കഥ
അധ്യായം മൂന്ന് ആലിയ
രജീഷ് ഒളവിലം
ചിത്രീകരണം _
സാജോ പനയംകോട്
ഒന്നും രണ്ടും അധ്യായങ്ങൾ നിങ്ങളെ പിടിച്ചിരുത്താൻ മാത്രം സംഭവ ബഹുലമല്ലാത്തതിനാലും, കണ്ടും കേട്ടും തഴമ്പിച്ച ക്ളീഷേ ജീവിതത്തിന്റെ നിറം മങ്ങിയ ഏടുകളായതുകൊണ്ടും ചട്ടങ്ങളെ തൃണവൽക്കരിച്ചുകൊണ്ട് നമുക്ക് കഥയെ അവരോഹണ ക്രമത്തിൽ വായിച്ചു തുടങ്ങാം.
അധ്യായം മൂന്ന് ആലിയ
ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് എന്ന സ്ഥിരം വാചകത്തെ തിരുത്തിയെഴുതിയ ഒരു രാത്രി.
കലങ്ങി മറിഞ്ഞ മനസ്സിനെ ലഹരികൊണ്ടു തോല്പിക്കാനുള്ള അശ്രാന്തമായ പരിശ്രമം . നാട്ടിലെ മെഡിക്കൽ കോളേജിന്റെ പിന്നാമ്പുറത്തു ഒറ്റപ്പെട്ടുകിടക്കുന്ന മോർച്ചറിയിൽ. ജഡങ്ങൾ വെട്ടിപ്പൊളിക്കുന്ന പാപ്പിച്ചായൻ മുതൽ, സിറ്റിയിൽ കൊട്ടേഷൻ പിടിച്ചു പള്ളക്ക് കത്തികയറ്റി ആൾക്കാരെ മേലോട്ടേക്കയക്കുന്ന വാറ് ദിലീപൻ വരെ ധൈര്യം കിട്ടാൻ വേണ്ടി മൂക്കറ്റം കള്ളുകുടിക്കാറുണ്ട്.
പക്ഷെ കള്ളുകുടിച്ചിട്ടും ബീഡി വലിച്ചിട്ടും എന്തൊക്കെത്തന്നെ ചെയ്തിട്ടും മരിക്കാനുള്ള ധൈര്യം മാത്രം വിവേകിന് കിട്ടിയില്ല എന്നതാണ് സത്യം. ഒടുക്കം ആ ശ്രമം ഉപേക്ഷിച്ച് ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പലായനം എന്ന ഉപായം തലയിലൂടെ മിന്നിമറഞ്ഞു പോയത്.
ദൂരെ റെയിൽ പാലത്തിലൂടെ നേരം വെളുക്കാറായെന്നു മുന്നറിയിപ്പ് നൽകിക്കൊണ്ട് ഒരു തീവണ്ടി ചിഹ്നം വിളിച്ചു കടന്നുപോയി.
ചുവന്ന തെരുവിലെ ഓരോ ഇടനാഴികൾക്കും പെണ്ണുടലിലെ പച്ചമാംസത്തിന്റെ ഗന്ധമാണ്, നടന്നു നടന്നു സ്ട്രീറ്റ് പത്തിൽ എത്തിയിരിക്കുന്നു. തെരുവിലേക്ക് കടന്നതും, വഴിയോര കച്ചവടക്കാരെ വെല്ലുംവിധം ഓരോ മുറികൾക്കുമുന്നിൽ നിന്നും അകത്തേക്ക് വിളിച്ചുകയറ്റാൻ കടിപിടി കൂടുന്ന സ്ത്രീകളെ കണ്ട് ഉള്ളൊന്നു അറച്ചു. ഇരുപതിന്റെ യവ്വനവും അറുപതിന്റെ വാർദ്ധക്യവും ഒരുപോലെ മത്സരിക്കുന്ന ഒരു പന്തയ നഗരിയിലൂടെ മടിച്ചു മടിച്ചുകൊണ്ടാണെങ്കിലും വിവേക് മുന്നോട്ടേക്ക് നടന്നു.
പെൺശരീരം വിറ്റുകിട്ടിയതിൽ പങ്കുപറ്റി തടിച്ചുകൊഴുത്ത ദല്ലാളൻമാരും ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ ചോരയൂറ്റാൻ നടക്കുന്ന ഇടനിലക്കാരും അവിടവിടെയായി റോന്തു ചുറ്റുന്നുണ്ട്. രത്നഗിരിക്കാരിയായ സാവിത്രി ബായി നടത്തുന്ന കേന്ദ്രത്തിലാണ് തനിക്ക് പോവേണ്ടത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഹരീഷ് പാണ്ഡെ, വഴിയൊക്കെ കൃത്യമായി പറഞ്ഞതാണ് പക്ഷെ ഈ തെരുവിനകത്തു കയറിയപ്പോമുതൽ വല്ലാത്തൊരു ശ്വാസം മുട്ടൽ അന്ധേരി മാർക്കറ്റിലെ അറവുശാലയിലൂടെ നടക്കുന്നതുപോൽ ഭീതിതമായ പ്രതീതി.
മുറിയിൽ നിരന്നു നിൽക്കുന്ന പെൺകുട്ടികളെക്കാണിച്ച് ഏതുവേണമെങ്കിലും തിരഞ്ഞെടുത്തോ എന്നും പറഞ്ഞു മുറുക്കിച്ചുവപ്പിച്ച ചുണ്ട് മലർത്തി സാവിത്രി ബായി വശ്യമായൊരു ചിരി ചിരിച്ചു. പ്രായം വീഴ്ത്തിയ നിഴൽപ്പാടുകൾക്കിടയിലും അവരുടെ നുണക്കുഴികൾ തെളിഞ്ഞു വന്നു.
മലയാളിതന്നെവേണമെന്ന വാശിയിൽ വിവേകും ഉറച്ചു തന്നെ നിന്നു.
പുതിയ ഇറക്കുമതിയാണ് വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ ഇതുവരെ ആർക്കും വഴങ്ങിയിട്ടില്ല. നിങ്ങള് ഒരേ ഭാഷക്കാരല്ലേ.? ഒന്ന് ശ്രമിച്ചു നോക്ക്.
അടഞ്ഞു കിടന്ന ഒരു മുറി ചൂണ്ടിയാണ് മറാത്തിയും ഹിന്ദിയും കലർന്ന ഭാഷയിൽ അവർ അത്രയും പറഞ്ഞത്.
മുറിയിലേക്ക് കേറുംമുന്നേ കാശ് എണ്ണിവാങ്ങുവാനും, നോക്കിയും കണ്ടുമൊക്കെ കൈകാര്യം ചെയ്യണം, ഞങ്ങൾക്ക് പണിയുണ്ടാക്കരുത് എന്നോർമ്മിപ്പിക്കുവാനും അവർ മറന്നില്ല.
പേടിക്കണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല.
എനിക്ക് നിന്റെ ഈ ശരീരത്തിൽ ഒരു താൽപ്പര്യവും ഇല്ല. പക്ഷെ എനിക്ക് പറയാനുള്ളത് നീ കേൾക്കണം, അനുസരണയോടെ നീ കേട്ടേ മതിയാവൂ…
മുറിയുടെ മൂലയിൽ മൂട്ടകൾ തിന്നുനശിപ്പിച്ച അഴുകിയ കിടക്കയിൽ പതുങ്ങിയിരുന്ന ആ പെണ്കുട്ടി എന്താണ് നടക്കുന്നത് എന്നറിയാതെ വിവേകിനെ തന്നെ നോക്കി മിഴിച്ചിരുന്നു.
അവൻ അരയിൽ തിരുകിവച്ചിരുന്ന മദ്യമെടുത്തു വായിലേക്ക് കമിഴ്ത്തി.
ഞാൻ വിവേക്, എന്താ തന്റെ പേര്..?
ആലിയ
അവൾ വിറക്കുന്ന ശബ്ദത്തിൽ ഉത്തരം നൽകി.
മലയാളിയായ അമ്മയ്ക്കും ഹൈദരാബാദ് കാരനായ അച്ഛനും ജനിച്ച മകൾ. ഒരു പ്രണയക്രിയയുടെ ശിഷ്ട്ടം.
ആഹാ.. കറുപ്പഴക്, മാൻ മിഴി, മധു മൊഴി…
ഇങ്ങനെയൊരാളെയാണ് ഞാനും നോക്കിയിരുന്നത്
അവൻ അവളിലേക്ക് ചേർന്നിരുന്നു.
മദ്യത്തിന്റെ അറപ്പിക്കുന്ന ഗന്ധം. അവൾ മറുവശത്തേക്ക് തലവെട്ടിച്ചു.
സൗ സാല് പെഹലെ ഹമേ തുംസെ പ്യാർ ഹേ…. എന്റെ മുടിയിലൂടൊന്നു തലോടാമോ..?
അവളുടെ മടിയിൽ തലചായ്ച്ചുകൊണ്ട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ കെഞ്ചി.
എന്നെ ഉപദ്രവിക്കരുത് എനിക്കിതൊന്നും പറ്റില്ല.
അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ നിന്നടർന്നു വീണ ഒരു തുള്ളി അവന്റെ കവിളിലൂടെ ചാലുകീറിയൊഴുകി ചുണ്ടുകളിൽ ഉപ്പിച്ചു.
ഉറക്കിലേക്ക് വഴുതിവീഴാനിരുന്നവനെ നിസ്സഹായതയുടെ ഉപ്പ് വീണ്ടും ഉണർത്തി.
നിനക്ക് സ്നേഹിക്കാൻ അറിയാമോ..?
അവന്റെ മുടിയിഴകളിലൂടെ തടവിക്കൊണ്ടു അവൾ ഇല്ലെന്ന് തലയാട്ടി.
അറിയില്ലെങ്കിലും സ്നേഹിക്കണം.. ചുമ്മാതല്ല, ഞാൻ പണമെണ്ണിക്കൊടുത്തിട്ടാ ഇങ്ങോട്ടു കയറിയത്…
കറിയിൽ ഉപ്പില്ലെന്ന് പറഞ്ഞു അമ്മയോട് കയർക്കുന്ന, താനൊരിക്കലും ഇഷ്ട്ടപ്പെടാത്ത അച്ഛന്റെ മുഖമായിരുന്നു അവനപ്പോൾ.
അവൾ പേടിയോടെ അതേയെന്നു തലയാട്ടി.
പുറകിലെ ചുവരിൽ തൂങ്ങി പഴകി പൊടിപിടിച്ചു കിടന്ന ക്ലോക്കിന് പിന്നിൽ പതിയിരുന്ന ഒരു പല്ലി പറന്നു നടന്ന പാറ്റയെ പിടിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു പിടിവിട്ട് താഴെവീണു.
പേടിച്ചോ..?
മറുപടിയില്ലാതെ അവളവനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
പേടിക്കണ്ട, ഞാനിങ്ങനെയേ അല്ല… ആവുകയും ഇല്ല. കാരണം ഇങ്ങനെയായാൽ ഞാൻ പിന്നെ ഞാനല്ലാതായിപ്പോവും. ഇനി പറ നിനക്ക് സ്നേഹിക്കാൻ കഴിയുമോ…
ഇപ്പോഴവന് വികൃതി കാട്ടി പിടിക്കപ്പെട്ട ഒരു കൊച്ചു കുഞ്ഞിന്റെ ഭാവമാണ്.
അവന്റെ മുടിയിഴകളിൽ( വിറയലോടെങ്കിലും) തഴുകി നടന്ന അവളുടെ വിരലുകൾ കഴിയും എന്ന് മറുപടി നൽകി.
സൗ സാല് പെഹലെ……. അവൻ പാടിക്കൊണ്ടേയിരുന്നു. ഇനി പാട്ട് കഴിഞ്ഞാവാം കഥ.
അത്രയും സമയം മുറിയുടെ മൂലയിൽ പതുങ്ങിയിരുന്ന് എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന പിങ്കി എന്ന് ഓമനപ്പേരുള്ള പൂച്ച മാത്രം അവന്റെ പാട്ട് ശ്രദ്ധിക്കാതെ പിടിവിട്ട് താഴെ വീണ പല്ലിയെ എങ്ങനെ പിടിക്കാം എന്ന് ചിന്തിച്ചുകൊണ്ടിരുന്നു.
ഒരു അധ്യാപകയ്ക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ആരതിയിൽ ഉണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ചുരുക്കി പറഞ്ഞാൽ കൂട്ടുകാരികൾക്കും, വിദ്യാർത്ഥി(നി)കൾക്കും റോൾ മോഡൽ തന്നെയാണ് അവൾ. സകലകലാ വല്ലഭ, മധുരമായി സംസാരിക്കുന്നവൾ, മതിവരുവോളം വായിക്കുന്നവൾ, ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവൾ, മനോഹരമായി കവിതകളെഴുതുന്നവൾ. ഇത്തിരി അസൂയയോടെ ആണെങ്കിലും അത്രയേറെ അഭിമാനത്തോടെ തന്നെയാണ് വിവേക് തന്റെ ജീവിത പങ്കാളിയെക്കുറിച്ചു എല്ലാരോടും പറഞ്ഞു നടന്നിരുന്നതും.
നോക്ക് വിവേക്, പക്വതയില്ലാത്ത പ്രായത്തിലാണ് ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയത്. അന്ന് പറഞ്ഞുപോയ വാക്കിന്റെ ഒറ്റ കാരണത്തിലാണ് ഇന്ന് ഞാൻ നിന്നെ കല്യാണം കഴിച്ചിരിക്കുന്നത്. രാജിസ്ട്രാഫിസിൽ ഇട്ട ഒരൊപ്പിന്റെ ബലത്തിൽ നിന്റെ ആണധികാരം പുറത്തെടുക്കാനാണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ ആ നിമിഷം തീരും നമ്മൾ തമ്മിലുള്ള ബന്ധം…
കല്യാണം കഴിഞ്ഞു നാലാം നാൾ സെക്സ് ചെയ്യണം എന്നാവശ്യപ്പെട്ട എന്നോട് അവൾ പ്രതികരിച്ചത് അങ്ങനെയായിരുന്നു.
ഞാനും പെണ്ണിസത്തിന്റെ കട്ട ഫാൻ ആയതോണ്ടു ആ ഡയലോഗുകൾ എന്നെ ചൊടിപ്പിക്കുന്നതിന് പകരം കോരിത്തരിപ്പിക്കുകയാണ് ചെയ്തത്. ആ നിമിഷത്തിൽ ഞാൻ രതി മറന്നു എന്നതാവും സത്യം.
വിവേക് അത്രയും പറഞ്ഞതും ആലിയ ഇളകിയിളകി ചിരിച്ചു. ഇളക്കത്തിൽ അവന്റെ മുഖത്തു തട്ടിയുരുമ്മിയ അവളുടെ മാറിടം അവനിൽ ഒരു വികാരവും ജനിപ്പിച്ചില്ല. മടിയിൽനിന്നും തലയിളക്കാതെ അവനാ ചിരി ആസ്വദിച്ചു.
ധ്രുവങ്ങൾ എത്രയോ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നിട്ടും അവയ്ക്ക് തമ്മിൽ എന്തോരം സാമ്യങ്ങളാണ്.
ഞാൻ ഇത്രേം ഗൗരവത്തിൽ ഒരു കാര്യം പറയുമ്പോ നീ ചിരിക്കുകയാണോ…
ഏയ് ഇല്ല… ഇയാള് പറ
ഇനിയധികമൊന്നും പറയാനില്ല. അവൻ മുഖം കറുപ്പിച്ചു എഴുന്നേൽക്കാനോങ്ങി.
ഇനി ചിരിക്കില്ല സത്യം … ബാക്കി പറഞ്ഞോളൂ അവന്റെ തല മടിയിലേക്ക് തന്നെ വച്ചുകൊണ്ട് അവൾ സത്യം ചെയ്തു.
അപ്പൊ നിങ്ങൾക്കിടയിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടേയില്ലേ..?
കൂടെ ജീവിച്ച ചുരുങ്ങിയ കാലംവരെ ഉണ്ടായിട്ടില്ല എന്നുപറയുന്നതാവും സത്യം.
അപ്പൊ അതാണല്ലേ ഇവിടെ വന്നു കയറിയത്..?
അവൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്തതുപോൽ അവളവന്റെ കണ്ണുകളിലേക്ക് കൗതുകത്തോടെ നോക്കി.
അതിനുമൊക്കെ മുന്നേ വേണ്ട മറ്റെന്തൊക്കെയോ ഉണ്ടല്ലോ ആലിയാ
അവൻ അവളെ ചേർത്തുപിടിച്ചു.
മുറിക്ക് പുറത്ത് സാവിത്രി ഭായിയുടെ കച്ചോടം പൊടിപൊടിക്കുന്നുണ്ട്. ആൺശബ്ദങ്ങളും പെൺശബ്ദങ്ങളും മാറിമാറി മുറികൾ തേടിപ്പോവുന്നത് ആ നിശബ്ദതയിൽ അത്രയേറെ വ്യക്തമായിരുന്നു.
ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഇല്ലാത്ത ഒരാളുടെ കൂടെ ജീവിക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന ഒരു പെണ്ണിനു സാധിക്കുന്ന കാര്യമാണോ..? പറ ആലിയാ…
അവൾ, അല്ലെന്ന് വളരെ പതിയെ തലയാട്ടി.
പല്ലിയെ പിടിക്കാനുള്ള ശ്രമത്തിനിടെ വെള്ളം കുടിച്ചൊഴിഞ്ഞ മൺകൂജ തട്ടി താഴെയിട്ടു തകർത്ത പിങ്കി ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും മുറിയുടെ മൂലയിൽ തന്നെ പോയി ഇരിപ്പുറപ്പിച്ചു.
ബിസിനസ്സൊക്കെ പൊളിഞ്ഞു കടം കയറി പണ്ടാരമടങ്ങി നിക്കുമ്പോഴാണെടോ അവളത് പറഞ്ഞത്.
അവന്റെ കണ്ണുകൾ നിറയുന്നു എന്ന് കണ്ടത് കൊണ്ടാവാം, പൊട്ടിയ പാത്രത്തുണ്ടുകൾ പെറുക്കിക്കൂട്ടുന്നതിനിടയിലും ചുണ്ടുകൾ കൊണ്ട് ആലിയ ആ കണ്ണുനീർ തുള്ളികൾ ഒപ്പിയെടുത്തത്.
എന്നിട്ട്..?
അവൾ ഡിവോഴ്സ് ആവശ്യപ്പെട്ടു.
നിങ്ങൾ ഡിവോഴ്സ് ആയോ?
ആവും.
ആലിയയുടെ വിരലുകളിപ്പോൾ നേരത്തെതിനേക്കാൾ മൃദുവായിരിക്കുന്നു.
ഇപ്പോഴവരെ കാണാറില്ലേ..?
ഇല്ല.. ഞങ്ങൾ അവസനാമായി കണ്ട ദിവസം അവളോട് ഞാൻ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ.
എന്താത്….?
എന്റെ കണ്ണുകളിലേക്ക് ഒരേയൊരുവട്ടം പ്രണയാർദ്രമായൊന്ന് നോക്കാൻ, എന്റെ നെറ്റിതടത്തിൽ ഒരു തവണയെങ്കിലും സ്നേഹത്തോടൊന്നു ചുംബിക്കാൻ നഷ്ടമായിപ്പോയ പ്രണയത്തിന്റെ അവസാന ഓർമ്മകളിൽ സൂക്ഷിക്കാൻ എനിക്കതെങ്കിലും ആവശ്യമായിരുന്നു.
അവരത് ചെയ്തോ..?
ഇല്ല.. അവൾ തിരിഞ്ഞു നടന്നു.
ഇരുട്ട് മുറിയിലെ വവ്വാലുകളുടെ ചിറകടി ശബ്ദത്തെ അനുസ്മരിപ്പിച്ചുകൊണ്ടു വാതിലിൽ ആരോ ശക്തിയായി തട്ടിക്കൊണ്ടിരിക്കുന്നു.
ഏയ് മലബാറി ഭായ്.. ടൈം ഹോ ഗയാ.. ബാഹർ നികലോ…
അനുവദിക്കപ്പെട്ട സമയം കഴിഞ്ഞെന്ന് സവിത്രിബായി വിളിച്ചോർമ്മിപ്പിച്ചു.
ആ സാമ്രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കാൻ മാത്രം ശക്തനല്ല താൻ എന്ന ബോധം ഉള്ളതിനാൽ വാതിൽ ലക്ഷ്യമാക്കി നടക്കാനൊരുങ്ങിയ വിവേകിനെ അവൾ പിടിച്ചു നിർത്തി.
സൗ സാല് പെഹലെ…… ഹമേ തുംസേ……
അവന്റെ ഇഷ്ടഗാനം മൂളിക്കൊണ്ടു ചുവന്നു കലങ്ങിയ കണ്ണുകളിലേക്ക് പ്രണയാർദ്രമായൊന്ന് നോക്കി,
മുഖം താഴേക്ക് കുനിച്ച് അവന്റെ നെറ്റിതടത്തിൽ സ്നേഹത്തോടെ ചുംബിച്ചു.
സമയമായി പൊയ്ക്കോ…
നോക്കിയിരിക്കെ ചുറ്റിലും നിറഞ്ഞു വന്ന ഇരുട്ട് ചുവപ്പായി രൂപാന്തരം പ്രാപിച്ചു. വീശിയടിച്ച കാറ്റിൽ ജനൽപ്പാളികളും കതകുകളും കിടുകിടാ വിറച്ചു. സാവിത്രി ബായിയും മറ്റുപെൺകുട്ടികളും നോക്കിനിൽക്കെ വിവേക് ആലിയയുടെ കൈകൾ പിടിച്ചു പുറത്തേക്ക് നടന്നു. തെരുവിൽ തടഞ്ഞു നിർത്താനെത്തിയ കശാപ്പുകാരെ അമാനുഷിക ശക്തിയുള്ള അഭ്യാസിയെപ്പോലെ അവൻ തുരത്തിയോടിച്ചു.
തെരുവിനുപുറത്തു വിശാലമായ പുൽമൈതാനിയിൽ കെട്ടിപ്പുണർന്നു നിൽക്കുന്ന ‘അവനും’ ‘അവൾക്കും’ മീതെ പുലർകാല സൂര്യൻ ചെങ്കിരണങ്ങൾ വർഷിച്ചു.
ഒരു നിമിഷം, ഒരേയൊരു നിമിഷം.
അവർ ഒരുമിച്ചു കണ്ട സ്വപ്നം മുഴുമിക്കാൻ അനുവദിക്കാതെ രണ്ട് മല്ലന്മാർ വാതിൽ തല്ലിത്തുറന്നു അകത്തേക്ക് കയറി. അവളിൽനിന്നും അവനെ അടർത്തിയെടുത്തു മുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു.
പാറ്റ ക്ലോക്കിന്റെ ചില്ലിലിരുന്നും, പല്ലി വാതിൽപ്പടിക്ക് മുകളിലിരുന്നും, പിങ്കി അവളുടെ സ്വ ഇടത്തിൽ ഇരുന്നും ദയനീയമായി അവനെ നോക്കി.
ഇത് അറവ് ശാലയാണ് മോനെ, ഇവിടെ ഹൃദയം വിൽക്കപ്പെടില്ല. ഇറച്ചിക്ക് മാത്രം വിലപറയുക.
ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ മുറുക്കാൻ ചാറ് തുടച്ചുകൊണ്ടു സാവിത്രി ബായി അവന് താക്കീത് നൽകി.
വിവേക് നിങ്ങൾ പൊയ്ക്കൊള്ളു…
അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ അവൻ തിരിഞ്ഞു നടന്നു. കഥകളിലും സിനിമകളിലും മാത്രമേ നായകൻ അമാനുഷികനാവുന്നുള്ളൂ. ജീവിതത്തിൽ അവന്റെ പോരായ്മകളെ പേറിക്കൊണ്ടുതന്നെ അവൻ ജീവിച്ചേ മതിയാവൂ.
കാലത്തിന് ചിതലിരിക്കാൻ കഴിയാത്ത ഉറപ്പുള്ള താളുകളിൽ ആലിയ എന്ന അധ്യായം എഴുതിചേർത്തുകൊണ്ട് അവൻ ആ തെരുവിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഇനിയെത്ര അധ്യായങ്ങൾ കൂട്ടിച്ചേർക്കാനിരിക്കുന്നു. ജീവിതമേ നിനക്ക് നടുവിരൽ നമസ്ക്കാരം.
littnow
You must be logged in to post a comment Login