ലേഖനം
ഉൻമാദത്തിൻ്റെ നീലവെളിച്ചം

ജയൻ മഠത്തിൽ
ഭ്രാന്തിൻ്റെ മൂർദ്ധന്യാവസ്ഥയിലാണ് ലൂയി അൾത്തൂസർ ഭാര്യ ഹെലനെ കഴുത്തുഞെരിച്ചു കൊന്നുകളഞ്ഞത്. അഞ്ചു വർഷത്തിനു ശേഷം അൾത്തൂസർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ, തൻ്റെ ഓർമക്കുറിപ്പിൽ (ദ ഫ്യൂച്ചർ ലാസ്റ്റ് ഫോർ എവർ) ഇങ്ങനെ എഴുതി: “ഞാനവളുടെ കഴുത്തിൽ തഴുകുകയും തലോടുകയും പതിവായിരുന്നു. അന്നും ഞാനതേ ചെയ്തിരുന്നുള്ളൂ. എന്നാൽ അവൾക്ക് ശ്വാസം മുട്ടിയെന്ന് ഞാനറിഞ്ഞു. പക്ഷേ, എങ്ങനെയെന്നറിയില്ല. ഞാൻ എഴുന്നേറ്റു നിന്ന് വിളിച്ചുകൂവി; ഞാൻ ഹെലനെ ശ്വാസം മുട്ടിച്ചു കൊന്നു. വല്ലാത്തൊരു ആശയ കുഴപ്പത്തിലായിരുന്നു ഞാൻ…” ഭ്രാന്ത് സ്വാതന്ത്ര്യത്തിൻ്റെ അവസാന വാക്കാണ്. ഭ്രാന്തനും കലാകാരനും സൃഷ്ടികർത്താക്കളാണ്. ഭാവന കൊണ്ട് അവർ മറ്റൊരു ലോകത്തെ സൃഷ്ടിക്കുന്നു. കലാകാരൻ അത് വെളിപ്പെടുത്തുമ്പോൾ, ഭ്രാന്തൻ വെളിപ്പെടുത്തുന്നതിനെ സമൂഹം തടഞ്ഞു നിറുത്തുന്നു. ഉൻമാദികളായ എഴുത്തുകാർ സ്വാതന്ത്ര്യത്തിൻ്റെ ചിറകിലേറി അനന്തമായ ആകാശപ്പരപ്പിൽ പറന്നു നടന്നവരാണ്. ഉൻമാദത്തിന് അതിൻ്റേതായ യുക്തിയുണ്ടെന്ന് കെ.പി.അപ്പൻ പറയുന്നു. മാരകമായ സ്വാതന്ത്ര്യത്തെ ആസ്വദിക്കുന്ന യുക്തിയാണതിനുള്ളത്. ഒരു ഉൻമാദിയുടെ മനസിലാണ് ഭാവനയുടെ വലിയ വസന്തങ്ങൾ വിരിയുന്നത്. അപ്പൻ ഒരു അനുഭവകഥ പറയുന്നു: “ഒരിക്കൽ ഞങ്ങൾ കുറച്ചു പേർ ഒരു ഭ്രാന്താശുപത്രിയിൽ പോയി. ഒരു ബന്ധുവിനെ കാണാനായിരുന്നു പോയത്. ഒരു സ്നേഹിതൻ്റെ കാറിലായിരുന്നു യാത്ര. ചിത്ത രോഗാശുപത്രിക്കു മുൻപിൽ കാറ് നിറുത്തി. ഞങ്ങൾ കാറിൽ നിന്നിറങ്ങി. നാലു പേർ ഡോർ തുറന്നടയ്ക്കുന്നതിൻ്റെ നാലു ശബ്ദം. ഒരാൾ ഡോർ അടച്ചത് ശരിയായില്ല. അയാൾ വീണ്ടും അടച്ചു. അപ്പോൾ അഞ്ചാമതൊരു ശബ്ദം കൂടി ഉണ്ടായി. ഉടൻ ചിത്തരോഗാശുപത്രിക്കുള്ളിൽ നിന്ന് ഒരു ഭ്രാന്തൻ്റെ അതിശയനം വന്നു; ങേ… അഞ്ചു ഡോറുള്ള കാറോ?” അഞ്ചു ഡോറുള്ള ഒരു കാറിൻ്റെ ഡിസൈൻ ഭാവന ചെയ്യാനുള്ള ആ ഉൻമാദിയുടെ കഴിവിനെപ്പറ്റി കെ.പി.അപ്പൻ അത്ഭുതപ്പെടുന്നുണ്ട്.

ഭ്രാന്ത് എന്ന അവസ്ഥ ഒരു സമൂഹത്തിലെ ബുദ്ധിജീവികളും സംസ്കാരവും സാമ്പത്തിക സ്ഥാപനങ്ങളും ചേർന്നാണ് ഉണ്ടാക്കുന്നതെന്ന് മിഷേൽ ഫ്യൂക്കോ നിരീക്ഷിക്കുന്നുണ്ട് (മാഡ്നസ് ആൻ്റ് സിവിലൈസേഷൻ എന്ന പുസ്തകം). മനോരോഗാശുപത്രി എന്ന ആശയത്തെ പീഡനമെന്നും ശിക്ഷയെന്നും വിശേഷിപ്പിച്ചുകൊണ്ട് അതിനെ അപലപിക്കുന്ന ആൻ്റൺ ചെക്കോവിനെ നമ്മൾ കാണുന്നു. മനോരോഗ ചികിത്സയിലെ ധാർമിക പ്രതിസന്ധികളെപ്പറ്റിയാണ് ചെക്കോവ് ‘ആറാം വാർഡ് ‘ എന്ന തൻ്റെ നോവലിൽ പറയുന്നത്. ജനങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ ജീവിതത്തെ വളർത്തുന്നതിൽ സമൂഹത്തിനുള്ള പങ്കിനെപ്പറ്റിയും ചെക്കോവ് തൻ്റെ കൃതിയിൽ ചർച്ച ചെയ്യുന്നു. മനുഷ്യൻ്റെ വേദന ഇല്ലാതാക്കാൻ മരുന്നിന് കഴിയില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഇതൊക്കെ ഉൻമാദികളോട് കരുണാർദ്രമായ നോട്ടമാണ് വേണ്ടത് എന്ന് നമ്മെ ഓർമിപ്പിക്കുന്നു. എങ്കിലും ഉൻമാദി സ്വാതന്ത്ര്യത്തിൻ്റെ നിലാവിനെ പാൽപോലെ മൊത്തിക്കുടിക്കുന്നവനാണ്. അവൻ്റെ ജല്പനങ്ങൾ, ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളും ജീവിതത്തെക്കുറിച്ചുള്ള തത്വചിന്താ ഫലിതങ്ങളുമാണ്. ബുദ്ധിഭ്രമ ഭാവനകൾ നിറഞ്ഞ ടോൾസ്റ്റോയിയുടെ ‘ഭ്രാന്തൻ്റെ ഡയറി’ അവതരിപ്പിച്ചു കൊണ്ടാണ് കെ.പി.അപ്പൻ തൻ്റെ ‘ബഷീറിൻ്റെ ഭ്രാന്തും എൻ്റെ കിറുക്കും’ എന്ന ലേഖനം ആരംഭിക്കുന്നത്. ഒരാൾ ഭ്രാന്തനായി മാറിയതിൻ്റെ വിവരണങ്ങളാണ് ‘ഭ്രാന്തൻ്റെ ഡയറി’യിൽ ഉള്ളത്. ജനയുഗത്തിനു വേണ്ടി ‘മാന്ത്രികപ്പൂച്ച’ എഴുതുന്ന സമയത്താണ് ബഷീറിന് ഭ്രാന്തിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അപ്പോഴൊക്കെ ബഷീറിന് ഉറക്കം കുറവായിരുന്നു. ബഷീർ എപ്പോഴും ചിന്തിച്ചു കൊണ്ടേയിരുന്നു. ഭയം ഒരു കരിമ്പടം പോലെ ബഷീറിനെ മൂടി. തീരത്ത് ആർത്തലച്ച് വന്നടിക്കുന്നതു പോലെയായിരുന്നു അദ്ദേഹത്തിൻ്റെ അവസ്ഥയെന്ന് ഫാബി ബഷീർ ഓർക്കുന്നുണ്ട്. ഒരു തിര ആർത്തലച്ചു വരുമ്പോൾ ബഷീർ ആകെ അസ്വസ്ഥനാകും. ആ തിര ഒഴിഞ്ഞു പോകുമ്പോൾ ശാന്തനാകും.

ഭ്രാന്ത് ഒരാൾക്ക് സ്വയം ഭ്രഷ്ടനാകാനുള്ള മാർഗമാണെന്നും അത് പ്രതിഭയ്ക്ക് ആവശ്യമാണെന്നും അപ്പൻ പറയുന്നു. ഭ്രാന്തിനു ശേഷവും ഒരാളിൽ നിന്ന് രോഗലക്ഷണം വിട്ടുമാറില്ല. ആ അവസ്ഥയിൽ എഴുത്തുകാരൻ കൂടുതൽ കരുത്തനും ജ്ഞാനിയുമാകുന്നു. ഇങ്ങനെ ഭ്രാന്തുള്ളതുകൊണ്ടാണ് ബഷീറിൻ്റെ സങ്കീർത്തനങ്ങൾ അത്ര തീവ്രമായത്. എന്താണ് ബഷീറിനെ ഉന്മാദിയാക്കിയതെന്നറിയില്ല. ഒരു കലാകാരൻ ഭ്രാന്തമായ ഭാവനയ്ക്കു വേണ്ടി ചിത്തഭ്രമത്തിലേക്കു പോകാൻ അബോധപരമായി ആഗ്രഹിക്കുന്നുണ്ട്. തനിക്ക് ഭ്രാന്തു വന്നപ്പോൾ പല മലയാള സാഹിത്യകാരന്മാർക്കും അസൂയ മൂത്തെന്നും ബഷീറിനു ഭ്രാന്തു വന്നു, ഞങ്ങൾക്കെന്താ വരാത്തത് എന്ന് വിലപിച്ചെന്നും ബഷീർ പറഞ്ഞിട്ടുണ്ട്. ബഷീറിൻ്റെ ഉള്ളിൽ എപ്പോഴും ഒരു അപരനുണ്ടായിരുന്നു. അപ്പൻ എഴുതുന്നു: ബഷീറിൻ്റെ കലാ വ്യക്തിത്വത്തിൻ്റെ ഒരു പകുതിയിൽ സമചിത്തത ദൃഢമാകുമ്പോൾ മറ്റേ പകുതിയിൽ ഭ്രാന്ത് സ്വതന്ത്രമാകാൻ തുടങ്ങിയിരുന്നു. നീത്ഷെയെ പോലെ മോചനമില്ലാത്ത ഒരു ചിത്തഭ്രമമായിരുന്നില്ല ബഷീറിൻ്റേത്. അത് കടലിലെ തിരമാലകൾ പോലെയായിരുന്നു. ദിവാസ്വപ്ന ചിന്തകനായ (വിഷണറിസ്റ്റ് ) ബഷീറിനെയും ഹേതുവാദി (റാഷണലിസ്റ്റ് )യായ തകഴിയെയും അപ്പൻ താരതമ്യം ചെയ്യുന്നുണ്ട്. താർക്കികത തകഴിയുടെ ഭാവനയെ കീഴടക്കിയിരുന്നു എന്നും തകഴിയിൽ സമചിത്തത അങ്ങേയറ്റം ദൃഢമായിരുന്നു എന്നും അപ്പൻ പറയുന്നുണ്ട്. എന്നാൽ തർക്കികതയുടെ ലോകം ബഷീറിൽ കുറവായിരുന്നു. താർക്കികത ഉപേക്ഷിച്ച ഫലിതമായിരുന്നു ബഷീർ തൻ്റെ കലയിലൂടെ അവിഷ്കരിച്ചത്. അനുഭവങ്ങളെ വിശാലമായ കാൻവാസിൽ അവതരിപ്പിക്കുകയായിരുന്നു തകഴി. എന്നാൽ ബഷീറിൻ്റെ കല ബൗദ്ധികമായ അന്വേഷണമായിരുന്നില്ല. അത് കവിതയുടെ ദ്രാന്തമായ സൂക്ഷ്മാന്വേഷണമായിരുന്നു. അപ്പൻ പറയുന്നു; “ബഷീറിൻ്റെ കലാ വ്യക്തിത്വം ഭ്രാന്തിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു. തൻ്റെ തലമുറയിൽപ്പെട്ട മറ്റ് എഴുത്തുകാരെ പോലെ ഹേതുവാദിയായ കലാകാരനാകാൻ ആഗ്രഹിക്കുകയും അങ്ങനെയല്ലാത്ത ഒരാളെ ഭ്രാന്തമായി തന്നിൽ ഉൾക്കൊള്ളുകയും ചെയ്യുകയായിരുന്നു ബഷീർ.” പ്രതിഭയുടെ ഉൻമാദസ്പർശമേറ്റ സാഹിത്യ ഭാവനയെയാണ് ബഷീർ സൃഷ്ടിച്ചത്. ബഷീറിൻ്റെ വൈകാരിക ഘടനയിലുള്ള സ്ഥിരതയില്ലായ്മ ഒരു മനശാസ്ത്രജ്ഞൻ്റെ കൂർമ ദൃഷ്ടിയോടെ അപ്പൻ നോക്കി കാണുന്നുണ്ട്. അസ്ഥിരമായ ഈ അവസ്ഥയിലാണ് ഉള്ളിൽ പെരുകി വന്ന അനിശ്ചിതത്വം ബഷീറിൽ ഭ്രാന്തായി മാറിയതെന്ന് അപ്പൻ പറയുന്നു.
ബഷീറിന് ഭ്രാന്തിൻ്റെ ലക്ഷണം കണ്ടുതുടങ്ങിയത് എറണാകുളത്തെ ബഷീർസ് ബുക്സ്റ്റാളിൽ വച്ചിട്ടാണെന്ന് സഹോദരൻ അബൂബക്കർ ഓർക്കുന്നുണ്ട്; “ഞാനും റാഫിയും പെരുന്ന തോമസും എൻ. ഗോവിന്ദൻ കുട്ടിയും അപ്പോൾ അവിടെയുണ്ട്. ഇക്കായുടെ മുഖത്ത് വല്ലാത്തൊരു ഭാവം. ഞങ്ങളെ അപരിചിതരെപോലെ നോക്കുന്നുണ്ടായിരുന്നു. എന്തോ കണ്ട് ഭയപ്പെടുന്ന മാതിരി . ഇക്കാക്ക ഭിത്തിയിൽ ചെവി ചേർത്തു പിടിച്ച് ഏതോ ശബ്ദം കേൾക്കാൻ ശ്രമിക്കുകയാണ്. ഇക്കാക്ക പറഞ്ഞു: “എടാ, നീ ഈ ഭിത്തിയിലൊന്ന് ചെവി ചേർത്തു നോക്ക്.” റാഫി ഭിത്തിയിൽ ചെവി ചേർത്തു പിടിച്ചു. “വല്ലതും കേൾക്കുന്നുണ്ടോടാ?” ഇക്കാക്ക ചോദിച്ചു. ഒന്നും കേൾക്കുന്നില്ലെന്ന് റാഫിയുടെ മറുപടി. “പോടാ ബുദ്ധൂസേ, എടാ തോമാ നീയൊന്ന് ചെവി വെച്ചു നോക്ക്.” ഒന്നും കേൾക്കുന്നില്ലെന്ന് പെരുന്ന തോമസും തുടർന്ന് ഗോവിന്ദൻ കുട്ടിയും പറഞ്ഞു. “പോടാ ബ്ലഡി ഫൂൾസ് ” എന്നൊക്കെ ഇക്കാക്ക അവരെ തെറി പറഞ്ഞു. എന്തോ കുഴപ്പമുണ്ടെന്ന് എനിക്കു തോന്നി. ഞാൻ ഭിത്തിയിൽ ചെവി ചേർത്തു പിടിച്ചിട്ട് പറഞ്ഞു: “ഇക്കാക്ക ഞാൻ കേൾക്കുന്നുണ്ട്.”
“എന്താടാ കേൾക്കുന്നത്?”
ഞാൻ പറഞ്ഞു; “വലിയൊരു ആരവം. ഒരു ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചു വരുന്നതു പോലെ.”
“അവരുടെ പക്കൽ ആയുധങ്ങളുണ്ടോടാ?”
” ഉണ്ട്, വടിവാൾ, വെട്ടുകത്തി മുതലായ ആയുധങ്ങളുണ്ട്. “
“ശരിയാടാ, ഇനി നമുക്കിവിടെ നിൽക്കണ്ട. അപകടമാണ്. ഇബിലീസുകളുടെ വരവാണ്.”
ജിന്നുകൾ തന്നെ ആക്രമിക്കാൻ തക്കം പാർത്തു കഴിയുകയാണെന്ന ഭയം ബഷീറിനെ വല്ലാതെ അലട്ടിയിരുന്നു. ആത്മരക്ഷയ്ക്കായി അദ്ദേഹം ഒരു കഠാര ഒപ്പം കരുതിയിരുന്നു. ഷാഹിന നാലാം ക്ലാസിൽ പഠിക്കുന്ന സമയം. സ്കൂൾ മുറ്റത്ത് ഓടിക്കളിക്കുമ്പോൾ മറ്റൊരു കുട്ടിയുമായി കൂട്ടിയിടിച്ച് നെറ്റി മുറിഞ്ഞു. രക്തം ഒലിച്ചിറങ്ങി വെള്ളയുടുപ്പിലാകെ പടർന്നു. മരുന്നൊക്കെ വച്ചുകെട്ടി വീട്ടിലേക്കെത്തിയ മകളെക്കണ്ട് ബഷീറിൻ്റെ മുഖം അന്നേ വരെ കണ്ടിട്ടില്ലാത്ത വിധം ഭയാനകമായി. മകളേയും എടുത്തു കൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറി. അപ്പോൾ വിളിച്ചു പറയുന്നുണ്ടായിരുന്നു, “ഇതവൻ്റെ പണിയാണ്. ഞാൻ പറഞ്ഞില്ലേ, അവൻ നമ്മളെയെല്ലാം കൊല്ലും. അവൻ എവിടെയും, ഏതു രൂപത്തിലും വരും… “
ബഷീർ ജനലും വാതിലുമൊക്കെ വലിച്ചടച്ച് കുറ്റിയിട്ടു. ഉന്മാദത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നിവർത്തിപ്പിടിച്ച കത്തിയുമായി ബഷീർ ഉറഞ്ഞു തുള്ളി. തലയണയും മെത്തയും കുത്തിക്കീറി. കട്ടിലിൽ കിടക്കുന്ന മകളുടെ ശരീരത്ത് ഏതു നിമിഷവും കുത്തു കിട്ടാം എന്ന പരിഭ്രാന്തിയിൽ ഫാബി ബഷീർ കത്തിക്കായി പിടിവലി കൂടി. ഇതിനിടയിൽ ഫാബിക്ക് മുറിവേറ്റു. ബഷീർ സർവ്വശക്തിയുമെടുത്ത് ഫാബിയെ തള്ളിമാറ്റി. അവർ തല ഭിത്തിയിലിടിച്ചു വീണു. ഒടുവിൽ എങ്ങനെയൊക്കെയോ മകളേയും കൊണ്ട് രക്തമൊലിക്കുന്ന കൈയുമായി അവർ മുറിക്കു പുറത്തേക്ക് ചാടി. ഭീകരമായ ആ ദിവസത്തെ ഞടുക്കത്തോടെയാണ് ഫാബി ബഷീർ ഓർക്കുന്നത്. ഒരു രാത്രിയിൽ ഭ്രാന്തിളകി ബഷീർ കഠാരയുടെ മുൾമുനയിൽ തങ്ങളെ നിറുത്തിയ സംഭവം എം.ടി.യും ഭീതിയോടെ ഓർക്കുന്നുണ്ട്.
രോഗത്തെപ്പറ്റി എഴുതിക്കൊണ്ട് രോഗിയായ എഴുത്തുകാർ, രോഗാവസ്ഥയെ അതിജീവിക്കുന്ന നേർ ചിത്രങ്ങൾ നമുക്കു മുന്നിലുണ്ട്. വിഷാദ രോഗത്തെപ്പറ്റി എഴുതിയാണ് തന്നിലെ വിഷാദ രോഗത്തെ ഒഴിവാക്കിയതെന്ന് റോബർട്ട് ബട്ടൺ പറയുന്നുണ്ട്. രചന ഒരു ചികിത്സാരീതിയാണെന്നും രോഗശമനമാർഗമാണെന്നും ഗ്രേയം ഗ്രീൻ എഴുതിയിട്ടുണ്ട്. എഴുതാനോ വരയ്ക്കാനോ കഴിയാത്തവർ എങ്ങനെയാണ് വിഷാദ രോഗത്തിൽ നിന്ന് മോചനം പ്രാപിക്കുന്നത് എന്ന് ഗ്രേയം ഗ്രീൻ തുടർന്നു ചോദിക്കുന്നു. ഭ്രാന്തിനെപ്പറ്റി എഴുതിക്കൊണ്ട് ഭ്രാന്തിനെ മറികടക്കുകയാണ് ബഷീർ. ഭ്രാന്തിനെപ്പറ്റി വായനക്കാരോട് ബഷീർ നേരിട്ട് ചില കാര്യങ്ങൾ പറയുന്നതായി അപ്പൻ നിരീക്ഷിക്കുന്നു. ‘കാല്പാട് ‘ എന്ന കഥയിൽ മനുഷ്യർക്ക് ഭ്രാന്തുപിടിച്ചാൽ എന്താണ് ചെയ്യുക എന്ന് ബഷീർ ചോദിക്കുന്നു. ‘നൂറ്റൊന്നു നാക്കുകൾ’ എന്ന കഥയിൽ ലോകത്തുള്ള എല്ലാവർക്കും ഭ്രാന്താണെന്ന് ബഷീർ പ്രസ്താവിക്കുന്നു. അഞ്ച്, പത്ത്, ഇരുപത്തിയഞ്ച്, അൻപത്, എഴുപത്തിയഞ്ച് ശതമാനങ്ങളിൽ എല്ലാവർക്കും ഭ്രാന്തുണ്ട്. എന്നാൽ തനിക്ക് തൊണ്ണൂറ്റി ഒൻപത് ശതമാനവും ഭ്രാന്തുണ്ടായിരുന്നു എന്ന് ബഷീർ പറയുന്നുണ്ട്. അപ്പൻ എഴുതുന്നു: ഒരു ശതമാനം സമചിത്തത ബഷീർ നിലനിറുത്തി. ആ സമചിത്തതയിൽ നിന്നു കൊണ്ട് ഭ്രാന്തിനുള്ള ചികിത്സ, സമചിത്തതയുടെ താളം നഷ്ടപ്പെടുത്താതെ അദ്ദേഹം വിശദീകരിച്ചു. തലയിൽ തേക്കുന്ന എണ്ണയെപ്പറ്റി ഒരിക്കൽ കെ.ബാലകൃഷ്ണന് കത്തെഴുതി. ആ എണ്ണ തലയിൽ തേച്ചാൽ ആന പോലും ഉറങ്ങിപ്പോകുമെന്ന് ഫലിതം പറഞ്ഞു. സമചിത്തതയിൽ നിന്നുള്ള ഫലിതം കൊണ്ട് ബഷീർ ഭ്രാന്തിനെ മറികടക്കുകയായിരുന്നു. ‘ശശിനാസ് ‘ എന്ന കഥയിൽ ഉൻമാദം എന്ന വാക്ക് ബഷീർ ആവർത്തിക്കുന്നതായി അപ്പൻ കണ്ടെത്തുന്നു. ഭ്രാന്തിനെ നേരിട്ട് വിഷയമാക്കാനുള്ള ഒരു ജീനിയസിൻ്റെ ഉൻമത്തമായ ആഘോഷമായിരുന്നു അതൊക്കെയെന്ന് അപ്പൻ വിശദീകരിക്കുന്നു. ‘മന്നാ ആൻ്റ് ശങ്ക’ എന്ന കഥയിൽ പൂർണമായ ദ്രാന്ത് ഭാഷയുടെ തികവുറ്റ യുക്തിയിൽ അവതരിപ്പിക്കുന്നതായി അപ്പൻ കണ്ടെത്തുന്നു. ഉന്മത്തമായ ഭാവനയിൽ തൻ്റെ സുഹൃത്തുക്കളായ കാരൂരിനെ ആറു മാസവും ഡി.സി. കിഴക്കേമുറിയെ ഒൻപതു മാസവും സി.ജെ.തോമസിനെ പത്തു മാസവും കഠിന തടവിന് ശിക്ഷിക്കുന്നു. തകഴി, പൊൻകുന്നം വർക്കി, മുണ്ടശ്ശേരി, എം.പി.പോൾ, മാമ്മൻമാപ്പിള, റാഫി, ലളിതാംബിക അന്തർജനം എന്നിവരെ മൂന്നു മാസം വെറും തടവിന് ശിക്ഷിക്കുന്നു. ഷേക്സ്പിയർ, ഗോർക്കി, ടോൾസ്റ്റോയി, ജി., ചണ്ടമ്പുഴ, കേശവദേവ്, എ.ഡി.ഹരിശർമ, മുണ്ടശ്ശേരി ഇവരെല്ലാം മുസ്ളിം സമുദായത്തിൽപ്പെട്ടവരാണെന്ന് പ്രഖ്യാപിക്കുന്നു. അപ്പൻ എഴുതുന്നു; ഇതെല്ലാം ചിത്തരോഗാശുപത്രിയിൽ കേട്ടാൽ മുഴുത്ത ഭ്രാന്താണ്. ബഷീർ പറയുമ്പോൾ അത് സാഹിത്യമായി മാറുന്നു.
എല്ലാ രോഗങ്ങളും മരണത്തോട് കൂറുപുലർത്തുന്നവയാണെന്നും ഭ്രാന്തിന് മരണത്തോട് വിധേയത്വമില്ലെന്നും അപ്പൻ തൻ്റെ ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്. മരണം മുന്നിലില്ലാത്തതു കൊണ്ടു തന്നെ ഭ്രാന്തൻ, തമാശകൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഫലിതത്തിൻ്റെ വലിയ കദിനകൾ പൊട്ടിച്ചു കൊണ്ടാണ് ബഷീർ വായനക്കാരുടെ മനസിലേക്ക് ചേക്കേറിയത്. ഏറ്റവും ദുഃഖഭരിതമായ ജീവിതാവസ്ഥയെയും ഫലിതത്തിൻ്റെ ചായം തേച്ചവതരിപ്പിക്കുകയായിരുന്നു ബഷീർ. ഒരിക്കൽ ബഷീർ എഴുതി: “ദൈവം പറഞ്ഞിട്ടുണ്ട് ഇഹലോകജീവിതം വെറുമൊരു തമാശയാണെന്ന്. അതുകൊണ്ട് മിക്ക കാര്യങ്ങളും ഞാൻ തമാശയായിട്ടാണ് എടുക്കുന്നത്… ചിരിക്കാൻ കഴിയുന്ന ഏക മൃഗമാണല്ലോ മനുഷ്യൻ. ഈശ്വരൻ്റ മഹത്തായ അനുഗ്രഹമാകുന്നു ചിരി. കണ്ണുനീരും ഈശ്വരൻ്റെ ഉത്കൃഷ്ടമായ അനുഗ്രഹം തന്നെ.” വിഷമങ്ങളെ അതിജീവിക്കാനുള്ള മാർഗമായാണ് ബഷീർ ഫലിതത്തെ ഉപയോഗിച്ചത്. അതിൽ കറുത്ത ഫലിതത്തിൻ്റെ അപാരമായ സൗന്ദര്യമുണ്ടായിരുന്നു. മറ്റൊരിക്കൽ ബഷീർ പറഞ്ഞു: “എൻ്റെ വലതു ചെവിക്കകത്തു കൂടി നോക്കിയാൽ ഇടതു ചെവിയുടെ മറുവശത്തുള്ള ലോകം ശരിക്കും കാണാം. തലയണമന്ത്രത്തിൻ്റെ ഉഗ്രൻ ട്രാഫിക്കു മൂലം സംഭവിച്ചതാണ്… മറ്റൊരിക്കൽ പറഞ്ഞു: വെളിച്ചത്തിനെന്തു വെളിച്ചം… ഇത്തരത്തിൽ നമ്മെ സംഭ്രമിപ്പിക്കുന്ന ആശയം സൃഷ്ടിക്കുന്നത് ചിത്തവൃത്തിയുടെ ലക്ഷണമാണെന്നു പറഞ്ഞു കൊണ്ട് ബഷീറിൻ്റെ ഉന്മാദത്തെയും ബഷീറിൻ്റെ ഭാവനയെയും തൻ്റെ വായനയുടെ വിശാലമായ ബോധ്യത്തിൽ വിശകലനം ചെയ്യുകയാണ് കെ.പി.അപ്പൻ. ഉൻമാദികളായ എഴുത്തുകാർ സാഹിത്യ ഭാവനയുടെ ഞെട്ടിപ്പിക്കുന്ന സൗന്ദര്യത്തെയാണ് വായനക്കാർക്ക് നൽകുന്നത്. ബഷീറിൻ്റെ ബുദ്ധിഭ്രമഭാവനകൾ അതിൻ്റെ എല്ലാ സൗന്ദര്യത്തോടെയും അവതരിപ്പിക്കുമ്പോൾ കുരുത്തം കെട്ട ഭാവനാ ലോകത്ത് വസിക്കാനും അഞ്ചു ഡോറുള്ള കാറിൻ്റെ ഡിസൈൻ സ്വപ്നം കാണാനുമായിരുന്നു കെ.പി.അപ്പൻ ആഗ്രഹിച്ചത്. അത് സിദ്ധാന്തങ്ങൾക്കുമൊക്കെ അപ്പുറം കലയുടെ എക്കാലത്തെയും വലിയ സൗന്ദര്യങ്ങളെ തൻ്റെ ചിന്തയുടെ ഊർജമാക്കി മാറ്റാനുള്ള ഒരു വിമർശകൻ്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൻ്റെ സുഗന്ധമായിരുന്നു.
littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?

ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
ജോൺ റിച്ചാർഡ്
February 20, 2022 at 7:25 am
നല്ലെഴുത്ത്