Connect with us

ലേഖനം

ആധുനികതയുടെ ബലതന്ത്രങ്ങളില്‍ പിന്‍തള്ളപ്പെട്ട പശ്ചിമകൊച്ചി

Published

on

പശ്ചിമകൊച്ചിയുടെ ചരിത്രം 5

ഡോ. സിനി സന്തോഷ്

തുറമുഖം, വാണിജ്യകേന്ദ്രം, രാജധാനി, യൂറോപ്യന്‍ ആധിപത്യപ്രദേശം, ആഗ്ലോഇന്ത്യാക്കാരുടെ ഉത്ഭവദേശം, ജൂതരുടെ പുനരധിവാസകേന്ദ്രം എന്നീ നിലകളിലെല്ലാം പശ്ചിമകൊച്ചി ചരിത്രഭാഗമായിട്ടുണ്ട്. രാജഭരണം, വാണിജ്യം, യൂറോപ്യന്‍ ആഗമനം എന്നിവ നിര്‍മ്മിച്ചെടുത്ത വ്യത്യസ്ത സംസ്കാരങ്ങള്‍ സമകാലികമായി സഞ്ചരിച്ചിരുന്നുവെങ്കിലും ഈ സംസ്കാരരൂപങ്ങള്‍ തമ്മില്‍ സങ്കലനം നടന്നിട്ടില്ല. ആംഗ്ലോഇന്ത്യക്കാരില്‍ പോലും സംഭവിച്ചത് സങ്കലനമല്ല മറിച്ച് പാശ്ചാത്യസംസ്കാരത്തിന്‍റെ സ്വാംശീകരണമായിരുന്നു.

നിരവധി സമൂഹങ്ങളുടെ സംഗമദേശമാണ് പശ്ചിമകൊച്ചി. ദേശവും ഭാഷയും വേറിട്ടുനിര്‍ത്തുന്ന ഇവിടുത്തെ സമൂഹങ്ങള്‍ അവരവരുടേതായ സ്വത്വങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ കുടിയേറ്റസമൂഹവും സ്വയം പൂര്‍ണ്ണമാണെങ്കിലും പ്രദേശം വിനിമയം ചെയ്യുന്ന പൊതുരീതികള്‍ക്കനുസൃതമായി സ്വന്തം ആചാരാനുഷ്ഠാനങ്ങളിലും ജീവിതശൈലിയിലും ചെറിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ആചാരങ്ങളിലെ വൈവിധ്യവും വൈവിധ്യങ്ങള്‍ക്കിടയിലെ സമാനതയും ഇവിടെ ദൃശ്യമാണ്.

മദ്ധ്യകാലത്തെ പ്രധാന തുറമുഖമായി ഈ പ്രദേശം ഉയര്‍ച്ച പ്രാപിച്ചെങ്കിലും കോഴിക്കോട്, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലേതുപോലെ ശക്തമായ രാഷ്ട്രീയവ്യവസ്ഥയോ ഭരണസംവിധാനമോ കൊച്ചിക്കുണ്ടായിരുന്നില്ല. സാമൂതിരിയുടെ സാമന്തന്‍ എന്ന നിലയിലുള്ള നാമമാത്ര അധികാരമായിരുന്നു കൊച്ചിരാജാവിന്‍റേത്. ഇത് ഇതര ദേശക്കാര്‍ക്കും വാണിജ്യസമൂഹങ്ങള്‍ക്കും ഇവിടേക്കുള്ള കുടിയേറ്റം എളുപ്പമാക്കി.

കടല്‍വെയ്പുദേശമായ കൊച്ചിയിലെ ആദ്യകാലകുടിയേറ്റക്കാരായ മുക്കുവര്‍ക്ക് സുദൃഢമായ ഒരു സാംസ്കാരികപാരമ്പര്യമോ ചരിത്രമോ അവകാശപ്പെടാനുണ്ടായിരുന്നില്ല.മിത്തുകളുടെ ചരിത്രബന്ധംപോലും യൂറോപ്യന്‍ കാലഘട്ടത്തിനപ്പുറം പോകുന്നില്ല എന്നതിനാല്‍ രൂഢമൂലമായ ഒരു സംസ്കാരം ഈ പ്രദേശത്ത് രൂപപ്പെട്ടിരുന്നില്ലെന്ന് കരുതാം.

ശക്തമായ ഒരു സാംസ്കാരിക സ്വത്വം നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് കുടിയേറുന്ന ഇതരസംസ്കാരങ്ങള്‍ തദ്ദേശീയ സംസ്കാരത്തിന് അധീനമാകുകയോ അല്ലെങ്കില്‍ ബഹിഷ്കരിക്കപ്പെടുകയോ ചെയ്യും. ഇതില്‍നിന്ന് ഭിന്നമായി സ്വന്തം സ്വത്വത്തില്‍ കുടിയേറ്റ സമൂഹത്തിന് ദീര്‍ഘകാലം ഇവിടെ നിലനില്‍ക്കാന്‍ സാധിച്ചത് ആഴത്തില്‍ വേരൂന്നിയ ഒരു തനതുസംസ്കാരം ഈ പ്രദേശത്തിനുണ്ടായിരുന്നില്ല എന്നതിന് തെളിവാണ്.
കുടിയേറ്റസമൂഹങ്ങള്‍ പഠിതപ്രദേശത്ത് എത്തിയതും നിലനിന്നതും സ്വന്തം ജീവനോപാധിയോടൊപ്പം പൊതുസമൂഹത്തിന്‍റെ ആവശ്യപൂര്‍ത്തികരണലക്ഷ്യംകൂടി നിറവേറ്റിക്കൊണ്ടാണ് ഇവരുടെ അനിവാര്യത സമൂഹത്തിന് ആവശ്യമാകുന്നിടത്തോളം ഇവര്‍ക്ക് സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ചുനില്‍ക്കാമെന്നും അല്ലാത്തപക്ഷം പൊതുസമൂഹം ഇവരെ തിരസ്കരിക്കുമെന്നും വ്യക്തമാണ്.

പൊതുവെ കുടിയേറ്റങ്ങളില്‍ കണ്ടുവരാറുള്ള ആദാനപ്രദാനങ്ങള്‍ ഈ പ്രദേശത്ത് കണ്ടെത്താനാവില്ല. കുടിയേറ്റ സമൂഹങ്ങളില്‍നിന്ന് പലതും ഇവിടുത്തെ ജനത ഉള്‍ക്കൊണ്ടിട്ടുണ്ട്. ആഭരണങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങളിലെ സ്വാധീനം എന്നിവ ഉദാഹരണങ്ങളാണ്. വേഷവിധാനത്തിലുള്ള അനുകരണം മാത്രമാണ് ഇവിടുത്തെ സമൂഹത്തില്‍നിന്ന് കുടിയേറ്റസമൂഹം സ്വീകരിച്ചിട്ടുള്ളത്. കുടിയേറ്റ സമൂഹങ്ങൾക്കിടയില്‍ നിന്നും നിരവധി പൊതുസാമ്യങ്ങള്‍ കണ്ടെടുക്കുവാന്‍സാധിക്കും.
അനുഷ്ഠാന-അനുഷ്ഠാനേതര കലാരൂപങ്ങള്‍, പ്രാദേശികആഘോഷങ്ങള്‍, വിനോദങ്ങള്‍ എന്നിവയിലൂടെ കണ്ടെടുക്കുന്ന സ്വത്വങ്ങള്‍ വ്യത്യസ്ത സാംസ്കാരികമണ്ഡലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. കാര്‍ണിവല്‍, ഗുജറാത്തി ഹോളി, കൊങ്കണിഹോളി എന്നിവയിലെ വൈവിധ്യങ്ങള്‍, അവയ്ക്കുപരി ഇവയില്‍നിന്ന് കണ്ടെടുക്കാൻ സാധിക്കുന്ന പൊതുസാമ്യങ്ങള്‍ എന്നിവയിലെല്ലാം വിവിധ സമൂഹങ്ങള്‍ക്കിടയിലുള്ള കൊള്ളല്‍ കൊടുക്കലുകളാണ് വ്യക്തമാകുന്നത്. എന്നാല്‍ അന്നക്കളിതീണ്ടിപടയണി എന്നകലാരൂപത്തില്‍ മാത്രമേ തദ്ദേശീയസ്വാധിനം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. കൊങ്കണിഹോളിയിലെ ഹിന്ദു-ബുദ്ധസംഘര്‍ഷത്തിന്‍റെ പ്രതിരൂപമായ ബോധന്‍ സങ്കല്പം ദേശകാലങ്ങള്‍ക്കപ്പുറമുള്ള മാനവികസംഘര്‍ഷങ്ങളെ പ്രതീകവത്കരിക്കുന്നു.

കേരളത്തിന്‍റെ പൊതുരീതിയില്‍നിന്ന് വ്യത്യസ്തമാണ് മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പ്രദേശങ്ങള്‍. കല്‍വത്തികനാലിനാല്‍ വേര്‍തിരിക്കപ്പെടുന്ന ഈ രണ്ടുപ്രദേശങ്ങളിലും വ്യത്യസ്ത സംസ്കാരങ്ങളാണ് നിലനില്‍ക്കുന്നത്. നാലുനൂറ്റാണ്ടിലധികം നിലനിന്ന യൂറോപ്യന്‍ സ്വാധീനം നേടിക്കൊടുത്ത പാശ്ചാത്യസംസ്കാരമാണ് ഫോര്‍ട്ടുകൊച്ചിയുടേത്. രാജാവിന്‍റെ നിയന്ത്രണത്തിന്‍കീഴിലായിരുന്നു മട്ടാഞ്ചേരിപ്രദേശം. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളധികവും കേന്ദ്രീകരിച്ചിരുന്നത് മട്ടാഞ്ചേരി പ്രദേശത്തായതിനാല്‍ ഏതെങ്കിലുമൊരു പ്രത്യേക സംസ്കാരത്തിന്‍റെ സ്വാധീനം ഇവിടെ ദൃശ്യമല്ല. പശ്ചിമകൊച്ചിയുടെ പൊതു സംസ്കാരം പ്രതിഫലിപ്പിക്കുന്നത് മട്ടാഞ്ചേരിയാണ്.
മുക്കുവഗ്രാമത്തില്‍നിന്ന് ആധുനിക കാലത്തിലേക്കുള്ള വളര്‍ച്ച പശ്ചിമകൊച്ചി പ്രദേശത്തിന് നേടിക്കൊടുത്തത് മിശ്രസംസ്കാരമാണ്. ആദാനപ്രദാനങ്ങളുടെ അഭാവം സംസ്കാരസങ്കലനത്തിനോ അതുവഴി തനത് സംസ്കാരരൂപീകരണത്തിനോ വഴിവച്ചില്ല.

അടിസ്ഥാനകുടിയേറ്റ ജനതയായ മുക്കു വരുടെ സംസ്കാരവും ജീവനോപാധിയും ആധുനികതയുടെ തിക്കിലും തിരക്കിലും നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാം. 

പശ്ചിമകൊച്ചിയിലെ മത്സ്യബന്ധനമേഖല ആധുനികരീതിയില്‍ പരിപോഷിപ്പിക്കപ്പെട്ടെങ്കിലും കൊതുമ്പുവഞ്ചി, കുട്ടവഞ്ചിപോലുള്ള ചെറുവഞ്ചികളും അവ ഉപയോഗിച്ചുള്ള വലവീശല്‍, ചൂണ്ടയിടല്‍ തുടങ്ങിയ പരമ്പരാഗതരീതിയും നിലനില്‍ക്കുന്നു.

പശ്ചിമകൊച്ചിയുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പരിണാമങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍ ജനനി, ജീവനോപാധി, സഞ്ചാരമാര്‍ഗം, സംസ്കാരപാത, സാമ്പത്തികസാധ്യത തുടങ്ങിയ വ്യത്യസ്ത തലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ‘കടൽ ‘ഈ പ്രദേശത്തിന്‍റെ സൂഷ്മസാന്നിദ്ധ്യമായി നിലകൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്. ആധുനികതയുടെ ബലതന്ത്രങ്ങളില്‍ പിന്‍തള്ളപ്പെട്ട പശ്ചിമകൊച്ചി ഇന്ന് എറണാകുളംനഗരത്തിന്‍റെ പ്രാന്തപ്രദേശം മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു.

(അവസാനിച്ചു)

ഡോ. സിനി സന്തോഷ്: കൊച്ചി കസ്റ്റംസിൽ ജോലി ചെയ്യുന്നു. എം.ജി സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം. തലയോലപ്പറമ്പ് സ്വദേശി.

littnow.com

design: Sajjaya kumar

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading
1 Comment

1 Comment

 1. കെ ജി എസ്

  April 13, 2022 at 2:29 am

  കൊച്ചിപഠനം നന്നായി. കൂടുതൽ വേണം. വർത്തമാന കാലത്തെ കൊച്ചിയുടെ സാമ്പത്തിക സാംസ്കാരിക സാമൂഹിക പാരിസ്ഥിതിക സാധനങ്ങളും പരിഹാര സാധ്യതകളും ആഴത്തിൽ പഠിക്കപ്പെടണം. തീരദേശത്തെ പാവപ്പെട്ടവരുടെ ജീവിത സമരം പ്രത്യേകിച്ചും. ഡോ. സിനി കൊച്ചിയെ കൂടുതൽ അറിയുമെന്നും ലോകത്തെ അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.

  കെ ജി എസ്
  തൃശൂർ

You must be logged in to post a comment Login

Leave a Reply

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

  കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

  വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

Published

on

കവിത തിന്തകത്തോം 12

വി.ജയദേവ്

സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.

സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.

“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”

ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.

ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

തീവണ്ടി

Published

on

വാങ്മയം: 16

ഡോ.സുരേഷ് നൂറനാട്

വര: കാഞ്ചന.എസ്

വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.

“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “

ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com

littnowmagazine@gmail.com

Continue Reading

Trending