കവിത
അടക്കിവെക്കുമ്പോൾ

സന്ധ്യ ഇ
അടുക്കി വെക്കാനാണ് അവളെ വീട്ടുകാർ പഠിപ്പിച്ചത്.
അടക്കിവെക്കാനും.
എല്ലാം അതാതിൻ്റെ യിടങ്ങളിൽ
ഭദ്രമായി, ഇടകലരാതെ
മുഴച്ചു നിൽക്കാതെ തുറിച്ചു നിൽക്കാതെ.
അലമാരയിൽ ഒന്നാമത്തെ തട്ടിൽ അവൾ കരച്ചിലുകളെ അലക്കി വെളുപ്പിച്ചത് നിരത്തിവെച്ചു.
ഒന്നിനു മീതെ ഒന്നായി.
ശീലമായപ്പോൾ വരുന്നതെല്ലാം തനിയെ അവിടെപ്പോയിരുന്നു തുടങ്ങി.
രണ്ടാമത്തെതിൽ ചിരികൾ പൂട്ടി വെച്ചു.
പുറത്തു കേൾക്കാൻ സാധ്യതയുള്ളതിനാൽ രണ്ടു കതകുവെപ്പിച്ചു. അവിടെ വെക്കാനുള്ളത് താരതമ്യേന കുറവായിരുന്നതിനാൽ ഒന്നും കുത്തിത്തിരുകേണ്ടി വന്നില്ല.
മൂന്നാമത്തേതിൽ
സ്വാതന്ത്ര്യത്തെയാണ് മടക്കി വെച്ചത്.
അത്യാവശ്യമൊന്നുമില്ലല്ലോയെന്ന അഭിപ്രായം പരിഗണിച്ചും വിലപ്പെട്ടതെന്നു കേട്ടും താഴിട്ടതു പൂട്ടി.
ഒരു പോടുപോലുമില്ലല്ലോയെന്ന് എപ്പോഴും ഉറപ്പു വരുത്തിയിരുന്നു.
രാത്രിയും പകലും ഒന്നുപോലെ
അവധിയും സവധിയും ഒന്നുപോലെ.
ഭദ്രം. സുരക്ഷിതം.
നാലാമത്തേതിൽ പ്രണയത്തെ പ്രതിഷ്ഠിച്ചു.
അവൾക്കൊഴികെ മറ്റാർക്കും ദൃശ്യമാകാത്തതിനാൽ
ഒഴിഞ്ഞയറ പോലെ അവഗണിച്ചു.
ചിലപ്പോൾ വിവാഹം, മാതൃത്വം, കുടുംബം, അനുസരണം, ഉത്തരവാദിത്തം
എന്ന സർവ്വസാധാരണങ്ങളായ ചിലത് വെക്കുകയോ എടുക്കുകയോ ചെയ്തു.
ഒരു നാൾ ഒരു മുന്നറിയിപ്പുമില്ലാതെ അതിടിഞ്ഞു വീണപ്പോഴാണ്
അടുക്കിപ്പെറുക്കി വെച്ചതെല്ലാം പൊടുന്നനേ
കവിതകളായി മാറിയത്.
പിന്നീടവൾക്ക് അറകൾ വേണ്ടിവന്നേയില്ല .

കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
കവിത
വൈസറിക്കാത്ത പെണ്ണ്

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.
ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.
ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .
വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.
മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.
എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.
വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.
പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .
ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com
കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം11 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സാഹിത്യം8 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
Aravindan K M
November 8, 2021 at 3:15 pm
Aksharangalute chillarakalil olippichu vekku….Ellam…..Arum kanathe namukku vayikkamallo….swayayam parannu chekkayanayunna indrajalachirakulla vaakkinte soocheemukhikale……
Sherif Mangalath
November 10, 2021 at 3:45 pm
ഇത്രയും ലളിതമായി ,ഇത്രയും ഗഹനമായും..!!!