സാഹിത്യം
നിശബ്ദ ജ്ഞാനസ്നാനങ്ങൾ
മോചനത്തിന്റെ സുവിശേഷം 6
സുരേഷ് നാരായണൻ
1
ഇല കൊഴിയുന്ന നിൻറെ ശരീരം.
പൂക്കളെ മറന്നുപോയ അതിൻറെ മുറ്റം. ശലഭങ്ങളുപേക്ഷിച്ചു പോയ
അങ്ങോട്ടുള്ള വഴി.
നീ കൈവിട്ട ,
നിന്നെ കൈവിട്ട വാക്കുകൾ.
ഹാ, വാക്കുകൾ !
അതിൻറെ ഉറുമ്പിൻ പുറ്റുകളാം
നമ്മുടെ ശരീരം.
നിങ്ങൾക്കെന്തിനാണു ഹേ, മുള്ളുകൾ?
അവ കാല്പാദങ്ങൾക്കുള്ളതാണ്.
നിണത്തിൽ മുക്കിയെഴുതിയ
മുള്ളിൻ മോക്ഷവഴികൾ !
2
പുഴ !
ഒഴുകുകയല്ലത് ,
കവിതയെഴുതുകയാണ് !
കൂർത്ത കല്ലുകളാൽ
സ്വയം വേദനിപ്പിച്ചുകൊണ്ടത് സന്ദർശകരുടെ ഉള്ളം തണുപ്പിക്കുന്നു;
തപിപ്പിക്കുന്നു.
അതെ,
ഒഴുകുന്നൊരു ഗർഭപാത്രമാണു നദി;
സഞ്ചരിക്കുന്ന ജ്ഞാനസ്നാന വണ്ടി !
3
ദുഃഖങ്ങളേ വരൂ !
എൻറെ തിരികല്ലിനിടയിൽ വിശ്രമിക്കൂ;
ശാശ്വതമായ മുക്തി നേടൂ!
എനിക്കു പാനപാത്രങ്ങൾ ഒന്നും
ഇല്ല തന്നെ.
അതിനാൽ നിങ്ങൾക്കു വേറെ സാധ്യതകളും ഇല്ല.
എന്നെ പിടിച്ചു കെട്ടാനാണു വന്നതെങ്കിൽ പോകൂ !
സുഹൃത്തുക്കളാരുമേ ഒപ്പമില്ലാത്ത
ഒരേകാന്ത നിമിഷം എനിക്കു വന്നുചേരുന്നതിനായി പ്രാർത്ഥിക്കൂ !
നിൻറെ സംശയം ശരിയാണ്;
നമ്മുടെ ആരാധനാലയം ഒന്നുതന്നെ ! പക്ഷേ അവിടുത്തെ ജ്ഞാനസ്നാന ഇടം എനിക്കുമാത്രം ദൃശ്യമത്രേ !
4
കുമ്പസാരംക്കൂട്ടിനുള്ളിൽ കയറവേ
ഞാനധീരനായി .
ഒട്ടുനേരം കഴിഞ്ഞ്
ജ്ഞാനസ്നാനം ചെയ്യപ്പെട്ടവർക്കുള്ള വഴിയിലൂടെ പുറത്തെത്തി.
അഞ്ചു വിരലുകൾ
എന്നെ മുറുകെ പുണർന്നു പിടിച്ചിരുന്നു.
ഞാൻ നോക്കിനിൽക്കവേ,
അവ അഞ്ചു മെഴുകുതിരികളായ് മാറി ! വെളിച്ചം പാറി !
പ്രിയേ ,
ബന്ധനസ്ഥരായിപ്പോയ
നമ്മുടെ വിരലുകൾ ;
അതിനുള്ളിൽ ചിറകടിക്കുന്ന പറവകൾ !
ടാഗോറിനെ മൂളാൻ തോന്നുന്നു :
“പാടാനിവിടെ കരുതിയ ഗാനം പാടിയില്ലല്ലോ ഞാനിനിയും !”
പ്രിയേ
എവിടെ നിൻ നെറ്റിത്തടം ?!
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login