ലേഖനം
നോട്ടം 4
പി.കെ. ഗണേശൻ
എം സുരേഷ് ബാബുവിന്റെ പ്രഥമ കവിതാസമാഹാരത്തിൻറെ പേരാണ് ഉടൽരാജ്യം. തലക്കെട്ടിലുണ്ട് സമാഹാരത്തിലെ മുഴുവൻ കവിതകളുടെയും ഐഡൻറിറ്റി.ഉടൽരാജ്യം എന്നത് രാഷ്ട്രീയ സംജ്ഞയാണ്. ഉടലിന് രാഷ്ട്രീയമുണ്ട്.ഉടലിൻറെ രാഷ്ട്രീയം ആദ്യമായി സൈദ്ധാന്തികമായി അവതരിപ്പിച്ചത് അമേരിക്കൻ ഫെമിനിസ്റ്റ് ചിന്തക കേറ്റ് മില്ലെറ്റാണ്.വർഗരാഷ്ട്രിയം എല്ലാറ്റിനും പരിഹാരമാണെന്ന മിത്തിനെ കേറ്റ് മില്ലെറ്റ് പൊളിച്ചു.വർഗത്തിന് ഉടലിനെ പരിഹരിക്കാനാവില്ലെന്ന് അസന്നിഗ്ധമായി അവർ പ്രഖ്യാപിച്ചു.ഇതുവരെയുള്ള ചരിത്രം വർഗസമരത്തിൻറെ ചരിത്രമാണെന്ന മാർക്സിയൻ പാഠത്തെ ഇതുവരെയുള്ള ചരിത്രം ലൈംഗിക സമരത്തിൻറേതാണെന്ന് കേറ്റ് മില്ലെറ്റ് പുനർവ്യാഖ്യാനിച്ചു.ഉടലിനെ കേവലം ഉടലായിട്ടല്ല, മറിച്ച് സ്വത്വം എന്ന നിലയിലായിരുന്നു പുനർവ്യാഖ്യാനം.
ലിംഗരാഷ്ട്രിയം ഒരു ചിന്താപദ്ധതി ശ്രദ്ധ നേടിയത് അങ്ങനെയാണ്.
ഉടൽ പലരീതിയിൽ അനാവരണം ചെയ്യപെടുന്ന സ്വരൂപമാണ്.വർണരാഷ്ട്രിയം രൂപപ്പെട്ടത് ഉടലിന്റെ സ്വത്വം ഉയർത്തി പിടിച്ചാണ്. രാഷ്ട്രീയം സാംസ്കാരിക സൗന്ദര്യത്തോടെ വ്യതിരിക്തമായത് എല്ലാ തരം ജീവിതങ്ങളും സ്വത്വപരമായി പ്രകാശിപ്പിക്കപെട്ടതോടെയാണ്.മുഖ്യധാരയിൽ ഇടമില്ലാതെ പോയ പലതിനും അങ്ങനെ ഇടം ലഭിച്ചു.പിഴുതെറിയപെട്ടിടത്തുനിന്ന് പുതുനാവുകൾ സംസാരിച്ചു തുടങ്ങി.ഇങ്ങനെ സംസാരിക്കുന്ന ഏതാനും കവിതകളുണ്ട് എം.സുരേഷ്കുമാറിൻറെ ഉടൽരാജ്യം സമാഹാരത്തിൽ.
കവിയിലെ പല കാലങ്ങളെ ഉടൽരാജ്യം നിവർത്തി ക്കുന്നുണ്ട്.80,90,2000,2010 ദശകങ്ങളിൽ എഴുതിയ കവിതകളാണ് ഇവ.കവിയെന്ന നിലയിൽ ജീവിതവീക്ഷണത്തിൽ സംഭവിച്ച പരിണാമം പ്രതിഫലിക്കുന്നുണ്ട് ഈ കവിതകളിൽ. ആദ്യകാല കവിതകളിൽ ആധുനികതയുടെ ഭാരമുണ്ട്.ആ ഭാരം ഉപേക്ഷിച്ചാണ് സുരേഷ് ബാബു പിൽക്കാല കവിതകളിൽ പ്രത്യക്ഷപ്പെടുന്നത്.ആദ്യകാല കവിതകളിലല്ല ആത്മയാനമാവുന്നത് എന്ന് കാണാം. പുറത്തേക്കുള്ള നോക്കിയിരിപ്പിൽ നിന്ന് കവി പിൻവാങ്ങുന്നു.തന്നിലേക്ക് നോക്കി തുടങ്ങിയപ്പോൾ താൻ തന്നെ കണ്ണാടിയാവുന്ന,ആ കണ്ണാടിയിൽ അനുഭവപ്പെടുന്ന പുതിയ കാലത്തിന്റെ പ്രതിഫലനമാണ് ഉടൽരാജ്യം. ആധുനികതയുടെ ഭാരമുപേക്ഷിച്ച കവിതകളിൽ ജീവിതത്തിന്റെ വേരുകൾ കാണാനാവുന്നത് അതുകൊണ്ടാണ്.
ആധുനികത പകർന്നു നൽകിയ ഉട്ടോപിയയെ സുരേഷ് ബാബു ബോധപൂർവമോ അല്ലാതെയോ തിരസ്കരിക്കാൻ ശ്രമിക്കുമ്പോൾ കവിതയിൽ പുതിയ തിരിച്ചറിവുകൾ അങ്ങനെ ആനന്ദനൃത്തം ചെയ്യുന്നു. ജീവിതത്തിന്റെ വേരുകളിലേക്ക് കവിത തിരിച്ചു വരുന്നു.ആദ്യകാല കവിതയിൽ പോലും തന്റെ കവിത മുന്നോട്ടു പോകേണ്ട ദൂരം പ്രവചന സ്വഭാവത്തിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ട്:”കവിത ഇന്ന് അറുത്തിട്ട കൈകളാണ്.അത് കല്ലുടയ്ക്കുന്നവൻറെ കരളിലേക്ക് പറന്നു പോവുന്നില്ല.”
ആധുനികത അടിച്ചേൽപ്പിച്ച ഭാരമുപേക്ഷിച്ചതിൽ കാലം കൊണ്ടുവന്ന തിരിച്ചറിവുണ്ട്.അങ്ങനെയാണ് സുരേഷ് ബാബു സ്വത്വപരവും ഭാവുകത്വപരവുമായ അന്തസംഘർഷത്തിൽ വിമുക്തി നേടുന്നത്.കർക്കിടകത്തിൽ ചോരുന്ന മേൽക്കൂരയ്ക്ക് താഴെ മകനെ കാക്കുന്നൊര് ഒരമ്മയെ,അറുപതിലെ അരസേർ അരിക്കായി ആറുമൈൽ നടന്ന ഒരമ്മയെ,പോത്തുകൾക്കൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത പോത്തിടയനായ ഒരച്ഛനെ,പോത്തേ എന്ന വിളിപ്പേര് കേട്ടൊരു മകനെ,ആറടി മണ്ണുതായോ എന്നു കേഴുന്ന പുലയരുടെ അച്ഛനെ കവിതയിൽ അതുവഴി തിരിച്ചു കിട്ടി.ആ ജീവിതങ്ങൾ മുഖ്യധാരാ സാഹിത്യത്തിൽ വിഷയമായിരുന്നില്ല.
ആദ്യകാലകവിതകളിൽ കയ്യൊഴിഞ്ഞ ജീവിതങ്ങൾ സുരേഷ് ബാബുവിന്റെ കവിതയിൽ തിരിച്ചു വരികയായിരുന്നു.
അനുഭവത്തെ അനുഭവമാക്കിയ (experiencing experience) കാലമായിരുന്നു ആധുനികതയുടേത്.അനുഭവത്തെ അനുഭവമാക്കുമ്പോൾ അനുഭവിച്ചയാളും അനുഭവമാക്കിയയാളും രണ്ടാണ്.പകർപ്പുകാരുടെ ലോകമായിരുന്നു ആധുനികതയ്ക്ക്.ആധുനികതയിൽ എഴുത്തുകാർ അനുഭവിക്കാത്ത ജീവിതം കേട്ടറിഞ്ഞോ കണ്ടറിഞ്ഞോ പകർത്തിയെഴുതുകയായിരുന്നു. ആധുനികാനന്തരമാണ് അനുഭവങ്ങൾക്ക് നേർസാക്ഷ്യം ലഭിച്ചു തുടങ്ങിയത്.അനുഭവസ്ഥർ നേരിട്ട് സംസാരിക്കാൻ തുടങ്ങി, ആവിഷ്കരിക്കാൻ തുടങ്ങി,ഇരഭാഷ്യങ്ങളായങ്ങനെ സാഹിത്യം.
അതുവരെ സാഹിത്യത്തിൻറെ നാലയലത്തുവരാതിരുന്നവർ വന്നുതുടങ്ങി.ജീവിതം ഗ്ലോബലൈസ്ഡായി.സാഹിത്യം മറ്റൊരു ആവിഷ്കാരലോകം കണ്ടെത്തുകയായിരുന്നു.കവിതയിൽ, കഥയിൽ സ്വന്തം വേരുകൾ തേടി.അനുഭവത്തെ അനുഭവമാക്കിയ ഇടനിലവേഷം സാഹിത്യകാരിൽ അഴിഞ്ഞുവീണു.സാധ്യമായിരുന്നില്ലല്ലോ നളിനി ജമീലയുടെ പോലൊരാളുടെ എഴുത്തുജീവിതം ആധുനികതയുടെ കാലത്ത്.
സ്വന്തം ജീവിതം എഴുതിയവരും സ്വന്തം വേരുകളിൽ അഭിമാനിച്ചവരും ഫ്യൂഡലിസത്തിൻറെ നൊസ്റ്റാൾജിയ പേറുന്നവരായിരുന്നു.ജീർണിച്ച തറവാടുകളും കാലത്തെ അതിജീവിക്കാനാവാത്ത വീടകങ്ങളും കല്ലുകളടർന്നുവീണ കുളപടവുകളും മാത്രമായിരുന്നു ഒരുകാലത്ത് കേരളം സാഹിത്യത്തിലും സിനിമയിലും.അതല്ലാത്തൊരു കേരളവുമുണ്ടായിരുന്നല്ലോ.ആ കേരളത്തിന് ദൃശ്യത ലഭിച്ചിരുന്നില്ല, സർഗാത്മക രചനകളിൽ സ്വീകാര്യതയുണ്ടായിരുന്നില്ല.അതല്ലാത്തൊരു കേരളമുണ്ടെന്ന് വിളിച്ചു പറയാൻ നാവ് പൊങ്ങിയില്ല.ഈ ദൗത്യം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ആധുനികതയ്ക്ക് ജീവിതത്തിന്റെ സ്വന്തം നാവുകളിൽ സത്യസന്ധമായി ആവിഷ്കരിക്കാനായില്ല.ആധുനികത വിസമ്മതിച്ച ആ കേരളത്തെ സുരേഷ് ബാബു ഇങ്ങനെ അടയാളപ്പെടുത്തുന്നു:”എൻറെ ശരീരം എൻറെ രാജ്യം/എൻറെ നിറം എൻറെ ഭാഷ/എൻറെ വാക്കുകൾ എന്റെ ഉടയാടകൾ/എങ്കിലും ഉള്ളിലേക്ക് തന്നെ മടങ്ങിപോകുന്ന ഒരു കണ്ണുനീർ തുള്ളിയാണ് ഞാൻ.”ഉടൽരാജ്യത്തിൻറെ ആത്മാവുണ്ട് ഈ വരികളിൽ.
എന്നിട്ടും,പാടെ ഉപേക്ഷിക്കാനാവാത്തൊരു കൊടിജീവിതം കവിയെ പിന്തുടരുന്നുണ്ട്.ആ കൊടിയിൽ കാലം ഏല്പിച്ച പരിക്കുണ്ട്,ജീർണതയുണ്ട്.ഖിന്നനോ നിരാശഭരിതനോ ആണ് കവി ആ അവസ്ഥയിൽ.ആ അവസ്ഥയിലും രാജ്യത്തിന്റെ കൂട്ടമറവിയിലേക്ക് ഓർമ്മ കൊണ്ടൊരു തീർത്ഥാടനം നടത്തുന്നുണ്ട്.ആ തീർത്ഥാടനത്തിൽ സബർമതിയിൽ നൂൽക്കുന്ന ഗാന്ധിയെ കാണുന്നു.ഗാന്ധി നൂറ്റ ഓരോ നൂലും കണ്ണിപൊട്ടാതെ ഭാരതമാകെ സഞ്ചരിച്ചുകൊണ്ടിരുന്നു.ഈ വിചാരപെടൽ പൊളിറ്റിക്കലാണ്.ഏകമാനമല്ല ഈ ബോധധാര.”ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് തീ പകർന്ന അവർ തെരുവുകൾക്ക് തീ കൊളുത്തി…കലാപത്തിൻറെ പിറ്റേന്ന് തെരുവുകളിൽ ചുംബനം നിരോധിക്കപ്പെട്ടു.”പുതിയ കാലത്തിൻറെ രാഷ്ട്രീയ, സാംസ്കാരിക ഭാവുകത്വത്തെ ഇങ്ങനെ ബഹുസ്വരതയോടെ നെഞ്ചേൽക്കാൻ അപ്പോൾ പിന്നെ ഉടൽരാജ്യം എന്നല്ലാതെ മറ്റെന്ത് തലക്കെട്ട്…..
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
You must be logged in to post a comment Login