന് വായനക്കാർക്കു മുന്നിൽ പ്രണയത്തിൻ്റെ ജനാല മലർക്കെ തുറക്കുകയാണ് ജയൻ മഠത്തിൽ തൻ്റെ ‘ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക’ എന്ന കൃതിയിലൂടെ..
പലവട്ടം വായിച്ചിട്ടുള്ള ലേഖനങ്ങൾ പുസ്തക രൂപത്തിലായപ്പോൾ വീണ്ടും വായിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തം. എങ്കിലും പുസ്തകം കൈയ്യിൽ കിട്ടിയപ്പോൾ ചില ലേഖനങ്ങൾ വീണ്ടും വായിക്കാതെ വയ്യാന്നൊരു തോന്നൽ. നിരൂപണം എന്ന സാഹിത്യ ശാഖ എനിക്കെന്നും ബാലികേറാമലയായിരുന്നു, എം.കൃഷ്ണൻ നായരുടെ ‘സാഹിത്യ വാരഫലം’ ഒഴിച്ചാൽ. ഒരു കൃതിയെ പോസ്റ്റ്മോർട്ടം ചെയ്യലല്ല നിരൂപണം, മറിച്ച് വായനക്കാർക്കു മുന്നിൽ ആ കൃതിയിലേക്കൊരു വാതായനം തുറക്കലാണ്. ഒരു കൃതിയുടെ ആഴങ്ങളിലേക്കുള്ള
സൂക്ഷ്മ സഞ്ചാരത്തിനൊപ്പം ആ കൃതിയെക്കുറിച്ചുള്ള അവബോധം സാധാരണവായനക്കാരനു കൂടി പ്രദാനം ചെയ്യാൻ നിരൂപകന് കഴിയണം. നിരൂപണം ഒരു കവിത പോലെ കാവ്യാത്മകവും പ്രണയാത്മകവുമാക്കാം. ഇതിൻ്റെ തെളിവാണ് ജയൻ്റെ ‘ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക.’ എന്ന കൃതി. എന്താണ് നിരൂപണം എന്നല്ല, എന്തല്ല നിരൂപണം എന്ന് ഈ ലേഖന സമാഹാരത്തിലൂടെ ജയൻ നമുക്ക് കാട്ടിത്തരുന്നു.
വായനയുടെ ലോകത്തേക്ക് എടുത്തെറിയപ്പെട്ട ഒരാൾ. അക്ഷരങ്ങൾ പൂത്തുനിൽക്കുന്ന താഴ് വാരത്തിലൂടെ അയാൾ നടത്തുന്ന ഒരുന്മാദയാത്ര. അതിനിടയിൽ ഒപ്പം കൂടുന്ന വായനക്കാരൻ്റെ മനസ്സിലേക്ക് അക്ഷരങ്ങളുടെ സംഗീതമഴ പെയ്യിക്കുന്ന മാജിക്. വാക്കുകൾ പെയ്തിറങ്ങുന്ന നിഗൂഢമായ ആ പുസ്തകക്കാട്ടിലേക്ക് എഴുത്തുകാരനൊപ്പം, അല്ല ഉന്മാദിയായ ആ വായനക്കാരനൊപ്പം നമ്മളും കൂടുന്നു… ആ പുസ്തകക്കാട്ടിൽ വച്ചാണ് ഞാൻ റൂമിയേയും പ്രിയശിഷ്യൻ ഷംസിനേയും കണ്ടത്. ജിബ്രാനേയും, സാർത്രിനേയും, സിമോൺ ദി ബുവയേയും, എൻ്റെ പ്രിയപ്പെട്ട അന്നയേയും വീണ്ടും കണ്ടുമുട്ടിയത്…
‘ആത്മാവിൽ പ്രണയത്തിന് തീകൊളുത്തുക’ എന്ന ലേഖനം കെ.ടി. സൂപ്പിയുടെ ‘റൂമിയുടെ ആകാശം’ എന്ന കൃതിയിലൂടെയുള്ള യാത്രയാണ്. പ്രണയത്തിൻ്റെ കത്തുന്ന കടലിലേക്ക് റൂമിക്കും എഴുത്തുകാരനുമൊപ്പം ഇറങ്ങുന്ന വായനക്കാരൻ എത്തപ്പെടുന്നത് പ്രണയത്തിൻ്റെ കാണാക്കയങ്ങളിലേക്കാണ്. അവിടെ ഷംസ് നിൽപ്പുണ്ട്, റൂമിയുടെ പ്രിയശിഷ്യൻ. റൂമിയുടെ പ്രണയം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ചവൻ, പ്രണയത്തിന് ലിംഗഭേദമില്ലെന്ന് തെളിയിച്ചവൻ. ഷംസിൻ്റെ അഭാവം റൂമിയെ ഒരു സൂഫിയാക്കി പരിവർത്തനം ചെയ്യുകയായിരുന്നു. പ്രണയത്തിൻ്റെ ഏറ്റവും മഹത്തരമായ ഭാഷ മൗനമാണെന്ന് പാടിയ റൂമി ഏകദേശം പത്ത് വർഷങ്ങൾകൊണ്ടാണ് ഷംസിനായി മസ്നവി എന്ന കാവ്യം എഴുതി തീർത്തത്.
പ്രണയത്തിൻ്റെ തടവുകാരനെന്ന് സ്വയം വിശേഷിപ്പിച്ച പ്രണയവും വിരഹവും വേദനയും കൊണ്ട് ഒരു മിസ്റ്റിക് ലോകം തീർത്ത ഖലിൽ ജിബ്രാൻ. ജിബ്രാനെ വരച്ചുകാട്ടുന്ന അത്രയൊന്നും ദീർഘമല്ലാത്ത ‘പ്രണയത്തിൻ്റെ ഒടിഞ്ഞ ചിറകുകൾ’ എന്ന ലേഖനം ഭാഷയുടെ ഒതുക്കം കൊണ്ട് മനോഹരമാണെങ്കിലും കുറച്ചു കൂടി നീട്ടാമായിരുന്നില്ലേ എന്നൊരു തോന്നൽ. ലില്ലി പൂക്കൾ കൊണ്ടലങ്കരിച്ച ശവമഞ്ചത്തിൽ തൻ്റെ എക്കാലത്തേയും പ്രിയ സുഹൃത്തിൻ്റെ വരവിനായി കാത്തു നിൽക്കുന്ന മേരി… ഭർത്താവിനിഷ്ടമില്ലാഞ്ഞിട്ടു കൂടി ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ ജിബ്രാനൊപ്പം പുസ്തക പ്രകാശനത്തിന് തുണയായി നിന്ന മേരി… മേരിയെ ജീവിതത്തിൻ്റെ ഏത് വളവിലായിരുന്നു ഞാൻ കണ്ടുമുട്ടിയത്?
സിമോൺ ദ ബുവേയും സാർത്രിനേയും പരാമർശിക്കുന്ന മൂന്ന് ലേഖനങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരുഷ പ്രണയത്തിന് എത്രമേൽ കാൽപനികമായി അടിമയാകാമോ അത്രമേൽ സ്വതന്ത്രയുമാകാം ഒരു പെണ്ണിന്. സാർത്രിൻ്റെ പ്രണയത്തിനടിമപ്പെട്ട് ഇത് തെളിയിക്കുകയായിരുന്നു. ഫെമിനിസത്തിൻ്റെ പ്രയോക്താവായ സിമോൺ ദ ബുവ. ബുവെയും സാർത്രും എൻ്റെ പരിമിതമായ വായനയിലെവിടെയോ സ്ഥാനം പിടിച്ചിരുന്നു. ഒരു പക്ഷേ, അവരുയർത്തിയ ആശയങ്ങളോടുള്ള താല്പര്യം കൊണ്ടാവണം. സാർത്രിൻ്റെ ജീവിതത്തിലെ എത്രാമത്തെ സ്ത്രീയായിരുന്നു താനെന്നറിഞ്ഞുകൊണ്ട് സാർത്രിൻ്റെ ഒരു കത്തിനു വേണ്ടി കാത്തിരുന്ന ബുവ ഒരു കാലത്ത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കാലം മാറ്റിയതിനാലാവണം ബുവ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. ‘ഏറ്റവും സ്നേഹത്തോടെ നിൻ്റെ സ്വന്തം ബീവർ’ എന്ന ലേഖനത്തിൽ ജയൻ പറയുന്നു,
”… കത്ത് അവസാനിപ്പിച്ച് ബുവ പേന താഴ്ത്തുമ്പോൾ അവർ അനുഭവിച്ച അതേ മാനസികാവസ്ഥയിൽ വായനക്കാരനും എത്തുന്നു. കത്തുകൾ വായിക്കേണ്ടത് ഹൃദയം കൊണ്ടാണെന്ന് സാർത്രിനയച്ച കത്തുകൾ നമ്മോട് പറയുന്നു… “
ബുവയെ ജയൻ്റെ വാക്കുകളിലൂടെ വായിച്ചപ്പോൾ താരതമ്യേന ദുർബല വായനക്കാരിയായ ഞാൻ പോലും സിമോൺ ദ ബുവേ സാർത്രിന് അയച്ച കത്തുകൾ വായിക്കാതെ പറ്റില്ല എന്ന അവസ്ഥയിൽ ജയനോട് തന്നെ ആ പുസ്തകം വാങ്ങി വായിച്ചു. ഒരു കഥാപാത്രം അല്ലെങ്കിൽ ഒരു പുസ്തകം വായനക്കാരൻ്റെ മനസിൽ ആഴ്ന്നിറങ്ങുന്നത് എങ്ങനെയാണെന്ന് ഈ സമാഹാരത്തിലെ ലേഖനങ്ങൾ നമുക്ക് കാട്ടിത്തരുന്നു.
‘ഒരു സങ്കീർത്തനം പോലെ ‘എന്ന നോവലിൻ്റെ തീക്ഷ്ണവും മനോഹരവുമായ അപഗ്രഥനമാണ് ഈ സമാഹരത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ലേഖനങ്ങളിൽ ഒന്നായ ‘വാക്കിൻ്റെ നിറയൊഴിക്കൽ.’ ഒരു സങ്കീർത്തനം പോലെ അന്നയും ഫയദോറും വീണ്ടും വായനക്കാരനു മുന്നിൽ പുനർജ്ജനിക്കുന്നു.
ചിന്തകൾക്ക് തീ പിടിപ്പിച്ച ഈ നോവൽ വായിച്ചത് നിയമ പഠന കാലത്താവണം. അക്ഷരങ്ങൾ കൊണ്ടും ജീവിതം കൊണ്ടും ചൂതാട്ടം നടത്തിയ ദസ്തയേവ്‌സ്കിയും നശിച്ചുപോവുമായിരുന്ന ആ ജീവിതം പ്രണയത്തിൻ്റെ മാസ്മരികതയിൽ തളച്ചിട്ട അന്നയും… ദസ്തയേവ്സ്കിയെക്കൊണ്ട് നോവലിസ്റ്റ് പറയിക്കുന്നു:
“എന്നെ ഇതിനു മുൻപ് ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല. ഇത്ര അഗാധമായിട്ട്, ഇത്ര തീക്ഷ്ണമായിട്ട്. ഇത്ര നിസ്വാർത്ഥമായിട്ട്. ഇത്ര വിശുദ്ധമായിട്ട് എന്നുകൂടി പറഞ്ഞാലേ അത് പൂർണ്ണമാകൂ. എന്തുകൊണ്ട്? എന്റെ കുറ്റങ്ങൾ അറിഞ്ഞ്, എന്റെ കുറവുകൾ അറിഞ്ഞ്, എന്റെ ദൗർബല്യങ്ങൾ അറിഞ്ഞ്, എന്റെ ചീത്തയായ വാസനകളറിഞ്ഞ്. അങ്ങനത്തെ ഒരു സ്നേഹത്തെപ്പിന്നെ ഞാനെങ്ങനെ കാണണം? സത്യത്തിൽ എനിക്ക് ഇപ്പോഴാണ് ദൈവത്തോട് കടപ്പാടു തോന്നുന്നത്. ഈ സ്നേഹം കാണിച്ചു തന്നതിന്.” പ്രണയത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടെന്ന് മനസിലാക്കാനുള്ള വിവേകം അന്നുണ്ടായിരുന്നില്ല. ഇന്ന് അവർ പ്രണയിച്ച, കലഹിച്ച വഴികളിലൂടെ ജയൻ വീണ്ടും കൂട്ടിക്കൊണ്ടുപോവുമ്പോൾ ഒരു പുനർവായന ആവശ്യമില്ലാഞ്ഞിട്ടു കൂടി വീണ്ടും അന്നയെ അറിയാതെ വയ്യെന്ന അവസ്ഥ. എമ്മാതിരി എഴുത്തിൻ്റെ മാജിക് !
3-10-2007-ന് തൃശൂർ പ്രസ്ക്ലബിൽ വെച്ച് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ, ‘കേൾക്കണമെങ്കിൽ ഈ ഭാഷ വേണം’ എന്ന് അവസാനമായി പറഞ്ഞ് ഏത് കലാകാരനും കൊതിക്കുന്ന അസൂയപ്പെടുത്തുന്ന മരണം പുൽകിയ വിജയൻ മാഷ്. മാഷിനെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ അക്ഷരങ്ങൾ ഗഹനവും ഒപ്പം ഒരു നീറ്റലുമാവുന്നു. അഞ്ച് പതിറ്റാണ്ടിലേറെ കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക മണ്ഡലത്തില്‍ പ്രകാശം പരത്തിയ ഒരു ധൈഷണിക നക്ഷത്രത്തെ ചുരുങ്ങിയ വാക്കുകളിൽ വരച്ചിടുക എളുപ്പമല്ല. മാഷൊരിക്കൽ പറഞ്ഞു:
“അനുഭവങ്ങളുടെ ഒരു മഴയും പെയ്തു തീരുന്നില്ല എന്ന് എനിക്ക് മനസിലാകും, ഒരു ഓർമ്മയും അവസാനിക്കുന്നില്ല’. മരണമില്ലാത്ത ആ ഓർമ്മകൾക്കു മുന്നിൽ ഒരു ഹൃദയാഞ്ജലിയാണ് ‘കേൾക്കണമെങ്കിൽ ഈ ഭാഷ തന്നെ വേണം’ എന്ന ലേഖനം എന്ന് നിസംശയം പറയാം.
ജീവനോളം മരണത്തെ സ്നേഹിച്ച് വിഷാദത്തിന് കീഴ്പ്പെട്ട് വന്യമായ മരണം പുൽകിയ കവി സിൽവിയ പ്ലാത്തും ഫാൻ്റസിയിൽ അഭിരമിച്ചിരുന്ന മിഷിമയും ജർമൻ മിസ്റ്റിക് കവി റിൽകേയും പല ലേഖനങ്ങളിലൂടെ വാങ്മയചിത്രങ്ങളായി നമ്മുടെ മുന്നിൽ തെളിയുന്നുണ്ട്.
‘വിശുദ്ധ വൈരുദ്ധ്യമേ ‘എന്ന് റോസാപ്പൂവിനെ കുറിച്ചെഴുതിയ കവിയായിരുന്നു റിൽകേ. റോസാപ്പൂവിനെ ഹൃദയത്തിലാവാഹിച്ച റിൽകേയെ മരണം പുൽകുന്നതും ഒരു റോസാപ്പൂവിൻ്റെ രൂപത്തിൽ. തൻ്റെ പൂന്തോട്ടത്തിൽ നിന്ന് ഒരു റോസാപ്പൂവ് അടർത്തിയെടുക്കുന്നതിനിടയിൽ മുള്ളു കൊണ്ടു മുറിഞ്ഞ റിൽകേ, ആ മുറിവ് പഴുത്താണ് മരണപ്പെടുന്നത്. ‘ഏകാന്തതയുടെ സാന്താക്ലോസ് ‘ എന്ന ഹ്രസ്വവും മനോഹരവുമായ ലേഖനം വി. രവികുമാർ വിവർത്തനം ചെയ്ത റിൽകേയുടെ രണ്ട് പുസ്തകങ്ങളുടെ വായനയാണ് (റിൽകേയുടെ കവിതകളും കുറിപ്പുകളും, റിൽകേ ഒരു യുവകവിക്കയച്ച കത്തുകൾ). ആ വായനയിൽ നമ്മളും ലേഖകനൊപ്പം കൂടുന്നു എന്നിടത്താണ് ഈ ലേഖനങ്ങൾ വേറിട്ടു നിർത്തുന്നത്.
‘ഫാത്തിമ നിലോഫറിൻ്റെ യാത്രയും പ്രതിരോധത്തിൻ്റെ കണ്ണീരും ‘ ഭരണകൂട ഭീകരതയുടെ നേർക്കാഴ്ചയായ
ടി.ഡി.രാമകൃഷ്ണൻ്റെ അന്ധർ, ബധിരർ, മൂകർ എന്ന നോവലിൻ്റെ ചിന്തോദ്ദീപകവും മനോഹരവുമായ വിവരണമാണ്. മഞ്ഞ് മൂടിയ കാശ്മീർ താഴ് വരകളിലൂടെ ഫാത്തിമ നിലോഫര്‍ എന്ന കാശ്മീരി പെണ്‍കുട്ടിക്കൊപ്പം നടത്തുന്ന ആ സ്വപ്നസഞ്ചാരം. ആ സഞ്ചാരത്തിനൊടുവിൽ ഫാത്തിമയുടെ കരിനീലക്കണ്ണുകൾ വീണ്ടും നമ്മുടെ ഉറക്കം കെടുത്തുന്നു. നോവൽ പൂർത്തിയായപ്പോൾ ടി ഡി.ആറിൻ്റെ മനസ്സിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടിറങ്ങിപ്പോയതല്ലേ ഫാത്തിമ !!
കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്ക്കരിച്ചു കൊണ്ട് കവിതയ്ക്കും പ്രണയത്തിനും പുത്തൻ ഭാവതലങ്ങൾ സൃഷ്ടിച്ച നിഷേധിയും, അരാജകവാദിയും, ഉന്മാദിയുമായ അയ്യപ്പൻ... സൗന്ദര്യം തികഞ്ഞ ഭാഷയും ആക്രമിക്കുന്ന ശൈലിയും കൊണ്ട് മറ്റ് ആധുനിക വിമര്‍ശകരില്‍ നിന്ന് വേറിട്ടു സഞ്ചരിച്ചിരുന്ന കെ .പി .അപ്പൻ...തുടങ്ങി പുതുതലമുറയിലെ എം .ബഷീറും , നിഷാ അനിൽകുമാറും ,അജയ്.പി.മങ്ങാട്ടും, ബൃന്ദയും, ഇളവൂർ ശ്രീകുമാറും ഒക്കെ ഒരേ ഫ്രെയിമിനുള്ളിൽ നിന്ന് അവരുടെ കൃതികളിലൂടെ വായനക്കാരോട് സംവദിക്കുന്നു. ഇതിൽ എം.ബഷീറിൻ്റെ 'പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ ' എന്ന ആദ്യ കവിതാസമാഹാരത്തിൻ്റെ കാവ്യാത്മകവും ഹൃദയാവർജ്ജുകവുമായ വായനാനുഭവം ഓരോ വായനക്കാരൻ്റെ ഹൃദയത്തിലും പ്രണയത്തിൻ്റെ വസന്തകാലം വിരിയിക്കുമെന്നുറപ്പാണ്.
വന്യമായ വായനയിലൂടെ ആർജ്ജിച്ച തൻ്റെ വായനാനുഭവങ്ങൾ മറ്റുള്ളവരിലേക്ക് തീവ്രമായി പകരാനും, സൗന്ദര്യാത്മകമായ വിവരണങ്ങളിലൂടെ വായനയിൽ നിന്ന് മാറി നടക്കുന്നവരെപ്പോലും ആ കൃതികളിലേക്ക് അടുപ്പിക്കാനും കഴിയുന്നു എന്നതാണ് ജയൻ്റെ എഴുത്തിൻ്റെ പ്രത്യേകത. ടി. ഡി.രാമകൃഷ്ണൻ അവതാരികയിൽ പറഞ്ഞതുപോലെ പ്രണയം മുഖ്യ പ്രമേയമായ, പ്രണയത്തിൻ്റെ സുഗന്ധമുള്ള ഈ പുസ്തകം വായനയെ പ്രണയിക്കുന്നവർ മാത്രമല്ല, എല്ലാവരും വായിക്കേണ്ടത് തന്നെയാണ്. ഭാഷയുടെ തീക്ഷ്ണ സൗന്ദര്യവും ഒഴുക്കും കൊണ്ട് സുന്ദരമായൊരു വായനാനുഭവം പ്രദാനം ചെയ്യുന്ന സർഗാത്മക സൃഷ്ടി. വായന പൂർണ്ണമാവുമ്പോൾ തീർന്നു പോയല്ലോ എന്നു തോന്നുന്നില്ല. വീണ്ടും വായിക്കണമെന്നും തോന്നുന്നില്ല. എന്തിനാണൊരു പുനർവായന. ഒരു ഭാവഗീതം പോലെ ആ ലേഖനങ്ങൾ എന്നും നമ്മോടൊപ്പമുണ്ടാവും, പ്രണയത്തിൻ്റെ സുഗന്ധം പരത്തിക്കൊണ്ട്.
ആത്മാവിൽ പ്രണയത്തിന് തീകൊളുത്തുക
ജയൻ മഠത്തിൽ
പച്ചമലയാളം ബുക്സാണ് പ്രസാധകര്‍
വില: 170 രൂപ
പുസ്തകം ലഭിക്കാന്‍ വിളിക്കുക: 9496644666
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
Suma
May 29, 2022 at 4:42 am
Superb🌹🌹🌹