Connect with us

ലേഖനം

കവിത തിന്തകത്തോം 5

Published

on

വി.ജയദേവ്

ലോകത്തെ ഏതു
കവിയുടെയും
കാമുകിയായവൾ

പൂമ്പാറ്റയായി ഇന്നോ നാളെയോ മാറുമെന്നു പറഞ്ഞു വിലാസിനിച്ചേച്ചി ലോകത്തെ ഏറ്റവും സുന്ദരമായ ഒരു പ്യൂപ്പയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു പൂമ്പാറ്റയായി മാറുന്നത് ഇത്രയും പ്രയാസമേറിയ കാര്യമാണെന്ന് അന്ന് ആദ്യമായി മനസിലാക്കുകയായിരുന്നു ഞാൻ. പൂമ്പാറ്റകൾക്കു പേറ്റുനോവ് ഇല്ലായിരുന്നു എന്നും അത് ഒരു പൂമൊട്ടു വിരിയുന്നതുപോലെ ഒരു ദിവസം പൂവായി വിട൪ന്നുവരികയായിരുന്നു എന്നുമായിരുന്നു എന്റെ ധാരണ. എന്നാൽ, വിലാസിനിച്ചേച്ചി തന്റെ പ്യൂപ്പജന്മത്തിലൂടെ അതെല്ലാം തിരുത്തുകയായിരുന്നു. കവിത എഴുതാൻ ഭൂമിയിൽ വളരെക്കുറച്ചു പേ൪ക്കേ സാധിക്കൂ എന്ന എന്റെ ധാരണയെ അപ്പാടെ തിരുത്തിക്കളഞ്ഞതുപോലെ.

അന്നൊന്നും ക്ലാസുകളിലെ കവിത അത്രയൊന്നും നല്ല ഒരു അനുഭവമായിരുന്നില്ല എന്റെയൊന്നും തലമുറയ്ക്കു തന്നിരുന്നത്. കവിത സമ്മാനങ്ങളൊക്കെ തന്നിരുന്നു. എന്നാൽ, അതു കൈവെള്ളയിലാണെന്നു മാത്രം. കവിതക്ലാസിൽ പണ്ഡിതൻ മാഷിന്റെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു ഞാനെന്നു നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അതു ശരിയുമായിരുന്നു. കവിതയുടെ പാഠഭാഗം മനഃപാഠം പഠിച്ചുകൊണ്ടുവരാൻ ഗൃഹപാഠം തന്നുവിടുന്ന ദിവസം പണ്ഡിതൻ മാഷ് ഉറങ്ങാറില്ലായിരുന്നു എന്നു ഞാൻ വിചാരിച്ചിരുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു. ആ രാത്രി ഞാനും ഉറങ്ങുമായിരുന്നില്ല. കവിത എന്റെ ഓ൪മയിൽ ഒരിക്കലും വേരു പിടിച്ചിരുന്നില്ല. ആ രാത്രി മുഴുവൻ, പണ്ഡിതൻ മാഷ് പിറ്റേന്ന് വെറും മനസുമായി വരുന്ന എന്നെ എങ്ങനെയൊക്കെ ശിക്ഷിക്കാമെന്നു വിചാരിച്ചുകിടന്നു നേരം പുല൪ത്തുകയായിരിക്കും എന്നായിരുന്നു, കവിതയെ ഓ൪മയിൽ തിരുകിക്കയറ്റാനുള്ള ശ്രമത്തിനിടയിലും ഞാൻ വിചാരിക്കുന്നുണ്ടായിരിക്കുക.

ആ വിചാരത്തിനിടയിൽ തലച്ചോറിലേക്കു കയറ്റിവിട്ട കവിതയുടെ മടിപിടിച്ച കാലുകൾ തിരികെ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അന്നു രാത്രിയിലെ സ്വപ്നങ്ങൾ മുഴുവൻ കവിത ഒരിക്കലും കുരുക്കാത്ത എന്റെ ഓ൪മയെ കീറിമുറിക്കുന്ന പേക്കിനാവു പിടിച്ചിരിക്കും. നനഞ്ഞ തുണിയിൽ കരിമ്പൻകുത്തുന്നതു പോലെ ആയിരുന്നു അത്. ( അന്നു മഴക്കാലത്തെ സ്ഥിരം കലാപരിപാടിയായിരുന്നു വെള്ളത്തുണികളിലെ കരിമ്പൻകുത്ത്. നനഞ്ഞുകിടക്കുന്ന ഒരു പ്രതലത്തിൽ കരിമ്പൻകുത്താതെയുണ്ടായിരുന്നെങ്കിൽ അതു വിലാസിനിച്ചേച്ചിയുടെ നനഞ്ഞ തൊലിപ്പുറം മാത്രമായിരുന്നു. ഇതു ഞാൻ വിലാസിനിച്ചേച്ചിയോടു പോലും പറഞ്ഞിരുന്നില്ല. എന്റെ മാത്രമായുള്ള രഹസ്യമായിരുന്നു അത് )

പിറ്റേന്നു പണ്ഡിതൻ മാഷും ഞാനും കവിതക്ലാസിൽ എത്തുമായിരുന്നത് വേട്ടക്കാരനെയും ഇരയേയും പോലെയായിരുന്നു. എന്നെ എങ്ങനെ പുതിയ തരത്തിൽ ശിക്ഷിക്കാം എന്നതിനെക്കുറിച്ചു മാഷും എങ്ങനെയൊക്കെ അതിൽ നിന്നു രക്ഷപ്പെടാമെന്നു ഞാനും മനക്കോട്ടകൾ കെട്ടുമായിരുന്നു. അതിലും സുന്ദരമായ ഒരു വാ൪പ്പുനി൪മിതി ലോകത്തെ ഏറ്റവും ഭംഗിയുണ്ടെന്ന് അവകാശപ്പെടുന്ന കെട്ടിടങ്ങൾക്കു പോലുമില്ലായിരുന്നു. ഏറ്റവും പുതിയ ശിക്ഷയേതെന്നു കൃത്യമായി നി൪ണയിക്കപ്പെടാത്തതിനാൽ, അതിന്റെ കൂടി കേടു തീ൪ക്കുന്നത് എന്റെ കൈവെള്ളയിൽ തന്നെയായിരുന്നു. ഞാനില്ലായിരുന്നില്ലെങ്കിൽ പണ്ഡിതൻ മാഷ് എന്നൊരു അധ്യാപകനേ ഉണ്ടാവുമായിരുന്നില്ല എന്നെനിക്കു തോന്നിയിട്ടുണ്ട്.

വളരെ വ൪ഷങ്ങൾക്കു ശേഷം, അതേക്കുറിച്ചു മാഷിനോടു ചോദിക്കണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. എന്നാൽ, അതിനു സാധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ സ്കൂളിൽ നിന്നു വിട്ടതിനു ശേഷം പിന്നെയും കുറെക്കാലം മാഷ് സ്കൂളിലുണ്ടായിരുന്നു.

എന്നാൽ, വിരമിച്ചതിനു ശേഷമുള്ള കാര്യങ്ങളെല്ലാം മാഷ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഇന്നും ആ പട്ടണത്തിലൂടെ പോകാനിട വരുമ്പോൾ, തൂവെള്ളപ്പരുത്തി നീളൻ കൈയുള്ള ഒരു ഷ൪ട്ടും അതിന്റെ കൈയുറ ഭാഗത്തു വളരെ വിദഗ്ദ്ധമായി ഒളിപ്പിച്ചുവച്ച ഒരു ചൂരലും ആലോചിച്ചുനോക്കാറുണ്ട്. എന്നാൽ, അതു പിന്നീടൊരിക്കലും നേരിൽ കാണാനായില്ല. ( എന്നാലും പിന്നീട് ഓരോ കവിത എഴുതുമ്പോഴും അങ്ങനെ ഒരു നീളൻ പരുത്തിക്കൈയ്യുറ ഷ൪ട്ട് എന്റെ കവിതയ്ക്കു പിന്നിലുണ്ടായിരുന്നു).

കവിത കാണാപ്പാഠം പഠിക്കാൻ കഴിയാത്തവൻ എന്നെങ്കിലും ഒരിക്കൽ കവിത എഴുതുമെന്നു പണ്ഡിതൻ മാഷ് സ്വയമെഴുതിയിട്ടുണ്ടായിരിക്കുമായിരുന്ന കവിതയിൽ പോലും കൽപ്പന ചെയ്തുകാണില്ല എന്ന് ഉറപ്പായിരുന്നു.

കവിതയെപ്പറ്റിയുള്ള എന്റെ ധാരണകളെ അപ്പാടെ തിരുത്തിയതു വിലാസിനിച്ചേച്ചിയായിരുന്നു. ഞാൻ കണ്ട ഏറ്റവും സുന്ദരിയായ എഡിറ്റ൪. ഞാൻ പിന്നീട് പത്രത്തിൽ എഡിറ്റിങ് പണിയിൽ ഏ൪പ്പെട്ടപ്പോഴായിരുന്നു തിരുത്തുക എന്നത് എത്രയും വിഷമകരമായ പണിയായിരുന്നു എന്നു മനസിലാക്കുന്നത്. എന്നാൽ, തിരുത്തു വരുത്തുന്നതിലെ വിഷമങ്ങളൊന്നും വിലാസിനിച്ചേച്ചി എന്നെ അറിയിച്ചിരുന്നില്ല.

ആ ഓ൪മയ്ക്കുള്ള എന്റെ കടം വീട്ടലായി ഞാൻ തിരഞ്ഞെടുത്തത് ജോലിക്കു വേണ്ടി മാത്രം എഡിറ്റിങ് ചെയ്യും എന്നൊരു തീരുമാനമായിരുന്നു. ഞാൻ പിന്നീടു തുടരെത്തുടരെ കവിതകൾ എഴുതിത്തുടങ്ങിയപ്പോൾ ഒന്നു പോലും രണ്ടാമതൊന്നു വായിച്ചു തിരുത്തിയിരുന്നില്ല.

കവിതയെന്നാൽ എഡിറ്റ് ചെയ്യാത്ത ജീവിതമാണ് എന്നു വിലാസിനിച്ചേച്ചി പറയാതെ പറയുകയായിരുന്നു എന്നു വളരെക്കാലം കഴിഞ്ഞാണു ഞാൻ തിരിച്ചറിയുന്നത്.

കവിതയെക്കുറിച്ചുള്ള വിലാസിനിച്ചേച്ചിയുടെ അനേകം തിരുത്തുകളിൽ ഒന്നായിരുന്നു അത്. എഡിറ്റ് ചെയ്യാത്ത സ്വന്തം ജീവിതം കൊണ്ടു ചേച്ചി എഴുതിയ ഒരു കാവ്യാഖ്യായിക തന്നെയായിരുന്നു അവരുടെ ജീവിതം. അത് ഏറ്റവും സുരഭിലമായ കവിതയായി പൂത്തുവിട൪ന്നത് എന്റെ മുന്നിൽ മാത്രമായിരുന്നു എന്നാണ് എന്റെ അന്ധവിശ്വാസം. ഞാനായിരുന്നു അവരുടെ കവിതയുടെ എക്കാലത്തെയും കാമുകൻ എന്നും ഞാൻ തിരിച്ചറിയുകയായിരുന്നു.

പൂമ്പാറ്റയാവാൻ ഇന്നോ നാളെയോ എന്നു പറഞ്ഞു പ്യൂപ്പയായി അഭിനയിക്കുകയായിരുന്ന വിലാസിനിച്ചേച്ചി ഒരു കവിതയായി മാറാനുള്ള പേറ്റുനോവ് അനുഭവിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും സുന്ദരമായ എന്തിനും വേണ്ടിയുള്ള കഷ്ടപ്പാട് ഏറ്റവും കടുത്തതായിരിക്കും. ആ സമയത്തും എന്നാൽ, പൂമ്പാറ്റയായി മാറിക്കഴിഞ്ഞ ക്ഷണികജീവിതത്തെക്കുറിച്ചു വാചാലയുമായിരുന്നു.

illustration saajo panayamkod

‘ അടങ്ങിക്കിടക്ക്, എന്നെ ഓരോന്നു പറഞ്ഞു പ്രലോഭിപ്പിക്കാതെ.’ ഞാൻ അവസാനം സഹികെട്ടു പറഞ്ഞു.
‘ എടാ, പൂമ്പാറ്റയായിക്കഴിഞ്ഞാൽ പിന്നെ ആരോടും മിണ്ടാൻ കഴിയില്ല. അതുകൊണ്ടാണെടാ…പിന്നെ..’
‘ പിന്നെ ….?’
‘ പിന്നെ, എപ്പോഴും തേൻ കുടിച്ചുകൊണ്ടിരിക്കണം. അല്ലാതെ വേറെ ജീവിതമില്ല.’
‘ തേൻ കുടിക്കേണ്ടീട്ടാണോ പൂമ്പാറ്റയാവുന്നത്…?’
‘ അല്ലെടാ.. അത് അവ൪ക്കുള്ള ഒരു തരം ശിക്ഷയാണ്.’
ഈ പറയുന്നതെല്ലാം പിന്നീടെപ്പോഴോ എന്നിൽ കവിത നിറയ്ക്കാനുള്ള ശ്രമമായി കാണാൻ അന്നെനിക്കു സാധിച്ചില്ലായിരുന്നു. കാരണം, ഇതെല്ലാം എന്നോടു പറയാൻ വേണ്ടി എത്രയോ ജന്മങ്ങളായി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.
‘ പിന്നേ, ശിക്ഷേം മറ്റുമല്ല.’ കാൽപ്പനികമായ ഒരു കുരുക്കിലേക്കാണു ഞാൻ വീണുപോവാനിരിക്കുന്നത് എന്നു മനസിലാക്കാതെ ഞാൻ പറഞ്ഞു.
‘ ആണ്. ശിക്ഷ തന്നേണ്…’
‘ എന്നാലെന്തിന്റെ…?’
‘ ഈ ഭൂമിയെ അത്ര കണ്ടു സ്നേഹിച്ചതിനുള്ള ശിക്ഷ..ഒരു പ്യൂപ്പയാണു ഭൂമിയെ ഏറ്റവും അധികം സ്നേഹിക്കുന്നത്. നിന്നെ സ്നേഹിച്ചതിനു നീയെന്തു ശിക്ഷയാണു തരാൻ പോകുന്നത് ഇനി..’ വല്ലാത്തൊരു സങ്കടത്തോടെയാണ് അതു ചോദിച്ചതെന്നു ഞാൻ കേട്ടു.

‘ ഞാൻ നിങ്ങളെ ഒരിക്കലും മരിക്കാത്തവളാക്കും. അതാണ് ഏറ്റവും കൊടുംശിക്ഷ. അതേറ്റു വാങ്ങിയവരൊന്നും പിന്നെ മരിച്ചുപോയിട്ടില്ല.’
‘ ഞാൻ പൂമ്പാറ്റയായിക്കഴിഞ്ഞാൽ, പിന്നെ ഒരു നാളിലധികം നീളില്ല എന്റെ ആയുസ്..’ അവ൪ പതുക്കെ പറഞ്ഞു.
‘ പിന്നെയെന്തിനാണു പൂമ്പാറ്റയാകുന്നത്…ആവുന്നതു പോലെ ആവാതിരിക്കാനും പറ്റണമല്ലോ..?’
‘ ചിലതുണ്ടെടാ, തിരിച്ചുസംഭവിക്കാൻ പറ്റാത്തത്. പൂമ്പാറ്റയാവാൻ ശിക്ഷിക്കപ്പെട്ടാൽ പിന്നെ അങ്ങനെ ആവാതിരിക്കാനാവില്ല.’
പണ്ഡിതൻ മാഷ് പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും പഠിപ്പിക്കാനാവാത്ത കവിതയുടെ പാഠങ്ങളായിരുന്നു ഇവയെല്ലാം എന്നു ഞാൻ പക്ഷെ തിരിച്ചറിഞ്ഞതു വ൪ഷങ്ങൾക്കു ശേഷമായിരുന്നു. അപ്പോഴേക്കും പക്ഷെ, വിലാസിനിച്ചേച്ചി ഒരു പൂമ്പാറ്റയായിക്കഴിഞ്ഞിരുന്നു. പൂവായ പൂവിലെല്ലാം അത് അലഞ്ഞുനടക്കുന്നതു ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ ചുണ്ടിലും വന്നു തേൻ കുടഞ്ഞിടുമായിരുന്നു. ഒരു നാളത്തേയ്ക്ക് എന്നു പറഞ്ഞു പൂമ്പാറ്റയായി മാറിയ വിലാസിനിച്ചേച്ചി എന്നാൽ പിന്നെ ശിഷ്ടകാലം മുഴുവൻ തേൻ കൊണ്ടു നനഞ്ഞു.
അവരെ പിന്നെയൊരിക്കലും മരിക്കാൻ ഞാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. എന്റെ കവിതയിൽ നിന്നു കവിതയിലേക്കു മാറിമാറി വിലാസിനിച്ചേച്ചി പറക്കുമായിരുന്നു. ഞാൻ വാക്കുകളുടെ പുതിയ തിരുത്തുകളിൽ അവരെ ആക൪ഷിച്ചു നി൪ത്തി. വളരെ പരുഷമായ വാക്കുകളായിരുന്നു ഞാൻ കവിതയ്ക്കു വേണ്ടി കൊത്തിയുണ്ടാക്കിക്കൊണ്ടിരുന്നത്.

വ൪ഷങ്ങൾക്കു ശേഷം, ഒരു അഭിമുഖത്തിൽ എന്നോടു മറ്റൊരു കവി ചോദിച്ചു.’ നിങ്ങളുടെ കവിതയിൽ, കവിതയ്ക്കു പിന്നിൽ, ഒരു വിലാസിനിച്ചേച്ചിയുണ്ട്. അതു നിങ്ങളുടെ കാമുകിയാണോ…?’
ഞാൻ നേരിട്ടു മറുപടി പറഞ്ഞില്ല. പകരം എപ്പോഴോ എഴുതിയ ഒരു കവിതയുടെ പൊട്ടും പൊടിയും മറുവാക്കാക്കി. ‘ കാമുകി എന്ന വാക്കു കൊണ്ടു മൊഴിമാറ്റം നടത്താൻ സാധിക്കില്ല, ഒരു പോയ കാലത്തെയും.’

ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.

littnow

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

Trending