കവിത
ബാർബറ
മഴയുടെയും ബോംബുകളുടെയും പതനതാളം … ഈ യുദ്ധകാലത്ത് …
ഷാക് പ്രിവേർ
വിവ: വി.രവികുമാർ
ഓർമ്മയില്ലേ ബാർബറാ
ബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നു
ഒരു മന്ദഹാസത്തോടെ നീ നടന്നുപോയി
മുഖമാകെച്ചുവന്ന് ആഹ്ളാദവതിയായി നനഞ്ഞൊലിച്ചും
ആ മഴയിൽ
ഓർമ്മയില്ലേ ബാർബറാ
ബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നു
സയാം തെരുവിൽ വച്ചു നിന്നെ ഞാൻ കണ്ടു
നീ പുഞ്ചിരിക്കുകയായിരുന്നു
ഞാനുമതുപോലെ പുഞ്ചിരിച്ചു
എനിക്കറിയാത്ത നീ
എന്നെയറിയാത്ത നീ
ഓർമ്മയില്ലേ
എന്നാലുമാ ദിവസമൊന്നോർത്തുനോക്കൂ
ഒരാൾ മഴ കൊള്ളാതെ കയറിനിൽക്കുകയായിരുന്നു
അയാൾ ഉറക്കെ നിന്റെ പേരു വിളിച്ചു
ബാർബറാ
ആ മഴയത്തു നീ അയാൾക്കടുത്തേക്കോടി
നനഞ്ഞൊലിച്ച് ആഹ്ളാദത്തോടെ മുഖമാകെച്ചുവന്നും
നീ അയാളുടെ കൈകളിലേക്കു വീണു
അതോർമ്മയില്ലേ ബാർബറാ
ഞാൻ നിന്നെ നീയെന്നു വിളിക്കുന്നതിൽ
വിരോധമരുതേ
സ്നേഹം തോന്നുന്നവരെ നീയെന്നാണു ഞാൻ വിളിക്കുക
ഒരിക്കലേ ഞാനവരെ കണ്ടിട്ടുള്ളുവെങ്കിൽക്കൂടി
തമ്മിൽ സ്നേഹിക്കുന്നവരെ നീയെന്നാണു ഞാൻ വിളിക്കുക
എനിക്കവരെ അറിയില്ലെങ്കിൽക്കൂടി
ഓർമയില്ലേ ബാർബറാ
മറക്കരുതേ
ആ മഴയെ
ആ നല്ല മഴയെ പ്രസന്നമായ മഴയെ
നിന്റെ പ്രസന്നമായ മുഖത്ത്
ആ പ്രസന്നമായ നഗരത്തിനു മേൽ
പടക്കോപ്പുകൾക്കു മേൽ
ഉഷാന്തിലെ ബോട്ടിനു മേൽ
ആ മഴയെ
ഹാ ബാർബറാ
എന്തു പൊട്ടത്തരമാണീ യുദ്ധം
പിന്നെ നിനക്കെന്തു പറ്റി
തീയും ഉരുക്കും ചോരയും പെയ്യുന്ന
ഈ ഇരുമ്പുമഴയ്ക്കടിയിൽ
നിന്നെ സ്നേഹത്തോടെ വാരിപ്പുണർന്നവൻ
അയാൾ മരിച്ചോ അയാളെ കാണാതെയായോ
ഇന്നും ജീവനോടെയുണ്ടോ അയാൾ
ഹാ ബാർബറാ
ബ്രസ്റ്റിലിന്നും തോരാതെ മഴ പെയ്യുന്നു
അന്നത്തെപ്പോലെ
പക്ഷേ അതേ മഴയല്ലതിപ്പോൾ
എല്ലാം നശിച്ചു
ഇതു വിലാപത്തിന്റെ മഴ
പേടിപ്പെടുത്തുന്ന പാഴ്മഴ
ഇതൊരു കൊടുങ്കാറ്റു പോലുമല്ല
ഇരുമ്പിന്റെ ഉരുക്കിന്റെ ചോരയുടെ
വെറും മേഘങ്ങൾ മാത്രം
നായ്ക്കളെപ്പോലെ കിടന്നുചാവുന്നവ
ബ്രസ്റ്റിനെ മുക്കുന്ന പേമാരിയിൽ
അകലേക്കൊഴുകിമറയുന്ന നായ്ക്കൾ
അകലെക്കിടന്നവയഴുകും
അകലെ ബ്രസ്റ്റിൽ നിന്നു വളരെയകലെ
യാതൊന്നും ശേഷിക്കാത്ത ബ്രസ്റ്റിൽ നിന്നകലെ
(ബ്രസ്റ്റ് – രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അന്തർവാഹിനിപ്പടയുടെ താവളമായിരുന്ന ഫ്രഞ്ചുനഗരം. ബോംബിംഗിൽ നിശ്ശേഷം തകർന്നു. അവശേഷിച്ചതു മൂന്നു കെട്ടിടങ്ങൾ മാത്രം.)
ഷാക് പ്രിവേർ (Jacques Prevert, 1900-1977): ഫ്രഞ്ച് കവിയും തിരക്കഥാകൃത്തും. സാമൂഹിക പ്രതീക്ഷയും വൈകാരിക പ്രണയവും നിറഞ്ഞതാണു പൊതുവേ പ്രാവേറിന്റെ കവിതകൾ.
വി.രവികുമാർ: ഏറ്റവും മികച്ച വിവർത്തകരിലൊരാളായ ശ്രീ.വി.രവികുമാർ ലോകസാഹിത്യത്തെ മലയാളത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കാഫ്ക, ബോദ്ലേർ, ബോർഹസ്, ഉലാവ് എച്ച് ഹേഗ്, റിൽക്കെ, റൂമി തുടങ്ങി നിരവധി വിശ്വസാഹിത്യകാരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.
littnowmagazine@gmail.com
You must be logged in to post a comment Login