കഥ
കവിതാ സായാഹ്നം
ശ്രീനി ഇളയൂര്‍
ചില ഭാഗ്യനിമിഷങ്ങള്‍ നമുക്ക് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. എന്‍റെ മുമ്പിലേക്കുള്ള ശശാങ്കന്‍റെ വരവും അപ്രകാരമായിരുന്നു. ഒന്നിച്ചു പഠിച്ചവ രില്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നവരില്‍ ഒരാളാണ് ശശാങ്കന്‍. പഠനം കഴിഞ്ഞപ്പോള്‍ ഒന്നുമാലോചിക്കാതെ ഒരൊറ്റ പോക്ക്. ഗള്‍ഫില്‍നിന്ന് രണ്ടരവര്‍ഷം കഴിഞ്ഞിട്ടാണ് ആദ്യവരവുണ്ടായത്. പഴയ സുഹൃത്തുക്കളെയൊക്കെ തേടിപ്പിടിക്കാനും ഒന്നിച്ചാഘോഷിക്കാനും ആദ്യവരവില്‍ നല്ല ആവേശമായിരുന്നു. ക്രമേണ വരവിന്‍റെ പൊലിമ കുറഞ്ഞുതുടങ്ങി. വരുന്നതും പോകുന്നതുമൊന്നും സുഹൃത്തുക്കളാരും അറിയാത്ത അവസ്ഥവരെ എത്തി. ആ ശശാങ്കനാണ് നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റിനുമുന്നില്‍കാണാത്ത മട്ടില്‍ നില്‍ക്കുന്നത്. നേരെ മുമ്പില്‍ചെന്ന് ഒറ്റവിളിയാണ്,
ശശാങ്കാ….!
ഞങ്ങള്‍ സംസാരിക്കാനായി ഒഴിഞ്ഞൊരിടത്തിലേക്ക് മാറിനിന്നു. ശശാങ്കനാണ്പറഞ്ഞത് നമുക്കൊരു കാപ്പി കുടിച്ചുകൊണ്ട് സംസാരിക്കാം.
കാപ്പിയോ..? നമുക്ക് സ്മാളെന്തെങ്കിലും കഴിച്ച് സംസാരിക്കാം. കാപ്പിക്കടയിലൊക്കെ ഭയങ്കര തെരക്കായിരിക്കും. ഇവിടെ സമാധാനമായി സംസാരിച്ചിരിക്കാന്‍പറ്റുന്ന റൂഫ്ടോപ് ബാറുണ്ട്. നമുക്കങ്ങോട്ടു പോകാം.
പോയകാല സൗഹൃദങ്ങള്‍ പങ്കിടാന്‍ ഏറ്റവും അനുയോജ്യമായ ഇടം ബാര്‍ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല ആ റൂഫ് ടോപ് ബാറില്‍പണ്ടൊരു സുഹൃത്ത് കൊണ്ടുപോയതിനുശേഷം ഇതുവരെ കേറാനൊരു അവസരമുണ്ടായിട്ടില്ല.
ടോപ്പിലെത്തിയപ്പോള്‍ ശശാങ്കന്‍ ചോദിച്ചു.
നില്‍പന്‍ പോരേ..?
ഏയ്, അതാകുമ്പോള്‍ സംസാരത്തിനൊരു സുഖമുണ്ടാവില്ല. നമുക്കേതെങ്കിലുംമൂലയില്‍ പോയി ഇരുന്നു സംസാരിക്കാം.
ഗോപീഷേ, നിനക്ക് പണ്ടത്തെപ്പോലെ പാട്ടുപാടി അടിക്കണമായിരിക്കും. ആസ്വഭാവമൊന്നും മാറിയിട്ടില്ലല്ലോ.
മദ്യപിച്ചാല്‍ എനിക്ക് പാട്ടുപാടണം. വലിയൊരു ഗായകനാവണമെന്ന ചെറുപ്പംമുതലുള്ള എന്‍റെ ആഗ്രഹം ഞാന്‍ സഫ ലമാക്കുന്നത് മദ്യപാനവേളയിലാണ്. ആത്മവിശ്വാസത്തോടെ അപ്പൊഴേ പാടാന്‍ പറ്റൂ.
ലഹരി അകത്തുചെന്നാല്‍ എന്‍റെ മറ്റൊരു ലഹരി പുറത്തുവരും. അത് പാട്ടിന്‍റെ രൂപത്തിലാവുമെന്നുമാത്രം. നീ പലവട്ടം കേട്ടിട്ടുള്ളതല്ലേ എന്‍റെ പാട്ടുകള്‍..?
ഞങ്ങള്‍ ബാറിന്‍റെ ഒരു ഇരുണ്ടമൂല തെരഞ്ഞെടുത്തു. നാലുനിലകള്‍ക്ക് മുക ളിലാണ് ബാര്‍. ഇവിടിരുന്ന് നോക്കിയാല്‍ നഗരത്തിരക്കുകള്‍ കണ്ടാസ്വദിക്കാം. നഗരംപതുക്കെ പ്രകാശപൂരിതമായി തുടങ്ങുന്നേ ഉള്ളൂ. തെരുവുവിളക്കുകള്‍ കണ്‍മിഴിച്ചുതുടങ്ങി.
ഞാന്‍ ശശാങ്കന്‍റെ ആദ്യ വരവിലുണ്ടായിരുന്ന ആഘോഷങ്ങളെക്കുറിച്ചോര്‍ത്തു.
കാര്യങ്ങളൊക്കെ വല്ലാതെ കീഴ്മേല്‍മറിഞ്ഞിരിക്കുന്നു.എനിക്കൊരു വോഡ്ക മതി. ഗോപീഷിനോ..?
വോഡ്കയോ..? ശരി, എനിക്കും വോഡ്ക മതി. ഓരോ മാജിക് മൊമന്‍റ്സ്പോരട്ടെ.
ഞങ്ങള്‍ സംസാരം തുടങ്ങി. ശശാങ്കന് തന്‍റെ ഗള്‍ഫ് ബിസിനസ്സില്‍വന്ന അപചയങ്ങളെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. സത്യത്തില്‍ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. പാരലല്‍ കോളേജിലെ നിത്യക്കൂലിക്കാരന്‍ എന്തനുഭവങ്ങളെടുത്ത് വിളമ്പും.
പാട്ടുപാടരുത് എന്ന് മനസ്സില്‍ കരുതിയിരുന്നു. അത് തന്‍റെ ഒരു ദൗര്‍ബ്ബല്യമാണ്.സുഹൃത്തുക്കള്‍ പലരും പരിഹാസത്തോടെയാണ് തന്‍റെ പാട്ടുകള്‍ കേള്‍ക്കാറുള്ളത്എന്നറിയാം. പക്ഷേ, രണ്ടു പെഗ്ഗ് അകത്തുചെന്നപ്പോള്‍ തീരുമാനമെടുത്തതെല്ലാംവിസ്മരിച്ച് ഞാന്‍ പാടിത്തുടങ്ങി. കാല്‍പനികത നിറഞ്ഞ പഴയകാല പ്രേമഗാനങ്ങളാണ് താന്‍ പാടാറുള്ളത്. മിക്കവാറും വിരഹഗാനങ്ങള്‍. കാമൂകീകാമുകന്‍മാരുടെ അവസാന യാത്ര പറച്ചിലിന് അകമ്പടിയായുള്ള പാട്ടുകളാണ് തന്‍റെ വീക്ക്നെസ്സ്.
ശശാങ്കന്‍ മേശമേല്‍ കൈകൊണ്ട് താളമിട്ടുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഇതില്‍ നിര്‍ത്താം. മൂന്നാമത്തെ പെഗ്ഗ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ശശാങ്കന്‍പറഞ്ഞു. ഇനിയും കഴിച്ചാല്‍ വീട്ടില്‍ അലമ്പാവും.എനിക്ക് ഒന്നുകൂടി വേണം. ഞാന്‍ പറഞ്ഞു. ഒരു ഗള്‍ഫുകാരന്‍ സുഹൃത്തിനെകൈയില്‍ കിട്ടിയിട്ട് നാലെണ്ണമെങ്കിലും കഴിക്കാതെ വിട്ടയച്ചെന്ന് സുഹൃത്തുക്കള്‍അറിഞ്ഞാല്‍ നാണക്കേടല്ലേ.സംസാരം എന്‍റെവിവാഹക്കാര്യത്തിലേക്ക് കറങ്ങി ത്തിരിഞ്ഞു വന്നതെങ്ങനെയെന്നെനിക്കറിയില്ല. അതിലേക്കെത്താതെ നോക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുള്ളതാണ്. ശശാങ്കന്‍റെ ചോദ്യത്തോടെ ഞാന്‍ പാട്ടുപാടുന്നത് നിര്‍ത്തി. എന്തു മറുപടിയാണ് കൊടുക്കേണ്ടതെന്നാലോചിച്ചു.
നഷ്ടപ്രണയ ങ്ങളും അപമാനങ്ങളും നിരാശയും തിക്താനുഭവങ്ങളുമൊക്കെഎന്നെ വിഴുങ്ങിക്കളഞ്ഞു. ഞാന്‍ നിസ്സഹായനായി മൗനം പാലിച്ചു. ഒരു പൊങ്ങുതടി പോലെയായിരുന്നു എന്‍റെ മനസ്സ്.അപ്പോഴാണ് ഒരു പാട്ടിന്‍റെ നേര്‍ത്ത അലയടികള്‍വന്ന് എന്‍റെ കാതിനെ തഴുകിയത്. ഈ ബാറില്‍ ഇപ്പോള്‍ മറ്റൊരാള്‍ പാടുന്നുണ്ട്. അത്ര ഉറക്കെയൊന്നുമല്ല. മൂന്നോ,നാലോ ടേബിളിനപ്പുറം ആരോ ഒരാള്‍ പാടുന്നു. ശ്രുതിമധുര ശബ്ദമൊന്നുമല്ലെങ്കിലും കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. ഞാന്‍ ശശാങ്കനോട് നിശ്ശബ്ദനാകാന്‍ ആംഗ്യംകാണിച്ച് പാട്ട് ശ്രദ്ധിച്ചു.
ഛേ, എന്താണിയാളീ പാട്ട് തെറ്റിച്ചു പാടുന്നത്..? ഞാന്‍ ഉറക്കെ ചോദിച്ചു.
ഗോപീഷേ, ഒന്നു പതുക്കെ.
നീ കേട്ടില്ലേ..? ആ പാട്ടിനെ ഇങ്ങനെ അപമാനിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.സുതാര്യ സുന്ദര മേഘങ്ങള്‍ വിരിയും നിതാന്ത നീലിമയില്‍… എന്ന് മേഘങ്ങള്‍വിരിയുകയാണത്രേ.ഗോപീഷേ, നീ എവിടെ പോകുന്നു..? വേണ്ട ഗോപീഷേ. ആരെങ്കിലുംഎങ്ങിനെയെങ്കിലും പാടട്ടെ. നിനക്കെന്താ..? നീ അവിടിരിക്ക്. നിന്നെ പോകാന്‍ ഞാന്‍സമ്മതിക്കില്ല. ഇത് ബാറാണ്. ഇവിടെ പല തരത്തിലുള്ള ആള്‍ക്കാരുണ്ടാവും. അവരുടെ സ്വകാര്യതയിലേക്ക് നമ്മള്‍ തലയിടരുത്.
ഇതങ്ങനെയാണോ..? നമ്മളേറെ ഇഷ്ടപ്പെടുന്നൊരു പാട്ട് ഇങ്ങനെ തെറ്റിപ്പാടുന്നത് കേട്ടിരിക്കണമെന്നോ..? പാട്ടിനെ സ്നേഹിക്കുന്ന ഒരാള്‍ക്കും ഇത് സഹിക്കാനാവില്ല. അതുനടക്കില്ല ശശാങ്കാ. നീ ഇവിടിരി, ഞാനിപ്പോ വരാം.
എന്നെ തടയാന്‍ ശ്രമിച്ച ശശാങ്കന്‍റെ കൈ തട്ടിമാറ്റി ഞാനാ പാട്ടിന്‍റെ പ്രഭവകേന്ദ്രമന്വേഷിച്ച് ചുറ്റും കണ്ണോടിച്ചു. നാല് മേശകള്‍ക്കപ്പുറം കണ്ണടവെച്ച ഒരു താടിക്കാരനാണ് പാടുന്നത്. ആള്‍ക്ക് കുറച്ച് പ്രായമുണ്ട്. അയാള്‍ പാടുന്നതു കേട്ടുകൊണ്ട്മറ്റൊരാള്‍ എതിര്‍വശത്തിരിക്കുന്നുണ്ട്.
ഞാന്‍ പതുക്കെ ബാലന്‍സ് നേരെയാക്കി കസേരകളില്‍പിടി ച്ചുകൊണ്ട് ഓരോഅടിയായി മുന്നോട്ടുവെച്ച് താടിക്കാരന്‍റെ മുന്നി ലെത്തി.
ഞാനിവിടെ ഇരുന്നോട്ടെ..? ഞാന്‍ ചോദിച്ചു.
രണ്ടുപേരും അമ്പരന്ന് എന്നെ നോക്കി. ഏതാണീ അവതാരം എന്ന മട്ടില്‍. ഞാന്‍പറഞ്ഞു. നിങ്ങളുടെ പാട്ടുകേട്ട് വന്നതാണ്. പാട്ടെനിക്കിഷ്ടമായി. പക്ഷേ, ഇങ്ങനെവരികള്‍ തെറ്റിച്ചു പാടരുത്. അത് പാട്ടിനെ അപമാനിക്കലാണ്.
പാട്ട് എങ്ങനെ തെറ്റിച്ചു പാടീ എന്നാണ് നിങ്ങള്‍ പറയുന്നത്..?
ആ വരിയില്ലേ… ഞാന്‍ പാടിക്കൊടുത്തു.
സുതാര്യസുന്ദരമേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍……
കവി മേഘങ്ങള്‍ അലിയും എന്നെഴുതിയപ്പോള്‍ നിങ്ങളെന്താ പാടിയത്..? മേഘങ്ങള്‍ വിരിയും എന്ന്. ഇങ്ങിനെയൊക്കെ പാടിയാല്‍ പാട്ടിനെ ഇഷ്ടപ്പെടുന്നവര്‍ക്ക്സഹിക്കാനാകുമോ.? ഞങ്ങളൊക്കെ ഹൃദയത്തിലേറ്റി നടക്കുന്ന പാട്ടാണിത്.
ഓ… അങ്ങിനെയാണല്ലേ. സോറി. ഓര്‍മ്മയില്‍ നിന്നെടുത്തു പാടിയപ്പോള്‍തെറ്റിയതാകും. നിങ്ങള്‍ പറഞ്ഞതുതന്നെയാണ് ശരി. ഇനി പാടുമ്പോള്‍ അലിയും എന്നേ പാടുന്നുള്ളൂ. ഏതായാലും ഇതുവരെ വന്നില്ലേ. ഇനി നിങ്ങളാ പാട്ടൊന്നു പാടൂ…
ഞാന്‍ പാടിത്തുടങ്ങി…
സുന്ദരീ….. ആ…… സുന്ദരീ…….
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടി…
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു….
താടിക്കാരന്‍ കയ്യടിച്ചു.
എന്നാല്‍ ഞാന്‍ അങ്ങോട്ടു പൊയ്ക്കോട്ടെ.ഞാന്‍ എന്‍റെ ടേബിളിനു നേരെവിരല്‍ചൂണ്ടി. ശശാങ്കന്‍ അക്ഷമനായി എന്നോടു തിരിച്ചുവരാന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
പോകുന്നതിനുമുമ്പ് ഞങ്ങളോടൊപ്പം ഒരു ഡ്രിംഗ്സ് കഴിക്കുന്നോ..?അയാള്‍ചോദിച്ചു.
ഓ, വേണ്ട. കോക്ടെയിലാവണ്ട.
പേരെന്താ..? എന്തു ചെയ്യുന്നു..?
എന്‍റെ പേര് ഗോപീഷ്. പാരലല്‍ കോളേജില്‍ വാധ്യാരാണ്.
അവസാനത്തെ പല്ലവികൂടി ഒന്നു പാടിയിട്ടു പോകൂ.
ഞാന്‍ സമ്മതിച്ചു.
മൃഗാംഗ തരളിത മൃണ്മയ കിരണം
മഴയായ് തഴുകുമ്പോള്‍…
ഒരു സ്വര സീരുഹ സൗപര്‍ണികയില്‍
ഒഴുകീ ഞാനറിയാതെ… ഒഴുകീ ഒഴുകീ ഞാനറിയാതെ… സുന്ദരീ…
അല്ല, ഗോപീഷ് പാടിയതും തെറ്റി യല്ലോ. ഇങ്ങനെ തെറ്റിപ്പാടുന്നത് പാട്ടിനെ
അപമാനിക്കലല്ലേ..?
ഞാനോ, തെറ്റിപ്പാടിയെന്നോ..? ഇയാള്‍ വെറുതെ പകരം വീട്ടുകയാണ്. ഏതുവരിയിലാണ് എന്‍റെ പാട്ടില്‍ തെറ്റ് വന്നത്?
ഗോപീഷേ, ചെറിയൊരു തെറ്റ് തനിക്കും പറ്റി. താന്‍ പാടിയത് സ്വരസിരൂഹസൗപര്‍ണികയില്‍ എന്നാണ്.
എന്താ, അങ്ങനെയല്ലേ..? അല്ല, കവി എഴുതിയത് സരസിരൂഹ സൗപര്‍ണികയില്‍ എന്നാണ്. സരസിരൂഹം എന്നുപറഞ്ഞാല്‍ താമര എന്നാണര്‍ത്ഥം. സ്വരസിരൂഹ എന്നത് അര്‍ത്ഥമില്ലാത്തവാക്കാണ്.
ഞാന്‍ വല്ലാത്തൊരു വിഷമസന്ധിയിലായി. ഇയാളോട് തര്‍ക്കിച്ച് ജയിക്കണമെങ്കില്‍ തനീക്കീ രണ്ടു വാക്കുകളും നന്നായി അറിയണം. ഏതാണ് ശരി..? എന്തായിരിക്കും കവി ഉദ്ദേശിച്ചത്..? താന്‍ അപമാനിതനായോ..?
ഇതെങ്ങനെ നിങ്ങള്‍ക്ക് പറയാനാവും..? യഥാര്‍ത്ഥത്തില്‍ കവി ഉദ്ദേശിച്ചത് സ്വരസിരൂഹ എന്നുതന്നെ ആണെങ്കിലോ..? ഞാന്‍ പിടിച്ചു നില്‍ക്കാനൊരു ശ്രമം നടത്തി.
പാട്ടെഴുതിയത് എം.ഡി രാജേന്ദ്രനല്ലേ. അയാള്‍ സരസീരുഹം എന്നാണെഴുതിയത്.
എം.ഡി രാജേന്ദ്രനാണ് പാട്ടെഴുതിയത് എന്നത് എനിക്കും അറിയാം. പക്ഷേ
അയാള്‍ ഇങ്ങിനെയാണെഴുതിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഞാന്‍ തീര്‍ത്തും നിരായുധനായിപ്പോയി. ഒരു പാട്ടിന്‍റെ തെറ്റ് തിരുത്താന്‍ വേണ്ടി ആവേശപൂര്‍വ്വം വന്നപ്പോള്‍ ഇതാ മൂക്കുംകുത്തി നിലത്തുവീണുകിടക്കുന്നു. എന്‍റെഉള്ളില്‍ നുരഞ്ഞുകയറിക്കൊണ്ടിരുന്ന മാജിക്മൊമെന്‍റ്സ് എന്നെ പിടിച്ചുനില്‍ക്കാന്‍പ്രേരിപ്പിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു.
തല്‍ക്കാലം ഞാന്‍ നിങ്ങള്‍ പറയുന്നത് കേട്ടു പോകാം. പക്ഷേ ഞാനത് ഒരിക്കലും വിശ്വസിക്കുന്നില്ല. കവി ഒരിക്കലും അങ്ങനെ എഴുതാന്‍ വഴിയില്ല.
ഞാനെന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. ഞാന്‍ ശശാങ്കനെ കൈകാട്ടി വിളിച്ചു.
ശശാങ്കന്‍റെ കൈപിടിച്ച് ഞാന്‍ സീറ്റിലേക്കു നടന്നു.ڇശശാങ്കാ, എനിക്കൊ രെണ്ണം കൂടി വേണം.
അപരിചിതനായ ഒരാള്‍ തന്‍റെ ആത്മവിശ്വാസം മുഴുവന്‍ തകര്‍ത്തിരിക്കുന്നു.
ഞാന്‍ പുതുതായി മേശപ്പുറത്തെത്തിയ വോഡ്കയുടെ ഗ്ലാസ് ചുണ്ടോടടുപ്പിച്ചപ്പോള്‍ ഒരു കൈ വന്നെന്‍റെ തോളില്‍തട്ടി.
തിരിഞ്ഞുനോക്കിയപ്പോള്‍ അതയാളാണ്. താടിക്കാരനായ പാട്ടുകാരന്‍റെ എതിര്‍വശത്തിരുന്നയാള്താങ്കളെ സാറ് വിളിക്കുന്നു.
ഏത് സാറ്..?
രാജേന്ദ്രന്‍ സാറ്… അയാള്‍ കുറച്ചകലെ ഇരിക്കുന്ന താടിക്കാരനെ ചൂണ്ടിക്കാട്ടി.
രാജേന്ദ്രന്‍ സാറോ..? ഏത് രാജേന്ദ്രന്‍ സാറ്..? എനിക്കൊന്നും മനസ്സിലായില്ല.അതേ, എം.ഡി രാജേന്ദ്രന്‍. ആ പാട്ടെഴുതിയ കവി..!
പെട്ടെന്ന് ആരോ ചുറ്റികകൊണ്ട് തലയ്ക്കടിച്ചതുപോലെ ഞാന്‍ ബോധത്തിലേക്ക് തിരിച്ചുവന്നു. ഉള്ളിലേക്കിറങ്ങിയ മാന്ത്രിക നിമിഷങ്ങളെല്ലാം ആവിയായി പുറത്തുപോയി.
കരയണോ, ചിരിക്കണോ എന്നറിയാതെ ഞാനവിടെത്തന്നെ ഇരുന്നു.
littnow
You must be logged in to post a comment Login