കവിത
ട്രാൻസ്

സൗദ പൊന്നാനി
പെണ്ണായിരിക്കുക
എന്നതിൽ കവിഞ്ഞൊരാനന്ദം
മറ്റെന്തുണ്ട്
ഏഴഴകുകളടുക്കി വെച്ചൊരു
മയിൽപ്പീലിത്തുണ്ട് പോലെ
കുപ്പിവളച്ചന്തമാർന്ന
കൈത്തണ്ടകളെ
അവൻ കൊതിയോടെ
നോക്കി നിൽക്കും
രാത്രിമുല്ലകളിൽ
നിഗൂഢപ്രണയമൊളിപ്പിച്ച
തേൻമാവിലെ
വള്ളിപ്പടർപ്പുകളെ പോലെ
പെൺകഴുത്തുകളെ
പുണർന്നലസമായ്
തൂങ്ങിയാടുന്ന
മുത്തുമാലകൾക്കെന്തൊരു ചേലാണ്
കൊത്തങ്കല്ലു കളിയിലും
വളപ്പൊട്ടു കളിയുടെ
അതീവ ജാഗ്രതയിലും
അവനെ തോൽപ്പിക്കാനായിട്ടില്ല
ഒരു പെണ്ണിനുമിതേവരെ
കുട്ടിപ്പുര കെട്ടി തൊട്ടിലാട്ടി
കുഞ്ഞിച്ചിരട്ടയിൽ ഇല്ലാക്കഞ്ഞിയാറ്റി
പെണ്ണിടങ്ങളിലവൻ
നുഴഞ്ഞു കയറാറുണ്ട്
ചേച്ചിയുടെ പുളളിപ്പാവാടയിൽ
കൺമഷിച്ചന്തത്തിൽ
കർണ്ണാഭരണത്തിളക്കത്തിൽ
സ്വന്തത്തെക്കണ്ട കണ്ണാടിയെ
കെട്ടിപ്പിടിച്ചവനുമ്മ വെക്കാറുണ്ട്
ആൺസുഹൃത്തുക്കളോടൊപ്പ-
മിരിക്കേണ്ടിവരുന്ന
ക്ലാസ്മുറിയാണവന്
അറപ്പും വെറുപ്പുമുള്ള
ഒരേയൊരു കാരാഗൃഹം
തുടുത്തുയർന്ന മാറിലേക്കിറക്കിയിട്ട
കറുത്തിടതൂർന്ന മുടിയിഴകളെ
തലോടുന്നതാണവന്റെ
ജൻമസാഫല്യ ലക്ഷ്യങ്ങളിലൊന്ന്

പട്ടുചേലയിൽ
ആടയാഭരണങ്ങളിൽ
അഴകൊഴുകിയ
പെങ്ങൾച്ചിരിക്ക് മാറ്റ് കൂട്ടാൻ
മുഖത്തെഴുത്തുകാരനായ് കൂട്ടായ
ചേച്ചിപ്പെണ്ണിന്റെ കല്യാണനാളിലാണ-
വനാദ്യമായ് ആണാണെന്നതിനാൽ
അവഹേളിക്കപ്പെട്ടത്
പുറത്താക്കപ്പെട്ടത്
പാമ്പ് പടം പൊഴിക്കും പോലെ
ഈ ആണുടലഴിച്ചെറിയാൻ
അവൻ അത്രമേൽ കൊതിച്ചത്.
										
Uncategorized4 years agoഅക്കാമൻ
										
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
										
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
										
ലോകം4 years agoകടൽ ആരുടേത് – 1
										
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
										
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
										
സിനിമ3 years agoഅപ്പനെ പിടിക്കല്‍
										
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത


									
									
									
									
									






										
										
										
										
										
										
										
										
ഫൈസൽ ബാവ
November 24, 2021 at 5:52 pm
ശ്രദ്ധേയമായ വിഷയം ശ്രദ്ധേയമായ കവിതയും
Lekshmy
November 27, 2021 at 8:19 am
Beautiful