Connect with us

സിനിമ

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

Published

on

പാട്ടുപെട്ടി

ബി മധുസൂദനൻ നായർ

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെൻ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിൻ മിഴിയിലലിയുന്നെൻ ജീവമേഘം
ഈ പ്രപഞ്ചത്തിലുള്ള ഓരോ വസ്തുക്കളും മറ്റൊന്നിനോട് ലയിച്ചു ചേരാൻ വെമ്പൽ കൊള്ളുന്നു . ഇവിടെ ലയനം നടന്നേ പറ്റൂ. പ്രകൃതി യുടെ ഒരു പ്രതിഭാസമാണത്. ചെരേണ്ടത് ചേർന്നിടും.ഒരേ ചിന്താധാരകളുള്ള രണ്ടു വ്യക്തികളുടെ, രണ്ടു ജീവിതങ്ങളുടെ ലയനത്തെ, പ്രകൃതിയുടെ ഈ രാസത്വരകത്തെ കവിയായ ശ്രീകുമാരൻതമ്പി ഒരു ഗാനത്തിന് വിഷയമാക്കി.

1968ൽ ജയമാരുതി നിർമ്മിച്ച് K.S. സേതുമാധവൻസംവിധാനം ചെയ്ത ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമക്ക് വേണ്ടി ദക്ഷിണാമൂർത്തി ഈണം നൽകിയതാണ് ഈ ഗാനം. K. S. സേതുമാധവൻ സ്ഥിരമായി എഴുതിക്കാറുള്ള വയലാറിനെ മാറ്റിനിറുത്തിയത്, തനിക്ക് ആദ്യ സിനിമ സംവിധാനം ചെയ്യാൻ അവസരമൊരുക്കിയ T.E. വാസുദേവൻ നിർബന്ധിച്ചതു കൊണ്ടുമാത്രം. അതുകൊണ്ടുതന്നെ ശ്രീകുമാരൻതമ്പിയുംദക്ഷിണാമൂർത്തിയും ഒരു മത്സരബുദ്ധിയോടുകൂടിയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ കൈകാര്യം ചെയ്തത്. അത് ഒട്ടും വൃഥാ വിലായില്ല എന്നു കാലം തെളിയിച്ചു.

ചന്ദ്രികയിൽ ചന്ദ്രകാന്തം അലിയുന്നു. കാമുകിയുടെ ചിരിയിൽ ചേരുകയാണു കാമുകന്റെ ജീവന്റെ രാഗം. കാമുകിയുടെ മിഴിയിൽ അലിയുകയാണ് കാമുകന്റെ ജീവനാകുന്ന മേഘം.

അതിനു ഉപമ പകരുകയാണ് നീലാകാശത്തിൽ വിലയം കൊള്ളുന്ന ദാഹംപൂണ്ട മേഘത്തിലൂടെ.

ഇതിലെ നായകൻ ഒരു ചലച്ചിത്ര പിന്നണി ഗായകൻ. അദ്ദേഹത്തിനുചുറ്റും ആരാധികമാർ. അതിൽ വീണുപോകുന്ന ഗായകനായ നായകൻ ഭാര്യയെ മറന്ന് ഭർത്താവുള്ള മറ്റൊരു സ്ത്രീയുമായി അടുക്കുകയാണ്. വീണുകിട്ടിയ സാഹചര്യങ്ങളെ നായകൻ മുതലെടുക്കുന്നു. ഈ ഒരു വികാരത്തെ ഒരുഗാനത്തിലൂടെ സംവിധായകൻ ചിത്രീകരിക്കുകയാണ്. പ്രേനസീറും ഷീലയും പങ്കെടുക്കുന്ന ഈ പ്രേമഗാനം യേശുദാസും പി. ലീലയും ചേർന്നാണ് ആലപിച്ചത്.ഈ ഗാനം മലയാളികൾ ഇന്നും മൂളുന്നു. ഹൃദയാ ന്തരാളത്തിൽ തിളങ്ങുന്ന പ്രേമത്തിന്റെ ചിഹ്നമായി അവർ ഈ ഗാനത്തെ ലാളിക്കുന്നു.

അനുപല്ലവിയുടെ വരികൾ ശ്രദ്ധിക്കൂ. പരസ്പര പൂരകങ്ങളാണ് വരികൾ. കാമുകന്റെയും കാമുകിയുടെയും മനോവികാരങ്ങളാണ് ഇതിലൂടെ വായിക്കാവുന്നത്.

താരകയോ നീലത്താമരയോ നിന്റെ താരണികണ്ണിൽ കതിർ ചൊരിഞ്ഞത്?അപ്പോൾ കാമുകി മൊഴിയുന്നു. വർണ്ണമോഹമോ പോയജന്മ പുണ്യമോ നിന്റെ മനസ്സിൽ പ്രേമത്തിന്റെ മധു പകർന്നതെന്ന്. മാധവമോ അതോ ഹേമന്തമാണോ കാമുകീ നിന്റെ മണിക്കവിൾ മലരായി വിടർത്തിയത്? നിന്റെ മനസ്സാകുന്ന തങ്കത്തിന്റെ ചിപ്പിയിൽ, നിന്റെ പൂപോലുള്ള ചുണ്ടിൽ ഞാൻ ഒരു സംഗീത ബിന്ദുവായി ഉണരട്ടെയെന്നു കാമുകൻ ആഗ്രഹിക്കുകയാണ്.

k s sethumadhavan

ഈ താളലയത്തെ ശ്രീകുമാരൻതമ്പിയുടെ ഭാവന നമ്മെ പ്രേമത്തിന്റെ വിശാലമായ മേച്ചിൽ പുറങ്ങളിലൂടെ നടത്തുന്നു. അദ്ദേഹത്തിന്റെ മികവുറ്റ പ്രണയഗാനങ്ങളിൽ മുൻപന്തിയിൽ സ്ഥാനംപിടിച്ചതാണീഗാനം. A.M.രാജ സോളോ ആയും ഈ ഗാനം പാടിയിട്ടുണ്ട്. എങ്കിലും യുഗ്മഗാനമാണ് ജനമനസ്സിൽ അലയടിച്ചുയർന്നത്. യേശുദാസും പി. ലീലയും പ്രേംനസീറും ഷീലയും ആയതിനാലാണോ എന്നും പറയാതിരിക്കാൻ വയ്യ. എന്തായാലും ചന്ദ്രികയിലലിയുന്ന എന്ന ഈ ഗാനം നിത്യ ഹരിതമായി നിൽക്കുകയാണ് ഗാനപ്രേമികളിൽ.

littnow

പാട്ടുപെട്ടിയിൽ ഈ ഗാനം
സണ്ണി ഡാനിയേൽ ആലപിക്കുന്ന വീഡിയോ കാണാം.

സിനിമ

അകത്തുമില്ല,പുറത്തുമില്ല പൗരത്വം.

Published

on

നോട്ടം 18

പികെ ഗണേശൻ

ഒരാളുടെ രാജ്യം എന്നത് അയാളിൽ നിരന്തരം സൃഷ്ടിക്കപെടുന്ന പ്രതീതി മാത്രമാണ്.എപ്പോൾ വേണമെങ്കിലും തിരസ്കരിച്ചേക്കാം,ദേശീയത എന്ന വ്യവഹാരത്തിൽ സംശയാലുവാകുന്ന നിമിഷം.അത്ര ദുർബലമാണ് പൗരനും രാജ്യവും തമ്മിലുള്ള ബന്ധം.സ്വന്തം മണ്ണ്, സ്വന്തം ആകാശം എന്നിങ്ങനെ കാലുകളെ നിലത്തുറപ്പിക്കുന്ന,തലക്കുമീതെ വിശാലലോകം സൃഷ്ടിക്കുന്ന അനുഭൂതികളുടെ മറ്റൊരു ലോകമാണ് പൗരരിൽ ഉണ്ടാക്കുന്ന ദേശീയത എന്ന വികാരം.സ്വന്തം മണ്ണ് നഷ്ടപ്പെടുമ്പോൾ, ആകാശം നഷ്ടപ്പെടുമ്പോൾ എന്താണ് ഒരാളിൽ സ്വന്തം രാജ്യം അവശേഷിക്കുന്നത്.ഈ നാട് തൻറേതു കൂടിയാണ് എന്ന തോന്നൽ സൃഷ്ടിക്കുമ്പോഴാണ് പൗരൻ രാഷ്ട്രത്തിന്റെ ഉള്ളടക്കമായി വികസിക്കുന്നത്.പൗരരിൽ അതുവഴി ഉടമസ്ഥതാബോധം ഉണ്ടാവുന്നു.ഞങ്ങളുടേതാണ്, ഞങ്ങളും കൂടി ഉള്ളടങ്ങിയതാണ് എന്ന ഇല്യൂഷനാണ് ദേശീയത പൗരരിൽ സൃഷ്ടിക്കുന്നത്.സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെവിടെയോയാണപ്പോൾ രാജ്യവും പൗരനും.

പൗരൻ സ്വന്തം അനുഭവങ്ങളിലൂടെ ഉള്ളലിയുമ്പോൾ അനുഭവപെടുന്ന വികാരമാണ് ദേശീയത.കാലുറപ്പിച്ച മണ്ണ് യാഥാർത്ഥ്യവും തല ഉയർത്തിപ്പിടിച്ച ആകാശം സ്വപ്നവുമാണ്.സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒളിച്ചുകളിയാണ് പൗരജീവിതം.ശ്വസിക്കാൻ പഠിപ്പിക്കാത്തതു പോലെ ഈ കളിയും ആരും പഠിപ്പിച്ചിട്ടല്ല ഒരാൾ കളിച്ചു വളരുന്നത്.സ്പാനിഷ് ചലച്ചിത്രകാരൻ അൽമദോവറുടെ Live Flesh ൽ പ്രസവിച്ച സ്ത്രീയുടെ അമ്മ നവജാത ശിശുവിനെ ഉള്ളം കൈയിൽ ആകാശത്തേക്കുയർത്തി നക്ഷത്രങ്ങൾ വിസ്മയം സൃഷ്ടിക്കുന്ന ആകാശം പരിചയപ്പെടുത്തുന്ന രംഗമുണ്ട്.വായുവിൽ കുഞ്ഞ് ഈ ഭൂമിയുടെ, ആകാശത്തിന്റെ രാരീരം പരിചയപ്പെടുന്നു.നിർഭാഗ്യമെന്നു പറയട്ടെ, മുതിർന്നപ്പോൾ തലതിരിഞ്ഞ മറ്റൊരു ജീവിതം ജീവിക്കാനുള്ള നിയോഗമാണ് അവനിൽ വന്നുചേരുന്നത്.അസന്നിഗ്ധതകളിൽ അയാളിൽ സ്വന്തം നാട് നിറയുന്നു.

ദേശം, ദേശീയത, രാഷ്ട്രം, രാജ്യസ്നേഹം എന്നീ പരികല്പനകളിന്ന് നിയമങ്ങളുടെ നിയന്ത്രണത്തിലാണ്.അനുഭവങ്ങളുടെ സംക്രമണങ്ങളാണ് ജീവിതത്തെ സുന്ദരമാക്കുന്നത്.സ്വിച്ചിട്ടതുപോലെ പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകമായി രാജ്യസ്നേഹികളുടെ വംശങ്ങൾ പിറവിയെടുക്കുന്ന കാലത്ത് രാജ്യങ്ങൾക്കിടയിലും രാജ്യത്തിനകത്തും സ്വത്വം നഷ്ടപെടാൻ വിധിക്കപ്പെടുന്ന പൗരൻറെ ധർമ്മസങ്കടങ്ങളും അനിശ്ചിതത്വവും സന്ദേഹങ്ങളും വിഷമാവസ്ഥകളും പ്രതിസന്ധികളും ചർച്ച ചെയ്യുന്ന കിം കി ഡുക്കിൻറെ സിനിമ Net പുതിയ കാലത്തിന്റെ ആത്മകഥയാണ്.മുൻകാല സിനിമകളിൽ കിം കി ഡുക് അനുവർത്തിച്ചിരുന്ന സ്ഥിരം ഫോർമുലകളിൽ നിന്നുള്ള വിച്ഛേദനമാണ് ഈ സിനിമ.

സ്വന്തം ജനതയെ ബന്ദിയാക്കി രാഷ്ട്രങ്ങൾ സങ്കുചിത ദേശീയവികാരം വളർത്തി കൂടുതൽ യുദ്ധോത്സുകമാവുന്ന കാലമാണിത്.സൈന്യത്തെ കുറിച്ചും യുദ്ധത്തെ കുറിച്ചുമാണ് സംസാരം.അന്യരാഷ്ട്രവൈരം രോഗമായി മാറുന്നു.ഖജനാവിൻറെ സിംഹഭാഗവും ഭരണകൂടങ്ങളെ കൂടുതൽ സൈനികവൽകരിക്കുന്നതിന് ചെലവഴിക്കുന്നു.സൈനികരെ പോലെ ജനതയും യുദ്ധസജ്ജരാവുന്നു.രാജ്യം രാജ്യമാവുന്നതിന് ശത്രുവേണമെന്ന അവസ്ഥ.ഒരേ ഉടലിൽ നിന്ന് വേർപെട്ട ദക്ഷിണ കൊറിയയും ഉത്തര കൊറിയയും പരസ്പരം കൊന്നു വീഴ്ത്താൻ മത്സരിക്കുകയാണ്.ആ രാഷ്ട്രങ്ങൾക്കിടയിൽ പെട്ടുപോവുന്ന ഒരു പൗരൻറെ ദുരവസ്ഥകളിലേക്കാണ് ഇക്കുറി കിംകിഡുകിൻറെ ഷോട്ട്.

ഉത്തരകൊറിയക്കാരനായ നാംചുൽവു ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന നദിയിൽ മീൻപിടിച്ചുകൊണ്ടിരിക്കെ ബോട്ട് മീൻവലയിൽ കുരുങ്ങി കേടായി.നിയന്ത്രണരേഖ കടന്ന് ദക്ഷിണ കൊറിയൻ അതിർത്തി സേനയുടെ പിടിയിലായി.നാംചുൽവുൻറെ യാചനകളെ തള്ളിക്കളഞ്ഞ ദക്ഷിണ കൊറിയൻ സേന ശത്രുരാജ്യത്തിൻറെ ചാരനാണെന്ന് മുദ്രയടിച്ച് അതിക്രൂരമായി പീഡിപ്പിച്ചു.രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ പലതരം മർദനമുറകൾക്കിരയായി.ഒരു സാധാരണ മീൻപിടിത്തകാരനിൽ നിന്ന് എന്ത് രഹസ്യങ്ങളാണ് അയാളുടെ രാജ്യത്തിനെതിരെ ചോർത്താൻ സാധിക്കുക! ഉത്തരകൊറിയൻ പട്ടാളത്തിന്റെ രഹസ്യ ചാരനായിട്ടേ ദക്ഷിണ കൊറിയയുടെ സുരക്ഷാ സേനയ്ക്ക് അയാളെ കാണാൻ സാധിക്കൂ.യുക്തിയവിടെ പ്രവർത്തിക്കില്ല.മർദ്ദനമുറകൾ ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ പലവിധ പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കാൻ കിണഞ്ഞു ശ്രമിച്ചു.സ്വന്തം രാജ്യത്തെ വഞ്ചിച്ച് എത്തിപ്പെട്ട രാജ്യത്തെ വരിക്കുന്ന കൺവെർഷൻ എന്ന ഏർപ്പാടായിരുന്നു ആദ്യം.അതുവഴി ദക്ഷിണ കൊറിയയിൽ പുതിയ ഭാര്യ, കുടുംബം,സുഖഭോഗജീവിതം എന്നിവ സർക്കാർ ചെലവിൽ വാഗ്ദാനമായി.പ്രതിഫലമായി സ്വന്തം രാജ്യത്തിനെതിരെ പ്രചാരകനായി രംഗത്തുവരണം.വീണിടം വിഷ്ണുലോകമായി കാണാൻ ആ പൗരന് സാധിച്ചില്ല.അകപെട്ട ശത്രുരാജ്യം വെച്ചുനീട്ടിയ മോഹനവാഗ്ദാനങ്ങളുടെ മുന്നിൽ സ്വന്തം ഭാര്യ,മകൾ, കുടുംബം, രാജ്യം എന്നിവ ബലിയർപ്പിക്കാൻ നാംചുൽവു എന്ന സാധാരണ പൗരൻ സന്നദ്ധമാവുന്നില്ല.ജനിച്ചന്നുമുതൽ കേട്ടുവളർന്നത് ദക്ഷിണ കൊറിയ എന്ന ശത്രുരാജ്യത്തിൻറെ ദ്രോഹകഥകളാണ്.

അധാർമികതയുടെ,അനീതികളുടെ,വിവേചനങ്ങളുടെ രാജ്യമായിട്ടാണ് മുതലാളിത്ത പാത സ്വീകരിച്ച ദക്ഷിണ കൊറിയക്കെതിരെ സോഷ്യലിസ്റ്റു പാത സ്വീകരിച്ച ഉത്തരകൊറിയയുടെ കുറ്റപത്രം.പൗരാവകാശങ്ങളുടെ ശവപറമ്പ്, അസ്വാതന്ത്ര്യത്തിന്റെ തടവറ,അവികസനത്തിൻറെ നരകലോകം എന്നിങ്ങനെ ദക്ഷിണ കൊറിയ കിട്ടാവുന്ന വേദികളിൽ ഉത്തരകൊറിയയെ ഭർത്സിക്കുന്നു.ഈ പ്രചരണത്തിന്റെ വാഹകരാവാൻ ചാരന്മാരായി ആരോപിച്ചു പിടികൂടുന്നവരെ ഉപയോഗിക്കുന്നു.പീഢനങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് ചിലർ വഴങ്ങുന്നു.നാംചുൽവു ആ കുഴിയിൽ വീണില്ല.സ്വന്തം രാജ്യമാണ് തൻറെ ജീവനേക്കാൾ വലുതെന്ന നിലപാടിൽ ഉറച്ചു നിന്നു.സ്വന്തം രാജ്യം വിശ്വസിപ്പിച്ച സത്യങ്ങളിലാണ് വിശ്വാസം.ആ വിശ്വാസം പൊളിച്ചെടുക്കുന്നതിന് സുരക്ഷാഭടന്മാർ ദക്ഷിണ കൊറിയയിലെ നഗരസമ്പന്നതയിലേക്ക് തുറന്നു വിട്ടു.കണ്ണു തുറക്കാൻ കൂട്ടാക്കുന്നില്ല.ദക്ഷിണകൊറിയ കാണാൻ ആഗ്രഹിക്കുന്നില്ല.തിന്മകളുടെ ലോകമാണ് ആ രാജ്യം.ആൾക്കൂട്ടത്തിൻറെ തിക്കിലും തിരക്കിലും പെട്ടുതട്ടിവീഴാൻപോയ അയാൾ പെട്ടെന്നൊരടിയേറ്റ് കണ്ണ് തുറന്നുപോയി.മോഹകാഴ്ചകളുടെ ദക്ഷിണ കൊറിയൻ മായികലോകം കണ്ട് അയാൾ അന്താളിച്ചു.കൂറ്റൻ കെട്ടിടങ്ങൾ, സമൃദ്ധിയുടെ നഗരജീവിതങ്ങൾ.അയാൾ നടന്നു നീങ്ങുന്ന വഴിയിൽ പട്ടാപ്പകൽ ഒരു സ്ത്രീ ആക്രമിക്കപെടുന്നത് കാണുന്നു.ഉത്തരകൊറിയയിൽ അയാൾ കാണാത്ത കാഴ്ചയാണിത്.നോക്കിനിൽക്കാനായില്ല.അവളെ രക്ഷിച്ചു.അവളുടെ തുടർന്നുള്ള പ്രലോഭനങ്ങളിൽ വീണില്ല.ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളെ ഉത്തരകൊറിയയിൽ കാണാറില്ലെന്ന വസ്തുത തന്നോട് ആഭിമുഖ്യം പുലർത്തുന്ന സുരക്ഷാ ഭടനുമായി പങ്കുവെച്ചപ്പോൾ സുരക്ഷാ ഭടൻറെ കമൻറിങ്ങനെ: സ്വാതന്ത്ര്യം ഉണ്ടോ, എങ്കിൽ സന്തോഷം ഉണ്ടാവില്ല.സ്വാതന്ത്ര്യവും സന്തോഷവും ഒരുമിച്ചു പോവില്ലെന്ന് നാംചുൽവുന് ബോധ്യമായി.എന്നിട്ടും ഉത്തരകൊറിയൻ ഏകാധിപത്യം വെറുക്കുന്ന, ദക്ഷിണ കൊറിയൻ സ്വാതന്ത്ര്യം ആഘോഷിക്കുന്ന സിയോൾമനുഷ്യനാവാൻ നാംചുൽവു കൂട്ടാക്കുന്നില്ല.പീഡനമുറകൾ അയാളുടെ മുന്നിൽ തോറ്റമ്പി.

ഒടുവിൽ വിപണിയുടെ പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കാൻ ശ്രമിച്ചു.സുഖഭോഗജീവിതം വെച്ചുനീട്ടി.നാംചുൽവുൻറെ മുന്നിൽ ദക്ഷിണ കൊറിയൻ തന്ത്രങ്ങൾ പരാജയപ്പെട്ടു.ആധുനിക സുഖഭോഗജീവിതം ഉത്തരകൊറിയയിൽ ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങളോടെ തിരിച്ചയക്കാൻ തീരുമാനമായി.നാംചുൽവു വിസമ്മതിച്ചു.ധരിക്കാനാവശ്യമായ വസ്ത്രവും മകൾക്ക് കളിക്കാനൊരു പാവയുമായി അതിസന്തോഷത്തോടെ നാട്ടിലേക്ക്.ഉത്തരകൊറിയൻ മണ്ണിൽ കാലുകുത്തിയ ആ നിമിഷം ദക്ഷിണ കൊറിയൻ സുരക്ഷാ സേന നൽകിയ വസ്ത്രമഴിച്ച് വലിച്ചെറിഞ്ഞ് സ്വന്തം രാജ്യത്തിന്റെ പതാകയിൽ വിലയം പ്രാപിക്കുന്ന അയാൾക്ക് തുടർദിനങ്ങളിൽ സ്വന്തം രാജ്യത്തോട് കൂറ് തെളിയിക്കേണ്ട ബാധ്യതയായി.

നാംചുൽവുനെ വിശ്വാസത്തിലെടുക്കാൻ ഉത്തരകൊറിയയിലെ സുരക്ഷാസേന സന്നദ്ധമാവുന്നില്ല.സ്വന്തം രാജ്യത്തിൻറെ പേരിൽ ദക്ഷിണ കൊറിയയിൽ അയാൾ അനുഭവിച്ച പീഡനങ്ങളോ ത്യാഗങ്ങളോ സഹനങ്ങളോ കേൾക്കാനോ സമ്മതിക്കാനോ സ്വന്തം രാജ്യം തയ്യാറാവുന്നില്ല.ഏതാണ് തൻറെ രാജ്യം, എന്താണ് തൻറെ രാജ്യം എന്ന വിചാരം അയാളെ വേട്ടയാടി.സ്വന്തം രാജ്യത്തെ സുരക്ഷാ സേന ഉദ്ദേശിച്ച ഉത്തരം അയാളിൽ നിന്ന് കിട്ടാതായപ്പോൾ ക്രൂരമർദനങ്ങൾക്കു വിധേയമാക്കി.വറചട്ടിയിൽനിന്ന് എരിതീയിലേക്ക് വീണ അവസ്ഥ! അതുവരെ സ്വയം കരുതിപോന്ന,തൻറേതും കൂടിയാണ് എന്ന് തോന്നിയ രാജ്യം തൻറെതല്ലെന്നു തിരിച്ചറിയാൻ തുടങ്ങിയ നിമിഷം അയാളിൽ ജീവിക്കാനുള്ള അഭിനിവേശം നഷ്ടപ്പെട്ടു.ശത്രുരാജ്യത്തിൻറെ ഏജൻറായി മാത്രം സ്വന്തം രാജ്യം അയാളെ കണ്ടു.ആരുടെ മുന്നിലാണ് രാജ്യസ്നേഹം തെളിയിക്കേണ്ടത്, എങ്ങനെയാണ് തെളിയിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു നിശ്ചയവുമില്ല.ഭരണകൂടത്തിൻറെ കിരാതമുഖം സ്വന്തം നാട്ടിൽ അയാൾ നേരിട്ടനുഭവിച്ചു.ശത്രുരാജ്യത്തുവെച്ച് കൊടും പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും അയാൾക്കാശ്വാസമായിരുന്നത് സ്വന്തം രാജ്യം എന്ന പ്രലോഭനമായിരുന്നു.തിരിച്ചെത്തിയപ്പോൾ അനുഭവിച്ചറിഞ്ഞു സ്വന്തം രാജ്യം, ദേശീയത എന്നൊക്കെ പറയുന്നത് ഒരാളിൽ സൃഷ്ടിക്കപെടുന്ന പ്രതീതി മാത്രമാണെന്ന്.

പൗരത്വം സംശയത്തിൻറെ നിഴലിൽ അകപെടുന്നതോടെ അത്രയെളുപ്പം തെളിയിക്കാൻ സാധിക്കുന്നതല്ല സ്വന്തം രാജ്യത്തിനോടുള്ള കൂറ്.വളരെ ദുർബലമാണ് പൗരത്വം എന്ന ഉറപ്പ്.ഭയം വിൽക്കുകയും വാങ്ങുകയും വിതക്കുകയും ഉപജീവിക്കുകയും ചെയ്യുന്ന സുരക്ഷാ നിയമങ്ങളും നിയമപാലകരും ഉന്മൂലനായുധങ്ങളും അജണ്ട നിശ്ചയിക്കുന്ന ഭരണകൂടം കയ്യാളുന്ന,ഭരണഘടനയിലെ മൗലിക തത്ത്വങ്ങൾ റദ്ദായിപോവുന്ന രാജ്യങ്ങളിലെ പൗരന്മാരുടെ രൂപകമാണ് നാംചുൽവു.സ്വന്തം രാജ്യം ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് മീൻപിടിക്കാൻ പോയ നാംചുൽവുനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു.ആ നിമിഷം നാംചുൽവു പ്രേക്ഷകരുടെ അകത്തു പ്രവേശിച്ച് വലിയ ചോദ്യമായി ശ്വാസം മുട്ടിക്കുന്നു.എന്താണ് എൻറെ രാജ്യമിങ്ങനെ, എത്രത്തോളം കാലം എന്നെ കൂടെ നിർത്തും എൻറെ രാജ്യം,ഏതു ഘട്ടത്തിൽ സ്വന്തം രാജ്യം സ്വന്തം പൗരൻമാരെ രാജ്യസ്നേഹത്തിൻറെ, രാജ്യദ്രോഹത്തിൻറെ പേരിൽ കൊന്നു തിന്നാൻ തുടങ്ങുക?നാംചുൽവു പ്രേക്ഷകരിലേക്കും പ്രേക്ഷകർ നാംചുൽവുലേക്കും സംക്രമണം നടത്തുന്നു.അനുഭവമണ്ഡലത്തിൽ ഒരൊന്നാകൽ സംഭവിക്കുന്നു.

രാജ്യത്തിനകത്തും പുറത്തും പൗരത്വം നഷ്ടപ്പെടുന്ന നാംചുൽവുൻറെ വംരപരമ്പരയിലാണ് ജനങ്ങളിന്ന് പൊതുവിൽ.രാജ്യദ്രോഹിയല്ലെന്നും രാജ്യസ്നേഹിയാണെന്നും നിരന്തരം തെളിയിക്കേണ്ട ഗതികെട്ട അവസ്ഥയാണിന്ന്. നാംചുൽവുൻറെ ജീവിതം അത്രയന്യമായ ജീവിതമല്ല…

littnow.com

littnowmagazine@gmail.com

Continue Reading

സിനിമ

മുറിവേറ്റവരുടെ പങ്കുവെക്കലുകള്‍

Published

on

കാണികളിലൊരാള്‍-17

എം ആർ രേണുകുമാർ

വെളിപ്പെടാത്ത കാരണങ്ങളാല്‍ പാചകം മുതല്‍ സ്വയംഭോഗം വരെയുള്ള നിയതമായ ജീവിതചര്യകളുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഡാനിയല്‍ എന്ന സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക് ആകസ്മികമായി അന്ന എന്ന സ്ത്രീ കടന്നുവരുന്നതോടെ ഉണ്ടാകുന്ന കുഴമറിച്ചിലുകളാണ് 2011 ല്‍ റിലീസ് ചെയ്ത ‘The Mole’s Den‘ എന്ന സിനിമയുടെ കേന്ദ്രപ്രമേയം.

ഇടവേളകളില്‍ ഉപയോഗശൂന്യമായ ഇലക്ട്രിക് വയറുകള്‍ക്കുള്ളിലെ ചെമ്പുകമ്പികള്‍കൊണ്ട് മനോഹരമായ ചെറുശില്പ്പങ്ങള്‍ ഉണ്ടാക്കുന്നത് ഡാനിയലിന്‍റെ ഒരു ഹോബിയാണ്. ഈ ശില്പങ്ങള്‍ക്ക് ഡാനിയലിന്റെ ജീവിതവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധവുമുണ്ടായിരിക്കും. ആഹാരം പാകം ചെയ്യുക, കഴിക്കുക, ടിവി കാണുക, ശാരീരികാഹ്ലാദങ്ങളില്‍ ഏര്‍പ്പെടുക എന്നിവയാണ് ഡാനിയലിന്റെ ദിനചര്യകള്‍. മുറികളിലെ മങ്ങിയവെളിച്ചത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന തന്റെ വിരസതകളുമായി പൊരുത്തപ്പെട്ട് അങ്ങനെ പോകെയാണ് ഒരു രാത്രി ഡാനിയേലിന്റെ ജീവിതത്തിലേക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് അവശയായ അന്ന ജീവനുംകൊണ്ട് ഓടിയെത്തുന്നത്. ആ അവസ്ഥയില്‍ അന്നയ്ക്ക് അഭയം നല്‍കാതിരിക്കാന്‍ ഡാനിയലിന് കഴിയുമായിരുന്നില്ല. അയാള്‍ ബാലെ നര്‍ത്തകിയായ അന്നയെ തന്റെ വീട്ടിലൊളിയ്ക്കാന്‍ അനുവദിക്കുകയും തിരക്കിവന്ന അവളുടെ ഭര്‍ത്താവിന് സംശയം തോന്നാത്തവിധം മറുപടിപറഞ്ഞ് കതക് ചാരുകയും ചെയ്യുന്നു.

ഒളിപ്പാര്‍പ്പിനിടയില്‍ അന്ന വീടിനുള്ളിലും അടുക്കളയിലും ഡാനിയേലിനെ ചെറുതായി സഹായിക്കുകയും ഒരുമിച്ചിരുന്ന് ടിവി കാണുകയും ആഹാരം കഴിക്കുകയും ചെയ്യുന്നു. ആശ്വാസം തേടുന്ന മുറിവേറ്റവര്‍ എന്നനിലയില്‍ ഇരുവര്‍ക്കുമിടയില്‍ അടുപ്പമുണ്ടാവുകയും അടുപ്പം ഊഷ്മളമായ ഇണചേരലുകളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന പ്രണയമാണ് തങ്ങളുടേതെന്ന് അറിയാമെങ്കിലും, പെയ്തുതോര്‍ന്ന അന്ന ഡാനിയലിനായി നൃത്തച്ചുവടുകള്‍ വെക്കുന്നു, ഡാനിയല്‍ സ്വര്‍ണ്ണനിറമുള്ള കമ്പിനൂലുകള്‍ ചുറ്റിച്ചുറ്റി നൃത്തം ചെയ്യുന്ന അന്നയുടെ ശില്പമുണ്ടാക്കുന്നു. ഇതിനിടെ സംശയങ്ങളും ഭീഷണിയുമായി അന്നയെ തിരക്കി ഭര്‍ത്താവ് എത്തുന്നുണ്ടെങ്കിലും ഡാനിയല്‍ തന്റെ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നു.

പക്ഷേ സംശയം വര്‍ദ്ധിച്ച അന്നയുടെ ഭര്‍ത്താവ് ഡാനിയലിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും അന്നയേയും ഡാനിയേലിനേയും ഉപദ്രവിക്കുകയൂം ചെയ്യുന്നു. അന്നയോടുള്ള പ്രണയം ഡാനിയലിനെ കൂടുതല്‍ കരുത്തനാക്കുന്നു. മൂവരും ചേര്‍ന്നുള്ള കെട്ടിമറിച്ചിലിനിടയില്‍ കാല്‍വഴുതി ഫ്ലോറില്‍ തലയടിച്ചുവീണ് അന്നയുടെ ഭര്‍ത്താവ് മരിക്കുകയും, മനപ്പൂര്‍വമല്ലെങ്കിലും കൊലക്കുറ്റം ഡാനിയലിന്‍റെ മേലാകുകയും ചെയ്യുന്നു. അന്നയുടെ ഭര്‍ത്താവിന്റെ ബോഡി ഇരുവരും ചേര്‍ന്ന് മറവുചെയ്യുന്നുണ്ടെങ്കിലും ഡാനിയലിന്റെ മുറിയില്‍നിന്ന് പോലീസ് കണ്ടെടുക്കുന്ന നൃത്തം ചെയ്യുന്ന അന്നയുടെ ശില്പം അയാളെ കുടുക്കുന്നു.

ഉറക്കത്തിനുമുമ്പ് സ്വയംഭോഗം ചെയ്യുമ്പോള്‍ ചുവരില്‍ ഒട്ടിച്ചുവെച്ച ചിത്രത്തിലെ പുറംതിരിഞ്ഞുനില്‍ക്കുന്ന നഗ്നസുന്ദരി സ്ഖലനനേരത്ത് ഡാനിയലിനെ തിരിഞ്ഞുനോക്കി പുഞ്ചിരിക്കുന്നതും. ഉറക്കമുറിയില്‍ അന്നയുടെ ഭര്‍ത്താവ് തെന്നിവീണ് മരിക്കാന്‍ കാരണമായ ഇളകിയ ടൈല്‍ മാറ്റുമ്പോള്‍ തെളിയുന്ന ഇടുങ്ങിയ തുരങ്കത്തിലെ വഴുക്കലിലൂടെ സ്വപ്നസദൃശ്യമായ യാത്ര ചെയ്യുന്ന ഡാനിയല്‍ കടല്‍തീരത്തവസാനിക്കുന്ന തുരങ്കത്തിന്‍റെ അഴികളാല്‍ അടഞ്ഞ മറുമുഖത്തെത്തുന്നതും. അവിടെ ഒരു ക്യാമറാമാന്‍റെ മുമ്പില്‍ ചുവരിലെ ചിത്രത്തിലെ പെണ്ണ് അതേവേഷത്തില്‍ ഡാനിയലിന്‍റെ വിളികേള്‍ക്കാതെ ഫോട്ടോഷൂട്ടില്‍ മുഴുകിനില്‍ക്കുന്നതും. ചെമ്പുകമ്പികള്‍ ചുറ്റിവരിഞ്ഞ് ഡാനിയലുണ്ടാക്കുന്ന ശില്പ്പങ്ങളില്‍ ഡാനിയലിന്റെ ജീവിതകഥ അറിഞ്ഞോ അറിയാതെയോ ആലേഖനം ചെയ്യപ്പെടുന്നതും. സിനിമക്കുള്ളിലെ സിനിമയുടെ അടരുകളായി തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി അനന്യമാണ്. ഡാനിയലാകുന്ന Nestor Jimenez ന്റേയും അന്നയാകുന്ന Ketty De La Lglesia യുടേയും പെര്‍ഫോമന്‍സുകളെ വാക്കുകള്‍കൊണ്ടൊന്നും വിശേഷിപ്പിക്കാനാവില്ല.

കഥയും കഥാപാത്രങ്ങള്‍ പേറുന്ന സങ്കീര്‍ണ്ണതകളും ഉള്ളിലേറ്റിവേണം സിനിമ കഴിഞ്ഞാല്‍ കാണികള്‍ വീട്ടിപ്പോകാനെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് Alfredo Ureta. ക്യൂബന്‍ സംവിധായകനായ ആല്‍ഫ്രെഡോ യുടെ ഈ സ്പാനീഷ് സിനിമ കണ്ടിറങ്ങുമ്പോള്‍ സംവിധായകന്റെ ആഗ്രഹം മെല്ലെ നടപ്പില്‍വരുന്നതായി കാണികള്‍ക്ക് ബോധ്യപ്പെടും. മുറിവുകള്‍ പങ്കിടുന്നതില്‍ ആശ്വാസം കണ്ടെത്തുന്ന അന്തര്‍മുഖികളായ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അത്രമേല്‍ കാണികളെ വേട്ടയാടും.

littnow.com

രചനകൾ അയക്കുമ്പോൾ
വാട്സാപ്പ് നമ്പരും ഫോട്ടോയും ചേർക്കുക.

littnowmagazine@gmail.com

Continue Reading

സിനിമ

അപ്പനെ പിടിക്കല്‍

Published

on

കാണികളിലൊരാള്‍-16

എം ആർ രേണുകുമാർ

അമ്മയുടെ നിര്‍ദേശാനുസരണം അപ്പനെ കാണാനും, അയാളുടെ അന്ത്യകാലം പകര്‍ത്താനുമായി ക്യാമറയും തൂക്കിപ്പോകുന്ന കുസൃതികളായ പെണ്‍കുട്ടികളുടെ കഥ പറയുന്ന ജാപ്പനീസ് സിനിമയാണ് 2014 ല്‍ പുറത്തിറങ്ങിയ ‘ക്യാപ്ച്ചറിംഗ് ഡാഡ്’. മൂത്തവളായ ഹസുകി ഒരു ബാര്‍ ഗേളാണ്. ഇളയവള്‍ കൊഹരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയും. പതിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെയും മക്കളേയും ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ അന്ത്യകാലത്തെ ഫോട്ടോനോക്കി ചിരിക്കുവാനാണ് ലോട്ടറി വില്‍പ്പനക്കാരിയായ സാവ തന്റെ പെണ്‍മക്കളെ ട്രെയിന്‍ കയറ്റി അപ്പന്റെ നാട്ടിലേക്ക് വിടുന്നത്.

അമ്മയുടെ നിയന്ത്രണത്തില്‍നിന്ന് പുറത്തുകടന്നതോടെ അടിപൊളി വേഷങ്ങളിലേക്ക് മാറി പച്ചപ്പരിഷ്കാരികളായാണ് ഇവരുടെ യാത്ര. ഇവരില്‍നിന്ന് പ്രചോദനമുള്‍കൊണ്ടപോലെ അതിമനോഹരമായ സീനറികളിലൂടെയാണ് ട്രെയിന്റെ ഓട്ടവും. നഗരപ്രാന്തങ്ങള്‍ പിന്നിട്ട് ഗ്രാമപ്പച്ചയിലേക്കും ഗ്രാമനീലയിലേക്കും ട്രെയിന്‍ പ്രവേശിക്കുമ്പോള്‍ കൊഹരു അപ്പനെപ്പറ്റി ചേച്ചിയോട് തിരക്കുന്നുണ്ട്.
ഒരു മഴക്കാലത്ത് തങ്ങള്‍ക്ക് കൊടചൂടിച്ചുതരുന്ന അപ്പനെ ചെറുതായി ഓര്‍മ്മയുണ്ടെന്നാണ് ഹസുകിയുടെ മറുപടി. മഴനനഞ്ഞുകൊണ്ട് അപ്പന്‍ രണ്ടുപേര്‍ക്കും ചില്ലുനിറമുള്ള കുടകള്‍ ചൂടിയ്ക്കുന്ന സീന്‍ നമ്മുടെ ഉള്ളിലേയ്ക്കും ചാറും.

പക്ഷേ ക്യാന്‍സര്‍ ബാധിതനായിരുന്ന അപ്പന്‍ പെണ്‍കുട്ടികള്‍ എത്തുന്നതിന് മുമ്പേ മരിക്കുന്നു. ആകയാല്‍ അവര്‍ക്ക് ജീവനോടെ അപ്പന്റെ ഫോട്ടോയെടുക്കാനും അമ്മയുടെ നിര്‍ദ്ദേശം നടപ്പിലാക്കാനും കഴിയാതെ വരുന്നു. തങ്ങള്‍ക്ക് യാതൊരു അടുപ്പവുമില്ലാത്തതിനാല്‍ അപ്പന്റെ മരണം പെണ്‍കുട്ടികളെ തെല്ലും ബാധിക്കാത്തത് നമ്മളേയും ബാധിക്കില്ല. ആ വിധമാണ് സിനിമയുടെ ഒഴുക്ക്. മരണത്തിനുമുമ്പ് ഫോട്ടോയെടുക്കാന്‍ കഴിയാതെ പോയതാണ് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രശ്നമാകുന്നത്. ശവസംസ്കാര ചടങ്ങുകള്‍ക്കിടയില്‍ അപ്പന്റെ ബോഡിയുടെ ഫോട്ടോയെടുക്കാന്‍ പെണ്‍കുട്ടികള്‍ അടക്കത്തില്‍ നടത്തുന്ന വിഫലശ്രമങ്ങള്‍ കാണികളില്‍ ചിരിയുണര്‍ത്തും. ഫോട്ടോയെടുക്കാന്‍ കഴിയാതെപോയെങ്കിലും അമ്മയെകാണിക്കാന്‍ പെണ്‍കുട്ടികള്‍ അപ്പന്റെ കത്തിതീര്‍ന്ന ചിതയില്‍നിന്ന് ഒരു അസ്ഥിക്കഷണം ഒപ്പിച്ചെടുക്കുന്നുണ്ട്.

ഏഴുവയസുള്ള മിടുക്കനായ ചിഹിരോയാണ് പെണ്‍കുട്ടികളെ വീട്ടിലേക്ക് കൂട്ടാന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുന്നത്. തങ്ങളുടെ അര്‍ദ്ധ സഹോദരനായ ചിഹിരോയോട് പെണ്‍കുട്ടികള്‍ ആദ്യമാദ്യം അടുപ്പം കാണിക്കുന്നില്ലെങ്കിലും തിരികെ പോരാന്‍നേരം അവരില്‍ അവനോടുള്ള സ്നേഹം ചെറുതായി പൊടിച്ചുവരുന്നത് കാണാം. അവര്‍ വീണ്ടും തമ്മില്‍ കണ്ടേക്കുമെന്നൊരു തോന്നല്‍ സിനിമ തരുന്നുണ്ട്. ചോരയ്ക്ക് വെള്ളത്തേക്കാള്‍ കട്ടിയുണ്ടാവണമല്ലോ.

മരണത്തോട് മല്ലിടുന്ന ഭര്‍ത്താവിന്‍റെ അവസാനനിമിഷം ക്യാമറയില്‍ കണ്ട് അതുനോക്കി പൊട്ടിച്ചിരിക്കാന്‍ ആഗ്രഹിച്ച അമ്മയ്ക്ക് മുന്നില്‍ അപ്പന്‍റെ വലതു കൈവിരലിന്‍റെ അസ്ഥിക്കക്ഷണം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് സമര്‍പ്പിക്കാനാവുന്നത്. കരുതിവെച്ചിരുന്ന പൊട്ടിച്ചിരി പൊട്ടിക്കരച്ചിലായി മാറുന്നുണ്ടെങ്കിലും തങ്ങളുടെ സ്ഥിരം ഇരിപ്പിടമായ കനാലിന്‍റെ തീരത്ത് പെണ്‍കുട്ടികളുടെ നടുവിലില്‍ ഇരുന്നുകൊണ്ട് അതിനെയവര്‍ വെള്ളത്തിലേക്ക് എറിയുകയാണ് ചെയ്യുന്നത്. വെള്ളത്തില്‍ ഒരു ക്ഷണം പൊങ്ങിക്കിടക്കുന്ന അസ്ഥികക്ഷണം ഒരു ട്യുണമീന്‍ വെട്ടിവിഴുങ്ങുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

തങ്ങളുടേത് ആയതും അല്ലാത്തതുമായ കാരണങ്ങളാല്‍ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ദുരന്തങ്ങളെ സ്വാഭാവികമായി നേരിടുകയും തങ്ങളുടെ വഴികളിലൂടെ ജീവിതത്തെ പിന്നെയും മുമ്പോട്ട് കൊണ്ടുപോകുന്നവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. മുഖ്യ കഥാപാത്രങ്ങളുടെ സവിശേഷവും സൂക്ഷ്മവും കുസൃതിനിറഞ്ഞതുമായ അഭിനയംകൊണ്ടും, അതിമനോഹരമായി പ്രകൃതിയെയും കാലാവസ്ഥയേയും ഒപ്പിയെടുത്ത ക്യാമറയുടെ എഴുത്തുകൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞ ഈ സിനിമ ഒരു സംവിധായകന്റെ (Ryoto Nakano) ആദ്യസിനിമയായി തോന്നുകയില്ല.
ജീവിതത്തിലെ അപ്രതീക്ഷിത വളവുതിരിവുകളെ, ദുരന്തങ്ങളെ കൂസലില്ലാതെ നേരിടാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സിനിമയാണ് ‘അപ്പനെ പിടിക്കല്‍’.

littnowmagazine@littnow

Continue Reading

Trending