സാഹിത്യം
നാട്യധർമ്മിയും ലോകധർമ്മിയുമായ അനുഭവം
ഹരിനാരായണൻ ടി.കെ
സാജോ പനയംകോടിൻ്റെ
മരടിലേക്കു പോകുന്ന മഴ
ജയസൂര്യയുടെ പാട്ടും
എന്ന കഥയുടെ
വായനാനുഭവം
സങ്കേതങ്ങൾ കൃത്യമായി പിൻപറ്റിയുള്ള ലക്ഷണമൊത്ത ഒരു ചെറുകഥയാണിതെന്ന് ആദ്യമേ പറയട്ടെ.
മഴ ഇതിൽ പശ്ചാത്തലം ഒരുക്കുന്നതിനോടൊപ്പം തന്നെ ആദ്യന്തം നായകനോടൊപ്പം ഒരു കഥാപാത്രമായും ഇരട്ട റോളിൽ പ്രത്യക്ഷപ്പെടുന്നു. മഴ പലർക്കും പലതായി അനുഭവപ്പെടുന്നു. നായകന് ഒരു അലോസരമായി തുടങ്ങി ഒടുവിൽ ഒരു ഹൃദയനൊമ്പരമായി മാറുന്നു. വിദ്യാർത്ഥികളെയും കൊണ്ടുപോകുമ്പോൾ കൈകാലിട്ടടിക്കുന്ന മഴ നായകന് അത് പരിഭ്രാന്തമായ ഹൃദയമിടിപ്പുകളാണ്.എന്നാൽ കൗമാരക്കാരിൽ നൃത്തത്തിന്റെ സംഗീതത്തിൻറെ ആവേശമായാണ് മഴ അനുഭവപ്പെടുന്നത്
ഫയർഫോഴ്സിന്റെ മഴയെ കുറിച്ചുള്ള ചോദ്യം വരാൻ പോകുന്ന ജീവിതത്തിൻറെ നിരർത്ഥകതയുടെ പശ്ചാത്തലം സമർത്ഥമായി ഒരുക്കുന്നുണ്ട് .
ഈ സമയമൊക്കെ സമൂഹത്തിന്റെ ഇടപെടലുകൾ കൃത്യമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ബാർബോയിയുടെ രൂപത്തിൽ ഉള്ള, ഇനി കഴിക്കണോ എന്ന ആകുലത, തെറ്റാണ് സാമൂഹ്യപാഠം എന്ന് അറിയുമ്പോഴും, സമൂഹത്തിന്റെ ശരികളെ ധിക്കരിക്കാനുള്ള ശീലം സ്വാഭാവിക പ്രകൃതി, സാമൂഹ്യനിയമങ്ങളെ എതിർക്കുകയാണെന്ന് ഓർമിപ്പിക്കുന്നു. അതേസമയം പെൺകുട്ടികളെ, ചെളിക്കപ്പുറത്തുള്ള മോട്ടോർസൈക്കിൾകാരായ ചെറുപ്പക്കാരിൽനിന്ന് സൂക്ഷിക്കണമെന്നുള്ള വ്യഗ്രത നായകനെത്തന്നെ സമൂഹത്തിന്റെ കരുതൽ സ്ഥാനത്ത് നിർത്തുന്നു. ആവശ്യമില്ലാതെ ധൃതി കാണിച്ചു സാരി വലിച്ചു നേരെയാക്കുന്ന
ടീച്ചർ ആധുനിക സമൂഹത്തിൻറെ യാന്ത്രികമായ താൻ പ്രാഭവം തന്നെയാണ് വ്യക്തമാക്കുന്നത് പെൺകുട്ടികളെയും ചെറുപ്പക്കാരെയും അതിരിടുന്നത് കുറച്ച് ചെളി മാത്രമാണ് എന്ന സാമൂഹ്യധാരണയുംഇവിടെ നായകനിലൂടെ പകർന്നാടുന്നു. ഇതിനിടെ മദ്യഗന്ധത്തെ, ബാല്യത്തിലെ ചുമക്കുന്ന കൊച്ചുവീട്ടിലെ പുഴുക്കൻ ചീനിയുടെ ഗന്ഥമാക്കുന്ന രസവിദ്യയും ഉണ്ട്. നായകന് തൻ്റെ ട്രാൻസ്ജെൻഡർ ബന്ധം തന്നെ എങ്ങനെ അടയാളപ്പെടുത്തും എന്നുള്ള ആകുലത വ്യക്തമായി കാണിക്കുന്നുമുണ്ട്. അതുകൊണ്ടാണല്ലോ ടിവി ന്യൂസ് കണ്ട് ആളുകൾ ചിരിക്കുന്നത് ഉള്ളിൽ തറക്കുന്നത്
കഥാകൃത്തിന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ, പലനിറങ്ങളിൽ ഉള്ള അനുഭവങ്ങൾ നിഴലും വെളിച്ചവും ചേർത്ത് നാടകീയമായി മുന്നേറുന്ന ജീവിതമുഹൂർത്തങ്ങൾ ഈ കഥയ്ക്ക് ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ അനുഭവങ്ങൾ സമ്മാനിക്കുന്നു. ഈ കൊച്ചു കഥ കൃതഹസ്തനായ ഒരു ശില്പിയുടെ കൈകുറ്റപ്പാട് തീർത്ത മനോഹര ശില്പം തന്നെ. ഓരോ വായനയും വ്യത്യസ്ത അനുഭവങ്ങൾ തീർക്കുന്നു. ഒരേസമയം നാട്യധർമ്മിയും ലോകധർമ്മിയുമായ ഒരു അനുഭവം.
ചുരുക്കി നാടകാന്തം കവിത്വം എന്നെ ഈ കഥ യെ പറ്റിപറയാനുള്ളൂ.
കഥ
സന്ധ്യയായി തുടങ്ങി എന്ന് എന്ന് ബാർ ബോയി സ്നേഹത്തോടെ പറയുന്നു. ഫൈവ്സ്റ്റാറിലെ എക്സിക്യൂട്ടീവ് ബാറിൽ വലിയ തിരക്കൊന്നുമില്ല. പല നിറത്തിലെ ചെറിയ വെട്ടങ്ങളുടെ നൂലുകൾ കുരുക്കഴിക്കാനാവാതെ പറക്കുന്നുണ്ട്. വലിയ വിൻഡോയുടെ പ്രതിബിംബങ്ങളെ ഫോക്കസ് ചെയ്യാതിരുന്നാൽ ഒഴുകുന്ന വഞ്ചിവീടുകളെ കാണാം. കായലിപ്പോ തണുത്ത് കിടക്കുകയാകും.
‘ഒന്ന് റിപ്പീറ്റ് ചെയ്യടാ ‘
ആലപ്പുഴ സ്ഥിരം വരുമ്പോഴെല്ലാം കണ്ടവനാണ്. കൊടുക്കുന്ന ടിപ്പിൻ്റെ കനം അവനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതും അതാകാം.
‘ സാറ് തിരുവനന്തപുരത്തുന്നേ സെൽഫ് ഡ്രൈവാന്ന് പറഞ്ഞതു കൊണ്ടാ. ഒഴിവാക്കാം ,ഇനി വേണോ?’
‘യാത്ര ഒഴിവാക്കണോ പെഗ്ഗ് ഒഴിവാക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം നീ പറയുന്നത് ചെയ്യ് ‘
‘ശരി ‘
ഹാളിലെ ടിവീല് ന്യൂസില്ല. നന്നായി.
പാട്ടാണ്. കൊള്ളാം മാസ്സ് എഫക്ട്. ജയസൂര്യ തകർക്കുന്നു. ആരാവും സംഗീതം..
‘സാറേ .ഇപ്പോ ഇതാ പൊളി. പടം റിലീസായില്ല പാട്ട് വൈറലാ പിള്ളേരെല്ലാം തകർത്ത് റീല് തൊടങ്ങി’
‘കൊള്ളാം രസമുണ്ട്’
‘ആ മഴ എങ്ങനാ സാറേ, ഫയർ ഫോഴ്സ് സെറ്റപ്പ് തന്നാണോ?’
‘നീ പോയി പെഗ്ഗ് എട് ”
‘ഓ’
ഫോൺ ബല്ലടിക്കുന്നുണ്ട് .കുറേ നേരമായിട്ട്.
പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളുമാണ്. ചിലതു മാത്രം നോക്കി എടുത്തു. കേട്ടു .ഒന്നു മൂളി മടക്കി വച്ചു. അതു മതി.
സന്ധ്യ ലൈറ്റുകളായ ലൈറ്റുകളെല്ലാം നഗരത്തിൽ കത്തിച്ചിടും. പണ്ട് , ചുമച്ച് നിന്ന കൊച്ചൊരു വീട്ടിൽ കഫ് സിറപ്പിൻ്റ ഒഴിഞ്ഞ കുപ്പിയിൽ മണ്ണെണ്ണ നിറച്ച് അടപ്പിൽ തുളയിട്ട് അമ്മച്ചീടെ പാവാടച്ചരട് തിരിയാക്കി വിളക്കാക്കി രാത്രിയെ ഓടിച്ചത് വെറുതേ ,വെറും വെറുതേ ഓർത്തത് എന്തിനാടോ എന്ന് സ്വയം ചോദിച്ചു.
എ.സി പ്രവർത്തിക്കുന്നുണ്ടെങ്കിലും
കട്ടൻചീനി പുഴുങ്ങി വാർത്ത് ചൂടോടെ വിളമ്പുമ്പോൾ പറക്കുന്ന ആവിയുടെ മണം കാറിൽ നിറയുന്നതുപോലെ. മുളകും ഉളളീം ചതച്ച് വെളിച്ചണ്ണയൊഴിച്ച ചമന്തീടെ എരിവ് കിട്ടുന്നില്ല.
അവൻ പറഞ്ഞത് ശരിയാ, ആ ലാസ്റ്റ് പെഗ്ഗ് കഴിക്കേണ്ടിയിരുന്നില്ല. ചാറ്റൽ മഴയും. വൈപ്പർ ചലിക്കുന്ന ഗ്ലാസ്സിനപ്പുറം പടർന്നു വീഴുന്ന ലൈറ്റുകൾ…
ഇടിച്ചാൽ തീരണം. കിടന്നു പോകരുത് . ആഡംബരത്തിൻ്റെ ഭാരം ഒരു കഫ് സിറപ്പ് കുപ്പിയോളമല്ല. പതുക്കെയോടിക്കാം. മരടിൽ എത്തിയേ പറ്റൂ.
ഫോൺ ബല്ലടിക്കുന്നുണ്ട്. കാറിൻ്റെ സ്പീക്കറിലൂടെ ഒരു പേടിപോലെ അത് മുഴങ്ങുന്നു. സ്ക്രീനിൽ അപരിചിതരേയും ട്രൂ കോളർ കാണിക്കുന്നുണ്ട്.
സത്യത്തിൽ ഇതൊരു സത്യമാണോ. ഈ സന്ദർഭത്ത ഇങ്ങനെയൊക്കെ അതിജീവിക്കാനാകും എന്ന് മുന്നേ പരിശീലിക്കാൻ പറ്റുന്നതല്ലാതായിട്ടും…
ഒരു സിഗററ്റ് വലിക്കാനും ,അതിലേയ്ക്ക് എത്താൻ ഒരു പെഗ്ഗോ, കട്ടഞ്ചായയോന്നും
ഒരു തോന്നൽ മുട്ടി. ബ്രാണ്ടി കാറിലുണ്ട്. ചില തോന്നലുകൾ ചില നേരം നല്ലതാണ്.ഇടത്‌വശം ചേർന്ന് പതുക്കെപ്പോകാം ,ചേർത്തലയിൽ തട്ടുകട കാണാതിരിക്കില്ല.
എവിടെയായി, തിരക്കില്ല.
ഒരു പോലീസുകാരൻ കൈ കാണിക്കുന്നു. ഒപ്പം മറ്റു ചിലരും. ഒരു ടുറിസ്റ്റ് ബസ്സ് അവിടെ കിടപ്പുണ്ട്, മഞ്ഞ ലൈറ്റുകൾ മിന്നിച്ച്. ഇപ്പോൾ അപ്പുറം കുറേ കുട്ടികളെയും കാണാം.
കാർ നിർത്തി. ഇടത് ഗ്ലാസ് താഴ്ത്തുമ്പോൾ പുഴക്കൻച്ചീനിയുടെ മണം അയാൾക്ക് കിട്ടുമോയെന്ന് ശങ്കിക്കാതിരുന്നില്ല.
മരടിലേക്കു പോവുകയാണെന്നറിഞ്ഞപ്പോൾ പോലീസുകാരന് ഒരാവശ്യം പറയാനുണ്ടായി.
കൊച്ചീലെ ഹയർ സെക്കഡറി സ്കൂളിൽ നിന്ന് ടൂറ് പോയ വണ്ടി വീണു. കുറച്ചു കുട്ടികളെ വീതം സെയ്ഫായ വാഹനങ്ങൾ നോക്കി കയറ്റി വിടുകയാണ്, സഹായിക്കാമെങ്കിൽ ഏതെങ്കിലും ഐഡി കൊടുക്കാമോ എന്നായി പോലീസുകാരൻ.
വിസിറ്റിംഗ് കാർഡ് നീട്ടിയത് ,ഒരു കുട്ടിയാണ് വാങ്ങി നോക്കിയത്, പിന്നെ പോലീസിന് കൊടുക്കുമ്പോൾ പ്രതീക്ഷിച്ച ഒരാദരവ് അയാളിൽ പ്രകടമായി. നന്ദി പറയാനും മടിച്ചില്ല.
പുറത്തിറങ്ങി ചാവി പോലീസുകാരൻ്റെ കൈയ്യിൽ കൊടുത്തു.
‘ഞാൻ അങ്ങോട്ട് മാറി നിന്ന് ഒന്നു സ്മോക്ക് ചെയ്തോട്ടെ. ഡിക്കി തുറന്നോളൂ. ലഗേജ് കാണുമല്ലോ ‘
കാറിൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികളെയാണ് അയാൾ കയറ്റുന്നത്. ഫോൺ നമ്പരുകളും വിലാസവുമാകാം കുറിച്ചെടുക്കുന്നുമുണ്ട്.
മറ്റൊരു പോലീസുകാരൻ പിന്നിൽ നിർത്തിയ കാറിലെ ഫാമിലിയോട് സംസാരിക്കുന്നതും കാണാം. ചാറ്റൽ മഴ ഒന്നുറയ്ക്കാൻ തയ്യാറെടുക്കുന്നതു പോലെ.
നിലവിളിച്ച് ആംബുലൻസുകൾ മരണംപോലെ പറക്കുന്നുണ്ട്. പോലീസുകാരൻ തനിക്ക് കിട്ടിയ കാര്യങ്ങൾ ഒരു അധ്യാപകനോട് പറയുന്നത് ആകാം കാണുന്നത് ,അയാൾ അസ്വസ്ഥനാണ്.ഒരു ടീച്ചർ സാരി പിടിച്ചു നേരേ വച്ചും ധൃതി പ്രകടിപ്പിച്ചും എല്ലാം നോക്കുന്നത് താനാണ് എന്ന ഉത്തരവാദിത്വം അഭിനയിച്ച് ഫോണിൽ എന്തൊക്കെയോ പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
സിഗറ്റ് തീരാറായി, അത് വലിച്ചെറിയുമ്പോൾ വീണുപോകുമോ എന്നൊരു വിചാരം കറണ്ടടിച്ചതു പോലെ.
ഫോൺ ബല്ലടിക്കുന്നുണ്ട്. കുട്ടികൾ കാറിൽ നിറഞ്ഞിരിക്കുന്നു. ഇതെടുക്കേണ്ടതാണ്.
‘എവിടായി?’
എന്താ?
ഇവിടെ മൊത്തം ചാനലുകാരാണ്
ഉം
_ ഒരു മൗനം ഫോണുകൾക്കിടയിൽ ..
മഴയുണ്ടോ?
ഉണ്ട്
ഇവിടെയും
മഴയ്ക്കത് ഇഷ്ടമാണ്.പെയ്യട്ടെ
ഡാ
ശരി വിളിക്കാം.
അപ്പുറത്തിങ്ങോട്ട് എന്തോ പറയാനാഞ്ഞതാണ്. വേണ്ട . പോകാം.
ചാറ്റൽ മഴയത്ത് കാറിലേക്ക് നടക്കുമ്പോൾ അപ്പുറത്ത് ജീപ്പിന് അടുത്തുനിന്ന് എസ്ഐ ശ്രദ്ധിക്കുന്നതും .അയാൾ പെട്ടെന്ന് മുന്നോട്ടു വരാൻ ശ്രമിക്കുന്നതും കണ്ടു ,വേണ്ട അത് വേണ്ട, പെട്ടെന്ന് കാറിൽ കയറി വണ്ടി സ്റ്റാർട്ടാക്കി. പോലീസുകാര് നന്ദി പറയുന്നുണ്ട് .കുട്ടികൾ പോകാം അങ്കിൾ എന്ന ഉത്സാഹത്തോടെ …പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു.
മഴ മഴ കാറിനു മുകളിൽ കുറച്ചുകൂടി ശക്തമായി കൈകാലിട്ടടിക്കാൻ തുടങ്ങി.
ഒന്ന് പൊരുത്തപ്പെടാൻ കാത്തിരുന്ന കുട്ടികൾ പതുക്കെ അനങ്ങി തുടങ്ങി .അവർ പരസ്പരം യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് .. കുട്ടികൾ തന്നോടും അടുക്കാൻ ശ്രമിക്കുന്നുണ്ട് ..അവരോട് കളിതമാശകൾ പറയണമെന്നുണ്ട് .ഇപ്പോൾ ,അവർ വിചാരിക്കുന്നുണ്ടാവാം താനൊരു ഗൗരവക്കാരനായ ജാഡക്കാരനാണെന്ന്.
അങ്കിളിന് മക്കളില്ലേ
ഒരുത്തി തലയിൽ ചൊറിഞ്ഞു ചോദിക്കുന്നു.
‘ ഉണ്ട് മോളേ ‘
‘എന്താ പേര്?’
‘മഴ”
അവർ ചിരിച്ചു.
‘എന്ത് ചെയ്യുന്നു’
‘ഇനിയെന്ത് ചെയ്യാൻ ,പെയ്യല്ലേ ‘
അവർ ചിരി നിർത്തീല്ല.
‘ഞങ്ങടെ ടീമാണോ ‘
‘കുറച്ചൂടെ മൂത്തതാ മക്കളേ’
കുട്ടികൾ വിടാനുദ്ദേശമില്ല.
‘എവിടാപ്പോ ‘
‘ പിറകേ വരും .കുറച്ചു കഴിയുമ്പോ ‘
അതവർക്കിഷ്ടപ്പെട്ടു.
‘ചേച്ചിയാണോ, ചേട്ടനോ?’
‘മഴയ്ക്കെന്ത് ജൻഡർ ‘
അവർക്കതും പിടിച്ച മട്ടിൽ ചിരി തന്നെ.
‘അങ്കിൾ പൊളിച്ചു’
‘നിങ്ങക്ക് ചായയോ കോഫിയോ വല്ലോം വേണോ’
കോറസ് പോലെ അവർ ‘ഷവർമ’ എന്നലറി.
കുട്ടികൾ , ചിക്കൻ ചുരണ്ടുന്ന ബംഗാളിക്കു മുമ്പിൽ അക്ഷമരായി നിൽക്കുന്നത് കണ്ട് ഒരു സിഗററ്റ് കൂടി കത്തിച്ചു. അവിടെയാകെ ചെളിവെള്ളം ഒഴുകി നടക്കുന്നു. അപ്പുറത്ത് ബൈക്കുകളിൽ കുറേ ചെറുപ്പക്കാരെ കാണാം. ഒരു കണ്ണു വേണം. സ്കൂളിനുമുമ്പിൽ കുട്ടികളെ കാത്തു നിൽക്കുന്ന വീട്ടുകാർക്കടുത്തെത്തിക്കും വരെ.
കടയിലെ ടി വി യിൽ ന്യൂസ്. അറിയാതെ കണ്ണ് ഒന്നു പാളി, മനസ്സും.
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ട്രാൻസ്ജൻ്റർ ആർട്ടിസ്റ്റ് മഴ ആത്മഹത്യ ചെയ്തു … ശസ്ത്രക്രിയ പിഴവിൽ ഡിപ്രഷനിലായിരുന്നുവെന്ന് എഫ് ബി യിലെ പോസ്റ്റിൽ…. വിവിശദീകരണ ദൃശ്യങ്ങളും വിവരണങ്ങളും …. വാടകഫ്ലാറ്റിൽ തുടർ ചികിത്സക്കും വിശ്രമിക്കാനുമായി മതാപിതാക്കൾക്കൊപ്പമായിരുന്നു., അച്ഛൻ പ്രശസ്തനായ…
വീഴാതിരിക്കാൻ കാറിന് ബോണറ്റിൽ ചാരി നിന്നു.
കടയിൽ നിന്നവർ ചിരിക്കുന്നുണ്ടത്കണ്ട് . ഒരാൾ ചാനൽ മാറ്റി. ജയസൂര്യയുടെ പുതിയ പാട്ട്.
ഫോൺ ബല്ലടിക്കുന്നു. എടുക്കേണ്ടതാണ്.
‘ എത്തിയോ.’
‘ഇല്ല’
‘ ആംബുലൻസ് പുറപ്പെട്ടു’
‘അവൾ’
‘ കൂടെയുണ്ട്. നോർമ്മല്ല ‘
‘അവളത് മാനേജ് ചെയ്യും. എന്നെ കാണാതിരിക്കുന്നത്രയും.. മഴയ്ക്ക് നനയാതിരിക്കാൻ ഞാനവിടെ ചെന്ന് ഒരു പന്തലിട്ടിരിക്കാം.. ഏർപ്പാടു ചെയ്തിട്ടുണ്ട്. കൂട്ടിന് വിചാരിച്ച ആരും കാണില്ലെന്ന് അവളെ ഒന്ന് ഓർമ്മിച്ചേക്ക് ‘
‘ഡാ’
‘ശരി’
കുട്ടികൾ കാറിൽ കയറി
പതുക്കെ കാർ നീങ്ങി. അവർ മൊബൈൽ ഫോണിൽ ആ പാട്ടിനൊത്ത് നൃത്തം ചെയ്തത് പരസ്പരം കാണിച്ചു രസിക്കുന്നുണ്ട്.
‘എൻ്റെ മഴക്കും ജയസൂര്യയെ വല്യ ഇഷ്ടമായിരുന്നു’
വെറുതേ പറഞ്ഞു.
‘ഞങ്ങക്ക് യാഷിനെയാ’ കുട്ടികൾ.
‘ അയാൾ മേരിക്കുട്ടിയായിട്ടില്ലല്ലോ, അത് ജയനല്ലേ ‘
എന്ന് പറയണമെന്നു തോന്നി. കുട്ടികൾ പാട്ടിനൊത്ത് ശരീരമനക്കിക്കൊണ്ടിരുന്നു.
മഴ ശക്തമായി.
ശ്രദ്ധിച്ചോടിക്കണം. ഈ മക്കളെ എത്തിച്ചിട്ടു വേണം മരടിലെ വീട്ടിലെത്താൻ.
littnowmagazine@gmail.com
You must be logged in to post a comment Login