കവിത
അമ്മേടെ സാരി
ജയശ്രീ ബിജുബാൽ
മന്ത്രകോടിയൊഴികെ
മറ്റൊരു സാരിയും അമ്മ
സൂക്ഷിച്ചു വച്ചില്ല…
ആരൊക്കെയോ വാങ്ങിക്കൊടുത്ത,
ഏതൊക്കെയോ സാരികളിൽ,
ചേർച്ചപോലും നോക്കാതെ
അമ്മയൊരുങ്ങി…
വാരിവലിച്ചുടുത്ത സാരികളിൽ
സമയമില്ലായ്മയ്ക്കൊപ്പം
വിരസതയും മുഴച്ചു നിന്നു….
പുറത്തുടുത്ത സാരികൾ
നിറം മങ്ങിപ്പഴകുമ്പോൾ
വീട്ടിലുടുക്കും…
ഉടുത്തുടുത്തും അലക്കിയലക്കിയും
നിറം മങ്ങിയ സാരികൾ
അമ്മയുടെ ഭാവം പോലെ…
അടുക്കളയിലെ മസാലക്കൂട്ടുകളുടെ
നിറവും മണവും കലർന്ന സാരികൾ
സാരിത്തുമ്പിലമ്മ കൈതുടയ്ക്കും,
മുഖം തുടയ്ക്കും, പാത്രം തുടയ്ക്കും..
മഴ നനഞ്ഞു വരുന്ന ഞങ്ങടെ തലയും തുടയ്ക്കും..
കരയുമ്പോൾ കണ്ണീരൊപ്പും…
അമ്മയുടെ ഏറ്റവുമടുത്ത കൂട്ടുകാരി
സാരീ തന്നെയാവും
എന്തെന്തു രഹസ്യങ്ങളാകും
അതിലമ്മ ഒളിപ്പിച്ചതും…
ഉടുത്തു കീറുമ്പോൾ
മുറിച്ചെടുക്കും….
തറ തുടയ്ക്കും, മേശ തുടയ്ക്കും
പാതകത്തിലെ കരി തുടയ്ക്കും
കൈക്കലത്തുണിയാക്കും
പൂച്ചക്കുട്ടിയ്ക്ക് കിടക്കയാക്കും …
അമ്മയെപ്പോലെ പലവക …
ഒടുവിൽ വേലിയുടെ മുകളിൽ
പിഴിഞ്ഞ് വിരിച്ച്
വെയിലും മഴയുമേറ്റ്
ദ്രവിച്ചു ദ്രവിച്ചങ്ങനെ
ആരുമോർക്കാതെ നശിക്കും…
ചിലപ്പോൾ തോന്നും
അമ്മ തന്നെയാണ് ആ സാരിയെന്ന്…
You must be logged in to post a comment Login