Connect with us

ലേഖനം

രോഗഗ്രസ്തമാണോ സമരകേരളം

Published

on

എം ശ്രീനാഥൻ

എം ശ്രീനാഥൻ

ഏതൊരു സമൂഹത്തിന്റെയും പരിണാമചരിത്രത്തിൽ നിർണായകമായ സ്ഥാനം ആ സമൂഹത്തിന്റെ പ്രതിഷേധ പാരമ്പര്യത്തിനുണ്ട്. പ്രതിഷേധ സംസ്‌കാരം ഒഴിവാക്കിക്കൊണ്ടുള്ള സാമൂഹ്യപരിണാമ ചർച്ചകൾ അപൂർണ്ണമാണ്‌.ഓരോ സമൂഹവും ആധുനികമാകുന്നത് അത് ഉൾകൊള്ളുന്ന പ്രതിഷേധ ഉള്ളടക്കം കൊണ്ടാണ് സമൂഹം. ഒരു അവസ്ഥയിൽനിന്ന് മറ്റൊരാവസ്ഥയിലേക്ക് പരിണമിക്കുന്നതിനു പിന്നിൽ ചാലകശക്തിയായി വർത്തിക്കുന്നത് നിലനിൽക്കുന്ന ഘടനക്കെതിരെ   ഉയർന്നു വരുന്ന പ്രതിഷേധ സംസ്‌കാരമാണ്. ഘടനാ മാറ്റത്തെ  സാമൂഹിക പരിണാമമായി വിശദീകരിക്കുമ്പോൾ അതിനു നിദാനമായ ഘടകങ്ങളെയും പ്രക്രിയകളെയും വിസ്മരിക്കുക പതിവാണ്. അതുവഴി സാമൂഹിക   പരിണാമ വ്യവഹാരങ്ങൾ പലപ്പോഴും പ്രതിനിധാന ന്യുനതകൊണ്ട് സമൃദ്ധമാകുന്നതല്ലാതെ. സമഗ്രമാകുന്നില്ല. ഈ വിടവ് ഒഴിവാകണമെങ്കിൽ പ്രതിഷേധ സംസ്‌കാരം എന്തെന്നും അതിന്റെ പ്രതിനിധാനപരവും ധർമപരവുമായ സാന്നിധ്യം എന്തെന്നും അറിയേണ്ടതുണ്ട്. പ്രതിഷേധം സജീവതയുടെ ലക്ഷണമാണെങ്കിലും അത് അനുഷ്ഠാനമായി ആവർത്തിക്കപ്പെടുമ്പോൾ സമൂഹം രോഗഗ്രസ്തമായെന്നും മനസിലാക്കേണ്ടതുണ്ട്. അങ്ങനെ ആകാതിരിക്കണമെങ്കിൽ പ്രതിഷേധ ചിഹ്നവ്യവസ്ഥ നവീകരിച്ചുകൊണ്ടേയിരിക്കണം.ഉള്ളടക്കത്തിലും പ്രകടനത്തിലും ഉണ്ടാകുന്ന നവീനത ഭാഷയിലും നവീനത സൃഷ്ടിക്കുക സ്വാഭാവികമാണ്. ഭാഷയുടെ സർഗാത്മകതയെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് നവീനത ഉറപ്പുവരുത്തുന്നത്, ഇത് വഴിയാണ് പ്രതിഷേധ നയം കാലികമാകുന്നത്. അതതു കാലത്തെ സാങ്കേതികതയെയും സാമൂഹിക ബന്ധങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടാണ് പ്രതിഷേധഭാഷ്യങ്ങൾ ചമക്കപ്പെടുന്നത്.

ലോകഭാഷകളിൽ തന്നെ മലയാളം സവിശേഷമാകുന്നതു പ്രതിഷേധ സാക്ഷരതയുടെ പ്രഭാവം കൊണ്ടാണ് .പ്രതികരണത്തിൻറെ രാഷ്ട്രീയഭാഷ വികാസംകൊണ്ട ഭാഷയാണ്‌ മലയാളമെന്നതു തന്നെയാണു മലയാളത്തെ ഇതര ഭാഷകളിൽ നിന്നു വ്യത്യസ്തമായി  ജനധിപത്യത്തിന്റെ  സ്വാതന്ത്ര്യത്തിന്റെ  രാഷ്രിയ സാക്ഷരതയുള്ള ഭാഷയാക്കിമാറ്റുന്നത്.പ്രതിഷേധത്തിന്റെ വ്യാകരണസമൃദ്ധിയുള്ള ഭാഷയായ  മലയാളത്തിൽ  രാഷ്ട്രീയ ഭാഷാഭേദം പ്രകടമാണ്. സമരബാഹ്യമായ കേരളo എന്നൊന്നില്ല. സമരസംസ്കാരത്തിന്റെ സൃഷ്ടിയാണ്  കേരളം. എക്കാലത്തും സമരത്തിന്റെ നവഭാഷ്യങ്ങളിലൂടെ വികസിക്കുന്ന സാംസ്കാരികഭൂമിക കേരളത്തെ ലോകത്തിലെ വ്യത്യസ്തമായ സമര ഭൂപട മാക്കുന്നു. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷയാണ് മലയാളം. . ഇതര ഭാഷകൾക്കൊന്നും അവകാശപ്പെടാനാകത്തത്ര വികസിച്ച സമരകോശം മലയാളത്തിന് തനതായിട്ടുണ്ട്.അനുദിനം വികസിക്കുന്ന സമരഭാഷയാണ് മലയാളത്തിന്റെ ശ്രേഷ്ഠത.

ലഹള, കലാപം, സമരം, പ്രക്ഷോഭം, പ്രകടനം, സത്യഗ്രഹം, ജാഥ, പണിമുടക്ക്  പിക്കെറ്റിങ് , ധർണ,ബന്ദ്,ഹർത്താൽ, നിരാഹാരം എന്നിങ്ങനെ പ്രതിഷേധമാർഗങ്ങൾ അനവധിയാണ്. മലയാളഭാഷയിൽ പദാവലികൊണ്ടും പ്രയോഗം കൊണ്ടും വ്യവഹാര ഉല്പാദനവും ഉപഭോഗവുംകൊണ്ടു സമൃദ്ധവും സജീവവുമാണ് ഈ മേഖല. പുതു പദങ്ങളുടെ നിർമ്മിതിയിലും വളരെ സജീവമാണ് രാഷ്രിയ വ്യവഹാരങ്ങൾ. പ്രതിഷേധത്തിൻറെ സർവരൂപങ്ങളും മലയാളത്തിന് പരിചിതമാണ്.സൂചനയിൽ തുടങ്ങി പടിപടിയായി പ്രതിഷേധത്തിന്റെ സ്വഭാവത്തെ ഉയരങ്ങളിലെത്തിക്കാനുമുള്ള കരുത്തും ആർജവവും മലയാളത്തിനുണ്ട്.പ്രതിഷേധിക്കുന്ന ജനത പ്രതികരണമുള്ള ജനത അതത്രെ കേരളീയർ. . മലയാളിയുടെ ദൈനദിന ജീവിതം കാഴ്ചകൊണ്ടോ കേട്ടറിവുകൊണ്ടോ പങ്കാളിത്തം കൊണ്ടോ  പ്രതിഷേധ പ്രതിനിധാനങ്ങളുടെതും കൂടിയാണ്. പ്രതിരോധങ്ങൾ സുലഭമാണെങ്കിലും അതേക്കുറിച്ചുള്ള പഠനങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നില്ല എന്നത് നമ്മുടെ അക്കാദമിക മേഖലയിലെ പാളിച്ചയായി വിലയിരുത്തേണ്ടതുണ്ട്.പ്രതിരോധത്തിന്റെ സാമൂഹികശാസ്ത്രം പൂർണമായും അക്കാദമിക നോട്ടം പതിയേണ്ടമേഖലയാണ്. അതോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണ്  ഭാഷാമുലധനം എന്ന അവയുടെ സ്ഥാനവും .ഭാഷയുടെ സാമൂഹിക രാഷ്ട്രീയ മൂലധനം ഉയർത്തുന്നതിൽ പ്രതിരോധങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

പ്രതിരോധങ്ങളുടെ ചരിത്രത്തിന്  നരവംശചരിത്രത്തിൽ വേരോട്ടമുണ്ട് .ആദിമ സമൂഹങ്ങൾക്കിടയിൽ പ്രതിരോധം അതിർത്തി ലംഘനവുമായി ബന്ധപെട്ടാണുണ്ടാകുന്നത്. വന്യജീവികൾക്കിടയിൽ പോലും സങ്കല്പികമായ അതിർത്തി നിർണയം ഉണ്ട്. നരഗണത്തിലും വിഭവ സമാഹരണവുമായി ബന്ധപ്പെട്ടുള്ള ഭൗതികാതിർത്തിയും സാമൂഹിക ,സാംസ്‌കാരിക , ഭാഷാതിർത്തിയും നിര്ണയിച്ചിട്ടുണ്ട്. അവർക്കിടയിൽ അതിർത്തിലംഘനo  അനാവശ്യമായി പ്രതിരോധം  ക്ഷണിച്ചുവരുത്തുക പതിവാണ്. മണ്ണും പെണ്ണും അന്യർക്ക് പങ്കിടുന്ന സാമൂഹിക ക്രമം അവർക്കിടയിൽ സ്വാഭാവികമല്ല.അതുകൊണ്ടുതന്നെ വരത്തരെ പ്രതിരോധിക്കുക  സ്വാഭാവികവുമാണ്. അന്യർ ശത്രുക്കളാണ്; ബന്ധുക്കൾ ചാർച്ചക്കാരും.ശത്രു എന്നത് തങ്ങളുടെ സ്വാഭാവികജീവിതത്തെ തടസ്സപ്പെടുത്തുന്നവർ എന്ന അർത്ഥമാണ് അവർക്കിടയിലുള്ളത്. വന്യജന്തുക്കളും അന്യരും ഈ ഗണത്തിൽ പെടുo.സ്വരക്ഷയും സുരക്ഷയുമാണ് പ്രതിരോധത്തിനാധാരം.

ശക്തി, കൗശലം  ,ആയുധങ്ങൾ എന്നിവ പ്രതിരോധത്തിൽ കൈകോർക്കുന്നു.ശത്രുക്കളെ വിരട്ടിയോടിക്കുക ,ഇല്ലായ്മചെയ്യുക എന്നിവയാണ് പ്രതിരോധ തന്ത്രങ്ങൾ.കാർഷിക സംസ്കൃതിയുടെ വ്യാപനം അധിനിവേശവുമാണ്. . കാർഷികപൂർവ സമൂഹങ്ങളുമായി സമ്പർക്കത്തിലായ കാർഷികസമൂഹം പ്രഥമ നിവാസികളുമായി കൂടിക്കലർന്നോ അവരെ കീഴ്പെടുത്തിയോ തുരത്തിയോ ഒക്കെയാണ് ആവാസ ഇടങ്ങൾ നേടിയത്. വരത്തരുമായി വേണ്ട ചെറുത്തുനിൽപ്പുകളുണ്ടായിട്ടുണ്ടെങ്കിലും കുറഞ്ഞ അംഗബലവും ആയുധസംസ്‌കൃതിയിലുള്ള ഭിന്നതയും കാരണം  കീഴ്പെടേണ്ടിവരുക സ്വാഭാവികം. അതോടെ തിരശ്ചീനമായിരുന്ന സമൂഹഘടന ലംബതലത്തിൽ ശ്രേണീകരിച്ചു. തൊഴിലറിവുകളുടെ അടിസ്ഥാനത്തിലുള്ള ശ്രേണീകരണം പൂർവ സമൂഹഘടനയിൽ നിന്നും  ഭിന്നമായ അധികാരനിഷ്ടമായ സാമൂഹികാതിർത്തികൾ നിർണയിച്ചെടുത്തു.ഉന്നത നീച ഘടനകൾ വരേണ്യർ നിർണയിച്ചു. ഇതേ സമയം സാമൂഹികമൂലധനവും  സ്വാഭാവികവുമായിരുന്ന വാമൊഴിഭാഷ വിഭജിച്ചു അറിവുടമകളുടെ സ്വകാര്യസ്വത്തായ വരമൊഴി രൂപവും പിറന്നു. അതുവരെ ജനകീയവും സ്വാഭാവികവുമായിരുന്നതെല്ലാം സ്വകാര്യവും ശ്രേണീകൃതവുമായി മാറാൻ കാർഷിക സാമ്പത്തികക്രമം സഹായിച്ചു. ഉച്ച നീചത്വത്തിന്റെ അധികാര പ്രയോഗങ്ങളായി എഴുത്തുഭാഷയും പ്രതിരോധത്തിന്റെ ഭാഷയായി വാമൊഴിയും നിലയുറപ്പിച്ചു. വിവേചനം നട്ടുവഴക്കവുമായി.അതോടെ സാമൂഹികബന്ധങ്ങൾ രണ്ടുതരത്തിൽ വിന്യസിച്ചു.അധികാരവിധേയ ബന്ധങ്ങളായി, ചൂഷകരും ചൂഷിതരും വേർതിരിഞ്ഞു.വിധിയും വഴക്കവുമായി വിവേചനത്തെ വിന്യസിച്ചു. എന്നാൽ ഇതിലൂടെ നടപ്പാക്കുന്നത് വരേണ്യതാല്പര്യങ്ങളാണെന്നു തിരിച്ചറിഞ്ഞവർ ഘടനയിൽനിന്നും കുതറിമാറാനും ഘടനാവിരുദ്ധത പ്രകടിപ്പിക്കാനും തുടങ്ങിയതോടെയാണ് സാമൂഹിക പ്രതിരോധങ്ങൾ പരമ്പരയായി വളർന്നത്. കായികമായ ചെറുത്തു നിൽപ്പിൽ നിന്നും ജനാധിപത്യ പ്രതിരോധങ്ങളിലേക്കും  ,ഹിംസാത്മകതയിൽ നിന്നും അഹിംസയിലേക്കും സൂക്ഷ്മവും നീതിനിഷ്ഠവുമായ പ്രമേയങ്ങളിലേക്കും  പ്രതിരോധ വൈവിധ്യങ്ങളിലേക്കും  പ്രതിരോധ സംസ്‌കാരം കേരളത്തിൽ പരിണമിച്ചിട്ടുണ്ട്.

കേരളത്തിന്റെ പ്രതിരോധചരിത്രം 19 -o നുറ്റാണ്ടുമുതലാണ് അധികവും രേഖപെടുത്തികാണുന്നത് .ആദിമ അതിർത്തി തർക്കങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ചുള്ള നരവംശ വിവരങ്ങൾ ലഭ്യമല്ല. സംഘകാല ഭരണകൂടങ്ങൾ പരസ്‌പരം യുദ്ധം നടത്തിയിരുന്നു. രാജ്യത്തിൻറെ വിസ്‌തൃതി വർധിപ്പിക്കാനും നികുതി മുടക്കം വരുത്തുന്നതിനെതിരെയുമാണ് അക്കാലത്തെ യുദ്ധങ്ങൾ.രഥപ്പട ,ആനപ്പട,കുതിരപ്പട കാലാൾപ്പട എന്നിവയെല്ലാം അടങ്ങിയ സൈന്യമായിരുന്നു ചേര ,ചോള പാണ്ട്യ രാജാക്കന്മാർക്കുണ്ടായിരുന്നത്.പതിറ്റുപ്പത്ത് ,അകനാനൂറ് പുറനാനൂറ് തൊൽകാപ്പിയം തുടങ്ങിയ സംഘകാല കൃതികളിൽ യുദ്ധവിവരണം കാണാം.സംഘസാഹിത്യ ത്തിൽ ദ്രാവിഡര്ക്കിടയിൽ സൈനിക ജാതിയില്ല എന്നാണ് വ്യക്തമാകുന്നത്.  സംഘകാലാനന്തര  കേരളത്തിൽ  ഫ്യൂഡലിസ്റ്റ് സാമൂഹികഘടനയും വൈദേശിക  അധിനിവേശവുമാണ് പ്രതിഷേധങ്ങൾക്കു നാന്ദികുറിച്ചത്‌.പോർച്ചുഗീസ് , ഡച്ച്, ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ സംഘടിത പ്രതിരോധങ്ങളിൽ ആദ്യ രണ്ടുശക്തികളുമായി തദ്ദേശീയ ഭരണകൂടങ്ങൾ യുദ്ധം നടത്തിയെങ്കിലും ബ്രിട്ടീഷ് വിരുദ്ധസമരങ്ങളിൽ  അധികവും നേതൃത്വം നൽകിയത് പൊതുജനങ്ങളാണ്. 1921 ലെ മലബാർ കലാപവും മലബാറിൽ സ്വാതന്ത്ര്യത്തിനുമുമ്പ് നടന്ന മറ്റു ചില കാർഷികകലാപങ്ങളും   ഇതിനുതെളിവാണു്. കേരളത്തിൽ പ്രതിരോധത്തിന്റെ ഭാഗമെന്നനിലയിൽ ചില   യുദ്ധങ്ങളും നടന്നിട്ടുണ്ട്.

കേരളത്തിലെ സാമൂഹികപ്രതിരോധങ്ങൾ

നവോത്ഥന പ്രതിരോധങ്ങളായി വിലയിരുത്തുന്ന പ്രതിഷേധ സംരംഭങ്ങളിൽ  ഹിംസാത്മകവും അഹിംസാത്മകവുമായ പ്രതിനിധാനങ്ങൾ തെളിഞ്ഞുകാണും. ലഹളഎന്നും കലാപമെന്നും പറയുന്ന പ്രതിരോധങ്ങൾ പൊതുവിൽ കായിക/ സായുധ  പ്രതിരോധങ്ങളാണ്.ജന്മിത്വത്തിനെതിരായി, ചുഷണത്തിനെതിരായി, ജാതി മത വിവേചനത്തിനെതിരായി കേരളരൂപികരണത്തിനു മുമ്പ് പ്രാദേശികമായി നടന്ന പ്രതിരോധങ്ങൾ കായികശക്തിപ്രകടനങ്ങളായിരുന്നു അതുകൊണ്ടുതന്നെ അവയെല്ലാം രക്തരൂഷിതവുമാണ്.

കൂട്ടംകൂടിയുള്ള കലഹമാണ് ലഹള എന്നാണ് ശബ്ദതാരാവലിയിൽ കാണുക. വലിയവഴക്കാണിത്. മനുഷ്യർക്കിടയിലുള്ള ചേരിതിരിവുകൾ ലഹളക്കൊരു കാരണമാണ്. ജാതി മതസ്പർദ്ധ എന്നിവയൊക്കെ  ലഹള സൃഷ്ടിക്കാറുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. ലഹള ഒരുതരത്തിൽ അക്രമമാണ്. ആക്രമണമാണ്. ആര് ആരെ അതായതു ഏതു വിഭാഗം ഏതു വിഭാഗത്തെ ആക്രമിച്ചു എന്നതാണ് ലഹളയുടെ ഇന്നത്തെ സാമൂഹ്യപാഠം. ആഭ്യന്തരചേരിപ്പോരിനെ മാത്രമേ ലഹള എന്ന് വിളിക്കാറുള്ളു.അല്ലാതുള്ളതു യുദ്ധമാണ്. ലഹള ആഭ്യന്തര കലാപമാണ്. ലഹള അടിച്ചമർത്തി സമാധാനം നിലനിറുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്ത മാണെന്നുമാണ്  പരക്കെയുള്ള വിശ്വാസം.

ലഹളയെ കുറിച്ചുള്ള സങ്കൽപങ്ങളെല്ലാം അരുതാത്തതു സംഭവിച്ചു.ഒഴിവാക്കപ്പെടേണ്ടതാണ് . സംസ്കാരത്തിന് ചേർന്നതല്ല.എന്നിങ്ങനെ സാമൂഹ്യ വിരുദ്ധരുടെ ഒരു ഹീനമായ പ്രവൃത്തി യാണിതെന്നാണ്‌ പൊതു ബോധം.  കൊലയും കൊള്ളിവയ്പ്പും ലഹളയുടെ ഭാഗമാണ്. സ്ത്രികളും  കുഞ്ഞുങ്ങളും ഇരകളാകുന്നു. ലഹളകൾക്കുപിന്നിൽ ചിലരുടെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ താല്പര്യങ്ങളുണ്ടെന്നൊക്കെ പറയാറുണ്ട്. ഇത്രയും മോശമായി ലഹളയെ കാണുന്നവരാണ് നാം. ഒരിക്കലും ലഹളയെ പ്രകീർത്തിക്കുക പതിവില്ല. ഇതൊക്കെയാണ് ലഹളയെ കുറിച്ച് നാം വിശ്വസിക്കുന്ന ചിത്രം. ലഹള അരാജകത്വമാണെന്ന വിശ്വാസം നാം പങ്കിടുന്നു . പുരോഗമന ചിന്ത നമ്മെ ഇക്കാര്യത്തിൽ സഹായിച്ചില്ല. ലഹളയെ കുറിച്ചുള്ള ഈ വിശ്വാസത്തെ നാം മറ്റു പലതിനെപ്പോലെയും ചോദ്യം ചെയ്യാൻ വിസമ്മതിച്ചു.കാരണം ലഹളയുടെ അക്രമത്തെ പ്രോത്സാഹിപ്പിക്കലല്ല പുരോഗമനചിന്ത എന്നും നാം വിശ്വസിച്ചു.അതുകൊണ്ടു ലഹളയെ നാം വെറുത്തു. അതിൽ പ്രതിഷേധത്തിന്റെ വിത്തുകൾ നാം കണ്ടില്ല.പൂർവ്വനിശ്ചിതമായ കാഴ്ച്ചകൾ, നമ്മുടെ മനോഭാവത്തെ നിർമിക്കുന്നു വെന്നതാണ് ലഹളയെ അപ്രകാരം കാണാനും വിനിമയം ചെയ്യാനും വിശ്വസിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട്  ലഹള നടപ്പു രീതികൾക്ക് വിരുദ്ധമായ   ഒരു അക്രമമാണ് എന്ന ബോധം നമ്മളിൽ വേരുറച്ചു. ഇത്തരത്തിലുള്ള  ബോധ നിർമിതിയുടെ രാഷ്ട്രീയ വ്യാകരണം അന്വേഷിക്കാൻ പരിപാകമല്ലേ നമ്മുടെ പുരോഗമനചിന്ത എന്ന സംശയം ഉയരുന്നത് സ്വാഭാവികം . .സമരം എന്ന വാക്ക്  പ്രയോഗത്തിൽ വരുന്നതിനുമുമ്പ്  മലയാളിയുടെ പ്രതിഷേധ രൂപങ്ങൾ ഏതൊക്കെയായിരുന്നു. ജനാധിപത്യ ഘടനയിലെ പ്രതിഷേധ രൂപങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് അവകാശനിഷേധങ്ങൾക്കെതിരെ മൗനം പാലിക്കുകയായിരുന്നുവൊ  മലയാളികൾ. മലയാളിയുടെ പ്രതിഷേധ സംസ്കാരത്തിൻറെ വേരുകൾ എന്താണ്? ഈ  അന്വേഷണം നമ്മെ എത്തിക്കുന്നത് രണ്ടു  പദങ്ങളിലേക്കാണ്. ലഹളയും കലാപവും ആണവ.  രണ്ടും വഴക്കു തന്നെ.വഴക്കാണെങ്കിൽ വക്കാണവും, ചണ്ടയും തർക്കിക്കലുമാണ് ,  അഭിപ്രായവ്യത്യാസം അറിയിക്കലാണ്. വക്കാണം കൊലയുമാണ്. വഴക്കും വക്കാണവും വ്യവഹാരവുമാണ് മലയാളികൾക്കിടയിൽ. രാജ്യസംബന്ധമായ ഛിദ്രമാണ് കലാപം. ലഹളയും കലാപവും സഹസ്ഥിതങ്ങളല്ല. ചിലപ്പോൾ  പര്യായ സ്വഭാവം കാണിക്കാറുണ്ട്. മാപ്പിള ലഹളയെ മാപ്പിള കലാപം എന്നും പറയാറുള്ളതോർക്കുക. ചുരുക്കത്തിൽ ലഹളയും കലാപവും നാടിനു വേണ്ടതല്ലെന്നും പ്രതിലോമകരമാണെന്നും അവയൊക്കെ നിർദാക്ഷിണ്യം അടിച്ചൊതുക്കേണ്ടതാണെന്ന  ബോധം   നിർമ്മിച്ചെടുക്കാൻ അധികാരികൾക്കു കഴിഞ്ഞിട്ടുണ്ട്.

അവകാശത്തർക്കങ്ങളെ അടിച്ചൊതുക്കേണ്ട  ലഹളയും കലാപവും ഒക്കെയാണെന്ന്  പറയുന്നത് വ്യവസ്ഥാകേന്ദ്രിതമായ അധികാരയുക്തിയിന്മേലാണ്. വ്യവസ്ഥാനിയന്ത്രണത്തെ അന്ധമായി പിന്താങ്ങുക മാത്രമാണ് ഈ യുക്തി. അഭിപ്രായവ്യത്യാസങ്ങളെയും വഴക്കു എന്ന് തന്നെയാണ് ദ്രാവിഡർ കരുതിയിരുന്നത്. വഴക്കുകൾ  വഴക്കംമാറി ലഹള ആകുമ്പോൾ  സംഭവിക്കുന്നത് വെറുമൊരു പദമാറ്റമല്ല.  അധികാരവും ഭാഷയും തമ്മിലുള്ള പ്രത്യയശാസ്ത്രബന്ധം അതോടെ വിനിമയയോഗ്യമാവുകയാണ്.

അഗ്നിക്കാവടിലഹള നാടാർ സമുദായത്തിന്റെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടതാണ്. ഊരുട്ടമ്പലം ലഹള 1910 ലെ അവർണ്ണർക്ക് സ്കൂൾ പ്രവേശനം അനുവദിച്ചുള്ള ഉത്തരവ്‌ വന്നതിനു ശേഷവും പ്രവേശനം അനുവദിക്കാത്തതിനെതിരെ അത് നടപ്പിലാക്കിയെടുക്കാൻ  അയ്യൻ‌കാളി ശ്രമിച്ചതിനെ തുടർന്നുണ്ടായ സവർണ അവർണ  സംഘർഷമാണ്. തൊണ്ണൂറാമാണ്ടു ലഹള , പുലയ ലഹള എന്നിങ്ങനെയും വിദ്യഭ്യാസ അവകാശ ത്തിനു വേണ്ടിയുള്ള അയ്യങ്കാളിയുടെ പ്രതിരോധം അറിയപ്പെടുന്നുണ്ട്. 1915 ലെ നായർ പുലയ ലഹളയും പുലയരുടെ വിദ്യാഭ്യാസ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്.ചാലിയത്തെരുവ് ലഹള അയിത്തജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി യുടെ നേതൃത്വത്തിൽ ആറാലുംമൂട്‌ ചന്തയിലേക്ക് നടന്നതിനെ എതിർത്ത് സവർണർ ഉണ്ടാക്കിയ അടിപിടിയാണ്. നായർ പട്ടാള ലഹളയും നായർ പട്ടാളക്കാരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു. ഇവയെല്ലാം അധികാരികൾ നീതിനിഷേധിക്കുകയും അടിച്ചർമർത്തുകയും ചെയ്തു. പൊന്നാനി ലഹള ബ്രിട്ടീഷ് വിരുദ്ധ നടപടിയായിരുന്നു. ചാന്നാർ ലഹളയും അവകാശ സംരക്ഷണത്തിനായുള്ള സമരമായിരുന്നു. അതിനെ ലഹളയാക്കിയത് സവർണരായിരുന്നു. മാപ്പിള ലഹളയെ ബ്രിട്ടീഷ് വിരുദ്ധ കലാപമായും കാർഷിക സമരമായും മനസിലാക്കിയിട്ടുണ്ട്. പട്ടാളലഹളയും അവകാശസമരമായിരുന്നു.കുഴൂർ ലഹള കോയ്മ -ഊരാണ്മ  വഴക്കായിരുന്നു. . ഇത്തരത്തിൽ കേരളത്തിലെ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള ലഹളകളെ കുറിച്ച് സൂക്ഷ്മമായി നോക്കിയാൽ നീതിനിഷേധത്തിനെതിരെ നടന്ന പോരാട്ടങ്ങളാണെന്നു കാണാം.ആരു? എന്തുകൊണ്ട് ? പ്രതിഷേധങ്ങളെ ലഹളകളാക്കിമാറ്റി? സവർണ-അവർണ  സംഘർഷങ്ങൾ നീതി നിഷേധത്തിനെതിരെയുള്ള അവർണ്ണരുടെ അണിചേരലിനെതിരെ സവർണപക്ഷം നടത്തിയ മനുഷ്യാവകാശലംഘനമാണ്. എന്നാൽ അവർണർക്കെതിരെയുള്ള നീതിനിഷേധത്തിനല്ല ഇവിടെ പ്രാധാന്യം ലഭിച്ചത്.അവർക്കെതിരെ നടത്തിയ ഹീനമായ സവർണ അക്രമങ്ങൾക്കാണ്.

കലാപങ്ങളുടെ കഥയും മറ്റൊന്നല്ല . 1812 ൽ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ  .ഭൂനികുതിക്കെതിരെ കുറിച്യർ  നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്തിയതാണ് കുറിച്യകലാപം. പഴശ്ശി കലാപവും ബ്രിട്ടീഷ് വിരുദ്ധമായിരുന്നു.പാങ്ങോട്‌കലാപം തിരിവിതാംകൂറിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ ആക്രമണം ആയിട്ടാണ് അറിയപ്പെടുന്നത്. നീതിനിഷേധം തന്നെയാണ് ഇവിടെയും വിഷയം. പുക്കോട്ടൊർ കലാപവും തഥൈവ തന്നെ.

മേൽപ്പറഞ്ഞ ലഹളകളും കലാപങ്ങളും സമരങ്ങളും പ്രക്ഷോഭങ്ങളും ആകാത്തത് അക്കാലത്തെ പ്രതിഷേധങ്ങളുടെ സ്വഭാവം വഴക്കിന്റെ വഴക്കത്തിലൂടെയായിരുന്നു. അതിലുപരി അവകാശങ്ങൾക്കായുള്ള ഇടപെടലുകളെ അക്രമംകൊണ്ടു നേരിടുന്ന രീതി  ഫ്യൂഡൽ സവർണ നാടുവാഴിത്ത വ്യവസ്ഥയും ബ്രിട്ടീഷ് വ്യവസ്ഥയും ഒരേപോലെ പാലിച്ചു. അക്രമികളെയല്ല അടിച്ചൊതുക്കിയത് അവകാശത്തിനായി പൊരുതിയവരെയായിരുന്നു. ലഹളയും കലാപവും താഴെ തട്ടിലുള്ളവരുടെ അവകാശ നിഷേധവുമായി ബന്ധപ്പെട്ടതും  ശക്തികൊണ്ട് അടിച്ചൊതുക്കപെട്ടതുമായ മനുഷ്യാവകാശ ലംഘനങ്ങളും കൂടിയാണ്.

ലഹള  ദ്രാവിഡവേരുകളുള്ള   ഒരുപദമല്ല. ഹിന്ദിയിൽ നിന്നും കുടിയേറിയതാണ്.ഝഗ ഡാ(വഴക്ക് ) എന്നതിൻറെ തത്ഭവമാണ് ലഹള. mutiny, riot, revolt എന്നിങ്ങനെയാണ് ഇംഗ്‌ളിഷ് ലഹളയെ ഉൾക്കൊണ്ടിരിക്കുന്നത് കലാപം ദ്രാവിഡമാണ്. വഴക്കെന്നെ അർത്ഥമേ ഇതിനുള്ളു. ഏതായാലും  ലഹളകൾക്കു പറയാനുള്ളത് നാം കേൾക്കേണ്ടതുണ്ട്.നീതി നിഷേധത്തിനെതിരെ യുള്ള പ്രതിരോധങ്ങളെ വ്യവസ്ഥിതി ഉൾക്കൊള്ളാതെ  ശക്തികൊണ്ട് നേരിടുന്ന കാടൻമുറയാണ് ലഹളകളെ സൃഷ്ടിച്ചത്. പ്രതിഷേധം ലഹളകളായി മാറുമ്പോൾ   മറച്ചുവെക്കുന്നതു  അവകാശസമരങ്ങൾ ആയിരുന്നുവെന്നും ഓർക്കണം. ക്രിസ്തുമതം സ്വീകരിച്ചു സാമൂഹികമായി മുന്നേറാൻ ശ്രമിച്ചവിഭാഗങ്ങൾ ഘടനാ പരിവർത്തനം സൃഷ്ടിച്ചുവെന്നു മാത്രമല്ല പുതുതായി ആർജിച്ച ശരീരബോധം കായികപ്രതിരോധമായിരുന്നുവെങ്കിലും   അവരെ മേൽമുണ്ട് സമരത്തിലെത്തിച്ചു. പൊയ്കയിൽ അപ്പച്ചൻ നടത്തിയ വിശുദ്ധ സമരങ്ങളിലും കായികശക്തി പ്രകടനങ്ങൾ  പ്രതിരോധത്തിന്റെ അന്തർധാരയായി കാണാം.

ശക്തിയും ധൈര്യവും ഊർജംപകർന്ന ഇത്തരം പ്രതിരോധങ്ങൾ പൗരുഷപ്രതിനിധാനങ്ങളായിരുന്നു. സ്ത്രീകളുടെ അസാന്നിധ്യം പ്രകടമാണ്. വിമോചനം അഥവാ പ്രശ്നപരിഹാരം ശക്തിപ്രകടനത്തിലൂടെ നേടാനുവുമെന്നവിശ്വാസം ആദ്യകാല പ്രതിരോധങ്ങൾക്ക് പിന്നിൽപ്രവർത്തിച്ചു. ആറാട്ടുപുഴ വേലായുധപണിക്കരുടെയും അയ്യങ്കാളിയുടെയും ചില ഇടപെടലുകൾ വിജയിച്ചത് പ്രതിരോധങ്ങളിലൂടെ നേടിയെടുക്കാനാവുമെന്ന ബോധം   സാമൂഹികവിവേചനവും അവശതയും അനുഭവിക്കുന്ന ജനതക്കിടയിൽ പ്രചരിപ്പിക്കാനായി എന്നത് അന്നത്തെ സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ രാഷ്ട്രീയമൂല്യം കൂട്ടുന്നു.

 മതാരോഹണ സാമൂഹികപരിഷ്കരണഇടപെടലുകളുമാണ് മറ്റൊരു ധാര.ശ്രീനാരായണഗുരു 1888 -ൽ നടത്തിയ  അരുവിപ്പുറം പ്രതിഷ്ഠ അവർണ്ണരുടെ മതാരോഹണം ഉറപ്പുവരുത്തി.ആര്യ ബ്രാഹ്‌മണ ദൈവങ്ങളിൽ  അവർണർക്കും കൂടി അവകാശം സ്ഥാപിച്ചെടുത്തതോടെ ആരാധനായിത്തത്തിനും ക്ഷേത്രായിത്തത്തിനുമെതിരെയുള്ള  പ്രതിരോധമായി അത് മാറിയെന്നുമാത്രമല്ല പ്രതിരോധത്തിന്റെ അഹിംസാമുറ നിർവചിക്കാനും കഴിഞ്ഞു. നിലനിന്നിരുന്ന വരേണ്യ ഘടനക്കെതിരെയുള്ള സമാധാനപരമായ ബദൽനിർമിതിയായിരുന്നു ഇതിലൂടെ പൂർത്തിയായത്. ശ്രീനാരായണ ഗുരുവിന്റെ സമരമുറയിലുടെ കേരളത്തിൽ     പ്രതിഷേധത്തിന്റെ അഹിംസാവ്യാകരണം നിർണയിക്കപ്പെടുകയായിരുന്നു. അയ്യൻ‌കാളി നേതൃത്വം നൽകിയ  കർഷകത്തൊഴിലാളികളുടെ നിസ്സഹകരണ സമരവും , വില്ലുവണ്ടി സമരവും പുതുതായി രൂപംകൊണ്ട സമരസംസ്കാരത്തിന്റെ അഹിംസാ മുറകളായിരുന്നു.

ബ്രാഹ്മണർ കൈവശം വച്ചിരുന്ന ജ്ഞാനാധികാരത്തെ  മാനകീകരിച്ചു ചട്ടമ്പിസ്വാമികൾ ജ്ഞാനപ്രതിരോധം ഉറപ്പുവരുത്തി.അഹിംസാത്മകമായ സാമൂഹിക പ്രതിരോധധാര വിവേചനാധികാരത്തെ   നിഷേധിച്ചു സമൂഹത്തിന്റെ പുനർവിന്യസനം സാധ്യമാക്കിയ പ്രതിരോധമായിരുന്നു ജ്ഞാനപ്രതിരോധം.

സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ സൃഷ്ടിച്ച പ്രതിരോധ ധാരയും കേരളത്തിലെ പ്രതിരോധങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട് .വൈക്കം സത്യാഗ്രഹം ,ഗുരുവായൂർ സത്യാഗ്രഹം പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹം,നിസ്സഹകരണ  സമരം വിദേശവസ്ത്ര ബഹിഷ്‌കരണം ക്വിറ്റ് ഇന്ത്യാസമരം തുടങ്ങി യുള്ളവ. അക്കാലത്തു ആരംഭിച്ച ഉപവാസo ,സത്യാഗ്രഹം ,ധർണ തുടങ്ങിയുള്ള സമരമാർഗങ്ങൾ  പ്രതിരോധസംസ്കാരത്തിൽ ഇന്നും നിലനിൽക്കുന്നു. സമാന്തരമായി ജനാധിപത്യ പ്രക്ഷോഭങ്ങളുടേതായ മറ്റൊരുധാരയും വികസിച്ചു വന്നു.ഉത്തരവാദഭരണപ്രക്ഷോഭം , ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ,വോട്ടവകാശം മലയാള മെമ്മോറിയൽ ഈഴവമെമ്മോറിയൽ സി പി വിരുദ്ധ പ്രക്ഷോഭങ്ങൾ തുടങ്ങിയുള്ളവയെല്ലാം ഇവിടെ പ്രധാന്യമര്ഹിക്കുന്നു. അയ്യൻ‌കാളി നയിച്ച കർഷകസമരം പൂർണമായും നിസ്സഹകരണ സമരമായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രതിരോധസമരങ്ങൾ കൂടുതൽ സംഘടിതമായ പ്രതിരോധങ്ങളായിരുന്നുവെന്നു തൊഴിലാളികളും കർഷകരും നടത്തിയ പ്രതിരോധങ്ങൾ പരിശോധിച്ചാലറിയാം.ജന്മിത്വത്തിനും ഭരണകൂടത്തിനും എതിരെ നടത്തിയ    തൊഴിലാളിസമരങ്ങളും കർഷകസമരങ്ങളും രാഷ്ട്രീയ സമരങ്ങളായിരുന്നു . പുന്നപ്രവയലാർ സമരവും  , കർഷകസംഘം നേതൃത്വം നൽകിയ കാർഷിക സമരങ്ങളൊക്കെ ഇത്തരത്തിൽപെടും.

ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങൾ കൂടുതൽ ശക്തമായിരുന്നത് മലബാറിലാണ്. ജന്മിത്വത്തിനും സാമ്രജ്യത്തിനും എതിരെ മാപ്പിളമാർ നടത്തിയ കാർഷിക സമരത്തോടോപ്പം ഖിലാഫത്തും കോൺഗ്രസ്സും നേതൃത്വം നൽകിയ ബ്രിട്ടീഷ് വിരുദ്ധ സിവിൽസമരങ്ങളും സവിശേഷ പ്രാധാന്യ മർഹിക്കുന്നു.

മേൽപറഞ്ഞ സമരധാരകളുടെ ഭാഗവും തുടർച്ചയുമായി നടന്ന വിദ്യാർത്ഥിസമരങ്ങൾ അവകാശ സംരക്ഷണ പ്രതിരോധങ്ങളായിരുന്നു. തിരിവിതാംകൂറുകാർ അല്ലാത്തവർക്ക് സർക്കാർ ഉദ്യോഗത്തിൽ മുൻഗണന കൊടുക്കുന്നത് അവസാനിപ്പിക്കാൻ വേണ്ടി വിദ്യാർത്ഥികൾ പ്രക്ഷോഭണം (1888)വിദ്യാർഥികൾ നടത്തിയ ആദ്യ അവകാശസമരമാണ്  .ഇതേ ആവശ്യമായിരുന്നു പിൽക്കാലത്തു മലയാള മെമ്മോറിയലിലും പ്രകടമായത്. ഫീസ് വർധനവിനെതിരെ ശ്രീമൂലവിലാസം സ്‌കൂളിലെ കുട്ടികൾ 1912 ആഗസ്റ്റ് 25 നു സമാധനപരമായി സമരം തുടങ്ങുകയും നിവേദനം സമർപ്പിക്കുകയുമുണ്ടായി. സെപ്റ്റംബർ 21 ന് സർക്കാർ നിർദേശമനുസരിച്ചു   പോലീസ് മേധാവിയായിരുന്ന പീറ്റും സംഘവും വിദ്യാർത്ഥികളെ അടിച്ചു ചതച്ചു , ചികിത്സയും നിഷേധിച്ചു .നേതൃത്വം നൽകിയ വിദ്യാർത്ഥികളെ പുറത്താക്കുകയുമുണ്ടായി. 1916ൽ  ഹോംറൂൾ ലീഗ് പ്രചരിപ്പിച്ച സ്വാതന്ത്ര്യചിന്തയുടെ ഭാഗമായി ബ്രണ്ണൻ ,സാമൂതിരി ,വിക്ടോറിയ കോളേജുകളിൽ പഠിപ്പുമുടക്കി ദേശീയപതാക ബാഡ്‌ജ് ആയി ഉപയോഗിക്കാനുള്ള അവകാശത്തിനായുള്ള സമരം നടന്നു.1918 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ 60 താം ജന്മദിനാഘോഷത്തിലെ പോലീസ് സാന്നിധ്യത്തിനതിരെ തിരുവിതാംകൂർ മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ സമരം ചെയ്തു.1920 ൽ നിസ്സഹകരണ പ്രസ്ഥാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർഥികൾ പഠിപ്പുമുടക്കി. 1921 ൽ വെൽസ് രാജകുമാരന്റെ സന്ദർശനത്തിനെതിരായി തിരുവിതാംകൂറിലെ വിദ്യാർത്ഥികൾ സമരം ചെയ്തു.1922,1923 ൽ വിദേശ വസ്ത്രക്കടകൾ വിദ്യാർത്ഥികൾ പിക്കറ്റ് ചെയ്തു, ഫീസ് വാർദ്ധനവിനെതിരെ  സമരം ചെയ്തു.1924 -1925 വൈക്കം സത്യാഗ്രഹമുൾ പ്പടെയുള്ള അയിത്തോച്ചാടന സമരത്തിൽ  പങ്കാളികളായി.1930 -ഉപ്പുസത്യാഗ്രഹത്തിലും നിയമ ലംഘന സമരത്തിലും വിദ്യാർത്ഥികൾ പങ്കുചേർന്നു.

1931 ഗുരുവായൂർ സത്യാഗ്രഹത്തിലും കർഷക സമരത്തിലും  പങ്കെടുത്തു.

1931 ഭഗത്‌സിങ്ങിന്റെ കൊലക്കെതിരെ പയ്യന്നൂരിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.1932 ഫീസ് വര്ധനവിനെതിരെയുള്ള സമരം.

1938 ദിവാനെതിരെയുള്ള സ്റ്റേറ്റ് കോൺഗ്രസ് പ്രതിഷേധങ്ങളിൽ പെൺകുട്ടികൾ ഉൾപ്പടെ വിദ്യാർത്ഥികൾ പങ്കെടുത്തു .വിദ്യാർത്ഥികൾക്കുനേരെ ലാത്തിച്ചാർജ് ഉണ്ടായി. ദിവാനെ പിരിച്ചുവിടാൻ വിദ്യാർഥികൾ മഹാരാജാവിന് മെമ്മോറാണ്ടം നൽകി.1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.1947 ൽ ഫീസ് കോൺസെഷനു വേണ്ടിയുള്ള സമരം നടത്തി .1950 ൽ സംഘടനാ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങൾ.

1951 -1952 -53   വീണ്ടും ഫീസ് വര്ധനവിനെതിരെയുള്ള സമരം ,1958  കടത്തുകൂലി വര്ധനവിനെതിരെ യുണ്ടായ ഒരണ സമരം എന്നിങ്ങനെ എത്രയോസമരങ്ങൾ വിദ്യാർത്ഥികളുടെ പക്ഷത്തുനിന്നുമുണ്ടായി. 1960 കൾക്കുശേഷവും വിദ്യാർത്ഥി സമൂഹം പ്രതിരോധ സജീവത നിലനിറുത്തുന്നുണ്ട് .

ഐക്യ കേരളരൂപീകരണത്തിനുശേഷം ശക്തിയാർജ്ജിച്ച മിച്ചഭൂമിസമരമൊഴിച്ചുള്ള  തൊഴിലാളിസമരങ്ങളൂം  വിദ്യാർഥിസമരങ്ങളുംമെല്ലാം സമാനമായ പ്രതിരോധ  മാതൃകകൾ  പങ്കിടുന്നവയാണ്, സൂചനമുതൽ നിരാഹാരം വരെയുള്ള സമര മാർഗങ്ങൾ പ്രതിഷേധങ്ങളുടെ ഭാഗമായികാണാം.

സാമൂഹിക പ്രതിരോധങ്ങൾ നവോത്ഥാന പ്രതിരോധങ്ങളായും സ്വാതന്ത്ര്യ സമരം  കർഷക-തൊഴിലാളി- വിദ്യാർത്ഥി സമരങ്ങൾ എന്നിവ രാഷ്ട്രീയ സമരങ്ങളായുമാണ് പൊതുവിൽ കണക്കാക്കുന്നത്. ഇത്തരം മുഖ്യധാരാ സമരങ്ങൾക്കുപുറമെ കേരളത്തിൽ ശക്തിയാർജ്ജിച്ച മറ്റൊരു പ്രതിഷേധധാര ജനകീയ സമരങ്ങളുടേതാണ്.  സൈലന്റ്‌വാലി മുതൽ അതിരപ്പള്ളി സമരംവരെയുള്ള ജലവൈദ്യുത പദ്ധതി വിരുദ്ധസമരങ്ങൾ,ഖനന വിരുദ്ധസമരങ്ങൾ ,പ്രകൃതിവിഭവചൂഷണത്തിനെതിരെയുള്ള സമരങ്ങൾ മലിനീകരണവിരുദ്ധസമരങ്ങൾ ജനവിരുദ്ധവികസനസമരങ്ങൾ എന്നിങ്ങനെ യുള്ള ജനകീയ സമരങ്ങൾ ഒത്തിരിയുണ്ട്. ഭരണകൂടം ഇവയെ വികസന വിരുദ്ധസമരങ്ങളായാണ് കാണുന്നത് .എന്നാൽ ഇവ  വികസനവിരുദ്ധമല്ലെന്നു ബോധ്യമുള്ളതുകൊണ്ടാണ് ജനകീയസമരങ്ങളായി നിലനിൽക്കുന്നത്. പ്രതിഷേധത്തിന്റെ നവീനമുഖമായി ആഗോളീയമായി അംഗീകരിക്കുന്ന ഇത്തരം സമരങ്ങളെ  പ്രതിരോധപഠനത്തിൽ ഒഴിവാക്കാനുമാവില്ല. ഭൂസമരങ്ങളാണ് മറ്റൊന്ന്. ഭൂ അവകാശത്തിനായി നടന്നുവരുന്ന ആദിവാസി, ദളിത് സമരങ്ങൾ ,ഇതര പട്ടയ സമരങ്ങൾ  എന്നിവയൊക്കെ പ്രതിരോധത്തിന്റെ പുതിയഭാഷ്യങ്ങളാണ്. 

മേല്പറഞ്ഞതിൽനിന്നു കേരളത്തിലെ പ്രതിരോധ സംസ്‌കാരത്തിന്റെ വൈവിധ്യം വ്യക്തമായല്ലോ. ഭിന്നകാലങ്ങളിൽ ഭിന്ന ഏജൻസികൾ, ഭിന്ന സന്ദർഭങ്ങളിൽ  സംഭാവനചെയ്ത  പ്രതിഷേധങ്ങൾക്ക് അടിസ്ഥാനപരമായി അടയാളപ്പെടുത്താവുന്ന പൊതു സ്വഭാവം എന്തെന്നുനോക്കാം.ആദ്യമായി, ഇതൊക്കെ പ്രതിഷേധങ്ങളാണ് എന്നതാണ്  സമാനത. അങ്ങനെവരുമ്പോൾ  ശത്രുവാര് എന്നത് പ്രസക്തമാകുന്നു . പ്രാദേശിയ ജന്മിത്വത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ സവർണ  ജന്മികളായിരുന്നു ശത്രുക്കൾ.ജന്മികളും അവരെ സഹായിക്കുന്ന ബ്രിട്ടീഷ് ഭരണകൂടവുമായിരുന്നു ചിലപ്പോൾ ശത്രുക്കൾ ,തദ്ദേശീയ ഭരണകൂടങ്ങളും വരേണ്യപ്രത്യയ ശാസ്ത്രവും ശത്രുഗണത്തിൽപെടും.സ്വാതന്ത്ര്യാനന്തരം ജനാധിപത്യ സർക്കാർ ആണ് ശത്രുപക്ഷത്ത്. പ്രതിഷേധക്കാർ എല്ലാം പ്രതിപക്ഷത്തും. എന്നാൽ പ്രതിപക്ഷം ഒന്നല്ല. രാഷ്ട്രീയപാർട്ടികളോ സമുദായങ്ങളോ പ്രദേശവാസികളോ ദളിത് ആദിവാസി സമൂഹങ്ങളോ തൊഴിൽ വിഭാഗങ്ങളോ സംഘടനകളോ ജനകീയ സമിതികളോ പരിസ്ഥിതിവാദികളോ ഫെമിനിസ്റ്റുകളോ മൂന്നാംലിംഗക്കാരോ ഒക്കെയാകാം.

പ്രതിരോധങ്ങൾക്ക് കാരണങ്ങളും.പലതുണ്ട്.ഉച്ചനീചത്വo,തൊട്ടുകൂടായ്‌മയും തീണ്ടലും,   വിവേചനo  ,സമത്വം, വസ്ത്രം ,ആഭരണം, സഞ്ചാരം ,ചുഷണം ,അവകാശനിഷേധം,സാമ്രാജ്യത്വo, പരിസ്ഥിതി വിനാശം , ഭരണകൂട ധ്വംസനം   എന്നിങ്ങനെ പലകാരണങ്ങൾ  ഇവക്കു പിന്നിൽ കണ്ടെത്താം.

പ്രതിരോധങ്ങളെല്ലാം പ്രതിനിധാനങ്ങളുമാണ്. ഓരോ സമരരൂപങ്ങൾക്കും ഓരോ ശരീര ഭാഷ ,ഓരോ തരം പ്രതിനിധാന സ്വഭാവം.  സമരത്തെ നേരിടുന്നതിലും പക്ഷാന്തരമുണ്ട്. സ്വാതന്ത്ര്യഭടന്മാരല്ല തൊഴിലാളികളും വിദ്യർത്ഥികളും സന്നദ്ധപ്രവർത്തകരും തുടങ്ങിയുള്ള സമരക്കാർ.സമരക്കാർ കലാപകാരികളും ലഹളക്കാരും ഭരണകൂട വിരുദ്ധരും സാമൂഹികക്രമ നിഷേധികളും രാജ്യദ്രോഹികളു മൊക്കെയായാണ് ഭരണകൂടം കണക്കാക്കുന്നത്. സമരക്കാർ പലതരമാണെങ്കിലും ഭരണകൂടം ചെറുത്തുനിൽക്കുന്നതിൽ സമാന സമീപനം കാണാം. പോലീസ് ,പട്ടാളം തുടങ്ങിയുള്ള സൈനികശക്തിയും അവരുടെ ആയുധബലവും സമരക്കാർക്കു നേരെ പ്രയോഗിക്കുന്നു. പുന്നപ്രവയലാർ സമരം തുടങ്ങിയുള്ള ചില സന്ദർഭങ്ങളിൽ ജനം സായുധസമരപാത സ്വീകരിച്ചെങ്കിലും പൊതുവിൽ ഐക്യകേരളരൂപീകരണത്തിനുശേഷം നടന്ന സമരങ്ങളിൽ ചില ബോംബേറുകളും   പോലീസ് സ്റ്റേഷൻ ആക്രമണങ്ങളും ഒഴിച്ചുള്ളവയിൽ   മർദ്ദനം ഏകപക്ഷീയമാണ്.ലാത്തിച്ചാര്ജ് ,കണ്ണീർ വാതകo  ജലപീരങ്കി,വെടിവയ്പ്പ് തുടങ്ങിയുള്ളവ പോലീസ് ഉപയോഗിക്കുകയാണ് പതിവ്. ഇതിൽ വെടിവയ്പ്പ് അപൂർവമാണ്.  സമരക്കാർ ഒറ്റപ്പെട്ട സന്ദർഭങ്ങളിൽ  കല്ലേറ് നടത്താറുണ്ട്, എങ്കിലുംപൊതുമുതൽ നശിപ്പിക്കുന്നത് വ്യാപകവുമാണ്.

സമരത്തെ നേരിടുന്നതിൽ ഏറ്റവും ശക്തമായി മാറുന്നത് അദൃശ്യവൽക്കരിക്കലിലൂടെയാണ്. ശ്രദ്ധിക്കാതിരിക്കുകയും മാധ്യമസാന്നിധ്യം ഒഴിവാക്കിയും പൊതുശ്രദ്ധതടഞ്ഞും സമൃദ്ധമായി പ്രതിരോധങ്ങളെ നേരിട്ടിരുന്നു എന്നാൽ സൈബർ കാലത്ത്  സമരത്തിന്റെ പ്രചാരണരീതികളിൽ വലിയമാറ്റം വന്നിട്ടുണ്ട് .അദൃശ്യവൽക്കരിക്കൽ സാധ്യമല്ലാതായി.സോഷ്യൽമീഡിയ ഏതോന്നിനെയും പ്രചരിപ്പിക്കുമെന്ന അവസ്ഥയാണ് ഇന്നുള്ളത്. കൂടുതൽ സാന്നിധ്യവും പൊതുജനശ്രദ്ധയും ഉറപ്പുവരുത്തുന്നു.

പ്രാദേശിക ജനകീയ സമരങ്ങൾ ,ആദിവാസി സമരങ്ങൾ ,പരിസ്ഥിതിസമരങ്ങൾ ഇവയൊക്കെ ഭരണകൂടം തിരസ്കരിക്കുമ്പോൾ ഹാഷ്ടാഗ് തുടങ്ങിയുള്ള സോഷ്യൽ മീഡിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയും ദീർഘകാലം സമരം ചെയ്തും ജനകീയ സമരക്കാർ പ്രതിരോധത്തിന്റെ വ്യാകരണം മാറ്റിമറിക്കുന്നു.സോഷ്യൽമീഡിയയിലൂടെ വ്യാപകമായ പ്രചാരണം ലഭിക്കുകവഴി അത്തരം സമരങ്ങൾ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. കൂടാതെ ഇത്തരം സമരങ്ങൾ ആകർഷണീയമായ പേരുകൾ കണ്ടെത്തുന്നതും വിവരാവകാശത്തിന്റെയും കോടതിവ്യവഹാരത്തിന്റെയും സാദ്ധ്യതകൾ പ്രയോജനപ്പെടുന്നതും  സമരങ്ങളുടെ  പ്രതിരോധമൂല്യം വർധിപ്പിക്കുന്നു. സമര ചിഹ്നവ്യവസ്ഥ, സമരത്തെക്കുറിച്ചുണ്ടാക്കുന്ന പൊതു ധാരണക്കുള്ളിൽ നിന്നുകൊണ്ട് സ്ത്രീസമരങ്ങളെ അടയാളപ്പെടുത്താനാവില്ല. കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ട് സ്ത്രീകൾ നിശ്ശബ്ദമായി നടത്തുന്ന പ്രതിരോധങ്ങളെ സൂചിപ്പിക്കാനാണ് ജെ ദേവിക ഈ പദം ഉപയോഗിച്ചത്.വീടുകൾക്ക് പുറത്തു നടക്കുന്ന ജാഥ ,ബഹളം ,പോലീസ് കൊടികൾ ,ചുമരെഴുത്തു തുടങ്ങിയ ചിഹ്നങ്ങളില്ലെങ്കിലും സ്ത്രീകൾ നിശബ്ദസമരങ്ങൾ നടത്തുന്നുണ്ട് എന്ന വിലയിരുത്തൽ ഏറെ പ്രസക്തമാണ്  കേരളത്തിലെ പ്രതിഷേധ സംസ്കാരത്തിൽ സ്ത്രീകൾ നേതൃത്വം നൽകിയ പൊതു ഇട പ്രതിരോധങ്ങൾ അധികമില്ലെങ്കിലും കേരളത്തിൽ നടന്ന ഭൂരിപക്ഷം സമരങ്ങളിലും സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു. കലംകെട്ടു  സമരം, കശുവണ്ടി സമരം, കയർ തൊഴിലാളി സമരം ,ലൈംഗികത്തൊഴിലാളി സമരം   പോലെ യുള്ള ചിലസമരങ്ങൾ സ്ത്രീകൾ നേതൃത്വം നല്കിയവയാണ്.ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങൾ ,ദേശീയസമരം ,കാർഷികസമരങ്ങൾ ,നവോത്ഥാന സമരങ്ങൾ തൊഴിലാളിസമരങ്ങൾ, നിവർത്തനപ്രക്ഷോഭം ,മദ്യവിരുദ്ധ സമരങ്ങൾ ,സിവിൽ നിയമലംഘന പ്രക്ഷോഭം , വിമോചന സമരം തുടങ്ങി കേരളത്തിലുണ്ടായിട്ടുള്ള നിർണായക സമരങ്ങളിൽ  സ്ത്രീസാന്നിധ്യം വിസ്മരിക്കാവുന്നതല്ല. സ്ത്രീപക്ഷ സംഘടനകളുടെ പ്രതിഷേധസമരങ്ങളും ശക്തമായ ഒരു അടരാണ്. ജെ ദേവിക നിശബ്ദ സമരങ്ങളായി തിരിച്ചറിയുന്ന സ്ത്രീ പ്രതിഷേധങ്ങളും ശക്തമായ പാരമ്പര്യമാണ്.

സ്ത്രീപക്ഷ സംഘടനകളായ  പ്രചോദന ,മാനുഷി, ബോധന ,സഹജ ,അന്വേഷി, പ്രബുദ്ധത  തുടങ്ങിയവ സ്ത്രീസുരക്ഷക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയും ചുഷണത്തിനെ തിരയും  നടത്തിയ  ഇടപെടലുകളും  പ്രതിഷേധങ്ങളും സ്ത്രീ സമരങ്ങൾ തന്നെയാണ്.

രാഷ്ട്രീയപാർട്ടികളും  സംഘടനകളും സമരമുറകൾ  ആവർത്തിക്കുന്നതുകൊണ്ട് പൊതുജനശ്രദ്ധ കുറയുന്നു. മുദ്രാവാക്യഭിന്നതയൊഴിച്ചാൽ അവതരണത്തിൽ കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാലും സമരാവതരണത്തിൽ ഏറ്റവും കൂടുതൽ പുതുമവരുത്താൻ ശ്രമിച്ചിട്ടുള്ളത് നക്സലൈറ്റ്, ജനകീയ  സമരങ്ങളൊഴിച്ചാൽ  ഇടതുപക്ഷവും പോഷക സംഘടനയായ ഡി വൈ എഫ് ഐ യും തന്നെയാണ്. എന്നുമാത്രമല്ല,  ഇപ്പോൾ    യുവജനസംഘടനകൾ സമരങ്ങൾക്ക് പേര് നല്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതു ഒരു ആകർഷണീയ പ്രവണതയായി മാറിയിട്ടുണ്ട്.

ചുരുക്കത്തിൽ ,കേരളത്തിലെ പ്രതിഷേധ സാക്ഷരത വളരെ ഉയർന്നതാണെന്നതിൽ സംശയമില്ല. അനുദിനം നവീകരിക്കുന്ന  പ്രവണത  പ്രതിഷേധസംസ്കാരത്തിനു കൈവന്നിട്ടുണ്ട്.ഏതുപ്രശ്നത്തെയും പ്രതിരോധ സംസ്കാരത്തിലേക്കു ആനയിക്കാനും പ്രതികരണം സൃഷ്ടിക്കാനും മലയാളിക്കാകുന്നുവെന്നത് ഒരുസമൂഹത്തിന്റെ രാഷ്ട്രീയ സജീവതയെയും പ്രതികരണ പ്രബുദ്ധതയെയും വെളിവാക്കുന്നു . സമരങ്ങൾ അവകാശ സ്ഥാപനത്തിനും സംരക്ഷണത്തിനും അതിജീവനത്തിനുo  സ്ഥാനോരോഹണത്തിനും സാന്നിധ്യ സ്ഥാപനത്തിനും എന്നിങ്ങനെ ഭിന്നർത്ഥകമായാണ് ബഹുസ്വരത നിലനിറുത്തുന്നതെന്നു വരുമ്പോൾ പ്രതിഷേധാർത്ഥത്തിനു മങ്ങലേൽക്കുന്നു. മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് പ്രതിരോധ സംസ്‌കാരം എന്നാൽ പ്രതിഷേധം അനുഷ്ഠാനവൽക്കരിക്കുന്നുവെന്നതും പരിഹാരം ഉണ്ടാകുന്നില്ലെന്നതും സ്വകാര്യ താത്പര്യ നിക്ഷേപമാണെന്നതും പ്രതിരോധത്തിന്റെ ഉദ്ദേശത്തെ തന്നെ നിരർത്ഥകമാക്കുന്ന തരത്തിലുള്ള പ്രതികരണ നിശ്ശബ്ദത വ്യാപകമാകുന്നതും ജനാധിപത്യത്തിന്റെ വന്ധ്യതയുടെ സൂചനയാണോ എന്നൊക്കെയുള്ള വിചിന്തനം സമകാല പ്രതിഷേധ പ്രയോഗങ്ങൾ ആവശ്യപെടുന്നുണ്ട്. സമരങ്ങൾ വ്യവസ്ഥാപിതമായി മാറുന്നു. അത് വ്യവഹാരങ്ങളായി തീരുന്നു.പ്രതിഷേധിച്ചിട്ടെന്തുകാര്യം ?ഒന്നും നടക്കില്ല. എല്ലാം ഭരണകൂടവും രാഷ്ട്രീയക്കാരും വിചാരിക്കുന്നതുപോലേ നടക്കൂ.ഒതുങ്ങി കൂടുക അതത്രെ നല്ലത് എന്നുകരുതുന്ന ഒട്ടേറെപ്പേർ സമൂഹത്തിൽ മൗന സാന്നിധ്യമാകുന്നുണ്ട്. അതുവഴി പുതിയ    സഹന സമരങ്ങളും നിശബ്ദസമരങ്ങളും കേരളത്തിൽ വ്യാപകമാകുന്നു.ചോദ്യങ്ങൾ ഒഴിവാക്കുകയും മൗനം വിദ്വാന് ഭൂഷണമാവുകയും ചെയ്യുന്ന സമൂഹമായി കേരളം രൂപപ്പെടുകയാണോ? സമരം അനുഷ്ടാനവത്കരിക്കുന്നതി ലൂടെയും നിശ്ശബ്ദ സമരങ്ങളിലേക്ക് പ്രതിഷേധം വഴിമാറുകയും ചെയ്യുന്നതോടെ   കേരള സമൂഹം രോഗഗ്രസ്തമായി മാറുകയാണോ എന്ന ആശങ്കയാണ്   കേരളം പങ്കിടുന്ന അതിജീവന സാമൂഹിക ശാസ്ത്രം.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

ലേഖനം

ആശയങ്ങളുടെ ഉണർവ്

Published

on

അഞ്ജലി പിണറായി

വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം നവോത്ഥാനം.

മാറ്റങ്ങളുടെ പുതുവഴിക്കായി സ്വത്വബോധത്തിന്റെ ഉൺമയിൽ ആത്മാഭിമാനത്തിൽ നിലയുറച്ച അതിജീവനത്തിന്റെ കരുത്താണ് അവകാശങ്ങളുടെ നീതി നടപ്പിൽ വരുത്തിയത്. എന്നാൽ ഇന്നും അരികുവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിൽ ‘സ്ത്രീ’ സമൂഹം ഉൾപെടുകയാണ് എന്ന ദയനീയത മുഴച്ചു നിൽക്കുകയാണ് നവോത്ഥാന സാക്ഷരകേരളത്തിൽ.
ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ജനതയെ ഇരുട്ടിലേക്ക് നയിച്ചപ്പോൾ നവോത്ഥാന നായകരും നായികമാരും ചരിത്രം സൃഷ്ടിച്ച ഇടമാണ് കേരളം. എന്നാൽ ഇന്നും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള കേരളത്തിന് അപമാനകരമായി മാറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.

സമത്വത്തിനുവേണ്ടി പൊരുതിയ ആശയ മഹിമയിൽ ലിംഗം ഔന്നത്യത്തോടെ തെളിഞ്ഞപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ഉൾക്കാഴ്ചകളുടെ തെളിച്ചവും പ്രകാശിക്കുകയായിരുന്നു.
” മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല”.
എന്ന ഉദ്ഘോഷത്തോടെ പാർവതി നെന്മേനിമംഗലം എന്ന നവോത്ഥാന നായിക നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങളെ ഏകീകരിച്ചപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീജനങ്ങളിൽ ചാർത്തപ്പെട്ട മാമൂലുകളെ പൊട്ടിച്ചെറിയാനുള്ള മുന്നേറ്റമാണ് ഉണ്ടായത്. സുപ്രധാന തീരുമാനങ്ങളുടെ ആഹ്വാനങ്ങൾക്ക് കാരണഭൂതമാവുകയും ചെയ്തു. നമ്പൂതിരിബിൽ അതിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്.
സ്വതന്ത്രമായുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് വീടിനകത്തളങ്ങളിൽ ആചാരങ്ങളുടെ നീണ്ടനിര പാലിക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീ ജനത ഗാർഹിക പീഡനങ്ങളുടെ ദാരുണമായ അവസ്ഥാന്തരങ്ങൾക്കും വിധേയരാവുന്നതിനെതിരെ നവോത്ഥാന കാലഘട്ടം മാറ്റങ്ങളുടെ പാതപണിഞ്ഞുവെങ്കിലും ഇന്നും രൂപവും ഭാവവും വ്യത്യസ്തതയോടെ ഇവ നിലനിന്നു പോരുന്നു എന്നത് ദാരുണമാണ്. 2005ൽ ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം നില ഒന്നുകൂടെ മെച്ചപ്പെടുന്നുവെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സധൈര്യം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ട് വരുന്നു എന്നത് പ്രശംസനീയമാവേണ്ട ഒന്ന് തന്നെ . അതിന് സജ്ജരാവുന്നതിൽ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും, മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതുമാണ്.

നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശേഷം നിരവധി സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏടുകൾ അടയാള രേഖകളായി ചേർക്കപ്പെടേണ്ടത് അനിവാര്യമായി നിലയുറക്കുന്നുണ്ട്. ഇത് അഭിമാനകരം തന്നെയാണ്. 80കളിൽ മുന്നോട്ടുവന്ന ഫെമിനിസം ഇന്നും ശക്തമായി നിലയുറച്ചു പോന്ന ഒരു അടയാളമാണ്
” പാതിമണ്ണിൻ ഉടമകൾ ഞങ്ങൾ
പാതി ആകാശത്തിനും
ഇവിടെ ഞങ്ങൾ ഉറച്ചുനിൽക്കും
ഇവിടെ ഞങ്ങൾ ഉയർന്നു നിൽക്കും”.
ഈ ഗീതത്തിൽ നിറയുന്ന ആത്മവീര്യത്തിന്റെ സ്പന്ദനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. ബോധന, മാനുഷി സഹയാത്രി ഇങ്ങനെ സ്ത്രീമുന്നേറ്റം ലക്ഷ്യം കണ്ട കൂട്ടായ്മകളും എടുത്ത് പറയേണ്ടതാണ്. 81 ൽരൂപീകൃതമായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ഒപ്പം ചേർക്കേണ്ട ഒന്നാണ്.
” ജനാതിപത്യം, സമത്വം, സ്ത്രീ വിമോചനം”
എന്ന മുദ്രാവാക്യത്തോടെ ശക്തമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സഞ്ചരിച്ചു.
ഇത്തരം സ്ത്രീമുന്നേറ്റ സംഘടനകളിലൂടെ
സ്ത്രീ മുന്നേറ്റത്തിന്റെ ആത്മവീര്യവും നിർഭയത്വവും വ്യക്തിബോധവുമാണ് ഉടലെടുത്തത്. ഞങ്ങൾക്കു വേണ്ടി ഞങ്ങൾ തന്നെ മുന്നോട്ട് ഞങ്ങളാണ് ഞങ്ങളുടെ സംരക്ഷകർ എന്ന വിശ്വാസത്തിന്റെ ആത്മഹർഷമാണ് ഉദാഹരണ സഹിതം തന്നെ എടുത്തു പറയാനോളം ഏറെ നേട്ടങ്ങളുമായ് ശക്തമായ് ഇന്നും പ്രയാണം തുടരാൻ കെൽപ്പ് പകർന്ന് കൊണ്ടിരിക്കുന്നത്.. ഇന്ന് സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദാരുണത , നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം , ഇതിൽ ഒക്കെ തന്നെ ഏറെ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ഇനിയും മുന്നേറാൻ ഇരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തലുകൾ തന്നെയുമാണ്.

പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ നവോത്ഥാന ചരിത്ര തുടക്കത്തിലെ സുപ്രധാനങ്ങളിൽ ഒന്ന് ചാന്നാർ ലഹള തന്നെയാണ് .

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനത്തിന്റെ ഉൾതുടിപ്പിൻ നാളമാണ് ജ്വലിച്ചത്. മാറുമറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് സവർണ്ണരുടെ ലൈംഗിക ചേഷ്ടകൾക്ക് പാത്രരായി അഭിമാനഹത്യരായി മാറിക്കൊണ്ടിരുന്ന ഒരു വിഭാഗം സ്ത്രീകൾ നടത്തിയൊരീ നവോത്ഥാന മുന്നേറ്റം സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾക്കായുള്ള ഊർജ്ജമായിരുന്നു. നിരവധി ചരിത്ര നായികമാരാണ് അവിടെ ഉടലെടുത്തത് .മേൽ ശീല ധരിച്ച് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘ സാറ ‘ അതിന് ഉദാഹരണമാണ് . ഒപ്പം മൂക്കുത്തി സമരം കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ അവകാശബോധത്തോടെ തലയുയർത്തിയ നവോത്ഥാന വിപ്ലവങ്ങളും. വിപ്ലവ വനിതകളും.

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിനൊപ്പം തുല്യതയുടെ കാഴ്ചപ്പാടിന്റെ മഹത്വം . പുരോഗമന കേരളത്തിൽ അഭിനന്ദനാർഹമായ് ഇത് നടപ്പിലാക്കിയ മാതൃകാ വിദ്യാലയം “ജെൻറർ ന്യൂട്രാലിറ്റി യൂണിഫോം ” ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ ഇത് വരുംകാല ചരിത്ര അടയാളമായ് മാറും എന്നതും നിസംശയം.

സ്ത്രീവിമോചനത്തിന്റെ ആദ്യ രക്തസാക്ഷിയായ ശകുന്തള ദേവി . മതാന്ധതയുടെ അധപതിച്ച ചിന്താധാരകൾ വർത്തമാന ഇന്ത്യൻ രാഷ്ട്രത്തിൽ നിഴലിക്കുമ്പോൾ അന്യമതം സ്വീകരിച്ച് ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെ പോരാടാൻ അടിയുറച്ചൊരീ സ്ത്രീ രത്നം ഒടുവിൽ മതഭ്രാന്തരാൽ മരണം വരിക്കേണ്ടി വന്നത്. ആ കാലഘട്ടവും ഒപ്പം ശകുന്തളാദേവിയെയും ഈ കാലഘട്ടത്തിലും ഓർക്കപ്പെടേണ്ടതിന്റെ അനിവാര്യത ഏറുകയാണ്.

ഉത്തരേന്ത്യൻ സ്ഥിതി വിശേഷം ഉളവാക്കാതിരിക്കാൻ കേരള ഭരണ രാഷ്ട്രീയ പ്രസ്ഥാനം ചെറുത്തുനിൽപ്പിൻ പരിശ്രമം പണിയുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ വിവേകപൂർണ്ണം അല്ലാത്ത പ്രവർത്തനങ്ങൾ അപമാനകരം തന്നെയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ അന്ധവിശ്വാസങ്ങളെയും അതിൻ ഉപോല്പന്നങ്ങളെയും എടുത്തു പറയേണ്ടതുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ആർത്തവ അശുദ്ധിയുടെ ശാസ്ത്രബോധം ഇല്ലായ്മയും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം.
ഒപ്പം ഇന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർണ്ണമായി ഉദ്ഭൂതരായ് എന്ന് ഊറ്റം കൊണ്ട ജനത വീണ്ടും നരബലിയിൽ ചെന്നു നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ വിവേകപൂർണ്ണമല്ലാത്തൊരീചിന്താധാരയുടെയും ഭക്തിയുടെ കമ്പോള സാധ്യതകളും തന്നെയാണ് ഇന്നിന്റെ വിന. ഇതിനെതിരെയാണ് ജാഗരൂകരാവേണ്ടത്. ഇവിടെയും ഇര സ്ത്രീ തന്നെയെന്ന് ഓർമ്മപ്പെടുത്തലുകൾ ആവർത്തനങ്ങളിൽ പൂർണമായി ഒഴിവാക്കേണ്ടുന്ന ജാഗ്രതയും ഓർമിപ്പിക്കുകയാണ്.

സാഹിത്യ സൃഷ്ടികളും കലയും നവോത്ഥാന ചിന്തയിലേക്ക് വ്യക്തികളെ നയിക്കുന്നത് ഏറെ പ്രാധാന്യമാണ് വഹിച്ചത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ അന്തർജനങ്ങളുടെ മാനസിക തലങ്ങളിലേക്ക് സഞ്ചരിച്ചു. ആ ജനതതിയ്ക്ക് ഊർജ്ജം പകർന്നു. അതുപോലെ വി.ടി ഭട്ടത്തിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം ഇന്നും പ്രസക്തിയോടെ ഇനിയും മാറേണ്ട കാഴ്ചപ്പാടിന്റെ ധ്വനിയെ ശക്തിയോടെ മുഴക്കുന്നുണ്ട്.
” പുരുഷന്റെ മേന്മയ്ക്ക് വേണ്ടിവന്നാൽ സ്ത്രീ അപലയായി തന്നെ ഇരുന്നു കൊള്ളട്ടെ. എങ്കിലും അവളുടെ പട്ട് ചേലയുടെ വക്ക് വേണം രാജ്യത്തിന്റെ മുറിവ് കെട്ടാൻ.”
ഈ സ്ഥിതിവിശേഷം ഇനിയും മാറേണ്ടതുണ്ട് എന്നത് നിസംശയം തന്നെ.

മിശ്രവിവാഹവും വിധവാ വിവാഹവും സ്വത്തവകാശവും ഒക്കെ സ്ത്രീയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നു മുക്തി നേടാനുള്ള അവകാശങ്ങൾ ആയി മാറിയപ്പോൾ ഇന്ന് പ്രണയം അവളെ മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷവും കാണാൻ കഴിയുകയാണ്. ആസിഡ് ആക്രമണങ്ങളും മറ്റു കൊലപാതകങ്ങളും തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ദർശിക്കുന്നത്.
“ഇല്ല ” എന്ന വാക്ക് പറയാനുള്ള അവളുടെ ആർജ്ജവത്തെയാണ് ഇവിടെയും അവൾക്ക് എതിരായി ഭവിക്കുന്നത് പെണ്ണിന്റെ വാക്കിനെ മാനിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ ക്രൂരതകൾക്ക് അവസാനം തീർത്തേ മതിയാവുള്ളൂ.

ഒപ്പം LGBTQIA+ കമ്മ്യൂണിറ്റിയെയും ട്രാൻസ് ജെന്ററിനെയും ഇന്നും സാധാരണ ജനതയായ് കാണാനുള്ള കാഴ്ചപ്പാടുകൾ ഉളവാകേണ്ടതുണ്ട്. ഇന്നും മാറ്റി നിർത്തപ്പെടുന്നതിന്റെ സ്ഥിതി വിശേഷം ഏറെ കാണാൻ കഴിയുകയാണ്.

ആശയങ്ങളുടെ ഉണർവ്വിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് മാറ്റങ്ങളുടെ പുതിയ പ്രകാശവുമായ് ഔന്നത്യത്തോടെ ഉയരാൻ മുന്നോട്ടുവരുന്ന സ്ത്രീ ജനത സാക്ഷര കേരളത്തിന് അഭിമാനകരമായ മാതൃകയാവട്ടെ. സ്ത്രീ ജനങ്ങളെ സംഘടിക്കൂ.

littnowmagazine@gmail.com

Continue Reading

Trending