Connect with us

സാഹിത്യം

താണുയരുന്ന ചലനം

Published

on

ആർ.പി.ശിവകുമാർ

ചലനത്തിനുള്ള വേവലാതികളെ പല രൂപത്തിൽ പ്രകടമാക്കുകയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്ന ഒരു തലം അസീം താന്നിമൂടിന്റെ കവിതകളിൽ കാണാം.സ്ഥാവരമായ ഒരു അവസ്ഥയിൽനിന്ന് ജംഗമമായ മറ്റൊരവസ്ഥയിലേക്ക് പരിണമിക്കാനുള്ള പിടച്ചിലിനെ അനുസ്മരിപ്പിക്കുന്നതാണ് അതിന്റെ ആദ്യത്തെ തലം.

സ്ഥലപരമെന്നോ തിരച്ഛീനമെന്നോ വിളിക്കാവുന്ന അവസ്ഥയാണത്. ‘പിന്നിലേറ്റ കൊടിയ പ്രഹരത്തിന്റെ നോവിൽ എല്ലാ ചെറുപ്പുകളും കുതറി കുതിക്കുന്ന പന്തിന്റെ ഊക്കായി’ ‘ഗോൾ’ എന്ന കവിതയിൽ പ്രത്യക്ഷമാവുന്നത് ആ ചലനവേഗമാണ്.‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കവിതാസമാഹാരത്തിന്റെ മുഖവുരയിൽ കവിതയ്ക്കുള്ള പ്രേരണയെ പുഴയുടെ ഒരു രൂപകത്തിലേക്ക് പകർത്തിവച്ചുകൊണ്ട് അതിന്റെ ഒഴുക്ക്, കരകവിയൽ, വറ്റിപോകൽ എന്നീ ഭാവങ്ങളെ കവി ഭാവന ചെയ്യുമ്പോൾ കാലസഞ്ചാരത്തിന്റെ ഉപപത്തികളും വെളിപ്പെടുന്നു.പുഴയുടെ മൂന്നു ഭാവങ്ങളും ഒരേ സ്ഥലത്തിൽ സംഭവിക്കുന്നതാണെങ്കിലും ഏകകാലത്തിലുള്ള പരിണാമമല്ല. അതുകൊണ്ട് അതിനുള്ളത് ലംബമാനമായ ചലനസ്വഭാവമാണെന്ന് പറഞ്ഞാലും ശരിയാണ്.

‘ആഴം എന്നെ നോക്കി വാ പിളർത്തുമെന്നും അകലം എന്റെ നിശ്ചലതയെ ചൂണ്ടി പരിഹസിക്കുമെന്നും’ പറഞ്ഞുകൊണ്ട് ‘അതുമാത്രം മതി’യെന്ന കവിത രണ്ടു തരത്തിലുമുള്ള ചലനങ്ങളോടുള്ള ഭയത്തെ പ്രകടമാക്കിയിട്ടുണ്ട്.ഈ ഭയത്തെ മറ്റൊരു തരത്തിൽ,ചലിക്കുന്ന സ്ഥാവരങ്ങളുടെ രൂപത്തിൽ കവിതകളിൽ കാണാം.പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുകയും കാലു വയ്ക്കാനായുമ്പോൾ കാണാതാവുകയും ചെയ്യുന്ന വിചിത്രസ്വഭാവികളായ പടവുകളെ ‘അധികപേടി’യിൽ കാണാം. വഴുക്കലോടെ എപ്പോഴും കൂടെപ്പോരുന്ന രണ്ടു പടവുകൾ ആ കവിതയിലെ അസ്വാഭാവികമായ പ്രതീതിയാഥാർത്ഥ്യമാണ്.ഇതിനു സമാനമായ ഒരു കാഴ്ച ‘താണു നിവരുന്ന കുന്നിലു’മുണ്ട്. ഉരുട്ടികേറ്റുന്ന കല്ല് താഴേയ്ക്കു ഉരുളുന്നതിനനുസരിച്ച് താഴുകയും ഉയരുകയും ചെയ്യുന്ന കുന്നിന്റെ ചലനസ്വഭാവം പ്രത്യേകതയുള്ളതാണ്.സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളിലേതിനു തുല്യമായ ഭ്രമക്കാഴ്ചകളിലൊന്നാണ് സ്ഥലരാശിയുടെ ഇത്തരത്തിലുള്ള ദ്രവമാനം.സകലതും മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരാധുനിക (ഉച്ച-ആധുനിക) സമൂഹത്തിന്റെ പ്രത്യേകതകൾ വിശദമാക്കാൻ സിഗ്മണ്ട് ബോമാനും (ലിക്വിഡ് മോഡേണിറ്റി) ഉംബെർട്ടോ എക്കോയും (ലിക്വിഡ് സൊസൈറ്റി) ഈ സങ്കല്പത്തെ ഉപയോഗിച്ചിട്ടുണ്ട്.അരക്ഷിതമായ മാനസികഭാവത്തിന്റെ പ്രത്യക്ഷീകരണമാണ് അസീമിന്റെ കവിതകളിൽ പ്രത്യക്ഷമാകുന്ന സ്ഥലത്തിന്റെ അനിശ്ചിതമായ അവസ്ഥ.

‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ലെ ഭൂരിഭാഗം കവിതകളും ഒരുതരം നിശ്ചലജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ്. വിത്തിനുള്ള ധ്വന്യാത്മകതയും സംഗ്രഹണത്വവും അന്തർമുഖതയും പുറംതോടിന്റെ സുരക്ഷിതത്വവും മരത്തിനില്ലെന്ന തിരിച്ചറിവാണല്ലോ മരത്തെ തിരിച്ചു വിളിക്കാൻ വിത്തിനെ പ്രലോഭിപ്പിക്കുന്നത്.മരവിത്തുകൾക്ക് (ബീജാങ്കുരങ്ങൾക്ക്) ഉരുണ്ടും പറന്നും മുങ്ങിയും അകലങ്ങളെയും ആഴങ്ങളെയും കൈയാളാൻ കഴിയുന്ന സ്വേച്ഛാചാരിത്വമുണ്ടെന്ന വസ്തുതയെക്കൂടി ഈ ശീർഷകം ഉള്ളടക്കുന്നു.എങ്കിലും വെമ്പിക്കുതിക്കാനുള്ള ആഗ്രഹം ദിവാസ്വപ്നമായി അനുഭവിച്ചുകൊണ്ടും അതിനെ റദ്ദ് ചെയ്തുകൊണ്ടും നിലവിലുള്ള അവസ്ഥയിൽ ചടഞ്ഞുകൂടുക എന്ന ഭാവമാണവയുടെ സ്ഥായി.‘കിളിർക്കാനുള്ള മിടിപ്പും കുതിക്കാനുള്ള വീർപ്പും’ വേണം എന്നാൽ അവ മാത്രം മതിയെന്ന്’ നേരത്തെ സൂചിപ്പിച്ച ‘അതുമാത്രം മതി’യെന്ന കവിതയിലെ ശക്തമായ ഒരു തീർപ്പാണ്.

ഇത് അസീമിന്റെ കവിതകളിലെ സ്ഥിരമായ നിലപാടാണ്.‘കൊടിനാട്ടൽ’ എന്ന കവിതയിൽ ‘കൊടുമുടിയുടെ ഉച്ചിയിൽ നാട്ടാൻ പോകുന്ന കൊടിയിൽ തന്നെ പ്രതിഫലിച്ചു കണ്ടുകൊണ്ട് കവി ‘ഊളിയിട്ടാഴ്ന്നു ചെന്നിട്ട് ഗിരിശൃംഗത്തിന്റെ നെറുകയിൽ ശിരസ്സൂന്നാനും കാലുകൾ കൊടിയാക്കി ചുഴറ്റിപ്പാറിക്കാനും’ മാത്രമാണ് കൊതിക്കുന്നത്.നിശ്ചലതയെയും ചലനത്തെയും സമീകരിച്ച് പ്രഖ്യാപിക്കുന്ന ഈ രൂപകത്തെ അസീമിന്റെ കവിതകളുടെ കേന്ദ്രസ്ഥാനത്തു നിർത്താമെന്നു തോന്നുന്നു.ഏറെ ആഴത്തിൽ വേരാഴ്ത്തുന്ന മരം (മരുഭൂമിയിലെ ഉറവ) കൈപ്പത്തി രണ്ടും ചീന്തിപ്പോയൊരു നാട്യക്കാരി നൃത്തം ചെയ്യാൻ വീർപ്പോടെ ഉയിർക്കുന്ന ആവേശം(അപൂർണ്ണം)എന്നെല്ലാം മറ്റു കവിതകളിൽ ഇതേ സ്വാത്മനിലയെ വ്യത്യസ്തസാഹചര്യങ്ങളിലായി കവി ആവർത്തിച്ചിട്ടുമുണ്ട്.

വീട്, കുന്ന്, സ്കൂൾ, ശില്പം, ചിത്രം, ശില, ഭൂമി, കാട്, വേര് എന്നിങ്ങനെയുള്ള സ്ഥാവരങ്ങളുടെ നീണ്ട നിര അസീമിന്റെ കവിതകളിലെ ഉറച്ചിരിക്കുന്ന സ്ഥലത്തെയും വാഹനം, കാറ്റ്, പക്ഷി, വേനൽ, വെളിച്ചം, രാത്രി, നിലാവ്, ഒച്ച തുടങ്ങിയുള്ള നിശ്ചലതയെ പലനിലയ്ക്ക് അതിജീവിക്കാൻ കഴിയുന്ന ചരവസ്തുക്കളുടെ പ്രതീകങ്ങൾ മാനസികാവേഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.കടൽ,പുഴ,കൊടി,മരം,ചെടി, വിത്ത് എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ ഈ രണ്ടു വിഭാഗങ്ങളുടെയും സ്വഭാവം സ്വീകരിച്ച ബിംബങ്ങളും കവിതയുടെ സംഘർഷഭൂമികയിൽ വരിചേരുന്നുണ്ട്. തകർന്ന ബ്രേക്ക്, കൃത്യതയില്ലാത്ത ആക്സിലേറ്റർ,ഏതിലാണ് കാലെന്നതിലുള്ള അവ്യക്തത,ലഹരി പെരുകി ബോധമില്ലാതായ ഡ്രൈവർ – ഇവ ചേർന്ന സംയുക്തത്തെ അസീം വിളിക്കുന്നത് ‘മനസ്സ്’ (അതേ പേരുള്ള കവിത)എന്നാണ്.ഇരപ്പും കുതിപ്പും തുടിപ്പും യാഥാർത്ഥ്യമാണെന്നതുപോലെ തിരിച്ചു പോക്കും ഉറച്ചിരിപ്പും കൂടുതൽ യാഥാർത്ഥ്യമാണ്.

എന്തുകൊണ്ട് ഇത്തരമൊരു ചടഞ്ഞുകൂടൽ എന്നതിന് കൂടുതൽ വിശദീകരണങ്ങളൊന്നും കവിതകൾ പങ്കു വയ്ക്കാൻ ശ്രമിച്ചു കാണുന്നില്ല.വളരെ അപൂർവമായി മാത്രം കവിതകൾ സമൂഹത്തിന്റെ കാപട്യത്തെയോ(ദുരന്തം, വൈഭവം) പ്രായോഗികതയെയോ(തിടുക്കം) നിസ്സംഗതയെയോ (ഒറ്റക്കാലിൽ നില്പ്) വിമർശനാത്മകമായി – അതും നേർത്ത സ്വരത്തിൽ – സമീപിക്കാൻ ബദ്ധപ്പെടുന്നുള്ളൂ. സാമൂഹികമായ സമ്മർദ്ദങ്ങളും പ്രതിലോമതകളും ഏൽപ്പിക്കുന്ന ആഘാതത്തെപ്പറ്റിയുള്ള നിശ്ശബ്ദതപോലും പിന്മടങ്ങാനുള്ള അതിശക്തമായ പ്രേരണയ്ക്കുള്ള സാധൂകരണമായി മാറുകയാണ് ഇവിടെ.

ബിംബവിന്യാസങ്ങളുടെ ചില സൂക്ഷ്മതകളിലൂടെ ചലനം എന്ന പ്രക്രിയയെ കവിതകൾ ഉള്ളടക്കുന്ന രീതികൾ ശ്രദ്ധിച്ചാൽ പാരമ്പര്യവും സമകാലികവുമായ കാവ്യമാർഗങ്ങളിൽനിന്ന് ഈ കവിതകൾ നേടാൻ ആഗ്രഹിക്കുന്ന വിടുതലുകളെ അടുത്തു കാണാൻ കഴിയുമെന്നു തോന്നുന്നു.സ്വാസ്ഥ്യം,ഏറെ എന്നീ രണ്ടു കവിതകൾ നോക്കുക.പൂർവകല്പിതവും ഏറെക്കുറേ പ്രസിദ്ധവുമായ ആശയങ്ങളെ ഈ കവിതകളിൽ പുതുക്കിപ്പണിതിരിക്കുകയാണ്.

പുൽക്കൊടിത്തുമ്പിലെ മഞ്ഞിൻ കണിക പഴയ കവിതയിൽ പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ചുവെങ്കിൽ അടർന്നു വീഴുന്ന മഞ്ഞയിലയുടെ പുറത്തുകേറിയിരുന്നു പറന്നു താഴെ എത്തിയിട്ടാണ് അതിപ്പോൾ പ്രപഞ്ചത്തെ നെഞ്ചേറ്റി കാണിക്കുന്നത്. പ്രഭാതത്തിലെ പുൽനാമ്പിലെ പഴയ മഞ്ഞുതുള്ളിയുടെ വിസ്മയത്തിനും തലേന്ന് അന്തിക്കേ വീഴാറായ ഇലയുടെ പുറത്തുകയറിയ പുതിയ മഞ്ഞുതുള്ളിയുടെ പ്രായോഗികതയ്ക്കും തമ്മിൽ സമയദൂരവും സ്ഥലദൂരവുമുണ്ട്. കൊഴിഞ്ഞു വീഴുന്ന പൂവിന്റെ സുഗന്ധം കാറ്റെടുത്തുകൊണ്ടു പോകുന്നതിനെപ്പറ്റിയുള്ള സങ്കല്പത്തെ പൂവിനെ മൊത്തമായി വേരെടുത്തുകൊണ്ടു പോകുന്നതായി മാറ്റിയെഴുതുകയാണ് ‘ഏറെ’ എന്ന കവിതയിൽ.പാരമ്പര്യത്തെ ഭാവപരമായി തിരുത്തുകയാണ് രണ്ടിടത്തും കവി.

ബാല്യവും വാർദ്ധക്യവും പഴമയും പുതുമയും നോവും ആഹ്ലാദവും മരണവും ജീവനവും തുടങ്ങിയ ജീവിതത്തിന്റെ വിരുദ്ധഭാവങ്ങളെ മുഖാമുഖം നിർത്തിക്കൊണ്ടാണ് ഈ തിരുത്ത്. ഉള്ളിലൊതുക്കിയതെല്ലാം പ്രകടമാക്കാതിരിക്കുന്നതാണ് ഏറ്റവും മാരകമായ മുറിവെന്നറിയുന്നത് വേരുകൾക്കാണ് (മുറിവ്) ‘അകത്തെന്താണെന്ന’ ആവർത്തിച്ചുള്ള ആവലാതിയെ (പക്ഷേ വാതിലകത്തെക്കുറ്റിയിലാണ,ടവെന്ത്? – എന്ത്? എന്ന കവിത) പല നിലയ്ക്ക് ആവിഷ്കരിക്കാനുള്ള താത്പര്യത്തിന്റെ ഭാഗം കൂടിയാണ് വേരുകളുടെ ബിംബപദവി.

സ്വതന്ത്രാഭിലാഷങ്ങളുടെയും മോചനാകാംക്ഷകളുടെയും പാരമ്പര്യപ്രതീകങ്ങളായ പക്ഷികൾ അസീമിന്റെ കവിതയിൽ സ്വച്ഛമായ ഒരവസ്ഥയിൽ കടന്നുകയറുന്ന ഒച്ചകളും കലമ്പലുകളുമായി തീർന്നിരിക്കുന്നതിൽ അദ്ഭുതമൊന്നും ഇല്ല.എന്നാൽ അവ ഒഴിവാക്കപ്പെടുകയല്ല,തുടർച്ചയായി കവിതകളിൽ സകലധർമ്മങ്ങളോടെയും പ്രത്യക്ഷപ്പെടുന്നു എന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ട വശമുണ്ട്.പുഴയിലെ പ്രതിബിംബങ്ങൾക്കു വേണ്ടി വലയെറിഞ്ഞിരിക്കുന്നയാളിന്റെ അടുക്കൽ കൊതിയോടെ വരുന്ന കിളികൾ അയാളുടെ ചുറ്റുപാടുകളെ മലീമസമാക്കുന്ന കാഴ്ചയാണ് ‘ശേഷിപ്പു’കൾക്ക് മുന്നിൽ വയ്ക്കാനുള്ളത്.(‘ചിറകടി ഒച്ചകൾ, എല്ലുംതോലും ചിന്നിയ ദൃശ്യങ്ങൾ, കൂർമുള്ളിന്റെ ശേഷിപ്പുകൾ’)മുറിയിലെ ഭിത്തിയിൽ വരച്ചുവച്ച മരത്തിന്മേൽ പുറത്തെ ഇരുട്ടിൽനിന്നും പറന്നുവന്ന് ചിറകൊതുക്കിയിരിക്കുന്ന പറവയുമുണ്ട്, കവിതകളിൽ ഒരിടത്ത് (ജാലകപ്പഴുത്). പക്ഷിയെ വരയ്ക്കുമ്പോൾ ചുണ്ടിനും നഖത്തിനും കൂർപ്പുകൂടുന്നു,തൂവൽ കൊഴിയുന്നു,ചിറകിനു കൃത്യതയില്ലാതാവുന്നു,പടം വരതന്നെ കൈവിട്ടു പോവുന്നു(പക്ഷിയെ വരയ്ക്കൽ).എനിക്കു നീ ചിറകുകളാകേണ്ട, കാരണം പറന്നുയരുകയെന്നാൽ അഗാധമായൊരു ആഴം സൃഷ്ടിക്കുകയാണെന്നും ആഴം അപകടകരമാണെന്നും (അതുമാത്രം മതി)ഭയപ്പെടുന്ന മാനസികാവസ്ഥകൾ സൃഷ്ടിക്കുന്ന കിളികളാണ് കവിതകളിലുള്ളത്.ചിറകൊതുക്കാതെ പറന്നുയരുന്ന പക്ഷിയുടെ ഒരു ദൃശ്യമുള്ളത് ‘ലഹരി’യെന്ന കവിതയിലാണ്.‘ജലത്തിലൂടെ ഒഴുകി നീങ്ങുന്ന ഒരാളുടെ ശിരസ്സിൽനിന്നു കിളി ചിറകുകുടഞ്ഞ് നനവില്ലാതെ പറന്നുപോകുന്ന ഒരു കിളിയുടെ ചിറകിന്റെ നിഴലിൽ ഭൂതലം ഇരുളുന്നു’ എന്നാണതിലെ വിചിത്രകല്പന.ചലനം ഒരു വേവലാതിയായി കവിതയിൽ നിറയുന്നതിന്റെ അസ്വസ്ഥതകളെ എടുത്തു കാണിക്കാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് പക്ഷിബിംബങ്ങളെ പ്രത്യേകമായി അടുത്തു നോക്കിയത്.സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും നിശ്ചലതയെ സ്വാഭാവികമായ ഉപസ്ഥിതിയാക്കുകയും പുറത്തേക്കു കുതിക്കാൻ വെമ്പുന്ന എല്ലാ ചലനങ്ങളേയും വലിച്ചടുപ്പിക്കുന്ന ഭൂഗുരുത്വത്തെ അവയുടെ ഭാവബദ്ധതയുടെ കേന്ദ്രമാക്കുകയും ചെയ്യുന്നു.

ബഹിർമുഖതയിൽ കുറ്റബോധം അനുഭവിക്കുന്ന,തുടർച്ചയായി ഒളിക്കാൻ ഇടം തേടുന്ന സത്തയുടെ സന്ത്രാസങ്ങളാണ് അവസ്ഥയുടെയും പരിണാമത്തിന്റെയും ഇടയിലുള്ള സഞ്ചാരവഴികളെ സജീവമാക്കുന്നതെന്നാണ് ഇതിൽനിന്നെല്ലാം കൂടി ഉരുത്തിരിഞ്ഞു കിട്ടുന്ന അർത്ഥം.മുറിച്ചുമരിൽ വരച്ചു വച്ചിരിക്കുന്ന വൃക്ഷക്കൊമ്പിലേക്ക് പാഞ്ഞുവന്നിരുന്ന് ചിറകൊതുക്കുന്ന പക്ഷിയിലുള്ളതും മരത്തെ തിരിച്ചു വിളിക്കുന്ന വിത്തിന്റെ അതേ ആകർഷണബലമാണ്.ചലനങ്ങളെ നിശ്ചലമാക്കുന്ന ബലതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, പെട്ടുകിടക്കാനാണോ വിട്ടുപോകാനാണോ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നതെന്ന കാര്യത്തിൽ കവിത പ്രത്യക്ഷത്തിലൊരു കുഴമറിച്ചിലും കാണിക്കുന്നില്ല.ഇരിക്കുന്നിടത്തിരിക്കുക, മടങ്ങിപ്പോകാൻ തീവ്രമായി അഭിലഷിക്കുക,അതിനു കഴിയായ്കയാൽ വേദനിക്കുക,ഈ വേദന തന്നെയാണ് സമസ്ത ജീവജാലങ്ങളിലും പ്രതിഫലിക്കുന്നതെന്ന് സ്വയം സമാധാനിക്കുക,അതിനെപ്പറ്റി വാചാലനായിക്കൊണ്ട് വിനിമയം സാധ്യമാക്കുക…ഇങ്ങനെ ഉരുത്തിരിച്ചെടുക്കാവുന്ന ഋജുവായൊരു ഭാവരേഖ അസീമിന്റെ കവിതകളുടെ അടിസ്ഥാനഘടനയായി നിലനിൽക്കുന്നു.

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending