കവിത
ആണയതിൻ്റെ ആത്മഗതങ്ങൾ

വി. ആർ. സന്തോഷ്
എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയുടെ ആദ്യ
പ്രദർശനം പോലെയായിരുന്നു
ആദ്യ നിരയിൽ
അറുപതു വയസുള്ളവരും
അടുത്ത നിരയിൽ
മധ്യവയസ്ക്കരും
അതിനിടയിൽ
പതിനഞ്ചു വയസുകാരനും ഞെരുങ്ങിയിരുന്നു.
ബാത്തു റൂമിൽ
വെള്ളം വീഴാൻ തുടങ്ങിയപ്പോൾ
ആദ്യ രണ്ടു നിരക്കാർ
തല പൊക്കിയതിനാൽ
പതിനഞ്ചു വയസുകാരന്
ഒന്നും കാണാൻ കഴിഞ്ഞില്ല
അവർ ആണുങ്ങൾ
നോക്കിവറ്റിക്കാൻ ശേഷിയുള്ളവരെന്ന്
ആ ഞെരുക്കത്തിൽ വിചാരിച്ച്
ഇല്ലായ്മയിലേക്ക് നോക്കിയിരുന്നു.
പതിനഞ്ചിനേ
അൻപതിലേക്കോ അറുപതിലേക്കോ ഇരട്ടിക്കാൻ വിദ്യയുണ്ടോ എന്ന് ആലോചിക്കേ
സക്രീനിൽ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു
അവൾക്കു പിന്നാലെ കൊമ്പൻ മീശക്കാരനും
രക്ഷിക്കണമെന്നുണ്ടായിരുന്നെങ്കിലും
അയാളുടെ തിരിഞ്ഞുനോട്ടത്തിൽ
കൈയ്യിലെ ക്രിക്കറ്റ് ബാറ്റ് താഴെ വീണു.
അവർക്കിടയിൽ
തൻ്റെ നെഞ്ചിന് വീതിയില്ലെന്നും
തൻ്റെ കൈക്ക് കരുത്തില്ലെന്നും മനസിലാക്കി
പതുങ്ങിയിരുന്നു.
ഇടവേളക്കു മുൻപ്
രണ്ട് ബലാത്സംഗവും
ഒരടി പിടിയുമുണ്ടായിരുന്നു.
തുടർന്ന്
അൻപതിൻ്റെയും അറുപതിൻ്റെയും തിടുക്കം
മൂത്രപ്പുരയിൽ കയറി ബീഡി കത്തിച്ചു
പതിനഞ്ചിൻ്റെ വെപ്രാളം പുറത്തിറങ്ങാൻ പേടിച്ച്
അവിടെ തന്നെ ഇരുന്നു
താനൊരു വെളുത്ത സ്ക്രീനാണെന്ന്
കൊട്ടകയുടെ ഇരുട്ടിൽ സമാധാനിച്ചു.
ഇടയ്ക്ക് ഒളിഞ്ഞു നോക്കാൻ ശ്രമിക്കെ
അവർ ശരീരം കൊണ്ട് തന്നെ മായ്ച്ചു
അന്നു മുതൽ അടുത്തുള്ള ജിമ്മിൽ പോയ്ത്തുടങ്ങി
ഭാരങ്ങളിൽ തനിക്ക് അടുത്തു നിന്നവർ
ദിവസവും മുന്നേറിക്കൊണ്ടിരുന്നു
അവരുടെ നിർവ്വചനങ്ങൾ തെറ്റിക്കാൻ
ഇനിയും കാത്തിരിക്കേണ്ടെന്നു കരുതി
വീട്ടിലെത്തി
പരിശീലനം ആരംഭിച്ചു
വലിയ ഭാരമെടുത്ത്
ഒരു ദിവസം ഒന്നുമറിഞ്ഞു വീണു
ചതഞ്ഞ മസിലുകൾ തുന്നിക്കെട്ടാനാവാതെ
ഇപ്പോഴും ജീവിക്കുന്നു.

കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login