കവിത
തെറിത്താരാവലി@വൈറൽ.കോം
ജ്യോതീബായ് പരിയാടത്ത്
കുട്ടിത്തെറികളിൽ മുഴുത്തു നിന്നത്
‘ചെറ്റ’ യെന്ന്.
പിന്നറിഞ്ഞു
അതു പാവത്തുങ്ങളുടെ പെരയെന്ന്.
മുതിർന്നപ്പോൾ
നായിന്റെ സന്താനങ്ങളുടെ പേരിൽ
അതു പുതുക്കപ്പെട്ടു.
പിന്നറിഞ്ഞു
അതാപ്പാവം ജന്തുക്കൾക്കും
അവമാനമെന്ന്.
‘തെണ്ടി’ തെണ്ടിയും
‘തെമ്മാടി’ തെമ്മാടിയും
തെറിയെന്നെതിർത്തു.
വാത്സല്യത്തോടെ ഒരു ‘അമ്മത്തെറി
‘കോദണ്ഡരാമാ’ എന്നു സഭ്യപ്പെട്ടു.
‘കള്ളത്തിരുമാലി’ എന്നു മറ്റൊന്ന് പ്രണയപ്പെട്ടു
തെറ്റിയെടുത്ത
ഫോണിൽ
മകന്റെ പേരിൽ കിട്ടി
മുഴുത്തൊരു ചങ്ങാതിത്തെറി
പൂരത്തെറിക്കൊടുവിൽ
ആളുമാറി എന്നു
കൂട്ടുകാരന്റെ പെണ്ണ്
തെറിയേക്കാളും
തെറിപ്പെട്ട
ക്ഷമ ചോദിച്ചു.
വാക്കൊക്കെത്തെറിയാകുന്ന
തെറിച്ചകാലത്തിന്റെ
മധുരത്തെറികൾ
ഗവേഷിക്കുകയാണിപ്പോൾ.
തരക്കേടില്ലാത്തൊരു
ബാലൻസ് ആയിട്ടുണ്ട്.
ഒരു താരാവലിയാണ് ഉന്നം
ഒരു വൈറൽ ഒന്ന്.
Continue Reading
You must be logged in to post a comment Login