കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading
You must be logged in to post a comment Login