Connect with us

ലേഖനം

കവിത തിന്തകത്തോം 6

Published

on

വി. ജയദേവ്

ആരെയും ഐതിഹാസിക
കാമുകനാക്കിക്കളയാത്ത
ആ ഒറ്റക്കരിമറുക്

വര_ സാജോ പനയംകോട്

പൂമ്പാറ്റയായി മാറുന്നതിനു തൊട്ടുതലേന്നായിരിക്കണം, പ്യൂപ്പയിൽ നിന്ന് ഉണ൪ന്നു വിലാസിനിച്ചേച്ചി പറയുകയായിരുന്നു. ‘ ഭൂമിയിൽ ഇനി അധികം മണിക്കൂറുകളില്ല.’

അതു വിലാസിനിച്ചേച്ചി യാത്രപറയുന്നതായി തോന്നുക മാത്രമായിരുന്നെന്നു വിചാരിക്കാനായിരുന്നു എനിക്കിഷ്ടം. എന്നാൽ, അങ്ങനെയായിരുന്നില്ല. ഭുമിയിൽ അവരുടെ മണിക്കൂറുകൾ എണ്ണപ്പെട്ടിരുന്നു. വിവരിക്കാനാവാത്തവണ്ണം ഒരു കനക്കുറവ് പ്യൂപ്പയ്ക്കുള്ളതായി എനിക്കും തോന്നിയിരുന്നു.

എന്നാൽ, ഞാൻ മറുപടിച്ചത് അങ്ങനെയായിരുന്നില്ല. ’ വിലാസിനിച്ചേച്ചി ഒരിക്കലും ഒരു പൂമ്പാറ്റയാകാൻ പോകുന്നില്ല. അതിനു പ്രകൃതിയിൽ ചില തിരുത്തുകൾ ഞാൻ വരുത്തിയിട്ടുണ്ട്.’ ഞാനതു വെറുതേ പറഞ്ഞതാണെന്ന കള്ളത്തരം എന്നാൽ എനിക്ക് എന്നിൽ നിന്നു പോലും ഒളിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

‘ നീ എന്തു തിരുത്തിയെന്നാണു പറയുന്നത് ….? അപ്പോൾ നീ നിന്റെ ആദ്യത്തെ കവിത എഴുതിക്കഴിഞ്ഞുവോ…?’ വിലാസിനിച്ചേച്ചി അപ്പോൾ കവിതയുടെ കാര്യം എടുത്തിടുമെന്ന് എനിക്കു പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. പേടിപ്പെടുത്തുന്ന എന്തോ കേൾക്കുന്നതുപോലെ ഞാൻ ഭയന്നു.

‘ ഞാനൊരിക്കലും ഒരു പക്ഷെ, കവിതയെഴുതില്ല. എന്നിട്ടാണ് തിരുത്ത്. ഞാൻ തിരുത്തിയതു പ്രകൃതിയുടെ ചില നിയമങ്ങളെയാണ്. പെൺകുട്ടികളെ പൂമ്പാറ്റകളാക്കുന്ന നിയമങ്ങളെ.’

‘ അതു മാത്രം നിനക്കു തിരുത്താൻ സാധിക്കില്ല. പ്രകൃതിക്ക് അതിന്റേതായ നിയമങ്ങളുണ്ട്. കവിതയ്ക്ക് അതിന്റേതായ നിയമങ്ങൾ ഇല്ലാത്തതു പോലെ.’ വിലാസിനിച്ചേച്ചി പറഞ്ഞു.

‘നി൪ത്തുന്നുണ്ടോ, കവിതയെപ്പറ്റി. എന്നിട്ടാണ് വൃത്തവും അലങ്കാരവും വ്യാകരണവും എന്റെ കൈ തല്ലിപ്പൊളിക്കുന്നത്.’ എനിക്കു ലോകത്തെ എല്ലാ ചൂരൽവടികളോടും കഠിനമായ ദേഷ്യം വരുന്നുണ്ടായിരുന്നു.

‘അതു നിന്നെക്കൊണ്ടു കൊള്ളാത്തതുകൊണ്ട്. അല്ലാതെ പിന്നെന്ത്…?’ വിലാസിനിച്ചേച്ചിക്ക് എന്തിനും തമാശ ചേ൪ക്കാതെ പറ്റുമായിരുന്നില്ല. അത് ഉപ്പിടുമ്പോൾ എന്നും അധികമാകുന്നതു പോലെ എപ്പോഴും ഒരു പൊടിക്ക് അധികമായില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ.

‘ ഞാൻ പൂമ്പാറ്റയായിക്കഴിഞ്ഞാൽപ്പിന്നെ ഇതൊക്കെ ആരാണു നിന്നോടു പറയാനുള്ളത്.’ വിലാസിനിച്ചേച്ചി വീണ്ടും തുരുതുരാ പറഞ്ഞു. മനുഷ്യന്റെ ഭാഷയിൽ കൈവശം ബാക്കിയുള്ളതെല്ലാം അവ൪ പറഞ്ഞുതീ൪ക്കുകയാണോ എന്നു സംശയിപ്പിക്കുന്നുമുണ്ടായിരുന്നു, കൂടെ. ‘ എടാ, നാളെ വൃത്തവും വ്യാകരണവും വേണ്ടാത്ത കാലം വന്നെന്നിരിക്കും, ഏറ്റവും കുറഞ്ഞ പക്ഷം കവിതയിലെങ്കിലും.’

അപ്പറയുന്നതു പണ്ഡിതൻ മാഷെങ്ങാനും ഒളിച്ചിരുന്നു കേൾക്കുന്നുണ്ടോ എന്നു ഞാൻ സംശയിച്ചു. അന്നത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ വച്ച് ഏറ്റവും അപകടകരമായ കാര്യമാണ് അപ്പോൾ വിലാസിനിച്ചേച്ചി പറഞ്ഞുകൊണ്ടിരുന്നത്. പണ്ഡിതൻ മാഷുടെ ചൂരലിന്റെ മൂളക്കം ഞാൻ വായുവിൽ കേട്ടു.

‘വൃത്തവും വ്യാകരണവുമാണു കവിതയെ നി൪മിക്കുന്നത്. അതു രണ്ടുമില്ലെങ്കിൽ കവിത വാക്കുകളുടെ ഒരു ചവറുകൂന’ എന്ന പണ്ഡിതവചനം ഞാൻ വീണ്ടും മനസിൽ കേട്ടു. എന്നാൽ, വിലാസിനിച്ചേച്ചി പറഞ്ഞത് ആരുടേയോ ഭാഗ്യത്തിന് ആരും കേട്ടിട്ടില്ലായിരുന്നു. എങ്കിൽ, പൂമ്പാറ്റക്കിടക്കയായ പ്യൂപ്പയുടെ സിൽക്നാരുകൾ പൊട്ടിനുറുങ്ങിപ്പോയേനെ. എന്നാൽ, അതുണ്ടായില്ല.

‘ഞാൻ പ്രകൃതിയുടെ പൂമ്പാറ്റനിയമത്തിൽ തിരുത്തുകൾ വരുത്തിയിട്ടുണ്ട്. വിലാസിനിച്ചേച്ചി ഒരിക്കലും ഒരു പൂമ്പാറ്റയാകില്ല.’ ഞാൻ വിഷയം മാറ്റാനെന്ന പോലെ പറഞ്ഞു.

‘ അത് ആ൪ക്കും തിരുത്താനാവില്ല. ഞാൻ പൂമ്പാറ്റയായി മാറിത്തുടങ്ങിക്കഴിഞ്ഞു. നോക്ക്, എന്റെ ശരീരത്തിന് ഇപ്പോൾ തൂവൽക്കനം മാത്രമാണ്. എനിക്ക് ഇനി പൂക്കളിൽ നിന്നു തേനൂറ്റിക്കുടിക്കാൻ വേണ്ട കൃസരങ്ങൾ ഉണ്ടാവാനേ ബാക്കിയുള്ളൂ. അധികപക്ഷവും നാളെ പുല൪ച്ചേയ്ക്ക് ഞാൻ ആകാശത്തെ തൊട്ടെന്നിരിക്കും.’ വിലാസിനിച്ചേച്ചി പറഞ്ഞു.

‘അപ്പോൾ ഞാൻ വരുത്തിയ തിരുത്തുകളോ…?’

‘ തിരുത്ത്, മണ്ണാങ്കട്ടയാണ്. ആ൪ക്കും സ്വന്തം മാറ്റങ്ങൾ തിരുത്താനാവില്ല. ഭാവിയിൽ ഒരു കവിയാകുന്നതിനെ നിനക്കു തിരുത്താൻ സാധിക്കാത്തതുപോലെ. നീ വരുത്തിയെന്നു പറയുന്ന തിരുത്തകളെ മറന്നുകളയ്. അതു പ്രകൃതി വീണ്ടും മാറ്റം വരുത്തിക്കാണും. ഞാൻ പൂമ്പാറ്റയാകുന്നതിന്റെ അവസാനഘട്ടത്തിലാണ്’

അതു വളരെ സങ്കടപ്പെടുത്തുന്നതായിരുന്നു. വിലാസിനിച്ചേച്ചി അങ്ങനെ പൂമ്പാറ്റയാകാതിരിക്കാൻ വേണ്ടി അവരുടെ ഉടലിനു തൂവൽക്കനം നൽകാനായി പ്യൂപ്പയുടെ ഒരു ഭാഗത്തു പ്രകൃതി ഒരുക്കിവച്ചിരുന്ന രഹസ്യഭാഷയിലാണു ഞാൻ തിരുത്തുകൾ വരുത്തിയിരുന്നത്. വിലാസിനിച്ചേച്ചിയുടെ കാര്യത്തിൽ ആ പ്രക്രിയയെ തടസപ്പെടുത്തുന്ന തരത്തിൽ. അതിനായി ഞാൻ പ്യൂപ്പയിൽ അങ്ങനെ ഒരു സംവിധാനം ഉണ്ടെന്നു രഹസ്യമായി കണ്ടെത്തുക തന്നെയായിരുന്നു. ഒരു പക്ഷെ, ഭാഷയിൽ എന്റെ ആദ്യത്തെയും അവസാനത്തെയും കണ്ടുപിടിത്തം. അതിനെയാണ് ഇപ്പോൾ പ്രകൃതി തള്ളിമാറ്റിയിരിക്കുന്നത്. പിന്നെ, വിലാസിനിച്ചേച്ചിയും. അത്തരം ദുഃഖകരമായ സന്ദ൪ഭത്തിൽ ഒരു കവിത വരാതെങ്ങനെയാണ്.

മനസിലേക്കു കവിത പോലെ എന്തോ തോന്നുന്നതിനെ ഞാൻ പണിപ്പെട്ട് അടക്കി. എന്നാൽ അത്, വിലാസിനിച്ചേച്ചി കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. ‘ താനേ വരുന്നതിനെ അമ൪ത്തിവയ്ക്കേണ്ടതില്ല. അതെല്ലാ ആണുങ്ങളുടെയും സ്വഭാവമാണ്.’

‘അതിനു ഞാനൊരാണായിക്കഴിഞ്ഞിട്ടില്ലല്ലോ….?’

‘ എന്നെങ്കിലും നീയാവുമല്ലോ…’

‘ അത് അന്നത്തെ കാര്യമല്ലേ. അതു ചിലപ്പോൾ സംഭവിക്കാതെയും ഇരിക്കാമല്ലോ…’ എനിക്കു മനുഷ്യഭാഷയുടെ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന വിലാസിനിച്ചേച്ചിയോട് അങ്ങനെ പറയാനാണു തോന്നിയത്. ത൪ക്കിക്കാനും വിയോജിക്കാനും. അല്ലെങ്കിൽ മഹാസങ്കടങ്ങൾ വന്ന് എന്നെ പൊതിയുമായിരുന്നു. ഞാൻ മുമ്പുതൊട്ടേ ഒരു സങ്കടക്കാരനായിരുന്നു. വിലാസിനിച്ചേച്ചി ഇല്ലായിരുന്നെങ്കിൽ ഞാനെന്നെ പിന്നെയും തെറ്റിദ്ധരിച്ചേനെ. അതിന്റെ പേരിൽ സങ്കടപ്പെട്ടേനെ. ഞാൻ സങ്കടം വരാതെ നോക്കിയിരുന്നു. കാരണം, ചില സങ്കടങ്ങളിൽ എനിക്കു കവിത തോന്നുമായിരുന്നു. അതൊഴിവാക്കേണ്ടതുണ്ടായിരുന്നു.

‘ഒരിക്കലും ഒന്നും സംഭവിക്കാതെ ഇരിക്കുന്നില്ല.’ വിലാസിനിച്ചേച്ചി തന്റെ വാഗ്സ്വത്തിന്റെ അവസാനത്തെ നുള്ളും പൊടിയും ചിലവഴിക്കുകയായിരുന്നു. അവ൪ ഭാഷ വാ൪ന്നു മരിച്ചുപോകുമെന്നു തോന്നി. അല്ല. അവ൪ ഭാഷ വാ൪ന്ന് ഒരു പൂമ്പാറ്റയാവുക തന്നെയാണെന്ന് എനിക്കു മനസിലായി.

‘ഒരു പൂമ്പാറ്റയാവണമെന്നതു പക്ഷെ, ചേച്ചിയുടെ തീരുമാനമായിരുന്നില്ലല്ലോ’

‘ഒന്നും ആരുടെയും തീരുമാനമൊന്നുമല്ല. വന്നു സംഭവിക്കുന്നതാണ്. കുറച്ചു കാലം കഴിഞ്ഞ് നീയൊരു യുവാവാകുന്നതു പോലെ.’

‘ഞാൻ ചിലപ്പോൾ ഒരു യുവാവ് ആകേണ്ടെന്നുവയ്ക്കും.’

‘ പിന്നെ, നീ ആരാവാൻ പോകുന്നു…?’

‘ എനിക്ക് എന്നും ഞാനായി മാത്രം ഇരുന്നാൽ മതി.’

‘ അതിനു സാധ്യമല്ല നിനക്ക്. നിന്റെ ചില അവയവങ്ങൾ ഇപ്പോൾ തന്നെ യുവാവായിക്കഴിഞ്ഞു.’

‘ അങ്ങനെ ഓരോ അവയവമായിട്ടാണോ ഒരാൾ യുവാവാകുന്നത്…ഘട്ടംഘട്ടമായി…?’

‘ പിന്നെയെങ്ങനെയെന്നുവച്ചാണ്. ഒരു ദിവസം എല്ലാ അവയവങ്ങളും കൂടി ഒറ്റയടിക്ക് ഒരു യുവാവാകുകയോ…അല്ലേയല്ല..ഇപ്പോൾത്തന്നെ…’

‘ ഇപ്പോൾത്തന്നെ…?’

‘ നിന്റെ കണ്ണുകൾ യുവാവായിത്തുടങ്ങിക്കഴിഞ്ഞു.’ പെട്ടെന്നു വിലാസിനിച്ചേച്ചി പറഞ്ഞു.

‘ അതെങ്ങനെ…’

‘ ഇപ്പോൾത്തന്നെ അതിന്റെ നോട്ടം ശരിയല്ല.’ വിലാസിനിച്ചേച്ചി ഗൂഢമായി ചിരിക്കുന്നുണ്ടായിരുന്നു.

‘ അതെന്താണ് അങ്ങനെ…?’

‘ അതിപ്പോൾത്തന്നെ നോക്കുന്നത് എന്റെ മാറിലേക്കാണ്. നിന്റെ കണ്ണുകൾ പെഴച്ചുതുടങ്ങിയിരിക്കുന്നു.’

‘ അങ്ങനെയാണെന്നു തോന്നുന്നതാണ് വിലാസിനിച്ചേച്ചിക്ക്. ഞാനങ്ങനെയൊന്നും നോക്കിയിട്ടില്ല, ഇതുവരെ.’

‘ പോടാ, കള്ളാ…നീയെന്റെ മാറിലേക്കു തന്നെയാണു നോക്കുന്നത്. അവിടെയെവിടെയോ ഒരു ഒറ്റമറുകുണ്ടെന്നു നീ വിചാരിക്കുന്നുണ്ട്…’

‘ ശരിയാണ്. അങ്ങനെ ഒരു ഒറ്റമറുകുണ്ടെന്നു ഞാൻ വിചാരിക്കുന്നുണ്ട്. എന്നാലും ഞാൻ മാറിലേക്കു നോക്കുകയാണെന്നു വിലാസിനിച്ചേച്ചിക്കു തോന്നുന്നതാണ്.’

വിലാസിനിച്ചേച്ചി എന്നെ പൂണ്ടടക്കം പിടിച്ചു പറഞ്ഞു. ‘ അതേ, അങ്ങനെ ആരെക്കൊണ്ടും തോന്നിപ്പിക്കണം. അങ്ങനെ ഒരു കവിതയുണ്ടെന്നു തോന്നിപ്പിക്കുന്നതു തന്നെയാണു കവിതയും. ഇല്ലാത്ത ഒന്നിനെ തോന്നിപ്പിക്കുന്നതെന്തോ അതാണു കവിത. നാളെ വൃത്തവും നിയമങ്ങളും ആവശ്യമില്ലാത്ത കവിതയുടെ കാലം വരുമ്പോൾ നിനക്കതു കൂടുതൽ മനസിലാവും.’

littnow

ലേഖനം

മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

Published

on

ഡോണ മേരി ജോസഫ്

അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com

Continue Reading

ലേഖനം

ഡോക്ടർമാർ വെറും ചെണ്ടകളോ?

Published

on

ഡോ .അനിൽ കുമാർ .എസ്.ഡി

മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.

മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.

ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.

കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.

ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.

ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.

സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.

മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.

littnowmagazine@gmail.com

Continue Reading

ലേഖനം

ആശയങ്ങളുടെ ഉണർവ്

Published

on

അഞ്ജലി പിണറായി

വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം നവോത്ഥാനം.

മാറ്റങ്ങളുടെ പുതുവഴിക്കായി സ്വത്വബോധത്തിന്റെ ഉൺമയിൽ ആത്മാഭിമാനത്തിൽ നിലയുറച്ച അതിജീവനത്തിന്റെ കരുത്താണ് അവകാശങ്ങളുടെ നീതി നടപ്പിൽ വരുത്തിയത്. എന്നാൽ ഇന്നും അരികുവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിൽ ‘സ്ത്രീ’ സമൂഹം ഉൾപെടുകയാണ് എന്ന ദയനീയത മുഴച്ചു നിൽക്കുകയാണ് നവോത്ഥാന സാക്ഷരകേരളത്തിൽ.
ആചാരങ്ങളുടെ പേരിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ജനതയെ ഇരുട്ടിലേക്ക് നയിച്ചപ്പോൾ നവോത്ഥാന നായകരും നായികമാരും ചരിത്രം സൃഷ്ടിച്ച ഇടമാണ് കേരളം. എന്നാൽ ഇന്നും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള കേരളത്തിന് അപമാനകരമായി മാറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.

സമത്വത്തിനുവേണ്ടി പൊരുതിയ ആശയ മഹിമയിൽ ലിംഗം ഔന്നത്യത്തോടെ തെളിഞ്ഞപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ഉൾക്കാഴ്ചകളുടെ തെളിച്ചവും പ്രകാശിക്കുകയായിരുന്നു.
” മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല”.
എന്ന ഉദ്ഘോഷത്തോടെ പാർവതി നെന്മേനിമംഗലം എന്ന നവോത്ഥാന നായിക നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങളെ ഏകീകരിച്ചപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെയും സ്ത്രീജനങ്ങളിൽ ചാർത്തപ്പെട്ട മാമൂലുകളെ പൊട്ടിച്ചെറിയാനുള്ള മുന്നേറ്റമാണ് ഉണ്ടായത്. സുപ്രധാന തീരുമാനങ്ങളുടെ ആഹ്വാനങ്ങൾക്ക് കാരണഭൂതമാവുകയും ചെയ്തു. നമ്പൂതിരിബിൽ അതിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്.
സ്വതന്ത്രമായുള്ള സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് വീടിനകത്തളങ്ങളിൽ ആചാരങ്ങളുടെ നീണ്ടനിര പാലിക്കപ്പെട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീ ജനത ഗാർഹിക പീഡനങ്ങളുടെ ദാരുണമായ അവസ്ഥാന്തരങ്ങൾക്കും വിധേയരാവുന്നതിനെതിരെ നവോത്ഥാന കാലഘട്ടം മാറ്റങ്ങളുടെ പാതപണിഞ്ഞുവെങ്കിലും ഇന്നും രൂപവും ഭാവവും വ്യത്യസ്തതയോടെ ഇവ നിലനിന്നു പോരുന്നു എന്നത് ദാരുണമാണ്. 2005ൽ ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം നില ഒന്നുകൂടെ മെച്ചപ്പെടുന്നുവെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സധൈര്യം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ട് വരുന്നു എന്നത് പ്രശംസനീയമാവേണ്ട ഒന്ന് തന്നെ . അതിന് സജ്ജരാവുന്നതിൽ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും, മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതുമാണ്.

നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശേഷം നിരവധി സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏടുകൾ അടയാള രേഖകളായി ചേർക്കപ്പെടേണ്ടത് അനിവാര്യമായി നിലയുറക്കുന്നുണ്ട്. ഇത് അഭിമാനകരം തന്നെയാണ്. 80കളിൽ മുന്നോട്ടുവന്ന ഫെമിനിസം ഇന്നും ശക്തമായി നിലയുറച്ചു പോന്ന ഒരു അടയാളമാണ്
” പാതിമണ്ണിൻ ഉടമകൾ ഞങ്ങൾ
പാതി ആകാശത്തിനും
ഇവിടെ ഞങ്ങൾ ഉറച്ചുനിൽക്കും
ഇവിടെ ഞങ്ങൾ ഉയർന്നു നിൽക്കും”.
ഈ ഗീതത്തിൽ നിറയുന്ന ആത്മവീര്യത്തിന്റെ സ്പന്ദനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. ബോധന, മാനുഷി സഹയാത്രി ഇങ്ങനെ സ്ത്രീമുന്നേറ്റം ലക്ഷ്യം കണ്ട കൂട്ടായ്മകളും എടുത്ത് പറയേണ്ടതാണ്. 81 ൽരൂപീകൃതമായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ഒപ്പം ചേർക്കേണ്ട ഒന്നാണ്.
” ജനാതിപത്യം, സമത്വം, സ്ത്രീ വിമോചനം”
എന്ന മുദ്രാവാക്യത്തോടെ ശക്തമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സഞ്ചരിച്ചു.
ഇത്തരം സ്ത്രീമുന്നേറ്റ സംഘടനകളിലൂടെ
സ്ത്രീ മുന്നേറ്റത്തിന്റെ ആത്മവീര്യവും നിർഭയത്വവും വ്യക്തിബോധവുമാണ് ഉടലെടുത്തത്. ഞങ്ങൾക്കു വേണ്ടി ഞങ്ങൾ തന്നെ മുന്നോട്ട് ഞങ്ങളാണ് ഞങ്ങളുടെ സംരക്ഷകർ എന്ന വിശ്വാസത്തിന്റെ ആത്മഹർഷമാണ് ഉദാഹരണ സഹിതം തന്നെ എടുത്തു പറയാനോളം ഏറെ നേട്ടങ്ങളുമായ് ശക്തമായ് ഇന്നും പ്രയാണം തുടരാൻ കെൽപ്പ് പകർന്ന് കൊണ്ടിരിക്കുന്നത്.. ഇന്ന് സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദാരുണത , നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ വികസനം , ഇതിൽ ഒക്കെ തന്നെ ഏറെ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ഇനിയും മുന്നേറാൻ ഇരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തലുകൾ തന്നെയുമാണ്.

പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ നവോത്ഥാന ചരിത്ര തുടക്കത്തിലെ സുപ്രധാനങ്ങളിൽ ഒന്ന് ചാന്നാർ ലഹള തന്നെയാണ് .

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനത്തിന്റെ ഉൾതുടിപ്പിൻ നാളമാണ് ജ്വലിച്ചത്. മാറുമറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് സവർണ്ണരുടെ ലൈംഗിക ചേഷ്ടകൾക്ക് പാത്രരായി അഭിമാനഹത്യരായി മാറിക്കൊണ്ടിരുന്ന ഒരു വിഭാഗം സ്ത്രീകൾ നടത്തിയൊരീ നവോത്ഥാന മുന്നേറ്റം സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾക്കായുള്ള ഊർജ്ജമായിരുന്നു. നിരവധി ചരിത്ര നായികമാരാണ് അവിടെ ഉടലെടുത്തത് .മേൽ ശീല ധരിച്ച് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘ സാറ ‘ അതിന് ഉദാഹരണമാണ് . ഒപ്പം മൂക്കുത്തി സമരം കല്ലുമാല സമരം തുടങ്ങി സ്ത്രീകൾ അവകാശബോധത്തോടെ തലയുയർത്തിയ നവോത്ഥാന വിപ്ലവങ്ങളും. വിപ്ലവ വനിതകളും.

വസ്ത്ര സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിനൊപ്പം തുല്യതയുടെ കാഴ്ചപ്പാടിന്റെ മഹത്വം . പുരോഗമന കേരളത്തിൽ അഭിനന്ദനാർഹമായ് ഇത് നടപ്പിലാക്കിയ മാതൃകാ വിദ്യാലയം “ജെൻറർ ന്യൂട്രാലിറ്റി യൂണിഫോം ” ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂൾ ഇത് വരുംകാല ചരിത്ര അടയാളമായ് മാറും എന്നതും നിസംശയം.

സ്ത്രീവിമോചനത്തിന്റെ ആദ്യ രക്തസാക്ഷിയായ ശകുന്തള ദേവി . മതാന്ധതയുടെ അധപതിച്ച ചിന്താധാരകൾ വർത്തമാന ഇന്ത്യൻ രാഷ്ട്രത്തിൽ നിഴലിക്കുമ്പോൾ അന്യമതം സ്വീകരിച്ച് ജാതീയതയുടെ ഉച്ചനീചത്വത്തിനെതിരെ പോരാടാൻ അടിയുറച്ചൊരീ സ്ത്രീ രത്നം ഒടുവിൽ മതഭ്രാന്തരാൽ മരണം വരിക്കേണ്ടി വന്നത്. ആ കാലഘട്ടവും ഒപ്പം ശകുന്തളാദേവിയെയും ഈ കാലഘട്ടത്തിലും ഓർക്കപ്പെടേണ്ടതിന്റെ അനിവാര്യത ഏറുകയാണ്.

ഉത്തരേന്ത്യൻ സ്ഥിതി വിശേഷം ഉളവാക്കാതിരിക്കാൻ കേരള ഭരണ രാഷ്ട്രീയ പ്രസ്ഥാനം ചെറുത്തുനിൽപ്പിൻ പരിശ്രമം പണിയുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ വിവേകപൂർണ്ണം അല്ലാത്ത പ്രവർത്തനങ്ങൾ അപമാനകരം തന്നെയായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ അന്ധവിശ്വാസങ്ങളെയും അതിൻ ഉപോല്പന്നങ്ങളെയും എടുത്തു പറയേണ്ടതുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ആർത്തവ അശുദ്ധിയുടെ ശാസ്ത്രബോധം ഇല്ലായ്മയും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം.
ഒപ്പം ഇന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർണ്ണമായി ഉദ്ഭൂതരായ് എന്ന് ഊറ്റം കൊണ്ട ജനത വീണ്ടും നരബലിയിൽ ചെന്നു നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്റെ വിവേകപൂർണ്ണമല്ലാത്തൊരീചിന്താധാരയുടെയും ഭക്തിയുടെ കമ്പോള സാധ്യതകളും തന്നെയാണ് ഇന്നിന്റെ വിന. ഇതിനെതിരെയാണ് ജാഗരൂകരാവേണ്ടത്. ഇവിടെയും ഇര സ്ത്രീ തന്നെയെന്ന് ഓർമ്മപ്പെടുത്തലുകൾ ആവർത്തനങ്ങളിൽ പൂർണമായി ഒഴിവാക്കേണ്ടുന്ന ജാഗ്രതയും ഓർമിപ്പിക്കുകയാണ്.

സാഹിത്യ സൃഷ്ടികളും കലയും നവോത്ഥാന ചിന്തയിലേക്ക് വ്യക്തികളെ നയിക്കുന്നത് ഏറെ പ്രാധാന്യമാണ് വഹിച്ചത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ അന്തർജനങ്ങളുടെ മാനസിക തലങ്ങളിലേക്ക് സഞ്ചരിച്ചു. ആ ജനതതിയ്ക്ക് ഊർജ്ജം പകർന്നു. അതുപോലെ വി.ടി ഭട്ടത്തിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം ഇന്നും പ്രസക്തിയോടെ ഇനിയും മാറേണ്ട കാഴ്ചപ്പാടിന്റെ ധ്വനിയെ ശക്തിയോടെ മുഴക്കുന്നുണ്ട്.
” പുരുഷന്റെ മേന്മയ്ക്ക് വേണ്ടിവന്നാൽ സ്ത്രീ അപലയായി തന്നെ ഇരുന്നു കൊള്ളട്ടെ. എങ്കിലും അവളുടെ പട്ട് ചേലയുടെ വക്ക് വേണം രാജ്യത്തിന്റെ മുറിവ് കെട്ടാൻ.”
ഈ സ്ഥിതിവിശേഷം ഇനിയും മാറേണ്ടതുണ്ട് എന്നത് നിസംശയം തന്നെ.

മിശ്രവിവാഹവും വിധവാ വിവാഹവും സ്വത്തവകാശവും ഒക്കെ സ്ത്രീയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിൽ നിന്നു മുക്തി നേടാനുള്ള അവകാശങ്ങൾ ആയി മാറിയപ്പോൾ ഇന്ന് പ്രണയം അവളെ മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷവും കാണാൻ കഴിയുകയാണ്. ആസിഡ് ആക്രമണങ്ങളും മറ്റു കൊലപാതകങ്ങളും തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ദർശിക്കുന്നത്.
“ഇല്ല ” എന്ന വാക്ക് പറയാനുള്ള അവളുടെ ആർജ്ജവത്തെയാണ് ഇവിടെയും അവൾക്ക് എതിരായി ഭവിക്കുന്നത് പെണ്ണിന്റെ വാക്കിനെ മാനിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ ക്രൂരതകൾക്ക് അവസാനം തീർത്തേ മതിയാവുള്ളൂ.

ഒപ്പം LGBTQIA+ കമ്മ്യൂണിറ്റിയെയും ട്രാൻസ് ജെന്ററിനെയും ഇന്നും സാധാരണ ജനതയായ് കാണാനുള്ള കാഴ്ചപ്പാടുകൾ ഉളവാകേണ്ടതുണ്ട്. ഇന്നും മാറ്റി നിർത്തപ്പെടുന്നതിന്റെ സ്ഥിതി വിശേഷം ഏറെ കാണാൻ കഴിയുകയാണ്.

ആശയങ്ങളുടെ ഉണർവ്വിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് മാറ്റങ്ങളുടെ പുതിയ പ്രകാശവുമായ് ഔന്നത്യത്തോടെ ഉയരാൻ മുന്നോട്ടുവരുന്ന സ്ത്രീ ജനത സാക്ഷര കേരളത്തിന് അഭിമാനകരമായ മാതൃകയാവട്ടെ. സ്ത്രീ ജനങ്ങളെ സംഘടിക്കൂ.

littnowmagazine@gmail.com

Continue Reading

Trending