കഥ
പെണ്ണ് ചത്ത എഴുത്തുകാരൻ
അർജുൻനാഥ് പാപ്പിനിശ്ശേരി
അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക് വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക് വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ് ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”
littnow.com
design Sajjayakumar proam
littnowmagazine@gmail.com
You must be logged in to post a comment Login