Connect with us

ലേഖനം

കവിത തിന്തകത്തോം 3

Published

on

വി.ജയദേവ്

കവിത എന്ന
സ്വയംനഗ്നത,
കൊടിയ പാപം

ഞാനെന്നെങ്കിലും കവിതയെഴുതുമെന്നു വിലാസിനിച്ചേച്ചി അത്രയ്ക്കും വിശ്വസിച്ചുപോയിരുന്നു. ഒരു അന്ധവിശ്വാസം പോലെയായിരുന്നു. അന്ന് അങ്ങനെ പല അന്ധവിശ്വാസങ്ങളുമുണ്ടായിരുന്നു. അന്ധമായിത്തന്നെ പലതും വിശ്വസിക്കേണ്ടിവന്നിരുന്നു. കാരണം, പലതിനും ലോകത്ത് ഒരു തെളിവുകളുമുണ്ടായിരുന്നില്ല. അന്ന് അങ്ങനെ പല അന്ധവിശ്വാസങ്ങളുണ്ടായിരുന്നു. അല്ലെങ്കിൽ എല്ലാ വിശ്വാസവും അന്ധമായിരുന്നു. ഒന്നും തെളിയിക്കപ്പെടേണ്ട ആവശ്യമുണ്ടായിരുന്നില്ല. തെളിവെന്ത് എന്ന് ആരും ചോദിച്ചിരുന്നില്ല. അല്ലെങ്കിൽ ജീവിതം തന്നെ വലിയ അന്ധവിശ്വാസമായിരുന്നു.

ഞാനന്നു കണ്ടവരിൽ ഏറ്റവും വലിയ അന്ധവിശ്വാസി വിലാസിനിച്ചേച്ചി അല്ലാതെ മറ്റാരുമായിരുന്നില്ല. അവരുടെ ഏറ്റവും വലിയ അന്ധവിശ്വാസം ഞാനുമായിരുന്നല്ലോ. അല്ലെങ്കിൽ, ഞാനെന്നെങ്കിലും കവിതയെഴുതുമെന്ന് വിലാസിനിച്ചേച്ചി എങ്ങനെ പ്രവചനം നടത്താനാണ്. ഞാനന്ന് അക്ഷരങ്ങൾ കൂട്ടിക്കെട്ടി ഓരോ വാക്കുണ്ടാക്കാൻ പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പുതിയ ഒരു വാക്കു പോലും ഞാൻ എന്റേതായി കണ്ടുപിടിച്ചിരുന്നില്ല. പിന്നെ എങ്ങനെയാണ്. കവിത എഴുതാൻ സ്വന്തമായി ഒരു ഭാഷ വേണമെന്നും സ്വന്തമായി കുറെ വാക്കുകൾ വേണമെന്നൊക്കെ അന്ധവിശ്വാസമുണ്ടായ കാലമാണ് എന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. എന്തും അന്ധവിശ്വാസമായിരുന്നു അന്ന്.

വീട്, കുടുംബം, സ്കൂൾ, കവിത തുടങ്ങിയ അന്ധവിശ്വാസങ്ങളടക്കം. ആറുമണിയെന്നൊരു സമയത്ത് ലോകത്തിൽ നിന്നു വീടുകളിലേക്കു മടങ്ങണം എന്ന അന്ധവിശ്വാസമാണ്, ഓരോ ദിവസവും എന്നിൽ നിന്നു വിലാസിനിച്ചേച്ചിയെ പറിച്ചുകളഞ്ഞെറിച്ചുകളഞ്ഞിരുന്നത്. എന്തുകൊണ്ട് ആറു മണി എന്ന ഒരു ചോദ്യമില്ലായിരുന്നു. വീട് എന്ന അന്ധവിശ്വാസം അടിച്ചേൽപ്പിക്കുന്ന ചില കാ൪ക്കശ്യങ്ങളായിരുന്നു അതൊക്കെയും. അടുത്തെങ്ങോ പറന്നുയരാൻ നിറപ്പാവാട തുന്നിക്കിട്ടാൻ കാത്തിരിക്കുന്ന ഏതോ ചിത്രശലഭത്തിന്റെ പ്യൂപ്പയായിരുന്നു വിലാസിനിച്ചേച്ചി എന്ന അന്ധവിശ്വാസം എനിക്ക് അതേ സമയം ആശ്വാസം തന്നിരുന്നു. നോക്കണേ, ഒരു അന്ധവിശ്വാസത്തിൽ നിന്നു മോചനം മറ്റൊരു അന്ധവിശ്വാസം. ചിത്രശലഭത്തിന്റെ പ്യൂപ്പയായിരുന്നു വിലാസിനിച്ചേച്ചി എന്നതിന് ഒരു പൂ൪വസാക്ഷ്യമോ തെളിവോ ഉണ്ടായിരുന്നില്ല. എന്നിട്ടും, ഞാനതു മനസിൽ കാണുകയായിരുന്നല്ലോ.

നിറപ്പാവാട കിട്ടിക്കഴിഞ്ഞാൽ, വിലാസിനിച്ചേച്ചി ശരിക്കും ഒരു പൂമ്പാറ്റയായിക്കഴിഞ്ഞാൽ, ഈ ആറുമണി വിലക്കും തുട൪ന്നുള്ള വേ൪പിരിയലും ഇല്ലാതാവുമെന്നതായിരുന്നു ആ ഇടക്കാലത്തെ എന്റെ ഏറ്റവും വലിയ ആശ്വാസം. ആറുമണിയെന്ന അന്ധവിശ്വാസത്തിന്റെ വിലക്കിലൂടെ എനിക്കു വിലാസിനിച്ചേച്ചിയെ രഹസ്യമായി പൂമ്പാറ്റയുടെ രൂപത്തിൽ ഒളിച്ചുകടത്താമല്ലോ എന്നതായിരൂന്നു ആ ആശ്വാസം. ശരിക്കും പറഞ്ഞാൽ, അത്തരമൊരു സിറ്റുവേഷനിൽ ആരും കവിതയെഴുതിപ്പോവേണ്ടതായിരുന്നു. വിലക്കുകൾക്കു മുന്നിലൂടെ പൂമ്പാറ്റയെ ഒളിച്ചുകടത്തുന്ന ഒരു ഇന്ദ്രജാലക്കാരനെപ്പറ്റി. എന്നാൽ, എനിക്കു കവിതയൊന്നും തോന്നുന്നുണ്ടായിരുന്നില്ല. ഞാൻ കവിത എഴുതും എന്നതു വിലാസിനിച്ചേച്ചിയുടെ മാത്രം അന്ധവിശ്വാസമായിരുന്നല്ലോ.

വിലാസിനിച്ചേച്ചി പറഞ്ഞു: “ എടാ പൊട്ടാ… നേരം അസ്തമിക്കുന്നതു വരെയേ ഉള്ളൂ ഒരു പൂമ്പാറ്റയുടെ ആയുസ്.”

“ അത്രയും ആയുസ് കുറവോ ? ഈ ഒരു പകലിലേക്കു വേണ്ടിയാണോ ഈക്കാണുന്ന നിറപ്പാവാടകളെല്ലാം മാഗിയാന്റി തുന്നിത്തയ്ച്ചെടുക്കുന്നത് ?”

“ അവ൪ ഒരു ദിവസത്തേക്കുള്ള പാവാട മാത്രമാണു തയ്ക്കുന്നത്. ഒരു പകൽ കഴിയുന്നതോടെ അതിന്റെ നിറങ്ങൾ അഴിഞ്ഞുപോകും.”

“ നിറങ്ങൾ അഴിഞ്ഞാലും അതിന്റെ തയ്യൽ എങ്ങനെ അഴിയാനാണ് ?”

“ മാഗിയാന്റി പല നിറങ്ങളെ നൂലോടിച്ചെടുക്കുന്നെന്നേയുള്ളൂ. അവ൪ ശരിക്കും ഉടുപ്പൊന്നും തുന്നുന്നില്ല.”

“ എന്നെയെപ്പോഴെങ്കിലും തുന്നിത്തുന്നി പൂമ്പാറ്റയ്ക്കുള്ള നിറപ്പാവാടയാക്കുമെന്നു പേടിപ്പിച്ചിരുന്നു. അപ്പോൾ മാഗിയാന്റിക്കു നിറങ്ങളെ മാത്രമേ തുന്നാൻ സാധിക്കുകയുള്ളൂ..ഞാൻ വെറുതേ പേടിച്ചു.” ഞാൻ പറഞ്ഞു.

“ എന്നാലും നീ സൂക്ഷിച്ചോ…അവ൪ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന ഒരു പൂവാണ്…” വിലാസിനിച്ചേച്ചി അടുത്ത അന്ധവിശ്വാസം പുറത്തെടുക്കുകയാണെന്നു തന്നെയാണ് എനിക്കു തോന്നിയത്. എന്നാലും മാഗിയാന്റിയെ ഒരു പൂവു പോലെ ഞാനോ൪ത്തു നോക്കുകയുണ്ടായി. വിലാസിനിച്ചേച്ചിയുടെ ഓരോ ശ്വാസം പോലും കവിതയെഴുതിക്കുന്നതായിരുന്നു.

എന്നാലൂം പൂമ്പാറ്റകൾക്ക് ഒരു പകലിന്റെ ആയുസ് മാത്രമേയുള്ളൂ എന്നു പറഞ്ഞതാണ് അവരുടെ ഏറ്റവും വലിയ അന്ധവിശ്വാസമെന്നു ഞാൻ തീ൪ച്ചയാക്കി. അതിനെക്കാളും കാൽപ്പനികമായ, കാവ്യാത്മകമായ ഒരു അന്ധവിശ്വാസത്തിൽ അവ൪ക്കു ജീവിക്കാൻ പറ്റില്ല. പൂമ്പാറ്റയെന്ന നിലയിൽ ആറുമണിയുടെ കുറുകെ വിലാസിനിച്ചേച്ചിയെ ഒളിച്ചുകടത്താമെന്ന എന്റെ അന്ധവിശ്വാസത്തെയാണ് അതു തക൪ത്തുകളഞ്ഞത്. ഒരു പകലിലേക്കു മാത്രമായുള്ള പൂമ്പാറ്റ ആകേണ്ടതില്ല വിലാസിനിച്ചേച്ചി എന്നു ഞാൻ ഉറക്കത്തിന്റെ ഓരോ ഇടവേളയിലും വിചാരിച്ചു. എന്റെ വിചാരങ്ങൾക്ക് ഇന്നു പോലും ലോകത്തെ ഒരു പ്രവ൪ത്തനത്തെയും സ്വാധീനിക്കാൻ കഴിയുന്നില്ല. പിന്നെയാണ് അന്ന്.

പ്യൂപ്പയിൽ നിന്ന് ഒരിക്കലും വിലാസിനിച്ചേച്ചി ഒരു പൂമ്പാറ്റയാകല്ലേ എന്നു പ്രാ൪ഥിച്ചുകൊണ്ടുള്ള ഒരു കവിത മറ്റാരാണെങ്കിൽത്തന്നെയും എഴുതിപ്പോവുമായിരുന്നു. എന്നിട്ടും, ഞാനതിനെ ചെറുത്തുനിന്നു. പിന്നീടു പല അവസരത്തിലും ഇതേപോലെ കവിത എഴുതാതിരിക്കാൻ പറ്റാത്ത ഗുരുത്വാവസ്ഥകളെ തരണം ചെയ്യാൻ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇത്തരം ബാലിശമായ പരിശീലനങ്ങളിൽ നിന്നായിരുന്നു. ( വ൪ഷങ്ങൾക്കു ശേഷം എനിക്ക് അങ്ങനെ ഒരു കവിത എഴുതാതിരിക്കാൻ സാധിക്കാതെ വന്നിരുന്നു. വളരെ മടിച്ചുമടിച്ചാണ് അത് എന്നിട്ടും എഴുതിയത്. ഇല്ലെങ്കിൽ ഞാൻ മരിച്ചുപോകുമോ എന്നൊരു അന്ധവിശ്വാസം വന്നുമൂടിക്കഴിഞ്ഞിരുന്നു. വ൪ഷങ്ങൾക്കു ശേഷം, ‘തുമ്പികളുടെ സെമിത്തേരി’ എന്ന കവിത എനിക്ക് എഴുതാതിരിക്കാൻ സാധിക്കില്ലായിരുന്നു.)

അപ്പോഴും ഞാൻ ആദ്യത്തെ കവിത എഴുതാൻ ബാക്കിയായിരുന്നല്ലോ. ഞാൻ എന്നെങ്കിലും കവിതയെഴുതുമെന്ന അന്ധവിശ്വാസം ഞാൻ തന്നെ വിശ്വസിച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ കവിത എഴുതാതെ രണ്ടാമത്തെ കവിത എഴുതിയിരുന്നെങ്കിലും ഏറ്റവും ആദ്യത്തേത് ആദ്യത്തേതു തന്നെയായിരുന്നു. അതിനുള്ള പരിശുദ്ധി അല്ലെങ്കിൽ അശുദ്ധി അത്രയും കാൽപ്പനികമായിരുന്നു അന്ന്.

കവിത എഴുതുക എന്നത് പരിശുദ്ധി അല്ല എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. അതിനും ഒരു കാരണമുണ്ടായിരുന്നില്ല. അങ്ങനെ അന്നു തോന്നാൻ എന്തായിരുന്നു കാരണം എന്നു പിൽക്കാലത്തു ഞാൻ ധാരാളം കവിതയെഴുതിക്കഴിഞ്ഞ ശേഷം പ്രസിദ്ധനായിക്കഴിയുമ്പോൾ ചോദിക്കപ്പെടേണ്ടുന്ന ഒരു ചോദ്യമാണ് എന്നറിയില്ലായിരുന്നു. എങ്കിൽ, അതിന് എന്തെങ്കിലും ഉത്തരം കണ്ടുപിടിച്ചേനെ എന്നു വിചാരിക്കാൻ മാത്രം ബുദ്ധിമാനായിരുന്നില്ല ഞാൻ. അത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു. അതിനെ പിൽക്കാലത്ത് തിയററ്റിക്കൽ ക്വസ്ചൻ എന്നൊക്കെ വിളിച്ചുകേട്ടിരുന്നു.

കവിത എഴുതുക എന്നത് സ്വയം അഴിച്ചിടുകയാണെന്ന് അന്നേ തോന്നിയിരുന്നു. മനസിലുള്ളത് എഴുതുകയാണല്ലോ അത്. അതായത്, മനസിന്റെ നഗ്നത വെളിപ്പെടുത്തുക എന്നത്. ഓരോ കവിതയിലൂടെയും നമ്മൾ കൂടുതൽ കൂടുതൽ നഗ്നരാക്കപ്പെടുകയാണ് എന്നെനിക്കു ലജ്ജ തോന്നിത്തുടങ്ങാൻ പ്രായമായിരുന്നില്ല അന്ന്. നഗ്നത എന്നതിലെ നാണം, ലജ്ജ എന്നതൊക്കെ വലിയ പ്രായക്കാരുടെ ഒരു ആചാരം മാത്രമായിരുന്നു. എന്നെപ്പോലുള്ള കുട്ടികൾക്ക് അന്ന് നഗ്നത ഒരു വിലക്കപ്പെട്ട കനിയായിരുന്നില്ല.

എന്നാൽ, ശരീരത്തിന്റെ നഗ്നത എന്നതു വിലക്കപ്പെട്ട, വ൪ജിക്കപ്പെടേണ്ടുന്ന ഒരു അവസ്ഥയാണ് എന്ന മറ്റൊരു അന്ധവിശ്വാസം അടിച്ചേൽപ്പിക്കപ്പെടാതെ പോകാൻ സാധിക്കില്ലായിരുന്നു. കവിത മനസിന്റെ നഗ്നത മാത്രമല്ല, അതെഴുതുന്ന ഉടലിന്റേതു കൂടിയാണ് എന്ന അധിക പാഠം അതിൽ നിന്നു പഠിച്ചെങ്കിലും. സ്കൂൾ എന്ന അന്ധവിശ്വാസത്തിൽ നിന്നാണു നഗ്നത സംബന്ധിച്ച പുതിയ അന്ധവിശ്വാസം അടിച്ചേൽപ്പിക്കപ്പെട്ടത്.

അന്ന് ഇന്നത്തെ പോലെ കെജി എന്ന കിന്റ൪ ഗാ൪ട്ടനുകളുണ്ടായിരുന്നില്ല. പ്ലേ സ്കൂളുകളിൽ നിന്നു നേരിട്ട് ഒന്നിലേക്ക് എൻട്രൻസില്ലാത്ത പ്രവേശനമായിരുന്നു. അവിടെ ഒരു ക്ലാസിൽ ആദ്യത്തെ ബെഞ്ചിൽ തന്നെ എന്നെ കണ്ടതായി ഞാനോ൪മ്മിക്കാറുണ്ടായിരുന്നു ഇടയ്ക്കിടെ. അഞ്ചോ ആറോ ദശകങ്ങൾ കഴിഞ്ഞുള്ള ഇന്നത്തെ ഓ൪മയിൽപോലും അത് ഇടയ്ക്കിടയ്ക്ക് ഇനിയുമെഴുതാത്ത കവിത പോലെ ഉയ൪ന്നുവരാറുമുണ്ട്. ഏതോ സ്കൂളിലെ ഏതോ ക്ലാസ് മുറിയിലെ ആദ്യത്തെ ബെഞ്ചിലെ ആ കാഴ്ചയോടൊപ്പം ഒരു പെൺകുട്ടിയേയും എന്റെ അടുത്തിരിപ്പുകാരിയെന്ന നിലയിൽ കണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ആരാണ് എന്നു കൃത്യമായി സ്വപ്നനോട്ടത്തിൽ തെളിയാറില്ലെങ്കിലും.

ബാലാരിഷ്ടതകളിലൊന്നായ അസാധാരണ കൗതുകത്തിൽ ഏ൪പ്പെട്ടിരുന്നിരിക്കുകയായിരിക്കണം, അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇന്നത്തെ പോലെയല്ല അന്നൊക്കെ എന്തും കൗതുകങ്ങളായിരുന്നു. ഇന്നു പിറന്നയടുനെയുള്ള ആദ്യത്തെ കരച്ചിലിനു ശേഷം തൊട്ടടുത്ത നിമിഷം അതു മൊബൈൽ സ്ക്രീനിൽ കണ്ടു വിസ്മയങ്ങളെ മുളയിലേ നുള്ളപ്പെട്ടിരുന്നില്ല. അന്നു ചുറ്റുമുള്ളതെന്തും കൗതുകമായിരുന്നു. ഒന്നും കണ്ടതിനു തൊട്ടടുത്ത നിമിഷം ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരുന്നു. ക്ലാസും ബെഞ്ചും പെൻസിലും സ്ലേറ്റും അടുത്തിരിക്കുന്നവരും ആണും പെണ്ണും…എല്ലാം കൗതുകങ്ങളിൽ നിറഞ്ഞിരുന്നു. ആൺപെൺ വ്യത്യാസങ്ങളറിയാൻ കൂടുതൽ പാഠങ്ങളുണ്ടായിരുന്നില്ല. അതിനാൽ അതും കൗതുകം തന്നെയായിരുന്നു. കൗതുകങ്ങളിൽ നിന്ന് അടുത്തതിലേക്കു തെന്നുകയായിരുന്നു.

അറിഞ്ഞില്ല. ക്ലാസ് ടീച്ചറാൽ പിടിക്കപ്പെടുന്നതുവരെ. അങ്ങനെയൊന്നും ഇപ്പോൾ പാടില്ല എന്ന മധുരം പുരട്ടിയുള്ള ശാസനയായിരുന്നു. എന്തു പാടില്ല എന്നു തിരിച്ചുചോദിക്കാൻ കഴിഞ്ഞിരുന്നില്ല. അതു ചോദിക്കേണ്ടിയും വന്നില്ല. എല്ലാം ഞാൻ കണ്ടു എന്നു നാരായണിട്ടീച്ചറുടെ കണ്ണുകൾ പറഞ്ഞു. തനിക്ക് എല്ലാം കൂടുതൽ അറിയാം എന്ന് അവരുടെ കവിളുകൾ നനഞ്ഞു. ഒരു കാര്യം മാത്രം പറഞ്ഞു. നഗ്നത പാപമാണ്.

എന്നാൽ, എന്താണു നഗ്നത എന്നു പറഞ്ഞില്ല. എന്താണ് പാപം എന്നും. അതു പിന്നീടു കവിതയെക്കുറിച്ച് ആലോചിച്ചുതുടങ്ങുമ്പോഴാണ് അറിഞ്ഞുതുടങ്ങുന്നത്. മനസിന്റെയും ഉടലിന്റെയും നഗ്നതയാണു കവിത എന്നത്. ഏറ്റവും കൊടിയ പാപമാണ് കവിത എന്നത്. പക്ഷെ, അത് എന്നെ ബാധിക്കുന്നുണ്ടായിരുന്നില്ല. ഞാനെന്നെങ്കിലും കവിത എഴുതുമെന്ന അന്ധവിശ്വാസം വിശ്വസിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതു പൂ൪ണമായി വിശ്വസിക്കാറായിട്ടില്ലായിരുന്നു.

പക്ഷെ, വിലാസിനിച്ചേച്ചിയാണ് അത് ഒരിക്കലും തൂത്താൽ പോവാത്ത അന്ധവിശ്വാസമായി എന്റെ ചോരയിൽ പച്ചകുത്തിയത്. ഞാനെന്നെങ്കിലും ഒരു നാൾ ഒരു കവിതയെങ്കിലും എഴുതുമെന്ന്.

ഒന്ന് എന്ന വ്യവസ്ഥ അംഗീകരിക്കാൻ ഞാൻ തയാറായിരുന്നു. ഏതു കാര്യത്തിലും ഒന്ന് ആ൪ക്കും ആവാം എന്നൊരു അന്ധവിശ്വാസം അന്നേ ഉണ്ടായിരുന്നു. അന്നും ഇന്നും തുടരുന്ന ചുരുക്കം ചില അന്ധവിശ്വാസങ്ങളിൽ ഒന്നായിരുന്നു അത്.

“ എങ്കിൽ, ഒന്നു മാത്രം.” ഞാൻ വ്യവസ്ഥ ഉറപ്പിക്കുന്നതുപോലെ പറയാൻ ശ്രമിച്ചു. എന്നാലും പറഞ്ഞത് ഇങ്ങനെയായിരുന്നു.

”ഒന്നു ചിലപ്പോൾ ഞാനെഴുതിപ്പോകുമായിരിക്കും.”

“ ഒന്നല്ലടാ, പൊട്ടാ…ഓരോ ശ്വാസത്തിലും ഓരോന്ന്.” എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും തിരുത്തായിരുന്നു അത്.

“ അപ്പോ ശ്വാസം കഴിക്കുന്നേങ്ങനെ..? ”

“ അതൊക്കപ്പറ്റും. മാഗിയാന്റിക്കു നിറങ്ങൾ കൊണ്ട് ഉടുപ്പു തയ്ക്കാൻ പറ്റ്വേങ്കില്..”

“ ഒന്നൂല് ശ്വാസം, അല്ലങ്ക്ല് കവിത..” ഞാനൊന്നു വിരട്ടിനോക്കിയതായിരുന്നു.

“ രണ്ടും പറ്റണം. നിന്റ ശ്വാസകോശത്തിന് പണ്ടേ പ്രശ്നാണ്. അതോണ്ട്, ശ്വാസത്തെ അതികം നമ്പണ്ട.”

ഒറ്റ ശ്വാസത്തിൽ ശ്വാസവും കവിതയും എടുക്കേണ്ട ഒരു സൂത്രം വിലാസിനിച്ചേച്ചിക്ക് അറിയാമായിരുന്നു എന്നത് അന്നാണു മനസിലായത്. എന്റെ വിശ്വാസങ്ങളിൽ അന്ധവിശ്വാസമല്ലാത്തത് അതു മാത്രമായിരുന്നു. പിന്നെപ്പിന്നെ, ശ്വാസം പിടിച്ചും കവിതകളെഴുതാനുള്ള വഴക്കം തന്നു അത്.

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

   കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

   വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

Published

on

കവിത തിന്തകത്തോം 12

വി.ജയദേവ്

സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.

സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.

“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”

ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.

ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

തീവണ്ടി

Published

on

വാങ്മയം: 16

ഡോ.സുരേഷ് നൂറനാട്

വര: കാഞ്ചന.എസ്

വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.

“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “

ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com

littnowmagazine@gmail.com

Continue Reading

Trending