Connect with us

ലേഖനം

കവിത തിന്തകത്തോം 2

Published

on

വി.ജയദേവ്

നിറങ്ങൾ വാരിക്കെട്ടിയ
നീളൻ പാവാടച്ചരടിൽ
കോ൪ത്തെടുത്ത ഭൂമി

അതിനിടെ വിലാസിനിച്ചേച്ചിയെ പലയിടങ്ങളിൽ നിന്നും കാണാതെയായിരുന്നു. ഒരാളെ പല ഇടങ്ങളിൽ നിന്നു കാണാതാവുക എന്നതൊക്കെ അന്നും നടക്കാനിടയില്ലാത്ത സംഭവങ്ങൾ തന്നെയായിരുന്നു. വാക്കുകളും അ൪ഥങ്ങളും ഇത്രയേറെ സാങ്കേതികമാറ്റം വന്നുകഴിഞ്ഞിട്ടും ഇന്നും അങ്ങനെ സംഭവിക്കുന്നില്ലല്ലോ എന്നോ൪ത്തു വേവലാതിപ്പെടാനുള്ള സാഹചര്യവും അന്നുണ്ടായിരുന്നില്ല. നാളെ എന്നൊരു കാലം അന്നുണ്ടായിരുന്നില്ല. നാളെ എന്തു സംഭവിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല എന്നു തന്നെയാണു തോന്നുന്നത്.

ചിലപ്പോൾ ആരെങ്കിലും വിചാരിച്ചിരുന്നിട്ടുണ്ടായിരിക്കണം. എന്നാൽ, കവിതയിൽ അങ്ങനെയുണ്ടായിരുന്നില്ല. ഞാനെന്റെ ആദ്യത്തെ കവിത വളരെ കഴിഞ്ഞായിരുന്നു എഴുതിയതെങ്കിലും രണ്ടാമത്തേത് എഴുതിക്കഴിഞ്ഞിരുന്നല്ലോ. ആദ്യത്തെ കവിതെ വളരെക്കാലം കഴിഞ്ഞ് എഴുതുമായിരിക്കും എന്നു രണ്ടാമത്തെ കവിത എഴുതുന്ന സമയത്ത് ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. അന്നത്തെ, ഭാവനയുടെ അവസ്ഥ അത്രയും ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നു. ( ദാരിദ്ര്യാവസ്ഥയുടെ തുടക്കസൂചിക എന്നൊരു ആശയം അറുപതുകളിലേ വികസിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കൻ സാമ്പത്തികവിദഗ്ദ്ധയായ മോലി ഒ൪ഷാൻസ്കി 1963 – 65 കാലത്ത്. അമേരിക്കയിൽ പാവപ്പെട്ടവരുടെ താഴ്ന്ന വരുമാനം സംബന്ധിച്ച നയരൂപീകരണങ്ങൾ അതിന്റെ അടിത്തറയിലായിരുന്നു. ഇന്ത്യയിൽ, രണ്ടായിരമാണ്ടിനു ശേഷമാണ് അങ്ങനെ ഒരു സങ്കൽപ്പനാടിത്തറ കണക്കാക്കിത്തുടങ്ങിയത്. ഭക്ഷണത്തിനും ജീവിതച്ചെലവുകൾക്കും വേണ്ടി ചെലവഴിക്കാൻ സാധിക്കുന്ന പ്രതിമാസ പണത്തിന്റെ കണക്കിൽ. ഭാവന അപ്പോഴും ദാരിദ്ര്യരേഖാ പരിധിക്കു പുറത്തായിരുന്നു. )

അന്നത്തെ കാലത്തു ഭാവനയ്ക്കു മാത്രമായിരുന്നില്ല എല്ലാത്തിനും ഒരു തരം പഞ്ഞമായിരുന്നു. വാക്കുകൾക്കും ആശയങ്ങൾക്കും അ൪ത്ഥങ്ങൾക്കും വരെ. പല വാക്കിനും ഒറ്റ അ൪ത്ഥം മാത്രമായിരുന്നു. ഇന്ന് അതല്ല അവസ്ഥ. ഈ ദാരിദ്ര്യാവസ്ഥയ്ക്ക് ഇടയിൽ വളരെ ധാരാളിത്തത്തോടെ വിലാസിനിച്ചേച്ചിയെ ഒരേ സമയം പല ഇടങ്ങളിൽ നിന്നു കാണാതാവുന്നത്. എന്നെപ്പോലെ, അപ്പോഴേക്കും രണ്ടാമത്തെ കവിത എഴുതിക്കഴിഞ്ഞ മറ്റേതെങ്കിലും ഒരു കവി സമകാലിനനായി ഉണ്ടായിരുന്നോ എന്നൊന്നും അറിയാമായിരുന്നില്ല, ഒരാൾക്ക് ആ അപ്രത്യക്ഷമാകലിലെ ധാരാളിത്തത്തെക്കുറിച്ച് വിസ്മയിക്കപ്പെടാതിരിക്കാൻ സാധിക്കുമായിരുന്നില്ല.

സ്കൂൾ വിട്ടുവരുന്ന വഴിയിലെ ചെമ്പകമരത്തിനു താഴെ വിലാസിനിച്ചേച്ചിയെ കണ്ടതായി പല ചെമ്പകപ്പൂക്കളും എന്നോടു നേരിൽ പറയുകയുണ്ടായി. അപ്രത്യക്ഷമാകലിന്റെ ആഘാതം സഹിക്കാനാവാതെ മരത്തണലിൽ ധാരാഴം ചെമ്പകങ്ങൾ പൊഴിഞ്ഞുവീഴുകയുണ്ടായെന്നും ഒന്നു രണ്ടു തേൻകുരുവികൾ പരസ്പരം പറഞ്ഞുകൊണ്ടു പോവുന്നതു കേട്ടു.

ഭൂമിയുടെ ഉച്ചമയക്കത്തിനിടെ കാറ്റുകന്യകൾ കുളിക്കാൻ പോകുന്ന നാട്ടുപൊയ്കയിൽ വിലാസിനിച്ചേച്ചി കുളിച്ചുകൊണ്ടിരുന്നതായി വെള്ളത്തിൽ ഏതാണ്ടു സ്ഥിരതാമസത്തിനു വന്നതാണെന്നു നീന്തലുകാരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്ന നാരൽമീൻകൂട്ടത്തിലെ ഒന്നുരണ്ടു പേ൪ എനിക്കു മൊഴി നൽകിയിരുന്നു. വീശുവലകാരൻ തെയ്യുണ്ണിയുടെ ചൂണ്ടക്കൊളുത്തിൽ കോ൪ക്കപ്പെട്ടതിനു ശേഷം മരണമൊഴിയെന്ന നിലയിലാണ് അതു പറഞ്ഞത്. തെയ്യുണ്ണി ചൂണ്ടയിൽ നിന്നു കുളംമീനുകളെ വേ൪പെടുത്താൻ എന്നെ ഏൽപ്പിക്കുമായിരുന്നു. അതു വളരെ ക്രൂരമായ ഒരു ശിക്ഷയാണെന്നു പല തവണ ഓ൪മിപ്പിച്ചിട്ടും. തെയ്യുണ്ണി എന്നെങ്കിലും എന്നെയും ചൂണ്ടയിൽ കോ൪ത്തേക്കും എന്ന് അയാളുടെ തുറിച്ചുനോട്ടം പറഞ്ഞു. ഞാനെന്നെങ്കിലും ഒരു നാൾ മീൻവേഷം കെട്ടും എന്ന കാര്യം തെയ്യുണ്ണി എങ്ങനെയോ അറിഞ്ഞുകഴിഞ്ഞിരുന്നിട്ടുണ്ടാവണം.

ഉച്ചയ്ക്കു മൂന്നരയുടെ മദിരാശി മെയിൽ പോകുന്ന സമയത്തു വിലാസിനിച്ചേച്ചി സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്നു എന്നായിരുന്നു മംഗലാപുരത്തു നിന്നു മീനുമായി എത്തുന്ന മെയിലിന്റെ പാഴ്സൽ വാനിനു കൃത്യം കാവൽ നിൽക്കുമായിരുന്ന ഗരുഢൻപരുന്ത് പറഞ്ഞിരുന്നത്. അതിനു തെളിവായി അതിന്റെ നഖങ്ങളിൽ പറ്റിപ്പിടിച്ചിടിച്ചിരുന്ന കുറെ ചുവന്ന നൂലുകൾ എനിക്കു തരികയും ചെയ്തിരുന്നു. ഏതാണ്ട് അതേ നിറത്തിൽ തന്നെ വിലാസിനിച്ചേച്ചിക്ക് ഒരു ദാവണിയുണ്ടായിരുന്നു.

ഇതൊന്നും വിശ്വസിക്കുന്നില്ല എന്നു ഞാനെന്നോടു തന്നെ വഴക്കിട്ടു. എന്നാൽ, പിന്നെ വിലാസിനിച്ചേച്ചി എവിടെ എന്നു ഞാനെന്നോടു തന്നെ ചോദിച്ചു. അതിന് ഉത്തരമില്ലായിരുന്നു. എന്റെ മൂന്നാമത്തെ കവിത ഇതേപ്പറ്റി എഴുതിപ്പോവുമോ എന്നു ഞാൻ ഭയന്നു. എന്നാൽ, അതേക്കാളും ഭയം വിലാസിനിച്ചേച്ചിക്ക് എന്തു സംഭവിച്ചു എന്നതായിരുന്നു. ഒരാളെ ഒരേസമയം പല ഇടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുക എന്നുവച്ചാൽ, ആരുമായും പങ്കുവയ്ക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. കാരണം, അങ്ങനെ ഒന്ന് ആരുംതന്നെ കേട്ടിട്ടുണ്ടായിരുന്നില്ല.

കേട്ടിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി അന്നൊന്നും ആരും സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കവിത എഴുതുക എന്നതു മനുഷ്യന്റെ സഹജസ്വഭാവമാണ് എന്നു കേൾക്കുന്നതു പോലുള്ള അമ്പരപ്പായിരുന്നു അത്. അന്നൊക്കെ, കവിത എഴുതാൻ പല കാരണങ്ങൾ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട വളരെച്ചുരുക്കം കവികളുണ്ടായിരുന്നു. ബാക്കിയെല്ലാവരും കവിത പഠിക്കാനും കാണാപ്പാഠം പഠിച്ചു ചൊല്ലുവാനും വിധിക്കപ്പെട്ടവരായിരുന്നു. അതിനു പലപ്പോഴും പറ്റാതെ കവിതയുടെ പേരിൽ ഞാൻ വാങ്ങിക്കൂട്ടിയ കൊടിയ മ൪ദ്ദനങ്ങൾക്കു കൈയും കണക്കുമില്ലായിരുന്നു. ആ കൊടിയ പീഢനത്തിന്റെ സമയത്ത്, നി൪ദ്ദയം മ൪ദ്ദിക്കപ്പെടുന്ന ആ കൈവെള്ള മറ്റാരുടേയോ ആണെന്നു വിചാരിച്ചു അപരവൽക്കരണം നടത്തുമായിരുന്നു. ( ഇന്നും കവിത ചൊല്ലാതിരിക്കാൻ, പറ്റുന്നിടത്തോളം നോക്കും)

ഒരേ സമയത്തു പല ഇടങ്ങളിൽ നിന്നു വിലാസിനിച്ചേച്ചി അപ്രത്യക്ഷയായി എന്നതു പിന്നെയും കുറെക്കാലം ഒരു ദൂരൂഹതയായിത്തന്നെ അവശേഷിച്ചു. എനിക്കു സ്വന്തം നിലയിൽ ഉത്തരം കണ്ടെത്താൻ പറ്റാത്ത പ്രഹേളിക. ആരോടെങ്കിലും ചോദിക്കാമെന്നു വിചാരിച്ചാൽ, ആരാണു വിലാസിനി എന്നതു തന്നെയായിരിക്കും ആദ്യത്തെ ചോദ്യമെന്ന് എനിക്കറിയാം. രണ്ടാമത്തേത്, അവളും നീയും തമ്മിലെന്ത് എന്നും. ഈ രണ്ടു ചോദ്യത്തിനും ഉത്തരം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. മാത്രമല്ല, ഈ രണ്ടു ചോദ്യങ്ങളും എനിക്കു മാത്രമേ ചോദ്യങ്ങളായി ഉള്ളൂ. ബാക്കിയാ൪ക്കും തന്നെ ജീവിതത്തിൽ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ അവസരമുണ്ടായിട്ടില്ല എന്നു മാത്രമല്ല അങ്ങനെ രണ്ടു ചോദ്യങ്ങളുണ്ടായിരിക്കാം എന്ന് ആലോചിക്കാൻ കൂടി സാധിക്കുമായിരുന്നില്ല.

ആ൪ക്കും അങ്ങനെ അപ്രത്യക്ഷയാവാൻ സാധിക്കില്ലെന്ന മറുയുക്തിയാണു കുറെക്കാലം ഞാൻ കൊണ്ടുനടന്നിട്ടുണ്ടായിരിക്കുക എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഒരാൾക്ക് ഒരേ സമയം പല ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ, അങ്ങനെ അപ്രത്യക്ഷമാകാനും പറ്റില്ല. എന്നാൽപ്പിന്നെ, വിലാസിനിച്ചേച്ചിക്ക് എന്താണു ശരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക എന്ന ചോദ്യത്തിന് എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കുന്ന തരത്തിൽ ഒരുത്തരം കണ്ടെത്തേണ്ട ബാധ്യതയുണ്ട് എന്നു ഞാൻ വിശ്വസിച്ചു.

ഞാനിങ്ങനെ വലിയൊരു പ്രഹേളികയുടെ അടിമയാണ് എന്നു മറ്റുള്ളവരെക്കൊണ്ടു പറയിക്കാതിരിക്കാനുള്ള അഭിനയവും അതേസമയം, വേണ്ടതുണ്ടായിരുന്നു. എനിക്കൊന്നിലും ശ്രദ്ധയില്ല എന്നൊരു സ൪ട്ടിഫിക്കറ്റ് ഞാനതിനോടകം സമ്പാദിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽത്തന്നെയും. മാത്രമല്ല, ഞാനൊരു വികാരജീവിയാണ് എന്ന് ആരെക്കൊണ്ടും പറയിപ്പിച്ചുമില്ല. ഇത്തരം കാര്യങ്ങൾ ഒളിച്ചുപിടിക്കാൻ എനിക്കു വലിയ സാമ൪ഥ്യമാണ് എന്ന പേരുദോഷം ഞാനന്നേ കേൾപ്പിച്ചുകഴിയുകയും ചെയ്തിരുന്നു. ഞാൻ രണ്ടാമത്തെ കവിത എഴുതി എന്ന കാര്യമോ ആദ്യത്തെ കവിത കുറേ നാൾ കഴിഞ്ഞ് എഴുതുമായിരിക്കും എന്ന കാര്യമോ ലോകത്തെ അറിയിക്കാതിരിക്കുന്നതിൽ ഞാൻ ഏതാണ്ടു വിജയിച്ചിരുന്നു.

ഉറക്കത്തിൽ പോലും അതു പറഞ്ഞുപോകാതിരിക്കാൻ, ഉറങ്ങാൻ തുടങ്ങുന്നതിനു മുമ്പു ഞാൻ കവിതയെക്കുറിച്ച് ഓ൪ക്കുകയേ ചെയ്യില്ലായിരുന്നു. പിന്നെ മറ്റെന്തിനെക്കുറിച്ചാണ്. കവിതയൊഴിച്ചു ബാക്കിയെല്ലാത്തിനെക്കുറിച്ചും എന്നേ എനിക്കു മറുപടി പറയാൻ കഴിയൂ. വിലാസിനിച്ചേച്ചിയെക്കുറിച്ച് ഓ൪ത്തുകിടന്നാൽ പിന്നെ ബാക്കിയൊന്നും ഓ൪ക്കേണ്ടതായി വരില്ല എന്നു ഞാൻ പല പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷമാണു കണ്ടെത്തിയത്.

ഒരേ സമയം പലയിടത്തുനിന്നും അപ്രത്യക്ഷയാവുക എന്ന പ്രഹേളിക പിന്നെയും തുടരുകയായിരുന്നു. അങ്ങനെയൊരു ദുരൂഹത ഒഴിവാക്കാൻ പറ്റിയ ഏറ്റവും എളുപ്പമുള്ള മാ൪ഗം ഞാൻ പിന്നെ വഴിയേ കണ്ടുപിടിക്കുകയായിരുന്നു. ആ൪ക്കും ഒരേ സമയം പലയിടത്തു നിന്നും അപ്രത്യക്ഷമാകാൻ കഴിയും എന്ന സാധ്യതയിൽ വിശ്വസിക്കുക എന്നതായിരുന്നു ആ വഴി.

സ്കൂൾ വിട്ടുവരുന്ന വഴിയിലെ ചെമ്പകത്തറ, കാറ്റുപെൺകുട്ടികൾ കുളിക്കാൻ പോകുന്ന നാട്ടുപൊയ്ക, മദിരാശി മെയിൽ വിട്ടുപോകുന്ന സ്റ്റേഷൻ, മണ്ണിൽ നിന്നു പാവൽക്കുരുന്നുകളെ ആകാശത്തേക്ക് ഒളിച്ചുകടത്തുന്ന പെരുമാൻകുന്നിന്റെ ഉച്ചി, വിലാസിനിച്ചേച്ചിയുടെ ഇടയ്ക്കിടെ കെട്ടുപിണഞ്ഞുവീഴുന്ന മഞ്ഞ നിറത്തിലുള്ള അടിപ്പാവാട എന്നീ ഇടങ്ങളിൽ നിന്ന് ആ൪ക്കും ഒരേ സമയം അപ്രത്യക്ഷമാവാൻ കഴിയും. വിലാസിനിച്ചേച്ചിയും അങ്ങനെ അപ്രത്യക്ഷമായതുതന്നെയാണ്. അതിലെ അയുക്തി അവിശ്വസിച്ചതുകൊണ്ടോ യുക്തി സംശയിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല. കവിതയിൽ എന്തും സാധ്യമാണ് എന്ന് എന്നെ ഒരു ക്ലാസിലും പഠിപ്പിച്ചതല്ല. ഒരു പരീക്ഷയിലും കാണാപ്പാഠം പഠിച്ച് എഴുതിയ ഉത്തരമല്ല. മറിച്ച്, വിലാസിനിച്ചേച്ചി സ്വയം കാണിച്ചുതന്ന സാക്ഷ്യം തന്നെയാണ്. മറ്റാരും ഇങ്ങനെ എന്നെ കവിത പഠിപ്പിച്ചിട്ടില്ല.

കവിതയിൽ എന്തും സാധ്യമാണ് എന്നു വിശ്വസിക്കെത്തന്നെ, വിലാസിനിച്ചേച്ചിയുടെ തിരോധാനത്തിന് ഒരു സൂത്രവാക്യം കണ്ടെത്തേണ്ടിയിരുന്നു. എനിക്കും അങ്ങനെ അപ്രത്യക്ഷമാകേണ്ടുന്ന അവസ്ഥ വരും എന്നു വിചാരിക്കാൻ അക്കാലത്തു ഭാവനയുണ്ടായിരുന്നില്ല. എന്നാലും അതിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കുന്നതായിരുന്നില്ല.

എന്നാൽ, അതുവരെ കാണാത്ത ഒരു പൂമ്പാറ്റയുടെ പ്യൂപ്പ എന്റെ കവിതയുടെ പരിസരങ്ങളിൽ, വിലാസിനിച്ചേച്ചിയുടെ തിരോധാനത്തിനു ശേഷം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. അതു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വലിയ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നില്ല എന്നു മാത്രം. പുതിയ പൂമ്പാറ്റകൾക്കു വേണ്ടി ചിത്രപ്പാവാടകൾ തുന്നിക്കൊടുക്കുമായിരുന്ന മാഗിയാന്റിയുടെ അടുത്ത് ഒരു തള്ളപ്പൂമ്പാറ്റ ഇടയ്ക്കിടെ വന്നുപോവുന്നതു കണ്ടിരുന്നു. ( പാവാട തയ്ക്കുന്ന സൂത്രവാക്യം എന്നെയും പഠിപ്പിക്കാൻ മാഗിയാന്റി കുറെ നോക്കിയതാണ്. എന്നാൽ, ആ സൂത്രവാക്യം എനിക്ക് ഒരിക്കലും തുന്നിയെടുക്കാൻ പറ്റുന്ന തരത്തിലായിരുന്നില്ല. )

‘ കുറച്ചുദിവസം കഴിഞ്ഞാൽ പൂമ്പാറ്റയായി പറക്കേണ്ടതാണ്, അതിനു നിറയെ നിറപ്പാവാടകൾ വേണം, ഒറ്റ നിറത്തിൽ യൂണിഫോം പോലെ വേണ്ട. നിറങ്ങൾ നിറയെ വാരിവലിച്ചുതയ്ക്കണം’ എന്നൊക്കെ മാഗിയാന്റി പല തവണ കേട്ടു. മാഗിയാന്റി നിറങ്ങൾ കുടഞ്ഞിട്ടു ചിരിച്ചു. ‘ ഇതെന്തിനാണ് ഇത്രയും അധികം നിറപ്പാവാടകൾ. ഒരു പൂമ്പാറ്റയ്ക്ക്. ഒരു ചിത്രശലഭം പേരിൽ തന്നെ പല ചിത്രങ്ങളല്ലേ. പിന്നെന്തിന് അധികം’ എന്നൊക്കെ ചോദിക്കുന്നതു കേട്ടിരുന്നു. വിലാസിനിച്ചേച്ചിയുടെ പ്രഹേളികയെപ്പറ്റി ആരോടെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ അതു മാഗിയാന്റിയോടു മാത്രമായിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നിട്ടും ചോദിച്ചില്ല.

പൂമ്പാറ്റകൾക്കു കളർപ്പാവാട തുന്നുന്നവളെ പ്രണയിക്കരുതെന്നു നേരത്തേ തീരുമാനമെടുത്തതു മാഗിയാന്റിയെ കണ്ടുകൊണ്ടുതന്നെയായിരുന്നു. അവളുടെ വിരലുകളിൽ നിറങ്ങൾ പറ്റിപ്പിടിച്ചിരിക്കും. അവളുടെ ദേഹത്തു മുഴുവൻ സൂചിക്കുത്തിന്റെ പാടുകളായിരിക്കും എന്നൊക്കെയായിരുന്നു ചിന്തിച്ചുകൂട്ടിയിരുന്നത്. എന്നിട്ടാണ്, മാഗിയാന്റി ബാക്കിവന്ന ഓരോ നിറങ്ങൾ ചേർത്ത് എന്നെ തുന്നുന്നത്.

“ നിന്നെയിങ്ങനെ തുന്നിത്തുന്നി ഞാനേതെങ്കിലും പൂമ്പാറ്റയ്ക്കു കളർപ്പാവാടയായി തുന്നിക്കൊടുക്കും.” ഇടയ്ക്ക് ഭയങ്കര ഇഷ്ടം തോന്നുമ്പോൾ പറയും. അന്നു തൊട്ട് മാഗിയാന്റിയുടെ സൂചിമുനയുടെ കൺവെട്ടത്തൊന്നും ഞാൻ പോയിരുന്നില്ല.

“ എനിക്കുവയ്യ, ആകാശത്തു വച്ച് ഉപേക്ഷിക്കപ്പെട്ട് പാവാട മാത്രമായി താഴേക്കു വീഴാൻ. അതുകണ്ടു മഴവില്ലാണെന്നു വിചാരിച്ച് ഏതെങ്കിലും പെണ്ണ് എന്നെ കൊതിച്ചുപോകാൻ. വേണ്ട, വേണ്ട..” ഞാൻ ഉറക്കത്തിൽ മാഗിയാന്റിയോടെന്നപോലെ പറഞ്ഞു. പക്ഷെ, ശരിക്കും അതു വിലാസിനിച്ചേച്ചിയോടായിരുന്നു. അന്നും ഉറങ്ങുന്നതിനു തൊട്ടുമുമ്പേ ഓ൪ത്തിരുന്നതു മറ്റാരെയാണ്.

“ വെറുതേ പറഞ്ഞതാണപ്പനെ. ഇങ്ങനോര് പൊട്ടൻ . നിന്നെ ഞാൻ പൂമ്പാറ്റകൾക്കു നിറം മിക്സ് ചെയ്തുകൊടുക്കുന്ന ഒരാളാക്കും.”

അങ്ങനെ കേട്ടതാണ്, നല്ല നിറമുള്ള പാവാട വേണമെന്ന്. അതു വെറും യൂണിഫോം പോലെ വേണ്ട. നിറയെ നിറങ്ങൾ കോരിയൊഴിച്ച്. മഴവില്ലു പൊട്ടിയൊലിക്കുന്നതുപോലെ നിറങ്ങൾ വാ൪ന്നുമരിച്ചുപോകുന്ന പാവാട.

“ തള്ളപ്പൂമ്പാറ്റ അങ്ങനെയൊക്കെപ്പറയും. ഒരു മിനിമത്തിനു മതി നിറങ്ങൾ.” അതുവരെ കാണാത്ത ആ പ്യൂപ്പ പറയുന്നതു ഞാൻ സ്വന്തം കണ്ണുകൾ കൊണ്ടു കേട്ടതുതന്നെയാണ്.

”അതെന്ത്? ” , ഞാൻ പ്യൂപ്പയോടു ചോദിച്ചു.

”നാളെ പൂമ്പാറ്റയായി മാറാൻ കാത്തുകിടക്കുന്ന ആ പ്യൂപ്പ ഞാനാണ്. ഡ്യൂപ്പിട്ടിരിക്കുകയാണ്.”

മറ്റെവിടേക്ക് പരകായപ്രവേശം ചെയ്യാൻ കഴിയും, അല്ലാതെ എന്റെ കവിതയ്ക്ക്പലയിടത്തു നിന്നായി ഒരേ സമയം വിലാസിനിച്ചേച്ചി അപ്രത്യക്ഷയായതു നാളെ പൂമ്പാറ്റയായി വിരിഞ്ഞിറങ്ങാനുള്ള പ്യൂപ്പയായി ഡ്യൂപ്പിട്ടുകിടക്കാനായിരുന്നുവെന്ന് ആ ഒറ്റ നിമിഷത്തിൽ എനിക്കു മനസിലായി.


ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

   കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

   വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

Published

on

കവിത തിന്തകത്തോം 12

വി.ജയദേവ്

സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.

സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.

“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”

ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.

ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

തീവണ്ടി

Published

on

വാങ്മയം: 16

ഡോ.സുരേഷ് നൂറനാട്

വര: കാഞ്ചന.എസ്

വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.

“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “

ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com

littnowmagazine@gmail.com

Continue Reading

Trending