കവിത
അവസരവാദ കാഴ്ച്ചകൾ
സതീഷ് കളത്തിൽ
മലയാളിയുടെ ലിംഗസമത്വം;
‘മണ്ണാൻ മജിസ്‌ട്രേറ്റായാലും’
മലർക്കുട ചൂടേണ്ടതില്ലെന്നു
മനസാ ധരിച്ച്; വെളുക്കെ ചിരിയ്ക്കും
മലയാളിക്കുംവേണം ലിംഗസമത്വം…!
മുലമാറാപ്പ്:
മറയില്ലാത്ത അടിയാത്തികളുടെ
മുഴുത്ത മാറിൽ കോർത്തുക്കിടന്ന
മടുക്കാത്ത തമ്പ്രാക്കളുടെ കൊഴുത്ത
മുരടൻ കണ്ണുകളെ കൊത്തിയിട്ട
മലയാളി വീരാംഗനകൾ കൽക്കുളത്ത്
മേൽശീല പരതിയിന്നു നടക്കുമ്പോൾ
‘മുലമാറാപ്പ്’ പുതിയ ആകാശം തേടുന്നു;
മുരടൻ തമ്പ്രാക്കൾ പൊട്ടിച്ചിരിക്കുന്നു..!
അതിജീവിത വേഷങ്ങൾ:
അഞ്ചാംപുരയിലെ കതകിനു മറവിലെ
അടുക്കളദോഷക്കാരികളിൽ ചിലർ
അരങ്ങ് തകർത്താട്ടം തുടരുന്നു;
ആ ‘സാധന’ മിന്ന് അതിജീവിതയാകുന്നു.
അറുപത്തഞ്ചിലൊരു നറുക്കാകാതിരിക്കാൻ
അഷ്ടമൂർത്തിയും അച്ചുതനും ശാമു രാമുവും
അരചനും ശുചീന്ദ്രത്ത് കൈമുക്കാനെത്തുന്നു;
അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിയ
ആട്ടക്കാരികൾ സാവിത്രീ വേഷമാടുന്നു;
അഭിനവ ജാതവേദന്മാർ തില്ലാന പാടുന്നു..!
littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
You must be logged in to post a comment Login