ലേഖനം
സഫല ജീവിതത്തിൻ്റെ ഓർമ്മപ്പുസ്തകം

ഡി.പ്രദീപ് കുമാർ
ആർദ്രമീ ധനുമാസരാവിൽ
(ഓർമ്മക്കുറിപ്പുകൾ)
ശ്രീദേവി കക്കാട്
പേജ് 246, വില 250 രൂപ
മാതൃഭൂമി ബുക്സ്

മലയാള കവിതയിൽ ആധുനികതയ്ക്ക് തുടക്കമിട്ടവരിൽ പ്രമുഖനായ എൻ.എൻ. കക്കാടിനെക്കുറിച്ച്, ഭാര്യ ശ്രീദേവി കക്കാട് എഴുതിയ ഈ ഓർമ്മക്കുറിപ്പുകളിൽ മുഖ്യമായും നിറഞ്ഞുനില്ക്കുന്നത് മൂന്ന് പതിറ്റാണ്ട് കാലത്തെ കോഴിക്കോടിൻ്റെ സാംസ്ക്കാരിക ചരിത്രമാണ്. മലബാറിലെ നമ്പൂതിരി സമുദായത്തിൽ സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിൽ വന്ന സാമൂഹിക പരിഷ്ക്കരണങ്ങളുടെ നേർസാക്ഷ്യങ്ങളും ഈ ഓർമ്മകളിലുണ്ട്.
തെയ്യങ്ങളുടേയും വടക്കൻ പാട്ടുകളുടേയും നാടായ ഉത്തര മലബാറിലെ കടത്തനാട്ട്, പശ്ചിമഘട്ട മലനിലകളുടെ അടിവാരത്തുള്ള അവിടനല്ലൂർ ഗ്രാമത്തിൽ ജനിച്ച നാരായൺ നമ്പൂതിരി എന്ന ഗ്രഹണി പിടിച്ച ശിശു, മലയാളികളുടെ പ്രിയപ്പെട്ട എൻ.എൻ. കക്കാട് എന്ന കവിയായതെങ്ങനെയെന്ന്,ആ ജീവിതയാത്രയിൽ പില്കാലത്ത് ഊന്നുവടിയായി നിന്ന, പാലക്കാട് കാറൽമണ്ണയിൽ പിറന്ന ശ്രീദേവി എന്ന അദ്ദേഹത്തിൻ്റെ പ്രിയതമ വിശദമാക്കുന്നു, ഈ ഓർമ്മപ്പുസ്തകത്തിൽ.
അതിൽ അക്കാലത്തെ രാഷ്ട്രീയ ചരിത്രം കൂടിയുണ്ട്.രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കഷ്ടപ്പാടുകൾ നേരിട്ടനുഭവിച്ചതിൻ്റെ പ്രതിഫലനം പില്ക്കാലത്ത് അദ്ദേഹത്തിൻ്റെ രചനകളിലുണ്ടായതിന് ഒരു ഉദാഹരണമിങ്ങനെ: അരി കിട്ടാത്തതിനാൽ ചേമ്പ്,കാച്ചിൽ, ചേന,കപ്പ, തുടങ്ങിയവയായിരുന്നു,കുട്ടിക്കാലത്തെ ആഹാരം. വറുതിയുടെ നാളുകൾ. റേഷനായി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് കടുത്ത ക്ഷാമം. അതു നേരിടാൻ വിദ്യാർത്ഥിയായ നാരായണൻ ഒരു വഴി കണ്ടെത്തി :കടലാവണക്കിൻ കുരു ഈർക്കിലിൽ കോർത്ത്,ഉണക്കി വയ്ക്കും. അത് കത്തിച്ച് വച്ച് കിട്ടുന്ന വെട്ടത്തിലിരുന്നായിരുന്നു, രാത്രിപoനം.
‘ശിഷ്യനായ ഗുരു’ എന്ന കവിതയിൽ അതിനെ അദ്ദേഹം രേഖപ്പെടുത്തിയത് പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്:
‘… ഇരുളു വന്ന് മിഴികൾ മൂടുമ്പോഴ-
ത്തിരികളിലൊന്നെടുത്തു കത്തിച്ചുടൻ
അതു പരത്തും തുടുത്ത വെളിച്ചത്തിൽ
തലകുനിച്ച് മുനിഞ്ഞിരുന്നങ്ങനെ, അവനെല്ലതും പഠിക്കും പകുതിരാ –
വവനെ വീഴ്ത്തിക്കുംവരേക്കുമേ.’
സംസ്കൃതത്തിലും വേദ പഠനത്തിലും അവഗാഹം നേടി, തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം സമ്പാദിച്ച അദ്ദേഹം,സ്കൂളിലും പാരലൽ കോളേജുകളിലും അദ്ധ്യാപകനായി. പലക്കാട്ടെ മൂസത് ബ്രദേഴ്സ് ട്യൂട്ടോറിയലിൻ്റെ ഒരു ശാഖ കോഴിക്കോട് തുടങ്ങിയപ്പോൾ കക്കാട് അവിടെയും ക്ലാസ്സെടുക്കാൻ പോയി. അവിടെ പഠിപ്പിക്കാനായാണ് എം.ടി.വാസുദേവൻ നായർ കോഴിക്കോട് താമസത്തിനെത്തുന്നത്. പ്രമീളയും അന്ന് അവിടെ അദ്ധ്യാപികയായിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോഴേ യോഗക്ഷേമസഭയിലും, സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളിലുമാകൃഷ്ടനായി, ‘ഉണ്ണി നമ്പൂതിരി ‘ മാസികയിൽ ലേഖനങ്ങളും കവിതകളുമെഴുതി.കോളെജ് പഠന കാലത്ത് കൊളാടി ഗോവിന്ദൻകുട്ടി, ബി.വെല്ലിങ്ടൻ, എം.ജി.എസ്.നാരായണൻ, ടി.കെ.സി വടുതല, ടി.വേണുഗോപാൽ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്തി. എൻ വി കൃഷ്ണവാര്യർ, എൻ.ഡി കൃഷ്ണണനുണ്ണി തുടങ്ങിയ പ്രഗത്ഭരായിരുന്നു അധ്യാപകർ.ഖദർ ധാരിയായ, ഗാന്ധിയനായ,അദ്ദേഹം പ0നം കഴിഞ്ഞപ്പോഴേക്കും തനി കമ്യൂണിസ്റ്റ് അനുഭാവിയായി മാറി.1954-ൽ ‘കക്കാട്ടി ല്ലത്തെ നമ്പൂരി’ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് കമ്മ്യൂണിസ്റ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച്,തോറ്റു.

റേഡിയോപ്രക്ഷേപകനായി, കോഴിക്കോട് ആകാശവാണിയുടെ സുവർണ്ണകാലത്ത് അവിടെ, മഹാരഥൻമാരായ ഉറൂബ്, അക്കിത്തം,തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, കെ.രാഘവൻ, ബി.എ.ചിദംബരനാഥ് തുടങ്ങിയർക്കൊപ്പം ജോലി ചെയ്തു, കക്കാട് .അതിന് വഴിയൊരുക്കിയത് പി.വി.കൃഷ്ണമൂർത്തിയെന്ന ദീർഘദർശിയായ അന്നത്തെ സ്റ്റേഷൻ ഡയറക്ടറായിരുന്നു.പ്രതിഭാധനരായ എഴുത്തുകാരേയും കലാകാരരേയും കണ്ടെത്തി,ആകാശവാണിയിൽ ജോലി നൽകി,നിലയത്തെ പ്രതിഭകളുടെ കേന്ദ്രമാക്കിത്തീർത്തത് അദ്ദേഹമായിരുന്നു.
മൂന്ന് മാസം കൂടുന്തോറും പുതുക്കുന്ന കോൺട്രാക്റ്റിൽ, സ്റ്റാഫ് ആർട്ടിസ്റ്റ് തസ്തികയിൽ അദ്ദേഹം ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ഔദ്യാഗിക ജീവിതം ആരംഭിച്ചു.120 രൂപയായിരുന്നു, പ്രതിമാസ വേതനം. പില്ക്കാലത്ത് സ്റ്റാഫ് ആർട്ടിസ്റ്റുകളെ സ്ഥിരപ്പെടുത്തിയപ്പോൾ, കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ, അന്ന് തുടക്കത്തിൽ, ഒപ്പമുണ്ടായവരിൽ അദ്ദേഹത്തിന് മാത്രമേ യോഗമുണ്ടായുള്ളൂ. (ഉറൂബും തിക്കോടിയനും കെ.രാഘവനമൊക്കെ ആ തീരുമാനം വരും മുൻപ് വിരമിച്ചു).
ഒരൊറ്റ കുടു:ബം പോലെയായിരുന്നു, ഓഫീസിൽ എല്ലാവരും. ആകാശവാണിക്കാലം, ഊഷ്മളമായ സൗഹൃദങ്ങളുടേയും ഹൃദയബന്ധങ്ങളുടേയും കാലമായിരുന്നു. എഴുത്തുകാർക്കും സാംസ്ക്കാരിക പ്രവർത്തകർക്കുമിടയിൽ ഇത്രയ്ക്കും ഇഴയടുപ്പമുള്ള ബന്ധമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാകാത്ത വിധം നമ്മൾ എത്രയോ മാറിപ്പോയി!
എന്നിട്ടും, ചൈനീസ് ആക്രമണകാലത്ത്, കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നതു കൊണ്ടാകാം, ചാരനെന്ന് മുദ്രകുത്തപ്പെട്ട്, മാറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു, അദ്ദേഹത്തെ .
സംസ്കൃതത്തിൻ്റെ അതിപ്രസരത്താലും ദുർഗ്രാഹ്യബിംബങ്ങളാലും കക്കാടിൻ്റെ കവിതകൾ ഏറെയൊന്നും വായിക്കപ്പെട്ടിരുന്നില്ല. 1956 ൽ പ്രസിദ്ധീകരിച്ച ‘ശലഭഗീതം’ അദ്ദേഹത്തിൻ്റെ ആദ്യ കവിതാ സമാഹാരമായിരുന്നു. 1962-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘പാതാളത്തിൻ്റെ മുഴക്കം’ എന്ന കവിതയോടെ അദ്ദേഹം കവിതയിൽ വലിയ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു.
പക്ഷേ, അദ്ദേഹത്തെ മലയാളികൾ ഹൃദയത്തിലേറ്റിയത് ‘സഫലമീ യാത്ര’ എന്ന ഒറ്റ കവിതയിലൂടെയാണ്. ജീവിതത്തിൻ്റെ ദശാസന്ധികളിൽ പ്രണയം എങ്ങനെ കൈത്താങ്ങാകുന്നുവെന്ന്, അതിജീവനത്തിൻ്റെ മന്ത്രമാകുന്നെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു, ഈ കവിത. രോഗക്കിടക്കയിൽ, മരണത്തെ മുഖാമുഖം ദർശിച്ച കവി,ആതിരയെ വരവേല്ക്കുമ്പോൾ തൻ്റെ ജീവിതത്താരകളിലെക്ക് തിരിഞ്ഞു നോക്കി നടത്തുന്ന ആത്മാവലോകനമാണ്, ആ കവിത.

ശ്രീദേവി കക്കാട് അതെക്കുറിച്ച് ഇങ്ങനെ ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിരിക്കുന്നു: ‘യാദൃച്ഛികം തന്നെയാവാം, വിഷുവും ഓണവും തിരുവാതിരയുമെല്ലാം ഒരുമിച്ച് കൈകൾ കോർത്ത് ആഘോഷിച്ചശേഷം ഒരു ധനുമാസരാവിൽത്തന്നെയായിരുന്നു, ‘ ഒരു തുള്ളി വെൺമയായ്’ ആ പ്രാണൻ അലിഞ്ഞില്ലാതായത്. മുപ്പത്തിരണ്ടു വർഷം കവിയുടെ കൂടെ നടന്നു. അന്യോന്യം ഊന്ന് വടികളായി ജീവിതത്തിൻ്റെ സന്തോഷവും സന്താപവുമെല്ലാം ഒന്നിച്ച നുഭവിക്കുകയും ചെയ്തു.’
‘സഫലമീ യാത്ര’യെക്കുറിച്ച് മിക്കവർക്കുമുള്ള ധാരണ, അർബുദ രോഗം പിടിപെട്ട് മരണാസന്നനായി കിടക്കുമ്പോൾ കക്കാട് എഴുതിയതാണെന്നാണ്. അതു ശരിയല്ലെന്ന് ശ്രീദേവി കക്കാട് ഈ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം വരും മുൻപ് ,1981 ഡിസംബറിൽ, ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടതാണ് ഈ കവിത.അടുത്ത വർഷം ‘മാതൃഭൂമി’ ഓണപ്പതിപ്പിൽ ഇത് അച്ചടിച്ചു വന്നപ്പോഴേക്കും അദ്ദേഹം റീജ്യണൽ കാൻസർ സെൻ്ററിൽ റേഡിയേഷൻ ചികിത്സയിലായിരുന്നു.
താരതമ്യേന വലിയ ഒരു ഗ്രന്ഥമാണെങ്കിലും ‘ആർദ്രമീ ധനുമാസരാവിൽ’, എൻ.എൻ. കക്കാടിൻ്റെ ജീവിതത്തെയും ചുറ്റുപാടുകളെയും സമഗ്രമായി അടയാളപ്പെടുത്തുന്നില്ല. ഉപരിതലസ്പർശിയായ വിവരണങ്ങളാണ് അധികവും. സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ആകാശവാണിക്കാലത്തെ അനുഭവങ്ങളും,കാവ്യജീവിതവും ഇനിയും വിശദമായി എഴുതപ്പെടാനുണ്ട്. അക്കാലത്തെ അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയാൽ ഇതൊരു ചരിത്രരേഖ കൂടിയാകും.
പല ചെറിയ ഖണ്ഡികകളും അദ്ധ്യായങ്ങളായി ചേർത്തിരിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.പലപ്പോഴുംപേരുകളുടെ വിരസമായ പട്ടിക മാത്രമായി മാറുന്നുണ്ട് അവ.ഓർമ്മക്കുറിപ്പുകൾ എപ്പോഴും അനുഭവസമ്പന്നമാകണം. ഇവിടെ വിവരശേഖരണത്തിൻ്റെ(collection of data )തലത്തിലുള്ളതാണ് ചില അദ്ധ്യായങ്ങൾ.
ഫോട്ടോ 2: കക്കാട് എസ്.കെ.പൊറ്റെക്കാട്ടുമൊത്ത് ആകാശവാണി സ്റ്റുഡിയോയിൽ
3:ശ്രീദേവി കക്കാടും ഏൻ. എൻ കക്കാടും
littnow
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?

ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
രാജേന്ദ്ര പ്രസാദ്.
February 18, 2022 at 8:49 am
ആർദ്രമീ ധനുമാസരാവിൽ വായിച്ചു .വളരെ മനോഹരം.