നാട്ടറിവ്
ജനപഥം – 1
ഡോ.സോമൻ കടലൂർ
ഫോക് ലോർ പഠനത്തിൻ്റെ ഇന്ത്യൻ പരിസരം
ജനകേന്ദ്രിതവും സാമൂഹ്യ പ്രതിബദ്ധവുമായ ജ്ഞാന വിഷയം എന്ന നിലയിൽ പ്രാധാന്യമുള്ള ഫോക് ലോർ പoനം പല കാരണങ്ങൾ കൊണ്ട് ഇന്ത്യൻ അക്കാദമിക രംഗത്ത് താരതമ്യേന ദുർബലമായിത്തീരുകയാണുണ്ടായത്. വ്യത്യസ്തവും വൈവിധ്യപൂർണവുമായ ഫോക് ലോറുകൾ കൊണ്ട് സമ്പന്നമാണെങ്കിലും ഫോക് ലോർ പഠനത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ദരിദ്രമാണ്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ വൈകിയാണ് ഇവിടെ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടു വരെ ഇന്ത്യൻ പണ്ഡിതരുടെ ശ്രദ്ധയിൽ ഫോക് ലോർ എന്ന വിഷയം കടന്നു വരാത്തതിന് ഒരു കാരണം കൊളോണിയൽ ആശയലോകം സൃഷ്ടിച്ച അവബോധത്തിലെ പടുകുഴികളായിരുന്നു.
ദേശിയായ സംസ്കാര സവിശേഷതകളെ അപകർഷതയോടെ കാണാൻ പരിശീലിപ്പിക്കപ്പെട്ട ബോധം.പ്രതിരോധാത്മകമായ പ്രാദേശിക സ്വത്വപഠനമെന്നത് ഒരനാവശ്യമോ അസംബന്ധമോ ആയാണ് ഇന്ത്യൻ സാമൂഹ്യ ശാസ്ത്രകാരൻമാർക്ക് അനുഭവപ്പെട്ടത്.
സംസ്കാരത്തിൻ്റെ മാനദണ്ഡം പാശ്ചാത്യമാണെന്നും ചരിത്രമെന്നത് വരേണ്യ വ്യവഹാരമാണെന്നും വികസനമെന്നത് യൂറോപ്യൻ നാട്ടുനടപ്പാണെന്നും വിശ്വസിച്ചുവശായവരാണ് നമ്മുടെ പണ്ഡിതർ അധികവും. പ്രദേശികമായ ജനാവിഷ്ക്കാരങ്ങൾ പഠിക്കേണ്ടതാണെന്നും അതൊരു സജീവ വിഷയമാണെന്നുമുള്ള ബോധം സൃഷ്ടിച്ചത് വാസ്തവത്തിൽ പാശ്ചാത്യരാണ്.
തദ്ദേശ ജനതയെ സ്വാധീനിക്കാനും ജനപഥങ്ങളിൽ മതപരവും അല്ലാത്തതുമായ ആശയങ്ങൾ പ്രക്ഷേപിക്കാനും മികച്ച ഉപാധി കൂട്ടായ്മയുടെ മനസ്സിൻ്റ ആഴങ്ങളോളം വേരുകളുള്ള ഫോക് ലോറുകളാണെന്ന് പണ്ഡിതരായ മിഷണറിമാർക്കറിയാമായിരുന്നു.അതുകൊണ്ട് ഇന്ത്യയിലെ ഫോക് ലോർ പഠനത്തിൻ്റെ പ്രാരംഭ ദശയിൽ പാശ്ചാത്യ സ്വാധീനം നല്ലപോലെ കാണാം. ചരിത്രപരമായി ആ ശ്രമങ്ങൾക്ക് വലിയ പ്രാധാന്യവുമുണ്ട്.
വെരിയർ എൽവിൻ, വില്യം ലോഗൻ, പേഴ്‌സി മക്വീൻ തുടങ്ങിയ പണ്ഡിതരുടെ പ്രവർത്തനം മുഖ്യമായും ഫോക് ലോർ ശേഖരണത്തിൽ ഒതുങ്ങിയെങ്കിലും സുപ്രധാനമാണ്. ജർമ്മൻ ഇന്തോളജിസ്റ്റായ മാക്സ് മ്യുള്ളറുടെ വേദ- ഉപനിഷദ് – പുരാണ പഠനങ്ങൾ, എഡ്ഗാർ തേഴ്സ്റ്റൻ, മേരി ഫ്രെയർ തുടങ്ങിയവരുടെ അന്വേഷണങ്ങൾ – ഒക്കെ മികച്ച ഉപലബ്ധികളാണ്. പാശ്ചാത്യരുടെ ഈ ഘട്ടത്തിലെ പഠനങ്ങളിൽ രണ്ടു തരം സമീപനമുണ്ടായിരുന്നു.
ഒന്ന്, പാശ്ചാത്യ രാജ്യങ്ങളൊഴികെയുള്ള സമൂഹങ്ങൾ അപരിഷ്കൃതരാണ്. രണ്ട്, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ആത്മീയ സംസ്കാരത്തെ അതിശയോക്തിപരായി ചിത്രീകരിക്കുക.പാശ്ചാത്യ പണ്ഡിതൻമാരുടെ പ്രചോദനത്തിൽ ഇന്ത്യയിലെ സംസ്കാര പഠിതാക്കളുടെ സക്രിയമായ ഇടപെടലുണ്ടായ അക്കാദമിക സന്ദർഭത്തെയാണ് റൊമാൻ്റിക് നാഷണലിസ്റ്റിക് കാലഘട്ടം എന്ന് ഫോക് ലോർ പഠന ചരിത്രം പേരിട്ടു വിളിക്കുന്നത്.
സ്വന്തം സംസ്കാരവും ജീവിതവും മാന്യമാണ് എന്നും ജനകീയ പഴമ അന്വേഷിക്കുക എന്നത് പ്രബുദ്ധ പ്രവർത്തനമാണ് എന്നുമുള്ള ജ്ഞാന താൽപര്യം ഈ പഠനത്തെ ത്വരിപ്പിച്ചു.കാൽപനിക ദേശീയ ഘട്ടമായി അടയാളപ്പെടുത്തുന്ന ഈ രണ്ടാം തരംഗത്തിൽ ധാരാളം പരിമിതികളുണ്ടായിരുന്നു.
ദേശീയതയുടെയും കാൽപനികതയുടെയും സങ്കുചിതത്വങ്ങളിലേക്ക് അവ ചുരുക്കപ്പെടുകയും സംസ്കൃതിയുടെ സമഗ്രതയോ പാരമ്പര്യത്തിൻ്റെ വിസ്തൃതിയോ ഈ പഠനങ്ങളുടെ ആധാരമായി വികസിച്ചില്ല.ഇന്ത്യൻ ഫോക് ലോർ പഠനത്തിൻ്റെ മൂന്നാം ഘട്ടം ഒരു പരിധി വരെ ഈ ദൗർബല്യത്തെ പരിഹരിക്കാൻ സഹായിച്ചു.പഠനം കുറെ കൂടി സാകല്യ വീക്ഷണമുള്ളതായി. വസ്തുത ശേഖരണവും വർഗ്ഗീകരണവും വിശകലനവും താരതമ്യേന ശാസ്തീയമാക്കാൻ യത്‌നിച്ച സന്ദർഭമാണിത്.
ഇക്കാലത്തെ ഫോക് ലോർ അന്വേഷണങ്ങളിൽ പ്രാദേശികവും ദേശീയവുമായ കാഴ്ചപ്പാടുകളുടെ പിൻബലമുണ്ടായി. ഗവേഷണ വിഷയമായും പഠനമായും ഫോക് ലോർ യൂണിവേഴ്സിറ്റികളിൽ സ്ഥാപിക്കപ്പെട്ടതും ഈ ഘട്ടത്തിൽ തന്നെ. ഫോക് ലോർ ആൻ ഇൻട്രൊഡക്ഷൻ എന്ന ഗ്രന്ഥത്തിൽ ഡോ. ജവഹർലാൽ ഹണ്ടു , ഇന്ത്യൻ ഫോക്‌ലോർ പഠന ചരിത്രത്തിൻ്റെ ഘട്ട വിഭജനം നടത്തുന്നത് ഇപ്രകാരമാണ്. ഒന്ന്, മിഷണറി ഘട്ടം, രണ്ട്, ദേശീയത ഘട്ടം, മൂന്ന്, അക്കാദമിക് ഘട്ടം. ഈ വിഭജനം ഒരു പരിധി വരെ വസ്തുതാപരമാണ്.
എന്നാൽ നാനാമുഖമായി പല കാലങ്ങളിൽ പല ഭാഷകളിൽ നടന്ന പഠനപ്രവർത്തനങ്ങളെ ഇപ്രകാരം ലളിതവൽക്കരിക്കാമോ എന്ന പ്രശ്നം അപ്പോഴും നിലനിൽക്കുന്നു. ഒരു വിശാലമായ പഠനമണ്ഡലത്തിലുള്ള ഇത്തരം നിരീക്ഷണത്തിൻ്റെ മെച്ചം അത് കാര്യങ്ങളെ കുറെ കൂടി തെളിയിച്ചു കാട്ടുന്നു എന്നതാണ്.
എന്നാൽ ഇന്ത്യയിൽ നടന്ന ഫോക് ലോർ പഠനപ്രവർത്തനങ്ങളുടെ പ്രത്യയശാസ്ത്ര വിവക്ഷകളെ സൂക്ഷ്മമായി ഇഴപിരിച്ചെടുക്കാനോ അതിൻ്റെ ചരിത്ര സന്ദർഭത്തെ മൂന്നാം ലോക പരിപ്രേക്ഷ്യത്തിൽ വിചിന്തനം ചെയ്യാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
യൂറോകേന്ദ്രിത – സംസ്കൃത കേന്ദ്രിത ബോധ പരിസരത്തിൽ നിന്ന് ഫോക് ലോർ പഠനത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഭൂത ബാധയെ ഉച്ചാടനം ചെയ്യാനുള്ള കെല്പ് നമ്മുടെ അക്കാദമിക്കുകൾക്ക് എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു.
നാട്ടറിവ്
ബദാം
വാങ്മയം: 15
ഡോ.സുരേഷ് നൂറനാട്
ചിത്രം: കാഞ്ചന.എസ്
ലൈബ്രറിയിൽ വെറുതേ പോയിരുന്ന് ആദ്യംകണ്ട പുസ്തകം എടുത്ത് മറിച്ചു നോക്കിയതാണ്. വല്ലാതങ്ങിഷ്ടപ്പെട്ട് മുഴുവൻ വായിച്ചു.അതുപോലുള്ള പുസ്തകങ്ങളാ വായിക്കേണ്ടതെന്ന് പലരോടും പറഞ്ഞു. പിന്നീട് അത്തരം പുസ്തകങ്ങളുടെ വായനക്കാരനും വിതരണക്കാരനുമായി മാറി.
ഇതുപോലെയാണ് ബദാംമരത്തിൻ്റെ കഥ. വെറുതേ എവിടെയോ വീണുകിളിർത്ത ഒരു ബദാംതൈ.അത് വലിയ ഇലകളുമായി ധടുതിയിൽ വളർന്ന് മുറ്റത്ത് വലവിരിച്ചു. വേനൽക്കാലത്ത് ചുവന്നുതുടുത്ത ഇലകൾ പൊഴിച്ചു. പറക്കാൻ വെമ്പി നിൽക്കുന്ന ഭാവമാണ് ബദാമിന്.
കഷ്ടപ്പെടാൻ മനസ്സുള്ള കുട്ടികളാണ് ബദാമിനോടടുക്കുന്നത്. വലിയ കല്ലുകൾ കൊണ്ട് ബദാംകായ പൊട്ടിച്ചെടുത്ത പരിപ്പ് അവർ പങ്കുവെച്ച് കഴിക്കുന്നത് കാണാൻ രസമാണ്. ഇഷ്ടപ്പെട്ട പുസ്തകത്തിലെ പ്രിയപ്പെട്ട കവിത പോലെയൊരു പാൽമണം ബദാംപരിപ്പിനുണ്ട് .
പകൽ അണ്ണാറക്കണ്ണനും രാത്രി വാവലുമാണ് ബദാംമരത്തിലെ നിത്യസഞ്ചാരികൾ.
ബദാംകായുടെ ചുവന്ന നിറത്തിലുള്ള പുറംപഴം നീരൂറ്റിക്കുടിച്ച് പറന്നകലുന്ന വാവലുകളുടെ ചിറകടിയൊച്ച എൻ്റെ ഉറക്കത്തെ ഒരു പാട് ശല്യപ്പെടുത്തിയിട്ടുണ്ട്. രാത്രിയേറെ വറ്റിയാലും ബദാമിനടിയിലെ വീട്ടിൽ ഉറക്കമില്ലാതിരിക്കുമായിരുന്നു.കവിത വായിച്ചും എഴുതിയും രചനയുടെ കാമ്പ് കണ്ടെത്തന്നതിനുള്ള എൻ്റെ സാഹിത്യപരിശ്രത്തിന് ബദാംമരവും സാക്ഷിയാണ്.
ധാരാളം കമ്പിളിപ്പുഴുക്കളും കീടങ്ങളും ചിലന്തികളും ബദാംമരത്തിൽ ജീവിക്കുന്നു.അവയെ ഭക്ഷണമാക്കുന്ന മറ്റ് പല തരം ജീവികളും. ബദാമിന് മറ്റുമരങ്ങളിൽനിന്നുള്ള പ്രധാനവ്യത്യാസം കാറ്റുംമഴയും അതിജീവിക്കാനാകാതെ അതിന് കടപുഴകേണ്ടിവരുന്നു എന്നതാണ്.പരദേശികളുടെ കവിത നാട്ടുഭാഷാപദങ്ങളിൽ കൂട്ടിവെക്കാനാവാതെ കുഴഞ്ഞുവീഴുന്നു.
കാറ്റത്ത് ശാഖകളടർന്നും വേരറ്റും ബദാം മറിയുന്ന ദൃശ്യം അസഹ്യമാണ്. ഒടിഞ്ഞു ചതഞ്ഞും മുറിവേറ്റുമുള്ള ആ വീഴ്ച ഒരു കവിയുടെ അകാലചരമം പോലെ ദു:ഖകരമാണ്.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
നാട്ടറിവ്
പശ്ചിമകൊച്ചി: ചരിത്രസ്മാരകങ്ങൾ, കല, സംസ്കാരം
പശ്ചിമകൊച്ചിയുടെചരിത്രസാംസ്കാരികപാരമ്പര്യം- 4
ഡോ. സിനി സന്തോഷ്
ചരിത്രസ്മാരകങ്ങൾ
പശ്ചിമകൊച്ചിയുടെ വളര്‍ച്ചയേയും പാരമ്പര്യത്തെയും ചരിത്രസ്മാരകങ്ങളെ ആധാരമാക്കി വസ്തുതവത്കരിക്കുവാൻ സാധിക്കും. പൈതൃകങ്ങളും അനുബന്ധവസ്തുതകളും ചേര്‍ന്ന് രൂപീകൃതമായതാണ് സമകാലികകൊച്ചി എന്നതിനാൽ ഇവിടുത്തെ സംസ്കാരത്തെ പുരാരേഖകള്‍, സ്മാരകങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയിലൂടെ അപഗ്രഥിച്ച് പൂര്‍വ്വകാലവിശദാംശങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും
ജൂതശാസനം, മട്ടാഞ്ചേരി പടിയോല, സൂനഹദോസ് കാനോനകള്‍ എന്നിവ കേരളചരിത്രത്തിന്‍റെ ഭാഗങ്ങളായും പഴയന്നൂര്‍ ക്ഷേത്രതാളിയോലകള്‍, ക്ഷേത്രചുവരിലെ ലിഖിതങ്ങള്‍, നൈനസമൂഹത്തിന്‍റെ മംഗളപത്രം എന്നിവ തികച്ചും പ്രാദേശിക ദത്തങ്ങളുമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ഇവയെല്ലാം പുനര്‍നിര്‍മ്മിക്കുന്നത് പ്രാദേശിക സംസ്കൃതിയെയാണ്. ബാസ്റ്റ്യന്‍ ബംഗ്ലാവ്, മട്ടാഞ്ചേരിക്കൊട്ടാരം, അരിയിട്ടുവാഴ്ചക്കൊട്ടാരം, ടാക്കൂര്‍ഹൗസ്, വി.ഒ.സി. ഗേറ്റ്, ഡച്ച് സെമിത്തേരി, ചീനവല എന്നിവയെല്ലാം പലകാലത്തെ വ്യത്യസ്തസംസ്കാരങ്ങളുടെ ശേഷിപ്പുകളാണ്. ജനജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന സാംസ്കാരിക രൂപകമാണ് ആരാധനാലയങ്ങൾ. ഇവയുടെ ബാഹുല്യവും ബഹുസ്വരതയും പ്രതിഫലിപ്പിക്കുന്നത് പ്രസ്തുത പ്രദേശത്തിന്‍റെ സാംസ്കാരികവൈവിധ്യത്തെയാണ്. സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, സാന്താക്രൂസ് ബസലിക്ക, സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി, കല്‍വത്തിപ്പള്ളി, ചെമ്പിട്ടപള്ളി, പഴയന്നൂര്‍ക്ഷേത്രം, ജൈനക്ഷേത്രം, തിരുമലക്ഷേത്രം, ജൂതപ്പള്ളി തുടങ്ങി വലുതും ചെറുതമായ ഇവിടുത്തെ ആരാധനാലയങ്ങളുടെ വൈവിധ്യം മറ്റെവിടെയും ദൃശ്യമല്ല. പരേഡ്മൈതാനം, മിലിട്ടറി യൂണിറ്റായ ദ്രോണാചാര്യ, പഴയകാല കപ്പല്‍നിര്‍മ്മാണശാലകള്‍, ബുദ്ധവിഹാരം തുടങ്ങിയ ചരിത്രാം ശങ്ങളോടൊപ്പം കൂനന്‍കുരിശുപ്രതിജ്ഞ, ഫോര്‍ട്ടുകൊച്ചി അഗ്നിബാധ, കൊങ്കണി സംഘര്‍ഷങ്ങള്‍, തൊഴിലാളി സമരം, സൈനിക ബാരക്ക് തീവയ്പ് പോലുള്ള ചരിത്രസംഭവങ്ങളും ഈ പ്രദേശത്തെ സാമൂഹ്യ പരിണാമം വ്യക്തമാക്കുന്നു.
കലയും സംസ്കാരവും
കലയുടെയും ആഘോഷവിനോദങ്ങളുടെയും വിശകലനം പ്രതിഫലിപ്പിക്കുന്നത് ഒരു പ്രദേശത്തിന്റെ സംസ്കാരത്തെയാണ്. സമൂഹത്തില്‍ ഏകതാബോധം, വ്യക്തിത്വവികാസം, സാമൂഹ്യ ഐക്യം എന്നിവ സാധ്യമാക്കുന്ന കല-ഉത്സവ-ആഘോഷ-വിനോദങ്ങളില്‍നിന്നുപോലും ഈ പ്രദേശത്തെ വൈവിധ്യമാർന്ന സംസ്കാരത്തെ കണ്ടെടുക്കാന്‍ സാധിക്കുന്നുണ്ട്.
പശ്ചിമകൊച്ചിയില്‍ ഇന്ന് നിലനില്ക്കുന്ന അനുഷ്ഠാനകലകളില്‍ പലതിലും വ്യത്യസ്ത സമൂഹങ്ങളുടെ സ്വത്വം പ്രകടമാണ്. ഗൊഡ്ഡെ, അന്നക്കളി തീണ്ടിപടയണി എന്നീ അനുഷ്ഠാനകലകളിലും ഫുഗ്ഡെ, ഡാന്‍ഡിയ, ഗര്‍ബ, കരോള്‍നാടകം, കൊങ്കണിനാടകം, ചവിട്ടുനാടകം തുടങ്ങിയ അനുഷ്ഠാനേതരകലകളിലും ഇത് ദൃശ്യമാണ്. പ്രകടനകലയ്ക്കപ്പുറം വാസ്തുചിത്രകലകളുടെ കാലാനുസൃതപരിണാമവും ഇവിടെ ദൃശ്യമാണ്. ധൂളീചിത്രത്തില്‍ നിന്നാരംഭിച്ച് ചുമര്‍ചിത്രകലയും ക്യാന്‍വാസ് പെയിന്‍റിങ്ങും കടന്ന് ഉത്തരാധുനികസങ്കല്പമായ ആര്‍ട്ട്ഗാലറികളിലെത്തിനില്‍ക്കുന്നു ഇവിടുത്തെ ചിത്രകല. കേരളീയ ചുമര്‍ചിത്രകലയുടെ രണ്ടാംഘട്ടചുമര്‍ചിത്രങ്ങളാല്‍ പ്രശസ്തമാണ് മട്ടാഞ്ചേരികൊട്ടാരം. പോര്‍ട്ടുഗീസ്, ഡച്ച്, ബ്രിട്ടീഷ് ശൈലിയിലുള്ള ബംഗ്ലാവുകള്‍, ഗോഥിക് രീതിയിലുള്ള ക്രിസ്ത്യന്‍പള്ളികള്‍ തുടങ്ങി പൊതുമാതൃകയില്‍നിന്ന് ഭിന്നമായ വാസ്തുമാതൃകകള്‍ കേരളത്തില്‍ ആദ്യം രൂപപ്പെട്ടത് ഈ പ്രദേശത്താണ്. ഗുജറാത്തി ഹോളി, കൊങ്കണിഹോളി, കാര്‍ണിവല്‍ എന്നീ ആഘോഷങ്ങളിലും ഫുട്ബോള്‍, ഗാട്ടാ ഗുസ്തി, ബീച്ച് ഫുട്ബോള്‍, പട്ടംപറത്തല്‍, പ്രാവുപറത്തല്‍ തുടങ്ങിയ പ്രാദേശിക വിനോദങ്ങളിലും വ്യത്യസ്ത ദേശങ്ങളുടെ സംസ്കാരം പ്രകടമാണ്.ഈ പ്രദേശത്തിന്‍റെ ചരിത്രാംശങ്ങളിലേക്ക് എത്തിച്ചേരാന്‍ പരോക്ഷമായി സഹായിക്കുന്നവയാണ് ഇവിടുത്തെ പ്രാന്തന്‍ കുര്യച്ചന്‍, കാപ്പിരിമുത്തപ്പന്‍, പഴയന്നൂര്‍ ഭഗവതിയും പണിക്കരുകപ്പിത്താനും, ബീവിന്‍റെ ജാറം, മാമരയ്ക്കാര്‍ ഔലിയാറിന്‍റെ ജാറം എന്നിങ്ങനെയുള്ള മിത്തുകള്‍.
കേരളത്തിന്റെ കലാ സാഹിത്യ സാംസ്കാരിക വികസനത്തിനടിസ്ഥാനം പശ്ചിമകൊച്ചിയാണ്. യൂറോപ്യന്‍ ആധുനികത രൂപപ്പെടുത്തിയ വിദ്യാഭ്യാസം, അച്ചടി, പത്രപ്രവര്‍ത്തനം, നാടകം, സിനിമ, സാഹിത്യം എന്നിവയുടെ ചുവടുപിടിച്ചാണ് മലയാളവും വളര്‍ന്നത്. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ആദ്യത്തെ അച്ചടിശാല, ദക്ഷിണേന്ത്യയിലെ ആദ്യത്തെ പത്രം, ആദ്യമലയാളപത്രം എന്നിവയെല്ലാം ഈ പ്രദേശത്തിന്‍റെ സംഭാവനയാണ്. ഇവിടുത്തെ പ്രാദേശികഎഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും അപ്രശസ്തരെങ്കിലും ഈ പ്രദേശത്തെ പശ്ചാത്തലമാക്കിയതിലൂടെ പ്രശസ്തരായവര്‍ ഏറെയാണ്.
പൈതൃക നഗരം ചരിത്രനഗരം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് ഈ പ്രദേശത്തെ ഇന്ന് പുറംലോകം അറിയുന്നത്. 2012 ലെ കൊച്ചി മുസ്സിരിസ് ബിനാലെയുടെ വരവോടെ ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടിരുന്ന ഇവിടുത്തെ പൂര്‍വ്വകാലപ്രൗഢിയുടെ ശേഷിപ്പുകളായ ഗുദാമുകളും ബംഗ്ലാവുകളുമെല്ലാം നവീകരിക്കപ്പെട്ടു. കൊച്ചിയുടെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ഉണര്‍വുനല്കാന്‍ ബിനാലെക്ക് സാധിച്ചു.
(തുടരും)
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ,ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
നാട്ടറിവ്
പശ്ചിമകൊച്ചിയിലെ ബഹുസ്വരസമൂഹം
പശ്ചിമകൊച്ചിയുടെ ചരിത്രം-3
ഡോ.സിനി സന്തോഷ്
ഭാരതത്തിലെ വിവിധ ദേശങ്ങളില്‍നിന്ന് പശ്ചിമ കൊച്ചിയിലേക്ക് നിരവധി അന്യഭാഷാ സമൂഹങ്ങൾ എത്തുവാനും ഇവിടെ കുടിയേറുവാനുമുള്ള കാരണങ്ങള്‍, എത്തിയ കാലഘട്ടം, നിലവിലെ അവസ്ഥ, അവരുടെ സംസ്കാരം, തദ്ദേശീയസമൂഹത്തിലും തിരിച്ചുമുണ്ടാക്കിയ സ്വാധീനം തുടങ്ങിയ ഘടകങ്ങളിലൂടെ ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സ്വത്വത്തെ വിശകലനം ചെയ്യുവാൻ കഴിയും.
24 മനൈ തെലുങ്ക്ചെട്ടി, നായിഡു, ചക്ലിയാര്‍ എന്നിങ്ങനെ തെലുങ്ക് സംസാരിക്കുന്ന മൂന്ന് വ്യത്യസ്ത സമൂഹങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. ചെട്ടി എന്ന പദംതന്നെ ചെട്ടു(കച്ചവടം) നടത്തുന്നവന്‍ എന്നതില്‍നിന്ന് നിഷ്പന്നമായതാണ്. തൊഴിലിനെ അടിസ്ഥാനമാക്കി നിരവധി ചെട്ടിവിഭാഗങ്ങളുണ്ടെങ്കിലും കപ്പലണ്ടിചെട്ടി, എരുമചെട്ടി എന്നീ രണ്ടുവിഭാഗങ്ങള്‍ മാത്രമേ പശ്ചിമകൊച്ചിയിലുള്ളൂ. നായിഡുവിഭാഗം ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ഇവിടെ എത്തി എന്നാണ് വാമൊഴിചരിത്രം. ഇന്ന് വളരെ പരിമിത അംഗസംഖ്യമാത്രമുള്ള ഇവര്‍ ആന്ധ്രയില്‍നിന്ന് നേരിട്ട് കുടിയേറിയ വരാണ്. ചക്ലിയാര്‍ സമൂഹത്തിന്‍റെ കുലത്തൊഴില്‍ തുകല്‍പ്പണിയാണെങ്കിലും പഠിതപ്രദേശത്ത് ഇവര്‍ എത്തപ്പെട്ടത് തോട്ടിപ്പണിക്കായാണ്. 24 മനൈ തെലുങ്ക്ചെട്ടി, ചക്ലിയാര്‍ തുടങ്ങിയ സമൂഹങ്ങള്‍ ആന്ധ്രയില്‍നിന്ന് ആദ്യം തമിഴ്നാട്ടിലും പിന്നീട് കേരളത്തിലേക്കും കുടിയേറിയവരാണ്. ഈ മൂന്ന് വിഭാഗക്കാരുടെയും സംസാരഭാഷ തെലുങ്കാണെങ്കിലും തമിഴ്നാട്ടില്‍നിന്ന് കുടിയേറിയവര്‍ക്ക് തമിഴും വശമാണ്.
കൊങ്കണ്‍ ദേശത്തുനിന്ന് കേരളത്തില്‍ കുടിയേറിയ കൊങ്കണിഭാഷ സംസാരിക്കുന്ന സമൂഹമാണ് കൊങ്കണികള്‍. കേരളത്തിലേക്കുള്ള ഈ സമൂഹത്തിന്‍റെ ആഗമനകാലഘട്ടം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. അലാവുദ്ദീന്‍ ഖില്‍ജി ഗോവ ആക്രമിച്ചപ്പോള്‍ കേരളത്തിലേക്ക് വന്നെത്തി എന്നവകാശപ്പെടുന്ന ഇവരുടെ വന്‍തോതിലുള്ള കുടിയേറ്റം 1560 കാലഘട്ടത്തില്‍ പോര്‍ട്ടുഗീസ് പീഢനം മൂലമാണെന്നത് വ്യക്തമാണ്. കേരളത്തിലെത്തിയ ഈ സമൂഹത്തിന് അന്നത്തെ കൊച്ചിരാജാവായിരുന്ന കേശവരാമവര്‍മ്മ സംരക്ഷണവും കരമൊഴിവാക്കി ഭൂമിയും നല്‍കി. ഗൗഡ സാരസ്വതബ്രാഹ്മണര്‍, വൈശ്യ, സോനാര്‍(ദൈവജ്ഞബ്രാഹ്മണര്‍), സാരസ്വതര്‍(അബ്രാഹ്മണ), കുഡുംബികള്‍ എന്നിങ്ങനെ കൊങ്കണിഭാഷ സംസാരിക്കുന്ന അഞ്ച് വിഭാഗങ്ങളാണ് പശ്ചിമകൊച്ചിയിലുള്ളത്. ഒരേ കാലഘട്ടത്തില്‍ ഒരുമിച്ചെത്തിയ ഈ സമൂഹത്തില്‍ ജാതീയമായി ഉയര്‍ന്നു നില്‍ക്കുന്നത് ഗൗഡസാരസ്വതരും ഏറ്റവും താഴ്ന്നവര്‍ കുഡുംബികളുമാണ്. ഷേണായി, പൈ, ഭട്ട്, പ്രഭു, മല്യ തുടങ്ങി പന്ത്രണ്ടോളം വംശനാമങ്ങളുള്ള ഗൗഡസാരസ്വതര്‍ ഇവിടെയുണ്ട്.
ഗൗഡസാരസ്വതരോടൊപ്പം എത്തിയ വാണിജ്യനിപുണരാണ് ‘വൈശ്യ’.സ്വര്‍ണ്ണപ്പണിയിലേര്‍പ്പെട്ടിരുന്ന സമൂഹമാണ് ‘സോനാര്‍’. കൊച്ചിയിലെ നാണയമായ’പുത്തന്‍’ അടിക്കാന്‍ രാജാവ് ഇവരുടെ സഹായം തേടിയിരുന്നതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രനര്‍ത്തകികളായിരുന്ന സാരസ്വത വിഭാഗം ദേവദാസികളായി അറിയപ്പെട്ടു. കൊങ്കണി ബ്രാഹ്മണരുടെ ഭൃത്യവൃത്തിചെയ്ത് അവരോടൊപ്പംഎത്തിയ സമൂഹമാണ് കുഡുംബികള്‍. കേരളത്തില്‍ ഇവര്‍ മൂപ്പന്മാര്‍ എന്നറയിപ്പെടുന്നു.
തമിഴ്നാട്ടില്‍നിന്ന് പശ്ചിമകൊച്ചിയിലേക്ക് പല കാലങ്ങളിലായി കുടിയേറിയ തമിഴ്സമൂഹങ്ങളാണ് വാണിയര്‍, തമിഴ് വിശ്വകര്‍മ്മ, യാദവര്‍, വണ്ണാന്‍, തമിഴ്ബ്രാഹ്മണര്‍ എന്നിവര്‍. കൊച്ചിരാജാവിന്‍റെ നിര്‍ദ്ദേശപ്രകാരം എണ്ണ ഉല്പാദനത്തിനായി ഇവിടെ കുടിയേറിയ ചക്കാട്ടുന്ന സമൂഹമാണ് വാണിയര്‍ . പാണ്ഡ്യദേശത്തുനിന്നെത്തിയ ഈ സമൂഹത്തിന് താമസത്തിനായി രാജാവുനല്കിയ സ്ഥലം പിന്നീട് പാണ്ടിക്കുടി എന്നറിയപ്പെട്ടു. കൊച്ചിരാജകുടുംബത്തിനുവേണ്ടി ആഭരണങ്ങളും പാത്രങ്ങളും ക്ഷേത്രവിഗ്രഹങ്ങളും നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ എത്തിച്ചേര്‍ന്നവരാണ് തമിഴ് വിശ്വകര്‍മ്മ. വരള്‍ച്ചയില്‍നിന്ന് രക്ഷനേടാനായി എത്തിയ യാദവരുടെ പശ്ചിമകൊച്ചിയിലെ ജീവനോപാധി ആടുവളര്‍ത്തലും അതിനോടനുബന്ധിച്ച കച്ചവടവുമായിരുന്നു. കൊട്ടരം അലക്കുകാരായിരുന്ന വെളുത്തേടന്മാര്‍ ഡച്ചുസൈനികരുടെ വസ്ത്രങ്ങള്‍ അലക്കുന്നത് നിരസിച്ചതിനെത്തുടര്‍ന്ന് 1720 ല്‍ അലക്കുജോലിക്കായി എത്തപ്പെട്ട സമൂഹമാണ് വണ്ണാന്‍. പശ്ചിമകൊച്ചിയിലെ തമിഴ്ബ്രാഹ്മണരുടെ പൂര്‍വ്വികര്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലിക്കടുത്തുള്ള കല്ലിടൈക്കുറിച്ചിയിലെ ബ്രാഹ്മണക്കൂട്ടായ്മയാണ്. വിവിധ വാണിജ്യങ്ങളുമായി പലനാടുകളില്‍ യാത്രചെയ്തിരുന്ന കരൈന്തര്‍ പാളയം എന്ന ബ്രാഹ്മണകൂട്ടായ്മയിലെ ഒരുവിഭാഗമാണ് കരൈന്തര്‍ പാളയം ശാസ്താവിനെ പ്രതിഷ്ഠിച്ച് ഇവിടെ സ്ഥിരതാമസമാക്കിയത്.
പശ്ചിമകൊച്ചിയുടെ സാംസ്കാരികമണ്ഡലത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ സമൂഹമാണ് ഗുജറാത്തികള്‍. ദസ്സസോറത്തിയ, വിസ്സസോറത്തിയ, വൈഷ്ണവ, കപോല്‍, പട്ടേല്‍, മഹേശ്വരി മാര്‍വാടി, മോഡ്-ബനിയ, ദസ്തശ്രീമാളി, ഭാട്ടിയ, ലോഹാന എന്നിവരും അഗര്‍വാള്‍- ജൈനസമൂഹങ്ങളും ചേര്‍ന്ന ഗുജറാത്തി സാന്നിധ്യം ഈ പ്രദേശത്തിന് ‘മിനിഗുജറാത്ത്’എന്ന പേര് നേടിക്കൊടുത്തു. ഹരിയാണ്വി രാജസ്ഥാനി, കച്ചി, ഹിന്ദി, മാര്‍വാടി എന്നീഭാഷകൾ സംസാരിക്കുന്ന എല്ലാ വരേയും ഇവിടെ ഗുജറാത്തികള്‍ എന്ന പൊതുസംസ്കാരത്തോട് ചേര്‍ത്തുനിര്‍ത്തുന്നു. പശ്ചിമകൊച്ചിക്കുപരി കേരളത്തിന്‍റെതന്നെ സാംസ്കാരിക സമൂഹത്തില്‍ ശ്രദ്ധാര്‍ഹമായ സംഭാവനകള്‍ നല്കാന്‍ ഇവിടുത്തെ ഗുജറാത്തി സമൂഹത്തിന് സാധിച്ചിട്ടുണ്ട്.
പശ്ചിമകൊച്ചിയിലെ മാറാഠി സമൂഹമായ മഹാരാഷ്ട്രാബ്രാഹ്മണര്‍ ക്ഷേത്രപൂജ, വ്യാപാരം തുടങ്ങിയ ലക്ഷ്യങ്ങളോടെ 1879 ല്‍ ഇവിടെ സ്ഥിരതാമസമാക്കി. പൂജാദികാര്യങ്ങള്‍ നടത്തുന്ന ഈ സമൂഹം പണ്ഡിറ്റുകള്‍ എന്നറിയപ്പെട്ടു. രണ്ടാംലോകമഹായുദ്ധകാലത്ത് തെക്കന്‍കര്‍ണ്ണാടകയില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പശ്ചിമകൊച്ചിയിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയ കന്നടസമൂഹമാണ് ഹെഗ്ഡെകള്‍. ഇവരുടെ പുരാതനവാസകേന്ദ്രങ്ങളാണ്
മട്ടാഞ്ചേരിയിലെ മഹാജന്‍വാടിയും ശേര്‍വാടിയും.
തുളുവദേശത്തുനിന്നെത്തിയ തുളുഭാഷ സംസാരിക്കുന്ന സമൂഹമാണ് തുളുബ്രാഹ്മണര്‍. ശിവൊള്ളിഗ്രാമത്തില്‍നിന്നെത്തിയ ഇവരില്‍ത്തന്നെ അദ്വൈത തത്വചിന്തയെ പിന്‍തുടരുന്ന ശിവൊള്ളി സമാര്‍ത്തബ്രാഹ്മണരും ഉഡുപ്പി മാദ്ധ്വാചാര്യന്‍റെ ദ്വൈതതത്ത്വത്തെ പിന്‍തുടരുന്ന മാദ്ധ്വാബ്രാഹ്മണരുമുണ്ട്. ക്ഷേത്രപൂജ, കൊട്ടാരങ്ങളിലെ പാചകം, ഭാഗവതവായന തുടങ്ങിയ തൊഴിലുകളുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഇവര്‍ എമ്പ്രാന്തിരി എന്നറിയപ്പെടുന്നു. പശ്ചിമകൊച്ചിയിലെത്തിയ തുളുബ്രാഹ്മണര്‍ മാദ്ധ്വാവിശ്വാസികളാണ്.
പഠിതപ്രദേശത്തെ കുടിയേറ്റ മുസ്ലീം സമൂഹത്തിലുള്‍പ്പെട്ടതാണ് മേമന്‍സമൂഹം. 1422 ല്‍ സിന്ധിലെ തട്ടപ്രദേശത്തുനിന്ന് ആദ്യമായി ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയവരാണ് മേമന്‍വിഭാഗം. വാണിജ്യാവശ്യാര്‍ത്ഥം വിവിധ പ്രദേശങ്ങളില്‍ കുടിയേറിയ ഇവര്‍ അതാതുദേശത്തിന്‍റെ നാമത്തില്‍ അറിയപ്പെടുന്നു. മേമന്‍സമൂഹത്തിലുള്‍പ്പെട്ട കച്ചിമേമന്‍, ഹലായിമേമന്‍ എന്നീ രണ്ടുസമൂഹങ്ങളാണ് പശ്ചിമകൊച്ചിയില്‍ നിലവിലുള്ളത്. കച്ചില്‍ താമസമാക്കിയ വിഭാഗമാണ് കച്ചിമേമന്‍സ്. കത്തിയവാറിലെ ഹലായിയില്‍ താമസമാക്കിയവരാണ് ഹലായി മേമന്‍സ്. മേമന്‍ സമൂഹത്തില്‍ മേമന്‍, ബസര്‍ എന്നിങ്ങനെ ഉച്ചനീചത്വം നിലനില്‍ക്കുന്നു. സേട്ട് എന്ന വംശനാമത്തിലറിയപ്പെടുന്ന കച്ചിമേമന്‍മാരുടെ ഭാഷ കച്ചിയാണ്. പശ്ചിമകൊച്ചിയില്‍ വളരെക്കുറച്ച് അംഗങ്ങള്‍ മാത്രമുള്ള ഹലായി മേമന്‍സ് കച്ചിമേമന്‍ വിഭാഗത്തോട് ചേര്‍ന്ന് ജീവിക്കുന്നു.
ദഖ്നിഭാഷ സംസാരിക്കുന്ന മുസ്ലീംകുടിയേറ്റവിഭാഗമാണ് ദഖ്നികള്‍. പശ്ചിമകൊച്ചിയില്‍ പഠാണികള്‍ എന്നറിയപ്പെടുന്ന ഇവരുടെ ഭാഷയ്ക്ക് ഉര്‍ദുവി
നോട് സാമ്യമുണ്ട്. ടിപ്പുവിന്‍റെ പടയാളികളായിരുന്ന ഇവര്‍ പടയോട്ടക്കാലത്ത് ഇവിടെ എത്തി എന്നാണ് പരക്കെയുള്ള വിശ്വാസം. ഗസല്‍, ഖവാലി പാട്ടുകള്‍ ഈ സമൂഹത്തിന്‍റെ സംഭാവനയാണ്.
പശ്ചിമകൊച്ചിയിലെ മുസ്ലീം ഗുജറാത്തി സാന്നിദ്ധ്യമാണ് ദാവൂദി ബോഹ്റകള്‍. വാണിജ്യവുമായി ബന്ധപ്പെട്ട് 1850 കാലഘട്ടത്തിലെത്തിയ ഈ സമൂഹത്തിന്‍റെ ഭാഷ ഗുജറാത്തിയാണ്. ഷിയാവിശ്വാസികളായ ഇവരെ വര്‍ണ്ണഭംഗിയുള്ള പര്‍ദ്ദയിലൂടെ പൊതുഇസ്ലാംസമൂഹത്തില്‍നിന്ന് വേര്‍തിരിച്ച് മനസ്സിലാക്കാം.
1990 ല്‍ കാശ്മീര്‍പ്രശ്നവുമായി ബന്ധപ്പെട്ട് ജീവിതമാര്‍ഗ്ഗംതേടി എത്തിയതാണ് പശ്ചിമകൊച്ചിയിലെ കാശ്മീരികള്‍. കാശ്മീരിലെ പരമ്പരാഗത ഉത്പന്നങ്ങള്‍ക്ക് കൊച്ചിയുടെ വിനോദസഞ്ചാരമേഖലയില്‍ ഇവര്‍ വിപണികണ്ടെത്തിയിരിക്കുന്നു.
പതിനാറുഭാഷകള്‍ സംസാരിക്കുന്ന ഈ വ്യത്യസ്തവിഭാഗങ്ങളുടെ ആചാരങ്ങളും സംസ്കാരങ്ങളും ഇന്നും പശ്ചിമകൊച്ചിയിൽ നിലനിൽക്കുന്നു. ഈ വ്യത്യസ്തസംസ്കാരങ്ങൾ ഉൾച്ചേർന്ന ഒരു മിശ്രസംസ്കാരമാണ് പ്രസ്തുതപ്രദേശത്തിന്റേത്.
(തുടരും)
littnow.com
You must be logged in to post a comment Login