Connect with us

ലോകം

കടൽ ആരുടേത് 3

Published

on

shairaj

എം.ഷൈറജ്

സ്വതന്ത്രക്കടൽ അഥവാ ഇന്ത്യയുമായി വ്യാപാരം ചെയ്യുവാനുള്ള അവകാശം

സ്വതന്ത്രക്കടൽ വാദമുന്നയിച്ച ഗ്രോഷ്യസിനു നായകപരിവേഷവും അടഞ്ഞകടൽ സിദ്ധാന്തം രൂപപ്പെടുത്തിയ സെൽഡനു പ്രതിനായകവേഷവും ചരിത്ര എഴുത്തുകളിൽ പലപ്പോഴും വായിക്കാനാവുമെങ്കിലും യഥാർത്ഥ കഥയിലെ കാഴ്ചകൾ അത്തരം നിയതമായ റോളുകൾ ചാർത്തിക്കൊടുക്കാൻ പര്യാപ്തമല്ല. ഹോളണ്ടും ഗ്രോഷ്യസും തത്വത്തിൽ തുറന്നകടലിനു വേണ്ടി വാദിച്ചുവെങ്കിലും പലപ്പോഴും പ്രവർത്തി മറിച്ചായിരുന്നു.

പോർച്ചുഗീസുകാരെ യുദ്ധത്തിൽ തോൽപ്പിച്ച ലന്തക്കാർ തെക്കുകിഴക്കനേഷ്യയിലെ സുഗ ന്ധവ്യഞ്ജനദ്വീപുകളുമായുള്ള (Spice Islands) കച്ചവടത്തിന്റെ കുത്തക കൈവശപ്പെടുത്തുകയും കുത്തകവ്യാപാരക്കരാറുകൾ ആ രാജ്യങ്ങളുമായി ഉണ്ടാക്കുകയുംചെയ്തു. 1609ൽ ‘തുറന്ന കടലെ’ഴുതിയ ഗ്രോഷ്യസ് 1613ൽ ഇംഗ്ലണ്ടിലെത്തി ഡച്ചു കുത്തകവ്യാപാരത്തെ അനുകൂലിച്ചു വാദിക്കുകവഴി തന്റെ അഭിഭാഷകവേഷം ഭംഗിയായി അഭിനയിച്ചു തീർത്തു.

സ്വന്തം തൊഴിലുടമയുടെ താത്കാലിക കച്ചവടതാൽപര്യങ്ങൾ സംരക്ഷിക്കാനെഴുതിയ ലീഗൽനോട്ടെന്നതിനപ്പുറം മാർലിബറത്തിലെ വാദങ്ങൾ പ്രതിഭയുടെ കൈയ്യൊപ്പു കലർന്നവയായിരുന്നുവെന്നതാണ് ഗ്രോഷ്യസിന്റെ എഴുത്തിനെ വ്യത്യസ്തമാക്കിയത്.

അതുകൊണ്ടുതന്നെ ആദ്യകാലത്ത് തുറന്നകടൽവാദം പരക്കെ അംഗീകരിക്കപ്പെട്ടില്ലയെങ്കിലും കെടാത്ത ഒരു കനൽ പോലെ അത് നിലനിൽക്കുകയും പിന്നീട് അന്താരാഷ്ട്ര നിയമങ്ങളുടെ അടിത്തറയാവുംവിധം ആളിപടരുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിലെ നെപ്പോളിയൻ യുദ്ധങ്ങൾക്കൊടുവിൽ ഇംഗ്ലണ്ട് ഏറ്റവും വലിയ വാണിജ്യ ശക്തിയായും കൊളോണിയൽ ശക്തിയായും നാവികശക്തിയായും മാറി. ഉദാരവൽക്കരണവാദം (ലിബറലിസം) ദേശീയവാദത്തോടൊപ്പം (നാഷണലിസം) ലോകത്തെമ്പാടും ശക്തി പ്രാപിച്ചതും ഇക്കാലത്താണ്.

വ്യാവസായിക വിപ്ലവം കൂടി നടപ്പിലായതോടെ യൂറോപ്യർക്ക് ഏഷ്യയും അമേരിക്കയുമായുള്ള വ്യാപാരം സുഗമമാവേണ്ടത് അത്യാവശ്യമായി വന്നു. ഈ സാഹ ചര്യത്തിലാണു സ്വതന്ത്രക്കടൽ വാദം സർവ്വശക്തിയോടെ മടങ്ങിയെത്തിയതും പിന്നീടുള്ള കടൽ നിയമങ്ങളുടെ അടിസ്ഥാനമായിമാറിയതും.

സമുദ്രനിയമങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യൻ രാജ്യങ്ങളാൽ സൃഷ്ടിക്ക പ്പെട്ടതാണെന്നും അതിൽ ഏഷ്യയുടെയും മറ്റും സംഭാവന കാര്യമായൊന്നുമില്ലെന്നതുമാണു പൊതുധാരണ. പക്ഷേ കടലിലെ യാത്രാസ്വാതന്ത്ര്യവും വ്യാപാര സ്വാതന്ത്ര്യവുമൊന്നും യൂറോപ്യരുടെ കണ്ടെത്തലല്ല.

നൂറ്റാണ്ടുകളോളം ഇന്ത്യയിലെയും മറ്റു ഏഷ്യൻ രാജ്യങ്ങളിലെയും ഭരണകർത്താക്കൾ പിന്തുടർന്നിരുന്ന നയമാണിത്. ഒരു സിദ്ധാന്തമായി ആഘോഷി ക്കപ്പെട്ടിരുന്നില്ലെന്നു മാത്രം. പുരാതന റോമൻ നിയമത്തിലെ റോഡിയൻ മാറി റ്റൈം കോഡിലാവട്ടെ (Rhodian Maritime Code) കടൽസ്വാതന്ത്ര്യവാദം ലിഖിത രൂപത്തിൽത്തന്നെ കാണുവാൻ കഴിയും. അറബികളും ചീനക്കാരുമൊക്കെ ഇതേ നിലപാടാണു പിന്തുടർന്നിരുന്നത്. നൂറ്റാണ്ടുകൾക്കു ശേഷം യൂറോപ്യൻ ശക്തികൾ തമ്മിൽ കടലിൽ കയ്യൂക്കിനാലും കരയിൽ വാക്കുകളാലും നടത്തിയ പോര് ഒരു ഘട്ടത്തിലെത്തിയപ്പോൾ സ്വതന്ത്രക്കടൽ നിലപാടിൽ എത്തിച്ചേർ ന്നുവെന്നുമാത്രം.

“സ്വതന്ത്രക്കടൽ അഥവാ ഇന്ത്യയുമായി വ്യാപാരം ചെയ്യുവാൻ ഹോളണ്ടിനുണ്ടായിരിക്കേണ്ട അവകാശത്തെ സംബന്ധിച്ച വ്യവഹാരം” എന്നതാണ് മാർ ലിബറമെന്ന പുസ്തകത്തിന്റെ മുഴുവൻപേര് എന്ന അറിവുകൂടിയായാൽ അന്താരാഷ്ട്ര വ്യാപാര ത്തിലും അന്താരാഷ്ട്ര വ്യാപാരനിയമങ്ങളുടെയും കടൽനിയമങ്ങളുടെയും ആവിർഭാവത്തിലും വികാസത്തിലും ഭാരതം ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ പ്രാധാന്യം എത്ര വലുതായിരുന്നുവെന്നു മനസ്സിലാകും.

Continue Reading
6 Comments

6 Comments

 1. Shaji P

  October 20, 2021 at 7:55 am

  Well written article. Thank you

 2. Hashim K

  October 21, 2021 at 6:29 am

  ഇതുവരെ നന്നായിട്ടുണ്ട്.
  ഇതൊരു പുസ്തകത്തിന് വകുപ്പുള്ളവിഷയമാണെന്ന് തോന്നുന്നു.

  ഇത് വായിച്ചപ്പോൾ ഓർമ്മവന്നത്, ഈ പറഞ്ഞതൊന്നുമറിയാതെ ഇത് ഞങ്ങളുടെ തൊഴിലാണെന്നു പറഞ്ഞ് സ്വന്തം സ്വതന്ത്രകടലിൽ കൊള്ളയടിക്കുന്ന സോമാലിയയിലെ കടൽക്കൊള്ള തൊഴിലാളികളെയാണ്.

  അവരെ നിയമപരമായി ആര് എങ്ങനെ കൈകാര്യം ചെയ്യുന്നു……?

 3. Chakkunny

  October 22, 2021 at 2:58 am

  Amazing write-up!

 4. Shafeeq Riaz

  October 23, 2021 at 2:50 pm

  Good writing.Want to know more about the transport of goods across the canals like Suez and Panama.
  Thank you.

 5. Vijayan Pillai

  October 26, 2021 at 11:24 am

  Nice reading the series of articles on the topic. Informative. Waiting for the next one.

 6. Irfanirfu

  November 8, 2021 at 11:48 am

  Super

You must be logged in to post a comment Login

Leave a Reply

ലേഖനം

കോവിടാനന്തരലോകം

Published

on

ഡോക്ടർ എം ഷാജഹാൻ

സത്യാനന്തര കാലം എന്നും ഉത്തര ഉത്തരാധുനികത എന്നും പോസ്റ്റ്
ഫാസിസം എന്നും വർത്തമാനകാല സാംസ്കാരിക ജീവിതത്തെ
വ്യാഖ്യാനിച്ചുകൊണ്ടിരുന്ന നമുക്ക് വരും കാലത്തെയും കഴിഞ്ഞ
കാലത്തെയും കൃത്യമായി വിഭജിക്കുന്ന ഒരു സാംസ്കാരിക ദശാസന്ധി
ഇപ്പോൾ ലഭ്യമായിരിക്കുന്നു. 2019 ഡിസംബറിന് ശേഷം ലോകചരിത്രം
കോവിഡ് പൂർവ്വം( pre covid) എന്നും കോവിടാനന്തരം (post covid) എന്നും
രണ്ടായിത്തന്നെ രേഖപ്പെടുത്തപ്പെടും എന്ന പണ്ഡിത ലോകം
അനുമാനിക്കുന്നു. ലോക ചരിത്രത്തിൻറെ ഒരു നിർണായക ദശാസന്ധിയിൽ
ജീവിച്ചിരിക്കുന്ന നമ്മൾക്ക് കോവിടാനന്ത്തരലോകം എങ്ങനെ ആയിരിക്കും
എന്നതിനെക്കുറിച്ച് ചില ധാരണകളും ആശങ്കകളും പ്രതീക്ഷകളും
തീർച്ചയായും ഉണ്ട്. അത് ജീവിതത്തിലെ തിരക്കുകളിൽ നിന്ന്
നിർബന്ധപൂർവ്വം തിരിച്ചയച്ച് നമ്മെ വീട്ടിലിരുത്തിയപ്പോൾ ലഭിച്ച ഒരു
തിരിച്ചറിവാണ്. പിന്നിട്ട വഴികളിലെ സാമൂഹ്യ ഇടപെടലുകളുടെയും
സാമ്പത്തിക സമവാക്യങ്ങളുടെയും നെല്ലും പതിരും വേർതിരിക്കാനും
അതുവഴി വരാനിരിക്കുന്ന പുതിയൊരു ലോകക്രമം എങ്ങനെ ആയിരിക്കും
അല്ലെങ്കിൽ കോവിടാനന്തര ലോകം ആദർശപരമായി ഊന്നൽ കൊടുക്കേണ്ട
മുൻഗണനാക്രമം എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റി ചിന്തിച്ചു
ഒരുങ്ങാനും മുഴുവൻ ജനങ്ങൾക്കും ഒരു അവസരം ലഭിച്ചിരിക്കുന്നു.
പരിണാമ സാധ്യതയുള്ള ചില മേഖലകൾ

 1. ഭൂമിയുടെ ആരോഗ്യവും സൗന്ദര്യവും
  ഈയിടെ ഒരു പത്രവാർത്തയിൽ പഞ്ചാബിലെ ജലന്ധറിൽ നിന്ന്
  നോക്കിയാൽ ഹിമാലയ പർവതനിരകൾ കണ്ണിൽപെടാവുന്നത്ര സുതാര്യമായി
  ത്തീർന്നു അന്തരീക്ഷം എന്ന് എഴുതിക്കണ്ടു. തിരുവനന്തപുരം നഗരത്തിൽ
  നിന്നു പോലും പശ്ചിമഘട്ടമലനിരകൾ കാണപ്പെടുന്നത്ര സുതാര്യത.
  ആകാശത്തിന് ഇതുവരെ കാണാത്ത തരം നീലിമ. സമുദ്രവും സമുദ്ര
  തീരങ്ങളും കനാലുകളും നദികളു മെല്ലാം സ്വച്‌ഛന്ദവും ശുദ്ധവുമായി
  മാറി. ഈ ഇന്ത്യൻ വേനൽകാലത്തും ചെടികളും മരങ്ങളും പുത്തൻ
  തളിരിലകളും പൂക്കളും വിടർത്തി. ഒരു പ്രദേശത്തെ അന്തരീക്ഷ
  മലിനീകരണത്തിന്റെ തോത് അവിടെ പാറുന്ന ശലഭങ്ങളുടെ എണ്ണത്തിൽ
  നിന്ന് അനുമാനിക്കാം എന്ന് പറയപ്പെടുന്നു. അങ്ങനെ നോക്കിയാൽ

ഇന്നുവരെ കാണാത്ത തരം പക്ഷികളും ശലഭങ്ങളും ഇപ്പോൾ ആദ്യമായി
ജനവാസ മേഖലകളിലേക്ക് പറന്നു വരുന്നതായാണ് കാണുന്നത്.
നഗരങ്ങളിലെ വായു മലിനീകരണ തോത് മൂന്നിലൊന്നായി കുറഞ്ഞുവെന്ന്
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു. ഭൂമി വർണശബളവും
സ്വച്ഛസുന്ദരവുമായ ഒരു പുതിയ ഭാവത്തിലേക്ക് ഉണർന്നുയരുന്ന
കാഴ്ചയാണ് എങ്ങും.
ഏതാനും മാസത്തേക്ക്മനുഷ്യൻറെ എല്ലാ സാമൂഹ്യ ഇടപാടുകളും
പ്രകൃതി ഇടപെടലുകളും നിർത്തി വച്ചപ്പോൾ സംഭവിച്ചതാണ് ഇത്രയും.

അങ്ങനെയെങ്കിൽ പ്രകൃതിയെ പരിഗണിച്ചു കൊണ്ട് പ്രകൃതിയെ
പരിരക്ഷിച്ചു കൊണ്ട് മനുഷ്യൻറെ സാമൂഹ്യ ഇടപെടലുകളെ എങ്ങനെ
പരിവർത്തിപ്പിക്കാം എന്ന് ചിന്തിക്കാനുള്ള ഒരു അവസരമായി ഇൗ
ലോക്ക്‌ഡൗൺ കാലത്തെ കാണാൻ കഴിയണം. ആ നിലപാട് വ്യക്തി
തലത്തിലും സമൂഹ തലത്തിലും ഭരണകൂടങ്ങളിലും അന്താരാഷ്ട്ര
ബന്ധങ്ങളിലും ധനപരമായ ആശയങ്ങൾക്ക് ജന്മം കൊടുക്കണം.
ആരോഗ്യകരമായ അന്തരീക്ഷവും പ്രകൃതിയും മനുഷ്യൻറെ
ആരോഗ്യത്തിനും ജീവനും അത്യന്താപേക്ഷിതമാണെന്ന ആത്യന്തികമായ ഒരു
തിരിച്ചറിവ് ഉണ്ടാവണം.

 1. ഭരണകൂടങ്ങളുടെ തിരിച്ചറിവുകൾ
  സർവ്വ സംഹാര ആയുധങ്ങളും അതിനൂതനസാങ്കേതികവിദ്യകളും എല്ലാം
  ഉള്ള ലോകത്തിലെ വൻ ശക്തിരാജ്യങ്ങൾ കൊറോണക്ക് മുന്നിൽ
  പകച്ചുനിൽക്കുന്നതായാണ് കാണുന്നത്. എന്നാൽ നൗറു ലെസോതോ സമോവ
  വൻവാതു എന്നിങ്ങനെയുള്ള നിസാരൻമാരായ രാജ്യങ്ങൾ
  കൊറോണബാധിതരല്ലാതെ സുഖമായി ജീവിക്കുന്നു. വൻശക്തി രാജ്യമായ
  ചൈന സ്വന്തം പൗരന്മാരെ വീടുകൾക്കുള്ളിലാക്കി കതകുകൾ പലകവെച്ച്
  അടയ്ക്കുന്നു. അമേരിക്ക കൊറോണ ബാധിതരായ സ്വന്തം പൗരൻമാരോട്
  ആശുപത്രിയിലേക്ക് വരരുതെന്ന് വിചിത്രമായ നിർദ്ദേശം നൽകുന്നു. സ്വന്തം
  മലേറിയ രോഗികൾക്ക് വേണ്ടി ഇന്ത്യ സൂക്ഷിച്ചുവച്ച മരുന്നുകൾ
  ,,(hydroxychloroquine) കണ്ണുരുട്ടി കാണിച്ചും പേടിപ്പിച്ചും അമേരിക്ക എടുത്തു
  കൊണ്ടു പോകുന്നു. ഒരു മുസ്ലിം ആയ ക്വാജ അബ്ദുൽ ഹമീദ്ൻറെ കയ്യിൽ
  നിന്നും അയച്ചുകിട്ടിയ മരുന്നുകൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി നന്ദി
  പറയുന്നു. ഇന്നലെവരെ അനഭിമതരാക്കി മാറ്റി നിർത്തിയിരുന്ന ക്യൂബൻ
  ഡോക്ടർമാരെ ബ്രസീലും ഇറ്റലിയും വീരോചിതമായ സ്വീകരണം നൽകി
  ആനയിക്കുന്നു. പട്ടിണി രാജ്യമായ സൊമാലിയയിൽ ചെന്നുപെട്ട ഇറ്റാലിയൻ
  വിനോദസഞ്ചാരികൾ തങ്ങൾക്ക് സൊമാലിയയിൽ തുടരാൻ അനുവാദം

വേണമെന്ന് ഇറ്റാലിയൻ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു. മലയാളികൾ
ബ്രിട്ടനിലും അമേരിക്കയിലും മരിച്ചു വീഴുമ്പോൾ പോലും
കേരളത്തിലെത്തിയ ബ്രിട്ടീഷുകാർ രോഗ വിമുക്ത രായി ഇവിടുന്നു
പോകുന്നു.
അസംഖ്യം ആണവ പോർമുനകളും അത്യാധുനിക ഉപകരണങ്ങളും
ഉണ്ടായിട്ടും തോറ്റുപോയ ഭരണകൂടങ്ങൾ. അവർ തീർച്ചയായും ഒരു
പുനർവിചിന്തനത്തിന് തയ്യാറാവും. ആദ്യം പൗരൻ, പിന്നെ ദേശം, പിന്നെ
മാത്രം അതിർത്തി എന്ന തിരിച്ചറിവ് ജിഡിപിയുടെ ആനുപാതികങ്ങളിൽ
മാറ്റം വരുത്തും. ആരോഗ്യ സംരക്ഷണത്തിന് അത്യാധുനിക ഉപകരണങ്ങൾ
മാത്രം എന്ന സ്ഥിതിയിൽ നിന്ന് മാറി സാങ്കേതികതയുടെ ജനകീയ
വൽക്കരണം വഴി കൂടുതൽ ജനങ്ങളിലേക്ക് ചികിത്സ സങ്കേതങ്ങൾ
എത്തിക്കാൻ ഉള്ള പരിശ്രമം ഉണ്ടാവും. ദേശാതൃത്തികൾ ഇരുമ്പു
മതിലുകളല്ല എന്ന മട്ടിൽ പരമ്പരാഗത വൈരങ്ങൾ ദുർബലമാകും.
യുദ്ധങ്ങളിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ പൗരന്മാർ രോഗങ്ങളിൽ
മരിക്കുന്നു എന്ന സത്യം യുദ്ധ ബജറ്റ് എന്ന ആശയത്തെ പുനരാലോചനക്ക്
വിധേയമാക്കും.

 1. വംശീയതയുടെയും വർഗീയതയുടെയും ഭാവി
  ഈ കോവിഡ് കാലത്തിനുശേഷം ഇന്ത്യയിലെ പൗരത്വ പ്രശ്നവും
  അനുബന്ധ വിവാദങ്ങളും ദുർബലംമാവാനാണ് സാധ്യത. പൗരത്വ
  ബില്ലിനെതിരെ പ്രതികരിക്കുന്നവരുടെ ചേരിയിൽ ആളുകൾ അധികരിക്കും.
  കാരണം ഹിന്ദു വേണ്ട മുസ്ലിം വേണ്ട എന്നതിനേക്കാൾ പ്രധാനം
  വീട്ടിൽനിന്ന് പുറത്തിറങ്ങലും സ്വന്തം ഉപജീവനമാർഗ്ഗം
  നിവർത്തിക്കലുമാണെന്ന് എല്ലാവരും തിരിച്ചറിയും.അതിനുള്ള അവകാശവും
  അനുമതിയും ആണ് പരമ പ്രധാനം എന്ന അറിവ് എല്ലാ
  മസ്തിഷ്കങ്ങളിലും പൊടിച്ചു വരും. കാരണം വൈറസ് ആ രൂപത്തിൽ
  ഏറ്റവും മതേതരവും ജനകീയവുമായാണ് അതിൻറെ കിരാതമെങ്കിലും
  സോദ്ദേശപരമായ ചുടല നൃത്തമാടിയത്. ഹിന്ദു മുസൽമാൻ ക്രിസ്ത്യൻ
  സിക്ക് പാർസി എന്ന വ്യതിയാനങ്ങളൊന്നും ഒന്നിലും ഉണ്ടായിരുന്നില്ല.
  മരണത്തിലും വെന്റിലേറ്ററിലും ക്വാരന്റൈനിലും ശ്മശാനത്തിലും ഒന്നിലും.
  ഇതിനിടെ ചില വർഗീയ വൈറസുകൾ തല ഉയർത്താൻ നോക്കിയെങ്കിലും
  കൊറോണ ഭീമന്റെ ഒറ്റനോട്ടത്തിൽ അവ ഭസ്മമായിപ്പോയി എന്ന് വേണം
  കരുതാൻ. അല്ലെങ്കിൽ അങ്ങനെ തന്നെ വേണം സംഭവിക്കാൻ.

മത അനുഷ്ഠാനങ്ങളും ആചാരങ്ങളും നിർബന്ധങ്ങ ളും എല്ലാ മതക്കാരും
ഒരേപോലെ ഒഴിവാക്കി. അതിനോടുള്ള എതിർത്തു നിൽപ്പുകളും ഭീമൻറെ
മുന്നിൽ തളർന്നു വീണു. അവസാനം സ്വന്തം മതസ്ഥാപനങ്ങളും
ആരാധനാലയങ്ങളും ജാതിമതഭേദമെന്യേ രോഗികൾക്ക് ഐസൊലേഷൻ
വാർഡുകൾ ആക്കി മാറ്റാൻ അവർ തന്നെ സന്നദ്ധത അറിയിച്ചു. തികച്ചും
ശുഭോദർക്കമായ ഒരു വാർത്തയായിരുന്നു അത്.

 1. വ്യക്തിജീവിതത്തിലെ സൂക്ഷ്മ പരിവർത്തനങ്ങൾ
  കൊരോണയുടെ ലോക് ഡൗൺ എല്ലാവരെയും സ്വന്തം വീടുകളിലേക്കും
  അതിൻറെ നന്മ കളിലേക്കും തിരിച്ചയച്ചു. ഒരിക്കലും മോചനം ഉണ്ടാകില്ല
  എന്നു കരുതിയ തിരക്കുകൾ പോലും അപ്രത്യക്ഷമായി. ഇന്ത്യയിൽ
  റെയിൽവേ സ്ഥാപിതമായ ശേഷം ഇതുവരെ ആർക്കും ഇങ്ങനെ ഒരു
  അവധി ലഭിച്ചിരുന്നില്ല.താൻ ആത്യന്തികമായി ഒരു മകനോ അച്ഛനോ
  ഭർത്താവോ ഭാര്യയോ സഹോദരനോ മകളോ മുത്തശ്ശനോ മാത്രമാണെന്ന്
  എല്ലാവരും തിരിച്ചറിഞ്ഞു. അനാവശ്യമായ യാത്രകൾ, ഒത്തു ചേരലുകൾ,
  ഹോട്ടൽ ഭക്ഷണങ്ങൾ, മാളുകളിൽ കറങ്ങൽ, ആർഭാടവിവാഹങ്ങൾ
  സമ്മേളനങ്ങൾ എല്ലാം ഒഴിവായി മരണാനന്തര ചടങ്ങുകൾ മാത്രം മൂകമായി
  സംഭവിച്ചു കൊണ്ടിരുന്നു. അതിൻറെ പേരിൽ പോലും അനാവശ്യമായ
  ഒത്തുകൂടൽ ഇല്ല. അത്യാവശ്യക്കാർ മാത്രം.
  ഭക്ഷണത്തിലെയും ഇഷ്ടങ്ങളിലെയും കടുംപിടുത്തങ്ങൾ എല്ലാവരും
  ഉപേക്ഷിച്ചു. മൂന്നുനേരം ഭക്ഷണം നടക്കണം എന്നത് മാത്രമായി ആഗ്രഹം.
  അതിനും സൗകര്യപ്പെടാത്തവരെ ഗവൺമെൻറ് അന്നം ഊട്ടി. പറമ്പിലെ
  താളും തകരയും ചേമ്പും ചക്കയും മാങ്ങയും തീൻമേശകളി ലേക്ക് കയറി.
  അവയോട് മുമ്പില്ലാത്ത ഒരിഷ്ടം എല്ലാവരിലും പ്രകടമായി. ഉണക്കമീൻ
  പോലും ഇഷ്ടവിഭവം ആയി മാറി.
  എല്ലാവരും വീട്ടിൽ കൂടിയാൽ മനസ്സംഘർഷങ്ങളും അതുവഴി
  ഗാർഹികകുറ്റകൃത്യങ്ങളും വർദ്ധിക്കും എന്നൊക്കെ പ്രവചിച്ചത്
  തെറ്റായിരുന്നു എന്ന് തെളിഞ്ഞു . ഭാര്യയും ഭർത്താവും ശാന്ത ചിത്തരായി
  കുട്ടികൾ കളിക്കുന്നത് നോക്കി വീട്ടിന്റെ ഉമ്മറത്ത് ഇരുന്നു.ഭർത്താവ്
  അടുക്കള കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി ഇതുവരെ അടുപ്പം
  കുറഞ്ഞിരുന്ന പലരെയും ഫോണിൽ വിളിക്കാൻ തുടങ്ങി .സമൂഹത്തിൽ
  കുറ്റകൃത്യങ്ങൾ കുറഞ്ഞു. റോഡിൽ അപകടങ്ങൾ കുറഞ്ഞു. ആത്മഹത്യകൾ
  പോലും കുറഞ്ഞു. അങ്ങനെ സത്യത്തിൽ കോവിടാനന്ത്തര ലോകം വ്യക്തി
  തലത്തിലും സമൂഹ തലത്തിലും നല്ല പ്രതീക്ഷകളാണ് നൽകുന്നത്.

എന്നാൽ ഇതോടൊപ്പം തന്നെ പരിഗണിക്കേണ്ട ചില ആശങ്കകളും
സാധ്യതകളും നമുക്ക് വിസ്മരിക്കുക വയ്യ.
കോവിട് വൈറസ് ഒരു ജൈവായുധ മായിരുന്നു എന്നും അതു കൈവിട്ടു
പോയതാണെന്നും ഉള്ള ആരോപണമാണ് ഒരു കാര്യം. വൻ ശക്തി
രാജ്യങ്ങൾ ജൈവായുധങ്ങൾ രഹസ്യമായി ശേഖരിച്ചു വെച്ചിരിക്കാം എന്നത്
ഒരു സാധ്യത തന്നെയാണ് .
ഫ്രാൻസിൽനിന്ന് നടത്തിയ അപകടകാരിയായ വൈറസ് ചൈനയിലെ
വുഹാൻ പ്രവിശ്യക്കടുത്ത ഒരു പർവ്വത മേഖലയിലെ ലാബിൽ
സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും അത് അബദ്ധത്തിൽ കൈ വിട്ടു
പോയതാണ് എന്നും അമേരിക്ക ചൈനയെ കുറ്റപ്പെടുത്തുന്നുണ്ട്. ഈ
അപരാധത്തിന് ചൈനയെ അമേരിക്ക പാഠം പഠിപ്പിക്കും എന്ന്
പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അതും മറ്റൊരു ലോക വിപത്തിലേക്ക്
വഴിതുറക്കും.ചൈന വളരെ പെട്ടെന്ന് വൈറസിനെ വരുതിയിൽ ആക്കിയതും
ബിസിനസ് പുനരാരംഭിച്ചതും കയറ്റുമതി വർദ്ധിപ്പിച്ചതും സംശയകരമായ
കാര്യങ്ങളാണ്.ഒരു നിഗൂഢ ഗവൺമെൻറ് എന്നറിയപ്പെടുന്ന ചൈനയുടെ
തോഴൻ ഉത്തരകൊറിയ കാര്യമായി ബാധിക്കപ്പെട്ടില്ല എന്നതും
ശ്രദ്ധേയമാണ്. അതുപോലെതന്നെ സൗത്ത് കൊറിയ ഇസ്രയേൽ എന്നീ
അമേരിക്കൻ തോഴരും താരതമ്യേന സുരക്ഷിതരാണ്. നാമെല്ലാം ഇനിയും
വർഷങ്ങൾക്കുശേഷം മാത്രം തിരിച്ചറിയാനിരിക്കുന്ന സത്യങ്ങൾ
മാത്രമായിരിക്കാം ഇതിനുപിന്നിൽ.
അമേരിക്കയുടെ ഒരു പൗരൻ ലോകത്ത് എവിടെയെങ്കിലും വെച്ച്
കൊല്ലപ്പെട്ടാൽ അവിടെ സൈനികമായി ഇടപെടാൻ വ്യഗ്രത കാണിക്കാറുള്ള
അമേരിക്കൻ ഭരണകൂടം അമ്പതിനായിരത്തിലധികം പൗരന്മാർ മരിച്ചിട്ടും
അസ്വസ്ഥത പ്രകടിപ്പിക്കാത്ത തിൻറെ കാരണം നിസ്സഹായത മാത്രം
ആണെന്ന് തോന്നുന്നില്ല. 1896 ഇൽ തുടങ്ങി (അപസ്മാരം ഉള്ളവർ കല്യാണം
കഴിക്കരുത് എന്ന നിയമം )1960 ഇല്‍‌ (വന്ധ്യംകരണ നിരോധനം)
അവസാനിച്ചു എന്ന് കരുതിയ യുജനിക്സ്(EUGENICS) അഥവാ വംശ
ശുദ്ധീകരണം വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്നു
കരുതുന്നവരുണ്ട്.മരിക്കുന്നവർ അധികവും ലാറ്റിൻ അമേരിക്കക്കാരും
കറുത്തവരും ആണത്രേ. അമേരിക്കയിൽ കടന്നുകൂടി ജോലിയൊന്നും
ചെയ്യാതെ തിന്നു തടിച്ചു പ്രമേഹവും പ്രഷറും ഉണ്ടാക്കിയവരാണ്
അവരെന്നും അവരെ “വൃത്തിയാക്കിയാൽ ” അഥവാ ഇല്ലാതാക്കിയാൽ
സാമ്പത്തികമായി അമേരിക്കക്ക് അത് വലിയ വിജയമായിരിക്കും എന്നും
ഒരു ആശയം അമേരിക്കൻ ജനതയിൽ വളർന്നു വന്നിരിക്കുന്നു.
ഗവൺമെൻറിൻറെ നിസ്സംഗതയും ഈ സന്ദേഹത്തെ
സാധൂകരിക്കുന്നു.അങ്ങനെയെങ്കിൽ വംശ ശുദ്ധീകരണത്തിന്റെ ഒരുരണ്ടാം വരവ് ലോകം കാണാനിരിക്കുന്നു എന്നർത്ഥം ..ഇന്ത്യപോലുള്ള നവ
ഫാസിസ്റ്റ് രാജ്യങ്ങളിൽ ഇത്തരം ആശയങ്ങൾ പെട്ടെന്ന് വേരോടുകയും
ചെയ്യും.ജിഹാദി കൊറോണ എന്ന പേരിലും മറ്റും ചില സൂചനകൾ
ഇതിനകം ഇവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നുവല്ലോ.
ഇതിനിടെ സന്തോഷകരമായ മറ്റൊരു സംഗതി കൂടിയുണ്ട് .നീതിയുടെ
ലോകം പുലരണമെന്ന് നിശബ്ദ പ്രാർഥനയുമായി നമുക്കിടയിൽ എന്നും
ഉണ്ടായിരുന്ന സുമനസ്സുകൾ ഈ കോവിഡാനന്തര
കാലത്തെ ഒരു ശുഭപ്രതീക്ഷയിൽ വിലയിരുത്തുന്നു. അനാവശ്യങ്ങളുടെയും
ആർഭാടങളുടെയും തെറ്റായ രീതികൾ നമുക്ക് ബോധ്യമാക്കിത്തന്ന ഈ
മഹാമാരി പല നല്ല കാര്യങ്ങളിലേക്ക് വഴിതെളി ചെങ്കിൽ എന്ന് അവർ
പ്രത്യാശിക്കുന്നു.
ഉദാഹരണമായി ഏറ്റവും അടിസ്ഥാന വികസനം കൃഷിയിലൂടെ ആണ്
സംഭവിക്കേണ്ടത് എന്നും ഏറ്റവും ആവശ്യ മേഖല ആരോഗ്യമേഖല
ആണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.പട്ടാളക്കാരോട് രാജ്യം
പുലർത്തിയിരുന്ന സ്നേഹവും പരിഗണനയും ഒരുപക്ഷേ അതിനേക്കാൾ
അർഹിക്കുന്നത് കൃഷിക്കാരാണ്. അവർക്ക് എല്ലാവിധ സർക്കാർ
ആനുകൂല്യങ്ങളും സഹായങ്ങളും സാങ്കേതികവിദ്യകളും നൽകുക. അവരുടെ
ഉൽപ്പന്നങ്ങൾക്ക് അഭിമാനാർഹമായ വിപണന സാധ്യതകൾ ഉണ്ടാക്കുക
.അവരുടെ അഭിമാനം കാത്തു സൂക്ഷിക്കുക. ആരോഗ്യ മേഖലയിൽ
പ്രവർത്തിക്കുന്ന എല്ലാവർക്കും ഉയർന്ന വേതനവും സുരക്ഷയും
സൗകര്യങ്ങളും ഏർപ്പെടുത്തുക.കൂടുതൽ ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക്
ലഭ്യമാക്കുക. ജിഡിപിയുടെ നല്ലൊരു ശതമാനം ആരോഗ്യം കൃഷി ചെറുകിട
വ്യവസായങ്ങൾ എന്നിവയ്ക്ക് നൽകുക.
ഒപ്പം തന്നെ ഈ സുമനസ്സുകൾ വിദ്യാഭ്യാസം രാഷ്ട്രീയം മതം എന്നിവയിലും
കൊറോണനന്തര കാലത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം ക്ലർക്ക്
മാരെ സൃഷ്ടിക്കുന്നതിനു പകരം നാനാമുഖമായ സേവന മേഖലകളിലേക്കു
പ്രാപ്തരായവരെ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കുക.
രാഷ്ട്രീയത്തിൽ വിദ്യാഭ്യാസവും നല്ല നടപ്പും ഒരു യോഗ്യത ആയി
പരിഗണിക്കുക.മതാനുഷ്ഠാനങ്ങൾ പരസ്പരം പ്രകോപിതരാക്കുന്ന രീതിയിൽ
നിന്നു മാറി പരമ ശാന്തിയുടെ രൂപത്തിലേക്ക് മാറുക. അങ്ങനെ പല പല
മാറ്റങ്ങൾ. അതിനെല്ലാം വേണ്ടി കോവിടാനന്തര ലോകത്തിലേക്ക് നമുക്ക്
പ്രതീക്ഷയോടെ ഉറ്റു നോക്കാം.

Dr m shajahan
കേരള സർക്കാർ ആരോഗ്യവകുപ്പിൽ ഡോക്ടർ
ശിശുരോഗ വിദഗ്ധൻ
ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നു.
പത്തു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
മലപ്പുറം ജില്ലയിലെ ചിറ മംഗലത്ത് താമസം.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading

ലോകം

കൊറോണസ്വപ്നദ്വീപ് 1

Published

on

ഡോ. ഉമർ തറമേൽ

സ്വപ്‌നങ്ങൾ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ വിജ്ര്oഭണമാണെന്ന്, സിഗ്മണ്ട് ഫ്രോയിഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതതുപോലെ വിശ്വാസത്തിലെടുക്കാൻ എനിക്കെന്നല്ല പലർക്കും കഴിയാറില്ല.

അതിനു കരണം സ്വപ്നങ്ങളുടെ ഘടനാപരമായ അനിശ്ചിതത്വമാണ്.സ്വപ്നങ്ങൾക്ക് വ്യാഖ്യാനം അതുകൊണ്ടുതന്നെ എളുപ്പമല്ല എന്നുമാത്രമല്ല അപൂർണവുമാണ്.സ്വപ്നങ്ങൾ നിറമുള്ളവയും കറുപ്പിലും വെളുപ്പിലും ഉള്ളവയും ഉണ്ട്. ഇവയിൽ നിറമുള്ളവ കൂടുതൽ സങ്കീർണമാണെന്ന് ഫ്രോയിഡ് തന്നെ പറഞ്ഞിട്ടുണ്ട്. സ്വപ്നങ്ങളുടെ നിറത്തിന്റെ കാര്യത്തിൽ പോലും കാണിക്ക് പലപ്പോഴും തീർപ്പിലെത്താൻ കഴിയാറില്ല. അതിനു കാരണവും നേരത്തെ പറഞ്ഞ ഘടനാപരമായ അതിന്റെ അനിശ്ചിതത്വം തന്നെ.അതുകൊണ്ടുതന്നെ,

സ്വപ്നവും ഭാഷയും തമ്മിലുള്ള ജൈവബന്ധത്തെ മുനിർത്തിയുണ്ടായ,ഫ്രോയിഡിനു ശേഷമുള്ള മനഃശാസ്ത്ര ചിന്തകളാണ് കൂടുതൽ ശരി എന്നാണ് എന്റെ ബോധ്യം.

സ്വപ്നങ്ങളെക്കുറിച്ച് ഒരു ചിന്താപരമായ മുഖവുരയുണ്ടാക്കാൻ കാരണമുണ്ട്. കോവിഡ് തുടങ്ങിയതിന് ശേഷം ഏതാണ്ട് ഒരുവർഷക്കാലം ഞാൻ അനുഭവിച്ച ഭീതിജനകമായ ഒരു ഉള്ളനുഭവം ഉണ്ട്. മറുപുറത്ത് സംഭവിച്ച വിചിത്രമായ ചില സ്വപ്നങ്ങളും.എല്ലാംകൊണ്ടും തികച്ചും പോസസ്ഡ് അയ ഒരു കാലം.

പൊടുന്നനെ സാമൂഹ്യ ചലന നിയമങ്ങൾ മാറുകയും പലമട്ടിലുള്ള അകലങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുകയുണ്ടായത് ചെറിയ തോതിലൊന്നുമല്ല പലരിലും ഭീതി വിതച്ചിട്ടത് . മാസ്ക് നാടകങ്ങളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും അത് നിത്യജീവിതത്തിൽ പാലിക്കേണ്ടി വന്നപ്പോൾ നാടകം എന്ന കലാരൂപവും ഞാനും തമ്മിലുള്ള അകലം ഒരു പ്രശ്നമായി അനുഭവപ്പെട്ടു.മാസ്ക് കഥാപാത്രത്തിനു വേണ്ടിയാണെങ്കിലും നടന് /നടിക്ക് പൊടുന്നനെയവ എടുത്തണിയേണ്ടിവരുമ്പോൾ ഒരുതരം സ്ഥലജലവിഭ്രമം ഉണ്ടാകാറുണ്ട്. മാസ്ക് അണിയുന്നതോടെ നമ്മിൽ ചിലരുടെയെങ്കിലും ജീവിതത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ടാവും.ശാരീരിക അകലത്തെ, സാമൂഹ്യ അകലം എന്ന ആശയം കൊടുത്തുകൊണ്ടാണ് നമ്മുടെ സർക്കാരോരോഗ്യമെഷിനറി പോലും അവതരിപ്പിച്ചത്. അതുണ്ടാക്കിയ മാനസിക വിഭ്രാന്തി ചെറുതല്ല.ഒരു സുപ്രഭാതത്തിൽ, സംഭവിച്ച സൗഹൃദങ്ങളുടെ പൊട്ടിപ്പിളരൽ അതോടെ ആരംഭിച്ചു.രോഗമുള്ളവരെയും വൃദ്ധരെയും മാത്രമല്ല, ചിന്താശീലരായ ചെറുപ്പക്കാരെവരെ അത് പിടികൂടി.ഞാൻ,സാമൂഹിക അകലം എന്ന പ്രയോഗത്തെ ശാരീരികം എന്നയർത്ഥത്തിൽ തന്നെയാണ് മനസ്സിലാക്കിയതെങ്കിലും സമൂഹനിഷ്ഠമായ പെരുമാറ്റശീലങ്ങളെ അവ വല്ലാതെ നിയന്ത്രിച്ചു.

മനുഷ്യനെ ജീവിപ്പിക്കുന്നത് വിശ്വാസങ്ങളും സ്വപ്നങ്ങളും സൗഹൃദങ്ങളുമൊക്കെയാണല്ലോ. ഇങ്ങനെയൊക്കെ ചിന്തിക്കുന്നവർക്ക് വിഷാദം പിടിപെടാൻ അധികം വേണ്ട.

ദുരന്തകൃതമായ ഒരുദിനം.അലോചനകൾ കുറെയെങ്കിലും വഴിയിൽ ഉപേക്ഷിക്കാമല്ലോ എന്നുകരുതിയാണ് ഒറ്റയ്ക്ക് കോഴിക്കോട് അങ്ങാടിയിൽ വെറുതെയലഞ്ഞു.സ്വകാര്യമായിരുന്ന്,

മഹ്ദി ഹസന്റെ ഗസലും കേട്ട് ഒരു ബിയർ നുണയാമെന്ന് തീരുമാനിച്ചിരുന്നപ്പോൾ പ്രവാസിയെപ്പോലെയൊരാൾ വലിയ ബെഗേജുമായി വന്നു തൊട്ടടുത്ത ടേബിളിൽ ഇരുന്നു. തികച്ചും പ്രസാദവനായ അയാളുടെ സാന്നിധ്യം ഏകാന്തതയുടെ നട്ടുച്ചയിലും വലിയ സന്തോഷമുണ്ടാക്കി.

സന്ധ്യക്ക്‌ വീട്ടിലെത്തി ടീവി തുറന്നപ്പോൾ, കോവിഡ് ബാധിതരുടെ റൂട്ട്മാപ്പ് വിവരണവും പോലീസിന്റെ പിന്തുടരലും പൊടിപൊടിക്കുന്നു.

സന്തുഷ്ടനായ, വലിയ ബെഗേജുള്ള ആ മനുഷ്യൻ പൊടുന്നനെ മനസ്സിലുടക്കി.അയാൾ എന്തോ ഒരുകാര്യം എന്നോട് ചോദിച്ചതായി ഓർത്തു.

ദൈവമേ, ചതിച്ചോ?

ശരീരത്തിലേയ്ക്ക് ഒരു വിറയൽ കയറിയപോലെ.

യാത്രയിലും എനിയ്ക്കെന്തോ പ്രശ്നമുണ്ടായിരുന്നില്ലേ? ഞാൻ ബസ് യാത്രയുടെ റിട്രോസ്പെക്റ്റീവ് ഓർമയിൽ ഓടിച്ചു നോക്കി.അടുത്ത സുഹൃത്തുക്കളുടെ വിട്ടുപോകലിൽ

മനസ് വല്ലാതെ അലോസരപ്പെട്ട ഒരു ദിനം, പിന്നെങ്ങനെയല്ലാതിരിക്കുമോ എന്നൊക്കെ സമാധാനിച്ചു. മഹ്ദി പാടിത്തന്ന പ്രണയത്തിന്റെ ഗസൽ നൽകിയ ആശ്വാസം അപ്പോൾ മനസ്സിൽ തീരെയുണ്ടായിരുന്നില്ല.

അതോടെ കാര്യം പുലിവാലായി.നോക്കുന്ന ഏത് ദൃശ്യവും കേൾക്കുന്ന ഒച്ചയും ഒരുതരം അനിർവചനീയമായ ഭീതിജനിപ്പിച്ചു.

വാതിലിന്റെ സാക്ഷനീക്കുന്ന ഒച്ച, പൂച്ചകളുടെ വന്യമായ കരച്ചിൽ, മരം വീഴുന്ന ഒച്ച… എന്നിങ്ങനെ എന്തുകെട്ടാലും ഒരു ചിലന്തി തലച്ചോറ്റിലേയ്ക്ക് തുളച്ചുകയറുന്നപോലെ.കൊറോണ കയറിമേയുന്ന ഒരു ശരീരത്തിന്റെ അങ്കലാപ്പുകൾ ആവുമോ ഇവ, എന്നു ഞാൻ ശങ്കിച്ചുതുടങ്ങി.പനി മാത്രമില്ലാത്തത് ഒരു പിടിവള്ളിയായി.എന്താണ് മനസിലും ശരീരത്തിലും മേഞ്ഞുനടക്കുന്നത്. ടീവി ഓഫാക്കി നേരത്തെകിടന്നു.

വൈറസ് ബാധിച്ചയാളുടെ മാനസികവും ശാരീരികവുമായ കാര്യങ്ങൾ കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ എന്റെ മനസ്സ് വെമ്പി. വൈറസ്ബാധയുമായി ബന്ധപ്പെട്ട മുൻകാലസാഹിത്യം,സിനിമ, പെയിന്റിംഗ് എന്നിവ ഗൂഗിളിൽ സർച്ച്‌ചെയ്തു കണ്ടുപിടിച്ചു വായിക്കാനും കാണാനും തിടുക്കമായി.

13,14 നൂറ്റാണ്ടുകളിൽ ഫ്ലോറൻസിലുണ്ടായ പകർച്ചവ്യാധികളുടെ സ്ഥല-കാല പശ്ചാത്തലത്തിലാണല്ലോ, ഡെക്കാമാറോൺ കഥകൾ ഉണ്ടാവുന്നത്. അന്ന് എഴുത്തുകരും ആർട്ടിസ്റ്റുകളും യൂറോപ്പിന്റെ നാലു ദിക്കുകളിൽനിന്നും ഫ്ലോറൻസിലേയ്ക്കും പ്രാന്തപ്രദേശങ്ങളിലേയ്ക്കും ഒഴുകുകയുണ്ടായി-പെന്റെമിക് കാലത്തെയും മനുഷ്യഭാഗധേയത്തെയും അടയാളപ്പെടുത്താൻ, എന്ന് ചരിത്രത്തിൽ വായിക്കാം.

1947-ൽ രചിക്കപ്പെട്ട, ആധുനിക മനുഷ്യന്റ രോഗാതുര മനഃശാസ്ത്രത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഒരു രാഷ്ട്രീയ നോവൽ ആണല്ലോ, കമ്യുവിന്റെ പ്ളേഗ്, ഞാൻ മുമ്പ് വായിച്ചവയാണ്. സരമാഗുവിന്റെ അന്ധത (Blindness )മറ്റൊരു ശ്രദ്ധേയകൃതി.

എലികളുടെ മരണത്തിലൂടെ മെല്ലെ മെല്ലെയാരംഭിക്കുന്നതും ക്രമേണ മനുഷ്യ ശവങ്ങൾ കുന്നുകൂടുന്നതും സർക്കാർ അതിർത്തി അടയ്ക്കുന്നതും പിന്നെപ്പിന്നെ നിരവധി അധികാരക്കസർത്തുകളിലൂടെ ചുരുക്കപ്പെടുന്ന മനുഷ്യസ്വാതന്ത്ര്യവും ഉയർത്തപ്പെടുന്ന ഭീതിയും മരുന്നുകമ്പനികളുടെ ചൂഷണങ്ങളും എല്ലാം ചേർന്നു മനുഷ്യന്റെ വ്യക്തിസ്വത്വത്തിനും സാമൂഹ്യസ്വത്വത്തിനും നേരേ ഭവിക്കുന്ന തികച്ചും അമാനവീകൃതമായ ഒരു രാഷ്ട്രീയം അവതരിപ്പിക്കുന്നു, പ്ളേഗ്.(നമ്മുടെ കോവിഡ് കാലം ഇങ്ങനെത്തന്നെയല്ലേ മനുഷ്യരോടും അവരുടെ സാഹചര്യങ്ങളോടും പെരുമാറിയത്. കോർപ്പറേറ്റ് മരുന്ന് -വാക്സിൻ കമ്പനികളുടെ മല്പിടുത്തത്തിലല്ലേ, ഇപ്പോൾ നമ്മുടെ ജീവിതം ).

പ്ളേഗ് സിനിമയായതും കണ്ടിട്ടുണ്ട്.

അവയൊക്കെ വീണ്ടും കാണണമെന്ന് തോന്നി. കലാരൂപമായ സിനിമയോടുള്ള ആഭിമുഖ്യമല്ല അപ്പോൾ ഉണർന്നത്. സ്വന്തം നിലനിൽപ്പിനെചൊല്ലിയുള്ള ആധികൊണ്ട്.എന്നാലും അവ വീണ്ടും കാണണമെന്ന് തോന്നി.

സിനിമയും നോവലും ഒരു കലാരൂപമാണെന്ന എന്നിലെ നിർബന്ധവിശ്വാസങ്ങൾക്ക് ഇളക്കം തട്ടിയപോലെ.

ആദ്യം ചില ശാസ്ത്രസിനിമകൾ കണ്ടു.പിന്നെ ഡോക്യുമെന്ററികൾ.അവയിലെ മനുഷ്യർ കാണിക്കുന്ന രോഗലക്ഷണങ്ങൾ എന്നെ വീണ്ടും പ്രശ്നത്തിലാക്കി.അവരുടെ ചുമയുടെയും വേച്ചുനടപ്പിന്റെയും സ്വഭാവം ഞാൻ കൂടുതൽ ശ്രദ്ധിച്ചു.അവരുടെ ശരീരചേഷ്ഠകൾ.

സിനിമ മുഴുവൻ കാണേണ്ടെന്നു തോന്നി.അതോടെ അത്തരം സിനിമകൾ ഉപേക്ഷിച്ചു.

റിയലിസത്തിന് റിയലിസത്തോട് മാത്രമേ ഏറ്റുമുട്ടാനാവൂ.

ഫിക്ഷൻ ആവുമ്പോൾ നമ്മിലെ ഭാവനാപരമായ അംശങ്ങളോട് ഏറ്റുമുട്ടി ഏറെക്കുറെ നമുക്ക്മാത്രം ബോധ്യപ്പെടാവുന്ന ഒരു റിയലിസം ഉണ്ടാക്കാൻ പറ്റുമായിരിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരം ചില ആൽഗോരിതങ്ങളായിരിക്കും ശരി, എന്നാശ്വസിച്ചു.

അത്തരം അൽഗോരിതങ്ങളെ ശരിയെന്നുസ്ഥാപിക്കാൻ ഇത്തരം പെൻഡെമിക് ഘട്ടങ്ങളിൽ ഒരുപക്ഷേ നാം പലതും തേടിപ്പോയേക്കും.എന്നാൽ കലാരൂപങ്ങളിലെ മനുഷ്യരുടെ ചെഷ്ഠകളും ചലനങ്ങളും എന്നെ കൂടുതൽ ആശങ്കകളിലേയ്ക്ക് തള്ളിവിടുകയാണ് ചെയ്തത്. ആക്കാലത്ത് ഒരുപക്ഷേ,എന്നെപ്പോലെ ഇത്തരം സിനിമകളും മറ്റുംകണ്ട് കൂടുതൽ വ്യധിതചിത്തരായ പരശ്ശതം മനുഷ്യർ ഉണ്ടായിട്ടുണ്ടാവുമെന്ന് എനിയ്ക്ക് തീർച്ചയുണ്ട്.

ഷുസെ സരമാഗുവിന്റെ Blindness (അന്ധത )എന്ന നോവൽ 2008-ൽ ഫെർണാണ്ടോ മെർലെ (Fernando Meirlles) സിനിമയാക്കുകയുണ്ടായി. അന്ധതയുമായി ബന്ധപ്പെട്ട സാംക്രമികരോഗപ്പകർച്ചയുടെയും തന്നിമിത്തം ഉണ്ടാകുന്ന സാമൂഹ്യ-മനുഷ്യ -വ്യക്തി ദുരന്തത്തിന്റെയും കഥയാണത്.ഭൗതിക സമൂഹത്തിന്റെ ശാരീരിക പ്രശ്നത്തേക്കാൾ സിംബോളിക് ആയ മനുഷ്യസമൂഹത്തിന്റെ രോഗാതുരമായ അവസ്ഥയെയാണ് ആ നോവലും സിനിമയും പ്രകാശിപ്പിക്കുന്നത്.

സിനിമയിലെ കൂട്ടംകൂടിവരുന്ന മനുഷ്യരുടെ അന്ധത,ഇരുട്ടും ഭീതിയുംവച്ചുകൊണ്ട് മുന്നോട്ടുള്ള അവരുടെ പ്രയാണങ്ങൾ സിനിമയിൽ പകർത്തിയിരിക്കുന്നത് ജലഛായ ചിത്രമാതൃകയിലുള്ള ഷോട്ടുകൾ കൊണ്ടാണ്.അന്ധതബാധിച്ചയാളുടെ കാഴ്ചപ്പാടിലൂടെ അവർപെരുമാറുന്ന സ്ഥലസീമയുടെ സ്വഭാവം കൂടുതൽ നല്ല ഭാഷയാക്കി മാറ്റാൻ ഇതുകൊണ്ടായി.

ആ സിനിമയ്ക്ക് നേരിട്ടല്ല രോഗവുമായുള്ള ബന്ധമെന്നും അവ രൂപകാത്മകമാണെന്നുമുള്ള വിചാരങ്ങൾ കരുതിക്കൂട്ടി ഉറക്കെ ഉള്ളിൽ പറഞ്ഞുശീലിച്ചു. എന്നിട്ടും ആ മനുഷ്യരുടെ നിസ്സഹായാവസ്ഥ എന്നെ വേട്ടയാടി.

മധ്യകാലത്തെ പെൻഡെമിക് യഥാർഥ്യങ്ങൾ പകർത്തിയ നൂറുകണക്കിന് പെയിന്റിംഗുകൾ ഏറെ നോക്കി.പെയിന്റിംഗിന്റെ നില സിനിമയെക്കാൾ ഭീതി ജനിപ്പിക്കുന്നതായിരുനന്നു.സിനിമ അതിന്റെ ചലനക്രമത്തോടെ അത് നമ്മിൽനിന്ന് ഒഴുകിപ്പോകുമെങ്കിൽ പെയിന്റിംഗ് കൂടുതൽ ആഴത്തിൽ ഹൃദയത്തിൽ ഒട്ടിനിൽക്കും.സ്ഥലം അതിന് നങ്കൂരമിടാവുന്ന ഇടമാകുന്നതുകൊണ്ടുകൂടിയാവണം അങ്ങനെ സംഭവിക്കുക.

ഡക്കാമറൺകഥകൾ വായിച്ചു.ആക്കാലത്ത് ഫ്ലോറെൻസിൽ ഉണ്ടായ വൈറസ് ബാധയെ കുറിച്ചു വായിച്ചു. അവയെ മുൻനിർത്തിയുണ്ടായ പെയിൻറ്റിംഗുകളിടെ ഒരു കലവറ തന്നെയുണ്ട്. ദൈവമേ എത്ര മനോഹരമാണവ, പറഞ്ഞിട്ടെന്താ എന്റെ ശരീര മാനസികാവസ്ഥകൾ അവയൊക്കെ സ്വശരീരത്തിലേയ്ക്ക് സ്വീകരിക്കുമ്പോലെ.ഫ്ലോറൻസിലും പരിസരദേശത്തും ലോകത്തിന്റെ നനാഭാഗത്തുനിന്നും ആർട്ടിസ്റ്റുകൾ വന്നു തമ്പടിച്ചതും കഥകൾ എഴുതിയതും ചിത്രങ്ങളും വരച്ചതും വലിയ ചരിത്രമാണ്.

രാത്രിയാവാതിരിക്കാൻ പ്രാർത്ഥിച്ചു. കരണം, ഉറക്കമില്ലായ്മ കൊണ്ടുവരുന്ന ഭീതി. നേരം വെളുക്കുമോ എന്ന ഭയം. നേരം വെളുത്ത ഉണരുമ്പോൾ ഒരു പുതുവസന്തം പി റന്നപോലെ തോന്നും. അത്ഭുതത്തോടെ ലോകത്തെനോക്കും.ബഷീറിന്റെ മതിലുകളിലെ നായകൻ പറയുംപോലെ, പ്രപഞ്ചമേ സലാം എന്നുറക്കെ പറഞ്ഞു ജീവിച്ചിരിക്കുന്നതിന്റെ സന്തോഷം ഉറപ്പുവർത്തും.

ഏകദേശം ഒരുവർഷക്കാലം ഇതുപടി ഇഴഞ്ഞുനീങ്ങുന്ന നാളുകളിൽ ഞാൻ ഒറ്റ സ്വപ്നവും കണ്ടില്ല. ഒരുപക്ഷേ, ദുഃസ്വപ്നം കൂടിയുണ്ടായിരുന്നെങ്കിൽ എന്റെ ശരീരത്തിന്റെ മെറ്റാബോളിസം അമ്പേ അപടത്തിലാകുമായിരുന്നു. ദൈവമായിരുന്നു അന്നു എനിയ്ക്ക് ഏക സുഹൃത്ത്.പ്രാർത്ഥനയായിരുന്നു കവിത.

നിത്യേനവരുന്ന ടീവി വാർത്തകൾ. വേട്ടകൾ. റൂട്ട്മാപ്പുകൾ,പത്രവർത്തകൾ മുഖ്യന്ത്രിയുടെ കോവിഡ് കണക്കെടുപ്പുകൾ… ലോകത്ത് ഇന്ത്യയുടെ സ്ഥാനം ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായി.

ട്രമ്പിന്റെയും ചൈന ഏകാധിപതിയുടെയും ക്രൂരമായ കോമാളിത്തങ്ങൾ, അതിർത്തിയിലെ വെടിയൊച്ചകൾ… എന്നുവേണ്ട എല്ലാം രാഷ്ട്രീയ മനുഷ്യനായ എന്നെ ആഴത്തിൽ തൊട്ടു.

ഒരേനേരം ഒരാൾ വ്യക്തിയാവുന്നതിന്റെയും സമൂഹമാകുന്നതിന്റെയും സുഖത്തേക്കാൾ അതിന്റെ ഭീതിയും വിഹ്വലതയും എന്നെ വേട്ടയാടി. Personal is political എന്നു പറയുന്നതും ഇങ്ങനെ എല്ലായർത്ഥത്തിലുമാണല്ലോ.

മനസിന്റെയും ശരീരത്തിന്റെയും സന്തുലിതത്വം ചിന്നിച്ചിതറി പ്പോകാവുന്ന ഇത്തരം സമയങ്ങളിൽ ഭരണകൂടങ്ങളുടെ നിയമ നിർമാണങ്ങളും നിർദ്ദേശങ്ങളും പരമാവധി സാമൂഹ്യ മനഃശാസ്ത്രത്തെ അടിമുടി മനസ്സിലാക്കികൊണ്ട് വേണം എന്ന് ഞാൻ അലോചിച്ചുപോയി.

ഞാനടക്കം അന്ന് ജോലിചെയ്തിരുന്ന നമ്മുടെ സമൂഹത്തിലെ സർവകലാശാലകളെ കുറിച്ചും ഞാൻ അലോചിച്ചു . എനിക്ക് ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വല്ലാത്ത നിരാശ തോന്നി. സ്കൂളുകൾ പോലെ അടച്ചിട്ടു കേവലം ഓൺലൈൻ ക്ലാസുകൾ കൊണ്ട് ഓട്ടയടക്കേണ്ട സ്ഥാപനങ്ങളാണോ അവ? പൂർണമായും ആരോഗ്യവകുപ്പിന് അടിയറവ്പറഞ്ഞു ഒരു സ്റ്റാൻഡേർഡ് തൊമ്മിയെപ്പോലെ മാറിനിൽക്കേണ്ടവയാണോ സ്വയം ഭരണസ്വാതന്ത്ര്യമുള്ള ജ്ഞാനോല്പാദന സ്ഥാപനങ്ങൾ. അറിവുല്പാദന കേന്ദ്രങ്ങൾ എന്ന നിലയ്ക്ക്, ഇത്തരം നിസ്സഹായ ഘട്ടങ്ങളിൽ സർവ്വകലാശാലകൾക്ക് പുതിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്താനില്ലേ?അവയ്ക്ക് വേദനതിന്നുന്ന സമൂഹത്തോട് ബാധ്യതയില്ലേ? അങ്ങനെ എത്തുംപിടിയും കിട്ടാതെയുഴലുമ്പോഴാണ് അറിയാതെ മനസ്സിൽ ഒരു സാന്ത്വനത്തിന്റെ കാലവർഷം പിറന്നത്.എന്നാൽ കാർമേഘപടലങ്ങളുടെ ഇരുണ്ട തിരശീല വകഞ്ഞുമാറ്റിക്കൊണ്ട് കുറേ വിചിത്രസ്വപ്‌നങ്ങൾ എന്നിൽ സംഭവിച്ചത്!

littnow

Continue Reading

ലോകം

കടൽ ആരുടേത് 6

Published

on

By

എം.ഷൈറജ്

ഇറ്റാലിയൻ നാവികരും കടൽ നിയമവും

2012 ഫെബ്രുവരി 15ന് ഇറ്റാലിയൻ നാവികർ രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവം നടന്നത് നീണ്ടകര തീരത്തു നിന്നും 20.5 നോട്ടിക്കൽ മൈൽ അകലെ,

അതായത് ഇന്ത്യയുടെ കോണ്ടിഗസ് സോണിൽ വച്ചായിരുന്നുവല്ലോ? കോണ്ടിഗസ് സോണിൽ വച്ചു നടന്ന സംഭവത്തിൽ അന്വേഷണം നടത്തുവാനോ വിചാരണ നടത്തുവാനോ അന്താരാഷ്ട്ര കടൽനിയമപ്രകാരം ഇന്ത്യക്ക് അധികാരമില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മൂന്നാം കടൽ നിയമ ഉടമ്പടിയിലെ നിയമവ്യവസ്ഥകൾ മുന്നിർത്തി ഇറ്റലി വാദിച്ചു. ഒറ്റനോട്ടത്തിൽ ശരിയെന്നു തോന്നാവുന്ന ഈ വാദം പക്ഷേ ഇന്ത്യൻ നിയമവുമായി യോജിച്ചുപോകുന്നതല്ല.

ഐക്യരാഷ്ട്രസഭയുടെ മൂന്നാം കടൽനിയമ കൺവെൻഷൻ നിലവിൽ വരുന്നതിനു മുമ്പുതന്നെ സമുദ്രമേഖലാ ആക്ട് (The Territorial Waters, Continental Shelf, Exclusive Economic Zone and Other Maritime Zones Act, 1976) ഇന്ത്യയിൽ നിലവിലുണ്ട്. ഈ നിയമത്തിൽ വിവിധ തീരക്കടൽമേഖലകളുടെ ദൂരപരിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ പരിധികളാവട്ടെ അന്താരാഷ്ട്ര ഉടമ്പടിയുടെ നിദ്ദേശങ്ങൾക്കു തുല്യവുമാണ്. അതോടൊപ്പം തന്നെ, പ്രത്യേക വിജ്ഞാപനത്തിലൂടെ ഏത് ഇന്ത്യൻ നിയമത്തിന്റെ അധികാര പരിധിയും തീരസമുദ്രമേഖലകളിലേക്കു വ്യാപിപ്പി ക്കുവാനും സമുദ്രമേഖലാ ആക്ട് ഭാരത സർക്കാരിന് അധികാരം നൽകുന്നുണ്ട്. ഈ അധികാരമുപയോഗിച്ച് പ്രത്യേക സാമ്പത്തികമേഖല വരെ ഇന്ത്യൻ പീനൽ കോഡിനും (IPC) ഇന്ത്യൻ ക്രിമിനൽ നടപടിക്രമത്തിനും (CrPC) 1981 മുതൽ സാധുത നൽകിയിട്ടുമുണ്ട്. ഇമ്മട്ടിൽ തദ്ദേശനിയമവും അന്താരാഷ്ട്രക്കരാറും തമ്മിൽ ഉള്ളടക്കത്തിൽ വ്യത്യാസപ്പെട്ടാൽ തദ്ദേശീയ നിയമമാവും നിലനിൽക്കുകയെന്ന് ഒട്ടേറെ വിധി ന്യായങ്ങളിൽ സുപ്രീം കോടതി കണ്ടെത്തിയിട്ടുള്ളതുകൂടി ഇതോടു കൂട്ടിവായിച്ചാൽ, ഇറ്റാലിയൻ നാവികരെ നമ്മുടെ കോടതിയിൽ വിചാരണ ചെയ്യുവാനും കുറ്റക്കാരെന്ന് കണ്ടാൽ ശിക്ഷിക്കുവാനും കഴിയുമെന്നാണർത്ഥം.

എന്നാൽ അന്താരാഷ്ട്ര ട്രിബൂണലിsâ പരിഗണനയിൽ അന്താരാഷ്ട്രക്കരാറുകളിലെ നിയമങ്ങൾ മാത്രമേ വരൂ. അന്താരാഷ്ട്ര ട്രിബൂണലിന്റെ 2020 മെയ് 21 ലെ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരമുൾപ്പെടെയുള്ള ഇന്ത്യൻ നിലപാടുകൾക്ക് അനുകൂലമാണെങ്കിലും പ്രതികളായ നാവികരെ വിചാരണ ചെയ്യുവാനുള്ള അധികാരം ഇറ്റലിക്കാണെന്നാണ് കണ്ടെത്തിയത്. കോണ്ടിഗസ് സോണിൽ തീര-രാജ്യത്തിന് ക്രിമിനൽ അധികാരങ്ങൾ ഉണ്ടോയെ ന്നചർച്ചയ്ക്കുപരിയായി പ്രതികൾ ഇറ്റാലിയൻ പ്രതിരോധസേനാംഗങ്ങളായതിനാൽ അവർക്ക് പ്രത്യേക നിയമപരിരക്ഷയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിധിയെന്നത് സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നു. കൂടുതൽ ചർച്ചകളും വിവാദങ്ങളും അന്താരാഷ്ട്രതലത്തിൽ ഈ വിഷയത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. ഇറ്റാലിയൻ നാവികർ കേരളതീരത്തു വച്ചു നടത്തിയ കടൽക്കൊലപാതകവും അതിന്മേലുള്ള അന്താരാഷ്ട്ര ട്രിബൂണൽ വിധിയും തുടർ ചർച്ചകളും കടൽനിയമങ്ങളുടെ ഭാവിവികാസത്തിൽ നിർണായക പങ്കുവഹിക്കാനൊരുങ്ങുമ്പോൾ കടൽ നിയമരൂപീകരണത്തിൽ കേരളം വീണ്ടുമൊരു ഫോക്കൽപോയിന്റ് ആവുകയാണ്, ചരിത്രമാവട്ടെ ഒരു വൃത്തം പൂർത്തിയാക്കുകയും ചെയ്യും.

(അവസാനിച്ചു)

References:

 1. United Nations Convention on the Law of the Sea of 10 December 1982 (www.un.org)
 2. Hugo Grotius, The Free Sea, (Liberty fund, Indianapolis, 2004)
 3. R.P. Anand, Origin and Development
 4. of the Law of the Sea (Martinus Ninjhoff Publishers, Hague, 1983)
 5. K.M. Panikkar, India and the Indian Ocean (London, 1945)
 6. Donald R Rothwell and Tim Stephens, The International Law of the Sea (Hart Publishing, Oxford )

littnow

Continue Reading

Trending