കവിത
പരിണാമം
നിമ. ആർ. നാഥ്
ഉയിർത്തെഴുന്നേറ്റ മൂന്നാം നാൾ
അവനിലേക്കുള്ള വഴിയേയാണ് അവൾ പാഞ്ഞത് .
ഉണരാൻ വൈകിയതോർത്ത് പരിതപിച്ചുകൊണ്ടു ,
വിട്ടു പോകല്ലേയെന്നു പലയാവർത്തി പലയിടങ്ങളിൽ കാറിയവൻ
ഉരുകിത്തീരാതിരുന്നെങ്കിലെന്നു അവളാധി പൂണ്ടിരുന്നു .
വഴി തിരിഞ്ഞിടത്തു, ചെടികൾ പൂത്തും വെയിൽ തെളിഞ്ഞും
വാതിലുകൾ മലർക്കെ തുറന്നിട്ടും
അവനുള്ളയിടം പതിവിൻ പടി പുലർന്നിരുന്നു.
നടുമുറിയിൽ സുഖം പുതച്ചു ,
പെറ്റു വീണ കുഞ്ഞിന്റെ നിഷ്കളങ്കത തൊട്ടു,
അവനുറങ്ങിക്കിടന്നിരുന്നു.
കാറ്റായും മഴയായും മിന്നൽപ്പിണരായും
അവൾ പെയ്തലച്ചു.
ഉറക്കം കെട്ടതേയില്ല.
നോക്കി നിന്ന് തുടുത്തു,
സമയക്രമമില്ലാതെ കയറിയിറങ്ങാമെന്നു നൂൽപ്പാലമിട്ടു ,
തിരിഞ്ഞു നോക്കിക്കൊണ്ടേ അവളിറങ്ങി .
പുറത്ത് കടക്കെ, തെങ്ങിൻചോട്ടിലെ ചാമ്പൽക്കൂനകൾ
തല നിവർത്തി .
പാതി കത്തിയ പ്രിയ പുസ്തകങ്ങളും കത്തക്ഷരങ്ങളും
മുഖം കാട്ടി.
നോക്കൂ .. നിൻ ശേഷിപ്പുകളാണ് ഞങ്ങൾ .
നാം ഒരുമിച്ചു കുടിയിറക്കപ്പെട്ടവർ .
തിരിഞ്ഞു നടക്കാൻ വഴികളില്ല നമുക്ക്.
അന്നേരം ആധിവ്യാധികളെല്ലാം തന്നെ ഊർന്നുവീണു .
ഭാരമൊഴിഞ്ഞവൾ ചിതയിലേക്ക് മടങ്ങി.
അതിനടുത്തു, ഇത്തരമൊരു യാത്രയാലെന്നവണ്ണം
ഉലഞ്ഞൊരുവൾ കുന്തിച്ചിരുന്നിരുന്നു .
ഊഷരമാമൊരു ചിരി കൈമാറപ്പെട്ടു .
അല്പമകലെ ആളിക്കത്തുന്നയിടത്തു ,
മുക്കാലും വെന്തൊന്നിൽ നിന്നും വേർപെട്ടു മറ്റൊരുവൾ
ആരെയും കാക്കാൻ വയ്യെന്ന പോലെ അവരെ കടന്നു പറന്നു പോയി .
അവർ ആർത്തു ചിരിച്ചു.
അനന്തരം അതൊരു സ്വർഗ്ഗമായി പരിണമിക്കപ്പെട്ടു.
Saji Koottampara
October 25, 2021 at 5:10 am
നന്നായിരിക്കുന്നു. ഒരു പുനർ വയനക്ക് ഉതകുന്ന രചനാ വൈഭവം. അളന്നു കുറിച്ച ആശയ പാoവം.. അഭിനന്ദനങ്ങൾ നീമാ, ഇഷ്ടം…. ആശംസകൾ…