കവിത
അന്നവേദം

ജമാൽ കൊച്ചങ്ങാടി
കർഷക സമര ഐക്യദാർഢ്യ കവിത
അന്നദാതാവേ
അശിക്കുമോരോ വറ്റിലും
വറ്റാത്ത നിൻ സ്നേഹ
കുളിർമ്മയറിയുന്നേൻ
കുമ്പിളിൽ കോരും കഞ്ഞിക്കും
വസുമതിച്ചോറിനും
നിന്റെ കണ്ണീരുപ്പിന്റെ
ഒരേ രുചി
നീ വാരി വിതറിയ
പുന്നെല്ലിൻ നന്മണം
നിൽ കഴൽ പൂണ്ട
ചേറിൻ പാഴ് മണം
കടക്കെണിയിലൊടു –
ങ്ങിയോരച്ഛന്റെ
ചുടലയിൽ വേവും
മജ്ജതൻ രൂക്ഷ ഗന്ധം
നഗര ചത്വരത്തിലെ
പൊള്ളുന്ന ചൂടിലും
അസ്ഥി തുളയ്ക്കുന്ന
പാതിരാത്തണുപ്പിലും
ആകാശച്ചോട്ടിൽ
തെരുവു വീടാക്കി
പുകയുന്നു പൈതങ്ങൾ
പെണ്ണങ്ങൾ , വൃദ്ധരും
അന്നദാതാവേ
അറിയുന്നു നിൻ വ്യഥ
നോവുമാശങ്കയും രോഷവും
ചെറുത്തു നിൽപ്പിന്റെ വീര്യവും
പടരുകയാണിന്ത്യതൻ
ഹൃദയസിരാ
പടലങ്ങളിലൂടെ
രാഷ്ട്രേചേതനയാകെ
മാളം വിട്ടിറങ്ങിയ
പുതിയ വേതാളങ്ങൾ
വേട്ടയാടുന്നു വീണ്ടും
പുതിയ കുരുക്കുമായ്
തനിച്ചല്ല നീയൂട്ടും
ജനകോടികളുണ്ട് കൂടെ
അന്നമാണുയിരുടലൂർജ്ജങ്ങൾ
അന്നമാണ് വേദം
ജഠരാഗ്നിയേക്കാൾ
കൊടിയ നരകാഗ്നി _
യേതുണ്ട് പാരിൽ !

ഒക്ടോബർ 12
കർഷക രക്തസാക്ഷി ദിനം
രാജേന്ദ്ര പ്രസാദ്.
October 12, 2021 at 7:05 pm
കവിത വളരെ ഇഷ്ടമായി……