കഥ
കറുപ്പിന്റെ നിറം
മഞ്ജു വി മധു
ഗന്ധർവയാമം കഴിഞ്ഞിരിക്കുന്നു വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ
അഷ്ടമി. കാളീക്ഷേത്രത്തിലെ കല്‍ത്തൂണില്‍ നിന്നും പുറത്തുവന്ന യക്ഷി
ഗര്‍ഭഗൃഹത്തിലെ കനത്ത മൗനത്തിലേക്ക് അര നാഴിക ചെകിടോര്‍ത്തു. കാളിയമ്മ
ഉറങ്ങിയിട്ടുണ്ടാകും. നടന്ന് തീര്‍ത്ഥക്കുളത്തിലെ പടവുകളിലേക്കിറങ്ങി.
മുകളില്‍ ചന്ദ്രന് ചുറ്റും ചന്ദ്രിക പരന്നൊഴുകുന്നു. വേറെ ആരുണ്ടെങ്കിലും
ചന്ദ്രികയ്ക്ക് തന്നെയാണ് ചന്ദ്രനോട് കൂടുതലിഷ്ടം എന്ന് തോന്നിയിട്ടുണ്ട്. എന്നിട്ടും
ഒരിക്കല്‍ അവളെ ശപിച്ചു ഭൂമിയിലേക്കയച്ചു കളഞ്ഞു. ഒടുവില്‍ തിരിച്ചു ചന്ദ്രന്റെ
അടുത്തെത്താന്‍ വേണ്ടി അവള്‍ നടത്തിയ ചന്ദ്രോത്സവത്തില്‍ പങ്കെടുക്കാന്‍
പോയ കാര്യം യക്ഷി ഓര്‍ത്തു. അന്നവള്‍ തന്റെ മടിയില്‍ തല ചായ്ച്ച് ഒരുപാട്
കരഞ്ഞിരുന്നു.
ചുറ്റും നിറങ്ങളുടെ ഊ യലാട്ടം. ചെമ്പകം, തെച്ചി, കര്‍ണ്ണികാരം…. മിഴികൾ തുറന്നു തുടങ്ങുന്നു.പിന്നെ,
എന്തൊക്കെയോ പേരറിയാത്ത പൂക്കള്‍. ഓരോ നിറവും ചങ്കിന്റെ ഓരോ
പ്രതലങ്ങളില്‍ വിരലൂന്നുവെന്ന് യക്ഷിക്കറിയാം. അതില്‍ത്തന്നെ, വറ്റിപ്പോയ
കാമനകളുടെ നിറം കറുപ്പാണെന്നും.
കുളിച്ചുകയറി തിരിച്ചുനടക്കുന്നതിനിടയില്‍ പടിപ്പുരമാളികയിലേക്ക് നോക്കി.
മുറ്റത്തെ തുളസിത്തറയില്‍ ഒറ്റക്ക് നില്കുന്ന കൃഷ്ണതുളസിയുടെ ശാലീനമുഖം.
ജീവന്റെ പോക്കുവരവുകളിലെപ്പോഴോ കൃഷ്ണനെ പ്രണയിച്ചു ഒടുവില്‍
നിരാസത്തിന്റെ കരുവാളിച്ച നിറം സ്വന്തം ഇലകളിലേക്കേറ്റു വാങ്ങേണ്ടി വന്നവള്‍.
ഒരിക്കല്‍ യക്ഷി തുളസിയോട് അതിനെക്കുറിച്ച് ചോദിച്ചതാണ്. മറുപടി പറയാതെ
മുഖം തിരിച്ചുകളഞ്ഞു.
കുറച്ചകലെയാണ് പടിപ്പുരമാളിക. അവിടെ ചന്ദനനിറമുള്ള ഒരു
പെണ്‍കിടാവുണ്ടെന്നറിയാം. അവളെ കാണുമ്പോള്‍ നിറയെ പൂത്ത കദംബമാണ്
ഓര്‍മ്മ വരിക. മാസത്തില്‍ ഏഴ് ദിവസം ഒഴിച്ച് എന്നും അവള്‍ കല്‍വിളക്കില്‍ തിരി
തെളിയിക്കാന്‍ വരാറുണ്ട്. എന്താ അവളുടെ പേര്? കാര്‍ത്തിക? ശ്രീദേവി?
അല്ലെങ്കില്‍ തന്നെ പേരില്‍ കാര്യമില്ല എന്ന് ചെവിയിലോതിയതാരായിരുന്നു?
ഉള്ളിലെ ഉഷ്ണം വീശി തണുപ്പിക്കാനെന്ന മട്ടില്‍ ഇടയ്ക്കിടെ വന്ന് കുചങ്ങളെ
കശക്കിയെറിയുന്ന മാരുതിയാണോ? ഓര്‍മ്മിച്ചെടുക്കാനാവുന്നില്ല.
അപ്പുറത്തെ പടിപ്പുരമാളികയിലെ നിറങ്ങള്‍ യക്ഷിക്ക് വലിയ ഇഷ്ടമാണ്.
പ്രത്യേകിച്ച്, ആ പെണ്‍കിടാവിന്റെ…. വേറെയും ആരൊക്കെയോ
അവിടെയുണ്ടെങ്കിലും, അവളെയാണ് കൂടുതലിഷ്ടം. ചിലപ്പോള്‍ വടക്കിനിയിലുള്ള
അവളുടെ അറയില്‍ ചെന്ന് അകത്തേക്ക് നോക്കി നില്‍ക്കും. ചാന്തുപൊട്ടും,
കുപ്പിവളയും, പട്ടുപാവാടയുമൊക്കെ കൂടിച്ചേരുന്ന കൗ മാരത്തിന്റെ
നിറക്കൂട്ടുകള്‍ക്ക് എന്ത് ചന്തമാണ്! ഓരോ ഉത്സവകാലത്തും അവളില്‍ പടര്‍ന്നു
കയറുന്നത് ഓരോ നിറമാണെന്ന് തോന്നിയിട്ടുണ്ട്. ഓണത്തിന്, തിരുവാതിരയ്ക്ക്,
പത്താമുദയത്തിന്, ഭരണിക്ക്….. നിറപ്പകര്‍ച്ചകളുടെ ധാരാളിത്തത്തിൽ പൂത്തുലഞ്ഞു
നില്കുന്ന നന്ദനവനം പോലെ… അവിടെ ദേവഗണങ്ങളുടെ ഇഷ്ടമനുസരിച്ച് നിറങ്ങള്‍
പകര്‍ന്നാടാന്‍ വിധിക്കപ്പെട്ട അപ്സര നര്‍ത്തകിമാരെ പോലെ..
കാളിയമ്മയുടെ നെറ്റിയില്‍ ചാര്‍ത്തുന്ന കുങ്കുമത്തിന്റെ നിറമുള്ള ഒരു
പാവാടയുണ്ടവള്‍ക്ക്. ഈയിടെയായി അതിന്റെ മുകളില്‍ പുടവ പോലെ എന്തോ
ഒന്നുണ്ട്. അതിന്റെ പേര് ദാവണി എന്നാണെന്ന് അപ്പുറത്തുള്ള തമ്പുരാട്ടിക്കാവിലെ
ചാമുണ്ഡിയാണ് പറഞ്ഞത്. അതും ചുറ്റി അവള്‍ പോകുമ്പോള്‍ യക്ഷി പിറകില്‍
നിന്ന് നോക്കും. എന്നോ, എപ്പോഴോ ഇത് പോലെ ഒരു കുഞ്ഞ്
തനിക്കുണ്ടായിരുന്നോ? ഒരിളം കൈയുടെ സ്പര്‍ശഗന്ധങ്ങള്‍ ഏറ്റുവാങ്ങിയത് ഏത്
ജന്മത്തിന്റെ അടരുകളിലായിരുന്നു? മുഖത്തെ എണ്ണമിനുപ്പ് തുടച്ചുകളഞ്ഞ്
കൈയില്‍ വെള്ളോട്ടുവളകളണിയിച്ചു ഒരുക്കി നിര്‍ത്തിയത് ആരെയായിരുന്നു?
കൂടെക്കൂടെ അവള്‍ തുളസിയില തലയില്‍ ചൂടുന്നത് യക്ഷിക്കറിയാം.
ഇലയിറുക്കാന്‍ അവള്‍ അടുത്ത് ചെല്ലുമ്പോള്‍ തുളസി അവളുടെ നേരെ തല
ചായ്ച്ചു കൊടുക്കും. തുളസിക്കും അവളെ വലിയ ഇഷ്ടമാണ്. ശാന്തിക്കാരന്‍
ചാര്‍ത്തി തരുന്ന പിച്ചകമാല ഇനി അവള്‍ വരുമ്പോള്‍ എടുക്കാന്‍ പാകത്തിന്
തിടപ്പള്ളിയില്‍ കൊണ്ടുവയ്ക്കണമെന്ന് ഉറപ്പിച്ചു. ഇതിനിടയിലും അവളെ ഈയിടെ
കാണാറില്ലല്ലോ എന്ന് യക്ഷി ഓര്‍ത്തു.
ഇടയ്ക്കിടക്ക് പടിപ്പുരമാളികയില്‍ ഒരു മിടുക്കന്‍ കുട്ടി എത്താ റുണ്ട്.
തുളസിത്തറയില്‍ അവള്‍ വിളക്ക് തെളിക്കുമ്പോള്‍ കോലായില്‍ നിന്ന് അവന്‍
നോക്കി നില്‍ക്കും. അവര്‍ തമ്മില്‍ നേരിട്ടുരിയാടാറില്ലെങ്കിലും അവളെ
കാണുമ്പോള്‍ അവന്റെ കണ്ണുകളില്‍ മിന്നുന്ന തിളക്കം കാണാതിരിക്കാന്‍ പറ്റില്ല.
ഉരുക്കഴിച്ച മന്ത്രസിദ്ധിയിലൂടെ തന്നില്‍ കാമം കത്തിജ്വലിപ്പിച്ചവരില്‍ പോലും ആ
തിളക്കം എന്നും അന്യമായിരുന്നു.
പതിവ് പോലെ മുപ്പട്ടു വെള്ളിയാഴ്ച മൂവന്തിക്ക് പെയ്യുന്ന മഴയിലൂടെ ചാമുണ്ഡി
വന്നു. ഇടയ്ക്കിടയ്ക്കുള്ള ഊരുചുറ്റല്‍ ചാമുണ്ഡിക്ക് പണ്ടേ താൽപര്യമാണ്.
കൈയില്‍ ഒരു കുമ്പിള്‍ നിറയെ കുന്നിക്കുരുവും ഉണ്ടായിരുന്നു. ചുവന്ന മുഖത്ത്
കറുത്ത പൊട്ട് തൊട്ട കുന്നിക്കുരു. കൈയിലിട്ട് അമ്മാനമാടി കൊണ്ട് ചാമുണ്ഡി
ഒത്തിരി വിശേഷങ്ങള്‍ പറഞ്ഞു. അതിലൊന്ന് ആ പടിപ്പുരമാളികയിലെ
പെണ്‍കിടാവിന്റേതാണ്. അവളുടെ അച്ഛനോട് അവിടെ വരാറുള്ള ആ പയ്യന്‍
പറയുന്നത് ചാമുണ്ഡി നേരിട്ട് കേട്ടെന്ന്. “അവളെ എനിക്ക് വേണം. ഞാന്‍
മുറച്ചെറുക്കനല്ലേ” എന്നായിരുന്നത്രേ അത്! “എനിക്ക് അവളെ ഒരുപാടിഷ്ടമായി”
എന്നൊക്കെ പറയുന്നതും ചാമുണ്ഡി കേട്ടു. എന്താണെന്നറിയില്ല, ഇത് പറഞ്ഞു
കഴിഞ്ഞ് ചാമുണ്ഡി പെട്ടെന്ന് നിശബ്ദയായി. പിന്നെ, എവിടെയൊക്കെയോ
നോക്കി വളരെ നേരമിരുന്നു. അപ്പോള്‍ അവളുടെ മുഖം നനഞ്ഞിരുന്നത് മഴ
കൊണ്ട് മാത്രമല്ലായിരുന്നു.
അന്ന് രാത്രി ഓരോന്നോര്‍ത്തോര്‍ത്ത് യക്ഷി വളരെ നേരം ഉറങ്ങാതെ കിടന്നു.
സോമരസത്തിന്റെ ഉന്‍മാദത്തില്‍ ആര്‍ത്തലച്ച് വന്ന സുരതവീര്യങ്ങളെ കുറിച്ച്.
തലയിലെ ആണിപ്പഴുതുകളിലെ നോവിലൂടെ ഒറ്റയ്ക്ക് നനഞ്ഞു തീര്‍ത്ത
പെരുമഴക്കാലങ്ങളെ കുറിച്ച്… ആ പെണ്‍കിടാവിന്റെ മംഗലത്തിന് എന്തു സമ്മാനം
കൊടുക്കും? കഴുത്തിലെ അഡ്ഡികയിൽ നിന്ന് ഒരു ചന്ദ്രകാന്തക്കല്ല് ഇളക്കി
കൊടുക്കാം. ആരുമറിയാതെ അവളുടെ അറയില്‍ കൊണ്ടുവയ്ക്കാം.
നെടുമംഗലത്തിനായി കാളിയമ്മയോട് പറഞ്ഞ് ഒരേലസ്സ് കൂടി വാങ്ങണം.
അന്നൊരിക്കല്‍ അവള്‍ തൊടിയില്‍ കാല്‍ തട്ടി വീണത് യക്ഷിയോർത്തു.അത് കഴിഞ്ഞാണ്
അവളെ പുറത്ത് കാണാതായത്. പന്തലിച്ച് നില്‍ക്കുന്ന ഇലഞ്ഞിയുടെ വേരില്‍
കാല്‍ തട്ടി വീഴുകയായിരുന്നു. ആരോ ഓടി വരുന്നതും “നിനക്ക് വേര് കാണാൻ
വയ്യായോ’ എന്ന് ചോദിക്കുന്നതുമെല്ലാം അന്ന് കണ്ടിരുന്നു. എന്താണോ, ആ
മിടുക്കന്‍ കുട്ടിയെയും പിന്നെ കണ്ടിട്ടില്ല.
ഒരു പക്ഷം കഴിഞ്ഞിട്ടും പെണ്‍കിടാവിനെ കാണാതിരുന്നപ്പോള്‍ യക്ഷിയുടെ ഉള്ള്
ചുട്ടു. മാതൃത്വം തനിക്ക് അന്യം തന്നെ. വാനവര്‍ക്ക് കേളിയാടാന്‍ മാത്രം
വിധിച്ചിട്ടുള്ള മാറിടത്തില്‍ പാലിന്റെ നനവൂറുന്നുണ്ടോ? മോഹങ്ങള്‍ തീരാതെ
ജന്മമൊടുങ്ങുന്നവരാണ് യക്ഷികളാകുന്നത്. നിയതിയുടെ വഴികള്‍
മറികടക്കാനാകുമെങ്കില്‍ തനിക്ക് ‘രതിശില്‍പ്പമാകേണ്ട, അമ്മബിംബമായാല്‍ മതി’
എന്ന് ബ്രഹ്മസന്നിധിയില്‍. പറയുമായിരുന്നു. ജീവന്റെ മറുകരയിലേക്കുള്ള
പ്രയാണത്തിന് ഇനി ഏത് നിമിത്തമാണ് വേണ്ടതെന്ന് ആരോടാണ് ചോദിക്കേണ്ടത്?
ഭരണിനാളിലെ കുരുതി കഴിഞ്ഞ് കാളിയമ്മ പള്ളിനീരാട്ടിന് പോയപ്പോള്‍ പതിവ്
പോലെ യക്ഷിയും കൂടെക്കൂടി. അമ്മ നീരാടുന്ന തീര്‍ത്ഥക്കുളം കുറച്ച് ദൂരെയാണ്.
ശാന്തിക്കാര്‍ അമ്മയെ വര്‍ഷത്തിലൊരിക്കല്‍ അവിടെ കൊണ്ടുച്ചെന്ന്
ആറാടിക്കാറുണ്ട്. ഏഴ് തവണ മുങ്ങി, ചുവന്ന പട്ടുടുത്ത് മാറുമ്പോള്‍ ചതച്ചെടുത്ത
താംബൂലം ഓട്ടുകിണ്ണത്തില്‍ നീട്ടികൊണ്ട് അമ്മയോട് പടിപ്പുരമാളികയിലെ
പെണ്‍കിടാവിന്റെ കാര്യം ചോദിച്ചു. കഴുത്തിലെ കപാലമാലയില്‍ തൊട്ട്, മാനത്ത്
തീക്കട്ട പോലെ തിളങ്ങിക്കൊണ്ടിരുന്ന തിരുവാതിര നക്ഷത്രത്തെ നോക്കി
കാളിയമ്മ മന്ത്രിച്ചു, “അവള്‍ക്കിനി കണ്ണില്ല, അവളുടെ കണ്ണ് പോയി.”
അപ്പോള്‍ ആഞ്ഞുവീശിയ രാത്രിയുടെ പതിനേഴാം കാറ്റില്‍ കാളിയമ്മയുടെ ശബ്ദം
ചിതറിപ്പോയി. ഒരു നിമിഷത്തെ മൗനത്തിന് ശേഷം അമ്മ വീണ്ടും പറഞ്ഞു
“കര്‍മ്മദോഷം”. യക്ഷിക്ക് കാര്യം മനസ്സിലായി. ഇപ്പോള്‍ പൊടിച്ചുവരുന്ന
കുഞ്ഞുതളിരുകളെ പോലും കരിച്ചുകളയുന്ന അനാദിയായ പൂര്‍വ്വജന്മങ്ങളുടെ
കണക്കെടുപ്പുകള്‍… എല്ലാ ശുഭരാശികളെയും എതിര്‍ത്ത് തോല്‍പ്പിക്കുന്ന
ചിത്രഗുപ്തന്റെ അന്തിമവിധിയുടെ താമോഗര്‍ത്തങ്ങള്‍… പക്ഷേ, പക്ഷേ, അവളുടെ
കണ്ണുകള്‍ എങ്ങനെ പോകും? തിളക്കമാര്‍ന്ന, വിടര്‍ന്ന ആ കണ്ണുകള്‍ യക്ഷി
ഓര്‍ത്തു. വിരിഞ്ഞു നില്‍ക്കുന്ന ശംഖുപുഷ്പം പോലെ.
ആശ്വിനത്തിലെ വ്രതദിനങ്ങളായതിനാല്‍ യക്ഷിക്ക് കുറച്ചുനാള്‍
പുറത്തിറങ്ങാനായില്ല. മുപ്പട്ടു വെള്ളിയാഴ്ച എത്താതിരുന്നതിനാല്‍
ചാമുണ്ഡിയെയും കാണാന്‍ പറ്റുന്നില്ല. അതിനിടയിലും, അവള്‍ക്ക് കണ്ടില്ലെങ്കില്‍
തന്നെ അവളെ സ്‌നേഹിക്കുന്നവര്‍ അവള്‍ക്ക് കണ്ണാകുമല്ലോ എന്ന് യക്ഷി
ഓര്‍ത്തുകൊണ്ടിരുന്നു. കാളിയമ്മയോട് അക്കാര്യം ഒന്ന് ചോദിക്കണമെന്നും
ഉറപ്പിച്ചു. തനിക്ക് ആ പെണ്‍കിടാവിനോടുള്ള ഇഷ്ടം അമ്മക്ക് അറിയാം. പക്ഷേ,
എന്തോ, അമ്മ ഈയിടെ മൗനത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. വാത്സല്യം മാത്രം
തിളങ്ങുന്ന ആ മുഖത്ത് എന്തോ ഒരു കുഞ്ഞുനൊമ്പരം.
വ്രതം മുറിച്ചതിന്റെ പിറ്റേ ദിവസം പടിപ്പുരയില്‍ ഉറക്കെയുള്ള സംസാരം കേട്ടാണ്
യക്ഷിയുടെ ഉച്ചമയക്കം തെളിഞ്ഞത്. തളത്തിന്റെ വാതിലില്‍ ചെന്ന് അകത്തേക്ക്
നോക്കി. ഒന്നും വ്യക്തമല്ല. ഒടുവില്‍ ഇടറിതേഞ്ഞ ഒരു ശബ്ദം മാത്രം കാതിൽ
വന്നലച്ചു. “അല്ലെങ്കിലും കണ്ണില്ലാത്തവളെ ഇനി ആര്‍ക്ക് വേണം? നിന്റെ
കുറ്റമാണെന്ന് ഇവിടാരും പറഞ്ഞില്ല. നീ വേറെ കല്യാണം കഴിച്ചു സ്വസ്ഥമായിരിക്ക്”
യക്ഷി പതിയെ നടന്നു വടക്കിനിയിലെത്തി. അറയിലേക്ക് നോക്കി. കറുപ്പ് മാത്രം.
കറുത്ത, കറുകറുത്ത നിറം മാത്രം.. മുറ്റത്തേക്കിറങ്ങി. തുളസി ഉണങ്ങിപോയിരുന്നു.
കണ്ണുനീര്‍ വീണതാണോ? കാഴ്ചയില്ലാത്ത കണ്ണുകളില്‍ നിന്നും വരുന്ന കണ്ണുനീരിന്
ഉപ്പുരസം കൂടുതലായിരിക്കും.
എന്ത് വേണമെന്നറിയാതെ യക്ഷി ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ
തുളസിത്തറയുടെ തണുത്ത തറയില്‍ നെഞ്ചമര്‍ത്തി കരിഞ്ഞുപോയ ഇലകളില്‍
മുഖം ചേര്‍ത്ത് വിങ്ങി വിങ്ങി കരഞ്ഞു.
illustration saajo panayayamkod
littnow.com
littnowmagazine@littnow
You must be logged in to post a comment Login