ലേഖനം
തൊണ്ണൂറുകളിലെ പുതുകവിത
കെ.സജീവ് കുമാർ
തൊണ്ണൂറുകൾ മലയാള കവിതയെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. ഒരു വലിയ പ്രസ്ഥാനമായി പടർന്ന് പന്തലിച്ച ആധുനികതയിൽ നിന്ന് വേറിട്ട ഒരു കാവൃഭാവുകത്വം രൂപപ്പെടുത്തി എടുക്കുന്നതിൽ ഏറിയും കുറഞ്ഞുമുള്ള പരിശ്രമങ്ങൾ ഉണ്ടായത് അന്നാണ്.
മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടാതെ ഡോ.അയ്യപ്പപ്പണിക്കരുടെ പത്രാധിപത്യത്തിൽ വർഷം തോറും പ്രസിദ്ധീകരിച്ചിരുന്ന കേരള കവിതയിലും മറ്റ് സമാന്തര പ്രസിദ്ധീകരണങ്ങളിലുമാണ് സ്വാഭാവികമായും പുതു പ്രവണതകൾ പ്രത്യക്ഷമായത്.പുതു കവിതയ്ക്കു വേണ്ട പ്രതലമൊരുക്കുന്നതിൽ നിതാന്ത ജാഗ്രത പുലർത്തിയ കവിയായിരുന്നു അയ്യപ്പപ്പണിക്കർ. കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ സ്ഥലങ്ങളിലായി നടന്ന കേരള കവിതയുടെ പ്രകാശന വേദികളും അവിടെ നടന്ന കവിതയെ സംബന്ധിച്ച വലിയ സംവാദങ്ങളും അതിനു തെളിവാണ്.
കവിതയ്ക്കു വേണ്ടി മാത്രമുണ്ടായ സമകാലീന കവിത, യരലവ, തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ശ്ലോകം, പാഠഭേദം, അന്വേഷണം, ഇന്ന്, കവിതാസംഗമം, തുടങ്ങി ഒട്ടേറെ സമാന്തര പ്രസിദ്ധീകരണങ്ങളും ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചു.നാടെമ്പാടുമുണ്ടായിരുന്ന കവിയരങ്ങുകളും അയ്യപ്പപ്പണിക്കരുടെ തന്നെ നേതൃത്വത്തിലുണ്ടായിരുന്ന സംക്രമണവും ഡോ.എം.രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പരിധിയും രാജുവിൻ്റെ മുൻ കയ്യിലുള്ള എഴുത്തകവും പോലെ കേരളമൊട്ടുക്കുണ്ടായിരുന്ന ചർച്ചാ സദസുകളും നവ ഭാവുകത്വത്തിനായി തലപുകച്ചു. അവിടെയെല്ലാം ആധുനികതയിൽ നിന്ന് വ്യത്യസ്തമായി കവിതയെഴുതിയിരുന്ന നൂറു കണക്കിന് കവികളും നിരൂപകരും സജീവമായി.
കളർകോടു വാസുദേവൻ നായരെപ്പോലുള്ള മുതിർന്ന പണ്ഡിതന്മാരും ഡോ.സി.ആർ.പ്രസാദ്, ഡോ.ആർ.സുരേഷ്, തുടങ്ങിയ പുത്തൻ നിരൂപകരും സജീവമായി.പ്രൊ.മീരാക്കുട്ടി, സച്ചിദാനന്ദൻ, എം.കെ.ഹരികുമാർ, ബാലചന്ദ്രൻ വടക്കേടത്ത്, ഷൺമുഖൻപുലാപ്പറ്റ, ഇ.പി.രാജഗോപാലൻ തുടങ്ങിയവരുടെ ലേഖനങ്ങളിൽ അതിൻ്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഡോ.സി.ആർ. പ്രസാദാകട്ടെ പ്രശസ്തരും അപ്രശസ്തരുമായ കവികളുടെ കവിതകളിലെ പുത്തൻ പ്രവണതകൾ കൃത്യമായി നിരീക്ഷിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മലയാള കവിത ആധുനികാനന്തരം, ഹരിതദർശനം ആധുനികാനന്തര കവിതയിൽ എന്നീ പുസ്തകങ്ങൾ തൊണ്ണൂറുകളിലെ കവിതയെ ശക്തമായി അടയാളപ്പെടുത്തുന്നതാണ്.
കേരളകവിതയുടേയും സമകാലീന കവിതയുടേയും യരലവ യുടേയും പഴയ ലക്കങ്ങൾ പരിശോധിച്ചാൽ ഇത് ആർക്കും ബോധ്യമാകും.പുതിയൊരു കാവ്യഭാവുകത്വം രൂപപ്പെടുത്തി എടുക്കുന്നതിൽ ഇതൊക്കെ വഹിച്ച വലിയ പങ്ക് ഇതിൽ നിന്നും വ്യക്തമാകുന്നതാണ്. സാവിത്രി രാജീവൻ്റെ ‘ചരിവും’ രാഘവൻ അത്തോളിയുടെ ‘കണ്ടത്തി’ യും മുതിർന്ന കവികളായ കുരീപ്പുഴ ശ്രീകുമാറിൻ്റെ ‘കീഴാള’ നും ഡി.വിനയചന്ദ്രൻ്റെ ‘ കാടും’ കെ.എ.ജയശീലൻ്റെതടക്കം ഒട്ടേറെ കവിതകൾ ഇവിടെ സജീവമായിരുന്നു.ഇന്ദ്രബാബുവിൻ്റെയും ഗിരീഷ് പുലിയൂരിൻ്റെയും കവിതകൾ പാരമ്പര്യത്തിൻ്റെ മെയ് വഴക്കത്തോടെ ഇവിടെ സഞ്ചരിച്ചിരുന്നു.
തൊണ്ണൂറുകളിൽ കവിതയിലുണ്ടായ ഭാവുകത്വ വ്യതിയാനത്തിന് ഒരു രാഷ്ട്രീയ പശ്ചാത്തലം കൂടിയുണ്ട്. വളരെ കാലുഷ്യമുള്ള, വളരെ സ്ഫോടനാത്മകമായിട്ടുള്ള സാമൂഹ്യ ചലനങ്ങൾ ഉണ്ടായ കാലം കൂടിയാണ് തൊണ്ണൂറുകൾ. പ്രധാനമായും രണ്ടു കാര്യങ്ങൾ ഇവിടെ ചൂണ്ടിക്കാണിക്കാം. ഒന്നാമത്തേത് ഗാട്ടു കരാറിനു ശേഷം അന്തർദേശീയമായിത്തന്നെയുണ്ടായ സാമ്പത്തിക രംഗങ്ങളുടെ അപരിചിതമായ ഒരു ബന്ധവും തുടർന്നുണ്ടായ ആഗോള വിപണിയുടെ സാമീപ്യവും.രണ്ട്, അതിനെക്കാളും വ്യാപകമായത്.അതുവരെയും ചിന്തിക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം. ഇത്ര സ്ഫോടനാത്മകമായിട്ടുള്ള ഒരു കാലത്ത് നിൽക്കുമ്പോൾ കവിതയും ഭാവുകത്വവും അതിനനുസരിച്ച് മാറിയേ മതിയാവൂ.
പുതു കവിതയുടെ ബഹുസ്വരമായ ആഖ്യാന തലങ്ങൾ രൂപപ്പെടുത്തിയ കവിതകൾ തൊണ്ണൂറുകളിൽ എഴുതപ്പെട്ടു. പാരഡിയും പാസ്റ്റിഷും അപനിർമ്മാണവും മിശ്രഭാഷയും സൈബർ അനുഭവങ്ങളും ഗണിത യുക്തികളുമൊക്കെ ഇടകലർന്ന കാവ്യ വിചാരങ്ങൾ ഉൾക്കൊള്ളുന്ന രചനകൾ ഇവിടെയുണ്ടായി.
എൽ.തോമസ്കുട്ടിയുടെ വ്യത്യസ്തവും പ്രഹരശേഷിയുള്ളതുമായ രചനാരീതി പുതു കവിതയുടെ ദിശ മാറ്റാൻ പ്രേരണയായി.തോമസ്കുട്ടിയുടെ ‘സി.വി.വിജയം'(1993) എന്ന കവിതയിലെ സി.വി. എന്ന ചുരുക്കെഴുത്ത് വിടർത്തിയിട്ട വിതാനം സൈബർ സത്തയിൽ നിന്നും രൂപമെടുക്കുന്നതാണ്. ചരിത്ര ,സാമൂഹിക, രാഷ്ട്രീയ, സാഹിത്യ, സദാചാര നിർമ്മിതികളെയെല്ലാം ഓർമ്മപ്പെടുത്തി കടന്നു പോകുന്ന ഈ കവിത സൈബർ അനുഭവത്തെ ആദ്യമായി മലയാള കവിതയിലെത്തിച്ചു. സി.വി.മീൻസ് കമ്പ്യൂട്ടർ വൈറസ് എന്ന് അയാൾ അന്നെഴുതി. ‘ജ്ഞാനമുത്തുമാല’ ( 1994) എന്ന കവിതയിൽIOIO എന്നിങ്ങനെ ഇൻ ,ഔട്ട് നാളികളിലൂടെ ഹാർഡ് വെയർ സാങ്കേതികത മലയാള കവിതയിലെത്തി.
പാരഡിയുടേയും പാസ്റ്റിഷിൻ്റെയും രചനാ തന്ത്രം വളരെ ഫലപ്രദമായി എ.സി. ശ്രീഹരിയുടെ കവിതകളിൽ ഉപയോഗിച്ചിട്ടുണ്ട്.( വായനാവികൃതി, എവിടെ ലോൺ?) സി.എസ്.ജയചന്ദ്രൻ്റെ’ ഡാർവിൻ രണ്ടാമൻ്റെ തീസിസ്’ (1998) എന്ന കവിതയും ഇത്തരത്തിൽ എഴുതപ്പെട്ടതാണ്. പാരഡിയുടേയും പാസ്റ്റിഷിൻ്റെയും രചനാ സ്വഭാവമുള്ള കവിതകൾ ഞാനും എഴുതിയിട്ടുണ്ട്.(ദൈമീപരിണയം (1998), ഫൂക്കോയുടെ വാൾ(1999). ടി.കെ.സന്തോഷ് കുമാറിൻ്റെയും(ഒരു പെൺകുട്ടി പോസ്റ്റ് ചെയ്ത പോസ്റ്റ് മോഡേൺ കവിതകൾ (1998), ജയൻ കെ.സി.യുടെയും(wwwതാമര.com (1999) കവിതകളും പാരഡിയുടേയും സൈബർ അനുഭവങ്ങളുടേയും സൂക്ഷ്മാഖ്യാനങ്ങളാണ്.
സാജോ പനയംകോട്, ഷാജി ഷൺമുഖം ,രാധാകൃഷ്ണൻ പെരുമ്പള, തുടങ്ങിയവരുടെ കവിതകൾ വ്യത്യസ്ത വഴികളിൽ സഞ്ചരിച്ചതും ഇക്കാലത്താണ്. ദളിതനുഭവങ്ങളുടെ വ്യത്യസ്ത പ്രമേയങ്ങളുമായി എം.ആർ.രേണുകുമാറും എം.ബി.മനോജും ശിവദാസ് പുറമേരിയും ബിനു എം പള്ളിപ്പാടും അംബിദാസ് കാരേറ്റും ഇവിടെ സ്ഥാനമുറപ്പിച്ചിരുന്നു.
പി. വൈ. ബാലൻ്റെയും സുബ്രഹ്മണ്യദാസിൻ്റെയും സെബാസ്റ്റ്യൻ്റെയും മനോജ് കുറൂറിൻ്റെയും മാങ്ങാട് രത്നാകരൻ്റെയും പി.എ.നാസിമുദീൻ്റെയും കുഴൂർ വിത്സൻ്റെയും പി.എൻ.ഗോപീകൃഷ്ണൻ്റെയും സച്ചിദാനന്ദൻ പുഴങ്കരയുടേയും രാജുവള്ളിക്കുന്നത്തിൻ്റെയും സുരേഷ് നൂറനാടിൻ്റെയും എം.എസ്.ബനേഷിൻ്റെയും ഷിറാസ് അലിയുടേയും നാസർ കൂടാളിയുടേയും കെ.രാജഗോപാലിൻ്റെയും ആശാലതയുടേയും കവിത ബാലകൃഷ്ണൻ്റെയും കണിമോളുടേയും ശ്രീദേവി എസ് കർത്തയുടേയും മ്യൂസ് മേരിയുടേയും ബിജു കാഞ്ഞങ്ങാടിൻ്റെയും മോഹനകൃഷ്ണൻ കാലടിയുടേയും മധു ആലപ്പടമ്പിൻ്റെയും രാജൻ കൈലാസിൻ്റെയും ശാന്തൻ്റെയും കാവ്യധാരയും സചേതനമായിരുന്നു.
കവിതയുടെ രൂപപരമായ പരീക്ഷണങ്ങൾക്കപ്പുറം കവിതയെ ആത്മാർത്ഥമായി സമീപിച്ചു കൊണ്ട് പുതുവഴി കണ്ടെത്താൻ ശ്രമിച്ചവരാണ് ശ്രീകുമാർ കരിയാടും എസ്.കണ്ണനും.വിനോദ് വൈശാഖി, അസീം താന്നിമൂട്, ബി.എസ്.രാജീവ്, ചായം ധർമ്മരാജൻ, കൊന്നമൂട് വിജു, കെ.എസ്.അജിത്, ലാൽ രഞ്ചൻ എന്നിവർ ഒറ്റയൊറ്റ തുരുത്തുകളായി നിന്ന് കവിതയെ സമീപിച്ചവരാണ്.പ്രസാദിൻ്റെ ‘മണ്ണെഴുത്തു’കളും പുതുവഴിയെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു.’ ആഴം’ അവതരിപ്പിച്ചതിലൂടെ നിശ്ശബ്ദ ഭാഷണത്തിൻ്റെ കരുത്ത് മലയാള കവിതയിൽ ആർ.മനോജ് ഉറപ്പിച്ചെടുത്തു.
കല്ലുവെട്ടു തൊഴിലാളിയായ സാംബശിവൻ മുത്താനയുടെ അനുഭവ ഭാഷ ദളിത ജീവിതത്തിൻ്റെ നേർ ചിത്രമായി. ഇവരൊക്കെ അക്കാല കവികളിൽ ചിലർ മാത്രം. ഇതിലും എത്രയോ അധികം പേരാണ് പുതിയ സെൻസിബിലിറ്റിയുടെ അണിയറയിലുള്ളത്.നിർഭാഗ്യവശാൽ അവയെ തമസ്കരിക്കാനും സ്വയം സ്ഥാപിച്ചെടുക്കാനും ഒരു കോക്കസ് നടത്തിയ ശ്രമങ്ങളാണ് തൊണ്ണൂറുകളിലെ പുതു കവിതയിൽ കണ്ടത്.
പൂർവാധുനികവും കാല്പനികവും ആധുനികവുമായ കാവ്യപാരമ്പര്യങ്ങളെ പിന്തുടരുന്ന പി.പി.രാമചന്ദ്രൻ ,റഫീക്ക് അഹമ്മദ്, അൻവർ അലി, ടി.പി.രാജീവൻ, എസ്.ജോസഫ്, അനിതാ തമ്പി, കെ.ആർ.ടോണി എന്നിവരെയൊക്കെയാണ് പുതുകവികളായി ഇവിടെ ഉയർത്തിക്കൊണ്ടു വന്നത്.പി.പി.രാമചന്ദ്രൻ്റെ മാമ്പഴക്കാലം (1993), പട്ടാമ്പിപ്പുഴമണലിൽ(1998), ലോപസന്ധി,(1995) എന്നീ കവിതകളും റഫീക്ക് അഹമ്മദിൻ്റെ ആനമയിലൊട്ടകം(1997), കഴുതയും കമ്പ്യൂട്ടറും(1997), പാറയിൽ പണിഞ്ഞത് (1998) എന്നീ കവിതകളും നോക്കുക. ഇതൊക്കെ തൊണ്ണൂറുകളിൽ എഴുതപ്പെട്ടതാണ്.പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് ഈ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടെന്നു മാത്രമല്ല പാരമ്പര്യവഴിയിൽ ചിന്തിക്കുമ്പോൾ കുഴപ്പമില്ലാത്ത കവിതകളുമാണവ. പക്ഷേ, പുതിയ കാലത്തിൻ്റെ പ്രശ്നങ്ങളെയോ ജീവിതാവസ്ഥകളെയോ ആവിഷ്കരിക്കാൻ ഇവർ സ്വീകരിച്ചിരിക്കുന്ന ഭാഷയും ആഖ്യാന രീതികളും നോക്കുക.പാരമ്പര്യത്തിൻ്റെ നടപ്പു വഴികളിലൂടെ സഞ്ചരിക്കുന്ന കവിതയ്ക്ക് പുതുകാലത്തെ അഭിസംബോധന ചെയ്യാൻ എങ്ങനെയാണ് കഴിയുക?
തൊണ്ണൂറുകളുടെ അവസാനത്തിൽ എഴുതപ്പെട്ട അൻവർ അലിയുടെ ‘ആര്യാവർത്തത്തിൽ ഒരു യക്ഷൻ’ എന്ന കവിതയിൽ പോലും ഉപയോഗിച്ചിരിക്കുന്ന ബിംബ കല്പനകൾ നോക്കുക:
“കാറ്റുകളിക്കാർമുകിലെ
പാതിരയറയിലടച്ചുകടത്തി?
അർക്കനകാലത്തിലറുക്കും
പുലരിയിറച്ചി”
ഈ വിധമുള്ള ബിംബകല്പനകൾ തൊണ്ണൂറുകളുടെ ആദ്യ പാദത്തിൽ പോലും മലയാള കവിതയിൽ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞതാണ്.
‘ ഏകാന്തതയുടെ അമ്പതു വർഷങ്ങൾ’ (1997) എന്ന കവിത ആധുനികതയുടെ സർവ ലക്ഷണങ്ങളും തികഞ്ഞ സ്ഥൂല രചനയാണ്. എന്നാൽ ഈ കവിത ഉത്തരാധുനിക കവിതയുടെ മികച്ച ദൃഷ്ടാന്തമായിട്ടാണ് പലരും വിലയിരുത്തിയിട്ടുള്ളത്. ആധുനികതയും ഉത്തരാധുനികതയും തമ്മിലുള്ള വീക്ഷണ സംബന്ധിയായ വ്യതിയാനങ്ങൾ തിരിച്ചറിയാത്തവരുടെ വികല വാദങ്ങളായിട്ടാണ് അതിനെ കാണേണ്ടത്.
തൊണ്ണൂറുകളിലെഴുതപ്പെട്ട എസ്. ജോസഫിൻ്റെ കവിതകളിലും ആധുനികതയുടെ ക്ലീഷേ ബാധിച്ച കല്പനകൾ യഥേഷ്ടം കടന്നു വരുന്നുണ്ട്. “പുളളിപ്പുലിയുടെ കുട്ടികൾ പോൽ വെയിൽ തുള്ളിക്കളിച്ചു തിമർക്കും പുലരി ” എന്നും “മിഴികളാൽ കുത്തിവരയ്ക്കണം മാനത്തൊരു കടുവയെ” എന്നുമുള്ള അതികവിതാ ബിംബങ്ങൾ വായിക്കുമ്പോൾ സച്ചിദാനന്ദനെയും” എപ്പൊഴും എവിടെയോ ഒരുവൾ നിർത്താതെ പാടുന്നുണ്ട്” എന്ന് വായിക്കുമ്പോൾ ഡി.വിനയചന്ദ്രനെയുമാണ് ഓർമ്മ വരുന്നത്.
അനിത തമ്പിയുടെ കാര്യം ഇതിലും ദയനീയമാണ്. 1997ൽ എഴുതിയ ‘ഉച്ച’ എന്ന കവിത നോക്കുക.’ മദ്യപിച്ച് ചിരിച്ച് കരയുന്ന ഉറ്റ ചങ്ങാതിയായ തെമ്മാടിയെപ്പോലെ നട്ടുച്ച” എന്നൊക്കെയുള്ള പളുങ്ക് കല്പനകളിലായിരുന്നു അനിത തമ്പിക്ക് അപ്പോഴും പ്രിയം. ” പെണ്ണേ എനിക്കുയിർ വെന്തു നീറുന്നു ” എന്ന് ഇതേ കവിതയിൽ വായിക്കുമ്പോൾ ആ നീറ്റൽ കടമ്മനിട്ടയൊക്കെ കവിതയിൽ മുമ്പ് അനുഭവിച്ച ആധുനികതയുടെ നീറ്റലും” എനിക്കു പേടിക്കുന്നൂ ലോകമേ നിന്നിൽ പെട്ടു പനിച്ച് ഞാനും നീയും തമ്മിലെന്ത് “(കേകയിൽ ഒരു തീവണ്ടി(1998)) എന്ന് പനിക്കുമ്പോൾ അത് മുമ്പ് സച്ചിദാനന്ദന് പനിച്ചതാണെന്നും നമുക്ക് മനസ്സിലാകും.തൊണ്ണൂറുകളിൽ പുതു കവിത ബഹുദൂരം മുന്നോട്ടു പോയ ഒരു ഘട്ടത്തിലാണ് ഇത്തരത്തിലുള്ള കവിതകൾ ഇവിടെ വാഴ്ത്തപ്പെട്ടതെന്ന് നാം മറക്കരുത്.
പുതു കവിതയുടെ തെറ്റായ ചരിത്ര നിർമ്മിതിയാണ് തൊണ്ണൂറുകളിലെ കവിതയിൽ സംഭവിച്ചിരിക്കുന്നത്. ആധുനികവും പൂർവാധുനികവും കാല്പനികവുമായ എല്ലാത്തരം കാവ്യപാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന കാവ്യ നിർമ്മിതികളാണ് ഉത്തരാധുനിക കവിതകളെന്ന പേരിൽ ഇവിടെ വിശകലനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് പി.പി.രാമചന്ദ്രനും റഫീക്ക് അഹമ്മദും ടി.പി.രാജീവനും അൻവർ അലിയും എസ്.ജോസഫും ഉൾപ്പെട്ട കവികൾ ഇവിടെ ഉത്തരാധുനിക കവികളായി വാഴ്ത്തപ്പെട്ടത്. അങ്ങനെയെങ്കിൽ ഇതിൽ നിന്നെല്ലാം വേറിട്ട എന്ത് ഐഡൻ്റിറ്റിയാണ് ഉത്തരാധുനിക കവിതയ്ക്ക് അവകാശപ്പെടാൻ കഴിയുന്നത്?
തൊണ്ണൂറുകളിലെ പുതു കവിതകളായി വാഴ്ത്തപ്പെട്ട ഇവരുടെ കവിതകൾ മുപ്പതു വർഷങ്ങൾക്കു ശേഷം വായിക്കുന്ന ഒരു ചെറുപ്പക്കാരൻ ഇതിൽ എന്ത് പുതുമയാണ് നിങ്ങൾ സൃഷ്ടിച്ചത് ? എന്ന് ചോദിച്ചാൽ തീർച്ചയായും അതിന് ഉത്തരം പറയാൻ ഇവർ ബാധ്യസ്തരാണ്. ഈ അടുത്തകാലത്ത് ക്ലബ് ഹൗസിൽ നടന്ന ഒരു ചർച്ചയിൽ ഡോ.പി.ശിവപ്രസാദ് എന്ന യുവനിരൂപകൻ ഇവരുടെ കവിതകൾ ഉയർത്തിക്കാട്ടി ഈ ചോദ്യം ചോദിക്കുന്നത് ഞാൻ കേട്ടു.
തൊണ്ണൂറുകളിലെ പുതു കവിതയെ ഈ വിധം തെറ്റായ ദിശയിലേയ്ക്ക് നയിച്ചതിൽ സച്ചിദാനന്ദനും ആറ്റൂരിനും വളരെ വലിയ പങ്കാണുള്ളത്. ആറ്റൂർ എഡിറ്റു ചെയ്ത ‘പുതുമൊഴിവഴികൾ’ എന്ന പുസ്തകവും ആധുനികാനന്തര കവിതയെ വിലയിരുത്തിക്കൊണ്ട് സച്ചിദാനന്ദൻ എഴുതിയ ഒന്നിലധികം ലേഖനങ്ങളും അതിനു തെളിവാണ്. അവരുടെ കാവ്യ വഴികളിലൂടെ അനുസരണയോടെ പിന്തുടരുന്ന പിൻഗാമികളെയായിരുന്നു അവർക്കാവശ്യം.പുതു കവിതയിലെ ഏറ്റവും ഊർജസ്വലമായ പരീക്ഷണങ്ങളായിരുന്നില്ല.
പുതു കവിതയെ നശിപ്പിച്ച് വെണ്ണീറാക്കിയതിൽ കെ.സി.നാരായണനും (മറ്റു ചില വിലനിലവാരസൂചികാ മാനേജർമാരുമുണ്ട്)അയാളുടെ ഗൂഢസംഘങ്ങൾക്കും ഭാഷാപോഷിണിക്കും പങ്കുണ്ട്. അനുചര സംഘത്തിൽപ്പെടാത്ത പുതു കവികളുടെ കവിതകൾക്ക് ഒരു പ്രാധാന്യവും ശ്രദ്ധയും അവർ നൽകിയില്ല. മാത്രമല്ല പുതു സൗന്ദര്യ വിചാരങ്ങളോട് മുഖം തിരിഞ്ഞു നിൽക്കാൻ പ്രേരിപ്പിക്കുന്ന തലത്തിൽ സാഹിത്യ വിചാരങ്ങൾക്ക് അവർ foreground നിർമ്മിക്കുകയും ചെയ്തു.
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
Milan Tom
October 3, 2021 at 11:59 am
Kollaam