Connect with us

നോവൽ

അക്കാമൻ 2

Published

on

razal-litt-ok

റസൽ

ആത്മനോവൽ തുടരുന്നു

നൊമ്പരം

ബന്ധുക്കളോടും പരിചയക്കാരോടും കുശലംപറഞ്ഞും ഓര്‍മപുതുക്കിയും നേരം വൈകി. സന്ധ്യയോടെ വീട്ടിലെത്തി. ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. മുറ്റത്തെ തെങ്ങും പ്ലാവും മാവുകളം ചെടികളും ബള്‍ബുകളുടെ വെളിച്ചത്തില്‍ തിളങ്ങുന്നതു നോക്കിയിരുന്നു. എന്തോ വല്ലാത്ത വിമ്മിട്ടം.

“നിനക്കു വിശക്കുന്നില്ലേ?” – ഞാന്‍ തിരക്കി.

“ഇല്ല. ഒന്നും കഴിക്കാന്‍ തോന്നുന്നില്ല.”

രാത്രിയായപ്പോഴേയ്ക്കും ഉമ്മ ‘കൂരവ്’ കാച്ചിത്തന്നു. അതും കുടിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

ഉറക്കത്തിന് തടസ്സമായി ഓര്‍മകള്‍ നൃത്തമാടി.

അക്കാമന്‍ ചോദിച്ചു- “നിനക്കറിയാമോ ആ നൂഹ് മുസലിയാരുടെ ഉമ്മയുടെ മരണ കാരണം? ഞാന്‍ തലയുയര്‍ത്തി കൈയില്‍ താങ്ങി ചരിഞ്ഞു കിടന്നു.

“ഇല്ല, പറയൂ”

അക്കാമന്‍ പഴങ്കഥ പറയാന്‍ തുടങ്ങി.

പെന്നാടന്‍ മൂപ്പിലിന്‍റെ ഇളയ മകളാണ് എന്‍റെ ബാപ്പുമ്മ. ജډദേശവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഉറപ്പിക്കാന്‍ ഈ മകളെ പെന്നാട്ടേക്ക് കെട്ടിച്ചയച്ചു. നാട്ടുകാര്‍ ഇവരെ ‘പെന്നാട്ടുമ്മ’ എന്നു വിളിച്ചു. അവരുടെ മൂത്തമകനാണ് എന്‍റെ ബാപ്പ, അബ്ദുല്‍ ഖാദര്‍. മൂന്ന് പെണ്‍കുട്ടികളും കൂടപ്പിറപ്പുകളായുണ്ട്.

വസൂരിയുടെ കൊടുംപീഡനകാലം.

നാടെങ്ങും ദൈവകോപത്തിന്‍റെ ശാപക്കുരുക്കളായി വസൂരി പടര്‍ന്നു. കാലന്‍റെ കാലുകള്‍ വിശ്രമമില്ലാതെ ധൃതിയില്‍ കുതിച്ചു. ഒപ്പം മരണസംഖ്യയുടെ എണ്ണവും പെരുകി. മഞ്ഞള്‍-വേപ്പിലക്കൂട്ടിന്‍റെ കുഴമ്പും മന്ത്രവാദവും ഫലം കണ്ടില്ല.

നാടാകെ മരണത്തിന്‍റെ വേലിയേറ്റം. മരണമെത്താത്ത വീടുകളില്ല. പെന്നാട്ടുമ്മയുടെ വെളുത്ത ചുവന്ന ഉടലില്‍ മാതളപ്പഴത്തിന്‍റെ ചുവന്ന അല്ലികള്‍പോലെ കുരുക്കള്‍ പൊന്തി. അന്ന് അബ്ദുല്‍ ഖാദറിന് പതിനൊന്ന് വയസ്സ്. ഇളയകുഞ്ഞിന് ഒരു വയസ്സ്. അവര്‍ക്കിടയില്‍ ഏഴും എട്ടും വയസ്സുള്ള രണ്ടു കുട്ടികളും.

ഒരുനാള്‍ പനയറ നിന്നും ലബ്ബ സഹോദരന്മാരില്‍ രണ്ടുപേര്‍ പെന്നാട്ടുമ്മയുടെ വീട്ടുമുറ്റത്തെത്തി; വില്ലുകെട്ടിയ രണ്ടു കാളവണ്ടികളുമായി. വണ്ടികള്‍ മുറത്തു കണ്ടപ്പോള്‍ കളങ്കമില്ലാത്ത കുട്ടികളുടെ കണ്ണുകള്‍ വിടര്‍ന്നു. അവര്‍ ചിരിച്ചുനിന്നു.

ജന്മദാതാക്കളുടെ രോഗഭീതിയും നോവും വേവും അവര്‍ക്കറിയില്ലല്ലോ. കുട്ടികള്‍ക്കവര്‍ മിഠായി കൊടുത്തു സന്തോഷിപ്പിച്ച് വാത്സല്യത്തോടെ വണ്ടിയില്‍ കയറ്റി. കൗതുകം കൂറിയ കണ്ണുകളുമായി കുഞ്ഞുങ്ങള്‍ വണ്ടിയിലിരുന്നു ചിരിച്ചു.

‘വസൂരി ഉമ്മയും വാപ്പയും’ മറുവണ്ടിയില്‍. അവരെ താങ്ങി എടുക്കുമ്പോള്‍ ലബ്ബ സഹോദരങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിസ്സഹായതയുടെ നീറ്റലോടെ രോഗികളും വീര്‍പ്പുമുട്ടി. എല്ലാം അറിയുന്നുണ്ടെങ്കിലും ഒന്നും ചെയ്യാനാവാത്ത ദുഃഖം. ഹിതമല്ലാത്ത നിസ്സഹായത. വിധിയെന്നോര്‍ത്തവര്‍ കരഞ്ഞു.

ഇരുട്ടിന്‍റെ പുതപ്പുമൂടിയ വഴികളിലൂടെ വണ്ടികള്‍ കാളമണി കിലുക്കിക്കൊണ്ട് പനയറയിലേക്കുപോയി. അന്ത്യയാമത്തിന്‍റെ കൊടും നിശ്ശബ്ദതയില്‍ കാളക്കഴുത്തിലെ മണിയൊച്ച ഗ്രാമത്തെ ഉണര്‍ത്തി.

ഉണര്‍ന്നെത്തിയ ഇത്താത്ത (പെന്നാട്ടുമ്മയുടെ സഹോദരി) ഖാദറിന്‍റെ കൈയിലിരുന്നു കരയുന്ന കൈക്കുഞ്ഞിനെ താങ്ങിയെടുത്ത് മാറോടുചേര്‍ത്ത് മെല്ലെ മെല്ലെ മുതുകില്‍ തട്ടി താളമിട്ടു. നേരിയ ശബ്ദത്തില്‍ താരാട്ടിന്‍റെ ഈണം മൂളി. വൈകാതെ കുഞ്ഞുറങ്ങി. ഈ ഇടവിള വീട്ടിലായിരുന്നു പിന്നീട് അവരുടെ രോഗശുശ്രൂഷ. ഈ വീട്ടിലെ മകളാണ് മുസലിയാരുടെ ഉമ്മ.

നാളേറെയാകും മുമ്പുതന്നെ ഈ ഗ്രാമത്തിലും വസൂരിയുടെ വിത്തുകള്‍ പൂത്തിറങ്ങി. ഭയത്തിന്‍റെ കരിമേഘങ്ങള്‍ക്ക് കനംവച്ചു. നാടെങ്ങും ഭീതി നിറഞ്ഞ നാളുകളൊന്നില്‍, ഖാദറിന്‍റെ ഉമ്മ-ബാപ്പമാരുടെ പേരെഴുതിയ ‘മരണമര’ത്തിലെ പച്ചിലകള്‍ കൊഴിഞ്ഞുവീണു.

അകാലമരണം അനാഥമാക്കിയ പിഞ്ചോമനകളുടെ നിലവിളി കേട്ടാണ് അന്ന് ഗ്രാമം ഉണര്‍ന്നത്. കരച്ചിലിന്‍റെ തുളച്ചുകയറുന്ന ഒച്ച ഗ്രാമഹൃദയത്തില്‍ ചാട്ടുളിയായി പാഞ്ഞുകയറി. ഇതുകണ്ട് ഭയന്നോ, രോഗംപകര്‍ന്നോ ആണ് മുസലിയാരുടെ ഉമ്മയും പിന്നീട് വസൂരിവന്ന് മരിച്ചത്.

ഖാദറിന്‍റെ ഉമ്മ-ബാപ്പമാരുടെ ചേതനയറ്റ ശരീരങ്ങള്‍ രണ്ടു ശവപ്പെട്ടികളിലാക്കി ബന്ധുക്കള്‍ തോളിലേറ്റി ‘തക്ബീര്‍’ ധ്വനികളോടെ പള്ളിയിലേയ്ക്കെടുത്തു. ‘പെന്നാട്ടുമ്മ’യുടെ മൂന്നാനാങ്ങളയുടെ കൈവിരല്‍ പിടിച്ച് ഖാദറും ഒപ്പംനടന്നു.

നിറഞ്ഞ കണ്ണുകളുമായി ലബ്ബമാമ നിന്നു നീറി.പെങ്ങളുടെ ഖബറില്‍ മൂന്നുപിടി മണ്ണു വാരിയിടുമ്പോള്‍ ലബ്ബയുടെ കൈവിറച്ചു. കുഞ്ഞനന്തിരവന്‍റെ മൃദുകൈയില്‍ മണ്ണ് വാരിക്കൊടുത്തപ്പോള്‍ ലബ്ബ വിതുമ്പിക്കരഞ്ഞുപോയി. മണ്ണ് ഖബറിലേക്കിടാന്‍ ആംഗ്യം കാണിച്ചു. പറയാന്‍ നാവ് പൊന്തിയില്ല.

ശേഷക്രിയകളും നേര്‍ച്ചകളും മുറപോലെ നടന്നു. ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിയൊഴിഞ്ഞു. മൂന്ന് കുഞ്ഞങ്ങളുടെ അനാഥത്വം പ്രശ്നമായി. ഖാദറിന്‍റെ ഇളം മനസ്സ് വിതുമ്പി. ഒരു വയസ്സ് മാത്രം പ്രായമുള്ള ഇളയകുഞ്ഞിനെ, പെന്നാട്ടുമ്മയുടെ നേര്‍മൂത്ത ഇത്താത്ത വളര്‍ത്താനെടുത്തു. മറ്റു രണ്ടു കുഞ്ഞുപെങ്ങډാരും ഖാദറന്‍റെ കയ്യില്‍തൂങ്ങി പടിയിറങ്ങി. ഇളംകുരുന്നുകളുടെ ലോലമനസില്‍ ഖാദര്‍ തണലായി പടര്‍ന്നു. അവര്‍ ജീവിത ദുരിതയാത്രയിലേക്ക് ചുവടുവച്ചു.

പെന്നാട്ടെ വീട്ടില്‍ മടങ്ങിയെത്തിയ കുട്ടികളെ ബന്ധുക്കള്‍ സന്തോഷത്തോടെ എതിരേറ്റു. സഹതാപവും സഹായവുമായി അയല്‍ക്കാരുംകൂടി.

ആശ്വാസത്തിന്‍റെ നാളുകള്‍ ശബ്ദവേഗത്തില്‍ പാഞ്ഞുപോയി. അന്നവും ഉടുതുണിയും വേദനിപ്പിക്കുന്ന ജീവിതപ്രശ്നങ്ങളായി. പറക്കമുറ്റാത്ത ‘കുഞ്ഞുഖാദര്‍’ പടച്ചോനെ വിളിച്ചുകരഞ്ഞു. ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഉത്കണ്ഠയും നിസ്സഹായതയും മറികടക്കാന്‍ കുട്ടികള്‍ വെപ്രാളപ്പെട്ടു. മറുവഴിയില്ലാതെ അവര്‍ പെരുവഴിയിലായി.

പതിനഞ്ചാം നൂറ്റാണ്ടില്‍ പറങ്കികള്‍ കൊണ്ടുവന്ന കശുഅണ്ടിയുടെ അനുഗ്രഹം ആവോളം അനുഭവിച്ചവരാണ് കൊല്ലം നാട്ടിലെ പാവപ്പെട്ടവര്‍. കശുഅണ്ടി കമ്പനികള്‍ അവരുടെ അന്നത്തിന്‍റെ വഴികളായിരുന്നു. വിശപ്പിന്‍റെ വിളി ഖാദറിനെയും ‘അണ്ടിയാപ്പീസി’ലെത്തിച്ചു.

എട്ടുവയസ്സുള്ള കുഞ്ഞുപെങ്ങളുമായി ഖാദര്‍ തൊഴിലിടത്തിലേക്ക് നടന്നു. ഒപ്പം പഠിച്ചിരുന്ന കൂട്ടുകാര്‍ സ്കൂളിലേയ്ക്കു പോകുന്ന കാഴ്ച ദുഃഖം കലര്‍ന്ന ചിരിയോടെ അവര്‍ കണ്ടുനിന്നു. കരയണോ ചിരിക്കണമോ എന്നറിയാത്ത ഭാവത്തോടെ അവര്‍ ഫാക്ടറിയിലെത്തി.

ആരെയും ആര്‍ദ്രമാക്കുന്ന ഓമനത്തമുള്ള കുട്ടികള്‍. തൊഴില്‍ സൂപ്രണ്ടുമാര്‍ ഔദാര്യംകാട്ടി. വെളുത്തു മെലിഞ്ഞ കുഞ്ഞുവിരലുകളോട് അനുകമ്പ തോന്നി. കുട്ടികളെ എളുപ്പ പണിയായ തൊലി കളയുന്ന ‘പീലിങ്ങി’ല്‍ ആക്കാന്‍ ആലോചിച്ചു.

കുട്ടികളെ കണ്ട മാനേജര്‍ പറഞ്ഞു – ഇവരെ ‘പാസി’ലേക്ക് വിടൂ. ‘പാസ്’ എന്നാല്‍ പരിപ്പിന്‍റെ ഗുണമേന്മ അനുസരിച്ച് വേര്‍തിരിക്കുന്ന ജോലി. ബാലവേലയുടെ നിയമനിഷേധത്തെ വെല്ലുന്നതായിരുന്നു വിശപ്പിന്‍റെ വിളി. അങ്ങനെ ആ പിഞ്ചോമനകളും കശുഅണ്ടി തൊഴിലാളികളായി.

മുതിര്‍ന്ന തൊഴിലാളികള്‍ വാത്സല്യത്തോടെ സഹായിച്ചു. ഉത്സാഹപൂര്‍വ്വം അവര്‍ ജോലി പഠിച്ചു തുടങ്ങി. ഫാക്ടറിയില്‍ അടങ്ങിയൊതുങ്ങാന്‍ ഖാദറിന്‍റെ ബാലമനസിന് കഴിഞ്ഞില്ല. വെകളിപിടിച്ച ബാല്യം അവനെ ചൊടിപ്പിച്ചുകൊണ്ടിരുന്നു. ഓടിക്കളിച്ചും ചാടിത്തുള്ളിയും കടന്നുപോയ നാളുകള്‍ അവനെ വ്യാകുലപ്പെടുത്തി. അവന്‍ കശുഅണ്ടി ഫാക്ടറി വിട്ടു.

പാത്രങ്ങള്‍ വില്പനയ്ക്ക് തലച്ചുമടായി കൊണ്ടുനടന്ന് വിളിച്ചുകൂവുന്ന ഒരു കച്ചവടക്കാരനൊപ്പം കൂടി. തലയിലെ പാത്രഭാരത്തിന്‍റെ ആയാസവും വിളിച്ചറിയിപ്പും നടത്തവും അവനെ തളര്‍ത്തി. വെയിലും ചൂടും ക്ഷീണവും കൊണ്ടവന്‍ തൊട്ടാവാടിപോലെ കുഴഞ്ഞു.

ബാലദേഹത്തിനു താങ്ങാനാവാത്ത ഭാരം കൊണ്ടവന്‍റെ ശക്തി ക്ഷയിച്ചു. തളര്‍ച്ചയായി. വെളുത്തു ചുവന്ന ഇളംശരീരം കരിവാളിച്ചു. കറുത്തപാടുകള്‍ വിഷാദംപോലെ മുഖത്തു പടര്‍ന്നു. ഈ പണി ഭാരം ബാല്യത്തിന് താങ്ങാനാവില്ല എന്ന ബോധ്യം അവനില്‍ ദുഃഖം നിറച്ചു.

അതിനാല്‍ അവന്‍ ബിഡിത്തൊഴിലാളികളുടെ കൂടെക്കൂടി ബീഡിതെറുപ്പ് പഠിച്ചുതുടങ്ങി. അവിടെ വച്ചാണ് അവന്‍ ആദ്യമായി കൂട്ടായ്മയുടെ ശക്തിപ്പെരുമ കേള്‍ക്കുന്നത്.

അവന്‍റെ ബീഡിപ്പണിയും കുഞ്ഞുപെങ്ങളുടെ ജോലിയും വിശപ്പിനാശ്വാസമായി. തൊഴിലാളികളുടെ സംഘബോധം ആ കുഞ്ഞുകുടുംബത്തില്‍ സുരക്ഷിതത്വബോധമുണര്‍ത്തി. തൊഴിലാളികള്‍ പരസ്പരം രക്ഷാകവചമായിരുന്ന കമ്മ്യൂണിസ്റ്റ് കാലം.

ആ കുഞ്ഞുമനസ്സും ക്രമേണ അവന്‍ പോലുമറിയാതെ കമ്മ്യൂണിസത്തിലേക്ക് ഒലിച്ചിറങ്ങി. കമ്മ്യൂണിസം പ്രതീക്ഷയും സ്വപ്നങ്ങളുമുണര്‍ത്തി. ആ സ്വപ്നങ്ങളില്‍ ബാല്യം വളര്‍ന്നു. സന്തോഷമെന്തന്നറിയാത്ത ബാല്യകാലം. അതായിരുന്നു പിതാവിന്‍റെ ജീവിതത്തുടക്കം.

അക്കാമന്‍ ഒരു ദീര്‍ഘനിശ്വാസത്തിലവസാനിപ്പിച്ചു.

“നേരമൊരുപാട് ഇരുട്ടി. ഇനി നമുക്കുറങ്ങാം” – ഞാന്‍ പറഞ്ഞു.

“നാളെ ഗ്രാമം ചുറ്റാന്‍ പോകണ്ടെ?”

“ശരി, വിളക്കണച്ചേക്ക്…” – അക്കാമന്‍.

Continue Reading
9 Comments

9 Comments

 1. Vipin

  October 9, 2021 at 1:47 pm

  വളരെ നന്നായിരിക്കുന്നു. അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു

 2. Neha

  October 9, 2021 at 1:51 pm

  Very good. Can you also provide a link to the previous chapter? (And next chapter if available).. it will be helpful to read this as a novel

  • Mumthas Salim

   October 15, 2021 at 9:07 pm

   Can you share link for ackaman 1

 3. seenakahar

  October 9, 2021 at 3:32 pm

  Very nice story to hear

 4. Nazeerudeem

  October 9, 2021 at 7:07 pm

  വളരെ ആവേശത്തോടെ വായിച്ചു കുഞ്ഞുനാളിൽ ഉമ്മാമ പറഞ്ഞ കഥയിലെ ബാക്കിപോലെ തുടർന്നും വായിക്കാൻ ആഗ്രഹിക്കുന്നു

 5. Haridas. PK

  October 10, 2021 at 8:49 am

  Thank you for giving this excellent reading matter. Haridas

  • SanthoshKumar

   October 11, 2021 at 7:37 am

   Reminds me of Alex Hailey ‘s Roots….. Started with a Bang… Keep it up… Following You

 6. GSundaresan

  October 16, 2021 at 1:00 pm

  പ്രീയപ്പെട്ട ഡോ: റസ്സാലുദീന്റെ
  നാടിന്റെ ഒരു കാലത്തിന്റെ പശ്ചാത്തലത്തിലൂടെ അക്കാമനുമായുള്ള
  നടപ്പ് ഏറെ ആകാംഷയും,
  മുമ്പും കണ്ടതും അറിഞ്ഞതുമായ
  അനുഭവങ്ങളും എന്നും പറയാം.
  സങ്കല്പത്തിലല്ലാത്ത ഈ യാത്ര
  പുതിയ ഒരനുഭവമാകുമെന്നതിൽ സംശയമില്ല.
  പ്രതീക്ഷയോടെ
  ജീ.സുന്ദരേശൻ

 7. ശവരാമൻ നായർ

  October 17, 2021 at 6:42 pm

  നോവലിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ആത്മകഥാംശം ഊർന്നിറങ്ങുമ്പോളുണ്ടാകുന്ന സൃഷ്ടി വൈഭവം ആസ്വാദ്യകരം തന്നെ.

You must be logged in to post a comment Login

Leave a Reply

നോവൽ

അക്കാമൻ 11

Published

on

By

റസൽ

ഖബര്‍

ചിത്രീകരണം _
സാജോ പനയംകോട്

ആത്മനോവൽ തുടരുന്നു

ഗ്രാമത്തിലെ പെട്ടിക്കടകളിലും പലചരക്കുകടകളിലും ബീഡിതെറുപ്പും, അതിനിടയില്‍ ഇംഗ്ലീഷ് പഠിത്തവും കമ്മ്യൂണിസവുമൊക്കെയായി ഉത്സാഹഭരിതനായി ഖാദര്‍ ജീവിച്ചുപോന്നു. പട്ടണങ്ങളില്‍ തൊഴിലാളി സംഘങ്ങളും ബീഡിക്കമ്പനികളും വളര്‍ന്നു കഴിഞ്ഞിരുന്നു. കമ്പനി മുദ്രയോടെ കെട്ടുകളായെത്തുന്ന കാജാ ബീഡിക്ക് പ്രിയവും പ്രചാരവുമേറി. തെറുപ്പു ബീഡികള്‍ കാലംചെയ്തു. അതിന്റെ കെട്ടും മട്ടും ആകർഷകമായി. കടയുടമകള്‍ കമ്പനി ബീഡികള്‍ വില്‍ക്കുന്നതില്‍ കൂടുതൽ ലാഭം കണ്ടു.ഗ്രാമത്തിലെ ബീഡിത്തൊഴിലാളികള്‍ ബുദ്ധിമുട്ടിലായി.

കുട്ടികളുടെ പഠനവും ദാരിദ്ര്യവും വേദനയുണ്ടാക്കുന്ന ആശങ്കയായി. ജീവിതംവഴിമുട്ടി നട്ടംതിരിഞ്ഞപ്പോള്‍ ഖാദര്‍ മറ്റൊരു പരീക്ഷണത്തിനൊരുമ്പെട്ടു. ഒഴിഞ്ഞുകിടന്ന കടവീട്ടില്‍ ചായക്കട തുടങ്ങി. അതും പരാജയത്തില്‍ കലാശിച്ചു. കൃഷി മാത്രംകൊണ്ട് നിത്യചെലവുകള്‍ നികത്താനാവുന്നില്ല.പണത്തിന് പണം തന്നെ വേണം. ജീവിക്കാനുള്ള പരക്കംപാച്ചിലിൽ അയാള്‍ നാളുകള്‍ തള്ളിനീക്കി.

ഒരുനാള്‍ പതിച്ചിയമ്മച്ചിയുടെ മകന്‍ വാസവന്‍ സിലോണില്‍ നിന്നും നാട്ടിലെത്തിയ വാര്‍ത്ത ഖാദറിനെ ഉത്സാഹഭരിതനാക്കി. എന്തെങ്കിലും വഴി കാണുമെന്ന് ഉള്ളം പറഞ്ഞു. അതിധൃതിയില്‍ അദ്ദേഹത്തെ കാണാനെത്തി.

“ആരായിത്, ഖാദറോ… വാ…” വാസവന്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ ഖാദറിനെ സ്വീകരിച്ചിരുത്തി.

അവര്‍ നാട്ടുവിശേഷങ്ങളും സിലോണ്‍ വാര്‍ത്തകളും പങ്കുവച്ചു. അവസാനം പറഞ്ഞ വിശേഷവാര്‍ത്ത ഖാദറിന്‍റെ ചങ്കില്‍ത്തറച്ചു.

“തന്‍റെ മച്ചുന്നനുണ്ടല്ലോ, സഹോദരീ ഭര്‍ത്താവ്. അയാള്‍ ഒരു ശിങ്കളത്തിയെ കെട്ടി, നാലു മക്കളുമുണ്ട്”

വാസവന്‍റെ വാക്കുകള്‍ അസ്ത്രങ്ങളായി നെഞ്ചിലേറ്റു.

ഖാദര്‍ നിന്നു പുളഞ്ഞു. ഭാവഹാവാദികള്‍ പുറത്തു കാട്ടാതെ ഖാദര്‍ യാന്ത്രിമായി പറഞ്ഞു-

“തമാശ പറയല്ലേ വാസവണ്ണാ”

“എന്താ ഖാദറെ ഇത്തരം കാര്യങ്ങളാണോ തമാശ പറയുന്നത്” -വാസവന്‍ തെല്ലു ഗൗരവത്തില്‍ത്തന്നെ പറഞ്ഞു.

“എന്നാല്‍ ഞാനിറങ്ങട്ടെ”

തിരിഞ്ഞു നോക്കാതെ ഖാദര്‍ വായുവേഗത്തില്‍ വീട്ടിലേക്ക് പാഞ്ഞു. ഒന്നും ഉരിയാടാതെ ദുഃഖംപൂണ്ട് രണ്ടു മൂന്നു നാള്‍ അയാള്‍ തളര്‍ന്നുകിടന്നു. ഭാര്യയുടെ ആശ്വാസവാക്കിനെക്കാള്‍ ഭയാനകം കുട്ടികളുടെ വിശപ്പിന്‍റെ കരച്ചിലായിരുന്നു.

പരിഹാരം തേടിയലഞ്ഞ മനസ് അതിരില്ലാത്ത അസ്വസ്ഥതയിലായി. പ്രതീക്ഷയുടെ നാളമായി ഇസ്മയിലിക്കയുടെ മുഖം തെളിഞ്ഞു. അയാള്‍ മത്സ്യത്തൊഴിലാളിയായിരുന്നു. ആ പരിസരത്ത് കടപ്പുറത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന നാലഞ്ചു പേരുണ്ടായിരുന്നു. അവര്‍ പുലര്‍കാലേ ഒത്തുകൂടും. ആദ്യമുണരുന്ന ആള്‍ ‘ഹൂയേ…യ്’ എന്നു നീട്ടിവിളിച്ച് മറ്റുള്ളവരെ കൂട്ടും. അവര്‍ കൊച്ചുവര്‍ത്തമാനങ്ങളും തമാശകളുമായി അഞ്ചുമൈല്‍ നടന്ന് തൊഴിലിടത്തെത്തും. ഖാദറും അവര്‍ക്കൊപ്പം കൂടി. കടപ്പുറത്തെ എരിപൊരി വെയില്‍കൊണ്ട് അയാളുടെ ദേഹം കരിവാളിച്ചു. വല വലിച്ച് കൈവെള്ളകള്‍ ചുവന്നു തുടത്തു പൊള്ളി. പൊള്ളലിന്‍റെ നീറ്റലുമായാണ് അയാള്‍ വീട്ടിലെത്തിയത്.

എങ്കിലും ഖാദര്‍ കൊണ്ടുവന്ന ചെറുമീനുകളുടെ കറിയും പറമ്പിലെ ചീനിയും അത്താഴം സുഭിക്ഷമാക്കി. ആശ്വാസത്തോടെ, അടുത്ത പുലര്‍വേളയിലെ കൂകിവിളിയും കാത്ത് അയാള്‍ ഉറങ്ങാന്‍ കിടന്നു.

അടുത്തനാള്‍ വിളികേട്ട മാത്രയില്‍ പിടഞ്ഞെഴുന്നേററ് ധൃതിയില്‍ കൂട്ടുകാര്‍ക്കൊപ്പം കൂടി. കടല്‍ക്കരയിലെത്തി വല വലി തുടങ്ങി. കയറില്‍ ബലമയി പിടിക്കാന്‍ കഴിയുന്നില്ല. ബലമായി പിടിക്കുമ്പോള്‍ കൈക്കുള്ളില്‍ പൊള്ളിനില്‍ക്കുന്ന കുമിളകള്‍ പൊട്ടിയൊഴുകി. അസഹനീയമായ വേദന. കൈകള്‍ മുഖത്തോടുയര്‍ത്തി സ്വയം ഊതി ആശ്വസിച്ചു. കണ്ടുനിന്ന വലയുടമ അലറി.

“പന്നിക്ക മോനേ, വലിയെടാ നോക്കിനിക്കാണ്ട്”

ഈ വാക്കുകള്‍ കേട്ട് ഖാദര്‍ സ്തബ്ധനായി. ‘പന്നിയുടെ മകനെ’ എന്ന വിളി സമസ്ത നാഡീഞരമ്പുകളെയും ത്രസിപ്പിച്ചു. നിസ്സഹായതയുടെ ശബ്ദമില്ലാത്ത നിലവിളി ഉള്ളില്‍ പതഞ്ഞുയര്‍ന്നു. മുസല്‍മാന് വെറുക്കപ്പെട്ട നികൃഷ്ടജീവിയാണ് പന്നി. തൊട്ടുകൂടാത്ത ജന്തു.

വലയുടമയെ ചതച്ചരച്ച് കൊല്ലാനുള്ള ദേഷ്യം തോന്നി. പക്ഷെ കടിച്ചമര്‍ത്തി. ഇല്ലെങ്കില്‍ താനും ഈ കടല്‍ മീനുകള്‍ക്കാഹാരമാകും എന്നു വിവേകം വിളിച്ചുപറഞ്ഞു. ക്ഷോഭത്തിന്‍റെ കൊടുങ്കാറ്റും മനസില്‍പേറി അയാള്‍ മൗനിയായി വീട്ടിലേക്ക് തിരിച്ചുനടന്നു. ഇസ്മയിലിക്കയുടെ പിന്‍വിളിക്ക് കാതുകൊടുത്തില്ല. സ്നേഹനിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയതുമില്ല. ആ സുമനസിന്‍റെ നന്മയെ വികാരം കീഴടക്കി. ആ പിന്‍വിളി കാതിലെത്താത്ത ദൂരം ലക്ഷ്യമാക്കി അയാള്‍ ധൃതിയില്‍ ഓടി. വീട്ടിലെത്തി തളര്‍ന്നു കിടന്നു. നിരാശയോടെ.

അക്കാലത്ത് ലബ്ബമാമയുടെ കുടുംബവും നിലനില്‍പ്പിനായി പ്രതിസന്ധികളോട് പൊരുതുകയായിരുന്നു. ലബ്ബ സമ്പാദിച്ചുകൂട്ടിയ സ്വത്തുവകകള്‍ക്കായി ആണ്‍മക്കള്‍ തമ്മില്‍ അടിപിടി തുടങ്ങിക്കഴിഞ്ഞിരുന്നു. തമ്മില്‍ ശത്രുക്കളായി. പക പെരുകി. തല്ലും കത്തിക്കുത്തും പോലീസ് കേസും വര്‍ദ്ധിച്ചു. തകര്‍ച്ചയുടെ കാറും കോളംകൊണ്ട് ഇളകിമറിയുന്ന ആ കുടുംബത്തില്‍ ബന്ധങ്ങള്‍ ശിഥിലമായി. എങ്കിലും ഖാദറിന്‍റെ മനസില്‍ ലബ്ബമാമ ആദര്‍ശബിംബമായി നിറഞ്ഞുനിന്നു. പ്രായമാകാത്ത തന്‍റെ കുഞ്ഞിക്കൈ പിടിച്ച് മാതാപിതാക്കളുടെ ഖബറടക്കത്തിന് പള്ളിയില്‍ കൊണ്ടുപോയ ലബ്ബമാമയുടെ ആഗ്രഹങ്ങള്‍ ഖാദറിന് വേദവാക്യമായിരുന്നു. അതുതന്നെയാണ് മക്കളും മരുമക്കളുമായുള്ള പരസ്പര കല്യാണത്തിന് വഴിയൊരുക്കിയതും.

സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ ദുരിതങ്ങളും മച്ചുനന്‍റെ വരവ് ഇനിയൊരിക്കലുമുണ്ടാകില്ല എന്ന സത്യത്തിന്‍റെ വ്യഥയും ചേര്‍ന്ന് മനസിനെ പ്രക്ഷുബ്ധമാക്കി. കുടുംബസ്വത്തിനായി രകതബന്ധുക്കളുടെ അങ്കംവെട്ടലും- ഒക്കെക്കൂടി ഖാദറിനെ വല്ലാതെ അലട്ടി. അയാള്‍ വീടും നാടും വിട്ടു. ചെന്നുപെട്ടത് മുണ്ടക്കയം പട്ടണത്തില്‍. അവിടെ അഹമ്മദ് എന്നൊരു കൂട്ടുകാരനെ കിട്ടി. അവര്‍ ഒപ്പംചേര്‍ന്ന് ഒരു പെട്ടിക്കട തുടങ്ങി. ചെറുകച്ചവടത്തോടൊപ്പം അവര്‍ ബീഡിതെറുപ്പും തൊഴിലാക്കി. ഭാര്യയ്ക്ക് കത്തെഴുതി ആശ്വസിപ്പിച്ചു. മക്കളെ പാടിയുറക്കാന്‍ മാപ്പിളപ്പാട്ടിന്‍റെ ഈണമൊത്ത താരാട്ടുകളും എഴുതി അയച്ചു. എങ്കിലും മനോവ്യഥയ്ക്ക് ഒട്ടും ശമനം കിട്ടിയില്ല.

ഒരുനാള്‍ സാമാന്യം നല്ല ആരോഗ്യവും പൊക്കവുമുള്ള ഒരാള്‍ ഖാദറിനെ നാട്ടിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ആ വരവിലെന്തോ പന്തികേടുണ്ടായിരുന്നു. ഭാര്യ ഉല്‍ക്കണ്ഠയോടെ കാര്യം ആരാഞ്ഞു. അയാള്‍ ബുദ്ധിമുട്ടോടെ മൗനം ഭേദിച്ചു. വൈഷമ്യമേറിയ വാക്കുകള്‍ അല്പാല്പമായി പുറത്തുവന്നു.

“ഖാദറിക്ക എപ്പോഴും മൗനമാണ്”

അതു കേള്‍ക്കുന്നുണ്ടെങ്കിലും ഭാര്യയുടെ ശ്രദ്ധ ഖാദറിന്‍റെ ദേഹത്തിലാണ്. നിയന്ത്രണമില്ലാതെ വളര്‍ന്നു കിടക്കുന്ന തലമുടി. കത്രിക തൊട്ടിട്ടില്ലാത്ത താടിമീശ രോമങ്ങള്‍. ആകെയൊരു പ്രാകൃതരൂപം. ദൂരെയെവിടെയോ കണ്ണുനട്ട് നിര്‍വികാരനായി നില്‍ക്കുന്നു. ഭാര്യയെയും കുട്ടികളെയും കണ്ടിട്ടും ഒരു ഭാവഭേദവുമുണ്ടായില്ല. അവരെ രണ്ടുപേരെയും അകത്തുകയറ്റി ഇരുത്തി. ആ ഇരുപ്പിലും ഒരു ഭാവപ്പകര്‍ച്ചയും ഖാദറില്‍ കണ്ടില്ല.

അതിഥി തുടര്‍ന്നു-

“ഞാന്‍ അഹമ്മദ്. ഞങ്ങള്‍ ഒരുമിച്ചായിരുന്നു താമസവും കച്ചവടവും തെറുപ്പും. രണ്ടു മൂന്നു ദിവസമായി മിണ്ടാട്ടമില്ല. അതിനും മുമ്പേ ആലോചിച്ച് ദുഃഖിച്ചിരിക്കുകയിരുന്നു. ചട്ടയും മുണ്ടും മാറാറില്ല. ആഹാരവും കഴിക്കാറില്ല. നിര്‍ബന്ധിച്ചാല്‍ ചായയോ മറ്റോ കുടിച്ചെന്നിരിക്കും. അഹമ്മദ് ഖാദറിന്‍റെ ജീവിതരീതിയും രോഗവിവരവും വിവരിച്ചുകൊണ്ടിരുന്നു. അതിലൊന്നും ഭാര്യയുടെ ശ്രദ്ധ നില്‍ക്കുന്നില്ല. ചിന്തകള്‍ ഇടിമിന്നല്‍പോലെ അവരുടെ മനസില്‍ പാഞ്ഞുകൊണ്ടിരുന്നു. കുട്ടികള്‍ കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു. ഭാവവും ചലനവുമില്ലാതെ ഖാദര്‍ മരക്കുറ്റിപോലെ ഒറ്റയിരുപ്പായിരുന്നു. ഒന്നും അറിയാതെ.

വീര്‍പ്പുമുട്ടിയ ഒരു ദിവസം ഇഴഞ്ഞുമാറി. അഹമ്മദ് മടങ്ങിപ്പോയി. എന്തുചെയ്യണമെന്നറിയാതെ ഭാര്യ കുഴങ്ങി. പിറ്റേ ദിവസവും മൗനിയായിരുന്ന ഖാദറിനെ സ്നേഹത്തോടെ ‘വാപ്പാ …. എന്നു വിളിച്ചുകൊണ്ട് മൂത്തമകന്‍ അടുത്തെത്തി. ഖാദര്‍ ചാടി എഴുന്നേറ്റ്, തുടരെത്തുടരെ ദീര്‍ഘനിശ്വാസങ്ങള്‍ ധൃതിയില്‍ ആഞ്ഞുവലിച്ചുവിട്ടു. ആ ഭാവപ്പകര്‍ച്ച കണ്ടുകൊണ്ട് മകന്‍ ഭയന്നോടി. ഖാദര്‍ വരാന്തയില്‍ കിടന്ന വെട്ടുകത്തിയുമായി പിന്നാലെ പാഞ്ഞു.

“ഇന്നു ഞാന്‍ നിന്നെ കൊല്ലും… നില്‍ക്കടാ, അവിടെ…”

പതിനാലു വയസ്സുള്ള ബാലന്‍റെ ഓട്ടം കാറ്റിനൊപ്പമായിരുന്നു. മരണത്തെ തോല്‍പ്പിക്കാനുള്ള അന്തംവിട്ട ഓട്ടം. അവന്‍ വാല്കിണറിന്‍റെ പടവുകള്‍ ചാടിക്കടന്ന് കിണറ്റിനുള്ളില്‍ പതുങ്ങിയിരുന്നു. അവിടവും പിന്നിട്ട് അട്ടഹാസവുമായി ഖാദര്‍ വയല്‍ക്കരവരെ ഓടി. കലിയടങ്ങാത്ത ക്രോധവുമായി തിരിച്ചോടി. വഴിയില്‍ കണ്ട വാഴയും വെറ്റിലക്കൊടികളും വെട്ടിനിരത്തി. കണ്ടുവന്ന കാല്‍നടക്കാര്‍ പേടിച്ചോടി. വിവരമറിഞ്ഞ് ഇടവിള വീട്ടില്‍നിന്നും വല്യാക്ക വന്നു. ഖാദറിനെ പിടിച്ചുകെട്ടി. ഒപ്പം മറ്റു ചില ബന്ധുക്കളുമുണ്ടായിരുന്നു. ചില സഖാക്കളും.

ഖാദറിന്‍റെ ഉമ്മ-ബാപ്പമാരുടെ

മരണവീടായിരുന്ന

ഇടവിളയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. പോകുന്ന പോക്കിലും ഖാദര്‍ ‘എന്‍ തടിയേ യാ നബൂസേ’ എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ആര്‍ക്കും അര്‍ത്ഥം അറിയാത്ത ഈ വാക്യം അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഖാദറിന്‍റെ ഭാവഹാവാദികളില്‍ വന്ന മാറ്റം ഭ്രാന്തിന്‍റെ ലക്ഷണങ്ങളായി വായുവേഗത്തില്‍ ഗ്രാമത്തില്‍ പ്രചരിച്ചു. വല്യാക്ക നാട്ടുവൈദ്യനെ വരുത്തി ചികിത്സ തുടര്‍ന്നു. വലിയ അലക്കുകല്ലിന്മേല്‍ ഖാദറിനെ പിടിച്ചിരുത്തി തലയില്‍ ധാരകോരുകയും തളംവയ്ക്കുകയും ചെയതു. ഇടയ്ക്കിടെ വൈദ്യന്‍ “ശാന്തനാകൂ… സാരമില്ല…” എന്നിങ്ങനെ മന്ത്രംപോലെ പിറുപിറുക്കും. വേദനയറിയാത്ത രോഗത്തിന്‍റെ വേദന ഉറ്റവര്‍ ഏറ്റുവാങ്ങി. അപ്പോഴും മാപ്പിളപ്പാട്ടിന്‍റെ ഈണത്തില്‍ ഖാദര്‍ പാട്ടു പാടുന്നുണ്ടാവും.

“മുത്തുബല ബാലരരേ കത്തഞ്ചാറോളമായല്ലോ
കത്തുകാരന്‍ തരാതയോ അതു കത്തുപെട്ടിയിലൊട്ടിയോ….”
എന്‍ തടിയേ യാ നബൂസേ- എന്ന വിളിയും ആവര്‍ത്തിക്കും.
“പത്തു നാളിനു മുമ്പ് ഞാനൊരു
കത്തയച്ചതു കിട്ടിയോ
പാരം മറുപടിക്കായി കാത്തുകാത്തിരുന്നു-
ഞാനിന്നേറെ മലക്കത്തിലായല്ലോ.”
എന്‍ തടിയേ യാ നബൂസേ-
“ഇല്ല ഹബീബേ മനസ്സില്‍ സമാധാനം
ഇല്ല ഒരു നാളും ഇല്ലെന്നോചൊല്ലെന്‍റെ ഹബീബേ ചൊല്ല് ചൊല്ല്” –

ഖാദര്‍ പലകുറി പാടിയ പാട്ടുകളാണിവ. സഹോദരീ ഭര്‍ത്താവിന് കത്തെഴുതിത്തളര്‍ന്നതിന്‍റെ കഥയും വ്യഥയുമാണ് ഈ പാട്ടുകള്‍ എന്ന് പഴമക്കാര്‍ പറയുമായിരുന്നു.

“മച്ചാ.. മച്ച വരുമ്പോള്‍ എനിക്കൊരു ‘സ്വാന്‍ പേന’ കൊണ്ടുവരണേ” എന്ന വിളികൂടി കേള്‍ക്കുമ്പോള്‍ ഖാദറിന്‍റെ ഓര്‍മയുടെ ശേഷിപ്പുകളാണിത് എന്നവര്‍ ഉറപ്പിക്കും. മറ്റു ചിലപ്പോള്‍ പാടുന്നത് സമരഗാഥകളാണ്.

വരിക, വരിക സഹജരേ
സഹനസമര സമയമായ്- എന്നിങ്ങനെയുള്ള പാട്ടുകള്‍.

കേള്‍വിക്കാര്‍ പരസ്പരം പറഞ്ഞു. ഈ വല്യാക്കയും ചെറുപ്പത്തില്‍ പാട്ടെഴുതുമായിരുന്നു. അന്യന്‍റെ പുരയിടത്തില്‍നിന്ന് പുല്ലുചെത്തിയെടുക്കുന്നതിന് വഴക്കുപറഞ്ഞ മച്ചുനനെ പരിഹസിക്കുന്ന പാട്ടിന്‍റെ ഓര്‍മ അവര്‍ പുതുക്കി.

‘ആരാന്‍റെ വസ്തുവീന്ന് ഒരുപിടി പോച്ചയ്ക്ക്
തായെപ്പറഞ്ഞാലേ
പടച്ചോന്‍ പൊറുക്കുമോ മച്ചാനേ…”

നാട്ടുകാരുടെ ഭാഷയില്‍ ഈ വല്യാക്ക തണ്ടും തടിയുമുള്ള കായബലമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. രോഗികളെ നിയന്ത്രിക്കുക, അറക്കവാളില്‍ മുറിക്കാന്‍ പാകത്തില്‍ ഉയരത്തിലേക്ക് തടി തള്ളിക്കയറ്റുക ഇതിനൊക്കെ ആളുകള്‍ ഇദ്ദേഹത്തെയാണ് ആശ്രയിക്കുക. പരസഹായിയും സ്നേഹമുള്ളവനുമായിരുന്നു.

പല നാളുകള്‍ കഴിഞ്ഞിട്ടും ഖാദറിന്‍റെ രോഗം ഭേദമായില്ല. ധാരയും തളവും ഫലം കണ്ടില്ല. അയാള്‍ അക്രമാസക്തനായി. പാട്ടുകളുടെ ആവര്‍ത്തനം കൂടി. ആഹാരവും മരുന്നും കൊടുക്കുന്നവര്‍ക്കെതിരെ ബലപ്രയോഗം തുടങ്ങി. കുതറിയോടാന്‍ തുടങ്ങിയ ഖാദറിനെ വല്യാക്കയും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചുകെട്ടി, പാലില്‍ മയക്കുമരുന്നു കലക്കി ബലമായി കുടിപ്പിച്ചു കിടത്തി. കൈകാല്‍ കെട്ടി ഊളമ്പാറ ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടുപോയി. പിറ്റേദിവസം ഖാദര്‍ മയക്കത്തില്‍ നിന്നുമുണര്‍ന്നത് ഭ്രാന്താശുപത്രിയിലെ അറയ്ക്കുള്ളിലാണ്. തുടര്‍ന്ന് ഏറെനാള്‍ ഗ്രാമത്തിലെ വര്‍ത്തമാനം ഭ്രാന്തും ഭ്രാന്തിന്‍റെ കാരണങ്ങളുമായിരുന്നു. മാത്രമല്ല, പ്രേതബാധ മുതല്‍ പൊടിപ്പും തൊങ്ങലും നിറഞ്ഞ അനവധി കഥകളും സഹതാപങ്ങളും സങ്കടങ്ങളും നിറഞ്ഞ ആര്‍ദ്രതകളും വിഷയമായി.

ആദ്യനാളുകളില്‍ ബന്ധുക്കള്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ അന്വേഷിച്ചെത്തിയിരുന്നു. കാലപ്പഴക്കവും തിരക്കും പണച്ചെലവും അന്വേഷണയാത്രകള്‍ക്ക് അന്ത്യംകുറിച്ചു. അവര്‍ മറവിയില്‍ തലപൂഴ്ത്തി സ്വസ്ഥത നടിച്ചു.

ഒരാള്‍ മാത്രം എപ്പോഴും ഓര്‍ത്തോര്‍ത്തു കരഞ്ഞുകൊണ്ടിരുന്നു. സ്വന്തം കൂടപ്പിറപ്പ്. ഭര്‍ത്താവ് ഉപേക്ഷിച്ചതിലും വലിയ ദുഃഖം പൊന്നാങ്ങളയുടെ ഭ്രാന്തായിരുന്നു. ആങ്ങളയെ കാണാന്‍ ഊളമ്പാറയ്ക്കു പോകാന്‍ തുണയില്ലാതെ അവര്‍ വിമ്മിട്ടപ്പെട്ടു. കശുഅണ്ടി മണമുള്ള നോട്ടുകള്‍ സ്വരൂപിച്ച് കൂട്ടിവച്ചു. ഒരോ രൂപ മാറ്റിവയ്ക്കുമ്പോഴും ഖാദറിന്‍റെ കൈപിടിച്ച് കമ്പനിയില്‍ പോയതോര്‍ത്തു വിതുമ്പും. ഇടയ്ക്കിടെ കൂടെപ്പോകാന്‍ ആളൊക്കുമ്പോള്‍ ‘കാക്കായെ’ കാണാന്‍ പോകുമായിരുന്നു. കൂട്ടില്ലാതെ പോകരുതെന്ന ലബ്ബമാരുടെ ആജ്ഞ അക്ഷരംപ്രതി അനുസരിച്ചു. ഒറ്റപ്പെടലിന്‍റെ ദുഃഖം കുഞ്ഞുപെങ്ങളെ ശ്വാസംമുട്ടിച്ചു. ആങ്ങളയെ ഓര്‍ക്കുമ്പോള്‍ ചങ്കിലൊരു പിടപ്പാണ് എന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

വാര്‍ദ്ധക്യത്തിന്‍റെ വ്യാകുലതയില്‍ കഷ്ടപ്പെടുമ്പോള്‍പോലും മങ്ങിയ ഓര്‍മ്മയില്‍ സ്വന്തം കാക്കായെ അവര്‍ ചികഞ്ഞെടുക്കും. ബാല്യത്തിലെ ‘മൂന്നാള്‍’ കൂട്ടായ്മയുടെ മധുരിക്കുന്ന ഓര്‍മകള്‍ ചിട്ടയില്ലാതെ പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. ഖാദറിന്‍റെ മക്കളെ കാണുമ്പോള്‍ കെട്ടിപ്പിടിച്ചു കരയും.

“എന്‍റെ ഇക്കാക്കയുടെ മതബോധം മക്കളിലൊരെണ്ണത്തിനും കിട്ടീല്ലല്ലോ..” അവര്‍ പരിതപിക്കും.

ആ കെട്ടിപ്പിടിയും കരച്ചിലും മതബോധമില്ലായ്മ എന്ന മൊഴിയും അക്കാമന് തന്നെ തീച്ചൂളയില്‍ തള്ളിയിട്ടപോലുള്ള പൊള്ളുന്ന നീറ്റലായിരുന്നു.

ഇക്കാക്കയും കൂട്ടുകാരന്‍ അലിയും ഒപ്പമിരിക്കുന്ന ഫോട്ടോ നിധിപോലെ കട്ടിലിനടിയില്‍ അവര്‍ സൂക്ഷിച്ചിരുന്നു. അലക്കിയെടുത്ത പഴമുണ്ടുകളില്‍ പൊതിഞ്ഞ് ‘കാല്‍പ്പെട്ടി’യിലാക്കി പൂട്ടിവച്ചിരുന്നു. ഇത്ര ഭദ്രമാക്കി ഒളിപ്പിച്ചുവച്ചിരുന്നത് മലക്കുകള്‍ കാണാതിരിക്കാനാണ്. മലക്കുകള്‍ മനുഷ്യന്‍റെ ഫോട്ടോ കാണുന്നത് പാപമാണ്. മുസ്ലീങ്ങള്‍ ‘പോട്ടാപടം പിടിക്കാന്‍ പാടില്ല.’ അത് ഇസ്ലാമിന്‍റെ നിഷേധമാണ്. മരിച്ചു ചെല്ലുമ്പോള്‍ ഇത് ഉത്തരം പറയാനാവാത്ത ചോദ്യമായി മുന്നിലെത്തും. അതായിരുന്നു അവരുടെ വിശ്വാസപ്രമാണം. ഈ ‘പെങ്ങളുമ്മ’യുടെ പടമെടുക്കാന്‍ ഞാന്‍ പലകുറി ശ്രമിച്ചിട്ടുണ്ട്. പാപത്തിന്‍റെ പേരുപറഞ്ഞ് അവര്‍ എന്നെ ഓടിക്കും. ( ഹജ്ജ് പാസ്പോർട്ടിനാണെന്നു പറയാൻ തോന്നിയതുമില്ല)

റംസാന്‍ പുണ്യനാളുകളൊന്നില്‍ കുടുംബത്തിലൊരു പോസ്റ്റുകാര്‍ഡ് എത്തി. ‘അബ്ദുല്‍ ഖാദര്‍ മരിച്ചു’ – ഭ്രാന്താശുപത്രിയില്‍ നിന്നുള്ള അറിയിപ്പായിരുന്നു അത്. നാലുനാള്‍ മുന്‍പയച്ച കാര്‍ഡായിരുന്നു. അറിയിപ്പിലെ അക്ഷരങ്ങള്‍ തീവ്രദുഃഖമായി പടര്‍ന്ന് വീടു നിറഞ്ഞുകവിഞ്ഞു. ആള്‍ക്കൂട്ടത്തിന്‍റെ ഇരമ്പല്‍. ഇടയ്ക്കിടെ കരച്ചിലും നിലവിളിയും. അലിഖിതമായ അനാഥത്വത്തിന്‍റെ നിസ്സഹായത കുടുംബത്തിന്‍റെ ദുഃഖം വര്‍ദ്ധിപ്പിച്ചു.

പെന്നാട്ടുനിന്നും പ്രാണന്‍റെ പിടച്ചിലോടെ പെങ്ങള്‍ പാഞ്ഞെത്തി. ബന്ധുക്കളിലൊരുവന്‍റെ കനിവ് കൂട്ടായി കിട്ടി. അവര്‍ ആശുപത്രിയിലേക്ക് പാഞ്ഞു. മരണകാരണമറിയുകയാണ് ആഗ്രഹം. സ്വാഭാവികമാണെന്ന മറുപടി പെങ്ങളെ കൂടുതല്‍ വേദനിപ്പിച്ചു. ഹൃദയാഘാതമായിരുന്നു എന്നൊരു വിശദീകരണവും. അത് അവിശ്വസനീയമെന്നു ചിന്തിച്ച് അവര്‍ അന്ധാളിച്ചുനിന്നു. ഭ്രാന്തന്മാര്‍ തമ്മില്‍ത്തല്ലിയാണ് പൊന്നാങ്ങള മരിച്ചതെന്ന് മറ്റാരോ പറഞ്ഞവര്‍ അറിഞ്ഞിരുന്നു. ഇത്തരം മരണങ്ങള്‍ മഠങ്ങളിൽ എത്തിച്ച ഭ്രാന്തന്മാര്‍ക്കും സംഭവിച്ചിട്ടുണ്ട്.

വേണ്ടപ്പെട്ടവര്‍ ആരുമെത്താതെ രണ്ടുനാള്‍ ഖാദറിന്‍റെ ജഡം വെറുങ്ങലിച്ചു കിടന്നു. മൂന്നാം പക്കം പാളയം പളളിക്കാര്‍ ഏറ്റുവാങ്ങി. അനാഥന് അല്ലാഹുമാത്രം- എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍പോലെ. അവര്‍ ആചാരാനുഷ്ഠാനങ്ങളോടെ അനാഥജഡം ഖബറടക്കി.

പെങ്ങള്‍ പള്ളിയിലെത്തി. ഖബര്‍ വെട്ടിയ സുമനസുകളെ കണ്ട് നന്ദിയോടെ തേങ്ങിക്കരഞ്ഞു. തുണിയും പലകയുമൊക്കെ വാങ്ങിയത് പള്ളിപ്പണം കൊണ്ടായിരുന്നു. അതു മടക്കിക്കൊടുക്കാന്‍ അവര്‍ ആവതും ശ്രമിച്ചു. പള്ളിക്കാന്‍ നന്ദിപൂര്‍വ്വം നിരസിച്ചു. പെങ്ങള്‍ കൈയില്‍ കരുതിയിരുന്ന കാശു മുഴുവന്‍ പള്ളിക്ക് സംഭാവനയായി കൊടുത്ത് ഹൃദയഭാരമിറക്കി. പൊന്നാങ്ങളക്കായി ഖബറരികില്‍നിന്ന് അവര്‍ അല്ലാഹുവിനോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു.

കാലം കഴിഞ്ഞു. പള്ളി വലുതാക്കി. ഖാദറിന്‍റെ ഖബറിടവും പള്ളിക്കുള്ളിലായി. പുറത്ത് ഇന്ന് മാധവിക്കുട്ടി എന്ന സുരയ്യയുമുണ്ടല്ലോ എന്ന് അഭിമാനവും ആശ്വാസവുമായി പെങ്ങളുമ്മ പറയുമായിരുന്നു. മാത്രമല്ല, പള്ളിയില്‍ അല്ലാഹുവിന്‍റെ ദാസന്മാര്‍ നിലത്ത് നെറ്റിമുട്ടി പ്രാര്‍ത്ഥിക്കുന്നതിന്‍റെ അടിയിലാണല്ലോ പൊന്നാങ്ങളയുടെ നിത്യനിദ്ര. അതുകൊണ്ടുതന്നെ തന്‍റെ ആങ്ങള നിശ്ചയമായും സ്വര്‍ഗ്ഗത്തില്‍ത്തന്നെ. ക്ഷേമാന്വേഷണത്തിനെത്തുന്നവരോടൊക്കെ ഇങ്ങനെ പറയുക അവരുടെ വാര്‍ദ്ധക്യകാല സന്തോഷമായിരുന്നു.

ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ നൈമിഷികമായിരുന്നു.
ഇടക്കിടെ, പൊന്നാങ്ങളയുടെ ഓർമ്മകൾ ഓടിയണയും .
ആ ദുഃഖം പറയുന്നതിനിടയിൽത്തന്നെ മറന്നു പോകും.
ഇങ്ങനെ ഓർമകളുടെ ചാഞ്ചാട്ടവും
സന്തോഷത്തിന്റെ മിന്നലാട്ടവും മറവിയും കൂട്ടായി ഏറെ നാൾ
കിടപ്പിലായി
ഒരു നാൾ , പൊന്നാങ്ങളയില്ലാത്ത ഭൂമിയിൽ നിന്നും, എന്റുമ്മ, അക്കാമന്റെ അഛൻ പെങ്ങളുമ്മ,

എന്നന്നേക്കുമായി
യാത്രയായി.

littnow

Continue Reading

നോവൽ

അക്കാമൻ 10

Published

on

By

റസൽ

തകര്‍ച്ച

ആത്മനോവൽ തുടരുന്നു.

കൂട്ടുകുടുംബത്തിന്‍റെ തകര്‍ച്ചയും അണുകുടുംബത്തിന്‍റെ വളര്‍ച്ചയും മാറ്റത്തിന്‍റെ കാറ്റായി വീശി. കൂട്ടായ്മയുടെ വിട്ടുവീഴ്ചയും സഹകരണവും ഓര്‍മകളായി മാറി. കുടുംബാംഗങ്ങള്‍ സ്വാര്‍ത്ഥതയുമായി ചങ്ങത്തത്തിലായി. ഇത് വളര്‍ച്ചയോ തളര്‍ച്ചയോ എന്ന് പഴമനസുകള്‍ ആശങ്കപ്പെട്ടു. ഇത് വളര്‍ച്ചയുടെ കേളികൊട്ടായി പുതുതലമുറ ആഘോഷിച്ചു. ഈ വളര്‍ച്ചയും തളര്‍ച്ചയും ലബ്ബ കുടുംബങ്ങളെയും ബാധിച്ചു. വിസ്തൃതമായ പുരയിടങ്ങള്‍ കഷണങ്ങളായി. അതിരുകളും മതിലുകളും ഉയര്‍ന്നു. വലിയ വീടുകളും പൊങ്ങി. മനസുകള്‍ ചെറുതുരുത്തുകളായി. കുന്നിന്‍ താഴ്‌വാ രത്തെ ‘കുന്നിക്കുഴി വീടാ’യിരുന്നു മൂന്നാം ലബ്ബയുടെ കുടുംബം.

illustration – saajo panayamkod

ആറു മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ഒച്ചയും ബഹളവും നിറഞ്ഞ വീട് നിശ്ശബ്ദമായി. ഖിന്നനായ മൂന്നാനുപ്പുപ്പയെ വാര്‍ദ്ധക്യവും തളര്‍ത്തുവാന്‍ തുടങ്ങി. ഈ കുടുംബവീട് ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുന്നത് ചുറ്റുമുള്ള മരങ്ങളും ചെടികളുമാണ്. മുറ്റത്തു കായ്ച്ചുനില്‍ക്കുന്ന മുള്ളാത്തി മരമാണതില്‍ പ്രധാനം. മുള്ളുള്ള ചക്കയുടെ ഉള്ളിലെ അതിമധുരം കിനിയുന്ന മൃദുവായ ചുളകള്‍ നുണയാന്‍ എന്തൊരു രസമായിരുന്നു. നാക്കിലിട്ടാല്‍ നാക്കുംകൂടി ഇറങ്ങിപ്പോകും എന്ന വിശേഷണം കിട്ടിയ കനിയാണിത്. തേന്‍വരിക്കയും ചെമ്പരുത്തി പ്ലാവും തേന്മാവും തെങ്ങും ഒക്കെ നിറഞ്ഞ പറമ്പ്. അതിനു നടുവിലാണ് കുടുംബവീട്.

അറയും പുരയും തടിയിലെ കൊത്തുപണികളും കതകുകളിലെ അലങ്കാരപ്പണികളും ചിത്രഭംഗിയും ശില്പഭംഗിയും കാഴ്ചക്കിമ്പമാണ്. അഞ്ചിഞ്ചിലധികം കനമുള്ള പലകകളാണ് കതകിന്. കതകിന്‍റെ മേല്‍ക്കുറ്റിയും കീഴ്ക്കുറ്റിയും കട്ടിളയുടെ മേല്‍പ്പടിയിലെയും കീഴ്പ്പടിയിലെയും പൊഴികളില്‍ ഉറപ്പിച്ചിരിക്കും. ആ തടിയന്‍ കതകുകള്‍ തള്ളിത്തുറക്കുമ്പോള്‍, പലകകള്‍ ഉരയുന്ന കിര്‍… കിര്‍…ശബ്ദം ഉയരും. മുന്‍വശം മാത്രം തുറസ്സായ ഇറയമാണ്. ഇറയത്തിന്‍റെ തറയില്‍ ഭിത്തിയോടു ചേര്‍ന്ന് നല്ല വീതിയില്‍ പലകകള്‍ പാകിയിട്ടുണ്ട്. ഭിത്തിയില്ലാത്ത വശത്തെ പലകകള്‍ കുറച്ചുകൂടി വീതിയുള്ളവയാണ്. വീടിനു ചുറ്റും സിമന്‍റ്തിട്ടയുണ്ട്. തിട്ടയില്‍ കാല്‍തൂക്കിയിട്ട് പലകകളിേന്മല്‍ ആളുകളിരിക്കുക പതിവായിരുന്നു. ബന്ധുക്കളോ, അതിഥികളോ എത്താത്ത നാളുകളില്ല. ലബ്ബയെ കാണാനെത്തുന്നവര്‍ക്ക് കാറ്റും വെളിച്ചവും കിട്ടാന്‍ നല്ല സൗകര്യമായിരുന്നു.

വീടിന്‍റെ തെക്കുമാറി ഉരപ്പുരയാണ്. നാലഞ്ച് ഉരലും ഉലക്കയും ആട്ടുകല്ലുമൊക്കെ ആ പുരയിലുണ്ട്. ഒരേസമയം ഒരേ ഉരലില്‍ മൂന്നോ നാലോ പേര്‍ ഒരുമിച്ചാണ് നെല്ലുകുത്തുന്നത്. അതു കാണേണ്ട കാഴ്ചയാണ്. സമയകൃത്യതയും ശബ്ദചലന താളങ്ങളും വളരെ സൂക്ഷ്മതുളളതാണ്. താളമൊന്നു പിഴച്ചാല്‍ ഉലക്കകള്‍ കൂട്ടിമുട്ടി ആകെ താറുമാറാകും. വീടിന്‍റെ പിറകുവശത്താണ് എരുത്തില്‍. നാലഞ്ച് പശുക്കളുമുണ്ടാകും. പാലും മോരും തൈരും സുലഭം. മുറ്റം നിറയെ കുട്ടികളും. അവരുടെ കളിയും ചിരിയും. വീടും പരിസരവും എപ്പോഴും സജീവം. സന്തോഷത്തിന്‍റെ വസന്തകാലമായിരുന്നു അന്ന്.

മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമായിരുന്നു മൂന്നാം ലബ്ബയ്ക്കുണ്ടായിരുന്നത്. ഈ വീടും പുരയിടവും ഇളയമകള്‍ക്ക് സ്ത്രീധനമായി കൊടുത്തു. മകളും മരുമകനും വിളിപ്പാടകലെ വേണം എന്ന സ്നേഹപ്രേരണയാകാം കാരണം. പക്ഷേ ലബ്ബയ്ക്കായി കാലം കരുതിവച്ചത് വിപരീതമായിരുന്നു. കുടുംബവീട് വിറ്റ് മകള്‍ ഭര്‍തൃദേശത്തേക്ക് പോയി. ഇളയമകളെ മാത്രമേ മറ്റൊരു നാട്ടില്‍ കെട്ടിച്ചിട്ടുളളൂ. മൂത്തമകളെ മൂത്തസഹോദരീ പുത്രനാണ് വിവാഹം കഴിച്ചത്. റോഡരികില്‍ കടയും വീടും ചേര്‍ത്തുപണിത് അവര്‍ അവിടെ താമസമാക്കി. ഈ കടവീടിന്‍റെ റോഡ് വശത്ത് ഭിത്തിയില്ല. പകരം പലകകൊണ്ടുള്ള നിരകളാണ്. അതുകൊണ്ടുതന്നെ നിരയിട്ടവീട് എന്നൊരു പേരും വീട്ടിനു കിട്ടിയിട്ടുണ്ട്. ഒന്നരയടി വീതിയില്‍ ആറടി പൊക്കത്തില്‍ പലകകള്‍ ഒരുക്കിയെടുക്കും. വേണ്ടത്ര വീതിയിലും പൊക്കത്തിലും കട്ടിള പണിയും. കട്ടിളയുടെ മേലും കീഴും തുളകളുണ്ടാകും. കട്ടിളകള്‍ ഭിത്തിയിലും നിലത്തും ഉറപ്പിക്കും. അതില്‍ നിരകള്‍ ഇടാനും എടുക്കാനും എളുപ്പമാണ്. ഒന്നുരണ്ട് പലകകളില്‍ ഇരുമ്പുവളയങ്ങളുടെ കൈപ്പിടികളുമുണ്ടാകും.

കാലം ഏറെ കഴിയും മുമ്പുതന്നെ മൂത്തമരുമകന്‍ സിംഗപ്പൂരിലേക്ക് പോയി. സമ്പത്തും സൗകര്യവും ഒത്തുവന്നപ്പോള്‍ വലിയൊരു വീടുവച്ചു. പിന്നീട് അതിഥികളും ബന്ധുക്കളും എത്തിയിരുന്നത് ഇവിടെയാണ്. മകളുടെ മകന് പന്ത്രണ്ടു വയസ്സായപ്പോഴേക്കും അവനെ പിതാവ് സിംഗപ്പൂരില്‍ കൊണ്ടുപോയി. പഠിപ്പിക്കാനായി. മകളുടെ ഏകാന്തതയില്‍ ലബ്ബ ഒപ്പംകൂടി. പുതിയ ‘കോവില്‍’ വീട്ടില്‍ ലബ്ബയുടെ ഭാര്യയും ഇളയമകനും മാത്രമായി. മൂത്തമകന്‍ പണ്ടേ നാടുവിട്ടിരുന്നു. രണ്ടാമനും വിദേശത്തെവിടെയോ ആണ്.

രണ്ടാമത്തെ മകളെ ഇളയസഹോദരിയുടെ മകനാണ് വിവാഹം ചെയ്തത്. അവര്‍ പടിഞ്ഞാറെ വിളയില്‍വീട് വച്ചു താമസംമാറി. ഖാദറും ഭാര്യയും സഹോദരിയും കുട്ടികളുമായി ആ വീട്ടില്‍ താമസമായി. ബീഡിതെറുപ്പും അല്പസ്വല്പ കൃഷിയുമായി ഖാദര്‍ ഗ്രാമത്തില്‍ കുടിയുറപ്പിച്ചു. സഹോദരിയുടെ മകന് ഒരു വയസ്സായപ്പോഴേക്കും ഭര്‍ത്താവ് വീടും നാടും വിട്ട് സിലോണില്‍ പോയി. മച്ചുണന്‍റെ ഈ പോക്കില്‍ ഖാദറിന് ദുഃഖവും അമര്‍ഷവുമുണ്ടായിരുന്നു. പകരംവീട്ടാന്‍, ചിലര്‍ സ്നേഹത്തില്‍ ചാലിച്ച പാരപണിതു. സ്വന്തം ഭാര്യയെ ഉപേക്ഷിക്കണമെന്ന് ഉപദേശിച്ചു. സ്വന്തം സഹോദരിയുടെ വൈധവ്യസമാന ജീവിതദുരിതം എന്തെന്ന് അയാളും അറിയട്ടെ. അയാളുടെ സഹോദരിയാണല്ലോ ഖാദറിന്‍റെ ഭാര്യ. ഖാദര്‍ ചെറുചിരിയും മൗനവുംകൊണ്ട് മറുപടിയൊതുക്കി.

അങ്ങിനെ കഴിയവേ ഒരുനാള്‍ കുട്ടികളിലൊരുവന് ഏതോ ദീനം പിടിപെട്ടു. ദേഹം ശോഷിച്ചു തുടങ്ങി. കണ്ണുകള്‍ വിളറുകയും ആഹാരത്തില്‍ വിരക്തിയും തുടര്‍ച്ചയായ കരച്ചിലും. ഖാദറും പെങ്ങളും കുട്ടിയേയുംകൂട്ടി മാലാംവിളാകത്തു വൈദ്യനെ കണ്ടു. ഞങ്ങളുടെ ഗ്രാമത്തിനു സമീപമുള്ള കേള്‍വികേട്ട ചികിത്സകനായിരുന്നു കാക്കക്കുഴി പത്മനാഭന്‍ വൈദ്യര്‍. അദ്ദേഹത്തിന്‍റെ ലളിതമായ ചികിത്സാരീതികള്‍ ഗ്രാമീണര്‍ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ വയറുവേദനയുമായി ചെന്ന രോഗിയോട് മരച്ചീനി ചുട്ടുതിന്നാന്‍ പറഞ്ഞു. തിന്നു. രോഗവും ഭേഗമായി. ഇത്തരം മാലാംവിളാക കഥകള്‍ ഏറെയുണ്ട്.

illustration – saajo panayamkod

വൈദ്യര്‍ കുട്ടിയെ നന്നായി പരിശോധിച്ചു. കുട്ടിക്ക് മരുന്നുണ്ടാക്കാന്‍ വേലിയാടിന്‍റെ പാല്‍ വേണം. ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഇത്തരം ആടുകളില്ല. പാലിനായി ഖാദര്‍ തിരുനെല്‍വേലിയിലേക്ക് പോയി.

നാലഞ്ചുനാള്‍കഴിഞ്ഞ് പാലുമായെത്തി. വൈദ്യര്‍ ലേഹ്യമുണ്ടാക്കി കൊടുത്തു. അതു കഴിച്ച് കുഞ്ഞിന് രോഗം ഭേദമായി. ഇത്തരമൊരത്യാവശ്യവും ബുദ്ധിമുട്ടും പണത്തിനായി ഖാദറിനുണ്ടാകുന്നത് ആദ്യാനുഭവമായിരുന്നു. പക്ഷേ ആരോടും സഹായം തേടിയില്ല. അതുകൊണ്ടുതന്നെ അയാള്‍ ദുരഭിമാനിയാണെന്ന് ബന്ധുക്കള്‍ വിധിയെഴുതി.

പൊന്നാങ്ങളയുടെ ബുദ്ധിമുട്ടുകള്‍ പെങ്ങളെ വേദനിപ്പിച്ചു. അവര്‍ മകനെ സഹോദരനെ ഏല്‍പ്പിച്ച് വീണ്ടും പെരിനാട്ടേക്ക് മടങ്ങി. വേര്‍പാടിന്‍റെ വേദനയോടെ അവര്‍ വീണ്ടും കശുഅണ്ടി കമ്പനിയില്‍ പണിയെടുക്കാന്‍ തുടങ്ങി. പിതൃസഹോദരനായ കൊച്ചാപ്പയോടൊപ്പം താമസവുമാക്കി. ഇടയ്ക്കിടെ അവര്‍ കൊണ്ടുവരുന്ന പണവും വരുമാനമായപ്പോള്‍ കുടുംബത്തിന് ആശ്വാസമായി. പെങ്ങളുടെ ഒറ്റയ്ക്കുള്ള ഈ വരവും പോക്കും ഖാദറിനെ ഉലച്ചു. ട്രെയിനിലായിരുന്നു യാത്ര. അവര്‍ അതിസുന്ദരിയായിരുന്നു. സ്നേഹശീലയും കാരുണ്യമുള്ളവളും. സൗന്ദര്യവും വേദനയുണ്ടാക്കുമെന്ന് ഖാദര്‍ അറിഞ്ഞു.

illustratoin – saajo panayamkod

“ഈ പെങ്ങളെ കാണുമ്പോഴൊക്കെ എനിക്കു ചങ്കില്‍ തീയാണ്. എന്തൊരു മനുഷ്യനീണീ മച്ച”

ഖാദര്‍ ഭാര്യയോട് വേദനയോടെ പറയുമായിരുന്നു. അവരുടെ സഹോദരനെപ്പറ്റി ആയതുകൊണ്ട് ഒന്നും പറയാനാവാതെ ആ സ്ത്രീയും വിമ്മിട്ടപ്പെട്ടു.

“പെന്നാട്ടെ വീടും പുരയിടവും വിറ്റാണ് അയാള്‍ നാടുവിട്ടത്” – ഖാദര്‍ ദീര്‍ഘനിശ്വാസത്തോടെ ആത്മഗതമുരുവിട്ടു. ആ വസ്തുവകകള്‍ സഹോദരിക്ക് സ്ത്രീധനമായി കൊടുത്തതായിരുന്നു. ഈ നഷ്ടബോധവും ഖാദറിനെ അലട്ടുന്ന പ്രശ്നമായിരുന്നു.

പെന്നാടന്‍ കുടുംബത്തിലെ സഹോദരസ്നേഹത്തിന്‍റെ തീവ്രത കേള്‍വികേട്ടതാണ്. പ്രത്യേകിച്ചും പെണ്‍മക്കളുടെ. പെന്നാട്ടുമ്മയായ അനിയത്തിയെയും ഭര്‍ത്താവിനെയും വസൂരിയില്‍ ശുശ്രൂഷിച്ചത് സ്വന്തം സഹോദരിയും കുടുംബവുമായിരുന്നു. മാതാവും പിതാവും നഷ്ടപ്പെട്ട ഒരു വയസ്സുള്ള കുഞ്ഞിനെ പോറ്റിവളര്‍ത്തി കെട്ടിച്ചയച്ചത് മറ്റൊരു സഹോദരിയായിരുന്നു. പിരിയാതെ വളര്‍ന്ന മൂന്നു സഹോദരിമാരും ഖാദറും സ്നേഹത്തിന്‍റെ പര്യായങ്ങളായിരുന്നു. അവരുടെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ശക്തി ഈ സ്നേഹമായിരുന്നു.

വര്‍ഷമേറെക്കഴിഞ്ഞിട്ടും ഒപ്പം കഴിയുന്ന സഹോദരിയുടെ ഭര്‍ത്താവിന്‍റെ ഒരു വിവരവും ഇല്ല. ഖാദര്‍ കത്തുകള്‍ പലതെഴുതി. ഫലമുണ്ടായില്ല. കൂടെപ്പിറപ്പുകളും പെറ്റതള്ളയും തന്തയും അയാളെ മറന്നു. അയാളെക്കുറിച്ച് ആരും ഒരക്ഷരമുരിയാടാതെയായി. ഖാദറും സഹോദരിയും മാത്രം വ്യഥയോടെ കാത്തിരുന്നു.

ഖാദര്‍ ആശ്വസിപ്പിക്കും – “നീ വിഷമിക്കേണ്ട. മച്ച വരും. വരാതിരിക്കില്ല.”

“കാക്ക ഒന്നു ചുമ്മാതിരി. വന്നാലെന്താ? വന്നില്ലെങ്കിലെന്താ?”

സഹോദരന്‍ വിഷമിക്കാതിരിക്കാന്‍ സഹോദരി വാക്കുകളില്‍ നിസ്സംഗത പുലര്‍ത്തി. ഈറനണിയുന്ന തന്‍റെ കണ്ണുകള്‍ പെങ്ങള്‍ കാണാതിരിക്കാന്‍ അയാള്‍ തിരിഞ്ഞുനടന്നു, താങ്ങാനാവാത്ത ഹൃദയപ്പിടച്ചിലോടെ…

littnow

Continue Reading

നോവൽ

അക്കാമൻ 9

Published

on

By

റസൽ

പ്രണയം

ഞങ്ങളുടെ ഗ്രാമത്തില്‍ മതശാഠ്യങ്ങളുടെ അതിരും അരുതും ആദ്യമായി ചാടിക്കടക്കുന്നത് സൂറാബി ആയിരുന്നു. പ്രണയം ചാട്ടത്തിന് പ്രേരണയും ശക്തിയുമായി. ആ കരുത്തില്‍ അവള്‍ സര്‍വവും മറന്നു. സൂറാബിയുടെ ബാപ്പ സിംഗപ്പൂരിലായിരുന്നു. വയലോരത്തെ വീടുവിററ് അദ്ദേഹം കവലയില്‍ മാളിക പണിതു. അവിടെനിന്നും രണ്ടു മൈല്‍ നടക്കണം സ്കൂളിലെത്താന്‍. മിനുക്കമുള്ള പട്ടുപാവാടയും തിളക്കമുള്ള സ്വര്‍ണവളകളുമണിഞ്ഞ്, കിലുകിലാ വര്‍ത്തമാനവുമായി സൂറാബി കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോയി വരും. കൂട്ടുകാരിയുടെ ദാസണ്ണനും സൂറാബിയും ഇഷ്ടത്തിലായി. ഇഷ്ടക്കാര്‍ കൂട്ടുകാരായി. ഇഷ്ടം പുഷ്ടിപ്രാപിച്ച് പ്രേമത്തിലെത്തി. പ്രേമം വാര്‍ത്തയായി. അവളുടെ പഠിത്തവും നിലച്ചു. എങ്കിലും പ്രണയം വഴി ഒഴിഞ്ഞില്ല.

കൂടുകാരികളുടെ സന്ദർശനങ്ങൾ, കമിതാക്കൾക്ക് കത്തുകൾ കൈമാറാൻ വഴിയായി .

കത്തുകളിലൂടെ അവർ സ്വപ്ന ങ്ങൾ പങ്കുവച്ചു.

മരണത്തിലും വലുതാണ് പ്രണയം എന്ന് അവർ പാടി. ജീവിതം ഒരുമിച്ച ല്ലെങ്കിൽ മരണം എത്ര നിസ്സാരമെന്നവർ ഉറപ്പിച്ചു.

മറ്റു മതിലുകളും അതിരുകളും അവരെ അലട്ടിയില്ല. സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയിൽ, പച്ച തൊടീൽ കളിച്ചിരുന്നു. ഒരു പോച്ചയിൽ നിന്ന് അടുത്തതിലേയ്ക്ക്ചാടണം. ഇടയിൽ തൊട്ടാൽ തോറ്റു. പിന്നെ പച്ച തൊടീക്കാതെ ഓടിത്തൊടേണ്ടത് തോറ്റവരാണ്. വീട്ടിലേക്കുള്ള മടക്കത്തിന് വേഗം കൂട്ടുന്ന കുട്ടിക്കളി . ഗോമതിയുടെ ചേട്ടൻ ദാസപ്പൻ സമർഥനായിരുന്നു. സ്കൂളിലെ ഓട്ടമസരക്കാരൻ ! അയാളാദ്യം തന്നെ എല്ലാവരേം ഓടിച്ചിട്ട് തൊടും. പുല്ലിൽ നിന്നും പുല്ലിലേയ്ക്ക് ആങ്കുട്ടികളുടെ അകലമല്ല നമ്മ പൊങ്കുട്ടികക്ക് . വട്ടപ്പാവാട വിലങ്ങനെ നിക്കും,

എന്നും ആദ്യം തോക്കുന്നത് ഞാൻ തന്നെ .ഗോമതിയും എന്നെ കളിയാക്കും. തടിച്ചി…. ന്ന് . മാളികവീട്ടിന്റെ തടിയാ … കുറ്റം എന്ന മട്ടി .

പക്ഷേ, ആദ്യമൊക്കെ അങ്ങനായിരുന്നെങ്കിലും പിന്നെക്കഥ അവൾക്കു പോലും അറിയത്തില്ല – മുഴുവൻ ദിവസോം തൊട്ടതും തോറ്റതും ജയിച്ചതും ഞങ്ങൾ രണ്ടാളാ ..

തൊ തൊടാൻ വേണ്ടിയാ ഞാൻ തോറ്റേ.
ബാക്കിയാരും പച്ച തൊട്ടില്ല, സ്വപ്നങ്ങളിൽ പൂത്തുലഞ്ഞില്ല !

മച്ചാ..
കീറിയ , ചോരയിൽ കുതിർന്ന കടലാസുകൾക്കിടയിൽ നിന്നും എനിക്കു തിരിഞ്ഞതാണിക്കഥ,

അത് ആ FIR കെട്ടിലെ പരാമർശം പോലുമില്ലാത്ത ഒരു തൊണ്ടി മാത്രമായിരുന്നു. ആർക്കും വേണ്ടാത്ത
ചൈതന്യമുഹൂർത്തങ്ങൾ …..

അക്കാമൻ പറഞ്ഞു നിറുത്തി. വഴിയരികിലെ പെട്ടിക്കടയിൽ നിന്നും ഓരോ നാരങ്ങാ വെള്ളം പറഞ്ഞ്, ബീഡിക്ക് തീ കൊളുത്തി . കർച്ചീഫുകൊണ്ട് മുഖം തുടച്ചു. ഇളകുന്ന കായലിലേയ്ക്ക് ശൂന്യ ഭാവത്തോടെ നോക്കി നിന്നു .

അളിയാ
പിടി, നാരങ്ങാ വെള്ളം നീട്ടി ഞാൻ പറഞ്ഞപ്പോഴാണ് അവർ മണ്ണിലേക്കിറങ്ങിയത് – കർച്ചീഫ് കുടഞ്ഞ്, ബീഡിക്കുറ്റി കളഞ്ഞ് അവൻ ഗ്ലാസെടുത്തു.

കാലം കഴിയുന്തോറും ദേഹത്തോടൊപ്പം മോഹവും സ്വപ്നങ്ങളും തഴച്ചുവളര്‍ന്നു. കൗമാരത്തിന്‍റെ കാല്പനിക നിഷ്കളങ്കത കാലം കവര്‍ന്നു. യൗവനം അവളില്‍ സ്വപ്നങ്ങള്‍ നിറച്ചു. സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു. പ്രേമം കണ്ണില്‍ തിളക്കവും മേനിയഴകും കൊണ്ടുവന്നു.

കല്യാണക്കാലമായ പെണ്ണിന് പൊന്നും പണവും വേണം. കുടുംബത്തിനൊത്തവണ്ണം പൊന്നും പണവും വീടും കാറും കൊടുക്കണം. കരക്കാരെ കൂട്ടി കല്യാണം ആഘോഷമാക്കണം. പണമില്ലാതെ തരമില്ല. സൂറാബിയുടെ ബാപ്പ മൂത്തമകനെയും സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. വരുമാനം വര്‍ദ്ധിച്ചു. മാളിക വീട്ടില്‍ അലങ്കാരങ്ങളും ആഡംബരവും മോടികൂട്ടി. സൂറാബിയുടെ കാതിലും കഴുത്തിലും സ്വര്‍ണതിളക്കത്തിന്‍റെ മാറ്റേറി. എങ്കിലും അവളുടെ യുള്ളിൽ ഒരു പച്ച തൊട്ടുകളി മായാതെ നിന്നു തൊടാൻ നീണ്ടു വരുന്ന ഒരു വിരൽ ഖൽബ് കവർന്നു. അവൾ മുഖക്കണ്ണാടി നോക്കി മൊഞ്ചത്തിയായി കാത്തിരുന്നു. ആരും അറിയാതെപാതിരാവിലൊരുനാള്‍ ഇരുട്ടിന്‍റെ മറവില്‍ മാളികവീട്ടിലൊരു കള്ളന്‍ മതില്‍ ചാടിയെത്തിയെന്ന് നാട്ടാർ. അവിടെ സൂറാബിയും ഇളയസഹോദരനും മാത്രം. ഭാഗ്യത്തിന് ഒന്നും നഷ്ടപ്പെട്ടില്ല. വീട്ടുകാരും പരിസരവാസികളും ആശ്വസിച്ചു. പാതിരാവിലെ മതില്‍ചാട്ടം തുടര്‍ക്കഥയായി. അയല്‍ക്കാര്‍ ഉറക്കമിളച്ചു. തണ്ടും തടിയുമേന്തി. ബീവിയെക്കുറിച്ചുള്ള പഴികള്‍ നാട്ടില്‍ പാട്ടായി. പേരമോളെക്കുറിച്ചുള്ള പരദൂഷണങ്ങള്‍ ഉപ്പൂപ്പമാരുടെ കാതുകളിലുമെത്തി. ഉപ്പൂപ്പമാര്‍ ഒത്തുകൂടി. അക ത്തകങ്ങളിൽ സദാചാരം ചര്‍ച്ചയായി. കല്യാണപ്പോം വഴി മറയിട്ട് ബന്ധുക്കള്‍ ആശ്വാസം പൂകി. ദിവസങ്ങളായി കടന്നുപോയി. വര്‍ഷങ്ങളുടെ ദൈർഘ്യമുള്ള മാസങ്ങളും വഴിയൊഴിഞ്ഞു.

ഇടയ്ക്കിടെ ഉപ്പുപ്പമാര്‍ ഒത്തുകൂടും. മുതിര്‍ന്ന ആണ്‍മക്കളും ഒപ്പംചേരും. ഉപ്പുപ്പമാരുടെ മക്കളില്‍ രണ്ടുപേര്‍ താന്തോന്നികളും തന്‍റേടികളുമായിരുന്നു. താന്‍ പോരിമയില്‍ പെരുമ പറയുന്നവരും. മതചരിത്രങ്ങളില്‍ യുദ്ധത്തില്‍ പേരുകേട്ട പടയാളികളുടെ പേരായിരുന്നു ഇരുവര്‍ക്കും. അലിയും ഹുസൈനും. ഇവര്‍ കബഡികളിയിലും കിളിത്തട്ടുകളിയിലും കേമന്മാരായിരുന്നു. മല്ലന്മാരായ ഇവരെ കളരി പഠിപ്പിക്കാന്‍ കൊച്ചുപ്പുപ്പ തീരുമാനിച്ചു. വളരെ അകലെയല്ലാത്ത പെരുമാതുറ. കടലും കായലും പുണര്‍ന്നു കിടക്കുന്ന ഗ്രാമം. ഇവിടെ പേരുകേട്ട കളരി ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. ആശാന്മാര്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. മക്കള്‍ കളരിപ്പയറ്റ് പഠിക്കുന്ന കാര്യം രഹസ്യമായി സൂക്ഷിച്ചു. കൊച്ചുപ്പുപ്പയ്ക്കാണ് ഇതിലൊക്കെ താല്‍പര്യം. ഇദ്ദേഹത്തിന് ചട്ടമ്പി എന്നൊരു വിളിപ്പേരും നാട്ടുകാര്‍ നല്‍കിയിട്ടുണ്ട്. കരുത്തനായ പാറപ്പണിക്കാരന്‍ നീലമ്പിയെ ഒറ്റച്ചവിട്ടിന് കൊന്നതിന്‍റെ സ്ഥാനപ്പേരാണത്. അടിപിടിയും മറ്റുള്ളവരുടെ കാര്യങ്ങളിലെ ഒത്തുതീര്‍പ്പ് പ്രവര്‍ത്തനങ്ങളുമാണ് മുഖ്യതൊഴില്‍.

മാളികവീടിന്‍റെ വിളിപ്പാടകലെ, പാതിരാകളില്‍ ജാഗ്രതയോടെ അലിയും ഹുസൈനും കറങ്ങിനടക്കും. ഉറക്കമില്ലാത്ത ഗൂര്‍ഖകളെപ്പോലെ. സൂറാബിയെ വല്യുപ്പുപ്പ ഉപദേശിച്ചു നേര്‍വഴിയാക്കിയ കാര്യം തിളക്കത്തോടെ പ്രചരിച്ചു. വാര്‍ത്തകേട്ട കാതുകള്‍ മറുകാതുകളിലേക്ക്, വിശ്രമമില്ലാതെ പകര്‍ന്നുകൊണ്ടിരുന്നു. ആ ആശ്വാസസുഖത്തില്‍ ഗ്രാമമുറങ്ങി. പ്രശ്നമില്ലാത്ത നാളുകള്‍ മാസങ്ങളില്‍ ഇഴചേര്‍ത്തുകൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടു. ഒരു രാത്രി, ഇരുട്ടും നിശ്ശബ്ദതയും മുറ്റിനില്‍ക്കുന്ന മുഹൂര്‍ത്തം. കാറ്റിനുപോലും ചലനമില്ല. പാതിരാക്കോഴി കൂകിയ നേരം.

പതിയെ തുറന്നിട്ടൊരു വാതിലിന്റെ ശബ്ദം അലിയോ മറ്റ് കാവൽക്കാരോ കേട്ടില്ല . വികാരവായ്പോടെ അതിലേയ്ക്ക് നീളുന്ന ഒരു ചൂണ്ടുവിരലും ആരും കണ്ടില്ല, മാളികവീട്ടില്‍ നിന്നൊരു നിലവിളി പൊങ്ങി. ആ വിളിയുടെ മുഴക്കം, രാത്രിയുടെ മൂകതയില്‍ അയലുകളിലും അകലങ്ങളിലും പ്രതിധ്വനിച്ചു. നേരത്തെയും കാലത്തെയും ഞെട്ടിച്ചുകൊണ്ടുള്ള നിലവിളിയും അട്ടഹാസവും കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി. തുടൽ പൊട്ടിയനിഴലുകൾപല ദിശകളിലേയ്ക്ക് പാഞ്ഞു. കാഴ്ചക്കാരായി ഓടിയെത്തിയവരില്‍ ഹസന്‍സാറിന്‍റെ അതിഥി ചിറയിന്‍കീഴുകാരനും ഉണ്ടായിരുന്നു. അയാള്‍ക്കും അടിയേറ്റ് തലപൊട്ടി. ഏതോ പടുകുഴിയിലേക്ക് വീണു പോയി .കൂട്ടംകൂടിയവരുടെ നെഞ്ചത്തടിയും നിലവിളിയും കേട്ട് നാട് കണ്ണുതുറിച്ചു. നിഴലുകള്‍ ഇരുട്ടിന്‍റെ ഗുഹയിലേക്ക് ഓടിമറയുന്നതായി ചിലര്‍ക്ക് തോന്നി .തലപൊട്ടിയവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഞെക്കുവിളക്കുകളും ഗ്യാസ് ലൈറ്റുകളുമായി ആളുകള്‍ ഓടിയെത്തി. രക്തമൊഴുകുന്ന ഒരു ശരീരം നിശ്ചലമായി നിലത്തുകിടക്കുന്നത് കണ്ടു.

‘ദാസപ്പന്‍’ – ആരോ ഒരാള്‍ ഉല്‍ക്കണ്ഠയോടെ വിളിച്ചുപറഞ്ഞു. തൊടാനാഞ്ഞ ചൂണ്ടുവിരലുമായി നിശ്ചലനായി കിടക്കുടകയാണയാൾ.

കണ്ടവർ മൂക്കത്ത് വിരല്‍വച്ച് ആശ്ചര്യം കാട്ടി. മൂത്തുപ്പാ മൗനിയായി . ചട്ടമ്പി ഉപ്പുപ്പ പാഞ്ഞെത്തി. മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ചു. ‘കൊച്ചുമോനേ, അമീറേ…’ നീട്ടി വിളിച്ച് അകത്തുകടന്നു. ആരും വിളി കേട്ടില്ല. ഉല്‍ക്കണ്ഠയോടെ തെരയാന്‍ തുടങ്ങി. ടോര്‍ച്ചുമായി ഒപ്പം ബന്ധുക്കളും. കട്ടില്‍ കിടക്കുന്ന ഭാഗത്തുനിന്നും ഞെരക്കത്തിന്‍റെ നേരിയ ശബ്ദം. കട്ടിലിന് മുകളിലേക്ക് ടോര്‍ച്ചുലൈറ്റ് തെളിച്ചു. ഒന്നും കണ്ടില്ല.

‘അടിയിലേക്ക് നോക്ക്’ ഉപ്പുപ്പ പറഞ്ഞു.

കട്ടിലിനടിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്വന്തം മകന്‍. അമ്പരപ്പും നൊമ്പരവുംകൊണ്ട് അയാൾ സ്തംഭിച്ചുപോയി. വെട്ടുംകുത്തുമേറ്റ് രക്തംവാര്‍ന്ന് പ്രാണനുവേണ്ടി പിടയുന്ന പ്രിയപുത്രന്‍റെ ചക്രശ്വാസം വലി- കൊച്ചുപ്പുപ്പ പൊട്ടിക്കരഞ്ഞുപോയി…‌..വാതിലിന്റെ മറവിൽ നിന്നൊരു ഏങ്ങലടി മുഴങ്ങി. ടോർച്ചു കളങ്ങോട്ടുമിന്നി . പേടിച്ചു വിറച്ച്, പൊതഞ്ഞ കെട്ടിയ ദാണ്ഡവുംപണ്ടങ്ങളുമായി സുബു റാബി. അവൾക്കു ചുറ്റും ഒഴുകി പ്പരന്ന കറുത്ത ചോരയിൽചിതറിക്കിടക്കുന്ന ചില്ലറ നാണയങ്ങൾ അവരുടെ ഒളിച്ചോട്ടത്തിനുള്ള കരുതലായിരുന്നു അതിനെ ചവിട്ടിമെതിച്ചു കൊണ്ട് ചട്ടമ്പിയുപ്പുപ്പ അവളുടെ നാഭി ക്കു തൊഴിച്ചു. പിന്നെ പുത്രനെയോർത്തു തളര്‍ന്നിരുന്നു. ഉപ്പുപ്പയ്ക്ക് ആരോ വെള്ളം കൊണ്ടുകൊടുത്തു.

മറ്റുള്ളവര്‍ കൊച്ചുമോനെ തേടി പരക്കംപാഞ്ഞു. ടോര്‍ച്ചിന്‍റെ വെട്ടം പലയിടങ്ങളിലും മിന്നിമിന്നി പാഞ്ഞു.

‘ചെക്കന്‍ ദേ, പ്ലാവിന്‍റെ മുകളിലിരിക്കുന്നു.”

അവന്‍ പ്ലാവിന്‍ കൊമ്പില്‍ കെട്ടിപ്പിടിച്ചിരുന്ന് കരയുകയായിരുന്നു. അവനെ ആളുകള്‍ ചേര്‍ന്ന് എടുത്തു താഴെയിറക്കി. അവന് പതിനഞ്ച് വയസ്സായിരുന്നു പ്രായം. അപ്പോഴാണ് താഴെ രക്തമിറ്റുന്ന ഒരു കറിക്കത്തി നിലത്തുകിടക്കുന്നത് അവര്‍ കണ്ടത്. അത് അപ്പോഴും ദാസപ്പന്റെ വിരലിനെ തടയുന്നു മുണ്ടായിരുന്നു.

കൊച്ചുമോനെ കാണാന്‍ ഉപ്പുപ്പ ഓടിയെത്തി. അവനെ മാറോടുചേര്‍ത്തു പുണര്‍ന്നു. അവന്‍ കത്തി ചൂണ്ടിക്കാട്ടി കരഞ്ഞുകൊണ്ടേയിരുന്നു.

“സാരമില്ല… സാരമില്ല” ഉപ്പുപ്പ മന്ത്രം ചൊല്ലുന്നപോലെ ആവര്‍ത്തിച്ചു.

സംഭവിച്ചത് ഇപ്രകാരമായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ശരീരം പരിചയാക്കി പോരാടുന്ന അലി, കൊച്ചുമോന് കത്തിഎറിഞ്ഞു കൊടുത്തിട്ട് ‘ഓടിക്കോ’ എന്നട്ടഹസിച്ചു. അവന്‍ അതുമായി പുറത്തേക്കോടി. പ്ലാവിലകളുടെ ഇരുളില്‍ വണ്ണമുള്ള പ്ലാവ് മരത്തിന്‍റെ മറവില്‍ പതുങ്ങിനിന്നു. അപ്പോഴേക്കും രക്തത്തില്‍ കുതിര്‍ന്നു കിടക്കുന്ന അലി ചത്തു എന്നു കരുതി അക്രമിസംഘം പല വഴിക്കോടി. അതിലൊരാള്‍ പ്ലാവിന്‍ ചുവട്ടിലൂടെയാണ് ഓടിയത്. കത്തിയുമായി ഭയന്നുനിന്ന കൊച്ചുമോന്‍ ഒരൊറ്റക്കുത്ത്. അകത്തുനിന്നും വെട്ടേറ്റിരുന്ന ദാസപ്പന്‍ അപ്പോഴേ കുഴഞ്ഞുവീണു. ആ കാഴ്ചയില്‍ അന്ധാളിച്ചുപോയ കൊച്ചുമോന്‍ പ്ലാവില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.

നേരം പരപരാ വെളുത്തപ്പോഴേക്കും മാളികമുറ്റം ആള്‍ക്കൂട്ടംകൊണ്ടു നിറഞ്ഞു. കൊച്ചുമോനെ നോക്കാന്‍ ബന്ധുക്കളെ ഏല്പിച്ചു. അവര്‍ അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ശേഷം ജീവച്ഛവമായ അലിയുടെ ശരീരവും താങ്ങി ആശുപത്രിയിലേക്ക് അതിവേഗം യാത്രയായി. അലിയുടെ ദേഹത്ത് വെട്ടും കുത്തുമായി നാല്പത്തിയേഴ് മുറിവുകളുണ്ടായിരുന്നു.

ഡോക്ടര്‍ പറഞ്ഞു:

“നോക്കാം. ജീവന്‍ കിട്ടിയാലും മുറിവുണങ്ങാന്‍തന്നെ ഏറെ നാളുകള്‍ വേണ്ടിവരും. നിങ്ങള്‍ പോലീസില്‍ അറിയിക്കുക. ഉടനെ…”

ഡോക്ടര്‍ രോഗിയുടെ ഉന്തുവണ്ടിക്ക് പിറകേ അകത്തേയ്ക്കു പോയി.

ഭയവിഹ്വലതയില്‍ മനസ്സിന്‍റെ താളംതെറ്റിയ കൊച്ചുമകനെ, മന്ത്രവാദിയെ വരുത്തി ഏല്പിച്ചു. ദീര്‍ഘനിശ്വാസങ്ങളുടെ അകമ്പടിയോടെ ഉപ്പുപ്പമാര്‍ കാത്തിരുന്നു. തലപൊട്ടിയ അതിഥിയായ അയല്‍ക്കാരനുള്‍പ്പെടെ നാലുപേര്‍ പ്രതികളായി. കൊച്ചുമോന്‍ ഒന്നാം പ്രതി. കൊലപാതക ശ്രമത്തിനും വീടുകയറി ആക്രമണത്തിനും മറുഭാഗത്തും നാലു പ്രതികള്‍.

സംഭവം കാറ്റുപോലെ ഗ്രാമം മുഴുവന്‍ വീശിയെത്തി. തമ്പിവീട്ടിലെ ദാസപ്പന്‍ മാളികവീടിന്‍റെ മതില്‍ചാടി. അയാളെ അലിയും ഹുസൈനും അടിച്ചുകൊന്നു. ഇതായിരുന്നു വാര്‍ത്ത. കേട്ടവര്‍ മൂക്കത്തു വിരല്‍വച്ച് ആശ്ചര്യം കാട്ടി. ഉപ്പുപ്പമാര്‍ മാത്രം മൗനം ഭജിച്ച് പൊട്ടന്‍കളിച്ചു. ഒന്നും അറിയാത്തപോലെ. കുബുദ്ധികള്‍ മതത്തിന്‍റെ കടുംനിറം കലര്‍ത്തി കഥകള്‍ മെനഞ്ഞു. കഥകള്‍ കാട്ടുതീപോലെ പടര്‍ന്നു. ഹൈന്ദവ രക്തവും അറബി രക്തവും തിളച്ചുപൊങ്ങി. തല്പരര്‍ ഇരുചേരികളിലായി. അവര്‍ രഹസ്യമായും പരസ്യമായും വെല്ലുവിളി തുടങ്ങി. ആ പോര്‍വിളികള്‍ക്കു നടുവില്‍ പരിചയായി കമ്മ്യൂണിസ്റ്റുകാര്‍ നിരന്നുനിന്നു. വര്‍ഗീയ കലാപത്തിന്‍റെ വിപത്ത് മനുഷ്യഹത്യയാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു. മരണം നിങ്ങളുടെ സംഘത്തെ ദുര്‍ബലമാക്കും എന്നവര്‍ മുന്നറിയിപ്പ് നല്‍കി. മലബാറില്‍ നടന്ന മാപ്പിള ലഹളയുടെ ചോരക്കഥകള്‍വരെ വീണ്ടും വർഗീയതയുടെ പേരിൽ ജീവന്‍വച്ചുപൊന്തി.

സങ്കീര്‍ണ്ണതകളെ സൗമ്യമായി സമീപിക്കുന്ന സഖാക്കള്‍, അതൊരു കര്‍ഷക കലാപമായിരുന്നു എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കേള്‍ക്കാനാളുണ്ടായില്ല. സഖാക്കളുടെ ജാഗ്രതയ്ക്ക് ബലംവച്ചു. മതക്കൂറിന്‍റെ ബലത്തില്‍ ഇരുചേരിയിലെയും ക്ഷുഭിതയൗവനങ്ങള്‍ വെല്ലുവിളി തുടര്‍ന്നു. വാശിയും വൈരാഗ്യവും തുറന്നുവിട്ട ഭയത്തിന്‍റെ പാമ്പുകള്‍ ഭീതിപരത്തി. കമ്മ്യൂണിസ്റ്റുകള്‍ വീണ്ടും ജാഗരൂകരായി. സ്നേഹത്തിന്‍റെ സാന്ത്വനവും സമാധാനത്തിന്‍റെ സന്ദേശങ്ങളുമായി വിശ്രമമില്ലാതെ അവര്‍ ഗ്രാമത്തില്‍ ഓടിനടന്നു. ആ ഓട്ടത്തിനിടയില്‍ ഭാസ്കരപിള്ളക്ക് കിട്ടിയ കൂട്ടാളിയായിരുന്നു പെന്നാട്ടുമ്മയുടെ മകന്‍ ഖാദര്‍. അയാള്‍ അപ്പോഴേക്കും മൂന്നാം ലബ്ബയുടെ മകളെ കല്യാണം കഴിച്ച് ഗ്രാമത്തില്‍ താമസമുറപ്പിച്ചിരുന്നു.

ഗ്രാമീണ പ്രശ്നങ്ങളില്‍ നിത്യവും ആത്മാര്‍ത്ഥമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ഒരു നല്ല സഖാവായിരുന്നു മജീദ്സാര്‍. വര്‍ക്കലയില്‍ നിന്നും ഇടയ്ക്കിട ഇവിടെ എത്തും. ഹസന്‍ സാറിന്‍റെ ഉറ്റസുഹൃത്തായിരുന്നു. മജീദ് സഖാവിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ‘ഡമ്മി’ ആയിരുന്നു ഹസന്‍ സാര്‍. ഗ്രാമത്തിലെ സാന്ത്വനസംഘങ്ങളിലെ അദൃശ്യശക്തിയും വഴിവെളിച്ചവും മജീദ് സഖാവായിരുന്നു. ഈ സഖാവ് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായി. ഈ സ്ഥാനലബ്ധി ത്യാഗപ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി ഗ്രാമീണര്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചു. സഖാവിന്‍റെ മന്ത്രിപ്രവേശം ഗ്രാമത്തിലെ ഉത്സവമായിരുന്നു. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും പൂത്തുലഞ്ഞ കാലം. ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് ഭരണമോ? ലോകം അത്ഭുതംകൂറി. കേന്ദ്രഭരണം അങ്കലാപ്പിലായി. ഇന്നും നമ്മുടെ അലസതയെ മുറിപ്പെടുത്തുന്ന ചടുലതയുടെ ഓര്‍മ്മയാണ് ഇ.എം.എസ്. അദ്ദേഹമായിരുന്നു മുഖ്യമന്ത്രി. കാലത്തിന്‍റെ വെളിച്ചമായിരുന്നു അദ്ദേഹം. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചും പ്രതികരിച്ചും മുന്നേറിയിരുന്ന ഒരു സഖാവ്. നീതിയില്ലാത്ത വ്യവസ്ഥകളെ നിരാകരിക്കുകയും തിരുത്തുകയും ചെയ്യാന്‍ കര്‍മ്മോത്സുകരായിരുന്നു മന്ത്രിമാരും. അവരും പ്രവീണരും പ്രഗത്ഭരുമായിരന്നു. പുതിയൊരു കേരളം സൃഷ്ടിക്കാനുള്ള തൃഷ്ണയായിരുന്നു അവരുടെ കര്‍മത്തിന്‍റെ ഊര്‍ജ്ജം.

സിദ്ധാന്തങ്ങള്‍ നന്മയുടെ പ്രകാശമായിത്തീരുന്നത് പ്രയോഗത്തിലാണെന്ന് അവര്‍ വിശ്വസിച്ചു. വിശ്വാസത്തിന്‍റെ അസ്ഥിബലം മാറ്റങ്ങളുടെ മാറ്റൊലിയായി മാറി. ഭൂനിയമങ്ങളും വിദ്യാഭ്യാസപദ്ധതികളും സാമൂഹ്യബന്ധങ്ങളും പുതുമയുടെയും പുരോഗതിയുടെയും നിലാവെളിച്ചമായി പടര്‍ന്നു. ആലംബഹീനര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേറി. സമത്വചിന്തയുടെ കമ്മ്യൂണിസ്റ്റ് കര്‍മങ്ങള്‍ പ്രതിലോമകാരികളില്‍ ഭയത്തിന്‍റെ നിഴല്‍പരത്തി. പുരോഗമനചിന്തയുടെ വ്യാപനം തടയാന്‍ യാഥാസ്ഥിതികര്‍ ഒത്തൊരുമിച്ചു. മതശക്തികളുടെ കൂട്ടായ്മകൊണ്ടവര്‍ വാളും പരിചയും തീര്‍ത്തു. അതിനു പിന്നില്‍ പതുങ്ങിയിരുന്നുകൊണ്ട് കോണ്‍ഗ്രസും ഭരണകൂടവും കൈകോര്‍ത്ത് വിമോചനത്തിന്‍റെ കുടില രാഷ്ട്രീയതന്ത്രങ്ങള്‍ മെനഞ്ഞു.

ഇന്ത്യന്‍ ഇന്‍റലിജന്‍സും അമേരിക്കന്‍ സിഐഎയും ഒരുമിച്ച് തന്ത്രങ്ങള്‍ കരുപ്പിടിപ്പിച്ചു. കേരള ഭരണത്തിന്‍റെ ചെറുചലനങ്ങള്‍പോലും ഐബി, സിഐഎയ്ക്ക് കൈമാറി. കേരള ഭരണം തകര്‍ക്കാന്‍ വാഷിംഗ്ടണ്‍ കച്ചകെട്ടി. ഇറാന്‍, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ അട്ടിമറികളുടെ അനുഭവബലത്തില്‍ അവര്‍ കുരുക്കുകള്‍ ഒരുക്കി.

കേരള ഭരണത്തെ പിരിച്ചുവിടാനുള്ള സാഹചര്യമൊരുക്കുക- അതിനായി കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിക്കുക. വാര്‍ത്താമാധ്യമങ്ങളെയും സാംസ്കാരിക പ്രവര്‍ത്തകരെയും സ്വാധീനിക്കുക- ഇതായിരുന്നു തന്ത്രങ്ങളിലെ പ്രധാന കര്‍മപദ്ധതി. ഒറ്റുപണം വാരിക്കോരി നല്‍കാനും വാഷിംഗ്ടണ്‍ ഒരുമ്പെട്ടു. അമേരിക്കയിലെ ‘ആന്‍റികമ്മ്യൂണിസ്റ്റ് ക്രൂസേഡും’ ഒപ്പം ചേര്‍ന്നു. പണമൊഴുകിയതിന്‍റെ നാള്‍വഴി കണക്കുകള്‍ പാട്രിക് മൊയിനിയാന്‍ പിന്നീട് തുറന്നു പറഞ്ഞു. കേരളവും കേട്ടു.

സുവിശേഷ പ്രസംഗകര്‍, മതസംഘടനകള്‍, രാഷ്ട്രീയനേതാക്കള്‍, വ്യവസായ സ്ഥാപനങ്ങള്‍, പത്രങ്ങള്‍ ഇങ്ങനെ പോകുന്നു ‘ധനദാന’ത്തിന്‍റെ ഏടുകള്‍. കേന്ദ്രകൃഷിമന്ത്രിയെ അവര്‍ പാട്ടിലാക്കി. പണത്തിന്‍റെ മണിമുഴക്കം കേട്ടുമയങ്ങിയ പത്രങ്ങളുടെ പട്ടികയില്‍ ‘വിശ്വദീപം’ ‘കേരളധ്വനി’ ‘ഡെമോക്രാറ്റ്’ ‘വോയ്സ് ഓഫ് കേരള’ എന്നിവ സമ്പന്നമായി. ഇത്രമാത്രം പണം ഒഴുകക്കി പത്രങ്ങളെ സ്വാധീനിക്കാനുള്ള പ്രേരണ ഇവിടെ നിന്നും വാഷിംഗ്ടണിലെത്തിയ ഒരു സന്ദേശമാണ്.

‘കേരളത്തിലെ യുദ്ധത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നത് ജെറ്റുവിമാനങ്ങളും മിസൈലുകളുമല്ല, പേനയും മഷിയുമാണ്’ – എന്നായിരുന്നു സന്ദേശം.

ഒടുവില്‍ രാഷ്ടീയ നന്മയുടെ പതനംപോലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തകര്‍ന്നുവീണു.

പില്‍ക്കാലത്ത് പൊന്നും പണവുംകൊടുത്ത് സൂറാബിയെ അന്യനാട്ടിലെ ഒരു പോലീസുകാരന് കെട്ടിച്ചുകൊടുത്തു. എങ്കിലും അവൾ അറിയപ്പെടുന്ന അപഥ സഞ്ചാരിണിയായി . പ്രണയ നാമ്പിനെ ചോരയിൽ മുക്കിക്കൊന്ന സമുദായത്തെ സ്വന്തം വൈകാരിത കൊണ്ട് വെല്ലുവിളിച്ചു.

illustration – saajo panayamkod

Continue Reading

Trending