Connect with us

ലേഖനം

കന്നി പ്രണയത്തിൻ്റെ ചുംബനപ്പാടുകൾ ഏത്പൂവിതളും

Published

on

കവിത തിന്തകത്തോം – 7

വി ജയദേവ്

വിലാസിനിച്ചേച്ചി അപ്പോഴേക്കും ഒരു പൂമ്പാറ്റയായിക്കഴിഞ്ഞിരുന്നു. മനുഷ്യസ്ത്രീയായിരുന്ന സമയത്തേതിനേക്കാൾ ഭംഗിയുണ്ടായിരുന്നു അപ്പോൾ. എന്നാൽ, ആ സൗന്ദര്യത്തിന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടിരിക്കുന്നല്ലോ എന്നത് എനിക്കു പിന്നെയും വിഷാദിക്കാൻ ഒരു കാരണമായിത്തീ൪ന്നു. അതു ചിലപ്പോൾ അക്കാലത്തെ ഒരു അന്ധവിശ്വാസമായിരിക്കാം. ജനിക്കുമ്പോഴേ ഒന്നിന്റെ ആയുസ് എണ്ണപ്പെടുന്നു എന്നുള്ളത്. ഒരു കാരണവും വേണ്ടാതെ എന്തും അന്ധവിശ്വസിക്കാൻ സാധിക്കുമായിരുന്ന അക്കാലത്തും അങ്ങനെ എതി൪ത്തു വിചാരിക്കാനുള്ള സാഹചര്യമില്ലായിരുന്നു.

എന്നാൽ, വിലാസിനിപ്പൂമ്പാറ്റയുടെ കണ്ണിൽ ആ വിഷാദച്ഛായ ഉണ്ടായിരുന്നില്ല. മറിച്ചു ഭൂമിയിലെ എല്ലാ സൗന്ദര്യനിറവിന്റെയും ഛവിയായിരുന്നു അവിടെ. അന്നാണു ഞാൻ ഒരു പൂമ്പാറ്റക്കണ്ണിലേക്കു കണ്ണിൽക്കണ്ണിൽ നോക്കുന്നത്. അതിനു മുമ്പു വിലാസിനിച്ചേച്ചിയുടെ കണ്ണിൽപ്പോലും അങ്ങനെ നോക്കിനിന്നിട്ടില്ല. കണ്ണുകളിലെ ആ നിറദീപ്തി ഒരിക്കലും അടഞ്ഞുപോകുകയില്ലെന്നു ഞാൻ വിചാരിച്ചുതുടങ്ങിയിരുന്നത് ആ നിമിഷം മുതലാണ്.

illustration saajo panayamkod

എന്തിന്റെയും നിമിഷങ്ങൾ എണ്ണപ്പെട്ടിരിക്കുന്നില്ല എന്നൊരു പുതിയൊരു അന്ധവിശ്വാസത്തിലേക്കാണ് അത് എന്നെ നയിച്ചിരുന്നത്. അത് അക്കാലത്തെ ഏറ്റവും അപകടകരമായ അന്ധവിശ്വാസമായിരുന്നു. എന്തും നിറഞ്ഞാൽ ഒഴിയും എന്നൊരു ക്ലാസിക്കൽ ധാരണ അന്നുവരെ എന്നിലും നിലനിന്നിരുന്നു. അതിന്റെ മേലാണ് ഞാൻ ആദ്യത്തെ തിരുത്തു വരുത്താൻ നോക്കിയിരുന്നത്. വിലാസിനിപ്പൂമ്പാറ്റ ലോകത്തിലെ ഏറ്റവും അവസാനത്തെ പൂകൊഴിയുന്നതുവരെ ജീവിച്ചിരിപ്പുണ്ടാവും എന്നു ഞാൻ അന്ധവിശ്വസിക്കാൻ തുടങ്ങിയിരുന്നു.

വിലാസിനിപ്പൂമ്പാറ്റ ഒരു പൂവിൽ നിന്നു മറ്റൊന്നിലേക്കു പറക്കുകയായിരുന്നില്ല, മറിച്ച് ഒഴുകുകയായിരുന്നു എന്നു ഞാൻ അതിനിടെ മനസിലാക്കിയിരുന്നു. ഒഴുകുന്ന ഒന്നിന്റെയും ഒഴുക്ക് നിലച്ചുപോകുന്നില്ല എന്നു ഞാനെന്നെത്തന്നെ വിശ്വസിപ്പിക്കുന്നതു പോലെയായിരുന്നു. ഒഴുകുകയായിരുന്നു എന്നു ഞാൻ വിചാരിച്ചത്, വിലാസിനിപ്പൂമ്പാറ്റ ചിറകുകൾ വീശുന്നില്ല എന്നതുകൊണ്ടായിരുന്നില്ല. അതിന്റെ ചിറകുകൾ മറ്റേതു ചിത്രശലഭത്തെയും പോലെ തുടിച്ചുകൊണ്ടിരുന്നു.

പൂമ്പാറ്റകളുടെ ഹൃദയം അവയുടെ ചിറകിലാണ് എന്നെന്നെ തോന്നിപ്പിച്ചത് അതാണ്. എന്റെ ശരീരത്തിൽ അങ്ങനെ മിടിക്കുന്നതായി ആകെ ഉണ്ടായിരുന്നത് ഹൃദയം മാത്രമായിരുന്നു. വിലാസിനിപ്പൂമ്പാറ്റയെ നോക്കിനിൽക്കെ, അതിന്റെ ചിറകിൽ മാത്രമല്ല, അതിന്റെ വ൪ണ ഉടുപ്പിട്ട ദേഹത്തെവിടെയും ഹൃദയമാണ് എന്നു തോന്നിയിരുന്നു. ഒരു പൂമ്പാറ്റയ്ക്ക് മൊത്തം എത്ര ഹൃദയങ്ങളാവാം എന്നൊരു ചോദ്യം എന്നിൽ വളരെ മണിക്കൂറുകൾ മുറുകി നിന്നിരുന്നു. അതിനു കൃത്യമായി ഒരുത്തരം എനിക്ക് എന്നോടു നി൪ദേശിക്കാനുണ്ടായിരുന്നില്ല.

മാഗിയാന്റിക്കും അറിയാമായിരുന്നില്ല അതിന്റെ ഉത്തരം. വിലാസിനിച്ചേച്ചി പൂമ്പാറ്റയായതിൽപ്പിന്നെ മാഗിയാന്റിയോട് അത്ര അടുപ്പത്തിലേക്കൊന്നും പോകാറില്ലായിരുന്നു. ആദ്യം കണ്ടപ്പോഴേ പറഞ്ഞു.

‘ കൂടെക്കൊണ്ടു നടന്നിറ്റ് ഓള ഒര് പൂമ്പാറ്റാക്കിക്കളഞ്ഞല്ലോ, നീയ്…’

എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കു മനസിലായിരുന്നില്ല. ആ പറഞ്ഞത് അവരുടെ ഏറ്റവും പുതിയ ചിത്രത്തുന്നൽ പോലെയാണോ എന്നു ഞാൻ സംശയിച്ചു. അവരുടെ തുന്നൽ ആരിലും അത്ഭുതങ്ങൾ ഉണ്ടാക്കുന്നതായിരുന്നു.

കണ്ണൊന്നും മിഴിക്കണ്ട. നിന്റൊപ്പമാര്ന്നില്ലേ വെലിയ കൂട്ട്..?

എന്റൊപ്പമായിര്ന്നില്ല, ഞാൻ വിലാസിനിച്ചേച്ചിക്കൊപ്പമായിര്ന്നു കൂട്ട്… എനിക്കെന്റെ ഭാഗം ന്യായീകരിക്കണമായിരുന്നു. അതൊരു ചോദ്യം ചെയ്യൽ ആയിരുന്നില്ലെങ്കിലും.

എന്നിറ്റ് ഓള് പോയില്ലേ…?
അതന്നെ, പൂമ്പാറ്റയായിപ്പോയി…?
നീയോള പൂമ്പാറ്റാക്കിന്ന് പറ..
ഞാനോ. അതൊക്കെ സാധാരണ പെൺകുട്ടികള് ദാവണിയുടുത്തു മടുത്തു കഴിയുമ്പോ സാധാരണായി…
സംഭവിക്ക്ന്നാണെന്ന്….?
അതേ. അല്ലാതെ പിന്നെ…?
എടാ പൊട്ടാ, എന്നിറ്റ് ഞാനായിക്കില്ലാല പൂമ്പാറ്റ…?
അയിന് മാഗ്യാന്റി ഓരിക്ക് പാവാട തയ്ച്ച് കൊട്ക്ക്ന്ന്ണ്ടല്ലോ. അപ്പോ പൂമ്പാറ്റാവണ്ട.

പോടാ. നീയെപ്പോഴാണ് ഒന്ന് വള൪ന്ന് വലിയൊരു ആൺകുട്ട്യാവ്ന്ന്..?
എന്നാ മാഗ്യാന്റി, ഞാനൊര് സത്യം പറിയ്യ. ഞാനൊരിക്കല്ം വള൪ന്ന് വെലിയോര് ആങ്കുട്ട്യാവില്ല.
പിന്ന…നീ പെണ്ണാവാമ്പോണ്യാണ്…?

ഞാൻ ഒരിക്കലും മുതി൪ന്ന് ഒത്തൊരു യുവാവില്ല എന്നെനിക്ക് അറിയാമായിരുന്നു. അക്കാലത്തെ മറ്റൊരു അന്ധവിശ്വാസം തന്നെയായിരുന്നു അതും. ചെറുപ്പത്തിലേ വള൪ന്നവൻ പിന്നീടൊരിക്കലും അതിൽക്കൂടുതൽ വളരില്ലെന്ന്. അതിന് ഞാൻ ചെറുപ്പത്തിലേ എന്തു വള൪ന്നുവെന്നാണ്. വിലാസിനിച്ചേച്ചി മാത്രമാണു പറഞ്ഞിരിക്കുന്നത്, എന്റെ ശരീരത്തിലെ ചില ഭാഗങ്ങൾ യുവാവായിക്കഴിഞ്ഞിരുന്നു എന്ന്. ഒരു മനുഷ്യശരീരത്തിൽ ഓരോ അവയവങ്ങൾ ഓരോ സമയത്താണു യുവാവായി മാറുന്നതെന്ന് അന്നത്തെ ശാസ്ത്രം പോലും വിചാരിച്ചിരുന്നില്ല. എന്നിട്ടും, വിലാസിനിച്ചേച്ചി വിചാരിച്ചു.

ഒരു പൂമ്പാറ്റയ്ക്ക് മൊത്തം എത്ര ഹൃദയം വരെയാവാം എന്നൊരു വിചാരം പിന്നെയും എന്നെ മഥിക്കുന്നുണ്ടായിരുന്നു. വിലാസിനിപ്പൂമ്പാറ്റയുടെ പിടയ്ക്കുന്ന ഉടലിലേക്കു നോക്കുക മാത്രമായിരുന്നു അതിന്റെ ഉത്തരം. ഞാൻ വിലാസിനിപ്പൂമ്പാറ്റയുടെ മാറിലേക്കു നോക്കാൻ കണ്ണുകളെ ഇടയ്ക്കിടയ്ക്കു മാറിമാറി നടുകയായിരുന്നു അവരുടെ ഓരോ വ൪ണച്ചിറകിലേക്കും. എന്റെ കണ്ണുകൾ പെഴച്ചതാണ് എന്ന് ഇനിയും വിലാസിനിപ്പൂമ്പാറ്റ പറയുമെന്നു തോന്നുന്നില്ല. എന്നാൽ, എത്ര ഹൃദയം എന്നതിനെപ്പറ്റി കൃത്യമായ ഒരുത്തരം വിലാസിനിപ്പൂമ്പാറ്റയുടെ തുടിക്കുന്ന ഉടൽ തരുന്നുണ്ടായിരുന്നില്ല. എത്ര വേണമെങ്കിലും ഹൃദയങ്ങളാവാം എന്നു പറയുന്നുമുണ്ടായിരുന്നു. ( വ൪ഷങ്ങൾക്കു ശേഷമാണ് അതിന്റെ ഉത്തരം കൃത്യമായി കിട്ടിയിരുന്നത്. ഒരു പൂമ്പാറ്റയ്ക്ക് തന്റെ ഹൃദയം എന്നത് ഒരു തോന്നൽ മാത്രമാണ് എന്നത് ).

ഒരു പൂവിൽ നിന്നു മറ്റൊന്നിലേക്ക് ഒഴുകുമ്പോൾ വിലാസിനിപ്പൂമ്പാറ്റ എന്നെയും ആ കുത്തൊഴുക്കിൽ കൂടെക്കൊണ്ടുപോയി. പൂവായ പൂവുകളിലേക്ക്. നിറമായ നിറങ്ങളിലേക്കെങ്കിലും. പൂവുകൾക്കുള്ളിലെ തേനറകൾ കവ൪ന്നെടുക്കാൻ വലിയ തിടുക്കമായിരുന്നു. എപ്പോഴാണു തന്റെ ആയുസ് തീരാൻ പോകുന്നതെന്ന് അറിയാത്തതുപോലെയായിരുന്നു അത്. അല്ലെങ്കിൽ തൊട്ടടുത്ത നിമിഷം അതു തീരുന്നു എന്ന് അറിഞ്ഞതുപോലെ. കൂടെ ഒഴുകിയ എന്റെ ദേഹവും തേൻതുള്ളികൾ വീണു തൊട്ടാൽ മധുരിക്കും എന്ന നിലയിലായിക്കഴിഞ്ഞിരുന്നു. വിലാസിനിപ്പൂമ്പാറ്റ മറ്റൊന്നിലേക്ക് ഒഴുകുമ്പോൾ എന്റെ ഉടലിൽ നിന്നും തേൻ മണക്കുന്നുണ്ടായിരുന്നു. ഒരു പൂമ്പാറ്റച്ചുംബനം എത്ര മൃദുവാണ് എന്നു ഞാൻ മനസിലാക്കുന്നത് അന്നു മാത്രമായിരുന്നു.

illustration saajo panayamkod

പൂമ്പാറ്റകൾ ഉമ്മ വയ്ക്കാൻ പഠിക്കുന്ന സ്കൂൾ എന്നൊരു രൂപകം എന്നെങ്കിലും ഞാൻ എഴുതുമെന്ന് അന്നൊന്നും എനിക്ക് ആലോചിക്കാനേ സാധിക്കില്ലായിരുന്നു. ഞാൻ പിന്നീടെപ്പോഴെങ്കിലും കവിത എഴുതുമോ എന്നു പോലും അന്ന് എന്ത് ഉറപ്പുണ്ടായിട്ടാണ്. ആ ഒറ്റ രൂപകത്തിന് ഞാനാരോടാണു നന്ദി പറയുക. വിലാസിനിച്ചേച്ചിയോടാണോ അതോ വിലാസിനിപ്പൂമ്പാറ്റയോടാണോ. ചേച്ചിയും പൂമ്പാറ്റയും രണ്ടല്ലല്ലോ. ഒരു തുട൪ച്ച തന്നെയായിരുന്നില്ലേ എന്നു സംശയിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ, വിലാസിനിച്ചേച്ചി ഒരിക്കലും എന്നെ ചുംബിക്കുകയുണ്ടായിരുന്നില്ല. എന്നെ പൂണ്ടടക്കം പിടിക്കുകയുണ്ടായിരുന്നെങ്കിലും. അതേ സമയം, ഇപ്പോൾ വിലാസിനിപ്പൂമ്പാറ്റ ചുംബിക്കുന്നുമുണ്ട്.

വിലാസിനിച്ചേച്ചി എനിക്കായി ബാക്കിവച്ച ചുംബനമായിരിക്കില്ലേ വിലാസിനിപ്പൂമ്പാറ്റ തന്നിട്ടുണ്ടായിരിക്കുക എന്നു പിന്നീടും എന്നെ ഏറെ വിചാരിപ്പിച്ച സംശയമായിരുന്നു. എന്നാൽ, അവസാനം അങ്ങനെയല്ല എന്നെനിക്കു തോന്നി. വിലാസിനിച്ചേച്ചി എന്നെ ഒരിക്കലും ചുംബിക്കുമായിരുന്നില്ല. എന്നാൽ, വിലാസിനിപ്പൂമ്പാറ്റ ആദ്യം കണ്ണു തുറന്നെഴുന്നേറ്റപ്പോഴേ എന്നെ ഉമ്മവയ്ക്കുമെന്നു തോന്നിപ്പിച്ചിരുന്നു. പിന്നെ അതു ചെയ്യുകയും ചെയ്തു. വിലാസിനിച്ചേച്ചിയുടെ തുട൪ച്ചയല്ല വിലാസിനിപ്പൂമ്പാറ്റ എന്നൊരു തിരിച്ചറിവിലേക്കാണു ഞാൻ വന്നത്. പഴയതിന്റെ ഒന്നും തുട൪ച്ചയല്ല പുതിയ ഒന്നും എന്ന തിരിച്ചറിവിലേക്ക്.

അതു വിലാസിനിപ്പൂമ്പാറ്റയായി മാറുന്നതിനു മുമ്പു വിലാസിനിച്ചേച്ചി കവിതയെപ്പറ്റി പറയാത്ത ഒരു കാര്യമായിരുന്നു. പുതിയ കവിത ഒരു പഴയതിന്റെയും തുട൪ച്ചയല്ലെന്ന്. അതു തികച്ചും പുതിയതായ ഒന്നാണെന്ന്. അതു എനിക്കു പറഞ്ഞുതരാൻ വേണ്ടി മാത്രമാണു വിലാസിനിപ്പൂമ്പാറ്റ എന്നെ പലവട്ടം ചുംബിച്ചതെന്ന് എനിക്കു മനസിലായി. കവിതയിൽ എനിക്കു വേണ്ടി നടത്തിയ ഒരു തിരുത്തു തന്നെയായിരുന്നു അത്. അതുകൊണ്ട്, പിന്നീടെപ്പോഴോ കവിത എഴുതിയപ്പോഴും ഒരിക്കലും പഴയ രീതിയിൽ എഴുതാതിരിക്കാൻ അതെന്നിൽ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു.

വിലാസിനിപ്പൂമ്പാറ്റ ഒരിക്കലും ഇല്ലാതാവില്ല എന്ന എന്റെ അന്ധവിശ്വാസം തെറ്റാണെന്നു സ്ഥാരപിച്ചെടുക്കുകയായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. അപ്പോൾ, തേനായ തേനെല്ലാം കുടിച്ചുകഴിഞ്ഞ് വിലാസിനിപ്പൂമ്പാറ്റയുടെ വയ൪ നിറഞ്ഞുകഴിഞ്ഞിരുന്നു. വീ൪ത്തുകെട്ടിയ അടിവയറ്റിൽ നീല ഞരമ്പുകൾ കരകവിയാൻ വെമ്പി നിന്നിരുന്നു. എത്രയോ വട്ടം കണ്ടിരിക്കുന്നു. അന്നൊന്നും ആ അടിവയ൪ ഇത്രയും നിറഞ്ഞുകണ്ടിരുന്നില്ല. രാത്രിയിൽ വിലാസിനിപ്പൂമ്പാറ്റ എവിടെ പാ൪ക്കും എന്നതായിരുന്നു അപ്പോൾ എന്നെ വിഷമിപ്പിച്ചിരുന്ന ചോദ്യം. ഒരു പൂമ്പാറ്റയല്ലേ, എന്റെ വീട്ടിലേക്കു കൊണ്ടുപോകാം എന്നു പറഞ്ഞുനോക്കിയിരുന്നു.

നിന്റെ കൂടെ ഒരു പൂമ്പാറ്റയെക്കണ്ടാൽ ആരാണതിനെ ഞാനായി തെറ്റിദ്ധരിക്കാത്തത്. വേണ്ട. നിനക്കൊരിക്കലും ഒരു ചീത്തപ്പേരു വേണ്ട. വിലാസിനപ്പൂമ്പാറ്റ പറയുന്നതു പോലെ തോന്നി. വേണ്ട, നാളെ കവിയെന്ന് ഇരട്ടപ്പേര് വരാനുള്ളതാണ്… എന്നു വിലാസിനിച്ചേച്ചി പറയാറുള്ളതു പോലെത്തന്നെയായിരുന്നു അത്. മാഗിയാന്റിയായിരുന്നു വിലാസിനിച്ചേച്ചിയെ അങ്ങനെ സംശയിപ്പിക്കാറുണ്ടായിരുന്നത്. എന്റെ വീട്ടിലേക്കും ഞങ്ങളുടെ കൂട്ടുകെട്ടിനെക്കുറിച്ചു കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നതും മറ്റാരുമല്ലായിരുന്നു.

ഒരൂ ചീത്തപ്പേരൊക്കെ ഞാൻ സഹിച്ചോളും. ഞാൻ മറുപടി പറഞ്ഞു. വിലാസിനിച്ചേച്ചിയെ കൂട്ടിച്ചേ൪ത്തു പറയുന്നതിൽ എനിക്ക് ഒന്നുമില്ല.

വേണ്ട. അങ്ങനെയൊന്നും വേണ്ട. നീ നാളെ വലിയ ഇരട്ടപ്പേരിൽ അപഖ്യാതി കേൾക്കാനുള്ളതാണ്.

അതേതു പേര് എന്നു ഞാൻ വിചാരം കൊണ്ടിരുന്നില്ല. വളരെ ഭാവിയിൽ നടക്കാനുള്ളതു പോലും വിലാസിനിച്ചേച്ചിക്കു കാലേക്കൂട്ടി മനസിൽ കാണാൻ കഴിയുമെന്നൊരു അന്ധവിശ്വാസം എന്നിൽ പച്ച കുത്തിക്കൊണ്ടിരുന്നു അവ൪. എന്റെ ചോരയിൽ പച്ചകുത്തിയതാണ്.

ഒരു പൂമ്പാറ്റയുമായി ഇരുട്ടിലേക്കു കയറിച്ചെന്നാൽ, ആരും സംശയിക്കാനൊന്നുമില്ലായിരുന്നു. അതൊക്കെ വിലാസിനിപ്പൂമ്പാറ്റയുടെ സംശയങ്ങളായിരുന്നു. എന്നാൽ, അതായിരുന്നിരിക്കില്ല യഥാ൪ഥ കാരണം.

വിലാസിനിച്ചേച്ചിയെപ്പോലെയല്ല വിലാസിനിപ്പൂമ്പാറ്റ എന്നിൽ നിന്നു പലതും മറച്ചുപിടിക്കുകയാണ്. എന്റെ കൂടെ വീട്ടിലേക്കു വരാൻ മടിയുണ്ടെങ്കിൽ അതു പറഞ്ഞാൽ മതിയാവുമായിരുന്നല്ലോ. ഞാനൊരു യുവാവായി മാറിത്തുടങ്ങി എന്നു വിചാരിച്ചായിരിക്കണം, അന്നൊന്നും മുതി൪ന്ന ആണും പെണ്ണും തമ്മിൽ അടുത്ത് ഇടപഴകിയിരുന്നില്ല. രണ്ടും രണ്ടു പ്രപഞ്ചങ്ങളിലായിരുന്നു രാത്രി ചിലവഴിച്ചിരുന്നത്.

എന്നാൽ, വിലാസിനിപ്പൂമ്പാറ്റ രാത്രിയിലേക്ക് എന്റെ കൂടെ വരാതിരുന്നതിന് അതൊന്നുമായിരുന്നില്ല കാരണം. പിറ്റേന്ന് ഏറ്റവും ആദ്യം വിരിയുന്ന പൂമൊട്ടുകൾ കണ്ടുവച്ചിട്ടുണ്ട്. പുല൪ച്ചെ ഏറ്റവും ആദ്യം അവയിൽ എത്തേണ്ടതുണ്ട്. അല്ലെങ്കിൽ ഏറ്റവും ആദ്യത്തെ തേൻതുള്ളികളിൽ മറ്റു വല്ല പൂമ്പാറ്റകളും നാവുവച്ചുകളയും. അതിന് ആ ചെടികളുടെ അരികിൽ തന്നെ ഉറങ്ങണം. തുടങ്ങിയവയായിരുന്നു വിലാസിനിപ്പൂമ്പാറ്റ പറഞ്ഞിരുന്ന കാരണങ്ങൾ. അതിലൊന്നു പോലും ശരിയല്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാലും, വിലാസിനിപ്പൂമ്പാറ്റയ്ക്കു മരണമില്ല എന്ന അന്ധവിശ്വാസം കാരണം ഞാൻ മറിച്ചൊന്നും പറഞ്ഞിരുന്നില്ല.

വിലാസിനിച്ചേച്ചിക്കും വിലാസിനിപ്പൂമ്പാറ്റയ്ക്കും ഇടയിൽ ഒരൊറ്റ രാത്രി മാത്രമായിരുന്നു. അന്നത്തെ രാത്രിയിൽത്തന്നെ വിലാസിനിപ്പൂമ്പാറ്റയുടെ നിമിഷങ്ങൾ എണ്ണിത്തീ൪ന്നിരുന്നു. രാത്രിയിൽ ഇരുട്ടിൽ മുഴുവൻ എനിക്കു ചുറ്റും പൂമ്പാറ്റകളായിരുന്നു. ഇരുട്ടിൽ അവയുടെ ഉടുപ്പിന്റെ നിറം വ്യക്തമായിരുന്നില്ലെങ്കിലും. പിറ്റേന്ന്, ഏറ്റവും ആദ്യം വിരിഞ്ഞ പൂമൊട്ടിന്റെ ഇതളിൽ വിലാസിനിപ്പൂമ്പാറ്റ ഉമ്മ വച്ച പാടുകൾ എനിക്കുമാത്രം കാണാമായിരുന്നു.

littnow

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ ഫോട്ടോയും വാട്സാപ് നമ്പരും ഉൾപ്പെടുത്തുക. കമൻ്റ് ബോക്സിൽ എഴുതാൻ മറക്കണ്ട. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്.


littnowmagazine@gmail.com

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

   കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

   വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

Published

on

കവിത തിന്തകത്തോം 12

വി.ജയദേവ്

സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.

സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.

“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”

ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.

ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

തീവണ്ടി

Published

on

വാങ്മയം: 16

ഡോ.സുരേഷ് നൂറനാട്

വര: കാഞ്ചന.എസ്

വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.

“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “

ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com

littnowmagazine@gmail.com

Continue Reading

Trending