കഥ
കവിതാ സായാഹ്നം

ശ്രീനി ഇളയൂര്
ചില ഭാഗ്യനിമിഷങ്ങള്‍ നമുക്ക് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. എന്റെ മുമ്പിലേക്കുള്ള ശശാങ്കന്റെ വരവും അപ്രകാരമായിരുന്നു. ഒന്നിച്ചു പഠിച്ചവ രില്‍ കത്തി ജ്വലിച്ചു നില്ക്കുന്നവരില് ഒരാളാണ് ശശാങ്കന്. പഠനം കഴിഞ്ഞപ്പോള്‍ ഒന്നുമാലോചിക്കാതെ ഒരൊറ്റ പോക്ക്. ഗള്‍ഫില്‍നിന്ന് രണ്ടരവര്‍ഷം കഴിഞ്ഞിട്ടാണ് ആദ്യവരവുണ്ടായത്. പഴയ സുഹൃത്തുക്കളെയൊക്കെ തേടിപ്പിടിക്കാനും ഒന്നിച്ചാഘോഷിക്കാനും ആദ്യവരവില്‍ നല്ല ആവേശമായിരുന്നു. ക്രമേണ വരവിന്റെ പൊലിമ കുറഞ്ഞുതുടങ്ങി. വരുന്നതും പോകുന്നതുമൊന്നും സുഹൃത്തുക്കളാരും അറിയാത്ത അവസ്ഥവരെ എത്തി. ആ ശശാങ്കനാണ് നഗരമധ്യത്തിലെ സൂപ്പര്മാര്ക്കറ്റിനുമുന്നില്കാണാത്ത മട്ടില്‍ നില്‍ക്കുന്നത്. നേരെ മുമ്പില്‍ചെന്ന് ഒറ്റവിളിയാണ്,
ശശാങ്കാ….!
ഞങ്ങള്‍ സംസാരിക്കാനായി ഒഴിഞ്ഞൊരിടത്തിലേക്ക് മാറിനിന്നു. ശശാങ്കനാണ്പറഞ്ഞത് നമുക്കൊരു കാപ്പി കുടിച്ചുകൊണ്ട് സംസാരിക്കാം.
കാപ്പിയോ..? നമുക്ക് സ്മാളെന്തെങ്കിലും കഴിച്ച് സംസാരിക്കാം. കാപ്പിക്കടയിലൊക്കെ ഭയങ്കര തെരക്കായിരിക്കും. ഇവിടെ സമാധാനമായി സംസാരിച്ചിരിക്കാന്പറ്റുന്ന റൂഫ്ടോപ് ബാറുണ്ട്. നമുക്കങ്ങോട്ടു പോകാം.
പോയകാല സൗഹൃദങ്ങള്‍ പങ്കിടാന്‍ ഏറ്റവും അനുയോജ്യമായ ഇടം ബാര്ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല ആ റൂഫ് ടോപ് ബാറില്പണ്ടൊരു സുഹൃത്ത് കൊണ്ടുപോയതിനുശേഷം ഇതുവരെ കേറാനൊരു അവസരമുണ്ടായിട്ടില്ല.
ടോപ്പിലെത്തിയപ്പോള്‍ ശശാങ്കന് ചോദിച്ചു.
നില്പന് പോരേ..?
ഏയ്, അതാകുമ്പോള്‍ സംസാരത്തിനൊരു സുഖമുണ്ടാവില്ല. നമുക്കേതെങ്കിലുംമൂലയില് പോയി ഇരുന്നു സംസാരിക്കാം.
ഗോപീഷേ, നിനക്ക് പണ്ടത്തെപ്പോലെ പാട്ടുപാടി അടിക്കണമായിരിക്കും. ആസ്വഭാവമൊന്നും മാറിയിട്ടില്ലല്ലോ.
മദ്യപിച്ചാല്‍ എനിക്ക് പാട്ടുപാടണം. വലിയൊരു ഗായകനാവണമെന്ന ചെറുപ്പംമുതലുള്ള എന്റെ ആഗ്രഹം ഞാന്‍ സഫ ലമാക്കുന്നത് മദ്യപാനവേളയിലാണ്. ആത്മവിശ്വാസത്തോടെ അപ്പൊഴേ പാടാന്‍ പറ്റൂ.
ലഹരി അകത്തുചെന്നാല്‍ എന്റെ മറ്റൊരു ലഹരി പുറത്തുവരും. അത് പാട്ടിന്റെ രൂപത്തിലാവുമെന്നുമാത്രം. നീ പലവട്ടം കേട്ടിട്ടുള്ളതല്ലേ എന്റെ പാട്ടുകള്‍..?
ഞങ്ങള്‍ ബാറിന്റെ ഒരു ഇരുണ്ടമൂല തെരഞ്ഞെടുത്തു. നാലുനിലകള്‍ക്ക് മുക ളിലാണ് ബാര്‍. ഇവിടിരുന്ന് നോക്കിയാല്‍ നഗരത്തിരക്കുകള്‍ കണ്ടാസ്വദിക്കാം. നഗരംപതുക്കെ പ്രകാശപൂരിതമായി തുടങ്ങുന്നേ ഉള്ളൂ. തെരുവുവിളക്കുകള്‍ കണ്മിഴിച്ചുതുടങ്ങി.
ഞാന്‍ ശശാങ്കന്റെ ആദ്യ വരവിലുണ്ടായിരുന്ന ആഘോഷങ്ങളെക്കുറിച്ചോര്ത്തു.
കാര്യങ്ങളൊക്കെ വല്ലാതെ കീഴ്മേല്‍മറിഞ്ഞിരിക്കുന്നു.എനിക്കൊരു വോഡ്ക മതി. ഗോപീഷിനോ..?
വോഡ്കയോ..? ശരി, എനിക്കും വോഡ്ക മതി. ഓരോ മാജിക് മൊമന്റ്സ്പോരട്ടെ.
ഞങ്ങള്‍ സംസാരം തുടങ്ങി. ശശാങ്കന് തന്റെ ഗള്‍ഫ് ബിസിനസ്സില്വന്ന അപചയങ്ങളെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. സത്യത്തില്‍ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. പാരലല്‍ കോളേജിലെ നിത്യക്കൂലിക്കാരന് എന്തനുഭവങ്ങളെടുത്ത് വിളമ്പും.
പാട്ടുപാടരുത് എന്ന് മനസ്സില്‍ കരുതിയിരുന്നു. അത് തന്റെ ഒരു ദൗര്‍ബ്ബല്യമാണ്.സുഹൃത്തുക്കള്‍ പലരും പരിഹാസത്തോടെയാണ് തന്റെ പാട്ടുകള്‍ കേള്ക്കാറുള്ളത്എന്നറിയാം. പക്ഷേ, രണ്ടു പെഗ്ഗ് അകത്തുചെന്നപ്പോള്‍ തീരുമാനമെടുത്തതെല്ലാംവിസ്മരിച്ച് ഞാന്‍ പാടിത്തുടങ്ങി. കാല്പനികത നിറഞ്ഞ പഴയകാല പ്രേമഗാനങ്ങളാണ് താന്‍ പാടാറുള്ളത്. മിക്കവാറും വിരഹഗാനങ്ങള്‍. കാമൂകീകാമുകന്മാരുടെ അവസാന യാത്ര പറച്ചിലിന് അകമ്പടിയായുള്ള പാട്ടുകളാണ് തന്റെ വീക്ക്നെസ്സ്.
ശശാങ്കന് മേശമേല്‍ കൈകൊണ്ട് താളമിട്ടുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഇതില്‍ നിര്‍ത്താം. മൂന്നാമത്തെ പെഗ്ഗ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ശശാങ്കന്പറഞ്ഞു. ഇനിയും കഴിച്ചാല്‍ വീട്ടില്‍ അലമ്പാവും.എനിക്ക് ഒന്നുകൂടി വേണം. ഞാന്‍ പറഞ്ഞു. ഒരു ഗള്ഫുകാരന് സുഹൃത്തിനെകൈയില് കിട്ടിയിട്ട് നാലെണ്ണമെങ്കിലും കഴിക്കാതെ വിട്ടയച്ചെന്ന് സുഹൃത്തുക്കള്അറിഞ്ഞാല് നാണക്കേടല്ലേ.സംസാരം എന്റെവിവാഹക്കാര്യത്തിലേക്ക് കറങ്ങി ത്തിരിഞ്ഞു വന്നതെങ്ങനെയെന്നെനിക്കറിയില്ല. അതിലേക്കെത്താതെ നോക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുള്ളതാണ്. ശശാങ്കന്റെ ചോദ്യത്തോടെ ഞാന്‍ പാട്ടുപാടുന്നത് നിര്‍ത്തി. എന്തു മറുപടിയാണ് കൊടുക്കേണ്ടതെന്നാലോചിച്ചു.
നഷ്ടപ്രണയ ങ്ങളും അപമാനങ്ങളും നിരാശയും തിക്താനുഭവങ്ങളുമൊക്കെഎന്നെ വിഴുങ്ങിക്കളഞ്ഞു. ഞാന്‍ നിസ്സഹായനായി മൗനം പാലിച്ചു. ഒരു പൊങ്ങുതടി പോലെയായിരുന്നു എന്റെ മനസ്സ്.അപ്പോഴാണ് ഒരു പാട്ടിന്റെ നേര്‍ത്ത അലയടികള്വന്ന് എന്റെ കാതിനെ തഴുകിയത്. ഈ ബാറില്‍ ഇപ്പോള്‍ മറ്റൊരാള്‍ പാടുന്നുണ്ട്. അത്ര ഉറക്കെയൊന്നുമല്ല. മൂന്നോ,നാലോ ടേബിളിനപ്പുറം ആരോ ഒരാള്‍ പാടുന്നു. ശ്രുതിമധുര ശബ്ദമൊന്നുമല്ലെങ്കിലും കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. ഞാന്‍ ശശാങ്കനോട് നിശ്ശബ്ദനാകാന്‍ ആംഗ്യംകാണിച്ച് പാട്ട് ശ്രദ്ധിച്ചു.
ഛേ, എന്താണിയാളീ പാട്ട് തെറ്റിച്ചു പാടുന്നത്..? ഞാന്‍ ഉറക്കെ ചോദിച്ചു.
ഗോപീഷേ, ഒന്നു പതുക്കെ.
നീ കേട്ടില്ലേ..? ആ പാട്ടിനെ ഇങ്ങനെ അപമാനിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.സുതാര്യ സുന്ദര മേഘങ്ങള്‍ വിരിയും നിതാന്ത നീലിമയില്‍… എന്ന് മേഘങ്ങള്വിരിയുകയാണത്രേ.ഗോപീഷേ, നീ എവിടെ പോകുന്നു..? വേണ്ട ഗോപീഷേ. ആരെങ്കിലുംഎങ്ങിനെയെങ്കിലും പാടട്ടെ. നിനക്കെന്താ..? നീ അവിടിരിക്ക്. നിന്നെ പോകാന്‍ ഞാന്‍സമ്മതിക്കില്ല. ഇത് ബാറാണ്. ഇവിടെ പല തരത്തിലുള്ള ആള്‍ക്കാരുണ്ടാവും. അവരുടെ സ്വകാര്യതയിലേക്ക് നമ്മള് തലയിടരുത്.
ഇതങ്ങനെയാണോ..? നമ്മളേറെ ഇഷ്ടപ്പെടുന്നൊരു പാട്ട് ഇങ്ങനെ തെറ്റിപ്പാടുന്നത് കേട്ടിരിക്കണമെന്നോ..? പാട്ടിനെ സ്നേഹിക്കുന്ന ഒരാള്‍ക്കും ഇത് സഹിക്കാനാവില്ല. അതുനടക്കില്ല ശശാങ്കാ. നീ ഇവിടിരി, ഞാനിപ്പോ വരാം.
എന്നെ തടയാന്‍ ശ്രമിച്ച ശശാങ്കന്റെ കൈ തട്ടിമാറ്റി ഞാനാ പാട്ടിന്റെ പ്രഭവകേന്ദ്രമന്വേഷിച്ച് ചുറ്റും കണ്ണോടിച്ചു. നാല് മേശകള്‍ക്കപ്പുറം കണ്ണടവെച്ച ഒരു താടിക്കാരനാണ് പാടുന്നത്. ആള്‍ക്ക് കുറച്ച് പ്രായമുണ്ട്. അയാള്‍ പാടുന്നതു കേട്ടുകൊണ്ട്മറ്റൊരാള് എതിര്വശത്തിരിക്കുന്നുണ്ട്.
ഞാന്‍ പതുക്കെ ബാലന്‍സ് നേരെയാക്കി കസേരകളില്പിടി ച്ചുകൊണ്ട് ഓരോഅടിയായി മുന്നോട്ടുവെച്ച് താടിക്കാരന്റെ മുന്നി ലെത്തി.
ഞാനിവിടെ ഇരുന്നോട്ടെ..? ഞാന്‍ ചോദിച്ചു.
രണ്ടുപേരും അമ്പരന്ന് എന്നെ നോക്കി. ഏതാണീ അവതാരം എന്ന മട്ടില്‍. ഞാന്പറഞ്ഞു. നിങ്ങളുടെ പാട്ടുകേട്ട് വന്നതാണ്. പാട്ടെനിക്കിഷ്ടമായി. പക്ഷേ, ഇങ്ങനെവരികള് തെറ്റിച്ചു പാടരുത്. അത് പാട്ടിനെ അപമാനിക്കലാണ്.
പാട്ട് എങ്ങനെ തെറ്റിച്ചു പാടീ എന്നാണ് നിങ്ങള്‍ പറയുന്നത്..?
ആ വരിയില്ലേ… ഞാന്‍ പാടിക്കൊടുത്തു.
സുതാര്യസുന്ദരമേഘങ്ങള് അലിയും
നിതാന്ത നീലിമയില്‍……
കവി മേഘങ്ങള്‍ അലിയും എന്നെഴുതിയപ്പോള്‍ നിങ്ങളെന്താ പാടിയത്..? മേഘങ്ങള്‍ വിരിയും എന്ന്. ഇങ്ങിനെയൊക്കെ പാടിയാല്‍ പാട്ടിനെ ഇഷ്ടപ്പെടുന്നവര്ക്ക്സഹിക്കാനാകുമോ.? ഞങ്ങളൊക്കെ ഹൃദയത്തിലേറ്റി നടക്കുന്ന പാട്ടാണിത്.
ഓ… അങ്ങിനെയാണല്ലേ. സോറി. ഓര്‍മ്മയില്‍ നിന്നെടുത്തു പാടിയപ്പോള്തെറ്റിയതാകും. നിങ്ങള്‍ പറഞ്ഞതുതന്നെയാണ് ശരി. ഇനി പാടുമ്പോള്‍ അലിയും എന്നേ പാടുന്നുള്ളൂ. ഏതായാലും ഇതുവരെ വന്നില്ലേ. ഇനി നിങ്ങളാ പാട്ടൊന്നു പാടൂ…
ഞാന്‍ പാടിത്തുടങ്ങി…
സുന്ദരീ….. ആ…… സുന്ദരീ…….
നിന് തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടി…
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു….
താടിക്കാരന് കയ്യടിച്ചു.
എന്നാല്‍ ഞാന്‍ അങ്ങോട്ടു പൊയ്ക്കോട്ടെ.ഞാന്‍ എന്റെ ടേബിളിനു നേരെവിരല്ചൂണ്ടി. ശശാങ്കന് അക്ഷമനായി എന്നോടു തിരിച്ചുവരാന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
പോകുന്നതിനുമുമ്പ് ഞങ്ങളോടൊപ്പം ഒരു ഡ്രിംഗ്സ് കഴിക്കുന്നോ..?അയാള്ചോദിച്ചു.
ഓ, വേണ്ട. കോക്ടെയിലാവണ്ട.
പേരെന്താ..? എന്തു ചെയ്യുന്നു..?
എന്റെ പേര് ഗോപീഷ്. പാരലല്‍ കോളേജില്‍ വാധ്യാരാണ്.
അവസാനത്തെ പല്ലവികൂടി ഒന്നു പാടിയിട്ടു പോകൂ.
ഞാന്‍ സമ്മതിച്ചു.
മൃഗാംഗ തരളിത മൃണ്മയ കിരണം
മഴയായ് തഴുകുമ്പോള്‍…
ഒരു സ്വര സീരുഹ സൗപര്‍ണികയില്‍
ഒഴുകീ ഞാനറിയാതെ… ഒഴുകീ ഒഴുകീ ഞാനറിയാതെ… സുന്ദരീ…
അല്ല, ഗോപീഷ് പാടിയതും തെറ്റി യല്ലോ. ഇങ്ങനെ തെറ്റിപ്പാടുന്നത് പാട്ടിനെ
അപമാനിക്കലല്ലേ..?
ഞാനോ, തെറ്റിപ്പാടിയെന്നോ..? ഇയാള്‍ വെറുതെ പകരം വീട്ടുകയാണ്. ഏതുവരിയിലാണ് എന്റെ പാട്ടില്‍ തെറ്റ് വന്നത്?
ഗോപീഷേ, ചെറിയൊരു തെറ്റ് തനിക്കും പറ്റി. താന്‍ പാടിയത് സ്വരസിരൂഹസൗപര്ണികയില് എന്നാണ്.
എന്താ, അങ്ങനെയല്ലേ..? അല്ല, കവി എഴുതിയത് സരസിരൂഹ സൗപര്‍ണികയില്‍ എന്നാണ്. സരസിരൂഹം എന്നുപറഞ്ഞാല്‍ താമര എന്നാണര്‍ത്ഥം. സ്വരസിരൂഹ എന്നത് അര്ത്ഥമില്ലാത്തവാക്കാണ്.
ഞാന്‍ വല്ലാത്തൊരു വിഷമസന്ധിയിലായി. ഇയാളോട് തര്‍ക്കിച്ച് ജയിക്കണമെങ്കില്‍ തനീക്കീ രണ്ടു വാക്കുകളും നന്നായി അറിയണം. ഏതാണ് ശരി..? എന്തായിരിക്കും കവി ഉദ്ദേശിച്ചത്..? താന്‍ അപമാനിതനായോ..?
ഇതെങ്ങനെ നിങ്ങള്‍ക്ക് പറയാനാവും..? യഥാര്‍ത്ഥത്തില്‍ കവി ഉദ്ദേശിച്ചത് സ്വരസിരൂഹ എന്നുതന്നെ ആണെങ്കിലോ..? ഞാന്‍ പിടിച്ചു നില്ക്കാനൊരു ശ്രമം നടത്തി.
പാട്ടെഴുതിയത് എം.ഡി രാജേന്ദ്രനല്ലേ. അയാള്‍ സരസീരുഹം എന്നാണെഴുതിയത്.
എം.ഡി രാജേന്ദ്രനാണ് പാട്ടെഴുതിയത് എന്നത് എനിക്കും അറിയാം. പക്ഷേ
അയാള്‍ ഇങ്ങിനെയാണെഴുതിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഞാന്‍ തീര്‍ത്തും നിരായുധനായിപ്പോയി. ഒരു പാട്ടിന്റെ തെറ്റ് തിരുത്താന്‍ വേണ്ടി ആവേശപൂര്‍വ്വം വന്നപ്പോള്‍ ഇതാ മൂക്കുംകുത്തി നിലത്തുവീണുകിടക്കുന്നു. എന്റെഉള്ളില്‍ നുരഞ്ഞുകയറിക്കൊണ്ടിരുന്ന മാജിക്മൊമെന്റ്സ് എന്നെ പിടിച്ചുനില്ക്കാന്പ്രേരിപ്പിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു.
തല്ക്കാലം ഞാന്‍ നിങ്ങള്‍ പറയുന്നത് കേട്ടു പോകാം. പക്ഷേ ഞാനത് ഒരിക്കലും വിശ്വസിക്കുന്നില്ല. കവി ഒരിക്കലും അങ്ങനെ എഴുതാന്‍ വഴിയില്ല.
ഞാനെന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. ഞാന്‍ ശശാങ്കനെ കൈകാട്ടി വിളിച്ചു.
ശശാങ്കന്റെ കൈപിടിച്ച് ഞാന്‍ സീറ്റിലേക്കു നടന്നു.ڇശശാങ്കാ, എനിക്കൊ രെണ്ണം കൂടി വേണം.
അപരിചിതനായ ഒരാള്‍ തന്റെ ആത്മവിശ്വാസം മുഴുവന്‍ തകര്‍ത്തിരിക്കുന്നു.
ഞാന്‍ പുതുതായി മേശപ്പുറത്തെത്തിയ വോഡ്കയുടെ ഗ്ലാസ് ചുണ്ടോടടുപ്പിച്ചപ്പോള്‍ ഒരു കൈ വന്നെന്റെ തോളില്‍തട്ടി.
തിരിഞ്ഞുനോക്കിയപ്പോള്‍ അതയാളാണ്. താടിക്കാരനായ പാട്ടുകാരന്റെ എതിര്വശത്തിരുന്നയാള്താങ്കളെ സാറ് വിളിക്കുന്നു.
ഏത് സാറ്..?
രാജേന്ദ്രന് സാറ്… അയാള്‍ കുറച്ചകലെ ഇരിക്കുന്ന താടിക്കാരനെ ചൂണ്ടിക്കാട്ടി.

രാജേന്ദ്രന് സാറോ..? ഏത് രാജേന്ദ്രന് സാറ്..? എനിക്കൊന്നും മനസ്സിലായില്ല.അതേ, എം.ഡി രാജേന്ദ്രന്. ആ പാട്ടെഴുതിയ കവി..!
പെട്ടെന്ന് ആരോ ചുറ്റികകൊണ്ട് തലയ്ക്കടിച്ചതുപോലെ ഞാന്‍ ബോധത്തിലേക്ക് തിരിച്ചുവന്നു. ഉള്ളിലേക്കിറങ്ങിയ മാന്ത്രിക നിമിഷങ്ങളെല്ലാം ആവിയായി പുറത്തുപോയി.
കരയണോ, ചിരിക്കണോ എന്നറിയാതെ ഞാനവിടെത്തന്നെ ഇരുന്നു.
littnow
കഥ
അർദ്ധനാരി

അനിറ്റ മേരി
മുബൈയിലെ രാത്രി കാലങ്ങളിൽ ഹിജടകൾ എന്തിനാണ് അവിടെ അങ്ങനെ നിൽക്കുന്നതെന്ന് ചോദിച്ച പവിക്ക് അമ്മയുടെയും അച്ഛന്റെയും അടുക്കൽ നിന്ന് നല്ല ശാസനയാണ് കിട്ടിയത്. ഇന്ന് നിന്റെ പിറന്നാൾ ആയത് കൊണ്ടാണ് നിന്റെ ആഗ്രഹപ്രകാരം പുറത്ത് നിന്ന് ഭക്ഷണം കഴിക്കാം എന്ന് സമ്മതിച്ചത്. ഇനി ഇത് ഉണ്ടാകില്ല എന്നായിരുന്നു വീട്ടിൽ എത്തിയപ്പോൾ അമ്മ അവനോട് പറഞ്ഞത്. എന്നിട്ടും പവിയുടെ മനസ്സിൽ നിന്നും ആ ചേച്ചിമാരുടെ മുഖം മാഞ്ഞില്ല. ഈ ഇരുട്ടത്ത് എന്തിനായിരിക്കും അവർ ടോർച്ചും മുഖത്തോട്ട് അടിച്ച് അങ്ങനെ നിൽക്കുന്നത്? അവന്റെ കുഞ്ഞ് മനസ്സിൽ ഒരു ചോദ്യം അങ്ങനെ കിടന്നു.

വർഷങ്ങൾ കടന്നുപോയി അവന്റെ പത്താം പിറന്നാൾ ദിനമാണിന്ന്. പിറന്നാൾ സമ്മാനമായി എന്ത് വേണം എന്ന് ചോദിച്ച അച്ഛനോട് ഡെഡിബിയറും ഒരു പിങ്ക് കളർ ക്യുട്ടേക്സും വേണമെന്ന് പറഞ്ഞു. അത് എന്തിനാ നിനക്ക് ക്യുട്ടേക്സ് എന്ന് അച്ഛൻ ചിരിച്ചുകൊണ്ട് ചോദിച്ചു. അത് കേട്ട് വന്ന അമ്മ അച്ഛനോട് പറഞ്ഞു. ഇപ്പോൾ വാളിൽ എല്ലാം ചിത്രം വരയ്ക്കലല്ലേ പണി അതിന് വല്ലതും ആയിരിക്കും. അമ്മ ചിരിച്ച് കൊണ്ട് അവന്റെ തലയിൽ തട്ടി ചോദിച്ചു. ഇത്തവണ അമ്മ മോന് വേണ്ടി ഏത് രീതിയിൽ കേക്ക് ഉണ്ടാക്കണം?
പഴയപടി തന്നെ. ബാർബി ഗേൾ വെച്ച് പിങ്ക് കളറിൽ ഉള്ള കേക്ക് മതി അമ്മേ. ഇത്രയും നാളായി നിന്റെ ഇഷ്ട്ടം മാറിയില്ലേ എന്നും പറഞ്ഞ് അവന്റെ കവിളിൽ ഉമ്മവെച്ചു. കാലങ്ങൾ കഴിയും തോറും അവന്റെ ഇഷ്ട്ടങ്ങൾ മാറി മാറി വന്നു. അവൻ അവന്റെ ചങ്ങാതിമാരോട് കൂട്ടുകൂടുന്നതിൽ നിന്നും പെൺ സുഹൃത്തുക്കളോട് കൂട്ടുകൂടാൻ താല്പര്യം കൂടുതൽ. അവരുടെ കളികളും സംസാരവും മൊക്കെ ആയിരുന്നു അവനിഷ്ട്ടം. അങ്ങനെ ഒരുനാൾ സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു നാടകം അവതരിപ്പിക്കാൻ ടീച്ചർ കുട്ടികളെ സെലക്റ്റ് ചെയ്തു. കൂട്ടത്തിൽ പവിയും ഉണ്ടായിരുന്നു. അവന് ഒരു പെൺകുട്ടിയുടെ റോൾ ആയിരുന്നു കിട്ടിയത്. അത് ബാക്കിയുള്ള ആൺകുട്ടികൾ നിരസിച്ചപ്പോൾ താൻ ചെയ്യാം എന്ന് പറഞ്ഞ് അവൻ സ്വയം ആഗ്രഹിച്ച് വാങ്ങിയ റോൾ ആയിരുന്നു. നാടകത്തിനുള്ള ഡ്രെസ്സുകൾ തൈപ്പിച്ച് ടീച്ചർ എല്ലാ കുട്ടികൾക്കും നൽകികൊണ്ട് പറഞ്ഞു നാളെ ഇത് ധരിച്ചാണ് പ്രാക്റ്റീസ് എല്ലാവരും നാളെ വരണം. ആ ഡ്രെസ്സ് കാണാൻ വളരെ മനോഹരമായിരുന്നു. അവൻ ഇന്റർബെല്ലിനും പി ടി പിരിഡും മൊക്കെ ആ ഡ്രെസ്സ് എടുത്ത് കൈയിൽ വെച്ച് അതിന്റെ ഭംഗി ആസ്വദിച്ചു. ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ എത്തിയ അവൻ ഉടനെ തന്നെ സന്തോഷത്തോടെ അമ്മയെ ആ ഡ്രെസ്സ് കാണിച്ചു. പിന്നെ ആ ഡ്രെസ്സ് ധരിച്ച് കണ്ണാടിയുടെ മുൻമ്പിൽ നാളെത്തേക്കുള്ള ഡയലോഗ്കൾ പറഞ്ഞ് പ്രാക്റ്റിസ് തന്നെയായിരുന്നു. അവന്റെ സന്തോഷത്തിൽ അച്ഛനമ്മമാരും പങ്ക് ചേർന്നു. അങ്ങനെ പെൺകുട്ടിയായി ചമയങ്ങളൊക്കെ അണിഞ്ഞു ആ ഡ്രെസ്സ് ധരിച്ചു സ്റ്റേജിൽ ഡയലോഗ്കൾ പറയുമ്പോൾ അവന് ഇത് വരെ ഇല്ലാത്ത ആത്മവിശ്വാസവും ആഹ്ലാദവും മായിരുന്നു മനസ്സിൽ. അവന്റെ ക്രോക്ടോർ ഒരു പത്ത് വയസ്സ് കാരനെക്കാൾ മനോഹരമായി തന്നെ ചെയ്തു. അവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടെയും മുൻമ്പിൽ താരമായി മാറി. ആ വർഷത്തെ ബെസ്റ്റ് ആക്ടറിനുള്ള സമ്മാനവും അവനെ തേടിയെത്തി. പിന്നീടുള്ള എല്ലാ വർഷങ്ങളിലും പെണ്ണായി തന്നെയവൻ മിന്നി തിളങ്ങി. അവൻ അഭിനയത്തോട് കാണിക്കുന്ന സത്യസന്തതയും സ്നേഹവും ഒരുനാൾ ക്ലാസ്സ് പി റ്റി എ യ്ക്ക് ചെന്ന അച്ഛനോട് പ്രിൻസിപ്പാൾ പറഞ്ഞിരുന്നു. പക്ഷേൽ അവൻ ആ കഥാപത്രങ്ങളിൽ ജീവിക്കുക തന്നായിരുന്നു. അവന് പതിനഞ്ച് വയസ്സായി ശരീരം പ്രായത്തിനൊത്ത് വളർന്നിട്ടും മനസ്സ് അവന്റെ നാടകത്തിലെ എന്ന പോലെ ഒരു പെൺ കുട്ടിയുടേത് തന്നെയായിരുന്നു. തുടർന്ന് പഠിക്കുന്ന പഠങ്ങളിൽ നിന്നാണ് അവൻ അങ്ങനെ തന്നെയാണ് എന്ന് മനസ്സിലാക്കിയത്. ആദ്യമൊക്ക അവന്റെ മനസ്സ് അത് സമ്മതിച്ചിരുന്നില്ല. പെൺകുട്ടികളുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ചു. സംസാരങ്ങളിലും കളിയിലും അവൻ പങ്കളിയാകാൻ വിസ്സമ്മതിച്ചു. അവൻ അവനിൽ നിന്ന് തന്നെ ഒളിച്ചോടി. യൂത്ത് ഫെസ്റ്റുവലിന് നാടകം അവതരിപ്പിക്കന്നവരുടെ പേര് വിളിച്ച കുട്ടത്തിൽ അവന്റെയും പേര് ടീച്ചർ വിളിച്ചു. എന്റെ പേര് ഞാൻ തന്നില്ലല്ലോ പിന്നെ എന്തിനാ എന്റെ പേര് എഴുതിയതെന്നും പറഞ്ഞ് അവൻ ടീച്ചറോട് തട്ടികയറി. നിന്റെ പേര് തരണ്ട ആവിശ്യമില്ലല്ലോ നീ ഞങളുടെ പെൺകുട്ടി തന്നല്ലേ ചിരിച്ച് കൊണ്ട് ടീച്ചറുടെ മറുപടി. ആ സംസാരം അവനിഷ്ടമായില്ല. അവൻ നാടകത്തിൽ നിന്നും ഒഴിഞ്ഞുമാറി. പക്ഷെ അധിക ദിവസം അവന് അവന്റെ ഇഷ്ടങ്ങളെ ഒളിപ്പിച്ച് വെക്കാൻ സാധിച്ചില്ല. ദിവസങ്ങൾ കടന്നു പോകുംതോറും അവൻ അവനല്ലാതാകുന്നത് പോലെ. അവനെ കൊണ്ട് ഇതൊന്നും വേണ്ടെന്ന് വെക്കാൻ കഴിയില്ല എന്ന തിരിച്ചറിവിന്റെ ഒടുവിൽ എല്ലാം പിന്നേ പഴയ പാടിയായി. ആ തവണയും യൂത്ത് ഫെസ്റ്റുവലിനു പവി താരമായിമാറി എങ്കിലും പണ്ടത്തെ സന്തോഷം അവനുള്ളിൽ നിന്ന് ഇല്ലാതായിരുന്നു. തന്റുള്ളിൽ നാടകത്തിലെന്നപോലെ ഒരു പെൺകുട്ടി ഉണ്ടെന്ന തിരിച്ചറിവിൽ. അതവൻ അവനാൽ കഴിയും വിധം ആരും അറിയാതെ ഒളിപ്പിച്ച് വെച്ചു അവന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വീട്ടിൽ ആരുമില്ലാത്തപ്പോൾ അവന്റെ മുറിയിൽ നിറവേറ്റി. കണ്ണാടിയുടെ മുൻപ്പിൽ സുന്ധരിയായ ഒരു പെൺകുട്ടി ആയിരുന്നു അവൻ. ആ രൂപത്തിലെ ഭംഗി നന്നേ ആസ്വദിച്ചിരുന്നു അവൻ.

ഒരു ദിനം താന്നുള്ളിലെ സ്ത്രിയെ അമ്മ കൈയ്യോടെ പിടികൂടി. എല്ലാം പൊട്ടികരഞ്ഞുകൊണ്ട് അമ്മയോടാവാൻ പറഞ്ഞു. ഇനി ഇതെനിക്ക് മറച്ചുവെക്കാൻ ആവില്ല അമ്മേ എന്നും പറഞ്ഞവൻ നിലവിളിച്ചു. സമനില തെറ്റിയവളെ പോലെ അവന്റെ മുൻമ്പിൽ അവൾ കലിതുള്ളി നിന്റെ ഐഡന്റിറ്റിയിൽ സ്ത്രീയെന്നോ അതോ പുരുഷനെന്നോ എന്താണ് എഴുതി ചേർക്കേണ്ടത് ? ഇവ രണ്ടുമല്ലാതെ മറ്റൊരു കോളമില്ലാടാ എന്നും പറഞ്ഞവനെ അവൾ ആക്ഷേപിച്ചു. അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. ഓഫീസിൽ നിന്ന് വന്ന പാടെ അവനെ അയ്യാൾ ശകാരിച്ചു. പിന്നെ അവർ ഇരുവരുംകൂടെ തീരുമാനിച്ച് അവനെ കൗൺസിലിംഗിന് കൊണ്ട് പോയി. അവിടെ നിന്നും തിരിച്ച് വീട്ടിലെത്തിയ പവിക്ക് പഴയപടി എല്ലാവരുടെയും മുൻമ്പിൽ അഭിനയിക്കേണ്ടിവന്നു. പക്ഷെ ആ അഭിനയം അധികനാൾ തുടരനായില്ല. ഓടിവിലവർ ഒറ്റമകനെന്ന ചിന്തയും കാറ്റിൽപറത്തി അവനെ അയ്യാൾ വീട്ടിൽ നിന്നും അടിച്ചൊടിച്ചു. അമ്മയുടെയും അച്ഛന്റെയും തണലിൽ വളർന്ന പവിക്ക് അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പകലിരവായി. ആകാശത്ത് പറന്ന് നടന്ന കിളികളെല്ലാം കൂടണഞ്ഞു. ചേക്കേറാൻ ചില്ലയില്ലാതെ പവി ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലത്തിലൂടെ തെരുവിൽ അലഞ്ഞ് തിരിഞ്ഞു നടന്നു. രാത്രിയുടെ കറുപ്പ് കൂടി കൂടി വന്നു. ആ സമയം താൻ പണ്ട് കണ്ട അതെ കാഴ്ച്ചയിലേക്ക് പവിയുടെ കണ്ണുകൾ അവനെ കൂട്ടികൊണ്ട് പോയി. തെരുവ് വീഥിയിൽ ഒഴിഞ്ഞ കോണിലായി ടോർച്ചും കത്തിച്ച് നിൽക്കുന്ന സ്ത്രീകൾ. അവൻ അവരാരുടെയും ശ്രദ്ധയിൽ പെടാതെ ഒരു അടഞ്ഞ കടമുറിയുടെ തിണ്ണയിൽ സ്ഥാനമുറപ്പിച്ചു. രാത്രിയുടെ കറുപ്പും ചന്ദ്രന്റെ പ്രകാശവും മഞ്ഞിന്റെ തണുപ്പും കൊണ്ടവൻ കരഞ്ഞു തളർന്ന് ഉറക്കത്തിലേക്ക് വഴുതി വീണു. പാതി മയക്കത്തിൽ ആരോ തന്നെ തട്ടി വിളിക്കുന്നത് പോലെ പവി ഞെട്ടലോടെ എണീറ്റു ആരാ !
തനിക്ക് എതിരെ നിന്ന ആ രൂപത്തോട് ചോദിച്ചു. റോഡിലൂടെ പായുന്ന വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ പവി ആ രൂപത്തെ വ്യക്തമായി കണ്ടു. നിങ്ങൾ നിങ്ങൾ അവിടെ ടോർച്ചുമായി നിന്ന സ്ത്രീകളുടെ കുട്ടത്തിൽ ഉള്ളതല്ലേ?
അതെ എന്നായിരുന്നു അവരുടെ തിരിച്ചുള്ള മറുപടി. എന്താ നിനക്ക് പറ്റിയത് കാഴ്ച്ചയിൽ ഏതോ നല്ല വീട്ടിലെ പയ്യൻ ആണല്ലോ പിന്നെ എന്തിനാണ് ഇവിടെ കിടക്കുന്നത് ? അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി അവൻ പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു. കഥയെല്ലാം കേട്ട്കഴിഞ്ഞ് ഒരു ചെറു ചിരിയോടവൾ പറഞ്ഞു നീ വിഷമിക്കേണ്ട. നീ ഇവിടെ കിടക്കുന്നത് അപകടമാണ് എഴുന്നേറ്റ് എന്റെ കൂടെ വാ. മറുചോദ്യങ്ങൾ ഒന്നുമില്ലാതെ പവി അവരോടൊപ്പം എണീറ്റ് നടന്നു. യാത്രയുടെ അവസാനം ഒരു ഒറ്റപെട്ട കോളനിയിൽ ആയിരുന്നു. അവിടെ അവരെ പോലെ ധാരാളം സ്ത്രീകൾ മാത്രമായിരുന്നു താമസിക്കുന്നത്. ആ സ്ത്രീ അവരുടെ വീട്ടിൽ ഒരു മുറി അവനായ് നൽകി. അവൻ അവളോട് ചോദിച്ചു നിങ്ങൾ ആരാണ് അച്ഛനും അമ്മയ്ക്കും പോലും വേണ്ടാത്ത എനിക്ക് ഇത്രയും സഹായം ചെയ്തത് എന്തിനാ?. അവന്റെ ചോദ്യങ്ങൾക്കുള്ളമറുപടി എന്നവണ്ണം ഒരു ചെറുപുഞ്ചിരിയോടവൾ പറഞ്ഞു ഞാൻ മിനി. പണ്ട് നിന്നെ പോലെ തന്നായിരുന്നു ഞാനും. ഞാൻ മാത്രമല്ല ഈ കോളനിയിൽ ഉള്ള എല്ലാവരും. ചിലരുടെ കഥ കുറച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന് മാത്രം. ഈ വീട്ടിൽ എന്നെ കൂടാതെ രണ്ട് പേരുംകൂടെയുണ്ട് അവർ ജോലിക്ക് പോയിരിക്കയാണ്. എന്നെ പോലെന്നു പറഞ്ഞാൽ നിങ്ങളും ആൺകുട്ടികൾ ആയിരുന്നോ?
മിനി : അതെ
പിന്നെയും പവിയുടെ ചോദ്യങ്ങൾ തുടർന്നു. ഈ രാത്രിയിൽ എന്താണ് അവരുടെ ജോലി ? മിനി അവനടുത്ത് വന്നിരുന്നു പറഞ്ഞു. നീ അവിടെ കണ്ടില്ലേ ടോർച്ചിന്റെ വെട്ടം മുഖത്തോട്ടടിച്ച് ഞങ്ങൾ അവിടെ നിൽക്കുന്നത്. ആവിശ്യകാർ ഞങ്ങളെ അവിടെനിന്നും വിളിച്ച്കൊണ്ട് പോകും. അവരുടെ ആവിശ്യം കഴിഞ്ഞ് പണം തരും. അത് തന്നെ ഞങ്ങളെല്ലാവരുടെയും ജോലി. ആ പറച്ചിലിൽ അവനെല്ലാം ബോധ്യമായി. നീ കിടന്നോ നാളെ രാവിലെ നിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താം എന്നും പറഞ്ഞു മിനി മുറിയുടെ ഡോർ പുറത്ത് നിന്നടച്ചു. അവർ എന്താണ് അങ്ങനെ പറഞ്ഞിട്ട് പോയത്?. ഞാനും ഇനി അവരെ പോലെ മാനം വിറ്റ് ജീവിക്കണം എന്നാണോ ? എനിക്കാവില്ല അതിനു നാളെ തന്നെ ഇവിടെ നിന്ന് ഇറങ്ങണം. എന്നവൻ മനസ്സിലുറപ്പിച്ചു. പിറ്റേദിവസം രാവിലെ
ഡോറിൽ പുറത്ത് നിന്ന് ആരോ തട്ടുന്നത് കേട്ട് ചാടി എണീറ്റ പവി ആരാ???
ഞങ്ങളെ അകത്തോട്ടു വരട്ടെ പുറത്ത് നിന്നും ആരോ വിളിച്ചു പറഞ്ഞു.
മ്മ് വാ
അലസ്സ ഭാവത്തോടെ പവി യുടെ മറുപടി. അത് മിനിയും രണ്ട് പെൺകുട്ടികളും മായിരുന്നു. ഞാൻ മാളു ഞാൻ ചിത്ര അവരെ പരിചയപ്പെടുത്തി. ഞാൻ പവി. പവി എന്ന് കേട്ടതും ഒരു കള്ളചിരിയോടെ അവർ പറഞ്ഞു പവിയല്ല പവിത്ര. ഇനി മുതൽ നീ പവിത്രയാണ്. അങ്ങനെ നിന്നെ ഞങ്ങൾ വിളിക്കു.
പവി : പവിത്രയോ ഞാനോ !
ചിത്രം ഒരു പൊട്ടെടുത്ത പവിയുടെ നെറ്റിയിൽ കുത്തി.
പവി : അതെ ഞാൻ ഇനി പവിത്രയാണ്. എനിക്ക് ഞനായി ജീവിക്കണം. പക്ഷെ ഇവിടെ അത് പറ്റില്ല.
മിനി : അതെന്താ പറ്റാത്തത്
Pavi: ഇവിടെ നിങ്ങൾ ചെയ്യുന്ന ജോലി ഒന്നും എനിക്ക് ചെയ്യാൻ ഇഷ്ട്ടമല്ല. അത് ചെയ്യാതെ നിങ്ങൾ എന്നെ ഇവിടെ താമസിപ്പിക്കില്ലല്ലോ?
മിനി : അത് എന്താ താമസിപ്പിച്ചാൽ? ഈ തൊഴിൽ ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല. ഞങ്ങളെ പോലുള്ളവർക്ക് ആരും അന്തസ്സായ മറ്റ് ജോലികൾ തരില്ല. പിന്നെ ജീവിക്കണം വിശപ്പ് ഒരു വില്ലനാണ് അത് ശമിപ്പിക്കാൻ പണം വേണം. പിന്നെ ഞങ്ങളുടെ ചികിത്സയ്ക്ക് നല്ല പണചിലവുണ്ട്. അങ്ങനെ മനസ്സില്ല മനസ്സോടെ ഈ തൊഴിലിലേക്ക് ഞങൾ വഴുതി വീഴുന്നതാണ്.
മാളു : നിനക്കത് ഇഷ്ട്ടമല്ലങ്കിൽ നിന്റെ ഇഷ്ടത്തിന് നീ ജീവിക്ക്. ഞങ്ങൾകൂടെയുണ്ട്.
അവരുടെ മറുപടികൾ അവന്റെ മനസ്സിന് ആശ്വാസം ഏകുന്നതായിരുന്നു.
ചിത്ര : ഇനി നിനക്ക് സ്ത്രീയകാൻ കുറെ കടമ്പകൾ ഉണ്ട് അതിന് ധാരാളം പണച്ചിലവും ഉണ്ട്. നീ പേടിക്കേണ്ട ഞങ്ങൾ നിന്നെ സഹായിക്കാം.
മാളു : നീ എന്ത് ചെയുന്നു?
പവി : പത്തിൽ പഠിക്കുന്നു ക്ലാസ്സ് ടോപ്പർ ആണ്. എനിക്ക് ഒരു ലക്ഷ്യം ഉണ്ട് ഡോക്ടർ ആകണം.
മിനി : ഹാ നീ നിന്റെ ആഗ്രഹത്തിനൊത്ത് നീങ്ങു ഞങ്ങൾ നിന്റെ കൂടെ ഉണ്ട് പക്ഷെ നീ ഞങ്ങൾക്ക് ഒരു വാക്ക് തരണം പഠിച്ച വലിയ ഡോക്ടർ ആയിട്ട് നമ്മളെ പോലുള്ള സമൂഹത്തിന് നിന്നാൽ കഴിയുന്ന സഹായവും ചികിത്സയും നൽകുമെന്ന്.
പവി : നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു ഞാൻ നമ്മളെ പോലുള്ളവർക്ക് തുണയായിരിക്കും.
പിന്നീട് പൂർണ്ണതയായ സ്ത്രീയക്കാനുള്ള വേദനകളുടെയും കഷ്ടപ്പാടുകളുടെ കാലം. അങ്ങനെ കൊല്ലപരീക്ഷയെത്തി തന്നെ പോലെയുള്ള ഒരു കുട്ടിയെ പരീക്ഷ എഴുതിക്കില്ല എന്ന് അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെന്റും രക്ഷകർത്തകളും ഒറ്റകെട്ടായി പറഞ്ഞു. എന്നിട്ടും തളരാതെ ഞാനും എന്റെ സമൂഹവും പോരാടി. കോടതിയിൽ നിന്നും പരീക്ഷ എഴുതാനുള്ള അവകാശം നിയമപരമായി നേടി. വിജയകരമായി തന്നെ പാസ്സായി. പിന്നീടാങ്ങോട്ട് വാശിയോട് തന്റെ ലക്ഷ്യം നേടിയെടുക്കാൻ പഠിച്ചും ചില്ലറ ജോലികൾ ചെയ്തും പവിത്ര വളർന്നു. വർഷങ്ങൾ കടന്നുപോയി. തടസ്സങ്ങളെ എല്ലാം കാറ്റിൽ പാറിച്ച് അവൾ ജീവിച്ചു. ഇന്ന് അവളുടെ സ്വപ്നം യാഥാർഥ്യം ആകുന്ന ദിനമാണ്.
ആ കോളനി മുഴുവൻ ആഹ്ലാദത്തിലാണ്ടു. മിനി അഭിമാനത്തോടെ വിളിച്ച് പറഞ്ഞു ഡോക്ടർ പവിത്ര വരുന്നേ…. പവിത്ര അവൾക്കായി അവർ ഒരുക്കിയിരുന്ന സ്റ്റേജിലേക്ക് കയറി അവൾ പറയാൻ തുടങ്ങി. എന്നെ ഞാനാക്കിയത് നിങ്ങളാണ് എന്റെ ചെറിയ ആഗ്രഹം നിങ്ങളുടെയെല്ലാം വലിയ ആഗ്രഹമായിമാറി ഇപ്പോൾ ഈ ഡോക്ടറിന്റെ കുപ്പായം അണിഞ്ഞിരിക്കുന്നത് നിങ്ങൾ ഓരോരുത്തർക്കും വേണ്ടിയാണ്. ഇനി നമ്മൾക്ക് അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറയാം ഞങ്ങളും മനുഷ്യരാണ്. ഇനി നമ്മളെ പോലെ ഉള്ള ഓരോരുത്തർക്കും വേണ്ടി ഞാൻ പ്രവർത്തിക്കും.
അവളുടെ ഓരോ വാക്കുകളും അവരുടെ മനസ്സിൽ ആഴത്തിൽ ചെന്ന്പതിച്ചു.
പവിത്ര ഇനിയുള്ള ഓരോ പവിത്രമാർക്കായി ജീവിച്ചു …
illustration saajo panayamkod
littnow.com
littnowmagazine@gmail.com
കഥ
കറുപ്പിന്റെ നിറം

മഞ്ജു വി മധു
ഗന്ധർവയാമം കഴിഞ്ഞിരിക്കുന്നു വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ
അഷ്ടമി. കാളീക്ഷേത്രത്തിലെ കല്‍ത്തൂണില്‍ നിന്നും പുറത്തുവന്ന യക്ഷി
ഗര്‍ഭഗൃഹത്തിലെ കനത്ത മൗനത്തിലേക്ക് അര നാഴിക ചെകിടോര്‍ത്തു. കാളിയമ്മ
ഉറങ്ങിയിട്ടുണ്ടാകും. നടന്ന് തീര്‍ത്ഥക്കുളത്തിലെ പടവുകളിലേക്കിറങ്ങി.
മുകളില്‍ ചന്ദ്രന് ചുറ്റും ചന്ദ്രിക പരന്നൊഴുകുന്നു. വേറെ ആരുണ്ടെങ്കിലും
ചന്ദ്രികയ്ക്ക് തന്നെയാണ് ചന്ദ്രനോട് കൂടുതലിഷ്ടം എന്ന് തോന്നിയിട്ടുണ്ട്. എന്നിട്ടും
ഒരിക്കല്‍ അവളെ ശപിച്ചു ഭൂമിയിലേക്കയച്ചു കളഞ്ഞു. ഒടുവില്‍ തിരിച്ചു ചന്ദ്രന്റെ
അടുത്തെത്താന്‍ വേണ്ടി അവള് നടത്തിയ ചന്ദ്രോത്സവത്തില്‍ പങ്കെടുക്കാന്‍
പോയ കാര്യം യക്ഷി ഓര്‍ത്തു. അന്നവള്‍ തന്റെ മടിയില്‍ തല ചായ്ച്ച് ഒരുപാട്
കരഞ്ഞിരുന്നു.

ചുറ്റും നിറങ്ങളുടെ ഊ യലാട്ടം. ചെമ്പകം, തെച്ചി, കര്‍ണ്ണികാരം…. മിഴികൾ തുറന്നു തുടങ്ങുന്നു.പിന്നെ,
എന്തൊക്കെയോ പേരറിയാത്ത പൂക്കള്‍. ഓരോ നിറവും ചങ്കിന്റെ ഓരോ
പ്രതലങ്ങളില്‍ വിരലൂന്നുവെന്ന് യക്ഷിക്കറിയാം. അതില്‍ത്തന്നെ, വറ്റിപ്പോയ
കാമനകളുടെ നിറം കറുപ്പാണെന്നും.
കുളിച്ചുകയറി തിരിച്ചുനടക്കുന്നതിനിടയില്‍ പടിപ്പുരമാളികയിലേക്ക് നോക്കി.
മുറ്റത്തെ തുളസിത്തറയില്‍ ഒറ്റക്ക് നില്കുന്ന കൃഷ്ണതുളസിയുടെ ശാലീനമുഖം.
ജീവന്റെ പോക്കുവരവുകളിലെപ്പോഴോ കൃഷ്ണനെ പ്രണയിച്ചു ഒടുവില്‍
നിരാസത്തിന്റെ കരുവാളിച്ച നിറം സ്വന്തം ഇലകളിലേക്കേറ്റു വാങ്ങേണ്ടി വന്നവള്‍.
ഒരിക്കല്‍ യക്ഷി തുളസിയോട് അതിനെക്കുറിച്ച് ചോദിച്ചതാണ്. മറുപടി പറയാതെ
മുഖം തിരിച്ചുകളഞ്ഞു.
കുറച്ചകലെയാണ് പടിപ്പുരമാളിക. അവിടെ ചന്ദനനിറമുള്ള ഒരു
പെണ്കിടാവുണ്ടെന്നറിയാം. അവളെ കാണുമ്പോള്‍ നിറയെ പൂത്ത കദംബമാണ്
ഓര്‍മ്മ വരിക. മാസത്തില്‍ ഏഴ് ദിവസം ഒഴിച്ച് എന്നും അവള് കല്‍വിളക്കില്‍ തിരി
തെളിയിക്കാന്‍ വരാറുണ്ട്. എന്താ അവളുടെ പേര്? കാര്‍ത്തിക? ശ്രീദേവി?
അല്ലെങ്കില്‍ തന്നെ പേരില്‍ കാര്യമില്ല എന്ന് ചെവിയിലോതിയതാരായിരുന്നു?
ഉള്ളിലെ ഉഷ്ണം വീശി തണുപ്പിക്കാനെന്ന മട്ടില്‍ ഇടയ്ക്കിടെ വന്ന് കുചങ്ങളെ
കശക്കിയെറിയുന്ന മാരുതിയാണോ? ഓര്‍മ്മിച്ചെടുക്കാനാവുന്നില്ല.
അപ്പുറത്തെ പടിപ്പുരമാളികയിലെ നിറങ്ങള്‍ യക്ഷിക്ക് വലിയ ഇഷ്ടമാണ്.
പ്രത്യേകിച്ച്, ആ പെണ്‍കിടാവിന്റെ…. വേറെയും ആരൊക്കെയോ
അവിടെയുണ്ടെങ്കിലും, അവളെയാണ് കൂടുതലിഷ്ടം. ചിലപ്പോള്‍ വടക്കിനിയിലുള്ള
അവളുടെ അറയില്‍ ചെന്ന് അകത്തേക്ക് നോക്കി നില്ക്കും. ചാന്തുപൊട്ടും,
കുപ്പിവളയും, പട്ടുപാവാടയുമൊക്കെ കൂടിച്ചേരുന്ന കൗ മാരത്തിന്റെ
നിറക്കൂട്ടുകള്‍ക്ക് എന്ത് ചന്തമാണ്! ഓരോ ഉത്സവകാലത്തും അവളില്‍ പടര്‍ന്നു
കയറുന്നത് ഓരോ നിറമാണെന്ന് തോന്നിയിട്ടുണ്ട്. ഓണത്തിന്, തിരുവാതിരയ്ക്ക്,
പത്താമുദയത്തിന്, ഭരണിക്ക്….. നിറപ്പകര്‍ച്ചകളുടെ ധാരാളിത്തത്തിൽ പൂത്തുലഞ്ഞു
നില്കുന്ന നന്ദനവനം പോലെ… അവിടെ ദേവഗണങ്ങളുടെ ഇഷ്ടമനുസരിച്ച് നിറങ്ങള്‍
പകര്‍ന്നാടാന്‍ വിധിക്കപ്പെട്ട അപ്സര നര്‍ത്തകിമാരെ പോലെ..
കാളിയമ്മയുടെ നെറ്റിയില്‍ ചാര്‍ത്തുന്ന കുങ്കുമത്തിന്റെ നിറമുള്ള ഒരു
പാവാടയുണ്ടവള്ക്ക്. ഈയിടെയായി അതിന്റെ മുകളില്‍ പുടവ പോലെ എന്തോ
ഒന്നുണ്ട്. അതിന്റെ പേര് ദാവണി എന്നാണെന്ന് അപ്പുറത്തുള്ള തമ്പുരാട്ടിക്കാവിലെ
ചാമുണ്ഡിയാണ് പറഞ്ഞത്. അതും ചുറ്റി അവള് പോകുമ്പോള്‍ യക്ഷി പിറകില്‍
നിന്ന് നോക്കും. എന്നോ, എപ്പോഴോ ഇത് പോലെ ഒരു കുഞ്ഞ്
തനിക്കുണ്ടായിരുന്നോ? ഒരിളം കൈയുടെ സ്പര്‍ശഗന്ധങ്ങള്‍ ഏറ്റുവാങ്ങിയത് ഏത്
ജന്മത്തിന്റെ അടരുകളിലായിരുന്നു? മുഖത്തെ എണ്ണമിനുപ്പ് തുടച്ചുകളഞ്ഞ്
കൈയില്‍ വെള്ളോട്ടുവളകളണിയിച്ചു ഒരുക്കി നിര്‍ത്തിയത് ആരെയായിരുന്നു?
കൂടെക്കൂടെ അവള് തുളസിയില തലയില്‍ ചൂടുന്നത് യക്ഷിക്കറിയാം.
ഇലയിറുക്കാന് അവള് അടുത്ത് ചെല്ലുമ്പോള്‍ തുളസി അവളുടെ നേരെ തല
ചായ്ച്ചു കൊടുക്കും. തുളസിക്കും അവളെ വലിയ ഇഷ്ടമാണ്. ശാന്തിക്കാരന്
ചാര്‍ത്തി തരുന്ന പിച്ചകമാല ഇനി അവള് വരുമ്പോള്‍ എടുക്കാന്‍ പാകത്തിന്
തിടപ്പള്ളിയില്‍ കൊണ്ടുവയ്ക്കണമെന്ന് ഉറപ്പിച്ചു. ഇതിനിടയിലും അവളെ ഈയിടെ
കാണാറില്ലല്ലോ എന്ന് യക്ഷി ഓര്‍ത്തു.

ഇടയ്ക്കിടക്ക് പടിപ്പുരമാളികയില്‍ ഒരു മിടുക്കന് കുട്ടി എത്താ റുണ്ട്.
തുളസിത്തറയില്‍ അവള് വിളക്ക് തെളിക്കുമ്പോള്‍ കോലായില്‍ നിന്ന് അവന്
നോക്കി നില്ക്കും. അവര്‍ തമ്മില്‍ നേരിട്ടുരിയാടാറില്ലെങ്കിലും അവളെ
കാണുമ്പോള്‍ അവന്റെ കണ്ണുകളില്‍ മിന്നുന്ന തിളക്കം കാണാതിരിക്കാന്‍ പറ്റില്ല.
ഉരുക്കഴിച്ച മന്ത്രസിദ്ധിയിലൂടെ തന്നില്‍ കാമം കത്തിജ്വലിപ്പിച്ചവരില് പോലും ആ
തിളക്കം എന്നും അന്യമായിരുന്നു.
പതിവ് പോലെ മുപ്പട്ടു വെള്ളിയാഴ്ച മൂവന്തിക്ക് പെയ്യുന്ന മഴയിലൂടെ ചാമുണ്ഡി
വന്നു. ഇടയ്ക്കിടയ്ക്കുള്ള ഊരുചുറ്റല്‍ ചാമുണ്ഡിക്ക് പണ്ടേ താൽപര്യമാണ്.
കൈയില്‍ ഒരു കുമ്പിള് നിറയെ കുന്നിക്കുരുവും ഉണ്ടായിരുന്നു. ചുവന്ന മുഖത്ത്
കറുത്ത പൊട്ട് തൊട്ട കുന്നിക്കുരു. കൈയിലിട്ട് അമ്മാനമാടി കൊണ്ട് ചാമുണ്ഡി
ഒത്തിരി വിശേഷങ്ങള്‍ പറഞ്ഞു. അതിലൊന്ന് ആ പടിപ്പുരമാളികയിലെ
പെണ്കിടാവിന്റേതാണ്. അവളുടെ അച്ഛനോട് അവിടെ വരാറുള്ള ആ പയ്യന്
പറയുന്നത് ചാമുണ്ഡി നേരിട്ട് കേട്ടെന്ന്. “അവളെ എനിക്ക് വേണം. ഞാന്‍
മുറച്ചെറുക്കനല്ലേ” എന്നായിരുന്നത്രേ അത്! “എനിക്ക് അവളെ ഒരുപാടിഷ്ടമായി”
എന്നൊക്കെ പറയുന്നതും ചാമുണ്ഡി കേട്ടു. എന്താണെന്നറിയില്ല, ഇത് പറഞ്ഞു
കഴിഞ്ഞ് ചാമുണ്ഡി പെട്ടെന്ന് നിശബ്ദയായി. പിന്നെ, എവിടെയൊക്കെയോ
നോക്കി വളരെ നേരമിരുന്നു. അപ്പോള്‍ അവളുടെ മുഖം നനഞ്ഞിരുന്നത് മഴ
കൊണ്ട് മാത്രമല്ലായിരുന്നു.
അന്ന് രാത്രി ഓരോന്നോര്‍ത്തോര്‍ത്ത് യക്ഷി വളരെ നേരം ഉറങ്ങാതെ കിടന്നു.
സോമരസത്തിന്റെ ഉന്മാദത്തില് ആര്‍ത്തലച്ച് വന്ന സുരതവീര്യങ്ങളെ കുറിച്ച്.
തലയിലെ ആണിപ്പഴുതുകളിലെ നോവിലൂടെ ഒറ്റയ്ക്ക് നനഞ്ഞു തീര്‍ത്ത
പെരുമഴക്കാലങ്ങളെ കുറിച്ച്… ആ പെണ്‍കിടാവിന്റെ മംഗലത്തിന് എന്തു സമ്മാനം
കൊടുക്കും? കഴുത്തിലെ അഡ്ഡികയിൽ നിന്ന് ഒരു ചന്ദ്രകാന്തക്കല്ല് ഇളക്കി
കൊടുക്കാം. ആരുമറിയാതെ അവളുടെ അറയില്‍ കൊണ്ടുവയ്ക്കാം.
നെടുമംഗലത്തിനായി കാളിയമ്മയോട് പറഞ്ഞ് ഒരേലസ്സ് കൂടി വാങ്ങണം.
അന്നൊരിക്കല്‍ അവള് തൊടിയില്‍ കാല് തട്ടി വീണത് യക്ഷിയോർത്തു.അത് കഴിഞ്ഞാണ്
അവളെ പുറത്ത് കാണാതായത്. പന്തലിച്ച് നില്ക്കുന്ന ഇലഞ്ഞിയുടെ വേരില്‍
കാല് തട്ടി വീഴുകയായിരുന്നു. ആരോ ഓടി വരുന്നതും “നിനക്ക് വേര് കാണാൻ
വയ്യായോ’ എന്ന് ചോദിക്കുന്നതുമെല്ലാം അന്ന് കണ്ടിരുന്നു. എന്താണോ, ആ
മിടുക്കന് കുട്ടിയെയും പിന്നെ കണ്ടിട്ടില്ല.
ഒരു പക്ഷം കഴിഞ്ഞിട്ടും പെണ്‍കിടാവിനെ കാണാതിരുന്നപ്പോള്‍ യക്ഷിയുടെ ഉള്ള്
ചുട്ടു. മാതൃത്വം തനിക്ക് അന്യം തന്നെ. വാനവര്‍ക്ക് കേളിയാടാന്‍ മാത്രം
വിധിച്ചിട്ടുള്ള മാറിടത്തില്‍ പാലിന്റെ നനവൂറുന്നുണ്ടോ? മോഹങ്ങള്‍ തീരാതെ
ജന്മമൊടുങ്ങുന്നവരാണ് യക്ഷികളാകുന്നത്. നിയതിയുടെ വഴികള്‍
മറികടക്കാനാകുമെങ്കില് തനിക്ക് ‘രതിശില്പ്പമാകേണ്ട, അമ്മബിംബമായാല് മതി’
എന്ന് ബ്രഹ്മസന്നിധിയില്‍. പറയുമായിരുന്നു. ജീവന്റെ മറുകരയിലേക്കുള്ള
പ്രയാണത്തിന് ഇനി ഏത് നിമിത്തമാണ് വേണ്ടതെന്ന് ആരോടാണ് ചോദിക്കേണ്ടത്?
ഭരണിനാളിലെ കുരുതി കഴിഞ്ഞ് കാളിയമ്മ പള്ളിനീരാട്ടിന് പോയപ്പോള്‍ പതിവ്
പോലെ യക്ഷിയും കൂടെക്കൂടി. അമ്മ നീരാടുന്ന തീര്‍ത്ഥക്കുളം കുറച്ച് ദൂരെയാണ്.
ശാന്തിക്കാര്‍ അമ്മയെ വര്‍ഷത്തിലൊരിക്കല്‍ അവിടെ കൊണ്ടുച്ചെന്ന്
ആറാടിക്കാറുണ്ട്. ഏഴ് തവണ മുങ്ങി, ചുവന്ന പട്ടുടുത്ത് മാറുമ്പോള്‍ ചതച്ചെടുത്ത
താംബൂലം ഓട്ടുകിണ്ണത്തില്‍ നീട്ടികൊണ്ട് അമ്മയോട് പടിപ്പുരമാളികയിലെ
പെണ്‍കിടാവിന്റെ കാര്യം ചോദിച്ചു. കഴുത്തിലെ കപാലമാലയില് തൊട്ട്, മാനത്ത്
തീക്കട്ട പോലെ തിളങ്ങിക്കൊണ്ടിരുന്ന തിരുവാതിര നക്ഷത്രത്തെ നോക്കി
കാളിയമ്മ മന്ത്രിച്ചു, “അവള്‍ക്കിനി കണ്ണില്ല, അവളുടെ കണ്ണ് പോയി.”
അപ്പോള്‍ ആഞ്ഞുവീശിയ രാത്രിയുടെ പതിനേഴാം കാറ്റില്‍ കാളിയമ്മയുടെ ശബ്ദം
ചിതറിപ്പോയി. ഒരു നിമിഷത്തെ മൗനത്തിന് ശേഷം അമ്മ വീണ്ടും പറഞ്ഞു
“കര്‍മ്മദോഷം”. യക്ഷിക്ക് കാര്യം മനസ്സിലായി. ഇപ്പോള്‍ പൊടിച്ചുവരുന്ന
കുഞ്ഞുതളിരുകളെ പോലും കരിച്ചുകളയുന്ന അനാദിയായ പൂര്വ്വജന്മങ്ങളുടെ
കണക്കെടുപ്പുകള്‍… എല്ലാ ശുഭരാശികളെയും എതിര്‍ത്ത് തോല്‍പ്പിക്കുന്ന
ചിത്രഗുപ്തന്റെ അന്തിമവിധിയുടെ താമോഗര്‍ത്തങ്ങള്‍… പക്ഷേ, പക്ഷേ, അവളുടെ
കണ്ണുകള്‍ എങ്ങനെ പോകും? തിളക്കമാര്‍ന്ന, വിടര്‍ന്ന ആ കണ്ണുകള്‍ യക്ഷി
ഓര്‍ത്തു. വിരിഞ്ഞു നില്ക്കുന്ന ശംഖുപുഷ്പം പോലെ.
ആശ്വിനത്തിലെ വ്രതദിനങ്ങളായതിനാല് യക്ഷിക്ക് കുറച്ചുനാള്‍
പുറത്തിറങ്ങാനായില്ല. മുപ്പട്ടു വെള്ളിയാഴ്ച എത്താതിരുന്നതിനാല്‍
ചാമുണ്ഡിയെയും കാണാന്‍ പറ്റുന്നില്ല. അതിനിടയിലും, അവള്‍ക്ക് കണ്ടില്ലെങ്കില്‍
തന്നെ അവളെ സ്നേഹിക്കുന്നവര്‍ അവള്‍ക്ക് കണ്ണാകുമല്ലോ എന്ന് യക്ഷി
ഓര്‍ത്തുകൊണ്ടിരുന്നു. കാളിയമ്മയോട് അക്കാര്യം ഒന്ന് ചോദിക്കണമെന്നും
ഉറപ്പിച്ചു. തനിക്ക് ആ പെണ്കിടാവിനോടുള്ള ഇഷ്ടം അമ്മക്ക് അറിയാം. പക്ഷേ,
എന്തോ, അമ്മ ഈയിടെ മൗനത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. വാത്സല്യം മാത്രം
തിളങ്ങുന്ന ആ മുഖത്ത് എന്തോ ഒരു കുഞ്ഞുനൊമ്പരം.
വ്രതം മുറിച്ചതിന്റെ പിറ്റേ ദിവസം പടിപ്പുരയില്‍ ഉറക്കെയുള്ള സംസാരം കേട്ടാണ്
യക്ഷിയുടെ ഉച്ചമയക്കം തെളിഞ്ഞത്. തളത്തിന്റെ വാതിലില്‍ ചെന്ന് അകത്തേക്ക്
നോക്കി. ഒന്നും വ്യക്തമല്ല. ഒടുവില്‍ ഇടറിതേഞ്ഞ ഒരു ശബ്ദം മാത്രം കാതിൽ
വന്നലച്ചു. “അല്ലെങ്കിലും കണ്ണില്ലാത്തവളെ ഇനി ആര്‍ക്ക് വേണം? നിന്റെ
കുറ്റമാണെന്ന് ഇവിടാരും പറഞ്ഞില്ല. നീ വേറെ കല്യാണം കഴിച്ചു സ്വസ്ഥമായിരിക്ക്”
യക്ഷി പതിയെ നടന്നു വടക്കിനിയിലെത്തി. അറയിലേക്ക് നോക്കി. കറുപ്പ് മാത്രം.
കറുത്ത, കറുകറുത്ത നിറം മാത്രം.. മുറ്റത്തേക്കിറങ്ങി. തുളസി ഉണങ്ങിപോയിരുന്നു.
കണ്ണുനീര് വീണതാണോ? കാഴ്ചയില്ലാത്ത കണ്ണുകളില്‍ നിന്നും വരുന്ന കണ്ണുനീരിന്
ഉപ്പുരസം കൂടുതലായിരിക്കും.
എന്ത് വേണമെന്നറിയാതെ യക്ഷി ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ
തുളസിത്തറയുടെ തണുത്ത തറയില്‍ നെഞ്ചമര്ത്തി കരിഞ്ഞുപോയ ഇലകളില്‍
മുഖം ചേര്‍ത്ത് വിങ്ങി വിങ്ങി കരഞ്ഞു.
illustration saajo panayayamkod
littnow.com
littnowmagazine@littnow
കഥ
കുട്ടപ്പൻ ഇഫക്റ്റ്

രജീഷ് ഒളവിലം
സെഞ്ചുറി തികക്കുമെന്നും അല്ലാ അതിനുമുമ്പേ ഉറപ്പിക്കുമെന്നുമുള്ള കൂട്ടുകാരുടെ വാതുവയ്പ്പിന് വിരാമമിട്ടുകൊണ്ട് തൊണ്ണൂറ്റിയെട്ടാമത്തെ പെണ്ണുകാണലിൽ പ്രകാശൻ തന്റെ കല്യാണമങ്ങു ലോക്ക് ചെയ്തു. ടൗണിൽ ഹൃദയഭാഗത്തൊരു പലചരക്കു കടയുണ്ടായിട്ടും ആവശ്യത്തിലധികം സ്വത്തുണ്ടായിട്ടും എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള രണ്ടുനില വീടുണ്ടായിട്ടും ഗവർമെന്റ് ജോലി ഇല്ലായെന്ന ഒറ്റക്കാരണം കൊണ്ട് വയസ്സ് നൽപ്പത്തിയൊന്നാവേണ്ടി വന്നു ഒരു പെണ്ണുകിട്ടാൻ. എങ്ങനെങ്കിലും പെണ്ണുകിട്ടട്ടെയെന്നു വച്ചു പത്തു കൊല്ലം മുമ്പ് ഗവർമെന്റ് ജോലി നേടാൻ പി എസ് സി കൊച്ചിങ്ങിന് പോയതും അവിടെ പഠിപ്പിക്കാൻ വന്ന ടീച്ചറെ കേറി പ്രേമിച്ചതും പ്രേമം മൂത്തുനിൽക്കുമ്പോ ടീച്ചറൊരു ഗവർമെന്റ് പ്യൂണിനെ കെട്ടി കുടുംബം കൂട്ടിയതും കിട്ടിയ തേപ്പിന്റെ ആഘാതത്തിൽ പഠിപ്പ് നിർത്തി പിന്നേം തോട്ടത്തിൽ പോയതും നഷ്ടപ്രണയത്തിന്റെ ഓർമ്മയ്ക്ക് ഒരു മാവിൻതൈ നട്ടതും. അവനൊരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത മറ്റൊരു കഥ.
വളർച്ചയെത്തിയില്ലെങ്കിലും ആ മാവ് ഇപ്പൊ പൂവിട്ടിരിക്കുന്നു.
പെണ്ണിന് മൂപ്പിത്തിരി കുറവാണ് വയസ്സിരുപത്തിനാല് ചിങ്ങത്തിലാവുകയെ ഉള്ളൂ. തന്തേം തള്ളേം നേരത്തെ പോയി മാതുലനാണ് പോറ്റി വളർത്തിയത് പന്ത്രണ്ടു കൊല്ലത്തെ പോറ്റുകൂലി പലിശയും ചേർത്തു അങ്ങോട്ടു കൊടുക്കുന്നൊന് പെണ്ണിനെ കെട്ടിച്ചുകൊടുക്കും അതാണ് കരാർ. അങ്ങനെ മാമൂലുകൾ തെറ്റിച്ചു അങ്ങോട്ട് പുരുഷധനം കൊടുക്കാമെന്ന കരാറിൽ ആണേലും പ്രകാശൻ കല്യാണമങ്ങു ഉറപ്പിച്ചു. പ്രകാശനെന്നു പറയുന്നതിലും നല്ലത് അവന്റെ തന്തപ്പടി കിട്ടൻമൂപ്പര് അഥവാ കൃഷ്ണൻ മൂപ്പര് ഉറപ്പിച്ചു എന്നുപറയുന്നതാവും ഉചിതം. കാരണം മൂപ്പരുടേതാണ് ഇക്കണ്ട സ്വത്തുക്കളെല്ലാം. തിന്നാണ്ടും കുടിക്കാണ്ടും നേരാംവണ്ണം ഉടുക്കാണ്ടും നാട്ടുകാരെ ഊറ്റി കൊള്ളപ്പലിശകൊണ്ടു മൂപ്പര് ഉണ്ടാക്കിയ സ്വത്ത്.
പക്ഷെ ഇവിടെ മാത്രം ഒരു മാറ്റമുണ്ട്. ഈ ഗ്രാമം കണ്ടതിലേറ്റവും വലിയ കല്യാണമാവണം പ്രകാശന്റേത് എന്ന് മൂപ്പരങ്ങു പ്രഖ്യാപിച്ചു. അറുത്ത കൈക്ക് ഉപ്പുതേക്കാത്ത കിട്ടൻ മൂപ്പരുടെ പ്രഖ്യാപനം കേട്ട് പ്രകാശൻ പോലും ഞെട്ടി.

നോക്കി നോക്കിയിരിക്കെ ആ സുദിനമിങ്ങു വന്നെത്തി. മാധവിയമ്മായിയും സുലേഖ ചിറ്റയും അമ്മയുടെ കുറവറിയിക്കാതെ അടുക്കളയും അകത്തളവും കയ്യേറി കഴിഞ്ഞു. രാമേന്ദ്രൻ ചിറ്റപ്പൻ കലവറയുടെയും സുരേന്ദ്രനമ്മാവൻ പൂമുഖത്തിന്റെയും ചാർജ് ഏറ്റെടുത്തു. മറ്റുബന്ധുമിത്രാദികൾ പലയിടത്തായി പലവിധ കാര്യങ്ങളിൽ വ്യഗ്രിതരാണ്. കല്യാണത്തലേന്നിന്റെ എല്ലാവിധ ആവേശവും ഉൾക്കൊണ്ട് പന്തലും പന്തിയും നിറഞ്ഞു കവിഞ്ഞു. കിട്ടൻമൂപ്പര് വെള്ളയും വെള്ളയും ഉടുത്തു ഉമ്മറത്ത് തന്നെ ഞെളിഞ്ഞിരിപ്പുണ്ട്. നാട്ടിലെ കൂട്ടുകാർക്ക് പറങ്കിമങ്ങാ വാറ്റും, ടൗണിലെ കൂട്ടുകാർക്ക് ഒറിജിനൽ ബ്രാണ്ടിയും ഏർപ്പാടാക്കിയിരിക്കുന്നത് പൊലീസളിയൻ സുദേവനാണ്. പൊതുവെ ഏതൊരു കല്യാണത്തിനും മധുസേവയുടെ ചാർജ് അളിയന്മാർക്ക് ആയിരിക്കുമല്ലോ. ഒരേയൊരു അളിയാനാണെങ്കിൽ പിന്നെ പറയുകേം വേണ്ട. അങ്ങനങ്ങനെ പ്രകാശന്റെ മംഗല്യം കൊഴുകൊഴുത്തു.
നേരം നന്നേ വൈകി. ആളും ആരവവും ഒഴിഞ്ഞു. പിള്ളേർ പാർട്ടിയും. പെൺപടയും ഉറങ്ങിക്കഴിഞ്ഞു.
ചിറ്റപ്പനും അമ്മാവനും സുദേവൻ പോലീസും മോശമല്ലാത്ത ഫോമിൽ ഉമ്മറത്ത് തന്നെ പായ വിരിച്ചു കിടന്നു.
എല്ലാം നോക്കിക്കൊണ്ടു ചാരുകസേരയിൽ ഇരുന്ന കിട്ടൻ മൂപ്പര് പ്രകാശനെ അടുത്തേക്ക് വിളിച്ച് പടിഞ്ഞാറ്റയിലെ തന്റെ മുറിയിലേക്ക് വരാൻ ആംഗ്യം കാണിച്ചു. അവൻ അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ അയാൾക്ക് പിന്നാലെ മുറിയിലേക്ക് നടന്നു.
കഴുത്തിലെ മാലയിൽ കൊരുത്ത താക്കോലെടുത്തു മൂപ്പര് അലമാര തുറന്നു. ലോക്കറിൽ നിന്നും ഒരു ഡയറി പുറത്തേക്കെടുത്തു പ്രകാശന് നേരെ നീട്ടി.
“മോനെ പാച്ചാ..”
മൂപ്പര് അവനെ അങ്ങനെയാണ് വിളിക്കാറ്.
” നിന്റെ കല്യാണത്തിന് ഇതുവരെ ചെലവാക്കിയ പൈസേന്റെ കണക്ക് ദാ ഈ ഡയറിയിലുണ്ട്. ഇനി ചിലവാക്കാൻ പോവുന്നതും കൂടി ചേർത്തു ഞാൻ ഇത് നിനക്കങ്ങു തരും. അന്നേ നാൾ തുടങ്ങി കൃത്യം ഒരു കൊല്ലം തികയുന്നെനും മുന്നേ പൈസ പലിശയും ചേർത്തു എനിക്ക് തിരിച്ചു തരണം. മനസ്സിലായല്ലോ”
മൂപ്പര് അത്രേം പറഞ്ഞു അവന്റെ കയ്യിൽ നിന്നും ഡയറിയും തിരിച്ചു വാങ്ങി ലോക്കറിലെ പണക്കെട്ടുകൾക്ക് നടുവിൽ സ്ഥാപിച്ച് ലോക്കറും പൂട്ടി താക്കോൽ പഴയപടി മാലയിൽ കൊരുത്ത് പുറത്തേക്ക് നടന്നു.
അച്ഛൻ മൂപ്പരുടെ പലിശക്കണക്ക് കേട്ട് ഒരു നിമിഷത്തേക്ക് ഞെട്ടിയ പ്രകാശൻ ‘ഈ തന്തപ്പടിയുടെ തലേൽ ഒരിടിത്തീ പോലും വീഴുന്നില്ലല്ലോ” എന്ന് പ്രാകി തീരുംമുന്നേ ദാ ഇടിവെട്ടിയപോലെ മലർന്നടിച്ചു ഉമ്മറത്ത് വീണ് കിടക്കുന്നു കിട്ടൻ മൂപ്പര്
ആറ്റുനോറ്റു ശരിയായ കല്യാണമാണ്. അതും മുടങ്ങുമല്ലോ ദൈവങ്ങളേ… അച്ഛൻ ഇഹലോകം വെടിഞ്ഞതിലായിരുന്നില്ല. തന്റെ കല്യാണം എന്താവുമെന്നോർത്തായിരുന്നു പ്രകാശന്റെ പരവേശം. ഒരുഗതിയും പരഗതിയും ഇല്ലെന്നുവന്നപ്പോ പൊലീസളിയനെയും മാമാനേയും ചിറ്റപ്പനേയും വിളിച്ചുണർത്തുക മാത്രമായിരുന്നു ഏക വഴി.
എന്തു ചെയ്യുമെന്ന് എത്തുംപിടിയും കിട്ടാതെ നാലാളും ഉമ്മറത്തൂടെ തെക്കുവടക്കു നടന്നു. കുപ്പി ഒരെണ്ണം കൂടി കാലിയായി ചുരുങ്ങിയ നേരത്തെ ആലോചനയ്ക്കൊടുവിൽ തന്റെ പോലീസ് ബുദ്ധിയുപയോഗിച്ചു സുദേവൻ ഒരു പരിഹാരം നിർദേശിച്ചു.
“മരിക്കാനുള്ളൊരു മരിച്ചു, സംഗതി പുറത്തറിഞ്ഞാൽ ഉറപ്പായും കല്യാണം മുടങ്ങും അതിൽ സംശയമില്ല. അതോണ്ട് നാളെ ഉച്ചവരെയെങ്കിലും നമ്മളീ കാര്യം മൂടിവെക്കണം ആരുമറിയാതെ”
സുദേവൻ പറഞ്ഞതുകേട്ടു എല്ലാരും കണ്ണുമിഴിച്ചു.
“സംഗതി സിമ്പിൾ ആണ് നമ്മളീ ബോഡി അച്ഛന്റെ മുറിയിൽ കൊണ്ടു കിടത്തുന്നു. നാളെ കല്യാണ പാർട്ടി വീട്ടിൽ നിന്നിറങ്ങി തിരിച്ചു വീട്ടിൽ കേറും വരെ ഒരാൾ പോലും മുറിയിൽ കേറാതെ നോക്കാനുള്ള ചുമതല ചിറ്റപ്പനാണ്, കണ്ടാൽ ഉറങ്ങുവാണെന്നെ തോന്നാവൂ. കിട്ടൻ മൂപ്പർക്ക് നല്ല സുഖമില്ലെന്നും അതോണ്ട് പെണ്ണുവീട്ടിലേക്ക് വരില്ലെന്നും മറ്റുള്ളോരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ചുമതല അമ്മാവനാണ്. മാധവിയമ്മായിയെയും സുലേഖ ചിറ്റയേയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൂടെ നിർത്തണം. പ്രകാശൻ ഒന്നും അറിയാത്തപോലെ ചെയ്യാനുള്ളതൊക്കെ അങ്ങോട്ടു ചെയ്താൽ മതി. എല്ലാം കഴിഞ്ഞു ഒരു ഡോക്ടറെ കൊണ്ടുവന്നു പെട്ടെന്നുണ്ടായ അറ്റാക്കാണ് ആള് മരിച്ചു എന്നും പറഞ്ഞു ഒരു നാടകം സെറ്റാക്കുന്ന കാര്യം ഈ സുദേവൻ പൊലീസേറ്റു.”

അളിയച്ചാരുടെ പ്ലാൻ പ്രകാശൻ കയ്യടിച്ചു പാസാക്കി.
“സംഗതി ക്രൈം ആണ് ഇതിനു കൂട്ടു നിന്നാൽ”
“ഞങ്ങൾക്കെന്താണ് ഗുണം”
ചോദ്യം ആരംഭിച്ചത് അമ്മാവനാണെങ്കിലും അവസാനിപ്പിച്ചത് ചിറ്റപ്പനാണ്.
“പലിശക്കിട്ടന്റെ ലോക്കറിൽ ഉള്ള പണത്തിന് നാലു വിഹിതം. നമ്മൾ നാലുപേർക്കും തുല്യമായി എന്താ പ്രകാശാ ഓക്കേയാണോ..?”
ആ പ്രശ്നത്തിനും പൊലീസളിയൻ തന്നെ പരിഹാരം കണ്ടു. സമ്മതിക്കുകയല്ലാതെ പ്രകാശനും വേറെ വഴിയൊന്നും കണ്ടില്ല.
പറഞ്ഞപടി ബോഡി മുറിയിൽ കിടത്തി പുതപ്പിച്ച്, നേരം വെളുക്കുവോളം ഇത്തിരിയുറങ്ങാം എന്ന തീരുമാനത്തിൽ നാൽവർസംഘം പിരിഞ്ഞു.
പടിഞ്ഞാറ്റയുടെ മേൽക്കൂരയിലെ രണ്ടോടുകൾ രണ്ടുവശത്തേക്ക് മെല്ലെ മെല്ലെ നീങ്ങി, ഓടുകൾ മാറിയ വിടവിലൂടെ കാറ്റൊരു ഇലയെ മുറിയിലേക്കിട്ടു. മേലേ മാനത്തു നിന്നും അമ്പിളിക്കല കിട്ടൻമൂപ്പരെ നോക്കി ഒരുപാതി ചിരിച്ചിരിച്ചു. പിന്നാലെ മുറിയിലേക്ക് ഞാണുതൂങ്ങിയ കയറിലൂടെ ഒരു കറുത്തരൂപം താഴെക്കൂർന്നിറങ്ങി.
ഓടിൻപുറത്തിരുന്നു ഗൂഡാലോചനയ്ക്കൊക്കെ സാക്ഷിയായ ആ രൂപം കിട്ടൻ മൂപ്പരുടെ ശ്വാസം നിലച്ചെന്നു ആദ്യമേ ഉറപ്പുവരുത്തി. ശേഷം ജടത്തിന്റെ കഴുത്തിൽ കിടന്ന മാലയിൽ നിന്നും താക്കോൽ അടർത്തിയെടുത്തു. ബദ്ധപ്പെട്ടു ലോക്കർ തുറക്കാനൊരുങ്ങിയതും ദാ പിന്നിൽ നിന്നൊരു ഗർജ്ജനം.
“ആരാണ്ടാ അവിടെ”
“കുട്ടപ്പനാണെ”
കട്ടിലിൽ നിവർന്നിരുന്നു തന്നെ തുറിച്ചുനോക്കുന്ന കിട്ടൻ മൂപ്പരേക്കണ്ട് അവൻ നിന്നു വിറച്ചു.
“എന്തിനാണ്ടാ വന്നേ..?”
“കക്കാനാണേ”
കാലിന്റെ തള്ളവിരലിൽ നിന്നും ഇരച്ചു കയറിയ ഭയം അവനെക്കൊണ്ടു യാന്ത്രികമായി ഉത്തരം പറയിച്ചു.
“ഒരായുസ്സുകൊണ്ടു ഉണ്ടാക്കിയ മുതലാ അങ്ങനങ്ങു കൊട്ടോണ്ട് പോയാ അതു ശരിയാണോ കുട്ടപ്പാ”
ചോദ്യത്തിലിത്തിരി ന്യായോണ്ട്, കുട്ടപ്പൻ തലച്ചോറിഞ്ഞു.
“ചത്തു മേലേക്ക് പോയ ഇങ്ങക്കിനി എന്തിനാ മൂപ്പിലാനെ ഈ പൈസയൊക്കെ”
“എന്നാലും കുട്ടപ്പാ കട്ടപ്പെട്ടു ഉണ്ടാക്കിയ മുതല്‍ കണ്ണുമുന്നിൽ പോണത് കാണുമ്പോ ആർക്കാണെഡാ സഹിക്കുവാ”
“നാട്ടാരെ പറ്റിച്ചുണ്ടാക്കിയ മുതലല്ലേ മൂപ്പരേ, നാട്ടുകാരനായ ഞാനെടുക്കുന്നതിൽ തെറ്റില്ലാലോ..?”
കുട്ടപ്പന്റെ ആചോദത്തിലെ സത്യത്തിനു മുന്നിൽ മൂപ്പരൊന്നു പതറി.
“ഞാനുണ്ടാക്കിയത് എന്റെ മക്കൾക്കല്ലേടാ കിട്ടേണ്ടത്, അതും കഴിഞ്ഞു അവരുടെ മക്കൾക്ക് അങ്ങനെ തലമുറ തലമുറ കൈമാറി…”
ജീവിതത്തിൽ ഒരിക്കലും ഉണരാത്ത ചില വികാരങ്ങൾ ജനിക്കാൻ മൂപ്പര് മരിക്കേണ്ടി വന്നു. ജടത്തിന്റെ കണ്ണുകൾ നിറഞ്ഞു.
കല്യാണം നടക്കാൻ അച്ഛന്റെ ശവം പൂഴ്ത്തി വച്ച മകന്റെ സ്നേഹത്തെക്കുറിച്ചും അതിന്റെ കൂലിയായി മൂപ്പിലാന്റെ സമ്പാദ്യം നാലായി പങ്കുവച്ച ഉറ്റവരുടെ ആത്മാർത്ഥതയെക്കുറിച്ചും കുട്ടപ്പൻ ചുരുങ്ങിയ വാക്കുകളിൽ മൂപ്പരെ പറഞ്ഞു ധരിപ്പിച്ചു.
“ഇവർക്കൊക്കെ വേണ്ടിയാണോ മൂപ്പരേ ഇങ്ങളീ നാട്ടാരെ പിഴിഞ്ഞു ഇത്രേം സമ്പാദിച്ചത്”
കുട്ടപ്പൻ താക്കോൽ തിരിച്ചു മൂപ്പരുടെ മാലയിൽ കോർത്തുവച്ചു വികാരാധീനനായി കയറു ലക്ഷ്യമാക്കി തിരിച്ചു നടന്നു.
“കുട്ടപ്പാ ഇങ്ങടുത്തുവാ”
മൂപ്പരുടെ ആ വിളിയിൽ അവൻ അറിയാതെ നടന്നു അയാൾക്കടുത്തു വന്നു നിന്നു.
“കുട്ടപ്പാ എനിക്ക് വേണ്ടി നീ രണ്ടു കാര്യങ്ങൾ ചെയ്യണം “
കഴുത്തിലെ മാലയിൽ നിന്നും താക്കോൽക്കൂട്ടം ഊരിയെടുത്തു അവന്റെ കൈകളിൽ വച്ചുകൊണ്ട് മൂപ്പര് പറഞ്ഞു തുടങ്ങി.
“1- നിനക്കുള്ളത് നീയെടുത്തിട്ടു ബാക്കിയുള്ളതുകൊണ്ടു ഈ നാട്ടാർക്കു വേണ്ടി എന്തെങ്കിലും ചെയ്യണം.”
“2- കിട്ടൻ മൂപ്പര് ജീവിച്ചിരിപ്പില്ലാന്ന് ഇപ്പൊ തന്നെ നാട്ടാരെ മുഴുവൻ അറിയിക്കണം
കള്ളനാണെങ്കിലും എനിക്ക് നിന്നെ വിശ്വാസമാണ്”
കട്ടിലിൽ മരവിച്ചു കിടക്കുന്ന മൂപ്പരുടെ കാലിലെ തള്ളവിരലുകൾ ഉടുമുണ്ട് കീറി അവൻ ചേർത്തു കെട്ടി. എന്തോ പറയാൻ ബാക്കി വച്ചുകൊണ്ട് തുറന്നു പിടിച്ച വായ തലയോട്ടി ചേർത്തു മുറുക്കി കെട്ടി.
ഒരണ പോലും ബാക്കി വയ്ക്കാതെ കെട്ടിലാക്കി ഓട്ടിൻ മുകളിൽ കയറി അവൻ നീട്ടിയൊന്നു ഓരിയിട്ടു.
പാചകപ്പുരക്കു പിന്നിലെ വേസ്റ്റു കുഴിയിൽ നിന്നും ആർത്തിയോടെ മത്സ്യവും മാംസവും തിന്നുന്നതിരക്കിനിടയിൽ മരണം വിളിച്ചറിയിക്കാൻ മറന്ന പട്ടിക്കൂട്ടം അത് ഏറ്റുപിടിച്ചു.
വീടിനു ചുറ്റും കുറെയേറെ പട്ടികൾ നിരന്നു നിന്ന് ഓരിയിട്ടു. ഉറങ്ങിക്കിടന്നവരൊക്കെ ചാടിയെണീറ്റ് പരക്കം പാഞ്ഞു. അതിൽ ചിലർ കിട്ടൻ മൂപ്പരുടെ പടിഞ്ഞാറ്റയിലുമെത്തി. നാൽക്കാലികളാണല്ലോ മരണം ആദ്യം കാണുന്നത്. തികഞ്ഞ അഭ്യാസിയെപ്പോലെ കുട്ടപ്പൻ മരത്തിൽ നിന്നും മരത്തിലേക്ക് ചാടി ഇരുട്ടിലേക്ക് മറഞ്ഞു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.
പലചരക്കു കടക്കാരൻ പ്രകാശൻ ഇപ്പോഴും പെണ്ണുകാണൽ തുടർന്നുകൊണ്ടേയിരിക്കുന്നു. കർഷകർക്കും, വ്യവസായ സംരംഭകർക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ വയ്പ്പകൊടുക്കുന്ന, വിദ്യാർഥികളുടെ പഠനാവിശ്യത്തിന് പലിശരഹിത വായ്പ്പകൊടുക്കുന്ന പുതിയൊരു ബാങ്ക് അങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു.
ബാങ്കിന്റെ നെറ്റിയിൽ തൂങ്ങുന്ന ചുവന്ന ബോർഡിൽ വലിയ അക്ഷരങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
‘കൃഷ്ണൻ മൂപ്പർ ഫിനാൻസ്’
പ്രൊപ്രൈറ്റർ കുട്ടപ്പൻ.
കഥ തുടങ്ങാനിരിക്കുന്നതെയുള്ളൂ…
littnow.com
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login