കവിത
തടയണകൾ കെട്ടുന്നത്
ഓരോ കല്ലിലും ഓരോ അലയുടെ പേര് കൊത്തിയിട്ടുണ്ടാകും,
വരാനുള്ള ഒഴുക്കുകളെയടക്കാനുള്ള
വകുപ്പുകൾ കോറിയമർത്തി എഴുതിയിട്ടുണ്ടാകും.
ആഴത്തിലെറിയുന്ന കല്ലുകളുടെ കറുകരുപ്പിൽ,
ആർത്തൊഴുകിവന്ന മഴക്കാലം
അന്തിച്ചു നിലയ്ക്കും.
ഒറ്റയൊറ്റക്കല്ലു കൊണ്ടോരോ ചാലടയ്ക്കും,
ഉള്ളിലേക്കിറ്റിയ നനവിന്റെ ചാലുകളെ,
കല്ലുരച്ച തീകൊണ്ടുണക്കും.
കാമ്പിലെച്ചേറുകൊണ്ട് കുറച്ച്,
ഉണങ്ങിയ വേനൽകൊണ്ട് കുറച്ച്,
വെറുപ്പ് കൊണ്ടും, കനപ്പുകൊണ്ടും കുറച്ച്!
അങ്ങനെയോരോ ഇടപ്പഴുതുമടച്ചുറപ്പിക്കും,
ഒലിവുകളൂറാതെ ഉറയ്ക്കും,
ഒഴുക്കു മരിച്ചനങ്ങാത്ത ആഴം മാത്രം,
കെട്ടിനിൽപ്പിന്റെ മണം മാത്രം,
ഒറ്റിരുപ്പിന്റെ വിലാപം മാത്രം,
ഒളിഞ്ഞും തെളിഞ്ഞും തടിച്ചു നിലച്ചു നീലിച്ചു കിടക്കും..
തടയണകൾ ഒഴുകാറേയില്ല.
— ഇമ്മാനുവേൽ മെറ്റിൽസ്
ചിത്രം വരച്ചത് സാജോ പനയംകോട്
Continue Reading
You must be logged in to post a comment Login