കഥ
കുട്ടപ്പൻ ഇഫക്റ്റ്
രജീഷ് ഒളവിലം
സെഞ്ചുറി തികക്കുമെന്നും അല്ലാ അതിനുമുമ്പേ ഉറപ്പിക്കുമെന്നുമുള്ള കൂട്ടുകാരുടെ വാതുവയ്പ്പിന് വിരാമമിട്ടുകൊണ്ട് തൊണ്ണൂറ്റിയെട്ടാമത്തെ പെണ്ണുകാണലിൽ പ്രകാശൻ തന്റെ കല്യാണമങ്ങു ലോക്ക് ചെയ്തു. ടൗണിൽ ഹൃദയഭാഗത്തൊരു പലചരക്കു കടയുണ്ടായിട്ടും ആവശ്യത്തിലധികം സ്വത്തുണ്ടായിട്ടും എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള രണ്ടുനില വീടുണ്ടായിട്ടും ഗവർമെന്റ് ജോലി ഇല്ലായെന്ന ഒറ്റക്കാരണം കൊണ്ട് വയസ്സ് നൽപ്പത്തിയൊന്നാവേണ്ടി വന്നു ഒരു പെണ്ണുകിട്ടാൻ. എങ്ങനെങ്കിലും പെണ്ണുകിട്ടട്ടെയെന്നു വച്ചു പത്തു കൊല്ലം മുമ്പ് ഗവർമെന്റ് ജോലി നേടാൻ പി എസ് സി കൊച്ചിങ്ങിന് പോയതും അവിടെ പഠിപ്പിക്കാൻ വന്ന ടീച്ചറെ കേറി പ്രേമിച്ചതും പ്രേമം മൂത്തുനിൽക്കുമ്പോ ടീച്ചറൊരു ഗവർമെന്റ് പ്യൂണിനെ കെട്ടി കുടുംബം കൂട്ടിയതും കിട്ടിയ തേപ്പിന്റെ ആഘാതത്തിൽ പഠിപ്പ് നിർത്തി പിന്നേം തോട്ടത്തിൽ പോയതും നഷ്ടപ്രണയത്തിന്റെ ഓർമ്മയ്ക്ക് ഒരു മാവിൻതൈ നട്ടതും. അവനൊരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത മറ്റൊരു കഥ.
വളർച്ചയെത്തിയില്ലെങ്കിലും ആ മാവ് ഇപ്പൊ പൂവിട്ടിരിക്കുന്നു.
പെണ്ണിന് മൂപ്പിത്തിരി കുറവാണ് വയസ്സിരുപത്തിനാല് ചിങ്ങത്തിലാവുകയെ ഉള്ളൂ. തന്തേം തള്ളേം നേരത്തെ പോയി മാതുലനാണ് പോറ്റി വളർത്തിയത് പന്ത്രണ്ടു കൊല്ലത്തെ പോറ്റുകൂലി പലിശയും ചേർത്തു അങ്ങോട്ടു കൊടുക്കുന്നൊന് പെണ്ണിനെ കെട്ടിച്ചുകൊടുക്കും അതാണ് കരാർ. അങ്ങനെ മാമൂലുകൾ തെറ്റിച്ചു അങ്ങോട്ട് പുരുഷധനം കൊടുക്കാമെന്ന കരാറിൽ ആണേലും പ്രകാശൻ കല്യാണമങ്ങു ഉറപ്പിച്ചു. പ്രകാശനെന്നു പറയുന്നതിലും നല്ലത് അവന്റെ തന്തപ്പടി കിട്ടൻമൂപ്പര് അഥവാ കൃഷ്ണൻ മൂപ്പര് ഉറപ്പിച്ചു എന്നുപറയുന്നതാവും ഉചിതം. കാരണം മൂപ്പരുടേതാണ് ഇക്കണ്ട സ്വത്തുക്കളെല്ലാം. തിന്നാണ്ടും കുടിക്കാണ്ടും നേരാംവണ്ണം ഉടുക്കാണ്ടും നാട്ടുകാരെ ഊറ്റി കൊള്ളപ്പലിശകൊണ്ടു മൂപ്പര് ഉണ്ടാക്കിയ സ്വത്ത്.
പക്ഷെ ഇവിടെ മാത്രം ഒരു മാറ്റമുണ്ട്. ഈ ഗ്രാമം കണ്ടതിലേറ്റവും വലിയ കല്യാണമാവണം പ്രകാശന്റേത് എന്ന് മൂപ്പരങ്ങു പ്രഖ്യാപിച്ചു. അറുത്ത കൈക്ക് ഉപ്പുതേക്കാത്ത കിട്ടൻ മൂപ്പരുടെ പ്രഖ്യാപനം കേട്ട് പ്രകാശൻ പോലും ഞെട്ടി.
നോക്കി നോക്കിയിരിക്കെ ആ സുദിനമിങ്ങു വന്നെത്തി. മാധവിയമ്മായിയും സുലേഖ ചിറ്റയും അമ്മയുടെ കുറവറിയിക്കാതെ അടുക്കളയും അകത്തളവും കയ്യേറി കഴിഞ്ഞു. രാമേന്ദ്രൻ ചിറ്റപ്പൻ കലവറയുടെയും സുരേന്ദ്രനമ്മാവൻ പൂമുഖത്തിന്റെയും ചാർജ് ഏറ്റെടുത്തു. മറ്റുബന്ധുമിത്രാദികൾ പലയിടത്തായി പലവിധ കാര്യങ്ങളിൽ വ്യഗ്രിതരാണ്. കല്യാണത്തലേന്നിന്റെ എല്ലാവിധ ആവേശവും ഉൾക്കൊണ്ട് പന്തലും പന്തിയും നിറഞ്ഞു കവിഞ്ഞു. കിട്ടൻമൂപ്പര് വെള്ളയും വെള്ളയും ഉടുത്തു ഉമ്മറത്ത് തന്നെ ഞെളിഞ്ഞിരിപ്പുണ്ട്. നാട്ടിലെ കൂട്ടുകാർക്ക് പറങ്കിമങ്ങാ വാറ്റും, ടൗണിലെ കൂട്ടുകാർക്ക് ഒറിജിനൽ ബ്രാണ്ടിയും ഏർപ്പാടാക്കിയിരിക്കുന്നത് പൊലീസളിയൻ സുദേവനാണ്. പൊതുവെ ഏതൊരു കല്യാണത്തിനും മധുസേവയുടെ ചാർജ് അളിയന്മാർക്ക് ആയിരിക്കുമല്ലോ. ഒരേയൊരു അളിയാനാണെങ്കിൽ പിന്നെ പറയുകേം വേണ്ട. അങ്ങനങ്ങനെ പ്രകാശന്റെ മംഗല്യം കൊഴുകൊഴുത്തു.
നേരം നന്നേ വൈകി. ആളും ആരവവും ഒഴിഞ്ഞു. പിള്ളേർ പാർട്ടിയും. പെൺപടയും ഉറങ്ങിക്കഴിഞ്ഞു.
ചിറ്റപ്പനും അമ്മാവനും സുദേവൻ പോലീസും മോശമല്ലാത്ത ഫോമിൽ ഉമ്മറത്ത് തന്നെ പായ വിരിച്ചു കിടന്നു.
എല്ലാം നോക്കിക്കൊണ്ടു ചാരുകസേരയിൽ ഇരുന്ന കിട്ടൻ മൂപ്പര് പ്രകാശനെ അടുത്തേക്ക് വിളിച്ച് പടിഞ്ഞാറ്റയിലെ തന്റെ മുറിയിലേക്ക് വരാൻ ആംഗ്യം കാണിച്ചു. അവൻ അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ അയാൾക്ക് പിന്നാലെ മുറിയിലേക്ക് നടന്നു.
കഴുത്തിലെ മാലയിൽ കൊരുത്ത താക്കോലെടുത്തു മൂപ്പര് അലമാര തുറന്നു. ലോക്കറിൽ നിന്നും ഒരു ഡയറി പുറത്തേക്കെടുത്തു പ്രകാശന് നേരെ നീട്ടി.
“മോനെ പാച്ചാ..”
മൂപ്പര് അവനെ അങ്ങനെയാണ് വിളിക്കാറ്.
” നിന്റെ കല്യാണത്തിന് ഇതുവരെ ചെലവാക്കിയ പൈസേന്റെ കണക്ക് ദാ ഈ ഡയറിയിലുണ്ട്. ഇനി ചിലവാക്കാൻ പോവുന്നതും കൂടി ചേർത്തു ഞാൻ ഇത് നിനക്കങ്ങു തരും. അന്നേ നാൾ തുടങ്ങി കൃത്യം ഒരു കൊല്ലം തികയുന്നെനും മുന്നേ പൈസ പലിശയും ചേർത്തു എനിക്ക് തിരിച്ചു തരണം. മനസ്സിലായല്ലോ”
മൂപ്പര് അത്രേം പറഞ്ഞു അവന്റെ കയ്യിൽ നിന്നും ഡയറിയും തിരിച്ചു വാങ്ങി ലോക്കറിലെ പണക്കെട്ടുകൾക്ക് നടുവിൽ സ്ഥാപിച്ച് ലോക്കറും പൂട്ടി താക്കോൽ പഴയപടി മാലയിൽ കൊരുത്ത് പുറത്തേക്ക് നടന്നു.
അച്ഛൻ മൂപ്പരുടെ പലിശക്കണക്ക് കേട്ട് ഒരു നിമിഷത്തേക്ക് ഞെട്ടിയ പ്രകാശൻ ‘ഈ തന്തപ്പടിയുടെ തലേൽ ഒരിടിത്തീ പോലും വീഴുന്നില്ലല്ലോ” എന്ന് പ്രാകി തീരുംമുന്നേ ദാ ഇടിവെട്ടിയപോലെ മലർന്നടിച്ചു ഉമ്മറത്ത് വീണ് കിടക്കുന്നു കിട്ടൻ മൂപ്പര്
ആറ്റുനോറ്റു ശരിയായ കല്യാണമാണ്. അതും മുടങ്ങുമല്ലോ ദൈവങ്ങളേ… അച്ഛൻ ഇഹലോകം വെടിഞ്ഞതിലായിരുന്നില്ല. തന്റെ കല്യാണം എന്താവുമെന്നോർത്തായിരുന്നു പ്രകാശന്റെ പരവേശം. ഒരുഗതിയും പരഗതിയും ഇല്ലെന്നുവന്നപ്പോ പൊലീസളിയനെയും മാമാനേയും ചിറ്റപ്പനേയും വിളിച്ചുണർത്തുക മാത്രമായിരുന്നു ഏക വഴി.
എന്തു ചെയ്യുമെന്ന് എത്തുംപിടിയും കിട്ടാതെ നാലാളും ഉമ്മറത്തൂടെ തെക്കുവടക്കു നടന്നു. കുപ്പി ഒരെണ്ണം കൂടി കാലിയായി ചുരുങ്ങിയ നേരത്തെ ആലോചനയ്ക്കൊടുവിൽ തന്റെ പോലീസ് ബുദ്ധിയുപയോഗിച്ചു സുദേവൻ ഒരു പരിഹാരം നിർദേശിച്ചു.
“മരിക്കാനുള്ളൊരു മരിച്ചു, സംഗതി പുറത്തറിഞ്ഞാൽ ഉറപ്പായും കല്യാണം മുടങ്ങും അതിൽ സംശയമില്ല. അതോണ്ട് നാളെ ഉച്ചവരെയെങ്കിലും നമ്മളീ കാര്യം മൂടിവെക്കണം ആരുമറിയാതെ”
സുദേവൻ പറഞ്ഞതുകേട്ടു എല്ലാരും കണ്ണുമിഴിച്ചു.
“സംഗതി സിമ്പിൾ ആണ് നമ്മളീ ബോഡി അച്ഛന്റെ മുറിയിൽ കൊണ്ടു കിടത്തുന്നു. നാളെ കല്യാണ പാർട്ടി വീട്ടിൽ നിന്നിറങ്ങി തിരിച്ചു വീട്ടിൽ കേറും വരെ ഒരാൾ പോലും മുറിയിൽ കേറാതെ നോക്കാനുള്ള ചുമതല ചിറ്റപ്പനാണ്, കണ്ടാൽ ഉറങ്ങുവാണെന്നെ തോന്നാവൂ. കിട്ടൻ മൂപ്പർക്ക് നല്ല സുഖമില്ലെന്നും അതോണ്ട് പെണ്ണുവീട്ടിലേക്ക് വരില്ലെന്നും മറ്റുള്ളോരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ചുമതല അമ്മാവനാണ്. മാധവിയമ്മായിയെയും സുലേഖ ചിറ്റയേയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൂടെ നിർത്തണം. പ്രകാശൻ ഒന്നും അറിയാത്തപോലെ ചെയ്യാനുള്ളതൊക്കെ അങ്ങോട്ടു ചെയ്താൽ മതി. എല്ലാം കഴിഞ്ഞു ഒരു ഡോക്ടറെ കൊണ്ടുവന്നു പെട്ടെന്നുണ്ടായ അറ്റാക്കാണ് ആള് മരിച്ചു എന്നും പറഞ്ഞു ഒരു നാടകം സെറ്റാക്കുന്ന കാര്യം ഈ സുദേവൻ പൊലീസേറ്റു.”
അളിയച്ചാരുടെ പ്ലാൻ പ്രകാശൻ കയ്യടിച്ചു പാസാക്കി.
“സംഗതി ക്രൈം ആണ് ഇതിനു കൂട്ടു നിന്നാൽ”
“ഞങ്ങൾക്കെന്താണ് ഗുണം”
ചോദ്യം ആരംഭിച്ചത് അമ്മാവനാണെങ്കിലും അവസാനിപ്പിച്ചത് ചിറ്റപ്പനാണ്.
“പലിശക്കിട്ടന്റെ ലോക്കറിൽ ഉള്ള പണത്തിന് നാലു വിഹിതം. നമ്മൾ നാലുപേർക്കും തുല്യമായി എന്താ പ്രകാശാ ഓക്കേയാണോ..?”
ആ പ്രശ്നത്തിനും പൊലീസളിയൻ തന്നെ പരിഹാരം കണ്ടു. സമ്മതിക്കുകയല്ലാതെ പ്രകാശനും വേറെ വഴിയൊന്നും കണ്ടില്ല.
പറഞ്ഞപടി ബോഡി മുറിയിൽ കിടത്തി പുതപ്പിച്ച്, നേരം വെളുക്കുവോളം ഇത്തിരിയുറങ്ങാം എന്ന തീരുമാനത്തിൽ നാൽവർസംഘം പിരിഞ്ഞു.
പടിഞ്ഞാറ്റയുടെ മേൽക്കൂരയിലെ രണ്ടോടുകൾ രണ്ടുവശത്തേക്ക് മെല്ലെ മെല്ലെ നീങ്ങി, ഓടുകൾ മാറിയ വിടവിലൂടെ കാറ്റൊരു ഇലയെ മുറിയിലേക്കിട്ടു. മേലേ മാനത്തു നിന്നും അമ്പിളിക്കല കിട്ടൻമൂപ്പരെ നോക്കി ഒരുപാതി ചിരിച്ചിരിച്ചു. പിന്നാലെ മുറിയിലേക്ക് ഞാണുതൂങ്ങിയ കയറിലൂടെ ഒരു കറുത്തരൂപം താഴെക്കൂർന്നിറങ്ങി.
ഓടിൻപുറത്തിരുന്നു ഗൂഡാലോചനയ്ക്കൊക്കെ സാക്ഷിയായ ആ രൂപം കിട്ടൻ മൂപ്പരുടെ ശ്വാസം നിലച്ചെന്നു ആദ്യമേ ഉറപ്പുവരുത്തി. ശേഷം ജടത്തിന്റെ കഴുത്തിൽ കിടന്ന മാലയിൽ നിന്നും താക്കോൽ അടർത്തിയെടുത്തു. ബദ്ധപ്പെട്ടു ലോക്കർ തുറക്കാനൊരുങ്ങിയതും ദാ പിന്നിൽ നിന്നൊരു ഗർജ്ജനം.
“ആരാണ്ടാ അവിടെ”
“കുട്ടപ്പനാണെ”
കട്ടിലിൽ നിവർന്നിരുന്നു തന്നെ തുറിച്ചുനോക്കുന്ന കിട്ടൻ മൂപ്പരേക്കണ്ട് അവൻ നിന്നു വിറച്ചു.
“എന്തിനാണ്ടാ വന്നേ..?”
“കക്കാനാണേ”
കാലിന്റെ തള്ളവിരലിൽ നിന്നും ഇരച്ചു കയറിയ ഭയം അവനെക്കൊണ്ടു യാന്ത്രികമായി ഉത്തരം പറയിച്ചു.
“ഒരായുസ്സുകൊണ്ടു ഉണ്ടാക്കിയ മുതലാ അങ്ങനങ്ങു കൊട്ടോണ്ട് പോയാ അതു ശരിയാണോ കുട്ടപ്പാ”
ചോദ്യത്തിലിത്തിരി ന്യായോണ്ട്, കുട്ടപ്പൻ തലച്ചോറിഞ്ഞു.
“ചത്തു മേലേക്ക് പോയ ഇങ്ങക്കിനി എന്തിനാ മൂപ്പിലാനെ ഈ പൈസയൊക്കെ”
“എന്നാലും കുട്ടപ്പാ കട്ടപ്പെട്ടു ഉണ്ടാക്കിയ മുതല് കണ്ണുമുന്നിൽ പോണത് കാണുമ്പോ ആർക്കാണെഡാ സഹിക്കുവാ”
“നാട്ടാരെ പറ്റിച്ചുണ്ടാക്കിയ മുതലല്ലേ മൂപ്പരേ, നാട്ടുകാരനായ ഞാനെടുക്കുന്നതിൽ തെറ്റില്ലാലോ..?”
കുട്ടപ്പന്റെ ആചോദത്തിലെ സത്യത്തിനു മുന്നിൽ മൂപ്പരൊന്നു പതറി.
“ഞാനുണ്ടാക്കിയത് എന്റെ മക്കൾക്കല്ലേടാ കിട്ടേണ്ടത്, അതും കഴിഞ്ഞു അവരുടെ മക്കൾക്ക് അങ്ങനെ തലമുറ തലമുറ കൈമാറി…”
ജീവിതത്തിൽ ഒരിക്കലും ഉണരാത്ത ചില വികാരങ്ങൾ ജനിക്കാൻ മൂപ്പര് മരിക്കേണ്ടി വന്നു. ജടത്തിന്റെ കണ്ണുകൾ നിറഞ്ഞു.
കല്യാണം നടക്കാൻ അച്ഛന്റെ ശവം പൂഴ്ത്തി വച്ച മകന്റെ സ്നേഹത്തെക്കുറിച്ചും അതിന്റെ കൂലിയായി മൂപ്പിലാന്റെ സമ്പാദ്യം നാലായി പങ്കുവച്ച ഉറ്റവരുടെ ആത്മാർത്ഥതയെക്കുറിച്ചും കുട്ടപ്പൻ ചുരുങ്ങിയ വാക്കുകളിൽ മൂപ്പരെ പറഞ്ഞു ധരിപ്പിച്ചു.
“ഇവർക്കൊക്കെ വേണ്ടിയാണോ മൂപ്പരേ ഇങ്ങളീ നാട്ടാരെ പിഴിഞ്ഞു ഇത്രേം സമ്പാദിച്ചത്”
കുട്ടപ്പൻ താക്കോൽ തിരിച്ചു മൂപ്പരുടെ മാലയിൽ കോർത്തുവച്ചു വികാരാധീനനായി കയറു ലക്ഷ്യമാക്കി തിരിച്ചു നടന്നു.
“കുട്ടപ്പാ ഇങ്ങടുത്തുവാ”
മൂപ്പരുടെ ആ വിളിയിൽ അവൻ അറിയാതെ നടന്നു അയാൾക്കടുത്തു വന്നു നിന്നു.
“കുട്ടപ്പാ എനിക്ക് വേണ്ടി നീ രണ്ടു കാര്യങ്ങൾ ചെയ്യണം “
കഴുത്തിലെ മാലയിൽ നിന്നും താക്കോൽക്കൂട്ടം ഊരിയെടുത്തു അവന്റെ കൈകളിൽ വച്ചുകൊണ്ട് മൂപ്പര് പറഞ്ഞു തുടങ്ങി.
“1- നിനക്കുള്ളത് നീയെടുത്തിട്ടു ബാക്കിയുള്ളതുകൊണ്ടു ഈ നാട്ടാർക്കു വേണ്ടി എന്തെങ്കിലും ചെയ്യണം.”
“2- കിട്ടൻ മൂപ്പര് ജീവിച്ചിരിപ്പില്ലാന്ന് ഇപ്പൊ തന്നെ നാട്ടാരെ മുഴുവൻ അറിയിക്കണം
കള്ളനാണെങ്കിലും എനിക്ക് നിന്നെ വിശ്വാസമാണ്”
കട്ടിലിൽ മരവിച്ചു കിടക്കുന്ന മൂപ്പരുടെ കാലിലെ തള്ളവിരലുകൾ ഉടുമുണ്ട് കീറി അവൻ ചേർത്തു കെട്ടി. എന്തോ പറയാൻ ബാക്കി വച്ചുകൊണ്ട് തുറന്നു പിടിച്ച വായ തലയോട്ടി ചേർത്തു മുറുക്കി കെട്ടി.
ഒരണ പോലും ബാക്കി വയ്ക്കാതെ കെട്ടിലാക്കി ഓട്ടിൻ മുകളിൽ കയറി അവൻ നീട്ടിയൊന്നു ഓരിയിട്ടു.
പാചകപ്പുരക്കു പിന്നിലെ വേസ്റ്റു കുഴിയിൽ നിന്നും ആർത്തിയോടെ മത്സ്യവും മാംസവും തിന്നുന്നതിരക്കിനിടയിൽ മരണം വിളിച്ചറിയിക്കാൻ മറന്ന പട്ടിക്കൂട്ടം അത് ഏറ്റുപിടിച്ചു.
വീടിനു ചുറ്റും കുറെയേറെ പട്ടികൾ നിരന്നു നിന്ന് ഓരിയിട്ടു. ഉറങ്ങിക്കിടന്നവരൊക്കെ ചാടിയെണീറ്റ് പരക്കം പാഞ്ഞു. അതിൽ ചിലർ കിട്ടൻ മൂപ്പരുടെ പടിഞ്ഞാറ്റയിലുമെത്തി. നാൽക്കാലികളാണല്ലോ മരണം ആദ്യം കാണുന്നത്. തികഞ്ഞ അഭ്യാസിയെപ്പോലെ കുട്ടപ്പൻ മരത്തിൽ നിന്നും മരത്തിലേക്ക് ചാടി ഇരുട്ടിലേക്ക് മറഞ്ഞു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.
പലചരക്കു കടക്കാരൻ പ്രകാശൻ ഇപ്പോഴും പെണ്ണുകാണൽ തുടർന്നുകൊണ്ടേയിരിക്കുന്നു. കർഷകർക്കും, വ്യവസായ സംരംഭകർക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ വയ്പ്പകൊടുക്കുന്ന, വിദ്യാർഥികളുടെ പഠനാവിശ്യത്തിന് പലിശരഹിത വായ്‌പ്പകൊടുക്കുന്ന പുതിയൊരു ബാങ്ക് അങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു.
ബാങ്കിന്റെ നെറ്റിയിൽ തൂങ്ങുന്ന ചുവന്ന ബോർഡിൽ വലിയ അക്ഷരങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
‘കൃഷ്ണൻ മൂപ്പർ ഫിനാൻസ്’
പ്രൊപ്രൈറ്റർ കുട്ടപ്പൻ.
കഥ തുടങ്ങാനിരിക്കുന്നതെയുള്ളൂ…
littnow.com
littnowmagazine@gmail.com
Shilpa
September 3, 2022 at 2:27 pm
Nalla rasayitt kadha paranju… ishtaayi 👍👍👍