ലേഖനം
ദൃശ്യവിചാരം ഒരു വായന
ഡോ. ടി. ജിതേഷ്
ചിത്രം
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ Salvatore Mundi എന്ന പെയിന്റിംഗാണത്രേ ലോകത്തില്‍ ഏറ്റവും വില കൂടിയത്. 450 മില്യണിലധികം ഡോളര്‍ വിലയുണ്ടെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കാണാനാകും.
ഇതേക്കുറിച്ചുള്ള വിവരണം ഇങ്ങനെ: പെയിന്റിംഗിൽ യേശുവിനെ ഒരു അരാജകവാദിയുടെ നീലക്കുപ്പായത്തിലാണ് അവതരിപ്പിക്കുന്നത്.
നവോത്ഥാനവുമായി ബന്ധപ്പെട്ട സൂചനകളത്രേ ഇത്. വലതുകൈകൊണ്ട് കുരിശിന്റെ അടയാളമുണ്ടാക്കുന്നതോടൊപ്പം ഇടതുകൈയില്‍ സുതാര്യവും വികിരണം ഉണ്ടാക്കാത്തതുമായ സ്ഫടികഗോളം പിടിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങളാവണം ഒരുപക്ഷേ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. സാൽവേറ്റർ മുണ്ടിയെന്ന ലാറ്റിന്‍പദത്തിന് ലോകരക്ഷകന്‍ എന്നര്‍ത്ഥം.
ഈ സന്ദേശമാണ് ഗോളത്തിലൂടെ പ്രതിനിധീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതൊരു കാഴ്ചയാണ്. നേരത്തേയുണ്ടായിരുന്നതും തുടരുന്നതുമായ ധാരണയുടെ പുതിയ രൂപം.
അഥവാ അതിനോടുള്ള പ്രതികരണമോ വ്യാഖ്യാനമോ ആവാം. അതുകൊണ്ടുതന്നെ, ഈ ചിത്രത്തിന്റെയെന്നല്ല, ഏതൊരു പ്രശസ്തചിത്രത്തിന്റെയും കാഴ്ചയില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ ആവശ്യപ്പെടുന്ന ഘടകങ്ങളായിരിക്കും ഏറെയുണ്ടാവുക എന്ന് ഉറപ്പിക്കാം.
യേശുവെന്ന വ്യക്തി, കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വിവരങ്ങളും ഡാവിഞ്ചിയെന്ന ചിത്രകാരന്റെ കാഴ്ചപ്പാടുകളും അറിയുകയും
പരസ്പരപൂരകമായി കണക്കാക്കുകയും ചെയ്താല്‍ മാത്രമേ ചിത്രത്തെ സംബന്ധിക്കുന്ന, ആശയത്തെ സംബന്ധിക്കുന്ന വിചാരങ്ങള്‍ കാഴ്ചക്കാരനില്‍ പൂര്‍ണ്ണമാവുകയുള്ളൂ.
ലോകരക്ഷകന്‍ എന്ന പ്രയോഗം നേരത്തേ രൂപപ്പെടുത്തിയ ധാരണയുടെ ഉപോല്‍പ്പന്നമാണ്.
നോഹരമായ വര്‍ണ്ണചിമത്രമെന്നല്ല, അതിന്റെ ഫിനിഷിംഗ്, ആകര്‍ഷ
ണീയത, വരയ്ക്കപ്പെട്ട കാലഘട്ടം, അതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സാമൂഹ്യസാമ്പത്തികവിക്രയങ്ങള്‍ ഇങ്ങനെ നിരവധി ഘടകങ്ങള്‍ അറിയുമെങ്കില്‍ മാത്രമേ ആ ചിത്രം ആസ്വദിക്കാനാവൂ.
അതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ.
മാറ്റം
വലിയ മാറ്റങ്ങള്‍ നിരന്തരം ഉണ്ടാകുന്നുവെന്നു തോന്നിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
സാങ്കേതികവിദ്യയിലും ഭാഷയിലും സംസ്കാരത്തിലും ജീവിതരീതികളിലും കാഴ്ചപ്പാടുകളിലുമൊക്കെ ഏറെ മാറിയിരിക്കുന്നുവെന്ന തോന്നലാണിത്.
മാറ്റം തോന്നലാണോ അല്ലയോ എന്നല്ല, തോന്നലാണെന്നു വിചാരിക്കേണ്ടിവരുന്ന കാലത്തെയാണ് സൂക്ഷ്മതലത്തില്‍ അറിയാനാവുക.
ഇവ പരിശോധിച്ചാല്‍ ശാസ്ത്രീയമായ കണ്ടെത്തലുകളും പഴഞ്ചന്‍ധാരണകളും തമ്മില്‍ മുമ്പെന്നത്തേക്കാള്‍ മാറ്റമുണ്ടെന്നു കാണാനും, ആത്യന്തികമായി ഒന്നിന്റെയും അടിസ്ഥാനസ്വഭാവത്തില്‍ മാറ്റമില്ലെന്നു തിരിച്ചറിയാനുമാവും.
പണ്ടു നല്ലതായിരുന്നുവെന്നും പണ്ടത്തേത് അനുകരണീയമാണെന്നും ആളുകള്‍ക്കുതോന്നുന്നത്, യഥാര്‍ത്ഥത്തില്‍ ലക്ഷക്കണക്കിനു വര്‍ഷത്തെ ചരിത്രം മനുഷ്യനുണ്ടെന്ന ധാരണയെ മാറ്റിവയ്ക്കാനും കണ്ടില്ലെന്നു നടിക്കാനുമുള്ള പ്രവണത കൊണ്ടാണ്.
മനുഷ്യചരിത്രത്തിന്റെ വര്‍ഷങ്ങളിലേക്ക് പിന്തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്ന സാധ്യതകളെ മാറ്റിവയ്ക്കുകയും മധ്യകാലത്തെ ചിന്തകള്‍ക്കപ്പുറം ഒന്നുമില്ലെന്ന തോന്നലിനെ കൂടുതലായി അറിയുകയുമാണ് ഇതിന്റെ ഫലം.
അതിനാല്‍ കാഴ്ചയെ സംബന്ധിച്ച് വിലയിരുത്തുമ്പോഴും തൊട്ടുമുമ്പത്തെ കാഴ്ചയുമായോ അനുഭവങ്ങളുമായോ തട്ടിച്ചുനോക്കുവാനുള്ള പരിമിതജ്ഞാനത്തെ (അധികം ആയാസപ്പെടാതെ ബുദ്ധി പ്രയോഗിക്കാനുള്ള) മാത്രമേ പൊതുവെ ആളുകള്‍ പ്രോത്സാഹിപ്പിക്കുന്നുള്ളൂ എന്നു കാണാം.
മാധ്യമങ്ങളും നവമാധ്യമങ്ങളുമൊന്നും ഈ തരംഗത്തില്‍നിന്ന് ഏറെ അകലെയല്ല. അങ്ങനെയൊരു ജ്ഞാനബോധത്തെ പുതിയൊരു പേരിട്ടുവിളിക്കേണ്ടിയിരിക്കുന്നു.
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
Milan Tom
October 6, 2021 at 7:24 pm
Good
Malu menon
October 8, 2021 at 10:24 am
Very impressive
Dr.N.Pramod
October 11, 2021 at 12:48 pm
അതിനാല്‍ കാഴ്ചയെ സംബന്ധിച്ച് വിലയിരുത്തുമ്പോഴും തൊട്ടുമുമ്പത്തെ കാഴ്ചയുമായോ അനുഭവങ്ങളുമായോ തട്ടിച്ചുനോക്കുവാനുള്ള പരിമിതജ്ഞാനത്തെ (അധികം ആയാസപ്പെടാതെ ബുദ്ധി പ്രയോഗിക്കാനുള്ള) മാത്രമേ പൊതുവെ ആളുകള്‍ പ്രോത്സാഹിപ്പിക്കുന്നുള്ളൂ എന്നു കാണാം.
പുതിയ ഒരു ജ്ഞാന നിർമ്മിതിയുടെ ആവശ്യകത തീർച്ചയായും ഉണ്ട്. പുതിയ കാലത്തെ കാഴ്ച്ചകൾ ആഴം കുറഞ്ഞുപോവുന്നു . ചിത്രത്തിന്റെ സാംസ്ക്കാരിക പരിസരജ്ഞാനം കൂടി ആസ്വാദനത്തിന് അത്യാവശ്യമാണ്.
നല്ല രചന”