കഥ
ഇരുൾ പെറ്റ പെൺമക്കൾ
അനിറ്റ മേരി
ചിത്രീകരണം _
സാജോ പനയംകോട്
ഓടിയോടി ഞാനൊരു കാടിനുള്ളിലെത്തിയതുപോലെ തോന്നി. നഗരത്തിനുള്ളിൽ ഇങ്ങിനെയൊരു കാടുണ്ടായിരുന്നോ?
കാടിനുള്ളിലെ ഇരുട്ട് എന്നെ വിഴുങ്ങുന്നതുപോലെ വല്ലാതെ ഭയപ്പെടുത്തുന്നു. അകലേക്ക് നോക്കിയപ്പോൾ ഒരു കെടാവിളക്കിന്റെ വെളിച്ചം. ഞാൻ അത് ലക്ഷ്യമാക്കി ഓടി.
ഒരു വലിയ പാലമരം. അതിൽ ഒരു കെടാവിളക്ക്. ഞാൻ ചുറ്റും നോക്കി. ആരെയും കാണുന്നില്ല. പാലമരത്തിന്റെ ചില്ലകൾ കാറ്റിൽ ആടിയുലയുന്നുണ്ടായിരുന്നു. അത് എന്നോട് എന്തൊക്കയോ പറയാൻ ശ്രമിക്കുന്നത് പോലെ. അതിന്റെ പൊക്കം പതിയെ കുറഞ്ഞ് വന്നു. എന്നോടൊപ്പം എത്തി. അതിന്റെ ചില്ലകളാൽ എന്നെ കെട്ടിപ്പുണർന്നു. എന്നിട്ട് അത് എന്റെ കാതിൽ മന്ത്രിക്കാൻ തുടങ്ങി. അത് പറഞ്ഞത് അതിന്റെ കാത്തിരിപ്പിൻ കഥയാണ്. അതിന്റെ ജീവനില്ലാത്ത ജീവന്റെ കഥ. പ്രിയ തോഴിയുടെ കഥ. ദുർഗ്ഗയുടെ കഥ.
ദുർഗ്ഗയുടെ പേരു കേട്ടപ്പോൾ തന്നെ ചുറ്റുമുള്ള മരങ്ങൾ സന്തോഷത്തിൽ ആടിയുലഞ്ഞു. കാറ്റിനു പോലും ഒരു പ്രത്യേക താളം.
ദുർഗ്ഗ ആരാണ്?
പാല പറഞ്ഞു തുടങ്ങി.
ദുർഗ്ഗ, ഞങ്ങളുടെ പ്രിയപ്പെട്ടവൾ. മനുഷ്യരുടെ കണ്ണിൽ ഒരു യക്ഷി. കാടിനെ വിറപ്പിച്ചിരുന്ന ചുടലയക്ഷി.
ഞാൻ എവിടുനോക്കയോ സംഭരിച്ച് വെച്ച ധൈര്യം ചോർന്നു പോയികഴിഞ്ഞിരുന്നു.
ദുർഗ്ഗ യക്ഷിയോ?
അവൾ ഇപ്പോൾ എവിടെ?
അവൾക്ക് എന്ത് പറ്റി?
പാല വീണ്ടും പറഞ്ഞു തുടങ്ങി.
ദുർഗ്ഗ എന്റെ തോഴി ഇവിടെ തന്നെ ഉണ്ട്. അത് നീ തന്നെയാണ്. നിനക്ക് എന്താണ് സംഭവിച്ചതെന്ന് നീ തന്നെയാണ് എന്നോടും ഈ കാടിനോടും പറയേണ്ടത്.
ഞാനോ ദുർഗ്ഗ?
എന്താണ് നീ ഈ പറയുന്നത്?
എനിക്ക് ഒരു ദുർഗ്ഗയെയും അറിയില്ല. ഞാനല്ല ദുർഗ്ഗ.
പിന്നെ ആരാണ് നീ ?
അതെ പിന്നെ ആരാണ് ഞാൻ ?. എനിക്കറിയില്ല. എന്താണ് എന്റെ ഉല്പത്തി? ഞാൻ എന്നോട് തന്നെ ചോദിച്ചു. എനിക്കറിയില്ല.
പാലമരം എന്നോട് പറഞ്ഞു നീ നിന്നിലേക്ക് തന്നെ ഇറങ്ങിച്ചെല്ലുക. അപ്പോൾ അതിനുള്ള മറുപടി നിനക്ക് ലഭ്യമാകും.
അപ്പോഴേക്കും എന്റെ രൂപം മാറാൻ തുടങ്ങി. മുട്ടോളം മുടി, താമര ഇതളുകൾ പോലുള്ള കണ്ണുകൾ, കൂർത്ത നഖങ്ങൾ, മുല്ലമോട്ടുകൾ പോലുള്ള പല്ലുകൾ, ചെച്ചുണ്ടുകൾ എന്നിങ്ങനെ വല്ലാത്ത മാറ്റം. എൻെറ മാറ്റങ്ങൾക്ക് അനുസൃതമായി ആ വനത്തിലും മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി. പാല എന്റെ മാറ്റം കണ്ട് എന്നെ വിളിച്ചു, ‘ദുർഗ്ഗ’.
കാറ്റിന്റെ ഓരോ അണുവിലും ദുർഗ്ഗ എന്ന പേരു ഞാൻ കേട്ടു. എല്ലാം കൊണ്ടും ഞാൻ മറ്റാരോ ആയി മാറി തുടങ്ങുന്നു. എന്റെ ശരീരത്തിലൂടെ എന്തോ ഒന്ന് കടന്ന് പോകുന്നത്പോലെ. രൂപത്തിലും ഭാവത്തിലും എനിക്ക് എന്തൊക്കയോ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരുന്നു. പാലമരത്തിന്റെ ചില്ലയിലിരുന്ന മുങ്ങ പറന്നെന്റെ തോളിൽ വന്നിരുന്നു. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
അതെ ഞാൻ ദുർഗ്ഗ.
ഈ കാടിന്റെ ഭംഗി പോലും എന്നിൽ നില കൊള്ളുന്നു. കിളിമല്ലൂർ കാവിന്റെ കാവൽക്കാരി. നാഗത്താൻമാരുടെ പ്രിയദാസ്സി. ദുർഗ്ഗയാണ് ഞാൻ. മനുഷ്യർക്ക് കാണാൻ കഴിയാത്ത അരൂപി. മനുഷ്യർ ഇരുട്ടിന്റെ മറവിൽ ഓരോ ക്രൂരതകൾക്കും ഞാൻ പ്രതികരിച്ചു തുടങ്ങി. ഓരോ പെൺമാനവും ശരീരവും പിച്ചിചീന്തുന്ന ക്രുരമൃഗങ്ങളെ അവരുടെ ശരീരത്തിൽ പല്ലുകളും നഖങ്ങളും താഴ്ത്തിയിറക്കി മരണത്തിന്റെ കൈകളിലേക്ക് ഏൽപ്പിച്ചു. എപ്പോഴും എനിക്ക് കൂട്ടിനായി എന്റെ നാഗത്താൻ മാരും കാടും ഉണ്ടായിരുന്നു. പക്ഷേ നങ്യാട്ട് തിരുമേനിയുടെ മാന്ത്രികവിദ്യകൾക്ക് മുന്നിൽ എനിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. എന്നെ തിരുമേനി ഒരു മരപാവയിൽ ആവാഹിച്ച് ഒരു ആലിൻ ചുവട്ടിൽ സ്ഥാപിച്ചു. വർഷങ്ങളോളം ആ മരപ്പാവയിൽ ബന്ധിതയായിരുന്നു ഞാൻ.
നഗരത്തിലെ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രഫറും നവവധുവും കാടിന്റെ ഭംഗി കാണാനെത്തി. ആ യുവതി എന്നെ ആവാഹിച്ചു വെച്ചിരിക്കുന്ന മരപ്പാവ കണ്ട് കൗതുകത്തോടെ അവിടെ നിന്നും പിഴുതെടുത്തു. ഞാൻ മോചിതയായി. പക്ഷെ എനിക്ക് ഒരു നിഴൽരൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിനും കഴിയാത്ത നിഴൽ മാത്രം ആയ എനിക്ക് എന്റെ ശക്തികളും രൂപവും വീണ്ടെടുക്കാൻ ഒരു ശരീരവും ആത്മാവും ആവശ്യമായിരുന്നു. യുവതിയിൽ ഒരാഴ്ച്ച മാത്രം പ്രായമുള്ള ഭ്രൂണത്തിലേക്ക് ഞാൻ ചേക്കേറി. ആ ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി എന്റെ രൂപവും ശക്തിയും എനിക്ക് ലഭ്യമാകാൻ തുടങ്ങി.
യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി, ‘ആർദ്ര’. ആർദ്ര ഒരു ശരീരവും രണ്ട് ആത്മാവുമായി വളർന്നു. ഇരുപത് വർഷങ്ങൾ കടന്നുപോയി. കോളേജ് വരാന്തയിലൂടെ നടന്നു പോയ അവളെ മോശമായി കമന്റ് അടിച്ച ചെറുപ്പക്കാരോട് അവൾ രോക്ഷകുലയായി പ്രതികരിച്ചു. അവൾ അങ്ങനെയാണ്. അവളുടെ മുമ്പിൽ കാണുന്ന അനീതികൾക്കും അക്രമങ്ങൾക്കും എതിരെ ചുട്ടമറുപടി നൽകുന്നവൾ. ഞാനും അവളിൽ കുടികൊള്ളുന്നത് കൊണ്ട് അവളുടെ മനോബലവും ശക്തിയും ഇരട്ടിയായിരുന്നു.
ഞാൻ ഒരിക്കലും അവളിലുടെ എനിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നില്ല. അവളുടെ ജീവിതം അവൾക്കായി വിട്ടുകൊടുത്തു. അവൾക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ താങ്ങായി നിന്നു. ആർദ്ര എന്റെ മറ്റൊരു മുഖമായിരുനെന്ന് അവൾ വളരുന്നതിനു അനുസരിച്ച് എനിക്ക് മനസ്സിലാകാൻ തുടങ്ങി.
കോളേജിൽ പുതുവിദ്യാർത്ഥികളെ സ്വീകരിക്കാൻ നിന്ന ആർദ്രയും കൂട്ടുകാരും കണ്ടത് റാഗിങ്ങ് എന്ന പേരിൽ ഒരു പെൺകുട്ടിയെ മാനം കെടുത്താൻ പോകുന്ന അവളുടെ സഹപാഠികളെയാണ്. അവൾ അവിടെ ഒരു കാട്ടുതീപോലെ ആളികത്തി, ഞാനും. അവർക്ക് അവളോട് അമർഷവും പകയും ഇരട്ടിച്ചു. അവർ അവളെ വകവരുത്താൻ തീരുമാനിച്ചു. മുമ്പ് ഒരിക്കൽ അവളോട് അപമര്യാദയായി പെരുമാറിയപ്പോൾ അവൾ ചെരുപ്പൂരി അവരെ അടിച്ചിരുന്നു.
അവൾ ഡാൻസ് ക്ലാസ് കഴിഞ്ഞ് വിട്ടിലേക്ക് തിരിക്കാൻ സന്ധ്യയാകും . ആ സമയം അവളെ അവർ പിൻതുടർന്ന് വാനിൽ പിടിച്ച് കയറ്റി ഇവിടെ കൊണ്ടുവന്നു. അവളെ നശിപ്പിച്ച് കൊല്ലാൻ ആയിരുന്നു അവരുടെ തീരുമാനം. അവിടെ നിന്നും കുതറി ഓടിയ ആർദ്ര ഇവിടെയാണ് എത്തിപ്പെട്ടത്.
‘പക്ഷെ’ എന്നുപറഞ്ഞ് ഞാൻ ദുഃഖത്തോടെ മുഖം താഴ്ത്തി.
പാല മരം എന്നോട് ചോതിച്ചു,
‘എന്തുപറ്റി?’
ഞാൻ മറുപടി .
‘ആർദ്ര അവളുടെ ദേഹം ഉപേക്ഷിച്ച് പോയിട്ട് അരനാഴിക പിന്നിട്ടു.’
പാലപൂവിൻ സുഗന്ധം ചുറ്റും പരന്നു. പ്രേതയാമമായതോടെ ദുർഗ്ഗയുടെ ശക്തി ഇരട്ടിച്ചു. രക്തവർണ്ണ ചന്ദ്രനെ പോലെ അവളുടെ കണ്ണുകൾ ജ്വലിച്ചു. അവളുടെ മാറ്റങ്ങൾ പാലമരത്തെ ഒന്ന് ആടിയുലച്ചു.
ഇരുട്ടിന്റെ പുത്രി പതിയെ ഇരുട്ടിനോട് അലിഞ്ഞു ചേരാൻ തുടങ്ങി.
ആർദ്ര അവൾ ഇനി എന്നും എന്റെ മനസ്സിൽ അണയാത്ത ഒരു തിരിനാളം ആയി ജ്വലിച്ചുകൊണ്ടിരിക്കും.
അവൾ ഞാൻ തന്നെയാണ്.
അത്രയും പറഞ്ഞപ്പോഴേക്കും കാവിൽ നിന്നിനും ഒരു അലർച്ച കേട്ടു. ഇരുൾ പെറ്റ പെൺമക്കൾക്കായി ദുർഗ്ഗ ഒരു രക്തദാഹി ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
littnow.com
Design : Sajjaya kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
You must be logged in to post a comment Login