കഥ
റെയിൻ കോട്ട്
രാഹുൽ ഒറ്റപ്പന
വര_ സാജോ പനയംകോട്
ഹൂ വീട്ടിനുള്ളിലൂടെ ചുറ്റിയടിച്ച കാറ്റ് ഉമ്മറപ്പടിയിൽ ഇരുന്ന എൻറെ മൂക്കിൻ തുമ്പത്തും കൊണ്ടുതന്നു പൂത്ത തുണിയുടെ ദുർഗന്ധം. അമ്മ ഇടയ്ക്കിടയ്ക്ക് തുണിയും വാരിപ്പിടിച്ച് പുറത്തേക്കും അകത്തേക്കും ഒരു ഭ്രാന്തി കണക്കെ എന്തൊക്കെയോ പിറുപിറുത്തോടുന്നുണ്ട്. ഇടയ്ക്കൊക്കെ ആ വാക്കുകൾ വ്യക്തമാകാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി അമ്മ, അമ്മയുടെ സ്വൈര്യം കെടുത്തുന്ന മഴയെ ഒരു കുറ്റവാളിയെ എന്ന പോലെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. പലപ്പോഴും എനിക്കും മഴ ഒരു സ്വയിര്യക്കേട് ആയിരുന്നു.
കുഞ്ഞേ അയയിലേക്ക് ആ തുണിയൊക്കെ ഒന്ന് വിരിക്ക് അൽപം വെയില് കാണുന്നുണ്ട്. മുറ്റത്തൂന്ന് അമ്മ വിളിച്ചു പറയും.
അൽപം ഈർശ്യയോടെ അമ്മക്കെന്താ വിരിച്ചാലെന്ന് ഞാൻ അമ്മയോട് ചോദിക്കും അപ്പോഴേക്കും അമ്മയുടെ മറുപടി എത്തിക്കഴിയും
നാളെ ഇടണെ മതി. !
അമ്മ അങ്ങനെ പറയുമ്പോൾ നാളത്തേക്ക് വേറെ ഇടാല്ലോന്ന് മനസ്സിൽ പറയുമെങ്കിലും അപ്പോഴും ഒഴിവാക്കാൻ പറ്റാത്ത പലതും ഉണങ്ങിയെ മതിയാകൂ. “ബഷീർ പറഞ്ഞപോലെ അതിന്റെ കോപ്പി എന്റെ കയ്യിൽ മൂന്നെണ്ണം ഉള്ളൂ”. അതിൽ രണ്ടും ഇപ്പോഴും വീട്ടിനുള്ളിലെ അയയിൽ തന്നാണ്. മഴയെ പ്രാകി ഞാൻ തുണിയും എടുത്ത് പുറത്തേക്കിറങ്ങി വിരിക്കാൻ തുടങ്ങും, അപ്പോഴേക്കും ഒരു മൂലക്കൂന്ന് കുട്ട നിറയെ വിറകും തൊണ്ടുമായ് അമ്മയും വരും. പണിയൊക്കെ തീർത്തു ഞങ്ങൾ അകത്തേക്ക് കേറാൻ നോക്കി നിന്നപോലെ മഴ അപ്പോഴേക്കും കുടഞ്ഞു വീഴും. പിന്നെ വീട്ടിൽ ഒരു മത്സര ഒട്ടമാണ്. അമ്മയുടെ കഷ്ടപ്പാട് കാണുമ്പോൾ സഹായിക്കാൻ തോന്നുമെങ്കിലും എന്റെ മടി അതിന് അനുവദിക്കില്ല. എങ്കിലും അമ്മയ്ക്കൊപ്പം മഴയെ കുറ്റം പറയാൻ ഞാനും കൂടും. അപ്പോഴൊക്കെ ഞാൻ ഓർക്കും കഴിഞ്ഞ മാസം കൂടി മഴ വന്നാൽ മതി എന്നായിരുന്നു അമ്മയുടെയും പ്രാർത്ഥന. രാത്രിയിലെ ഉറക്കം കെടുത്തിയ ചൂട് ! ഹൊ ഓർക്കാൻ കൂടി വയ്യ, അന്നൊക്കെ ഒരു തുള്ളി വെള്ളത്തിനായി അങ്ങ് താഴ്വാരം വരെ പോകുമായിരുന്നു അമ്മ. അമ്മയുടെ ഇളിയിൽ ഇരിക്കുന്ന കുടവും കയ്യിൽ തൂങ്ങി കളിക്കുന്ന ബക്കറ്റും കാണുമ്പോ അമ്മ വാശി പിടിച്ചു നിൽക്കുന്ന രണ്ട് കുട്യോളേം കൊണ്ടുപോകും പോലെ ആയിരുന്നു എനിക്ക് തോന്നിയത്. ഇന്ന് മഴയെ പ്രാകിയ അതേ പ്രാക്ക് അന്നത്തെ വെയിലിനും അമ്മ കൊടുത്തിട്ടുണ്ട്. എല്ലാം കേട്ടൊണ്ട് ഞാൻ ഇൗ ഉമ്മറപ്പടിയിൽ ഇരിക്കും. തെക്ക് പടിഞ്ഞാറ് നിന്ന് വീശുന്ന കാറ്റിൽ ഉമ്മറം മുഴുക്കെ മഴ നനച്ചിട്ടുണ്ടാകും. മഴ കഴിയുമ്പോൾ തൂവാൻ കൊണ്ട് പശപ്പ് നിറഞ്ഞ തറയിലൂടെ നടക്കാൻ അറപ്പാണ് എനിക്ക്. എങ്കിലും ഞാൻ അത് വകവെക്കാതെ ഉമ്മറത്ത് വന്നിരിക്കും. അതിനെപ്പോഴും അമ്മയുടെ വക വഴക്കും കിട്ടാറുണ്ട്.
ആൺകുട്യോൾ ഒക്കെ ഇങ്ങനെ മടിപിടിച്ചിരുന്ന എന്താ ചെയ്യുകയെന്നാ അമ്മയുടെ ചോദ്യം. പക്ഷേ അമ്മക്കറിയാം എന്റെ ഇരിപ്പിന്റെ കാരണം, അമ്മയായി അതൊക്കെ മറക്കാൻ നോക്കുമ്പോഴും ഞാനായി ഓർമിപ്പിക്കുന്നത് എന്തിനെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.! പക്ഷേ ഇൗ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം ഇതേ മഴക്കാലത്താണ് അച്ഛൻ…,
അച്ഛൻ എപ്പോഴും പറയാറുണ്ട് കറൻറ് പോയാലുടൻ എവിടെയും ലൈൻമാനാണ് കുറ്റം എന്ന്, ആരേലും ഓർക്കാറുണ്ടോ അവരും മനുഷ്യരാണ്ന്ന്, മാത്രോല്ല പണ്ട് ആരൊക്കെയോ വെള്ളമടിച്ച് കിടന്നതിന് ഇന്നും കുറ്റം ബാക്കിയുള്ളോന. കഴിഞ്ഞ കൊല്ലം എന്റെ സ്കൂള് തുറപ്പിന് ആയിരുന്നു അത് സംഭവിച്ചത്. അന്ന് അമ്മയും അച്ഛനും നടത്തിയ സംഭാഷണം ഇന്നും ഞാൻ ഓർക്കുന്നുണ്ട് .
അവൻ ഇക്കൊല്ലം പത്തിലല്ലെ നല്ലൊരു റെയിൻകോട്ട് വാങ്ങിക്കൊടുക്കണം .
ഇന്നലെ ലൈൻ കെട്ടാൻ പോയപ്പോൾ അവരൊരു പത്തിരുന്നൂറു രൂപ കാശ് വെച്ച് നീട്ടിയത പക്ഷേ മനസ്സാക്ഷി സമ്മതിച്ചില്ല അതുകൊണ്ട് ഒന്നും വാങ്ങിച്ചില്ല. അല്ലേലും അങ്ങനെ ചെയ്യുന്ന മോശം അല്ലേ, സർക്കാരീന്നു കാശു കിട്ടീട്ടും കണ്ടവരുടെ പോക്കറ്റ് തപ്പിക്കുന്ന എങ്ങനാ.
കയ്യി കാശൊന്നും ഇല്ലാണ്ട് എങ്ങനാ മനുഷ്യ. എന്റെ കയ്യിൽ ഉണ്ടായിരുന്നത് നുള്ളിപ്പെറക്കിയ ഇൗ ബാഗും ബുക്കും വാങ്ങിയ, ശമ്പളം ഇൗ മാസവും കുടിശ്ശിക ആയാൽ…,
അറിയാടി ഞാനൊന്നു നോക്കട്ടെ.
മോനുട്ടാ അച്ഛൻ വന്നിട്ട് സ്കൂളിൽ പോകാട്ടോ.
അതിനു ഇപ്പൊ അച്ചനെങ്ങോട്ടാ..
ഇപ്പൊ വരാട മോനെന്തായാലും ഒരുങ്ങിക്കോ.
പുറത്തേക്കിറങ്ങിയ അച്ഛൻ അതെ സ്പീഡിൽ തിരിച്ചു കേറി അച്ഛന്റെ യൂണിഫോമും ഇട്ട് വീണ്ടും പുറത്തേക്ക്. അച്ഛൻ ഇറങ്ങിയതും മഴ ചൊരിഞ്ഞു കഴിഞ്ഞിരുന്നു. കുടയും കൊണ്ട് അമ്മ എത്തിയപ്പോഴേക്കും അച്ഛൻ വഴിയിൽ എത്തിയിരുന്നു. അച്ഛനെ പുറകിന് വിളിക്കാൻ ഞാൻ ഓങ്ങിയതും അമ്മ അത് തടഞ്ഞു.
പലപ്പോഴും നിന്നോട് പറഞ്ഞിട്ടില്ലേ ഒരു വഴിക്കിറങ്ങുംമ്പോൾ പുറകീന്ന് വിളിക്കരുതെന്ന്.
അമ്മേടെ ഓരോ വിശ്വാസം .
അകത്തു കയറി യൂണിഫോം ഇട്ട് ഞാൻ ഉമ്മറപ്പടിയിൽ കാത്തിരിപ്പ് തുടർന്നു. മഴ നിർത്തുന്നുണ്ടായിരുന്നില്ല. അമ്മ പലതവണ പറഞ്ഞു ഇന്ന് കൂടെ ആ കുടേം എടുത്തു സ്കൂളിലേക്ക് പോ എന്ന്.
അച്ഛൻ പറഞ്ഞില്ലേ വന്നീട്ട് പോയാ മതിന്ന്.
ഞാൻ വാശി പിടിച്ചിരിപ്പ് തുടർന്ന്. സമയം 10 കഴിഞ്ഞു, മഴ തോർന്നു ഉമ്മറത്ത് വീണ ഈറൻ തുള്ളികൾ കൂട്ടി യോജിപ്പിച്ച് ഞാൻ ചില ചിത്രങ്ങളും പേരുകളും തറയിൽ കുറിച്ചു. അപ്പോഴും അച്ഛനെ നോക്കി ഇരുന്ന എന്നെ അമ്മ വഴക്ക് പറഞ്ഞൊണ്ടിരുന്ന്. അപ്പോഴാണ് മുറ്റത്തേക്ക് ചിലർ കയറി വന്നത്. ഉമ്മറതിരിക്കുന്ന എന്നെ കൂട്ടിപ്പിടിച്ചു കൊണ്ട് കുട്ടൻ മാമൻ അമ്മക്കരികിലേക്ക് വന്നു.
ഒരു വിങ്ങലോടെ പെണ്ണേ.. ഉണ്യെട്ടൻ പോയി!
കുട്ടൻ മാമൻ പറഞ്ഞതും അമ്മ നിലംപതിച്ചു കഴിഞ്ഞു. അമ്മയെ താങ്ങി കട്ടിലിൽ കിടത്തുമ്പോഴും അടഞ്ഞ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിയുന്നുണ്ടായിരുന്ന്.
നാട്ടുകാർ മുറ്റത്ത് കൂട്ടംകൂടി ഒരു മുഴു വാഴയില വെട്ടി ഉമ്മറത്ത് വിരിക്കുമ്പോഴും അച്ഛൻ എങ്ങോട്ട് പോയി എന്ന സംശയം ആയിരുന്നു എനിക്ക്. അയലത്തെ ജാനുവേച്ചി എല്ലാർക്കും കട്ടൻ വിളമ്പുമ്പോൾ ആണ് ആരോ പറയുന്നത് ഞാൻ കേട്ടത്.
ആള് മാധവ മുക്കിലെ കടയിൽ ഒരു റെയിൻ കോട്ട് നോക്കി നിൽക്കുവായിരുന്നു. അപ്പോഴാണ് ബസ് സ്റ്റോപ്പിനോട് ചേർന്ന് നിന്ന പോസ്റ്റിലേക്ക് ഒരു ഇടി വെട്ടിയത്, അപ്പോഴേക്കും പോസ്റ്റിന്റെ കീഴെ ഉള്ള ഫ്യൂസിൽ നിന്നും തീപ്പൊരി ചിതറി. അങ്ങോട്ട് ഓടാൻ തുടങ്ങിയ ഉണ്ണിയോട് മാധവേട്ടൻ പറഞ്ഞതാ മഴയാ ഇപ്പൊ അങ്ങോട്ട് പോകണ്ടാന്ന്. അപ്പോ ഉണ്ണി പറഞ്ഞുന്ന് കുട്യോള് അതിനുള്ളിൽ നിൽക്കുന്നു മാധവേട്ടാ ആ ഫീസ് ഊരിയാൽ അതങ്ങ് നിൽക്കും.അതും പറഞ്ഞു റൈൻ കോട്ടും കക്ഷത്ത് വെച്ച് ഉണ്ണി അങ്ങോട്ടേക്ക് ഓടി ഫീസിൽ പിടിച്ചതും ഫീസിൽ നിന്നും വലിയ ഒരു ശബ്ദത്തോടെ പോസ്റ്റിലെ ലൈൻ കമ്പി പൊട്ടി നേരെ ഉണ്ണിയുടെ മേൽക്കോട്ട്. അവിടെ നിന്ന കുട്ടികളൊക്കെ ഭയന്ന് പോയി ഉണ്ണിടെ വെപ്രാളം കണ്ടിട്ട്. ആർക്കാന്ന് വെച്ചാ കേറിപ്പിടിക്കാൻ ധൈര്യം .അത് കണ്ട് കടക്കാരു കെ.എസ്സ്.ഇൗ.ബീയിലേക്ക് വിളിച്ചപ്പോ ആണ് ലൈൻ പോലും ഓഫ് ആയ അപ്പോഴേക്കും..
പെട്ടെന്ന് കുറച്ച് പേര് അച്ഛനെ താങ്ങി കൊണ്ട് വരുന്ന കാഴ്ച്ചയാണ് എനിക്ക് ബാക്കി ഉള്ളകാര്യം മനസ്സിലാക്കി തന്നത്.
പിന്നീടിങ്ങോട്ട് ഇന്ന് വരെ അച്ഛനെ കാത്തിരിക്കുന്നത് നിർത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നും ഒരു സ്കൂള് തുറപ്പാണ് അച്ഛൻ ആശിച്ച പോലെ അച്ഛൻ പറഞ്ഞ സ്കൂളിൽ അച്ഛൻ പറഞ്ഞ വിഷയമെടുത്ത് പോകാൻ തയ്യാറെടുത്ത് ഇൗ ഉമ്മറത്ത് ഇരിക്കുകയാണ്. അച്ഛനെ നോക്കി, അച്ഛൻ വാങ്ങിക്കൊണ്ടു വന്ന റെയിൻ കോട്ടും നോക്കി. അതിപ്പോഴും അച്ഛനെ അടക്കിയ കന്നിമൂലയിലെ മരക്കൊമ്പിൽ പതിഞ്ഞു കിടപ്പുണ്ട്. കറുത്ത നിറമിട്ട് മറക്കാത്ത ഓർമ്മയായ്. എൻ്റെ അച്ഛൻ എനിക്കായി വാങ്ങിയ റെയിൻകോട്ട്…
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
You must be logged in to post a comment Login