കഥ
ഒന്നുചേർന്നൊഴുകുന്ന പുഴ
ഇളവൂർ ശശി
വര: സാജോ പനയംകോട്
“മാഷേ… എന്റെ കാൽ വേദനിക്കുന്നു. കൈ തൊടുമ്പോൾ അരയ്ക്ക് കീഴേ ഒരു മരവിപ്പ് പോലെ”
ഇടയ്ക്കൊരൽപ്പം നിശബ്ദതയ്ക്കു ശേഷം ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ തുടർന്നു.
“ങ്ഹാ… എത്ര നാളായ് ഒരു പാഴ്ത്തടി പോലെ ഈ കട്ടിലിൽ മലർന്നു കിടക്കാൻ തുടങ്ങിയിട്ട്. എന്നാണിനി മുറ്റത്തേയ്ക്കും പറമ്പിലേയ്ക്കും ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. മാഷേ… കഴിഞ്ഞ വർഷത്തെപ്പോലെ ഇപ്രാവശ്യവും കൊന്നകൾ കാലംതെറ്റി പൂവിട്ടിട്ടുണ്ടാകുമോ. കിളിച്ചുണ്ടൻമാവിലെ മാങ്ങ പകുതിയും കിളിയും അണ്ണാനും വവ്വാലും കൊണ്ടുപോകത്തേയുള്ളൂ. ഓ…ന്നാലും സാരമില്ല. അവറ്റകൾക്കും വേണ്ടേ എന്തെങ്കിലും ഒക്കെ തിന്നാൻ.
തൻ്റെ മടിയിൽ തലവച്ച് കിടക്കുന്ന ടീച്ചറുടെ മൂർദ്ധാവിൽ ഉമ്മവച്ച് മാഷ് പറഞ്ഞു.
“ടീച്ചറേ… ഈശ്വരൻ എല്ലാം നേരെയാക്കും. പിന്നേ… സമയം കുറെയായി! ടീച്ചറൊന്ന് ഉറങ്ങാൻ നോക്ക് “
മാഷ് തന്നോടല്ല പറഞ്ഞതെന്നുള്ള ഭാവത്തോടെ ടീച്ചർ ഇങ്ങനെ തുടർന്നു.
“മാഷേ… മുറ്റത്തും തൊടിയിലും കരിയിലകൾ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. പുറത്തോട്ടിറങ്ങുമ്പോൾ സൂക്ഷിക്കണം. വല്ല ഇഴജന്തുക്കളും കാണും. അമ്മിണിയുടെ മോളെ വിളിച്ച് വീടും പരിസരവും ഒന്ന് തൂത്തുവാരിക്കണം. അതിന് എന്തെങ്കിലും നാല് കാശ് അധികപ്പറ്റായി കൊടുക്കണേ. വയ്യാത്ത തന്തയും തള്ളയും പിന്നെ പറക്ക മുറ്റത്ത രണ്ട് കൈക്കുഞ്ഞുങ്ങളും ഉള്ളതാണ്. അതിൻ്റെ ഭർത്താവാണെങ്കിൽ നാഴികയ്ക്ക് നാല്പതു വെട്ടവും കള്ളും കഞ്ചാവുമ, പോരാത്തതിന് അതിനെ ആ ദുഷ്ടൻ പൊതിരെ തല്ലുകയും ചെയ്യും. കഷ്ടം.”
എന്തോ മറന്ന കാര്യം ഓർത്തിട്ടെന്നപോൽ ടീച്ചർ തുടർന്നു.
"ങ്ഹാ…പിന്നെ മാഷേ… തൊടിയിലെ മൺചട്ടിയിൽ കുറച്ചു വെള്ളം നിറച്ചു വയ്ക്കണെ… കാക്കയും കിളികളും ഈ തീവെയിലത്ത് പരക്കം പാഞ്ഞു നടക്കുകയാകും." മറ്റെന്തോ കൂടി പറയാനായി ടീച്ചർ ചുണ്ടനക്കിയതാണ്. പക്ഷേ അതിനു മുൻപേ നിരമുറിയാത്ത വെളുത്ത പല്ലു കാട്ടിയുള്ള മാഷിൻ്റെ ചിരിയാണ് ഉയർന്നത്.
"...അതെല്ലാം ടീച്ചർ എന്നോടൊപ്പം ചേർന്നന്ന് മുതൽ എന്നെക്കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങളല്ലേ.കൊള്ളാംഞാനത് മറക്കുമോ"
ടീച്ചറുടെ നരപടർന്ന കുറ്റിമുടികളിൽ വിരലുകളോടിച്ച് ഒരു കുഞ്ഞിനോടെന്നപോൽ മാഷ് സാവധാനം പറഞ്ഞു.
"ടീച്ചറേ… മുറ്റവും തൊടിയും പുരയ്ക്കകവും ഒക്കെ ടീച്ചർ വൃത്തിയാക്കി ഇടാറുള്ളതുപോലെയല്ലെങ്കിലും ഞാൻ ഒരു വിധം സൂക്ഷിക്കുന്നുണ്ട്. ദേ… ഇനിയാ കണ്ണുകൾ മെല്ലെ അടച്ച് ഒന്നുറങ്ങാൻ നോക്ക്"
“ഇല്ല മാഷേ…എനിക്കുറക്കം വരുന്നില്ല. കണ്ണുകൾ അടക്കുമ്പോഴേക്കും അരയ്ക്ക് കീഴേ ഒര് വല്ലാത്ത വേദന. ഒന്ന് നിവർന്നിരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ…” ടീച്ചറുടെ കണ്ണുകൾ ആർദ്രമായി. വലംകൈയാൽ ആ കണ്ണുകളിലെ നനവ് തുടച്ചുമാറ്റി ടീച്ചറുടെ നയനങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഗദ്ഗദത്തോടെ മാഷ് പറഞ്ഞു.
“…ടീച്ചറെന്തിനാ വിഷമിക്കുന്നത്. ഊണിലും ഉറക്കത്തിലും എന്നും ഞാനില്ലേ… കൂടെ. എനിക്ക് ടീച്ചറും, ടീച്ചർക്ക് ഞനുമേയുള്ളു എന്ന ഓർമ്മവേണം. ദേ… ടീച്ചറ് തളർന്നാൽ പിന്നെ ഞാൻ… “
മാഷിൻ്റെ മനമൊന്ന് ഇടറിയെങ്കിലും ക്ഷണം സ്വയം മനസ്സിനെ നിയന്ത്രിച്ച് മാഷ് തുടർന്നു.
“ടീച്ചറേ… ഞാനല്പം ധന്വന്തിരംകുഴമ്പെടുത്ത് കാലിലിട്ട് തടവി തരാം” ടീച്ചറുടെ കാൽപ്പാദം മുതൽ അരക്കെട്ട് വരെ മൂടിയിരുന്ന പുതപ്പിന്റെ കീഴത്തെ തലപ്പ് മുട്ടുവരെ മുകളിലേക്ക് മടക്കിവച്ച ശേഷം കട്ടിലിൻ്റെ അടിയിലിരുന്ന കുപ്പിയിൽ നിന്നും കുഴമ്പെടുത്ത് ഇടം കയ്യിലേക്ക് പകരുന്നതിനിടയിൽ വിറപൂണ്ട കൈകളിൽ നിന്നും അതിൽ കുറച്ച് നിലത്തേക്കും പതിച്ചു. അത് കണ്ട ടീച്ചർ മാഷിനെ നോക്കി മന്ദഹസിച്ചു.
ഉടൻ ”അതെ, ഞാൻ കിളവനായി” എന്ന് പറഞ്ഞ് തലകുലുക്കി മാഷും ആ ചിരിയിൽ പങ്കുചേർന്നു. കട്ടിലിലേക്ക് ഇരുന്ന് കുഴമ്പ് ടീച്ചറുടെ കാൽമുട്ട് മുതൽ കീഴേയ്ക്ക് പതുക്കെ തേച്ച് പിടിപ്പിക്കുന്നതിനിടയിൽ സൗമ്യമായി മാഷ് പറഞ്ഞു.
” ടീച്ചറേ… ഇനി വേദനയൊക്കെ മാറും. പതുക്കെ കണ്ണടച്ചോളു”
പെട്ടെന്നൊരു വിതുമ്പൽ അവിടെ നിറഞ്ഞു.
“എനിക്കുവേണ്ടി മാഷ് ഏറെ സഹിക്കുന്നുണ്ട്. ഇങ്ങനെ ഏറെനാൾ കിടത്താതെ ഈശ്വരനങ്ങ് വിളിച്ചിരു” ആ വാക്കുകൾ പൂർത്തീകരിക്കും മുൻപേ മാഷ് കുഴമ്പ് പുരണ്ട തന്റെ കൈകളാൽ ടീച്ചറുടെ വായ പൊത്തിപ്പിടിച്ച് കഴിഞ്ഞിരുന്നു.
“അങ്ങനെ പറയല്ലേ ടീച്ചറെ പത്തുനാല്പത്തിയൊമ്പത് വർഷക്കാലമായി ഒന്നായി ജീവിക്കുന്നവരല്ലേ നമ്മൾ പോകുന്നെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം”
ടീച്ചർ ഉടനെ പറഞ്ഞു.
“ഭൂതം പൊന്നു കാക്കും പോലെ ഇങ്ങനെ എത്ര കാലം ഇരിക്കും എൻ്റെ അരികിൽ. മാഷിങ്ങനെ ഒരിടത്ത് തന്നെ ഉറച്ചിരിക്കുന്നത് കാണുമ്പോൾ നെഞ്ചു പിടയ്ക്കുന്നു. സ്കൂളിൽ നിന്നും വന്നാലുടനെ ഒരു കൈ ലിമുണ്ടും മടക്കികുത്തി തലയിൽ ഒരു വട്ടക്കെട്ടും കെട്ടി കുന്താലിയുമായി പാടത്തും പറമ്പിലുമെല്ലാം ഓടിനടന്ന് ജോലി ചെയ്തിരുന്ന ഒരാൾ, ഇപ്പോൾ എൻ്റെ കട്ടിലിന്റെ തലയ്ക്കലും കാൽക്കലുമായി കാലം കഴിക്കുന്നു. ഇതൊന്നും കാണുവാൻ എനിക്ക് വയ്യ മാഷേ…”
ടീച്ചറുടെ ശ്രദ്ധ തിരിക്കാനായി മാഷുടനിങ്ങനെ പറഞ്ഞു.
“ടീച്ചറേ… കാലിൽ അല്പം ചൂടുവെള്ളം തുണിയിൽ മുക്കി പിടിക്കാം, പെരുപ്പിനൊരു ആശ്വാസം കിട്ടും”
ഇങ്ങനെ പറഞ്ഞ് മാഷ് കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.
“എനിക്കൊന്നും വേണ്ട. മാഷെൻ്റെ തലയൊന്ന് ആ മടിയിലേക്ക് എടുത്ത് വച്ചേ. എനിക്ക് ഉറക്കം വരുന്നു”
കാൽച്ചുവട്ടിൽ നിന്നും മാഷെഴുന്നേറ്റ് വീണ്ടും കട്ടിലിന്റെ തലത്തിലേക്ക് ഇരുന്ന് ടീച്ചറുടെ ശിരസ്സ് സാവധാനം തൻ്റെ മടിയിലേക്ക് എടുത്തുവച്ചു.
“മാഷിന് ഓർമ്മയുണ്ടോ പണ്ട് എന്നെ പെണ്ണുകാണാൻ വന്ന കാര്യം”
ചിരിച്ചുകൊണ്ടാണ് മാഷ് അതിനു മറുപടി പറഞ്ഞത്.
” അതെങ്ങനെ മറക്കും! അന്ന് ഞാൻ കണ്ട കണ്ണുകളിലെ ആ പ്രകാശത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല പിന്നെ അല്പം കുറവായിട്ടുള്ളത് ഈ കണ്മഷിയുടെ ചന്തമാണ് “
“മാഷേ… ഈ കണ്ണുകളുടെ വെളിച്ചമിന്ന് അങ്ങയുടെ മനസ്സിൻ്റെ വെളിച്ചമാണ്. രോഗിയായ അമ്മയെ സ്വന്തം മകൾ എങ്ങനെ പരിചരിക്കുമോ അതിലുമേറെ കരുതലോടെയും സ്നേഹത്തോടെയും അല്ലേ മാഷ് എൻ്റെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. എന്തിനേറെ എൻ്റെ കണ്ണുകളിൽ മഷി അണീക്കുന്നതും സീമന്തത്തിൽ സിന്ദൂരം ചാർത്തുന്നതും”
പെട്ടെന്ന് മാഷിടപെട്ടു.
“ഓ… ടീച്ചർ ഇതൊന്നു നിർത്തുന്നുണ്ടോ. നാലഞ്ചു വർഷമായി നിത്യവും ഇതുതന്നെയാണ് പറയുന്നത്. ടീച്ചറേ… എൻ്റെ സ്ഥാനത്ത് ടീച്ചറും, ടീച്ചറുടെ സ്ഥാനത്ത് ഞാനുമാണെങ്കിൽ ടീച്ചറും ഇതെല്ലാം ചെയ്യില്ലേ? അത്രയും കരുതിയാൽ മതി. മാത്രമല്ല, നമ്മൾ രണ്ടല്ലല്ലോ. ഒന്നായി ഒഴുകുന്ന ഒരു പുഴയല്ലേ”
മാഷിൻ്റെ മുഖത്തേക്ക് കണ്ണുകൾ കൂർപ്പിച്ച് ടീച്ചർ ചോദിച്ചു.
“മാഷിനെന്തേ ഷേവ് ചെയ്തില്ലേ?”
“ഓ… ഞാനങ്ങു മറന്നു. ഇനിയിപ്പം നാളെയാകട്ടെ”
”ടീച്ചറുടെ ഇഷ്ടക്കേടുകളിൽ ഒന്നാണ് മുഖത്ത് താടി രോമങ്ങൾ വളർത്തുന്നത്. അതിനാൽ മുഖം മിനുക്കുക എന്നുള്ളത് ഒരു ദിനചര്യയായി കഴിഞ്ഞിരുന്നു. പക്ഷേ എത്രനാൾ ഇങ്ങനെ ഈ മുഖം ടീച്ചറിൽ നിന്നും മറച്ചു പിടിക്കാൻ കഴിയും. ചിലപ്പോൾ കരുതും എല്ലാമങ്ങ് തുറന്നു പറഞ്ഞ് മനസ്സിൻ്റെ ഭാരം ഒന്ന് ഇറക്കി വയ്ക്കാം എന്ന്. പക്ഷേ… ടീച്ചറുടെ മുഖത്തെ ആ ചിരി കണ്ണുനീരായി മാറുന്നത് കണ്ടു നിൽക്കാൻ തനിക്ക് കഴിയില്ല. അത് തന്റെ ഹൃദയത്തെ പിളർത്തും ചിന്തയുടെ വേലിയേറ്റങ്ങളിൽ ഉയർന്നുപൊങ്ങവേ ടീച്ചറുടെ ശബ്ദം ഉയർന്നു. “മാഷെന്താ ആലോചിച്ചു കൂട്ടുന്നത്?”
മനസ്സ് പെട്ടന്നൊന്ന് പിടഞ്ഞെങ്കിലും ഉടനൊരു ഉത്തരം കണ്ടെത്തി.
“നമ്മളൊക്കെ പഠിപ്പിച്ച കുട്ടികൾ ഇപ്പോൾ ഏതെല്ലാം സ്ഥാനമാനങ്ങളിൽ എത്തിയിട്ടുണ്ടാകും എന്ന് ചിന്തിച്ചതാണ് “
ടീച്ചർ ചിരിച്ചു. ശേഷം ഇരുത്തിയൊന്നു മൂളി കൊണ്ട് പറഞ്ഞു
“മാഷേ… ഇങ്ങോട്ടൊന്നു നോക്കിയേ…”
ആ മുഖത്തേക്ക് നോക്കാതിരിക്കുവാൻ കഴിഞ്ഞില്ല. ടീച്ചർ അപ്പോൾ പറഞ്ഞു.
“എൻ്റെ മാഷിന് ഇനിയും നുണ പറയാൻ അറിയില്ല. ഈ മുഖം കണ്ടാൽ എനിക്കറിയില്ലേ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. നമുക്ക് ഉറങ്ങാം”
ഇടങ്കൈ ചുവരിലെ വലിയ ബട്ടണിലേക്ക്. വെളിച്ചം അണഞ്ഞപ്പോൾ മാഷ് പറഞ്ഞു.
“എന്നാൽ ടീച്ചറെ ഇന്നത്തെ കഥപറച്ചിലിൻ്റെ ഊഴം എന്റേതല്ലേ. ഞാനിന്ന് ‘ഓ ഹെയ്ൻറി’ യുടെ വിഖ്യാതമായ ‘ദ ലാസ്റ്റ് ലീഫ് ‘ എന്ന കഥ പറയാം”
ഇരുളിനെ തുളച്ച്കൊണ്ടുള്ള ടീച്ചറുടെ ചിരി ആ മുറിയെവിഴുങ്ങി.
“ഇതെനിക്കറിയാം. ഈ കഥ ഒരുനാൾ ഞാൽ പറഞ്ഞതാണ്. എങ്കിലും, മാഷ് പറഞ്ഞോളൂ. മാഷിൻ്റെ മനോഹര ശബ്ദത്തിൽ അതൊന്നു കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്”
“എങ്കിൽ ശരി… ന്യൂമോണിയ വ്യപകമായ് പടർന്നുപിടിച്ച് മരണം താണ്ഡവമാടുന്ന യൂറോപ്പിലെ ഒരു നഗരം. അവിടെ ഒരു വലിയ ചിത്രകാരനും തൊട്ടടുത്ത വീട്ടിലായി ഒരു യുവചിത്രകാരിയും. ഒരുനാൾ യുവ ചിത്രകാരിക്കും ന്യൂമോണിയ പിടിപെട്ട് അവൾ രോഗശയ്യയിലാകുന്നു. അവളുടെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ പുറത്ത് മതിലിലേക്ക് പടർന്നു കയറിയ ഒരു വള്ളിച്ചെടി കാണാമായിരുന്നു. അതിൽ നിറയെ ഇലകളും. ഓരോ ദിവസവും പ്രഭാതത്തിൽ അവൾ നോക്കുമ്പോൾ ഇലകളിൽ ഓരോന്ന് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം അവളുടെ പ്രതീക്ഷയും. അവസാനത്തെ ഇലയും കൊഴിഞ്ഞു പോയെങ്കിലും. ആ രാത്രിയിൽ ആ ചിത്രകാരൻ യഥാർത്ഥ ഇലയ്ക്ക് പകരം അതേ ഒരു ഇലയുടെ ചിത്രം അവിടെ വരച്ചു ചേർത്തു. അവസാനത്തെ ഇല കൊഴിയാതെ തന്നെ നിൽക്കുന്നതിനാൽ ആ പെൺകുട്ടി ജീവിതത്തിലേക്ക് പതുക്കെ തിരിച്ചു കയറി. പിന്നീടാണ് ആ പെൺകുട്ടി അറിയുന്നത് തൻ്റെ ജീവൻ നിലനിർത്താനായി ആ ഇല വരച്ച് ചേർത്തതാണെന്നും. ആ ചിത്രകാരൻ ന്യൂമോണിയ ബാധിച്ച് മരിച്ചുപോയെന്നും”
കഥ കേട്ടശേഷം ടീച്ചർ ഉറങ്ങാൻ തുടങ്ങി. ഒരു ദീർഘനിശ്വാസത്തോടെ മാഷ് ഓർത്തു.
‘താനിപ്പോൾ ടീച്ചറുടെ മുഖത്തുനോക്കി കള്ളം പറയാനും പഠിച്ചിരിക്കുന്നു. അതും ഒരു കള്ളത്തെ സത്യമാക്കി തീർക്കാൻ മറ്റ് അനവധി കള്ളങ്ങൾ കൂടി പറയേണ്ടിയും വരുന്നു. എങ്കിലും അപരിചിതരാൽ നിറഞ്ഞ നഗരത്തിൽ ഈ കുടുസ് ഫ്ലാറ്റിൽ കഴിയുന്നത് തന്നെ ടീച്ചറുടെ ചികിത്സയ്ക്ക് ഭംഗം വരുത്താതിരിക്കാൻ വേണ്ടിയാണ്.
ചില നേരങ്ങളിൽ ടീച്ചർ പറയും.
“മാഷേ…എനിക്കെന്നാണിനി ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. ഞാൻ പഠിച്ചതും പഠിപ്പിച്ചതുമായ സ്കൂളിൻ്റെ ക്ലാസ് മുറികളിലൂടെ വെറുതെയെങ്കിലും ഒന്നുലാത്തുവാൻ കഴിയുന്നത്”
“ദേ… ഞാനുമുണ്ടാകും ടീച്ചറോടൊപ്പം, ഈ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട്”
ടീച്ചറിൽ പ്രതീക്ഷയുടെ വിത്തുകൾ വീണ്ടും വിതറുമ്പോഴും മാഷിൻ്റെ മനസ്സുപിടയും.
”ങ്ഹാ…ഒന്നുമില്ലേലും ടീച്ചർ ഇങ്ങനെ എൻ്റെ കൺമുന്നിലുണ്ടായിരുന്നാൽ മതി. അതിനായി ഈ ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും. ജീവിതത്തിൻ്റെ ചെറുപ്പകാലങ്ങളിൽ ഒരു പ്രകാശമായി തന്നിലേക്ക് വന്നതാണ് ടീച്ചർ. തുടർന്നിങ്ങോട്ട് എൻ്റെ വീടിൻ്റെ എണ്ണ വറ്റാത്ത ഒരു നിലവിളക്കായി പ്രകാശം വിതറി. വൃദ്ധരായ എൻ്റെ അച്ഛനുമമ്മയ്ക്കും ഒരു മകളായും, സഹോദരന്മാർക്ക് ഒരു സഹോദരിയായും സ്നേഹിതയായും ഒക്കെ. മാത്രമല്ല, മിണ്ടാപ്രാണികളോടും ചെടികളോടും വരെ കുശലം പറഞ്ഞും അവയെ സ്നേഹത്തോടെ പരിപാലിച്ചും. വയലിൽ നിന്നും വീട്ടിലേക്കുള്ള പടവു വരെയും എപ്പോഴും തൂത്തു വൃത്തിയാക്കി ഇടാനും. മഴയിൽ മുറ്റത്ത് കിളിർക്കുന്ന പാഴ്ച്ചെടികളെ നുള്ളിയെടുത്തും. എന്തിനേറെ വേനൽക്കാലത്ത് പറന്നു നടക്കുന്ന കാക്കയ്ക്കും കിളികൾക്കും വെള്ളവും ആഹാരവും നൽകുന്നതും എല്ലാം ടീച്ചറുടെ ദിനചര്യകളുടെ ഭാഗമായിരുന്നു. സത്യത്തിൽ ഇപ്പോൾ ടീച്ചർക്ക് അങ്ങോട്ടോ ഇങ്ങോട്ടോ കഴുത്തൊന്ന് തിരിക്കാൻ പോലും കഴിയില്ല എങ്കിലും. ആദ്യം ഗർഭാശയ ക്യാൻസറും, അത് കഴിഞ്ഞപ്പോൾ ആമവാതവും അതിനോടൊപ്പം കടുത്ത ഷുഗറും. എന്തിനേറെ, ദൈവം വാരിക്കോരി കൊടുത്ത മറ്റ് അനവധി അസുഖങ്ങളുടെ ഇടയിൽപ്പെട്ട് ഏറെ നാളായി വേദന തിന്നുന്ന ഈ കിടപ്പിൽ പോലും ടീച്ചറെ അറിയിച്ചിട്ടില്ല. ജീവിതത്തിൽ ഇന്നേവരെ സമ്പാദിച്ചതും അല്ലാത്തതുമായ എല്ലാം വിറ്റ് ചികിത്സിച്ചിട്ടാണ് ഈ അവസ്ഥയിലേക്ക് എങ്കിലും ടീച്ചറെ എത്തിക്കുവാൻ കഴിഞ്ഞതെന്ന്. രോഗകിടക്കയിൽ സ്ഥിരതാമസമായപ്പോൾ ടീച്ചറുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് നിറയും. ‘ ‘
“നമുക്കൊരു മകനോ മകളോ ഉണ്ടായിരുന്നെങ്കിൽ”
അപ്പോൾ മുഖം മൂടിയാൽ മനംമറച്ച് ടീച്ചറെ സമാധാനിപ്പിക്കും.
”ടീച്ചറേ… എനിക്ക് ടീച്ചർ മകളും, ടീച്ചർക്ക് ഞാൻ മകനുമല്ലേ. ആർക്കും ആരെയും വേണ്ടാത്ത ഇക്കാലത്ത് നമുക്ക് നമ്മൾ തന്നെ ധാരാളം”
ഉള്ളിലെ വേദനകൾ പുഞ്ചിരിയായി ഞങ്ങൾ പങ്കുവെച്ചു. ഒപ്പം ‘ടീച്ചറേ…’ന്നും ‘മാഷേ…’ന്നും പരസ്പരം വിളിച്ച് ബഹുമാനിച്ചും സന്തോഷിച്ചും സ്നേഹിച്ചും മുന്നോട്ടുപോയി.
ഉറക്കത്തിൽ ടീച്ചറൊന്ന് ഞരങ്ങി.
“മാഷേ… എനിക്ക് വേദനിക്കുന്നു. എൻ്റെ കാലൊന്ന് തിരുമ്മിത്താ…”
ഈയിടെയായി ടീച്ചറിങ്ങനെയാണ്. അതിനാൽ ഏതു പാതിരാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ടീച്ചറുടെ “മാഷേ…”ന്നുള്ള വിളിക്കായി ഞാൻ കാതോർത്തിരിക്കും. ചില രാത്രികളിൽ പതിവ് മരുന്നുകൾക്കൊപ്പം ചെറിയൊരു ഉറക്കഗുളിക കൂടി കൊടുക്കേണ്ടി വരും. ടീച്ചറുടെ കണ്ണൊന്നടപ്പിക്കാനായി.
അധ്യാപക ജോലിയിൽ നിന്നും വിരമിച്ച ശേഷം എവിടെപ്പോയാലും ടീച്ചർ ഒപ്പമുണ്ടായിരുന്നു. അതിനാൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ ഏറിയതേയുള്ളൂ. സ്നേഹം നടിച്ചുകൊണ്ട് ചില ബന്ധുക്കളും നാട്ടുകാരും എൻ്റെ കാതിൽ കുശുകുശുക്കും. ”മോനെ നിനക്ക് ഈ മച്ചിയെ കളഞ്ഞിട്ട് ഒരു നല്ല പെങ്കൊച്ചിനെ കെട്ടിക്കൂടെ. ഇനിയും സമയമൊന്നും വൈകിയിട്ടില്ല” കുഴപ്പം ടീച്ചറുടേതല്ല എന്റേതാണെന്ന് ഉറക്കെ അവരെ ബോധ്യപ്പെടുത്തും. അപ്പോൾ ചിലർ മുഖം ചുളിച്ച് നിശബ്ദരാകും.
”ഇതുങ്ങളുടെ വിചാരം ഇന്നലെ കല്യാണം കഴിഞ്ഞ ചെറുപ്പക്കാരനാണെന്നാ… അതുപോലെയല്ലേ മുട്ടിയുരുമി കൊഞ്ചിക്കുഴഞ്ഞ് നടക്കുന്നത്”
സത്യത്തിൽ ഏതൊരു ഭാര്യയും തന്റെ ഭർത്താവ് എപ്പോഴും അരികിലുണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത്രയേ ഉള്ളൂ ടീച്ചറുടെ കാര്യവും. അതിനായി ടീച്ചറുടെ മുന്നിൽ അല്പം തലകുനിക്കുന്നതും ഒരു പ്രത്യേക സുഖമാണ്. ബന്ധുക്കൾ ചിലപ്പോൾ ഞങ്ങളെ നോക്കി പറയും
”ഇവരിപ്പോഴും ഒരേ കട്ടിലിലാണ് കിടപ്പ്”
സത്യത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരേ കട്ടിലിൽക്കിടക്കുന്നത് ശാരീരിക ബന്ധം പുലർത്താൻ വേണ്ടി മാത്രമാണോ?! രണ്ട് പുഴകൾ ഒരു നിയോഗം പോലെ ഒന്ന് ചേർന്ന് ഒരു പുഴയായി ഒഴുകുന്നതല്ലേ ദാമ്പത്യം. ഒരു സുപ്രഭാതത്തിൽ ജീവിതത്തിൽ അന്നുവരെയും സ്നേഹവും പരിലാളനയും തന്ന മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും ഉറ്റ ബന്ധുക്കളെയും വിദൂരത്താക്കി. പരിചിതമല്ലാത്ത ഒരു വീട്ടിലേക്ക് വന്ന്. ഒരു പുരുഷൻ്റെ നെഞ്ചിലെ ചൂടിൽ ലയിച്ച് അവന്റെ വീടിന്റെ വിളക്കായി നിറയെ പ്രകാശം പരത്തുന്ന സ്ത്രീ. അവളുടെ ത്യാഗം മറ്റെന്തിനെക്കാളും മഹത്തരമല്ലേ.
രോഗാവസ്ഥയിൽ ഭാര്യയോടൊപ്പം ഏറെ നേരം ചിലവഴിച്ചപ്പോൾ നാട്ടുകാർ മറന്നു. കൈവശം ഉണ്ടായിരുന്ന പണവും സ്വത്തു വകയും വിറ്റ് ചികിത്സിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മക്കളെപ്പോലെ എന്ന് പറഞ്ഞു കൂടെ കൂടിയവരും ബന്ധുക്കളും പല പല കാരണങ്ങൾ പറഞ്ഞ് ദൂരേക്ക് മാറി. ആരെല്ലാം ഉപേക്ഷിച്ചാലും വെറുത്താലും എനിക്കെന്നും എന്റെ ടീച്ചറിന്റെ മുഖം കണികണ്ടുണരേണം.
''മാഷേ… കാലു വേദനിക്കുന്നു!"
അല്പം കൂടി ഉച്ചത്തിൽ ടീച്ചർ വീണ്ടുംപറഞ്ഞു.
"മാഷേ… കാല് വേദനിക്കുന്നു!''
പക്ഷെ,ആ വിളി മാഷ് കേൾക്കുന്നുണ്ടായിരുന്നില്ല.
ഇന്നലെ രാത്രിയിൽ ടീച്ചറുടെ കാലിന്റെ വേദന അധികരിച്ചിരുന്നു.. വേദനസംഹാരികളോടൊപ്പം ഒന്ന് ഉറങ്ങിക്കോട്ടെ എന്ന് കരുതി മാഷ് ഒരു ഉറക്കഗുളിക കൂടി ടീച്ചർക്ക്കൊടുത്തു. കഥ കേട്ട് തീരും മുൻപേ ടീച്ചർ ഉറങ്ങിപ്പോയി എന്നറിഞ്ഞിട്ടും അൽപനേരം കൂടി കാലുകൾ തടവിക്കൊടുത്തും കഥ പറഞ്ഞും തീർത്തു. ഒപ്പം പതിവുപോലെ മൂർദ്ധാവിൽ ഒരു ചുംബനവും നൽകി കട്ടിൽ നിന്നും എഴുന്നേറ്റു കാലെടുത്ത് ഒരു ചുവടു മുന്നോട്ടു വച്ചതേയുള്ളൂ. നിലത്തുവീണു കിടന്നിരുന്ന ധന്വന്തരം കുഴമ്പ് തുള്ളികളിൽ കാൽവഴുക്കി മലർന്ന് നിലത്തേയ്ക്കൊരു വീഴ്ച്ച. തലയുടെ പിൻഭാഗം ശക്തിയിൽ കട്ടിലിന്റെ തടിമേലിടിച്ചു. ആ കിടപ്പിൽ കിടന്ന് "ടീച്ചറേ…" ന്നൊന്ന് നാവനക്കി. അത്രമാത്രം.
ടീച്ചറുടെ നിലവിളി ഉച്ചത്തിലായി. മറ്റു ഫ്ലാറ്റുകളിൽ ഉള്ളവർ അപ്പോഴും അവരവരുടെ തിരക്കുകളിൽ വ്യാപൃതരായിരുന്നു.
"മാഷേ… എഴുന്നേൽക്ക് മാഷേ…"
ടീച്ചർ തൻ്റെ സർവ്വശക്തിയും സംഭരിച്ച് കട്ടിലിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രമിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. എങ്കിലും അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ കൈയ്യും മെയ്യുമിളക്കി അൽപ്പമായി നിരങ്ങി കട്ടിലിന്റെ അരികിലേക്ക് വന്നു. അടുത്തക്ഷണം ടീച്ചർ ആഞ്ഞ് നിലത്തേക്ക് വീണു. മുഖം നിലത്തേക്ക് ശക്തിയായി ഇടിച്ചു. നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നൊഴുകി. ശരീരം മൂടിയിരുന്ന പുതപ്പ് നിലത്തേക്ക് വീണു. അപ്പോൾ ടീച്ചറുടെ അരയ്ക്കു കീഴേയുള്ള ഭാഗം കടലിൽ തന്നെ കിടന്നിരുന്നു. അത് അരയിൽ ബന്ധിപ്പിച്ചിരുന്ന കൃത്രിമ കാലുകളായിരുന്നു. എങ്കിലും അത് കണ്ട് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ടീച്ചർ ഇഴഞ്ഞ് മലർന്ന് കിടന്നിരുന്ന മാഷിൻ്റെ അരികിലെത്തി മെല്ലെ കൈതട്ടി വിളിച്ചു.
"മാഷേ…എഴുന്നേൽക്ക് മാഷേ…!, ദേ… ഞാൻ കട്ടില് വിട്ട് എഴുന്നേറ്റു മാഷേ…!! എന്നെയൊന്ന് നോക്കു മാഷേ…!!
പച്ച ജീവനോടെയുള്ള ഒരു അവയവം ഒരു നിമിഷം കൊണ്ട് തുടയ്ക്കുമേലെ മുറിച്ചുമാറ്റുമ്പോൾ എത്ര മരുന്ന് കുത്തിവച്ച് മയക്കിയാലും അത് അവർക്ക് അറിയാം. അന്ന് എനിക്ക് ബോധം തെളിയും മുൻപേ മാഷ് എന്റെ മുറിച്ചുമാറ്റിയ കാലുകൾക്ക് പകരം അതേ വലിപ്പവും നിറവുമുള്ള കൃത്രിമ കാലുകൾ വച്ച് പിടിപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്നാണോ കരുതിയത്. ഞാനെല്ലാം അറിഞ്ഞിരുന്നു. നമ്മുടെ തറവാടും പറമ്പും വിറ്റതും, തറവാട്ടിലെ നമ്മുടെ ശയനമുറി പോലെ ഈ ഫ്ലാറ്റിനെ മാറ്റിയെടുത്തതുമെല്ലാം.
എൻ്റെ സന്തോഷത്തിനായി മാഷ് ചെയ്ത കാര്യങ്ങളെല്ലാം ഞാൻ മാഷിൻ്റെ സന്തോഷത്തിനായി അറിഞ്ഞില്ലെന്ന് നടിച്ചു. മുറിച്ചുമാറ്റിയ കാലിൻ്റെ ബാക്കി തുണ്ടിൽ വേദന കടുക്കുമ്പോൾ ഞാനത് കാൽപാദങ്ങളിലും കാൽമുട്ടിലും വേദനയെന്നും പെരുപ്പെന്നും മാറ്റിപ്പറഞ്ഞു. അപ്പോൾ കൃത്രിമ കാലുകളിൽ അങ്ങ് ഇളം ചൂടുവെള്ളം മുക്കി പിടിക്കുകയും ധന്വന്തിരംകുഴമ്പിട്ട് തടവി തരികയും ഒക്കെ ചെയ്തു.
പക്ഷേ, മാഷേ… അങ്ങെൻ്റെ മുഖത്തേയ്ക്ക് നോക്കി കള്ളം പറയാൻ ശ്രമിക്കുമ്പോൾ അങ്ങയുടെ കണ്ണുകളിൽ ചോര പൊടിയുന്നത് ഞാനറിഞ്ഞിരുന്നു. കൃത്രിമ കാലുകളിൽ കുഴമ്പ് പുരട്ടുമ്പോഴും ചൂടുവെള്ളം മുക്കി പിടിക്കുമ്പോഴും എനിക്ക് ഒന്നും അറിയില്ലെന്ന് മാഷിനെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
മാഷേ… എഴുന്നേൽക്ക് മാഷേ… എന്റെ കാൽ വേദനിക്കുന്നു മാഷേ…
മാഷേ… എനിക്കുറക്കം വരുന്നില്ല മാഷേ…! മാഷേ…ഒരു കഥ പറഞ്ഞുതാ മാഷേ…"
മാഷിൻ്റെ ശിരസ്സിലെ ചോര ടീച്ചറുടെ സീമന്തത്തിലെ സിന്ദൂരത്തെ പുണർന്ന് ഒരു പുഴയായി പുറത്തേയ്ക്കൊഴുകി.
ഒന്ന് ചേർന്നൊഴുകിയെത്തിയ പുഴയെ വേർതിരിക്കാനാകാതെ കടൽ…
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login