കവിത
തെറിത്താരാവലി@വൈറൽ.കോം

ജ്യോതീബായ് പരിയാടത്ത്
കുട്ടിത്തെറികളിൽ മുഴുത്തു നിന്നത്
‘ചെറ്റ’ യെന്ന്.
പിന്നറിഞ്ഞു
അതു പാവത്തുങ്ങളുടെ പെരയെന്ന്.
മുതിർന്നപ്പോൾ
നായിന്റെ സന്താനങ്ങളുടെ പേരിൽ
അതു പുതുക്കപ്പെട്ടു.
പിന്നറിഞ്ഞു
അതാപ്പാവം ജന്തുക്കൾക്കും
അവമാനമെന്ന്.
‘തെണ്ടി’ തെണ്ടിയും
‘തെമ്മാടി’ തെമ്മാടിയും
തെറിയെന്നെതിർത്തു.
വാത്സല്യത്തോടെ ഒരു ‘അമ്മത്തെറി
‘കോദണ്ഡരാമാ’ എന്നു സഭ്യപ്പെട്ടു.
‘കള്ളത്തിരുമാലി’ എന്നു മറ്റൊന്ന് പ്രണയപ്പെട്ടു
തെറ്റിയെടുത്ത
ഫോണിൽ
മകന്റെ പേരിൽ കിട്ടി
മുഴുത്തൊരു ചങ്ങാതിത്തെറി
പൂരത്തെറിക്കൊടുവിൽ
ആളുമാറി എന്നു
കൂട്ടുകാരന്റെ പെണ്ണ്
തെറിയേക്കാളും
തെറിപ്പെട്ട
ക്ഷമ ചോദിച്ചു.
വാക്കൊക്കെത്തെറിയാകുന്ന
തെറിച്ചകാലത്തിന്റെ
മധുരത്തെറികൾ
ഗവേഷിക്കുകയാണിപ്പോൾ.
തരക്കേടില്ലാത്തൊരു
ബാലൻസ് ആയിട്ടുണ്ട്.
ഒരു താരാവലിയാണ് ഉന്നം
ഒരു വൈറൽ ഒന്ന്.

കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login