കഥ
മൂക്കുത്തി
പ്രകാശൻ കളത്തറ
വര_ സാജോ പനയംകോട്
നനുത്ത സ്വർണ്ണച്ചീന്തിൽ തിളങ്ങുന്ന കല്ലുവെച്ച മൂക്കുത്തി അവൾക്ക് ഒരഹങ്കാരമായിരുന്നു,ഇന്നലെ വരെ.
ഒരർത്ഥത്തിൽ അതായിരുന്നു അവളുടെ അടയാളവും. നിറം മങ്ങിയ സാരിത്തുമ്പുകൊണ്ട് കറുത്തു കരുവാളിച്ച മുഖംമറച്ചു നടക്കുമ്പോഴും അവളുടെ പ്രതിക്ഷയുടെ മുഖമുദ്രയായിരുന്നു ആ മൂക്കുത്തി.ഉമ്മറ്റപ്പടിയിലിരുന്നു സങ്കടനോവുകൾ ആറ്റിത്തണുപ്പിക്കുന്ന നേരങ്ങളിലൊക്കെയും അറിയാതെയെങ്കിലും കൈവിരൽകൊണ്ട് മൂക്കുത്തിയുടെ കല്ലിൽ തിരുമ്മിക്കൊണ്ടിരിക്കുകയെന്നത്
കാമാച്ചിയുടെ സ്വഭാവമായിരുന്നു.
മൂക്കുത്തിയുടെ അഴുക്കു പിടിച്ച വക്കുകൾപോലെ തന്റെ ജീവിതവും നിറംമങ്ങി വിളറിവെളുക്കുന്നത് അവൾ വേദനയോടെ ഓർക്കുമായിരുന്നു. ഒരിക്കലെങ്കിലും തന്റെ ജീവിതം പൂത്തു തളിർക്കുന്നത് സ്വപ്നം കണ്ടിരിക്കുമ്പോഴൊക്കെ അവൾ പാട്ടിയെയോർക്കും.. ബാല്യകൗമാരങ്ങളുടെ അതിർവരമ്പുകളിലെന്നോ ഒരുനാൾ തനിക്കാദ്യമായി മൂക്കുത്തി അണിയിച്ചു തന്ന പാട്ടി. മൂക്കുത്തി യുടെ ആണി കൊണ്ട് വേദനിച്ചു കരഞ്ഞപ്പോൾ തന്നെ ചേർത്തുപിടിച്ച് മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പാട്ടി പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.
അഴാതമ്മാ,അഴാതെ
ഉനക്ക് നല്ല കാലം വരപ്പോറത്.
അതെ, ആ നല്ല കാലം എന്ന സ്വപ്നം പാട്ടിയോടൊപ്പം കുഴിമാടത്തിലായിട്ട് ഇപ്പോൾ ആണ്ടുകൾ പലതായിരിക്കുന്നു .ബാല്യകൗമാരങ്ങളുടെ വിസ്മയങ്ങളിൽ നിന്നും യൗവ്വനത്തിന്റെ വിസ്ഫോടനത്തിലേക്കെത്തിക്കഴിഞ്ഞപ്പോൾ അവൾ വീണ്ടും പാട്ടിയെയോർത്തു.
അഴാതമ്മാ, അഴാതെ,ഉനക്ക് നല്ല കാലം വരപ്പോറത്…
പാട്ടിയുടെ വാക്കുകൾ ഇടക്കിടെ അവളുടെ ചെവിയിൽ മുഴങ്ങും, വീശിയടിക്കുന്ന തോവാളക്കാറ്റിലും തണുത്തു വിറയ്ക്കുന്ന വെളുപ്പാൻ കാലങ്ങളിലും കൊളുന്തു നുള്ളാൻ കൂട്ടുകാരികളോടൊപ്പം ഗ്രാമത്തിലേക്ക് നടക്കുമ്പോഴും അവൾ അറിയാതെന്നപോൽ മൂക്കുത്തിയിൽ തഴുകും -നല്ല കാലത്തിന്റെ വരവറിയിച്ച ചുവന്ന കല്ലുള്ള മൂക്കുത്തി.
എട്ടാം തരത്തിൽ പഠിപ്പു നിർത്തിയപ്പോൾ പാട്ടിക്കായിരുന്നു സങ്കടക്കൂടുതൽ .റാക്കടിക്കാൻ കാശിനായി മൂക്കുത്തി പണയം വെക്കാൻ ചോദിച്ച അപ്പനോട് അവൾ കെഞ്ചിപ്പറഞ്ഞു…
അപ്പാ,ഇതു മട്ടും കേക്കാതിങ്കേ, എനക്ക് ഇതു മട്ടും താൻ ഇരുക്കേ അന്നും തന്നെ രക്ഷിച്ചത് പാട്ടിയാണ്. അറിയാതെ അവളുടെ കണ്ണുകൾ പാട്ടിയുടെ കുഴിമാടത്തിലേക്ക് നീണ്ടു, ചൂണ്ടുവിരൽ മൂക്കുത്തിയിലേക്കും. പെട്ടെന്ന് പൊള്ളലേറ്റതു പോലെ അവൾ കൈ പിൻവലിച്ചു. കൊയ്തൊഴിഞ്ഞ പാടത്തിലൂടെ പഴയ സൈക്കിൾ ടയറുരുട്ടി ഓടിക്കളിക്കുന്ന തൻ്റെ പൊന്നുമോൻ്റെ ചിത്രം പെട്ടെന്നാണ് അവളുടെ നെഞ്ചിലേക്കോടിയെത്തിയത്. ഒരു പിടച്ചിൽ,ഒരു വിങ്ങൽ…
കണ്ണാ നീ എങ്കെ ഓടറൈ,വാ കണ്ണാ…അലമുറയിട്ടു കരഞ്ഞുകൊണ്ട് അവൾ പാടത്തേയ്ക്കിറങ്ങിഓടി. സൈക്കിൾ ടയർ ആയത്തിൽ ഓടിച്ചു കൊണ്ട് അപ്പോഴേക്കും അവൻ വിദൂരതയിൽ മറഞ്ഞുകഴിഞ്ഞിരുന്നു…
അഴാതമ്മാ, അഴാതെ,ചുമലിൽ പതിഞ്ഞ കൈകൾ അവളെ ചേർത്തു പിടിച്ചു.
വാ വന്നിട് .അയാൾ അവളെ ഉമ്മറത്തിണ്ണയിലിരുത്തി ,പാറിക്കിടന്ന മുടിയിഴകൾ തഴുകി ഒതുക്കി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
എടീ അമ്മാ,അവൻ പോയാച്ച്, എന്നൈയും വിട്ടു പോയാച്ച്,ഇനി വരമാട്ടാൻ.
അവളൊന്നും മിണ്ടിയില്ല, അഥവാ അവളൊന്നും കേട്ടില്ല. അവളുടെ നെഞ്ചിൽ കുരുങ്ങിക്കിടക്കുന്ന നൊമ്പരത്തിൽ പഴയ സൈക്കിൾ ടയറിൻ്റെയും അതിനെ ചതച്ചരച്ച തീവണ്ടിച്ചക്രങ്ങളുടെയും നിലവിളികളായിരുന്നു. ഏങ്ങലുകൾക്കും വിലാപങ്ങൾക്കുമൊടുവിൽ എപ്പോഴോ അവൾ പാതി മയക്കത്തിലേക്കൊഴുകി വീണു.
തലേ ദിവസത്തെ അപരാഹ്നം അവളുടെ നെഞ്ചിലേക്കോടിവന്നു.പതിവുപോലെ തൻ്റെ കണ്ണൻ, തൻ്റെ ചെല്ലപ്പിള്ള, ഉച്ചമയക്കം കഴിഞ്ഞ് വെറുതെ പാടത്തേക്കിറങ്ങിയതാണ്, കൂട്ടിന് അവൻ്റെ പുന്നാര സൈക്കിൾ ടയറും. അതാണവൻ്റ കൂട്ടുകാരൻ .അഥവാ മറ്റാരുമായും അവൻ കൂട്ടുകൂടുന്നത് അവൾക്കിഷ്ടവുമല്ലായിരുന്നു.കൊയ്ത്തു കഴിഞ്ഞ് വിണ്ടുകീറിയ പാടത്തുകൂടി പലവട്ടം സൈക്കിൾടയറോടിച്ച് തിരികെയെത്തുമ്പോഴേക്കും അവൻ ക്ഷീണിച്ചു തളർന്നിട്ടുണ്ടാകും. അവനെ മാറോടണച്ച് ,നെറ്റിയിൽ ഉമ്മവച്ച് ചേർത്തുനിർത്തുമ്പോൾ എത്രയോ തവണ തൻ്റെ മിഴികൾ നിറഞ്ഞൂ തുളുമ്പിയിരിക്കുന്നു ,അവൻ കാണാതെ എത്രയോ തവണ താൻ കണ്ണീർ തുടച്ചിരിക്കുന്നു. തൻ്റെ സ്വപ്നങ്ങളുടെ രാജകുമാരൻ ഇല്ലായ്മകളുടെ ചക്രവർത്തിയാണല്ലോയെന്നോർത്ത് നെടുവീർപ്പിട്ട എത്രയെത്ര ദിനരാത്രങ്ങൾ.എപ്പോഴാണ് അത് ഇരുമ്പു ചക്രങ്ങളിൽ ഞരങ്ങിയുടഞ്ഞത്?പാടത്ത് ടയറുരുട്ടൻ പോയവൻ മടങ്ങി വരുന്ന സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ നെഞ്ചൊന്നുലഞ്ഞതാണ്. ആറരേടെ തീവണ്ടി തോവാള കഴിഞ്ഞുപോയ ചൂളംവിളി താനും കേട്ടതാണ്. എന്നിട്ടുമെന്തേ അവനെ കാണാത്തത്? തീവണ്ടിച്ചക്രങ്ങൾ പെട്ടെന്ന് പാളത്തിൽ നിരങ്ങി നിലവിളിച്ചു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ തൻ്റെ നെഞ്ചിലും ഒരു തീവണ്ടി എഞ്ചിൻ്റെ നീറുന്ന മുരൾച്ച കേൾക്കുന്നില്ലേ എന്നവൾ ശങ്കിച്ചു. എങ്കിലും അവൾ പുറത്തേക്കിറങ്ങി നോക്കി. കാണാവുന്ന ദൂരത്തൊന്നുമവനുണ്ടായിരുന്നില്ല.
ഇരുട്ടു പരക്കാൻ തുടങ്ങിയിരുന്നു, കരിമേഘത്തുണ്ടുകൾപോലെ ചെറിയ ചെറിയ ആശങ്കയുടെ കഷണങ്ങൾ അവളെ വലംവയ്ക്കാൻ തുടങ്ങി. അടുത്ത ലായത്തിലെ പെണ്ണുങ്ങൾ മൗനത്തിൻ്റെ കരിമ്പടം പുതച്ചു കൊണ്ട് അവളെ നോക്കി കടന്നു പോകുന്നതും അവളറിഞ്ഞിരുന്നില്ല. ഒടുവിലയാൾ വന്നു. തന്നെ കൂട്ടിക്കൊണ്ടു പോകാൻ. അടുത്ത റെയിൽവേ സ്റ്റേഷനിലെ സിമൻ്റു ബഞ്ചിൽ മൂടിപ്പുതച്ചുറങ്ങുന്നത് അവനാണോ? എന്തിനാ എൻ്റെ മോൻ ഇവിടെ വന്നു കിടക്കുന്നത്? എന്താ മോനേ,ഞാനെത്ര നേരമായ് കാത്തിരിക്കുന്നു ? അയ്യോ,എൻ്റെ മോനാകെ തണുത്തിരിക്കുന്നല്ലോ? അയ്യോ എന്താ മോനേ കണ്ണു തുറക്കാത്തെ? അയ്യോ ,എന്തായിത്? ഈ ചോരപ്പാടുകൾ? “അയ്യയ്യോ ,എൻ ചെല്ലപ്പിള്ളേ, നീ എന്നെ വിട്ടു പോയിട്ടയാ?”
ആരൊക്കെയോചേർന്ന് തന്നെ താങ്ങിപ്പിടിച്ച് പ്ലാറ്റ്ഫാമിന് പുറത്തേക്ക് കൊണ്ടു പോയതു മാത്രമാണ് ഓർമ്മയിൽ .എവിടെ എൻ്റെ മോൻ? അവൻ്റെ ടയറെവിടെ?
ബോധസൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. മുനിഞ്ഞു കത്തുന്ന ചിമ്മിനി വെട്ടത്തിൻ്റെ ഇരുണ്ട നിഴലിൽ ഒരു ഗ്രാമം മുഴുവൻ അവൾക്കൊപ്പം കാത്തിരുന്നു.
സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ അയാൾ തനിച്ചായിരുന്നു. കസേരയ്ക്ക് പിറകിൽ കൈകൾ പിണച്ചുവച്ച് പുറകോട്ട് ചാരി അയാൾ കണ്ണടച്ചിരുന്നു. അകലെയുള്ള നഗരത്തിൽ നിന്നും നൈറ്റ് ഡ്യൂട്ടിക്കുവേണ്ടി വന്നതാണ്.ഉച്ച കഴിഞ്ഞു പുറപ്പെട്ടാലേ നൈറ്റ് ഡ്യൂട്ടിക്കെത്താൻ കഴിയുകയുള്ളൂ. പുറപ്പെടാൻ നേരം അമ്മ നിർബന്ധിച്ചു തന്നയച്ചതാണ് രാത്രിയിലേക്കുള്ള പൊതിച്ചോറ് . ഗാർഡ് പങ്കജാക്ഷനൊപ്പം ബ്രേക്ക് വാനിൽക്കയറുമ്പോൾ ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ.അടുത്ത സ്റ്റേഷൻ തൻ്റെതാണല്ലോ, എളുപ്പമിറങ്ങാമല്ലോയെന്ന്. വണ്ടി പെട്ടെന്ന് നിർത്തിയപ്പോൾ ഗാർഡിൻ്റെ മുഖത്തൊരാശങ്ക, എന്ത് ഏടാകൂടമാണോ എന്ന ഉത്കണ്ഠ .എഞ്ചിനു മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിന്നു ആ പിഞ്ചു ബാലൻ്റ ശരീരം അയാൾ വലിച്ചു നീക്കി. മുറിപ്പാടുകളൊന്നുമില്ല, തലക്ക് പിന്നിലെ ചെറിയ ക്ഷതം മാത്രം.. ഇടവഴിയിലെ കയറ്റം സൈക്കിൾ ടയറുരുട്ടിക്കയറി വന്നപ്പോൾ പെട്ടെന്ന് ട്രയിൻ വരുന്നതു കണ്ട് നിൽക്കാൻ ശ്രമിച്ച് നില തെറ്റിട്രാക്കിലേക്ക് വീണപ്പോഴുള്ള മുറിവ്.ഗാർഡ്റൂമിൽ സ്ട്രെക്ച്ചറിൽ ആശരീരം എടുത്തു വയ്ക്കാൻ അയാളുമുണ്ടായിരുന്നു. അടുത്ത സ്റ്റേഷനിൽ ഗാർഡ് പങ്കജാക്ഷനൊപ്പം സ്ട്രെക്ച്ചർ പിടിച്ചു കൊണ്ട് അയാളിറങ്ങി. സ്ട്രെക്ച്ചറിനോടൊപ്പം ജീവൻ നഷ്ടമായ ഒരു ശരീരവും ആത്മാവ് നഷ്ടമായ മറ്റൊരു ശരീരവും.
ഈ പട്ടിക്കാട്ടിൽ ,കുറുക്കനും കുറുനരിയും തെരുവുനായ്ക്കളും മാത്രം ഉറങ്ങാതിരിക്കുന്ന ഈ കുഗ്രാമത്തിൽ തനിക്ക് ഈ രാത്രിയിൽ ഒരതിഥി കൂടി. സിമൻ്റ് ബെഞ്ചിൽ മൂടിപ്പുതച്ചുറങ്ങുന്ന കുരുന്ന്, തൊട്ടടുത്ത ബെഞ്ചിൽ വാറ്റു ലഹരിയിൽ പുറംതിരിഞ്ഞുറങ്ങുന്ന വേലുച്ചാമി എന്ന പോർട്ടർ.പരസ്പരം കടിപിടി കൂടുന്ന തെരുവു നായ്ക്കളിൽ നിന്നു് എങ്ങനെ ആ പിഞ്ചു ശരീരം എനിക്ക് സൂക്ഷിക്കാനാകും? നാളെ രാവിലെ 10 മണി കഴിഞ്ഞേ പോലീസെത്തുകയുള്ളൂ.നഗരത്തിൽ ‘അമ്മാ’വുടെ പിറന്നാളാഘോഷമുണ്ടത്രേ! അതിനിടയിൽ ഈ പിഞ്ചു ശരീരത്തിനെന്തു വില? ഒരു നിമിഷം ആലോചിച്ചതിനുശേഷം അയാൾ വാതിൽ തുറന്ന് പുറത്തിറങ്ങി. മുറ്റത്തെ ചെമ്മൺ തറയിൽ ചുരുണ്ടുകൂടിയിരുന്നവരെ ഒച്ചയുയർത്തി വിളിച്ചു.
‘യാരോ ഒരാൾ വാങ്കൈ’
ഒരാൾരൂപം മുന്നിൽ വന്നു…മുഷിഞ്ഞ ലുങ്കിയും കറുത്ത തോർത്തുമായി മെലിഞ്ഞു നീണ്ട ഒരു പേക്കോലം..അയാളുടെ കുഴിഞ്ഞു താണ കണ്ണൂകളിലേക്ക് നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു. “നീങ്കൈയാര്?”
” അന്ത പയ്യനുടെ അപ്പാ”
“വേറെയാരും കിടയാതോ?”
“ഇല്ലൈ സാർ,നാങ്ക മട്ടും താൻ ഇരുക്കെ,എന്ന വേണം സാർ?”
കൂർക്കം വലിച്ചുറങ്ങുന്ന വേലുമൂരിയെ അവജ്ഞയോടെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു, വാങ്കൈ, ഇന്ത സ്ട്രച്ചർ കൊഞ്ചം തൂക്കി ഉള്ളൈ റൂമിലേ പോട്ടു വയ്ക്കലാമേ?
അയാൾക്കത് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയുന്നതിനു മുമ്പ് ഒരു പൊട്ടിക്കരച്ചിലോടെ ആ രൂപം അയാളുടെ കാൽക്കൽ വീണു. അണകെട്ടി നിർത്തിയിരുന്ന സങ്കടക്കടൽ താനായി തുറന്നു വിട്ടതിൽ അയാൾക്ക് വല്ലാത്ത മനോവ്യഥ തോന്നി. എങ്കിലും അയാളുടെ നെഞ്ചു തകർന്ന വിലാപം ഒന്നാകെ പെയ്തൊഴിയട്ടെ എന്ന് കരുതി അയാൾ അൽപ്പനേരം കാത്തു നിന്നു.പിന്നീട് ഒന്നും മിണ്ടാതെ അയാളെ സാവകാശം പിടിച്ചുയർത്തി തന്നോട് ചേർത്തു നിർത്തി പ്പറഞ്ഞു. “വാങ്കോ അണ്ണൈ, കൊഞ്ചം ഹെൽപ്പ് പണ്ണുങ്കെ “
സ്ട്രെച്ചറിൻ്റെ ഇരുതലയ്ക്കുമായി പിടിച്ച് പാർസൽ റൂമിൽ എടുത്തു വയ്ക്കുമ്പോഴും രണ്ടു പേരും ഒന്നുമുരിയാടിയില്ല. റൂം പൂട്ടി പുറത്തു വന്ന് അയാളോടായി പറഞ്ഞു. “ഇ ങ്കൈ വെയ്റ്റ് പണ്ണ വേണ്ടാ,പോലീസുക്ക് ഇൻഫർമേഷൻ കൊടുത്തിരുക്ക്. അവങ്ക ഇന്നേയ്ക്ക് വരാത്. നാളെ കാലൈ 10 മണിക്ക് താൻ വരും. നീങ്ക അപ്പോ വന്താൽ പോതും… വാതിൽ അകത്തു നിന്നുംചാരി അയാൾ വീണ്ടും കസേരയിലിരുന്നു.
ഹെന്തൊരു ഹതഭാഗ്യനാണു താൻ .ഡ്യൂട്ടിക്ക് മൃതദേഹവുമായി വന്നു ചേരുക, അത് പാർസൽ റൂമിൽ പൂട്ടിയിടുക. മാത്രമോ അതിന്
മരിച്ചയാളിൻ്റെ പിതാവിൻ്റെ സഹായം തേടുക, നേരം പുലരുന്നതുവരെ അതിന് കാവലിരിക്കുക!
അയാൾക്ക് വല്ലാത്ത ഈർഷ്യയും സങ്കടവും അവജ്ഞയും തോന്നി. വിശപ്പും ദാഹവുമൊക്കെ അയാൾ മറന്നു കഴിഞ്ഞിരുന്നു – അമ്മ തന്നയച്ച പൊതിച്ചോറും.
പാതിരാവു കഴിഞ്ഞിരിക്കുന്നു. പുറത്തേക്കുള്ള ജനൽ,പാതി തുറന്ന് അയാൾ വെളിയിലേക്ക് നോക്കി. ചെമ്മൺ മുറ്റത്ത് ഇപ്പോഴും കുറച്ചുപേർ കൂനിക്കൂടിയിരിപ്പുണ്ട്.വീശിയടിക്കുന്ന തോവാളക്കാറ്റിൽ അവരുടെ ചിമ്മിനി വിളക്കുകൾ അണഞ്ഞുപോയിരിക്കുന്നു. എങ്കിലൂം പാർസൽ റൂമിലെ ജനൽപ്പഴുതിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തിൻ്റെ ചാലുകളിൽ അവർ മരണത്തിൻ്റെ നിറം കണ്ടു, മണവും.
അയാൾ പതുക്കെ ജന്നലടച്ച് തിരിഞ്ഞു നടന്നു.മേശമേൽ മുഖമമർത്തി വച്ച് വീണ്ടും അയാൾ ചിന്തയിലാണ്ടു. രാത്രി വണ്ടികൾ പോയിക്കഴിഞ്ഞാൽ ചിലപ്പോഴെങ്കിലും നിദ്രയുടെ കൂടാരത്തിൽ അയാൾ അഭയം തേടാറുള്ളതാണ്. ഇന്നിപ്പോൾ അതും അന്യമായിരിക്കുന്നു.
കുറുനരികളുടെ ഓരിയിടലും തോവാളക്കാറ്റിൻ്റെ ചൂളം വിളിയുമൊഴിച്ചാൽ പിന്നെ അയാളെ ഭയപ്പെടുത്തിയിരുന്നത് വാറ്റുചാരായത്തിൻ്റെ ലഹരിയിലൊഴുകുന്ന വേലുച്ചാമിയുടെ കൂർക്കം വലിയായിരുന്നു.
നേരം പരപരാ വെളുത്തു തുടങ്ങിയിരുന്നു. പൂന്തോട്ടങ്ങളിൽ പൂവിറുക്കാൻ പോകുന്ന ഗ്രാമീണ പെൺകൊടികളുടെ കലപിലകൾ ഉയർന്നുതുടങ്ങി.
‘സാർ’
പാതി ചാരിയിരുന്ന വാതിലിനു പുറത്തു നിന്ന് ഒരു തളർന്ന ശബ്ദം. അയാളെഴുന്നേറ്റ് വാതിൽ മലർക്കെ തുറന്നു. സന്ധ്യക്ക് കണ്ട സ്ത്രീരൂപം.കരഞ്ഞു കലങ്ങിയ കണ്ണുകളിലെ ഇപ്പോഴത്തെ ഭാവം അയാൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല, എങ്കിലും അയാൾ ചോദ്യഭാവത്തിലവളെ നോക്കി. പറയാനുള്ള വാക്കുകളൊക്കെ ഉരുക്കു ചക്രങ്ങളിൽ ചതഞ്ഞരഞ്ഞതുപോലെ അവൾ നിസ്സഹായയായി നിന്നു. ഒടുവിൽ തൻ്റെ ഉള്ളം കയ്യിൽ പൊതിഞ്ഞുവച്ചിരുന്ന ചെറിയ കടലാസു പൊതി അയാൾക്ക് നേരെ നീട്ടി അവൾ ഇടർച്ചയോടെ പറഞ്ഞു. ‘സാർ, ഇത്,ഇത് ഏൻ മൂക്കുത്തി താൻ. ഏങ്ക കയ്യിലെ വേറൊന്നും കിടയാത് സർ, കാലൈ പോലീസ് വരുമ്പോത് പണം വേണമല്ലയ. ഏങ്ക കയ്യിലെ വേറെ കാശ് കിടയാത് സർ. സാർ, ഉങ്കെ കയ്യിലെ പണമിരുന്താൽ ഇന്ത പണ്ടത്തെ വെച്ച് നൂറ് രൂപ കൊടുങ്കോ സാർ ,എൻ കയ്യിലെ വേറെ ഒന്നുമേ കിടയാത് സർ.
അയാൾ ആ സ്ത്രീരൂപത്തെ നിർന്നിമേഷനായി നോക്കി നിന്നു. തൻ്റെ. പേഴ്സിലുണ്ടായിരുന്ന 200 രൂപ അവൾക്ക് നൽകിയിട്ട് അയാൾ മൃദുശബ്ദത്തിൽ അവളോട് പറഞ്ഞു. “അന്ത മൂക്കുത്തി,
ഉൻ കയ്യിലേ വെച്ചിടമ്മാ…
ണിം…ണിം…
ഏതോ വണ്ടിക്ക് ലൈൻ ക്ലിയർ ചോദിച്ചു കൊണ്ട് അടുത്ത സ്റ്റേഷനിൽ നിന്നുള്ള അന്വേഷണമാണ്.അയാൾ സാവകാശം ബ്ലോക്ക് ഇൻസ്ട്രുമെൻറിനടുത്തേക്ക് തിരിഞ്ഞു.ചുരുട്ടിപ്പിടിച്ച നോട്ടുകളും പഴങ്കടലാസിൽ പൊതിഞ്ഞ മൂക്കുത്തിയുമായി അവൾ അവിശ്വസനീയതയോടെ നിന്നപ്പോൾ പുറത്ത് തെരുവിലൂടെ അമ്മാ വാഴ്കെ, അമ്മാ വാഴ്കെ എന്ന മുദ്രാവാക്യവുമായി ആരാധകർ ഒഴുകുകയായിരുന്നു. പാഴ്സൽ റൂമിൻ്റെ വാതിലിലേക്ക് പാളിനോക്കിക്കൊണ്ട് അയാൾ ഉറക്കെ വിളിച്ചു.
വേലുച്ചാമി, വേലുച്ചാമി, എഴുന്തിട്,വണ്ടി ബ്ളോക്കായാച്ച്.
നിമിഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു.അയാളുടെ ശ്രദ്ധ മുഴുവൻ കടന്നു പോകാനുള്ള തീവണ്ടിയിൽ മാത്രമായിരുന്നു. ദൂരെതോവാളക്കാറ്റിനെ കീറിമുറിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന തീവണ്ടി.കൊളുത്തിയ പന്തവും ടോക്കണുമായി വേലുച്ചാമി എതിർ വശത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. പച്ച വെളിച്ചവുമായി അയാൾ പ്ലാറ്റ്ഫോമിലേക്കിറങ്ങിനിന്നു. പാഞ്ഞടുക്കുന്ന തീവണ്ടിയിലെ സുഹൃത്തായ സാരഥിയെ കയ്യുയർത്തി അഭിവാദ്യം ചെയ്ത് തീവണ്ടിയുടെ പ്രയാണം സശ്രദ്ധം വീക്ഷിച്ച് അയാൾ വണ്ടി കടന്നു പോകുന്നതുവരെ അവിടെ നിന്നു. പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ അവളെക്കുറിച്ചോർത്തത്.എവിടെപ്പോയി അവൾ? പാർസൽ റൂമിനു മുന്നിൽ നിൽക്കുകയായിരുന്നല്ലോ? മനസ്സിൽ അറിയാതെ ഉൽക്കണ്ഠയുടെ തേരോട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. എവിടെ അവൾ?
അയാൾ വീണ്ടും പ്ലാറ്റ്ഫാമിലാകെ കണ്ണോടിച്ചു. മഞ്ഞിൻ്റെ നേരിയ ആവരണത്തിൽ അയാൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. എങ്കിലും അങ്ങ് ദൂരെയെങ്ങോ നിന്ന് ഒരു പൊട്ടു പോലെ എന്തോ ഒന്ന് മുന്നോട്ടു വരുന്നതുപോലെ.
അടുത്തടുത്തു വരുന്തോറും അയാളുടെ ശ്രദ്ധയിൽ ഒരു സ്ത്രീരൂപം തെളിഞ്ഞു വന്നു. ചെറിയ മരക്കമ്പുകൊണ്ട് പഴയ സൈക്കിൾ ടയറോടിച്ചുവരുന്ന ആ രൂപത്തെ അയാൾ നിർന്നിമേഷനായി നോക്കി നിന്നു.കട്ടി മഞ്ഞിൻ്റെ പാളികൾ തൻ്റെ കാഴ്ചയെ മറച്ചെങ്കിലെന്ന് അയാൾ വെറുതെ ആശിച്ചു പോയി..
littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@littnow
You must be logged in to post a comment Login