സാഹിത്യം
നിശബ്ദത എന്ന രഹസ്യ താമര
മോചനത്തിന്റെ സുവിശേഷം: നാലാം അധ്യായം
സുരേഷ് നാരായണൻ
1.നിശബ്ദത എന്ന രഹസ്യ താമര
“ദൈവമേ, പുറത്തു മഴ;
അകത്ത് പുരോഹിതന്റെ പ്രസംഗം.
ഞാനെന്തു ചെയ്യും?”
എന്നൊരു പൊട്ടിച്ചിരി നീയെൻറെ
വീഞ്ഞു പാത്രത്തിലേക്കു പകരുന്നു.
തുളുമ്പാതിരിക്കാൻ ഞാൻ ശ്രദ്ധിക്കവേ,
നീ തുടരുന്നു:
‘കേൾവി വളർന്ന് ശ്രദ്ധയാകണം.
കാഴ്ച വളർന്ന് ചിത്രമാകണം
വാക്കു വളർന്ന് വെഞ്ചാമരവുമാകണം’.
രഹസ്യ താമരകൾ പുഷ്പിക്കുന്ന
നിശബ്ദതയുടെ ജലപ്പരപ്പ്:
ധ്യാനത്തിനു മുമ്പിൽ
അതു വീഞ്ഞാണ്;
സ്നേഹത്തിനു മുമ്പിലോ
ക്രൂര വിഷവും.
2.വിഷാദമേ, എവിടെ നിൻ നങ്കൂരം?
പർവ്വതമേ ,
നീ എന്തുകൊണ്ടാണ്
സമതലത്തോടു സംസാരിക്കാത്തത്?!
നിൻറെ മടിയിൽ തലവെച്ചു കിടക്കാൻ വാശിപിടിക്കുന്നു എന്നല്ലാതെ
വേറെയൊരു കുഴപ്പവുമില്ലല്ലോ അതിന്!
പനിച്ചാലും
വിറച്ചാലും
മുള്ളിയാലും
സ്വയം നനഞ്ഞ്
മറ്റുള്ളവരെ ഉറക്കാൻ ശ്രമിക്കുന്ന
നിൻറെ മടിക്കിടക്ക;
അതിൻറെയത്ര ക്ഷമ
വേറെയാർക്കുണ്ട് ?!
പർവ്വതമേ, മതി!
നിൻറെ ചില്ലകളിൽ നിന്നുമെന്നെ
ഇറക്കി വയ്ക്കുക; എനിക്കു വളരണം!
കാറ്റ് എനിക്കു ചിറകുകളാകും.
സമുദ്രം യാനവും.
എന്നെയും കൊത്തിയെടുത്തു കൊണ്ട് ഞാൻ പറക്കും!
3.’അമ്മ’നിയോട്ടിക് ദ്രവം !
പുഴയെ ആത്മാവിൽ വഹിക്കുന്ന
ഒരു മീനുണ്ടായിരുന്നു.
അടിത്തട്ടിലായിരുന്നു അതിൻറെ
കല്ലാശ്രമം.
ഒരു നാൾ,
ചൂണ്ടകൾ വലിയ കെണികളായ് പരിണമിച്ച ഒരു പകൽ
അതിൻറെ ആശ്രമവാടി
തകർക്കാൻ ഒരുമ്പെട്ടു.
അപ്പോൾ
കരയിൽനിന്ന്ഉറച്ചൊരു ശബ്ദം കേട്ടു:
‘നിങ്ങൾ എന്താണീ ചെയ്യുന്നത്?
എൻറെ കൂടെ വരൂ. ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.’
അടച്ചുപിടിച്ച ആ മീൻ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകി.
‘പിതാവേ,
നിൻറെ അദൃശ്യ വലയാകുന്നു ലോകത്തിൽ വച്ചേറ്റവും ഉത്ക്കൃഷ്ടം.
ഒരാജ്ഞയാൽ ഒരായിരം പേരെ
നീ സ്വസ്ഥരാക്കുന്നു!’
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
You must be logged in to post a comment Login