കഥ
അലിയൂ…

ഫമിത വര: സാജോ പനയംകോട്
സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി അവശേഷിപ്പിച്ച മൈനുകൾക്കും സംഹാരങ്ങൾക്കും ഇടയിലൂടെ അവനും അവന്റെ അമ്മയും വളരെ പ്രയാസത്തോടെ നടന്നു. എന്തുചെയ്യാം എങ്ങനെയെങ്കിലും ഈ രാജ്യം വിടണം. കത്തുന്ന വെയിലിലും ദാരിദ്ര്യത്തിലും കലാപങ്ങളിലും ഇടയിൽനിന്നുള്ള രക്ഷാമാർഗ്ഗം യൂറോപ്പാണ്. പട്ടാള വാനുകൾ തന്റെ നേരെ പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞുമാറി. അവർ അവനോട് അടുത്തുവന്ന ട്രക്കിൽ കയറുവാൻ ആവശ്യപ്പെട്ടു. തന്റെ ഭാണ്ഡത്തിൽ ആകെയുള്ള ഒരു ജോഡി ഷൂസ് രണ്ടു കഷണം ബ്രഡ് രണ്ട് ബോട്ടിൽ വെള്ളം എന്നിവയോടൊപ്പം അവന്റെ അമ്മയുമായി ആ ട്രക്കിൽ കയറിക്കൂടി. കഷ്ടി ഒരു കാൽ വെക്കാനുള്ള സ്ഥലമേ അതിലുണ്ടായിരുന്നുള്ളൂ.

അതിസമ്പന്നതയുടെ മാനദണ്ഡമായ എണ്ണയും സ്വർണ്ണവും വേണ്ടുവോളം ഉണ്ടായിട്ടും ഞങ്ങൾക്ക് എന്തെ ഒരു നേരത്തെ പ്രാണജലം പോലും അന്യമായത് എന്ന ചിന്ത അവന്റെ മനസ്സിൽ മുള്ളുകൾ കോറിയിട്ടു.. വംശീയവെറികൾക്കും സാമ്രാജ്യത്വ അധിനിവേശത്തിലും അവനെ പോലുള്ളവർക്ക് നഷ്ടമായത് സ്വന്തം നാടും മേൽവിലാസവുമായിരുന്നു. അവൻ ആ ട്രക്കിൽ ഒന്നു നോക്കി.കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും തുടങ്ങി എല്ലാവരും ഞെങ്ങി അമർന്നിരിക്കുന്നു. എല്ലാവരുടെയും കണ്ണുകളിൽ നിർവ്വികാരത മാത്രമാണ്. ഉമിനീർ ഗ്രന്ഥികൾപോലും വറ്റിയ കുട്ടികൾ. ഒരു ട്രക്കിൽ കൊള്ളാവുന്നതിനേക്കാൾ ആളുകൾ.പൊടിയും അസഹ്യമായ ചൂടിലും ആകെ ഒരു തീച്ചൂളയിലൂടെയായിരുന്നു ആ യാത്ര. യൂറോപ്പിലെ ത്തിയാൽ എല്ലാം ശരിയാവും എന്നവൻ ആശ്വസിച്ചു. പട്ടാളക്കാരുടെ തോക്കുകൾ തങ്ങളുടെ കൂടെയുണ്ടെന്ന് അവരെ പിന്തുടരുന്ന വെടിയൊച്ചകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ. ആഹാരം കേട്ടുകേൾവി ആയവർ. തങ്ങൾ എന്തിനു ജനിച്ചു, എന്താണ് തങ്ങൾ ചെയ്ത തെറ്റ് എന്ന് അറിയാൻപോലും അവകാശമില്ലാത്തവർ. ഗ്രീസിലെ ത്തിയിട്ട് എന്തെങ്കിലും ജോലി ചെയ്ത് ഒരു കമ്പിളിയെങ്കിലും അമ്മയ്ക്ക് വാങ്ങിനൽകണം. അവൻ ഉറപ്പിച്ചു. ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൻ തന്റെ മനോവ്യാപാരങ്ങളിൽനിന്നു മുക്തനായത്. അലിയു തളർന്ന മിഴികളോടെ കരയുന്ന സ്ത്രീയിലേക്ക് നോക്കി. അവരുടെ മടിയിൽ മരിച്ചുവീണ കുഞ്ഞിനെ കരാറുകാരൻ എടുത്ത് വെളിയിലേക്കെറിഞ്ഞു. അവരുടെ കരച്ചിൽ കാണാനാവാതെ അവൻ തന്റെ മുഖംകാൽമുട്ടിലേക്കമർത്തിയിരുന്നു. എങ്ങനെയെങ്കിലും ഈ നരകയാത്ര തീരാൻ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
മെഡിറ്റേറിയൻ കടൽ കടന്നാൽ യൂറോപ്പിലെത്താം. എന്നാൽ അവിടെ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പിനെ തുടർന്ന് അവർ ദിശമാറ്റി സഹാറയിലേക്ക് തിരിച്ചു. കത്തുന്ന സൂര്യന് താഴെയായി തോക്കു ചൂണ്ടി തങ്ങളെ മരുഭൂമിയിലേക്ക് ഇറക്കി വിടുമ്പോൾ മുമ്പുണ്ടായിരുന്ന പലരും കൂടെയില്ലെന്ന് അവന് മനസ്സിലായി. ഇതാണോ യൂറോപ്പ്, ഗ്രീസ്സ് എന്നു ചോദിച്ച റൊമാരിയോവിന് നേരെ നിറയൊഴിക്കുന്നത് തളർന്ന മനസ്സോടെ അവനും അമ്മയും നോക്കിനിന്നു. നിങ്ങൾ പുതിയ ലക്ഷ്യം കണ്ടുപിടിച്ചോളൂ. അല്ലെങ്കിൽ മറുപടി നൽകാൻ ഞങ്ങളുടെ തോക്കുണ്ട് എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.
കടൽപോലെ കാണുന്ന ഈ മണൽക്കാടുകളിലൂടെ എങ്ങോട്ടാണ് പോകേണ്ടതെന്നും അവന് അറിയില്ലായിരുന്നു. പൊടിക്കാറ്റുകളിൽ പലരും നിലത്തു വീഴുന്നുണ്ടായിരുന്നു. കുട്ടികളാണ് ഏറെയും കഷ്ടപ്പെടുന്നത്. തിരിഞ്ഞു നോക്കിയാൽ തോക്കുകൾ മറുപടി പറയുമെന്ന് അവനറിയാമായിരുന്നു. വെള്ളത്തിനുവേണ്ടി കരയുമ്പോൾ ഒരു കുഞ്ഞിന് തന്റെ കുപ്പിയിലെ അവസാനതുള്ളിയും അവൻ നല്കിയിരുന്നു. 48 ഡിഗ്രി ചൂടിൽ തിളച്ചു നിൽക്കുന്ന സഹാറയിലെ സൂര്യൻ എല്ലാറ്റിനും സാക്ഷിയായി. പലരേയും കാണാതായി. പലരും വഴിതെറ്റി എങ്ങോട്ടോ യാത്രയായി. ലക്ഷ്യമില്ലാതെ അവർ മണൽകാറ്റിലലിഞ്ഞു.
അമ്മയുടെ കൈകൾ അവനിൽനിന്നും അയഞ്ഞു വീണതായി അവന് തോന്നി. തളർന്നുവീണ അമ്മയെ അവൻ തന്റെ കൈകളിലേക്ക് താങ്ങി. കണ്ണുനീർഗ്രന്ഥി വറ്റിയ അവനിൽ അമ്മയ്ക്ക് ഒരു മുത്തം നൽകാനുള്ള ശേഷി പോലുമില്ലായിരുന്നു. കത്തുന്ന സൂര്യന് താഴെ അലി തന്റെ അമ്മയെ ഉപേക്ഷിച്ചു. ആകെയുള്ള അഭയസ്ഥാനം.. തന്റെ അമ്മ അവിടെ ആ മരുഭൂമിയുടെ മാറിൽ മരവിച്ചു കിടന്നു. അമ്മേ...... അവന്റെ ശബ്ദം നിർജീവമായിരുന്നു. വെടിയൊച്ചകളെ ഭയന്ന് അവൻ നടന്നുനീങ്ങി. തളരുന്ന കാലുകളോടെ.തളർന്ന് നിരങ്ങുന്ന ഒരു പെൺകുട്ടിയെ പിടിച്ച് ഒരു സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു. ട്രക്കിലേക്ക് കയറാൻ ശ്രമിച്ച അവർക്ക് നേരെ അധികൃതർ വെടിയുതിർത്തു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു നടന്നു. എല്ലാവർക്കും അവരവർ മാത്രം. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നുവീഴുന്നവരെ തിരിഞ്ഞു നോക്കാതെ ആ പൊടിക്കാറ്റിലൂടെ അവൻ നടന്നു. എന്തിലോ തട്ടി വീണു. ഏതോ നിർജ്ജീവമായ ഒരു ശരീരമായിരുന്നു അത്. കൊടിയ ചൂടിലൂടെ ലക്ഷ്യം തേടി അവൻ ദിനരാത്രങ്ങൾ യാത്ര തുടർന്നു. അസകാമയിലെത്തിയപ്പോൾ യാത്ര തുടങ്ങുമ്പോൾ കണ്ട പലരേയും കാണാനില്ലെന്നുമാത്രം അലിയു അറിഞ്ഞു. ജ്വലിക്കുന്ന സൂര്യന് കീഴെ അഭയംതേടി കത്തിക്കരിഞ്ഞ പാഴ്ചെടികളായിരുന്നു ആ ജീവനുകൾ. അതിന് മൂകസാക്ഷിയായി അവൻ നടന്നുകൊണ്ടേയിരുന്നു. ഒപ്പം സൂര്യനും..
littnow.com
littnowmagazine@gmail.com
Uncategorized4 years agoഅക്കാമൻ
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
ലോകം4 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
സിനിമ3 years agoഅപ്പനെ പിടിക്കല്
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത






















You must be logged in to post a comment Login