കഥ
മഹാഭാരതം തിരുത്താമോ?
ഹർത്താലിൻ്റെ പിറ്റേന്ന് എന്ന കഥയുടെ തുടർക്കഥ
അനിൽ കുമാർ .S. D
വര_ സാജോ പനയംകോട്
ഉച്ചതിരിഞ്ഞുള്ള OP പതിവുള്ളതല്ല. രോഗികൾ വിരളവുമാണ്. ഉച്ചയ്ക്ക് കഴിച്ച ചിക്കൻ ബിരിയാണി അധികമായിരിക്കുന്നു. കണ്ണുകളിൽ അലസമായ ഒരു ഉറക്കം കാവലിരിക്കുന്നു. ശരീരമാസകലം ചെറിയ വേദനയും.വെറുതേ കസേരയിൽ ചാരിയിരുന്നപ്പോൾ മയക്കവും ചില ചിന്തകളും കൂട്ടിക്കുഴഞ്ഞ് തലച്ചോറു പൊതിഞ്ഞു.
കഴിഞ്ഞ ആഴ്ച എഴുതിയ “ഹർത്താലിൻ്റെ പിറ്റേന്ന് ” എന്ന കഥയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ദു:ഖിതരാണ്. എഴുത്തുകാരൻ ഒരു കഥാപാത്രത്തോടും നീതിപുലർത്തിയില്ല എന്ന ഒരു പരാതി എല്ലാ കഥാപാത്രങ്ങളും ഉന്നയിക്കുന്നുമുണ്ട്. പല സമ്മർദ്ദങ്ങളും അതിജീവിച്ച് സുജിത്തിനൊപ്പം നിന്ന രാജൻ കൈമൾ അശ്രദ്ധമായി സുജിത്തിനെ കൊന്നതിൽ അസ്വസ്ഥനാണ്. കഥാകൃത്തിനെ കോടതിയലക്ഷ്യം ചുമത്തി ജയിലിൽ അടയ്ക്കണമെന്നാണ് CJM ഗായത്രിയുടെ മനസ്സിലിരിപ്പ്. ഭർത്താവിനെ ഒഴിവാക്കി സുജിത്തുമായി ഒരു ജീവിതം ആഗ്രഹിച്ചിരുന്ന തന്നെ സ്വപ്നങ്ങളില്ലാത്ത ജീവിയാക്കിയത് ഈ കശ്മലനായ കഥാകൃത്താണ്. മൊത്തം കഥയും കഥാപാത്രനിർമ്മിതിയും പുരോഗമന പ്രസ്ഥാനങ്ങളെ താറടിക്കാൻ നിർമ്മിച്ചതാണെന്നും, അതുകൊണ്ട് ഈ കഥാകൃത്തിന് ഉചിതമായ ശിക്ഷ കൊടുക്കണമെന്നും പുരോഗമന പ്രസ്ഥാനങ്ങൾക്ക് ചിന്തയുണ്ട്.ഇത്തരം കഥകളും കഥാകൃത്തുക്കളും കുത്തകസാമ്രാജ്യത്തശക്തികളുടെ ഏജൻ്റുമാരാണെന്ന് പാർട്ടി പ്ലീനത്തിൽ പ്രമേയം കൊണ്ടുവരണമെന്ന ചിന്തയും ചൂടുപിടിക്കുന്നുണ്ട് .വിഷയത്തിൽ സത്യസന്ധമായും ശക്തമായും ഇടപെട്ടുകൊണ്ടിരുന്ന സുജിത്തിനെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോയി കഥയേയും കഥാപാത്രങ്ങളേയും രക്ഷിക്കാൻ ശ്രമിക്കാതെ സുജിത്തിനെ കൊന്ന് കഥ അവസാനിപ്പിച്ചത് തികച്ചും നിരാശാജനകമെന്നാണ് പരമേശ്വരൻ പിള്ളയുടെ വിശ്വാസം.
DYSP ശേഖരനും SP യ്ക്കും അവരെ കഥയിൽ ദുർബലരാക്കിയെന്നും പോലീസ് ഡിപ്പാർട്ട്മെൻ്റിനെ തന്നെ അപമാനിക്കാനായി CI യായ സുജിത്തിനെ നായകനാക്കിയെന്നും പരാതിയുണ്ട്. സുജിത്തിൻ്റെ അച്ഛനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കഥാകാരൻ അതിൻ്റെ യഥാർത്ഥകാരണം വ്യക്തമാക്കാനും ശ്രമിച്ചില്ല. സുജിത്തിൻ്റെ വിവാഹവും വിവാഹമോചനവും ചർച്ചചെയ്യാതെ കുറ്റകരമായ ഒരു മൗനത്തിലാണ് കഥയെ കെട്ടിയിട്ടത്. കഥയിൽ തങ്ങളുടെ ഉടുതുണിയൂരുന്ന മറുകഥയുണ്ടെന്ന് മനസ്സിലാക്കിയ പുരോഗമനക്കണ്ണടകൾ ധരിച്ചവർ കഥയെ വായിച്ചിട്ടും പ്രതികരിക്കാതെ പരാജയപ്പെടുത്തി സ്വയം വിജയം വിലയ്ക്കു വാങ്ങി.
കഥയുടെ വഴിവിട്ട നിർമ്മിതി കഥാകാരനെത്തന്നെ ആക്രമിക്കുന്ന ഗുരുതരമായ സാഹചര്യം ബോധ്യപ്പെട്ടു വരുമ്പോഴാണ് ഡോക്ടർ എന്ന വിളി കാതിലേക്ക് തറച്ചത്. ഞെട്ടിയുണർന്ന് മോണിറ്ററിലേക്ക് നോക്കി. പുതിയ O. P.കൾ ഒന്നും എടുത്തിട്ടില്ല. എന്നാലും മുമ്പിൽ നിന്ന ചെറുപ്പക്കാരനോട് ഇരിക്കാൻ പറഞ്ഞു. പയ്യന് ഇരുപതിനോട് അടുത്ത് പ്രായം കാണും. വെളുത്ത നിറം. ഭംഗിയായി വെട്ടി ചീകിയൊതുക്കിയ നീളൻ മുടികൾ. തടിച്ച ചുവന്ന ചുണ്ടുകൾ .നല്ല കറുത്തിടതൂർന്ന പുരികം .കാഴ്ചയെ കൂടുതൽ മിഴിവുറ്റതാക്കുന്ന കൂട്ടുപുരികം. കമ്പി മീശയും ഊശാൻ താടിയും. മെലിഞ്ഞ ശരീരത്തിലും ഉറച്ചപേശികൾ കൊത്തിവച്ച നീല ടീ ഷർട്ട്. ചുണ്ടിൽ നിലാവിൻ്റെ ഒരു പുഞ്ചിരി. അന്തർദാഹമുള്ള കണ്ണീർ നനവ് വറ്റാത്ത കണ്ണുകൾ. അലസമായി ചലിക്കുന്ന വിരലുകൾ. ഞാൻ ചെറിയ ഒരു പുഞ്ചിരിയിൽ ബാറ്റിംഗ് തുടങ്ങി.കഥാനായകനും ഒരു ഹൈവോൾട്ടേജ് പുഞ്ചിരി മടക്കി.ഞങ്ങൾക്കിടയിൽ മൗനം 60 സെക്കൻ്റുകൾ ഉലാത്തി. മൗനത്തിൽ അഭിനയിച്ചു കുഴഞ്ഞ ഞാൻ ഒടുക്കം ആദ്യബാൾ എറിഞ്ഞു.
” മിസ്റ്റർ ജൻ്റിൽമാൻ താങ്കളെ അലട്ടുന്ന രോഗമെന്താണ്.”
ഡോക്ടറായിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു .ആദ്യമായിട്ടാണ് ഒരു രോഗിയോട് ഇങ്ങനെ സായിപ്പിൻ്റെ ശൈലിയിൽ ചോദിക്കുന്നത് .സത്യത്തിൽ അങ്ങോട്ട് ഇങ്ങനെ ചോദിച്ച് തുടങ്ങേണ്ടുന്ന സാഹചര്യവും ആദ്യമായാണ് നേരിടുന്നതും.
എന്തായാലും എൻ്റെ കന്നി ചോദ്യത്തിനെ നിലയ്ക്കാത്ത ഒരു ചിരിയോടെയാണ് ചെറുപ്പക്കാരൻ നേരിട്ടത്.
” ഡോക്ടർ ഞാൻ രോഗിയല്ല, മാത്രമല്ല എൻ്റെ രോഗങ്ങൾ മാറ്റുവാൻ ഡോക്ടർക്ക് കഴിയുകയുമില്ല.”
അവൻ്റെ മുഖത്തെ പരിഹാസവും പരപ്പുച്ഛവും എൻ്റെ മാന്യതയുടെ മുഖം മൂടി ചീന്തിയെറിഞ്ഞു.
“മിസ്റ്റർ, ഞാൻ ചികിൽസിയ്ക്കാനായി ഇരിക്കുന്ന ഒരു ഡോക്ടറാണ്.താങ്കൾക്ക് അത്തരം ഏനക്കേടുകൾ ഇല്ലെങ്കിൽ എന്തിന് വലിഞ്ഞു കയറി വന്നു. ഞാൻ വലിയ തിരക്കിലാണ്. എൻ്റെ സമയം മെനക്കെടുത്താതെ പോകൂ.”
ടീനേജുകഴിഞ്ഞ ആ യുവരക്തം വീണ്ടും സൗമ്യനായി എൻ്റെ മുഖത്തേക്ക് നോക്കി.പിന്നെ ഒരു ചിരിയോടെ പറഞ്ഞു.
” താങ്കൾ മാനവും മര്യാദയുമായി ചികിൽസാ ലോകത്ത് കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ വരവ് ഒഴിവാക്കാമായിരുന്നു.”
ഇവൻ ഏതെങ്കിലും സൈക്യാട്രി വാർഡിൽ നിന്നും ഒളിച്ചോടി വന്നവനാണോ എന്ന ആശങ്കയിൽ അവൻ്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.
” ചെറുപ്പക്കാരനായ സുഹൃത്തേ, ഞാൻ എൻ്റെ കൺസൾറ്റിംഗ് റൂമിൽ യഥാർത്ഥ രോഗിയേയും തിരക്കിയിരിക്കുകയല്ലേ. ആ സ്ഥലത്തേക്ക് താങ്കൾ കടന്നു വരണമെങ്കിൽ ഒരു OP ടിക്കറ്റ് എടുക്കണം. മാത്രമല്ല താങ്കൾ എൻ്റെ ചികിൽസ ആഗ്രഹിക്കുന്ന ഒരു രോഗിയും ആയിരിക്കണം .ഒരു പക്ഷേ താങ്കളുടെ ഒരു ബന്ധുവോ സുഹൃത്തോ എൻ്റെ ചികിൽസയിൽ ഇരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതിൻ്റെ വിവരം തിരക്കാനും താങ്കൾക്ക് വരാം. ഇതിലൊന്നും വരുന്നില്ലെങ്കിൽ താങ്കൾ ദയവായി എൻ്റെ വിലയേറിയ സമയം പാഴാക്കാതെ പോയാലും.”
അയാൾ എന്നെ ഒരു നിസ്സാര ഭാവത്തിൽ കുറേ നേരം നോക്കിയിരുന്നു. ഞാൻ അയാളെ സൂക്ഷ്മമായി നോക്കി.ഒരു പക്ഷേ എൻ്റെ ചികിൽസകൾ കൊണ്ട് എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ പറ്റിയ ആളാണോ? .ഒരു പക്ഷേ അയാളുടെ വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ എൻ്റെ ചികിൽസകൾ കൊണ്ട് രോഗം ഭേദമാകാതെയോ രോഗം വഷളായോ കഷ്ടങ്ങൾ അനുഭവിക്കുന്നുണ്ടോ? ഏതായാലും ഈ ചെറുപ്പക്കാരനോടു സൗമ്യമായി പെരുമാറേണ്ടിയിരിക്കുന്നു. അയാൾ അസ്വസ്ഥനും മനോനില തെറ്റിയവനുമായിട്ടാണ് കാണപ്പെടുന്നത്. അയാളെ കൂടുതൽ പ്രകോപിപ്പിക്കുന്നത് നിലവിലുള്ള ആശങ്കകളെ രൂക്ഷമാക്കുകയേ ഉള്ളൂ.മനുഷ്യൻ്റെ മനോനിലകളെ സമർത്ഥമായി മനസ്സിലാക്കി വാക്കുകളും ശരീരഭാഷയും ക്രമീകരിക്കുവാൻ രാഷ്ട്രീയക്കാർക്കുള്ള കൂർമ്മബുദ്ധി ഓരോ ഡോക്ടർമാരും സ്വായത്തമാക്കേണ്ടതാണ്. രോഗിയും ഡോക്ടറും, രോഗവും ചികിൽസയുമെന്ന അപകടങ്ങളുടെ ഇരുപുറവും പങ്കുവയ്ക്കുമ്പോൾ ഈ പരസ്പര സ്നേഹം അത്യാവശ്യം.പരസ്പരവിശ്വാസം ചികിൽസയുടെ പ്രാണവായുവും. ആ ചിന്തകളുടെ ശാന്തത ഈ ചെറുപ്പക്കാരൻ്റെ അതിക്രമങ്ങളെ ശാന്തതയിൽ നേരിടാൻ എന്നെ സഹായിച്ചു.
” സുന്ദരനായ ചെറുപ്പക്കാരാ, താങ്കളോ താങ്കളുടെ ബന്ധുക്കളോ എൻ്റെ ചികിൽസകൊണ്ട് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടോ? “
ആ ചെറുപ്പക്കാരൻ എൻ്റെ മുഖത്തേക്ക് ഏതാനും സെക്കൻ്റുകൾ നോക്കിയിരുന്നു. ആ നോട്ടത്തിൽ ദേഷ്യമോ ഈർഷ്യയോ ഇല്ലായിരുന്നു. പകയോ പ്രതികാരമോ വായിച്ചെടുക്കാനുമാവില്ല. ആ നോട്ടം എൻ്റെ മനസ്സിൻ്റെ എല്ലാ കരുതലുകളും കവർന്നെടുക്കുന്നതായി തോന്നി. ആ നോട്ടം എന്നെ മൊത്തത്തിൽ സ്കാൻ ചെയ്യുന്ന ഒരു ഹോൾ ബോഡി സ്കാനായി തോന്നി. സ്കാൻ റീഡുചെയ്യുന്ന ഒരു സോണോളജിസ്റ്റിൻ്റെ സൂക്ഷ്മത ആ കണ്ണുകളിൽ വായിച്ചെടുക്കാനും പറ്റി. എൻ്റെ ആത്മവിശ്വാസം എന്നെ കെെവിടുന്ന ഒരു ഘട്ടത്തിലാണ് അവൻ മൃദുവായി ചിരിച്ചത്.ആ ചിരിയിൽ എൻ്റെ ഉണങ്ങിക്കീറിയ മനസ്സ് ജീവജലം വലിച്ചു കുടിച്ചെഴുന്നേറ്റു.
” ഡോക്ടർ, ഞാൻ താങ്കളെ ഒരു ഡോക്ടർ എന്നനിലയിൽ കാണാൻ വന്നതല്ല. സത്യത്തിൽ അത്തരം ഒരു ആവശ്യം എനിക്ക് വർഷങ്ങളായി ഇല്ല. താങ്കളുടെ ഒരു കഥയിലെ കഥാപാത്രമാണ് ഞാൻ. നിലമേൽ കോളേജിൽ വച്ച് ഇടനെഞ്ചിൽ കുത്തേറ്റ് മരിച്ച പ്രേംകുമാർ. പരമേശ്വരൻപിള്ളയുടെ മകൻ.ജവാൻ മുക്കിലെ രക്തസാക്ഷിമണ്ഡപത്തിൽ ചില്ലിട്ട ചിത്രമായി 28 വർഷങ്ങളായി ജീവിക്കുന്ന ധീരനായ പോരാളി. “
“ആ കഥ താങ്കളും വായിച്ചോ? “
“താങ്കൾ വികലമായി വരച്ചാലും എൻ്റെ ചിത്രമാകുമ്പോൾ നോക്കാതിരിക്കാനാവില്ലല്ലോ. “
” അത് എൻ്റെ ഒരു കഥമാത്രമല്ലേ. എൻ്റെ മാത്രം സൃഷ്ടി. അതിനെ കൊല്ലുകയോ കൊല്ലാക്കൊല ചെയ്യുകയോ എൻ്റെ ഇഷ്ടം.”
” ഒരിക്കലും താങ്കൾക്ക് അത്തരം ഒരു അധികാരം കഥാപാത്രങ്ങൾക്ക് മുകളിലില്ല.”
“ചെറുപ്പക്കാരാ, താങ്കൾ ഭ്രാന്തു പറയാതിരിക്കൂ. എൻ്റെ കഥയിലെ ജവാൻ മുക്ക് എൻ്റെ വെറും ഭാവന. പരമേശ്വരൻപിള്ളയും അയാളുടെ പച്ചക്കറിക്കടയും എൻ്റെ സങ്കൽപ്പങ്ങൾ. രാജൻ കൈമളും സുജിത്തും എൻ്റെ മാത്രം കഥാപാത്രങ്ങൾ.എൻ്റെ സ്വാതന്ത്ര്യം അവരുടെ ഓരോ ചലനവും. എനിക്ക് വേണ്ടപ്പോൾ ചിരിക്കുകയും മരിക്കുകയും ചെയ്യുന്ന പാവകൾ.”
ചെറുപ്പക്കാരൻ്റെ കണ്ണുകൾ തീ ഗോളങ്ങളായി. ശ്വാസം അയാൾ ആഞ്ഞാഞ്ഞു വലിച്ചു. പ്രതിരോധിക്കാൻ കഴിയാത്ത ഒരു വൻമതിൽ പോലെ അയാൾ എൻ്റെയടുത്തേക്ക് ചീറിയടുത്തു. അയാളുടെ നഖങ്ങൾ ചീറ്റപ്പുലിയുടേത് പോലെ മൂർച്ചയുള്ളതായി. കഠാരപോലെ അവ എൻ്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങാനായി അടുത്തടുത്തു വന്നു. എൻ്റെ തൊണ്ടയിലെ വെള്ളംവ oറ്റി. ഭയം കൊണ്ട് ഞാൻ കിടുകിടെ വിറച്ചു.
” സ്വന്തം കുഞ്ഞിനെ സ്നേഹിക്കാത്ത, ദ്രോഹിക്കുന്ന ,മനസ്സിലാകാത്ത ഒരു എഴുത്തുകാരനും എഴുതാൻ പാടില്ല ഡോക്ടർ. എത്ര പുസ്തകങ്ങളിൽ ഞങ്ങളെപ്പോലെ വീർപ്പുമുട്ടുന്ന കഥാപാത്രങ്ങൾ വേദനിക്കുന്നു. തൻ്റേതല്ലാത്ത കാരണത്താൽ രാമൻ കാട്ടിലുപേക്ഷിച്ച സീതയും വ്യാസഭാരതത്തിലെ ഭീമനെ അന്യവൽക്കരിച്ച രണ്ടാമൂഴവും സ്വയം ഉരുകിയ രവിയെ വിഷം തീണ്ടിക്കൊന്ന ഖസാക്കും എഴുത്തുകാരൻ്റെ ദു:സ്വാതന്ത്ര്യങ്ങൾ. കഥാപാത്രങ്ങൾ പുസ്തകത്തിൻ്റെ പുറംചട്ട ജയിലായി കണക്കാക്കുന്ന മാന്യതയ്ക്ക് കൊടുക്കുന്ന തിരിച്ചടി. കൂടുതൽ വായനക്കാരെ നേടുവാൻ കഥാപാത്രങ്ങളെ കൊല്ലുന്നവനും ബലാൽസംഗം ചെയ്യുന്നവനും എഴുത്തുകാരൻ. “
ഒന്ന് കീഴടങ്ങുന്നതാണ് തടി രക്ഷിക്കുവാൻ നല്ലതെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഒരു പക്ഷേ കഥ വായിച്ച ഏതെങ്കിലും ഭ്രാന്തനോ, ഹർത്താൽ നടത്തി സ്വന്തം അന്നം തിരയുന്ന എമ്പോക്കികളുടെ ഗുണ്ടയോ ആകാം ഈ ചെറുപ്പക്കാരൻ. ലോകത്തില്ലാത്ത ന്യായങ്ങളും ചിന്തകളും കാൽപ്പനികതയുടെ മുഖം മൂടിയിൽ പൊതുസമൂഹത്തിൽ അടിച്ചേൽപ്പിക്കുന്ന കശ്മലന്മാരാണല്ലോ ഈ പീറ രാഷ്ട്രീയക്കാർ. അവർ ഏത് ഭാഷയിലും രൂപത്തിലും പൊതുബോധത്തെ വിലയ്ക്കുവാങ്ങും.അവർക്കെതിരെ ഉയരുന്ന വിരലുകളെ ഞെരിച്ചുടയ്ക്കാൻ ഏത് ഹീനമാർഗ്ഗവും കൈക്കൊള്ളും .അധികാരത്തിനും പണത്തിനും ചുറ്റും ഉപഗ്രഹങ്ങളായി കറങ്ങുന്ന എക്സികൂട്ടീവും ജുഡീഷ്യറിയും മാധ്യമവും അവർക്ക് കുഴലൂതും. എഴുത്തുകാരന്മാർ എക്കാലത്തും ഈ കശ്മലന്മാരുടെ പാണന്മാർ.ആ സാമൂഹ്യസാഹചര്യം തിരിച്ചറിഞ്ഞ് ഇവനെ നയത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്. ആ പ്രായോഗിക ബുദ്ധി ഈ സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും അത്യാവശ്യം. പരമേശ്വരൻ പിള്ളയ്ക്കും സുജിത്തിനും അവൻ്റെ പപ്പയ്ക്കും ആ ബുദ്ധി ഇല്ലാതെ പോയത് പരാജയകാരണം. ഈ പറയുന്ന പ്രേംകുമാറിനും ആ കൗശലമില്ലാത്തതിനാൽ പടമായി മാറേണ്ടി വന്നു. സമൂഹത്തിൽ കാണുന്നത് മാത്രമേ എഴുത്തുകാരന് എഴുതാൻ പറ്റൂ.എന്നാൽ സ്വന്തം തടി രക്ഷിക്കാനായി ചിലവളച്ചൊടിക്കലുകൾ അയാൾക്ക് നടത്താവുന്നതാണ്. വിവേകത്തിൻ്റെ സുന്ദരമായ ചിരി ഞാൻ മുഖത്തു കൊളുത്തി. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷയാണല്ലോ ചിരി. ആ ചിരികൊണ്ട് പരിഹരിക്കാനാവാത്ത പ്രതിസന്ധികൾ ഈ ലോകത്ത് വിരളമല്ലേ.
എൻ്റെ ചിരിയുടെ തുമ്പിൽ പ്രേംകുമാർ കയറിപ്പിടിച്ചു. അവനും ചിരിച്ചു .ഒരു മനോഹരമായ ചിരി.
” ഡോക്ടർ കരുതുന്നതു പോലെ എനിക്ക് ഭ്രാന്തില്ല ,ഞാൻ ഒരു രാഷ്ട്രീയക്കാരൻ്റേയും ഗുണ്ടയുമല്ല. ഞാൻ താങ്കളുടെ കഥാപാത്രമായ പരമേശ്വരൻ പിള്ളയുടെ മകൻ. നിറം മങ്ങിയ ഒരു ചിത്രം താങ്കൾ എൻ്റെ വീട്ടിൽ കണ്ടില്ലേ? ആ ചിത്രത്തിലുള്ള യുവാവാണ് ഞാൻ. 28 വർഷങ്ങളുടെ പഴക്കം ആ ചിത്രത്തെ പ്രായമാക്കിയതാണ്. ജവാൻ മുക്കിലെ രക്തസാക്ഷിമണ്ഡപത്തിലും ഇതേ നിറം മങ്ങിയ ചിത്രം താങ്കൾക്ക് കാണാനാകും. 28 വർഷമായി പ്രായമാകാത്ത എനിക്ക് ആ ചിത്രത്തിലെപ്പോലെ പഴക്കത്തിൽ വരാനാകില്ലല്ലോ. ഞാൻ നേരിട്ട് കാര്യത്തിലേക്ക് വരാം. താങ്കളുടെ കഥയ്ക്ക് ഒരു തിരുത്തു കൊടുക്കണം. 28 വർഷങ്ങൾക്ക് മുമ്പ് നിലമേൽ കോളേജിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന വസ്തുത കൂടി ഉൾപ്പെടുത്തി താങ്കൾ കഥ പൂർത്തിയാക്കണം. അപകടത്തിൽ നിന്നും സുജിത്തിനെ രക്ഷപെടുത്തണം. മാത്രമല്ല അവനെ പിൻതുണയ്ക്കുന്ന ഒരു വിഭാഗത്തെ പോലീസിൽ വളർത്തണം. ഗ്രൂപ്പിസത്തിൻ്റെ പേരിൽ ഒരു വിഭാഗം രാഷ്ട്രിയക്കാരും അയാളെ പിന്തുണയ്ക്കട്ടേ. അങ്ങനെ എൻ്റെ മരണവും അച്ഛന് നേരേയുള്ള ആക്രമണവും തമ്മിൽ ബന്ധിപ്പിച്ച് സഖാവ് സുഗണനെ പൂട്ടണം.”
ഈ ചെറുപ്പക്കാരനോട് എന്താണ് പറയേണ്ടുന്നത് എന്ന് ഒരുനിമിഷം ഞാൻ ചിന്തിച്ചു. ഒരു വിഷയത്തിൻ്റെ ന്യായാന്യായങ്ങൾ തിരിച്ചറിയുവാൻ നിലതെറ്റാത്ത ഒരു മനസ്സ് വേണം. അത്തരം മനസ്സ് നഷ്ടമായവരോട് ഒരു സംവാദം അപകടകരം. അതിനാൽ ബുദ്ധിയെ ലോക്കറിൽ വച്ച് അവരോട് സമരസപ്പെട്ടു പെരുമാറുന്നതാണ് നമ്മുടെ തടിക്ക് നല്ലത്.
” ചെറുപ്പക്കാരാ, താങ്കളുടെ കഥ സവിസ്തരം പറയുക.ഞാൻ ശ്രദ്ധയോടെ കേൾക്കാം. എൻ്റെ കഥയെ ഉടച്ചുവാർത്തോ തച്ചുടച്ചോ താങ്കളുടെ സത്യത്തിനോട് നീതിപുലർത്താം.”
പ്രേംകുമാർ പറഞ്ഞത് ഒരു സാധാരണ കഥ. അദ്ദേഹത്തിന് ഏതെങ്കിലും വിദ്യാർത്ഥി പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലായിരുന്നു. ഒരു സംഘർഷത്തിലും പങ്കെടുത്തിട്ടില്ലാത്ത ടിയാൻ ഇടതുനെഞ്ചിൽ കഠാര കയറുമ്പോഴാണ് ക്യാമ്പസ് രാഷ്ട്രിയത്തിൻ്റെ ചുഴികൾ ഹൃദയത്തിലേക്ക് പാഞ്ഞിറങ്ങിയത്.
“സഖാവേ, ആളുമാറിപ്പോയി. നമുക്ക് കാച്ചേണ്ടവൻ ഇവനല്ല.” എന്ന് വിളിച്ചലറിയവനാണ് ഇപ്പോഴത്തെ MLA സുഗുണൻ . സുഗുണനെ കഴിഞ്ഞയാഴ്ച പഞ്ഞിക്കിട്ട അച്ചായൻ ഗാങ്ങിലെ ഡേവിഡിന് വച്ച ക്വട്ടേഷനാണ് വഴിമാറി പ്രേംകുമാറിനെ തീർത്തത്. അന്നേ കുശാഗ്രബുദ്ധിയായ സുഗുണൻ ഉടൻ തന്നെ പ്രേംകുമാറിനെ പാർട്ടിയിൽ ചേർത്തു. ശവത്തിനെ കൊടിയുടെ മൂട്ടിൽ കിടത്തി. കൊലക്കെതിരെ ഹർത്താലു നടത്തി. പതിനാറ് KSRTC ബസ്സുകൾ കല്ലെറിഞ്ഞു തകർത്തു.നാല് KSEB ജീപ്പുകളും മൂന്ന് സർക്കാർ കാറുകളും കത്തിച്ചു. കോളേജ് ഒരുമാസം സമരം ചെയ്ത് പൂട്ടിച്ചു. കൊലപാതകക്കുറ്റത്തിന് ഡേവിഡ് ഉൾപ്പെടെ നാല് അച്ചായൻ ഗാങ്ങ്കാരെ അകത്താക്കി. സുഗുണൻ മുഖ്യസാക്ഷിയായി.ജവാൻ മുക്കിൽ പ്രേംകുമാറിനെ രക്തസാക്ഷിമണ്ഡപത്തിൽ ഇരുത്തി.ആണ്ടോടാണ്ട് രക്തസാക്ഷിദിനം ആഘോഷിച്ചു.
മണ്ഡപത്തിൻ്റെ മുമ്പിൽ നിന്ന് സുഗുണനും പ്രേംകുമാറിനെ ഒറ്റക്കുത്തിന് തീർത്ത കൂമൻകേശവനും മറ്റു സുഹൃത്തുക്കളും ദിഗന്തം പൊട്ടുമാറ് അലറിവിളിച്ചു.
“രക്തസാക്ഷികൾ മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.”
സുഗുണൻ പഞ്ചായത്ത് മെമ്പർ, ജില്ലാപഞ്ചായത്ത് മെമ്പർ മുതലായ ചവിട്ടു പടികൾ ചവിട്ടിക്കയറി ഒടുക്കം MLA ആയി.പാർട്ടിയിൽ ലോക്കൽ ,ഏരിയ, ജില്ല എന്നിങ്ങനെയുള്ള പടികളിലൂടെ സംസ്ഥാന കമ്മറ്റിയിൽ കയറി.ഇനി മന്ത്രി, കേന്ദ്ര കമ്മറ്റി ,പോളിറ്റ് ബ്യൂറോ ,മുഖ്യമന്ത്രി മുതലായ മോഹങ്ങൾക്കായി ഭാര്യ വനജാക്ഷി ആറ്റുകാലമ്മയെ ഭജിച്ചു കഴിയുന്നു.ഇങ്ങനെ സുന്ദരമായ ഒരു നദിപോലെ ഒഴുകിയ സുഗുണൻ്റെ രാഷ്ട്രീയ ജീവിത്തിൽ ഒരു കരിനിഴൽ വീഴ്ത്താൻ കാരണം കൂമൻ കേശവൻ്റെ നിർത്താത്ത ചുമയാണ്. ചുമച്ച് ചുമച്ച്
മണ്ണുകപ്പിയിരുന്ന കൂമനെ ജില്ലാആശുപത്രിയിൽ കൊണ്ടുപോയതും സുഗണനാണ്. MLA നേരിട്ട് എഴുന്നള്ളിച്ച രോഗിയായതിനാൽ കൂമനെ പലപരിശോധകളും ഏറ്റെടുത്തു. ഒടുക്കം ശ്വാസകോശം മുഴുവനും ക്യാൻസർ ഏറ്റെടുത്തെന്നും കൂടിയാൽ മൂന്നുമാസം കൂടിയേ കൂമൻ ഭൂമുഖത്ത് അലങ്കാരമായി കാണുകയുള്ളൂ എന്നും ഡോക്ടർമാർ വിധിപറഞ്ഞു.
വിധിയറിഞ്ഞ കൂമൻ കരഞ്ഞു.തീരാൻ പോകുന്ന ശ്വാസം ആഞ്ഞാഞ്ഞു വലിച്ചു. ഭൂതകാലം മനസ്സിലേക്ക് JCB യെപ്പോലെ ഇടിച്ചു കയറി. ആ പോക്കിൽ പരമേശ്വരൻ പിള്ളയുടെ കടയിൽ കയറി. പ്രേംകുമാറിനെ ആളുമാറി കാച്ചിയത് താനാണെന്നും മാപ്പാക്കണമെന്നും അപേക്ഷയും ഇട്ടു. ക്വട്ടേഷൻ്റെ മൂലയിൽ MLA യാണെന്നും പറഞ്ഞു തുലച്ചു.
പരമേശ്വരൻ പിള്ള എല്ലാം കേട്ടു മിണ്ടാട്ടമില്ലാതെ ഇരുന്നു. കൂമൻ പല കഥകളും പറഞ്ഞു. പറഞ്ഞു പറഞ്ഞു ചുമച്ചു. കണ്ണുകളിൽ വെള്ളം നിറഞ്ഞു.മൂക്കിൽ നിന്നും വെള്ളം ഒഴുകി. ഒടുക്കം വേച്ചു വേച്ചു വീട്ടിലേക്ക് പോയി.പോയ പോക്കിൽ ജവാൻ മുക്കിൽ വീണു.പ്രേംകുമാറിൻ്റെ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഛർദ്ദിച്ച ചോരയിൽ മുങ്ങിമരിച്ചു.
പിറ്റേന്ന് പാർട്ടി പ്രാദേശിക ഹർത്താൽ നടത്തി. അനുശോചന യോഗത്തിൽ MLA വിങ്ങിപ്പൊട്ടി. കൂമനെ അഗ്നിക്ക് വിട്ടുകൊടുത്ത് MLA വീട്ടിൽ എത്തിയപ്പോൾ പരമേശ്വരൻപിള്ളയെ വീടിൻ്റെ മുന്നിൽ കണ്ടു.
തൊഴുതു വണങ്ങിയ പിള്ള സങ്കടം ബോധിപ്പിച്ചു.
” കൊന്നവർ തന്നെ വന്ദിക്കുന്ന പ്രേംകുമാറിൻ്റെ മണ്ഡപം സാറായിട്ട് പൊളിക്കണം.”
വാക്കുകളുടെ നാൾവഴികളും കൂമൻ്റെ കുമ്പസാരവും കേട്ടിട്ടും സുഗുണൻ ചിരിച്ചു.
” ശ്വാസകോശം മൊത്തം ക്യാൻസറായി പോയതല്ലേ, പല ഭ്രാന്തും പറയും.പിള്ള ആവശ്യമില്ലാത്തത് കേൾക്കണ്ട ,ആഗ്രഹിക്കുകയും വേണ്ട. ഈ പാർട്ടിയെക്കുറിച്ച് പിള്ളയ്ക്ക് ഒരു ചുക്കും അറിയില്ല. പിള്ള സൂക്ഷിച്ച് നടന്ന് വീട്ടിലോട്ടു പോയ്ക്കോളൂ… “
എൻ്റെ കഥയ്ക്ക് പുറത്ത് എൻ്റെ അനുവാദമില്ലാതെ ഏത് നിമിഷവും പരമേശ്വരൻ പിള്ളയെ സുഗണൻ കൊല്ലാം.
” ഡോക്ടർ എൻ്റെ അച്ഛൻ്റെ ജീവൻ താങ്കളുടെ തൂലിക തുമ്പിലാണ്. താങ്കളുടെ കഥയുടെ ബലഹീനതകൊണ്ട് എൻ്റെ അച്ഛന് എന്ത് സംഭവിച്ചാലും ഞാൻ താങ്കളെ വെറുതേ വിടില്ല. ചില ഊച്ചാളികൾ പറയുന്നതുപോലെയുള്ള വിരട്ടലല്ല ,തീർത്തുകളയും. വെട്ടി വെട്ടി തുണ്ടമാക്കും.”
ഞാൻ ധൈര്യം സംഭരിച്ച് മേശപ്പുറത്തിരുന്ന ബെല്ലിൽ ആഞ്ഞാഞ്ഞു അടിച്ചു. പുറത്ത് നിന്ന സിസ്റ്റർ ഗ്രേസി അകത്തേക്ക് ഓടി വന്നു.
“എന്താണ് സാർ ,എന്ത് പറ്റി. “
” ഒരു ചെറുപ്പക്കാരൻ ഇപ്പോൾ പുറത്തേക്ക് ഇറങ്ങിയില്ലേ? അയാളെ ഒന്ന് വിളിച്ചേക്കുക.”
” ഏത് ചെറുപ്പക്കാരനാണ് സാർ .ഒരു രോഗിയും വന്നില്ല സാർ .സാർ ഉറങ്ങുകയായിരുന്നു .ഇടയ്ക്ക് സാർ കൂർക്കവും വലിക്കുന്നുണ്ടായിരുന്നു.”
” ഒരു കൊലുന്ന പയ്യൻ പൊടിമീശയും ഉണ്ടക്കണ്ണും.”
” ആരും വന്നില്ല സാർ ,ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു .ഉറക്കത്തിൽ വല്ല സ്വപ്നവും… “
സ്വപ്നമല്ല എന്ന് എനിക്കല്ലേ അറിയാവൂ, എന്നാലും ഞാൻ അത് പറഞ്ഞ് സ്വയം ചെറുതായില്ല. “ഹർത്താലിൻ്റെ പിറ്റേന്ന് ” എങ്ങനെ തിരുത്തി ഈ മാരണം ഒഴിവാക്കണമെന്ന ചിന്തയിൽ ഞാൻ സ്വയം കത്തി ,വെന്തുരുകി.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
You must be logged in to post a comment Login