ലേഖനം
സൂം
കെ.സജീവ് കുമാർ
കവിതയോ പ്രമേയമോ?
നമ്മുടെ ഒരു ശീലമനുസരിച്ച് മിക്കവാറും മലയാള കവിതാ പoനങ്ങൾ നമ്മൾ നടത്തുന്നത് പലപ്പോഴും കവിതയിലെ ദർശനം എന്നൊക്കെ പറഞ്ഞിട്ടാണ്. ആധുനികതയുടെ കാലം വരെയൊക്കെ അങ്ങനെത്തന്നെ ആയിരുന്നു. കാവ്യദർശനം – ഫിലോസഫി ഇതൊക്കെയാണ് പഠിതാവ് അന്വേഷിച്ചു കൊണ്ടിരുന്നത്.
ഇന്ന് ഏറ്റവും പുതിയ കാലത്ത് വരുമ്പോൾ കവിതയിലെ രാഷ്ട്രീയം, കവിതയിലെ എക്കോളജി,കവിതയിലെ ഫെമിനിസം ,കവിതയിലെ ദളിതിസം ഇതൊക്കെയാണ് ആളുകൾ പറയുന്നത് മുഴുവനും. ഇതിൻ്റെ കൗതുകകരമായിട്ടുള്ള ഒരു തമാശ എന്തെന്നാൽ ബാർബർ ഷോപ്പിൽ ചെന്ന് ഫോൺ ചോദിക്കുന്നതു പോലെയാണ്.കവിതയിൽ കവിതയല്ലാത്ത മറ്റു കാര്യങ്ങൾ മാത്രമാണ് അന്വേഷിക്കുന്നതു മുഴുവൽ. കവികൾഫിലോസഫേഴ്സ് ആയിരിക്കണം എന്ന് നിർബന്ധമൊന്നുമില്ല.
കവികൾ രാഷ്ട്രീയക്കാരാകണം എന്നുമില്ല. അതിനകത്ത് സ്വാഭാവികമായി രാഷ്ട്രീയമോ ദർശനമോ പാർശ്വവൽകൃതമായ അനുഭവങ്ങളോ ഒക്കെ വരും. അല്ലെങ്കിൽ പ്രാദേശിക ഭാഷയോ പാരിസ്ഥിതികമായ സ്നേഹമോ ഒക്കെ വരും. പക്ഷേ, അതിൻ്റെ പ്രധാനപ്പെട്ട സംഗതി കവിതയാണല്ലോ…
കവിത എങ്ങനെയാണ് അറിയേണ്ടത് അല്ലെങ്കിൽ സമീപിക്കേണ്ടത് എന്ന ഒരു അനുശീലനം നമുക്ക് കിട്ടുന്നില്ല എന്നതാണ് പ്രശ്നം. എന്തൊക്കെ പറഞ്ഞാലും അതിൻ്റെ ബയ്സിക്കൽ വ്യൂ ഒരു സൗന്ദര്യ അനുഭവമാണ്. ഈസ്തെറ്റിക്സ് ആണ് അതിൻ്റെ ഒരു പശിമ. അതാണ് കവിതയിൽ ആളുകളെ അടുപ്പിക്കുന്നത്. അതിൻ്റെ പ്രമേയപരമായ ഒരു കാര്യം മാത്രമല്ല. തീർച്ചയായും അതുണ്ട്. അതുള്ളപ്പോഴും അതിനെ അതാക്കി നിർത്തുന്നത് അതിൻ്റെ സൗന്ദര്യാത്മകമായിട്ടുള്ള – അനുഭൂതിപരമായിട്ടുള്ള ഒരു സംഗതിയാണ്.
ക്ലാസിക്കൽ കാലത്ത് നമ്മൾ ഇതിനെ അതിൻ്റെ നിർമ്മാണ ചാതുരിയാണെന്നു തെറ്റിദ്ധരിച്ചു.ശയ്യാഗുണവും അലങ്കാരവും വൃത്തലക്ഷണങ്ങളും ഒക്കെ അതുമായി ബന്ധപ്പെട്ടാണ് അന്ന് പറഞ്ഞു കൊണ്ടിരുന്നത്. അത് പക്ഷേ, അതിൻ്റെ ചെ യ് വനയുടെ ഒരു അളവുതൂക്കം മാത്രമാണ്.
ഒരു മനുഷ്യനെക്കാണുമ്പോൾ 6 അടി ഉയരം 55 സെൻ്റീമീറ്റർ നെഞ്ചളവ് എന്നൊക്കെ പറയും പോലെയാണത്. അത് മാത്രം ഉള്ളതുകൊണ്ട് മനുഷ്യനാവുന്നില്ലല്ലോ. നീളവും വീതിയും അളവുതൂക്കം മാത്രമാണ്. അതിനെ മനുഷ്യനെന്നു പറയാൻ പറ്റുമോ? വേണമെങ്കിൽ ബൊമ്മ ആക്കാം. അത് മനുഷ്യനാവുന്നത് അതിനകത്തുള്ള മാംസവും എല്ലും കൊണ്ട് മാത്രമല്ല. മനുഷ്യത്വം എന്നു പറയുന്ന യോഗ്യത കൂടി ചേരുമ്പോഴാണ്.അതു പോലെയാണ് കവിതയും.
കവിതയ്ക്കകത്ത് ഇത്ര വാക്കുണ്ടെന്നോ ആ വാക്കിനകത്ത് ഇത്ര കഴഞ്ച് രാഷ്ട്രീയമുണ്ടെന്നോ ഒന്നുമല്ല. അല്ലെങ്കിൽ ഇത്ര ഭാവനാകാൽപനികത ഉണ്ടെന്നോ ഒന്നുമല്ല. അടിസ്ഥാനപരമായി അത് കവിതയാകണം. മനുഷ്യത്വം എന്നു പറയുന്ന പോലെ കവിതയിൽ കവിത്വം ഉണ്ടാകണം.ബെയ്സിക്കലി നമുക്ക് അതിൻ്റെ അനുശീലനം ഇല്ല എന്നതാണ് വാസ്തവം. അത് ഉണ്ടാവാൻ ഒത്തിരി പ്രായാസവുമാണ്. നമ്മൾ അങ്ങനെ ശീലിക്കാത്തതു കൊണ്ടു തന്നെ അതിൻ്റെ ഒരു ബുദ്ധിമുട്ട് ഉണ്ട്.
‘പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നി ഹ ചൊൽവത്.’ പക്ഷേ, അവിടെ വാർക്കുന്നത് പദ്യമാണ്. ആ വാർക്ക പ്പണിയിൽ കവിതയുണ്ടാവില്ല.പദ്യമേ ഉണ്ടാവൂ.പദ്യം എങ്ങനെയാണ് കവിതയാവുക? അങ്ങനെയാണെങ്കിൽ കേരളപാണിനീയം ആണല്ലോ ഏറ്റവും വലിയ കവിത. പാണിനി കുമാരനാശാനല്ല. അങ്ങനെ പറയുന്നതിൽ പാണിനിക്ക് യാതൊരു പരിക്കുമില്ല. പാണിനി വലിയ ആൾ തന്നെ. തർക്കമില്ല.
പക്ഷേ, അത് വേറെ ഇത് വേറെ.കുമാരനാശാൻ വലിയ കവിയാണെന്നുവച്ച് പാണിനി ചെയ്തതിൻ്റെ നാലിലൊന്നു പോലും ആശാൻ ചെയ്തിട്ടുമില്ല. ഇപ്പോഴും ആ വ്യാകരണ പുസ്തകത്തിൻ്റെ ക്വാളിറ്റി പോയിട്ടില്ലല്ലോ. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും .പക്ഷേ, ‘മലയവിലാസം’ വലിയ കാവ്യമാണെന്ന് നമുക്ക് പറയാൻ കഴിയുമോ? ഒരിക്കലുമില്ല. അതാണ് പ്രശ്നം.
പ്രമേയത്തിന് അമിത പ്രാധാന്യം നൽകുന്നത് നമ്മുടെ പാരമ്പര്യത്തിൻ്റെ ഏറ്റവും വലിയ അശ്ലീലമാണ്. അതാണ് ഞാൻ പറഞ്ഞത് നമ്മുടെ അനുശീലനത്തിന് സംഭവിച്ച ഏറ്റവും വലിയ പോരായ്മയാണ് അതെന്ന്. നമ്മുടെ അനുശീലനത്തിൽ ഇല്ലാത്തത് ഹൃദയമാണ്. ഉള്ളത് സ്കെയിലാണ്. നീളവും വീതിയുമൊക്കെ നോക്കും. അത്രേയുള്ളൂ.നേരത്തെ പറഞ്ഞതുപോലെ 6 അടി നീളവും 85 സെൻറീമീറ്റർ നെഞ്ചളവും.
രൂപമാണോ ഭദ്രം ഭാവമാണോ ഭദ്രം എന്നൊക്കെയുള്ള വളരെ ഗൗരവമായിട്ടുള്ള ചർച്ച ഇവിടെ ഉണ്ടായിട്ടുണ്ട്. അത് ഗൗരവം തന്നെയാണ്. പക്ഷേ, അവിടെയും ഈ കാര്യത്തിൽ മാത്രം ചർച്ച ഒതുങ്ങിപ്പോയി എന്നതാണ് പ്രശ്നം. കവിതയ്ക്ക് ഇത് രണ്ടു മല്ല എന്നാണല്ലോ നമ്മൾ പറയേണ്ടത്.
രൂപം എന്നു പറഞ്ഞാൽ നെഞ്ചളവ് തന്നെയാണല്ലോ.ഭാവം എന്നു പറഞ്ഞാൽ കണ്ണും തള്ളി നിന്ന് രാഷ്ട്രീയം പറയുന്നതല്ലേ?അതായത് ബൊമ്മ. മുണ്ടശ്ശേരിയൊക്കെ ഭാവമാണ് ജീവൻ എന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടല്ലോ. അത് അക്കാലത്തെ യുക്തിബോധമാണ്. അത് അക്കാലത്തെ ആരോഗ്യകരമായ ചർച്ചയുമായിരുന്നു.അത് കഴിഞ്ഞ് നമ്മൾ എത്രയോ മുന്നോട്ടു പോയി. ഒരു പക്ഷേ, മാരാരുടെ അഭിപ്രായമാണ് ഇതിൻ്റെ ഉത്തരത്തിലേയ്ക്ക് എത്തുന്നത്. കല കലയ്ക്കു വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്നത് .മാരാര് പറയുന്നത് അങ്ങനെയൊരു വ്യത്യാസം ഇല്ലെന്നാണ്.
കലയും ജീവിതവും ഒന്നു തന്നെയാണെന്നാണ്. ആ ഒരു സമ്യക്കായ വീക്ഷണം ഉണ്ടെങ്കിൽ രൂപവും ഭാവവുമൊക്കെ എന്തിനാണ് മാറി മാറി നോക്കുന്നത് ? അങ്ങനെ ഇല്ലല്ലോ. ആകെയുള്ള സത്തയല്ലേ പ്രധാനം.
ഒരു റോസാപ്പൂ എന്നു പറയുന്നത് ഏത് രൂപത്തിലായാലും അതിൻ്റെ സൗരഭ്യം ചേരുമ്പോഴാണല്ലോ അത് പൂവായി മാറുന്നത്.നിറം കൊണ്ട് മാത്രമല്ലല്ലോ. പനിനീർപ്പൂ എന്നു പറയുന്നത് അതിൻ്റെ ആകെയുള്ള സത്തയല്ലേ. അല്ലാതെ ഫോട്ടോഗ്രാഫി ആണോ? അങ്ങനെയാണെങ്കിൽ ഫോട്ടോ എടുത്തിട്ട് ഇതാണ് പനിനീർപ്പൂ എന്നു പറയുമ്പോൾ നമുക്ക് വിശ്വസിക്കേണ്ടി വരും. ഇതിനെ വേണമെങ്കിൽ ഒരു തരം റിഡക്ഷനിസം എന്നു പറയാം. അതിലളിതവത്കരണം ആയിട്ടുള്ള ഒരു തരം യുക്തിവാദമാണത്. അക്കാലത്ത് യുക്തിസാമർത്ഥ്യം കൊണ്ട് അത് സ്ഥാപിക്കാൻ കഴിഞ്ഞിരിക്കാം.
കാലത്തിൻ്റെ ഭാരം കൊണ്ടു മാത്രം അത് നിലനിൽക്കണമെന്നില്ല. അത് അധികമായാൽ ചിലപ്പോൾ അതിൽ ആണ്ടു പോവുകയും ചെയ്യും.ഓരോ കവിതയിലും അതാത് കാലം മാത്രമല്ല സംസ്കാരവും പ്രതിഫലിക്കും. ഒരു കവിതയും ശൂന്യതയിൽ നിന്നുണ്ടാകുന്നതല്ല. ഒരു കാലത്തിലാണ് ഒരു മനുഷ്യൻ ജനിക്കുന്നത്. അവൻ്റെ വാക്കുകളാണല്ലോ കവിത. സ്വാഭാവികമായും ഒരു വാക്ക് ഉടലെടുക്കുന്നതിനു പിന്നിൽ ഒരു സമൂഹം ഉണ്ട്. ന്യൂസ് പേപ്പറിലും പരസ്യ വാചകങ്ങളിലും പോലും. എല്ലാ ചെയ്തികൾക്കും ആ സമൂഹവുമായി ബന്ധമുണ്ട്. നമ്മുടെ സംസ്കാരം, ഹിന്ദു മീഥോളജി, അല്ലെങ്കിൽ ക്രിസ്ത്യൻ മിഥോള ജി അതുമല്ലെങ്കിൽ ഇസ്ലാം മിഥോളജി, ദളിത് അനുഭവങ്ങൾ ഒക്കെയും വരും. പക്ഷേ, അതുകൊണ്ടു മാത്രം കവിത നിലനിൽക്കണമെന്നില്ല.
സ്വാതന്ത്ര്യ സമരം എരിഞ്ഞു കത്തുന്ന സമയത്താണല്ലോ കുമാരനാശാൻ കവിതയെഴുതുന്നത്.ദേശീയ സമരത്തെക്കുറിച്ചൊന്നും അദ്ദേഹം എഴുതിയില്ല. നളിനിയും ലീലയുമൊക്കെയാണ് അദ്ദേഹം എഴുതിയത്.
ഗാന്ധിജിയെ “എൻ്റെ ഗുരുവേ” എന്ന് വിളിച്ച് അടിച്ചു പരത്തി വള്ളത്തോളിനെപ്പോലെ അദ്ദേഹം എഴുതിയിട്ടില്ല. അദ്ദേഹത്തിൻ്റെ കവിതയിൽ എൻ്റെ ഗുരുനാഥൻ ഇല്ല. അത് പാടില്ല എന്നൊന്നും അശാൻ വിചാരിച്ചിട്ടില്ല. അതുള്ളതുകൊണ്ടു മാത്രം എല്ലാമാകില്ല എന്നാണ് ഞാൻ പറഞ്ഞത്.
പതിനാറാം നൂറ്റാണ്ടിലെ ഒരു കൃതി ഇന്ന് ഞാൻ വായിക്കുമ്പോൾ എൻ്റെ കാലത്തോട് അതിലെ വരികൾ സംസാരിക്കുന്നോ എന്നതാണ് അതിൻ്റെ കാലം.
“ഭക്ഷണത്തിനപേക്ഷിക്കുന്ന ദർദുരം” എന്ന് പറയുമ്പോൾ ആ കാലത്തു മാത്രമല്ല ഈ കാലത്തും ഒരു ബോധം ഉണ്ടാകുന്നുണ്ട്. എൻ്റെ ഒരു അവസ്ഥ. അല്ലെങ്കിൽ മനുഷ്യൻ്റെ ഒരു അവസ്ഥ. അത് എൻ്റെ ഈ കാലത്തോടാണ് സംസാരിക്കുന്നത്. അതിൽ കാലമുണ്ട്,അത് ഈ കാലത്തോട് ചേർന്ന് നിൽക്കുന്നതുമാണ്. അതുകൊണ്ടാണ് അത് റെലവൻറാകുന്നത്. ഇങ്ങനെയാണ് ഒരു മനീഷി കാലത്തെ നീട്ടിക്കൊണ്ട് പോകുന്നത്. അപ്പോഴാണ് ഒരു കൃതി കാലാതിവർത്തിയാകുന്നത്. അല്ലാതെ കൂടുതൽ പതിപ്പുകൾ അടിച്ചിറക്കിക്കൊണ്ടല്ല.
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
DR. B. V. BABY
October 19, 2021 at 12:42 pm
ഹിന്ദിയിലെ ഒരു വാക്ക് പോലും അറിയാത്തവർക്കു പോലും ഹിന്ദുസ്താനി സംഗീതം ആസ്വദിക്കാൻ കഴിയുന്നത് അതിന്റെ പുറകിലുള്ള രാഗങ്ങളാണ്. എന്നാൽ അതു എഴുതി വെച്ചിരിക്കുന്നത് വായിച്ചാൽ അത്രയും ആസ്വദിക്കാൻ ഹിന്ദുസ്താനി അറിയാത്തവർക് സഫിക്കുമെന്ന് തോന്നുന്നില്ല. വാക്കുകളുടെ അർത്ഥം കൂടി അറിഞ്ഞാൽ കൂടുതൽ മസ്നോഹരം ആകും. അതിലും മനോഹരം എഴുതിയ മഹാന്റെ ചിന്തകൾക്ക് ഒപ്പം സഞ്ചാരിച്ചാൽ ആയിരിക്കും.