കവിത
മുൾവിചാരം
ഉദയ പയ്യന്നൂര്‍
വീടുവരച്ചു തീർത്തൊരുവൾ
മുടിവാരിക്കെട്ടി
മുറ്റമടിക്കാൻ പോയി.
ഉച്ചയ്ക്ക് കൂട്ടാൻവച്ചു കഴിച്ച
മത്തിമുള്ളൊന്ന്
കാക്കകൊത്തി
നടുമുറ്റത്തിട്ടിട്ടുണ്ട്.
മത്തിവെട്ടുമ്പോൾ
ചത്ത മീനിന്റെ
തുറിച്ച കണ്ണു നോക്കി
ഒത്തിരിനേരമിരുന്നതാണ്.
നിലാവുള്ള രാത്രിയില്‍
ചന്ദ്രനും ചിലപ്പോളങ്ങനെയാണ്
പറയാനൊത്തിരി കരുതിവച്ച്
ഒന്നും പറയാതെ
നോക്കി നിൽക്കും.
മാറ്റമില്ലാതെ തുടരുന്ന
ഗതികെട്ട കുത്തിയിരിപ്പ് മടുത്ത്
കണ്ണുതുറന്നു സ്വപ്നം കാണുകയാവണം.
പറമ്പിലെ മൂലയില്‍
അടിച്ചു കൂട്ടിയ
പേരയിലകൾക്കൊപ്പം
മത്തിമുള്ളും എരിഞ്ഞമർന്നു.
അടുപ്പത്തു വച്ച അരി
വെന്തിരിക്കുമെന്ന്
വേവലാതിപ്പെട്ടു
തിടുക്കത്തിലോടി.
വേവ് കൂടിയാലും
കുറഞ്ഞാലും
രുചിയില്ലാതാവുന്ന
ജീവിതങ്ങള്‍.
ചിതയണച്ചിട്ടും
ബാക്കിയായൊരു
ഉശിരൻ മുള്ള്
ഉള്ളംകാലിലാഴ്ന്നപ്പോഴാണ്
വരച്ചു വച്ച വീടിന്
വാതിലില്ലെന്നോർത്തത്.
പതിവു തെറ്റിച്ച്
തുറന്നിട്ടൊരു വാതിലും
ജനാലയും
വരച്ചു ചേർത്തു.
മുറ്റത്തൊരു മത്തിമുള്ളും
മരക്കൊമ്പിലൊരു കാക്കയും
കാക്കയ്ക്ക്
തിളക്കമുള്ള കണ്ണുകളും.
littnowmagazine@gmail.com
You must be logged in to post a comment Login